Friday, 17 April 2020

And laid on him the cross, to carry it behind Jesus



"അവർ പുറപ്പെട്ടു പോകുമ്പോൾ ശിമയോൻ എന്ന് പേരുള്ള കെവ്‌റിന് കാരനായ ഒരു മനുഷ്യനെ കണ്ടു. അവന്റെ കുരിശു ചുമക്കുവാൻ അവർ അവനെ നിർബന്ധിച്ചു". (മത്തായി 27 :32 ). 

'കുറേന', 'കിറേന', കേവ്‌റിന് എന്നൊക്കെ ബൈബിളിൽ പറയുന്ന 'സൈറിനി' (Cyrene)  എന്ന സ്ഥലം ആഫ്രിക്കയുടെ വടക്കൻ തീരത്തുള്ള ഇന്നത്തെ ലിബിയ ആണ്. ബിസി 630-മുതൽ ഗ്രീക്കുകാർ  താമസിച്ചിരുന്ന ഇവിടം പിന്നീട് യഹൂദരുടെ ഒരു കേന്ദ്രമായി മാറി. യേശുവിന്റെ  കാലത്തു, റോമൻ ഡിസ്ട്രിക്ട് ആയിരുന്ന സെറീനയ്‌ക്കയുടെ തലസ്ഥാനമായിരുന്നു ഇവിടം. 

അലക്‌സാൻഡ്രിയ, സൈലിഷ്യ , ഏഷ്യ തുടങ്ങിയിടങ്ങളിൽ നിന്നും ധാരാളം യഹൂദർ അക്കാലത്തു ജറുസലേമിൽ തിരിച്ചെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു ജനസമൂഹമായിരുന്നു സെറീനിയിൽ നിന്നുള്ള യഹൂദർ. പെന്തകോസ്തുദിനത്തിൽ കൂടിയിരുന്നവരിലും ഈ ദേശക്കാർ ഉണ്ടായിരുന്നു എന്ന് (നടപടി 2:10) ലൂക്ക രേഖപ്പെടിത്തുന്നു. സ്‌റ്റെഫാനോസിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ജറുസലേമിൽ നടന്ന പീഡനങ്ങളിൽ ഏറ്റവും ക്രൂരതകൾ നേരിടേണ്ടിവന്നതും ഇവരായിരുന്നു. അന്ത്യോക്യൻ സഭ സ്ഥാപിക്കുന്നത് പ്രധാനമായും അവരാൽ ആയിരുന്നു. ആദ്യമായി "കൃസ്ത്യാനികൾ" എന്ന പേര് വിളിക്കപ്പെട്ടതും അന്ത്യോക്യൻ സഭയെ ആയിരുന്നു (നടപടി 11 :26 ) 
     
ശിമയോൻ തന്റെ കൃഷിസ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. അയാൾ എന്നത്തെയുംകാൾ നേരത്തെയാണ്. കാരണം ജെറുസലേം പെസഹാ തിരുനാളിന്റെ തിരക്കിലാണ്. സെറിനിയിൽനിന്നും ജറുസലെത്തേക്കു മടങ്ങി വന്നവരിൽ ഒരാളായ താൻ പെസഹാ പ്രാർത്ഥനക്കു വൈകിക്കൂടാ. 

 തെരുവിൽ അസാധാരണമായ ജനക്കൂട്ടം. റോമൻ പട്ടാളക്കാർ മൂന്നുപേരെ കുരിശ്ശിൽ തറക്കാൻ കൊണ്ടുപോകുകയാണ്. അക്കാലത്തു ഇത് അത്ര അസാധാരണമായ ഒരു കാഴ്ച ആയിരുന്നില്ലെങ്കിലും, പെസഹാ തിരുനാളിൽ ഇത് അൽപ്പം അസഹ്യമായ കാഴ്ച ആയിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ സൈമൺ എത്തിനോക്കി. മൂന്നുപേരിൽ ഒരാൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നു. "ഇയാളോട് മാത്രം ഇവർ എന്തെ ഇങ്ങനെ ചെയ്യുന്നു ? ബാക്കി രണ്ടുപേർക്കും ഇല്ലാത്ത ഒരു ശിക്ഷ" ശിമയോൻ ചിന്തിച്ചു. "ആരാണ് അയാൾ?" ആരോടെന്നില്ലാതെ അയാൾ ചോദിച്ചു. "നസ്രായനായ യേശുവാ" അടുത്തുനിന്ന ആരോ ഉത്തരം പറഞ്ഞു.

ശിമയോൻ അൽപ്പം തിരക്കി മുന്നോട്ടു കയറി നിന്നു. അവർ അടുത്ത് അടുത്ത് വരികയാണ്. 'ആ മനുഷ്യൻ തന്നെ നോക്കിയോ? " ശെമയോന് പെട്ടെന്ന് ഒരു സംശയം. അയാളിൽ നിന്നു കണ്ണെടുക്കാൻ ശെമയോന് തോന്നിയില്ല. എന്തൊരു രൂപമാണിത്? ആള് വളരെ ചെറുപ്പവും. ഇയാൾ എന്ത്  തെറ്റാവും ചെയ്തിരിക്കുക? ഒരു പക്ഷെ ഇയാൾ ഒരു കൊള്ളക്കാരനാവുമോ ? അതോ റോമൻ ചക്രവർത്തിക്കെതിരെ കലഹം ഉണ്ടാക്കുന്ന വിപ്ലവകാരിയോ?  ശിമയോൻ തന്റെ ഓർമകളിൽ പരിസരം അൽപ്പം മറന്നു പോയോ ? പെട്ടെന്ന്  ആരോ തന്റെ മുന്നിൽ നിലത്തേക്ക് വീണപോലെ, അതെ അത് അയാളാണ്. പടയാളികൾ അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു. "വേണ്ട ഇവിടെ നിൽക്കണ്ടാ, വീട്ടിലേക്കു മടങ്ങാം", അയാൾ പോകാൻ തിരിഞ്ഞു. പെട്ടെന്ന് ബലിഷ്ടമായ ഒരു കൈ തന്റെ ചുമലിൽ പതിഞ്ഞു, "ഹേ, ഇയാളെ സഹായിക്കു" ശിമയോൻ കുതറി മാറാൻ ശ്രമിക്കുന്നതിനു മുൻപുതന്നെ വലിയൊരു ഭാരം അയാളുടെ ചുമലിലേക്ക് അവർ വച്ച് കൊടുത്തു.

"ഞാനോ ? ഞാൻ എന്ത് ചെയ്തു ? ഇയാൾ എന്റെ ആരുമല്ല , ഞാൻ ഇയാളെ അറിയുകപോലുമില്ല" ശിമയോൻ കുതറി മാറാൻ ശ്രമിച്ചു. അപ്പോഴേക്കും യേശു നിലത്തുനിന്നും എഴുന്നേറ്റു , ശെമയോനോട് ചേർന്ന് നിന്നു, രണ്ടു കാളകൾ ഒരു നുകത്തിനു കീഴിൽ എന്നപോലെ. യേശു ശെമയോന്റെ കണ്ണുകളിലേക്കു നോക്കി "ഹോ, ആ കണ്ണകൾക്കു എന്ത് ആർദ്രതയാണ്? ശിമയോൻ പരിസരം മറന്നു അയാളുടെ കാലുകൾ അയാൾ അറിയാതെ മുന്നോട്ടു നീങ്ങി, എങ്ങോട്ടെന്ന് അറിയാതെ, യേശുവിനൊപ്പം. യേശുവിന്റെ രക്തം വീണു അയാളുടെ ദേഹം ചുവന്നു. ഇപ്പോൾ ആർക്കും ഇവരെ തമ്മിൽ തിരിച്ചറിയാൻ കഴിയില്ല. യേശു വീണ്ടും വീഴാൻ ചാഞ്ഞു, ശിമയോൻ തന്റെ മറ്റേ കൈകൊണ്ടു യേശുവിനെ പതുക്കെ  താങ്ങി, മലകയറുമ്പോൾ യേശു എന്തോ അയാളോട് പറഞ്ഞു. അയാൾ സമ്മതത്തോടെ തലയാട്ടി. താൻ ആരാണെന്നു ശിമയോൻ മറന്നു. ഇപ്പോൾ അയാൾക്ക് ഒന്നുമാത്രമേ ഓര്മയുള്ളു ,താൻ തന്റെ കുരിശും  വഹിച്ചുകൊണ്ട് മല കയറുകയാണ്. തനിക്കു ഒരു വിഷമവുമില്ല. തന്റെ ഒപ്പമുള്ള ഈ മനുഷ്യൻ തന്റെ എല്ലാ ദുഖങ്ങളെയും വേദനകളെയും ഈ കുരിശിനു പകരമായി   എടുത്തു. അയാൾ തന്റെ കൈകൊണ്ടു യേശുവിന്റെ ദേഹത്തിൽ മുറുകെ പിടിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി.  

മലമുകളിൽ എത്തി. പട്ടാളക്കാർ മുന്നോട്ടുവന്നു, അവരിൽ ഒരാളെ തള്ളി പിന്നിലേക്ക് മാറ്റി, മറ്റേ ആളെ ബലമായി പിടിച്ചു കുരിശിൽ കിടത്തി..........

ശെമയോനേപ്പറ്റി പിന്നീട് ഒരു കാര്യവും ബൈബിളിൽ ഇല്ല. പക്ഷെ മൂന്നു ബൈബിളുകളും  ശെമയോന്റെ കുരിശു വഹിക്കൽ പ്രതിപാദിക്കുന്നുണ്ടുതാനും. യോഹന്നാൻ ഇതേപ്പറ്റി പൂർണമായി മൗനം പാലിക്കുന്നു  

"അലക്‌സാന്ദ്രയോസിന്റെയും റൂഫോസിന്റെയും പിതാവും വയലിൽനിന്നും കടന്നുപോയിരുന്നവനുമായ കേവറിന് കാരനായ ശിമയോൻ എന്ന ഒരുത്തനെ അവന്റെ കുരിശു എടുക്കുവാൻ അവർ നിർബന്ധിച്ചു" (മാർക്കോസ് 15 :21 )

മാർക്കോസ് ശെമയോനെ വിശേപ്പിക്കുന്നതു, 'അലക്‌സാന്ദ്രയോസിന്റെയും റോഫാസിന്റെയും പിതാവ്' എന്നാണ്. അതായത് ഈ രണ്ടുപേരും ആദിമ കൃസ്ത്യാനികൾക്കിടയിൽ വളരെ സുപരിചിതർ ആയിരുന്നിരിക്കണം എന്നാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്. വി. പൗലോസ് റോമക്കാർക്കു എഴുതിയ ലേഖനത്തിൽ ഒരു റുഫോസിനെയും അയാളുടെ അമ്മയെയും കുറിച്ച് പറയുന്നത്, ഇയാൾ ആയിരിക്കണം എന്നാണ് നിരവധി ആളുകൾ കരുതുന്നത് .

"കർത്താവിൽ തെരെഞ്ഞെടുക്കപ്പെട്ടവനായ റുഫോസിനും അവന്റെയും എന്റെയും അമ്മയ്ക്കും വന്ദനം പറയുവിൻ" (റോമൻസ് 16 :13 ) 
ശ്രദ്ധിക്കേണ്ടത് ഇവിടെ ശിമയോൻ എന്ന ഒരു വ്യക്തിയെക്കുറിച്ചു സൂചിപ്പിക്കപ്പെടുന്നില്ല. അതിനർദ്ധം അന്ന് ശിമയോൻ ജീവിച്ചിരിക്കുന്നില്ല എന്നാണോ ?

"അവർ അവനെ കൊണ്ടുപോകുമ്പോൾ വയലിൽനിന്നും വരുന്ന കേവറിന് കാരനായ ശെമയോനെ അവർ പിടികൂടി, ഈശോയുടെ പിന്നാലെ കുരിശു ചുമക്കുവാൻ അവന്റെ മേൽ വെച്ചു"(ലൂക്ക 23 :26 ) 

ലൂക്ക പറയുന്നത് യേശുവിന്റെ പിന്നാലെയാണ് ശിമയോൻ കുരിശു വഹിച്ചു നടന്നത് എന്നാണ്. അതായത് ശിമയോൻ യേശുവിനെ പിന്തുടരുകയാണ്, യേശുവിന്റെ അതെ വേഗതയിൽ, യേശു എവിടേം വരെയോ അവിടേം വരെ മാത്രം. അത് ഒരു ഭക്തന്റെ ലക്ഷണമാണ്, തന്റെ കുരിശും വഹിച്ചുകൊണ്ട് തന്റെ ഗുരുവിനെ പിന്തുടരുക എന്നത്.

റോമൻ സാമ്രാജ്യത്തിൽ ഇത് സംഭവ്യമാണോ എന്ന് ചോദിച്ചാൽ 'അല്ല' എന്ന് പറയേണ്ടിവരും. കുരിശിൽ തറക്കുന്നതും , അതിനു വിധിക്കപ്പെട്ട ആളെ നഗരത്തിലൂടെ നടത്തുന്നതും ഒരു ലക്‌ഷ്യം വച്ചുകൊണ്ടാണ്. ഒരു വിധത്തിലുള്ള വിട്ടു വീഴ്ചയും റോമിനെതിരെയുള്ള ശബ്ദത്തിനു ലഭിക്കില്ല എന്ന് എല്ലാ ജനങ്ങളെയും അറിയിക്കാനുള്ള ഒരു ചടങ്ങു്. അതിൽ ഒരു വിധത്തിലുള്ള സഹായവും വിധിക്കപ്പെട്ട ആളിന് കൊടുക്കില്ല. 

മാത്രമല്ല , ഒരു മനുഷ്യനെ തൂക്കികൊല്ലാൻ കഴിയുന്ന ഒരു കുരിശു വഹിക്കുക എന്നത് മനുഷ്യനാൽ സാധ്യമല്ല തന്നെ. ഓരോ വധശിക്ഷക്കും പുതിയ കുരിശു സ്ഥാപിക്കുകയെന്നതും സംഭാവ്യമല്ല. പിന്നെയോ സ്ഥിരമായി നാട്ടിയിരിക്കുന്ന ഒരു സ്തംഭത്തിൽ , അതിന്റെ കുറുകെയുള്ള ഭാഗം കയറ്റി ഇടുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഇന്ന് കാണുന്ന 'T' രൂപത്തിൽ ആയിരുന്നില്ല പിന്നയോ 'X' രൂപത്തിലായിരിക്കണം വധത്തിനു ഉപയോഗിച്ചിരുന്ന കുരിശു എന്നും ഒരു   വാദം നിലനിൽക്കുന്നു.

No comments:

Post a Comment