Saturday, 23 May 2026

തെക്കേ ഇന്ത്യൻ സാമൂഹ്യരൂപ ങ്ങളുടെ വികാസം – III

അകം , പുറം എന്ന വിഭജനത്തിനു പുറമെ വീണ്ടും ഇവയെ 'തുറൈ' എന്ന മറ്റൊരു വിഭാഗം ആയി തിരിച്ചിരിക്കുന്നു.

ഒരു മൂപ്പന്റെ സ്ഥാനത്തെ വാഴ്ത്തിപ്പാടുന്ന പാട്ടുകളെ "അരചവാക തുറൈ" എന്നും  അയാളുടെ പാരമ്പര്യത്തെ വാഴ്ത്തി പാടുന്നത്  "ഏനം മുല്ലൈ തുറൈ" , മൂപ്പന്റെ മകളുടെ സൗന്ദര്യത്തെ വാഴ്ത്തി പാടുന്നത് "മകൾ പാർ കാഞ്ചി തുറൈ" യും, മൂപ്പന്മാരെ ആരും കേൾക്കാതെ ഉപദേശിക്കുന്നത് "ചെവി അറിവൂർ തുറൈ" അല്ലെങ്കിൽ "പൊരുണ് മൊഴി കാഞ്ചി തുറൈ" യുമാണ്.  

വീരമരണം പ്രാപിക്കുന്നവരാണ് സമൂഹത്തിലെ വീരന്മാർ.

ചെവി അറിവൂർ തുറൈ, എന്ന വിഭാഗം പരസ്യമായി പറയാൻ കഴിയാത്തതാണ് എന്ന് സൂചിപ്പിച്ചല്ലോ. അക്കാലം വീര ആരാധനയുടെ കാലം ആയിരുന്നു. മാത്രമല്ല ഇ മൂപ്പന്മാരുടെ പ്രധാന വരുമാന മാർഗം കൊള്ള ആയിരുന്നു. മറ്റുള്ള ഗോത്രങ്ങളുടെ കാലികളെയും , കാർഷിക വിഭവങ്ങളെയും കൊള്ള ചെയ്തു തൻറെ ഗോത്രത്തിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നവനാണ് ഏറ്റവും വീരൻ. അതിൽ പൊയ്ത്തിനു പോകുന്ന വീരൻ മാത്രമല്ല അയാളുടെ 'അമ്മ പോലും അത്തരം വീര സാഹസികതയെ എങ്ങനെ കാണുന്നു എന്നതിന് ഒരു ഉദ്ദാഹരണം ഒരു പാട്ടിൽ കൊടുത്തിട്ടുണ്ട്.

ഒരമ്മ പൊയ്ത്തിനു പോയ മകനെ കാത്തു ഒരു സ്ഥലത്തു നിൽക്കുകയാണ്. തിരിച്ചു വന്ന യോദ്ധാക്കളിൽ ഒരാൾ വന്നു ആ അമ്മയോട് പറയുന്നു , അമ്മയുടെ മകൻ മരിച്ചു എന്ന്. ഇത് കേട്ട അമ്മയുടെ മറുപടി ഇങ്ങനെയാണ്. 'എടാ എന്റെ മകൻ മരിച്ചോ ജീവിച്ചോ എന്ന് അറിയാനല്ല ഞാൻ ഇവിടെ നിൽക്കുന്നത്, അവൻ മരിച്ചത് നെഞ്ചിൽ മുറിവേറ്റാണോ അതോ പുറകിൽ മുറിവേറ്റാണോ മരിച്ചത് എന്ന് അറിയാനാണ്. നെഞ്ചിൽ മുറിവേറ്റാണ് മരിച്ചതെങ്കിൽ ഞാൻ കണ്ണുനീർ തുടച്ചു സംതൃപ്തയായി വീട്ടിലേക്കു പോകും. ഇനി   അഥവാ അവൻ പുറത്തു മുറിവേറ്റാണ് മരിച്ചതെങ്കിൽ അവനെ മുലയൂട്ടിയ ഈ മുലകൾ രണ്ടും പറിച്ചെറിഞ്ഞു ഞാൻ ഇവിടെ മരിച്ചു വീഴും.'

ഇത്തരം ഒരു സമൂഹത്തിലാണ് മൂപ്പന്മാരെ നല്ലകാര്യം  ഉപദേശിച്ചു കൊടുക്കാൻ ചില കവികൾ തുനിഞ്ഞത്. അതായത് ആന കരിമ്പിൻ തോട്ടത്തിൽ കയറി എല്ലാം നശിപ്പിക്കുന്നത് പോലെ ആവരുത്. "യാനയെ കൊണ്ട പുലം പോലെ അത് താനുമുണ്ണാ ഉലകവും കെടുമേ " അതിനു ചെയ്യേണ്ടത് ഒരു വണ്ട് പൂവിൽ നിന്നും തേൻ കുടിക്കുന്നതുപോലെ , തേനീച്ച ഒരു പൂവിൽ നിന്നും ആ പൂവ് അറിയാതെ തേൻ എടുത്തു തന്റെ കൂട്ടിൽ എത്തിക്കുന്നതുപോലെ , ആർക്കും ഉപദ്രവം ചെയ്യാതെ വേണം ഇക്കാര്യം നടത്താൻ എന്ന് പരസ്യമായി ഉപദേശിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അത് ചെവി അറിവൂർ തുറൈ ആകുന്നതു, ചെവിയിൽ മന്ത്രിക്കുന്നത്.

taxation -ന്റെ  ആദ്യപാഠം മൂപ്പന്മാർക്കു ചൊല്ലിക്കൊടുക്കുന്ന ഈ കവികൾ  തീർച്ചയായും വടക്കു അപ്പോഴേ വളർന്നു വികസിച്ച രാജഭരണ സംസ്കാരത്തെക്കുറിച്ചു  നല്ലപോലെ അറിയുന്നവർ , ഒരു പക്ഷെ അവിടെനിന്നും വന്ന ജൈന സന്യാസികളോ ബ്രാഹ്മണരോ ആയിരിക്കാം എന്നാണു പണ്ഡിതരുടെ അഭിപ്രായം.   

തമിഴ് വീരഗാഥയുടെ കാലത്തു ചേര, ചോള, പാണ്ഡ്യ വീരന്മാരെ ധാരാളം പുകഴ്ത്തുന്ന ഗാനങ്ങൾ ഉണ്ടെങ്കിലും നാം പിന്നീട് കേൾക്കുന്ന രാജാധികാരം ആയിരുന്നില്ല അന്ന്. ഒരു രാജ്യം എന്ന സങ്കല്പമോ, രാജാവിന്റെ രാഷ്ട്രീയ അധികാരങ്ങളോ ഒന്നും ഇല്ലെങ്കിലും ഈ മൂന്നു ഗോത്ര തലവന്മാർ ഏറ്റവും പ്രധാനപ്പെട്ടവർ ആയിരുന്നു. അവരെയാണ്      "മൂവേന്തർ" എന്ന് വിളിച്ചിരുന്നത്. അതിനു കീഴിൽ ഒരു പക്ഷെ ഒരു മലക്ക് ഒക്കെ അധിപരായവർ ഉണ്ട്. അവരെ "വേളിർ" എന്ന് വിളിച്ചിരുന്നു. അതിനു, താഴെ ഗ്രാമത്തലവന്മാർ ഉണ്ട് അവരാണ് "ഊർകിഴാർ" എന്ന് വിളിച്ചിരുന്നവർ. പല കുടികൾ ചേരുന്നതാണ് ഊര്. കുടി എന്നാൽ വീട്. പലപ്പോഴും ഈ കുടികൾ എല്ലാം മൂപ്പന്റെ ബന്ധുക്കൾ, കുടുംബക്കാർ, അല്ലെങ്കിൽ ഒരേ ആചാരങ്ങൾ പിന്തുടരുന്നവർ  ഒക്കെ ആയിരിക്കും.

ഈ മൂന്നു തലത്തിലുള്ള മൂപ്പന്മാർ തമ്മിൽ രാഷ്ട്രീയപരമായോ സാമൂഹികപരമായോ യാതൊരു തലത്തിലും അധികാരങ്ങൾ പങ്കിടുന്നവരല്ല എങ്കിലും, ഊർകിഴാർമാർ വേളിര്മാരെയും, വെന്തർമാരെയും ഭയപ്പെട്ടു കഴിയുന്നവരായിരുന്നു. അതുപോലെ വെളിര്മാര് വെന്തർമാരെയും. അതായത് തങ്ങളേക്കാൾ ശക്തർ ആയവരെ ഭയപ്പെട്ടിരുന്നു എന്ന് സാരം. ഇവിടെയാണ് 'മകൾ പാർ കാഞ്ചി തുറൈ' പാട്ടുകളുടെ പ്രസക്തി. വേന്ദർ നിങ്ങളുടെ മകളുടെ സൗന്ദര്യം കണ്ടു മയങ്ങിയിരിക്കുന്നു എന്ന് ഈ ഗായകർ താഴെയുള്ള വേളിർ, ഊർകിഴാർ മാരുടെ അടുത്ത് ചെന്ന് പാടി അവരെ സന്തോഷിപ്പിച്ചു സമ്മാനവും വാങ്ങി പോകും.

അകം , പുറം , തുറൈ എന്നിങ്ങനെയുള്ള വേര്തിരിവിന് പുറമെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗമാണ് "തിണൈ" എന്ന സങ്കല്പം. കവിതയിൽ തിണൈ എന്നതിന് അർഥം, ഒരു കവിതയുടെ ഭൂമിശാസ്ത്രപരമായ നിലനില്പിനെയാണ് അതായത് ഒരു കവിത ഉളവാക്കുന്ന ഒരു സ്ഥലകാലബോധം, കാലാവസ്ഥ , അതിന്റെ പശ്ചാത്തലവുമായുള്ള ഈണങ്ങൾ, ചുറ്റുപാടുകൾ, ചെടികൾ , മരങ്ങൾ ,  മൃഗങ്ങൾ. അവിടത്തെ സഹവാസം, സാമൂഹ്യ രൂപങ്ങൾ എല്ലാം ചേർന്നുള്ള ഒരു ക്ലാസിക്കൽ metaphor അഥവാ കവിതയുടെ ഒരു രൂപകം. ക്ലാസിക്കൽ തമിഴ് കവിതകളിൽ "ഉള്ളുറയ്"  എന്ന് ഇതിനെ വിളിക്കും.  

ഇത് കവിതകൾക്ക് ബാധകമാകുന്നതുപോലെയോ അതിലും പ്രധാനമായോ ഭൂമിശാസ്ത്രപരമായ വിഭജനവും, ആ ഭൂമിശാസ്ത്ര രീതിക്കു അനുസരിച്ചുള്ള ഉപജീവനവും അതിജീവനവും വിവരിക്കുന്നതാണ് തിണൈ വിഭജനം. ഇവിടെ ഓരോ ജനവിഭാഗവും അവരവരുടെ ഭൂപ്രകൃതിക്കനുസരിച്ചു അവരവരുടെ ജീവിത രീതിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. 

പ്രധാനമായും തിണൈ മൂന്നായി  തിരിച്ചിരിക്കുന്നു.                   

 (1) കൈത്തിണൈ

(2) പെരും തിണൈ

(3) അയ്ന്തിണൈ

ആദ്യത്തെ രണ്ടെണ്ണം കാർഷിക ഉത്പാദനന്തിന്റെ ലഭ്യത അനുസരിച്ചാണ്. കൈതിണൈ, എന്നാൽ ചെറിയ തോതിൽ കൃഷിയും കാലിവളർത്തലും ഒക്കെയുള്ള ഭൂപ്രദേശം. പെരും തിണൈ എന്നാൽ വൻതോതിൽ കൃഷി ചെയ്യുന്ന ഭൂപ്രദേശം എന്ന് സാരം

മൂന്നാമത്തേത് ഭൂപ്രകൃതിയും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഉപജീവന, ആത്മീയ ജീവിതങ്ങളെ അഞ്ചായി തിരിച്ചു കാണിച്ചിരിക്കുന്നു.

1.കുറിഞ്ചി: ഇത് മലമ്പ്രദേശം ആണ്. ഇവിടെ ജീവിച്ചിരുന്നവർ 'വേടർ' എന്ന് അറിയപ്പെട്ടിരുന്ന ആളുകൾ ആണ്. ഇവരുടെ ഉപജീവന രീതി പ്രധാനമായും നായാട്ട്‌ ആണ്. ഒരു രീതിയിൽ പറഞ്ഞാൽ Hunter Gatherers ആയിരുന്നു ഇവർ. ഇവരുടെ ആരാധന മൂർത്തി 'ചേയോൻ' എന്ന് ത്വൽക്കാപ്പിയം പറയുന്നു.  ഒരു ദൈവം ആയല്ല മറിച്ചു മഹാ ശൂരനായ ഒരു ആദിമ പിതാമഹൻ ആയാണ് ഇവർ ആരാധിച്ചുകൊണ്ടിരുന്നത്. പരിപാടൽ എന്ന സംഘം കൃതിയിൽ ഇത് ചെംവേൽ ഉള്ളവൻ  (ചുവന്ന വേൽ) അല്ലെങ്കിൽ നെടുവേൽ ഉള്ളവൻ (നീണ്ട വേൽ) ഉള്ളവൻ ആണ്.  

പിന്നീട് സംസ്കൃതത്തിന്റെയും പുരാണേതിഹാസങ്ങളുടെയും മുന്നേറ്റത്തിൽ ചേയോൻ മുരുകനായും , സ്കന്ദനായും എല്ലാം മാറി.  

2. മുല്ലൈ: ചെറിയ മൊട്ട കുന്നുകളും പുൽമേടുകളും നിറഞ്ഞ പ്രദേശം ആണിത്. ചെറിയ തോതിൽ കൃഷിയിടങ്ങളും കാലിവളർത്തലും ആയിരുന്നു ഇവിടത്തെ ആളുകളുട ജീവിത മാർഗം. പ്രധാനമായും ഇവർ ഇടയന്മാർ  ആയിരുന്നു. ഇവരുടെ ആരാധനാമൂർത്തി ഇടയൻ തന്നെ ആയിരുന്ന, കറുമ്പൻ ആയ "മായോൻ"  ആയിരുന്നു. AD മൂന്നാം നൂറ്റാണ്ടു മുതൽ   ഒൻപതാം നൂറ്റാണ്ടുവരെ ഭരിച്ചിരുന്ന ഭരദ്വാജ ഗോത്രക്കാരായ പല്ലവ രാജാക്കന്മാരുടെ സംസ്കൃത വൽക്കരണത്തിൽ മായോൺ  എന്ന സങ്കൽപ്പം കൃഷ്ണ സങ്കൽപ്പത്തിൽ ലയിച്ചു ഇടയ ബാലനായ, പശുപാലകനായ കൃഷ്ണൻ ആയി തീർന്നു.

3. മരുതം: നീർനിലങ്ങളും ചതുപ്പുകളും ആയിരുന്നു ഈ പ്രദേശം.  ചെറുധാന്യങ്ങളും, കാട്ടു നെല്ലും (Oryza nivara) കൃഷി ചെയ്തു ജീവിക്കുന്ന കർഷകർ ആയിരുന്നു ഇവിടത്തെ ജനങ്ങൾ. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന നെല്ല് Oryza sativa ആണ്. ഇവരുടെ ആരാധനാ മൂർത്തി "വേന്തൻ " ആണ്. വേദങ്ങളിലെ ഇന്ദ്രന്റെ പല ഗുണങ്ങളും ഉള്ള വേന്തൻ ക്രമേണ ഇന്ദ്രൻ തന്നെയായി മാറി. (തിരുവനന്തപുരത്തു "മരുതം കുഴി" ഓർക്കുക.)

4. പാലൈ: മഴയില്ലാത്ത, കുറ്റിച്ചെടികളും മുൾചെടികളും മാത്രം വളരുന്ന ഭൂപ്രദേശം ആണിത്. ഇവിടെ ജീവിച്ചിരുന്നവർ 'മറവർ '  ആണ്. യുദ്ധവീരന്മാർ ആയിരുന്ന ഇവരുടെ പ്രധാന ഉപജീവന മാർഗം കൊള്ളയടിക്കൽ (plunder) ആയിരുന്നു. യുദ്ധത്തിന്റെയും വിജയത്തിന്റെയും ദേവതയായ "കൊറ്റവൈ" ആണ് ഇവരുടെ ദേവത. ക്രമേണ ഭദ്രകാളിയായും ദുർഗ്ഗയായും എല്ലാം രൂപ പരിണാമം സംഭവിച്ച  കൊറ്റാവൈ ദേവി സങ്കൽപ്പത്തിൽ ലയിച്ചു.  പാറശാലക്കടുത്തു "കൊറ്റാമം" ഇന്നും ഉള്ള ചെറിയ പ്രദേശം  ആണ്. അതുപോലെതന്നെ മാർത്താണ്ഡവര്മയെ യുദ്ധത്തിൽ സഹായിക്കുന്നത് മഹാ ശൂരന്മാരാരായ 'മറവ പട' ആണ്.     

5. നൈതൽ: ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ കടൽ തീരങ്ങളാണ് നൈതൽ. ഇവിടത്തെ ജനങ്ങൾ "പാർത്തവർ",  നുളൈയർ, വുമണർ എന്നിവരാണ്. പാർത്തവർ മൽസ്യം പിടിച്ചു കച്ചവടം നടത്തുന്നവർ ആണ്. മൽസ്യം പിടിച്ചു ഉണക്കി കാളവണ്ടിയിൽ കയറ്റി മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി കൊടുത്തു ആവശ്യമുള്ള സാധനങ്ങൾ പകരം വാങ്ങിയാണ് ഉപജീവനം. വയനാട്ടിലെ 'മീനങ്ങാടി' ഇതിന്റെ ഒരു പഴയ അവശിഷ്ടം ആണ്.

നുളൈയർ നല്ല divers’ ആണ് കടലിൽ നിന്നും മുത്തുകൾ സമ്പാദിക്കുകയാണു് ഇവരുടെ പ്രധാന ജോലി. വുമണർ ഉപ്പു കുറുക്കി കൈമാറ്റം ചെയ്തു ഉപജീവനം നടത്തുന്നവർ ആണ്. അവരുടെ ആരാധനാമൂർത്തി കടലോൺ ആണ്. ക്രമേണ കടലോൺ വരുണനായി പരിണമിച്ചു. …. (തുടരും) 

Friday, 22 May 2026

തെക്കേ ഇന്ത്യൻ സാമൂഹ്യരൂപ ങ്ങളുടെ വികാസം – II


ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കേ ഇന്ത്യ, വളരെ പ്രധാനപ്പെട്ട മറ്റു ഒരു വെളിപ്പെടലിലൂടെ കടന്നുപോയി. സംഘകാല കൃതികൾ എന്ന് അറിയപ്പെട്ടിരുന്ന വലിയൊരു സാഹിത്യ ശേഖരം , കണ്ടെടുത്തതായിരുന്നു ഇത്. പുരാതന തമിൾ ലിപികളിൽ (Archaic Tamil)  എഴുതപ്പെട്ട വലിയൊരു ശേഖരം ആയിരുന്നു ഇത്. നാനൂറ്റി എഴുപത്തി അഞ്ചു കവികൾ എഴുതിയ 2381  കവിതകൾ. അതിൽ പകുതിയോളം എഴുതിയത് 16  കവികൾ. 102  കവിതകളുടെ കർത്താക്കൾ അജ്ഞാതമായി നിൽക്കുന്നു. 238 കവിതകൾ കപിലർ എന്ന ഒറ്റ ആളുടെ കൃതിയാണ്.  അതിൽ ഏറ്റവും വലിയ കവിതകൾക്ക് എഴുനൂറിൽ കൂടുതൽ വരികളും ഏറ്റവും ചെറുതിനു രണ്ടു വരിയുമായിരുന്നു വലുപ്പം.

അതോടെ മറ്റൊരു തർക്കവും ഉടലെടുത്തു. അതായത് സംസ്കൃതമാണോ, ദ്രാവിഡമാണോ കൂടുതൽ പഴക്കമുള്ളത് എന്ന്. സാധാരണ ഗതിയിൽ തെക്കേ ഇന്ത്യൻ ചരിത്രകാരന്മാരും നരവംശ ശാസ്ത്രജ്ഞന്മാരും ദ്രാവിഡത്തിനെ പിന്തുണക്കുകയും, വടക്കോട്ടുള്ളവർ സംസ്കൃതത്തെ പിന്തുണക്കുകയും ചെയ്തു.           

സംഘം കൃതികളുടെ പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്.  AD എട്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന  ഇറയനാർ അകപ്പൊരുൾ (ഇറയാനാർ എഴുതിയ പ്രേമഗീതം) എന്ന കൃതിയുടെ വിവരണത്തിൽ നക്കിറർ എന്ന എഴുത്തുകാരൻ ആണ് ഈ ഐതിഹ്യം സൂചിപ്പിച്ചിരിക്കുന്നത്.   , അത് ഇങ്ങനെ.

സഹസ്രാബ്ദങ്ങൾക്കു മുൻപ് ഒരു പാണ്ട്യൻ രാജാവ്, കവികളുടെ ഒരു സമ്മേളനം , അതായത് കൂടൽ, വിളിച്ചു ചേർത്തു. 549  കവികൾ, അതോടൊപ്പം  ശിവൻ , മുരുഗൻ തുടങ്ങിയ പല ദൈവങ്ങളും അതിൽ പങ്കെടുത്തു. ആ കൂടൽ അഥവാ സംഘം 4440 വര്ഷം  നീണ്ടുനിന്നു. അതിൽ ഉണ്ടായ എല്ലാ കവിതകളും വലിയൊരു വെള്ളപ്പൊക്കത്തിൽ നഷ്ട്ടപ്പെട്ടു. വീണ്ടും രാജാവ് മറ്റൊരു കൂടൽ വിളിച്ചു ചേർത്തു.  അതിൽ 1700  കവികൾ പങ്കെടുത്തു. അതിലും പല ദൈവങ്ങളും പങ്കെടുത്തിരുന്നു. 3700  കൊല്ലം നീണ്ടുനിന്ന  ആ സംഘത്തിൽ ഉണ്ടാക്കിയ കവിതകളും വെള്ളപ്പൊക്കത്തിൽ നശിച്ചു പോയി. പക്ഷെ തൊല്കാപ്പിയം എന്ന ഒരു ഗ്രന്ഥം  മാത്രം അവശേഷിച്ചു. ത്വൽ എന്നാൽ പഴയത് എന്നർത്ഥം. കാപ്പിയo  എന്നാൽ കാവ്യം തന്നെ. അതായത് പഴയ കാവ്യം എന്നർത്ഥം. സംസ്കൃത സാഹിത്യത്തിലെ പാണിനീയത്തിനു ഏതാണ്ട് തുല്യമായ തമിഴ് വ്യാകരണ, ഭാഷാ ശാസ്ത്ര , കാവ്യ മീമാംസ ഗ്രന്ഥമാണ് ത്വൽകാപ്പിയം.

പാണ്ട്യ രാജാവ് മൂന്നാമതും മറ്റൊരു സംഘം വിളിച്ചു ചേർത്തു. ഇത് 1800  കൊല്ലം നീണ്ടുനിന്ന , 473 കവികൾ പങ്കെടുത്ത ഒരു സംഘം ആയിരുന്നു. അതിൽ ഉണ്ടാക്കപ്പെട്ട രചനകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 

ഒന്നാമത്തെ സംഘം (Mudharchangam)  മധുരയിലും, അതിന്റെ അധ്യക്ഷൻ അഗസ്ത്യൻ ആയിരുന്നു. രണ്ടാമത്തേത് (Idaichangam) കപടപുരത്തും, അതിന്റെ അധ്യക്ഷൻ തൊൽക്കാപ്പിയർ ആണ്  മൂന്നാമത്തേത് (Kadaichamgam) തേന്മധുരൈയിലും ആണ് നടന്നത്. അതിന്റെ അധ്യക്ഷൻ നക്കിരർ ആയിരുന്നു.  കപടപുരം ആന്ധയിൽ ഉള്ള ഏതോ സ്ഥലമാണെന്ന് കരുതപ്പെടുന്നു. തേന്മധുരൈ വൈഗ നദിയുടെ തീരത്തു എവിടെയോ ആയിരിക്കും എന്ന് കരുതുന്നു.  (Total 9940 years). അങ്ങനെ ഏതാണ്ട് പതിനായിരത്തോളം കൊല്ലം പഴക്കമുള്ളതാണ് ഈ കൃതികൾ എങ്കിൽ ദ്രാവിഡ ഭാഷ തന്നെ മുന്നിൽ എന്ന് പല ദ്രാവിഡ പണ്ഡിതന്മാരും ഉറച്ചു വിശ്വസിച്ചു.

 പത്തു പതിനാറു നൂറ്റാണ്ടുകളായി ഈ കൃതികൾ ആരുടേയും ശ്രദ്ധയിൽ പെടാതെ വിസ്മൃതിയിൽ കിടന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തു, അറുമുഖ നവലിയാർ , C  W  ദാമോദിരൻ പിള്ളൈ , U  V സ്വാമിനാഥ അയ്യർ എന്നി മൂന്നു പണ്ഡിതർ, കുംഭകോണത്തുനിന്നും 20 കിലോമീറ്റര് അകലെയുള്ള ഒരു ശിവ മഠത്തിൽ നിന്നും സംഘം കൃതികളുടെ ഓലയിലുള്ള ഒരു മനുസ്ക്രിപ്ട് കണ്ടെടുത്തു.      

 അത്ഭുതകരമായത്, ഇത് ആരൊക്കെയോ തരം തിരിച്ചു, എഡിറ്റ് ചെയ്തു രൂപഭദ്രമാക്കിയ ഒരു മനുസ്ക്രിപ്ട് ആയിരുന്നു എന്നതായിരുന്നു. ഏതാണ്ട് ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ഏതോ ജൈന പണ്ഡിതന്മാർ ആയിരിക്കണം ഇതിന്റെ പിന്നിൽ എന്നാണു പണ്ഡിതമതം. 

 കെ കൈലാസപതി എന്ന ഒരു ശ്രീലങ്കൻ ചരിത്രകാരൻ ഈ കൃതികളെ വിശദമായ ഒരു പഠനത്തിന് വിധേയമാക്കി, 1968-ഇൽ അദ്ദേഹം പുറത്തിറക്കിയ "Tamil Heroic Poetry " എന്ന ഗ്രന്ഥം, സംഘം കൃതികൾ എന്ന കാഴ്ചപ്പാടിനെ തന്നെ മാറ്റി കളഞ്ഞു. ഈ പാട്ടുകൾ എല്ലാം വായ്പ്പാട്ടുകളായി വളർന്നു വന്നതാണെന്നും, അക്കാലത്തെ നായകന്മാരായ മൂപ്പന്മാരുടെയും   അവരുടെ വംശ പരമ്പരകളുടെയും വീര കഥകളുടെ വാഴ്ത്തുപാട്ടുകൾ ആണ് ഇവയെന്ന് അദ്ദേഹം സ്ഥാപിച്ചു.

ബിസി മൂന്നാം നൂറ്റാണ്ടുമുതൽ AD മൂന്നാം നൂറ്റാണ്ടുവരെ , ഏതാണ്ട് 600  കൊല്ലം നീണ്ടു നിൽക്കുന്ന ഒരു കാലഘട്ടം ഈ കവിതകൾക്ക് ഉണ്ട് എന്ന് സ്ഥാപിക്കപ്പെട്ടു.

ഈ കവിതകൾ എല്ലാം യുദ്ധവീരന്മാരെ വാഴ്ത്തി പാടുന്ന പാട്ടുകൾ ആണ് എന്ന് പറഞ്ഞു. ഇത് പാടിനടന്ന ഗായക കവികൾ ഒന്ന് "പാണർ" ആണ്. ഇവർ ചെറിയ വീണയും വലിയ വീണയും ഉപയോഗിച്ചിരുന്നു എന്ന് പറയുന്നു. മറ്റൊരു വിഭാഗം ഗായകർ "പൊരുണർ" ആണ്. ഇവർ വാദ്യങ്ങൾ മുഴക്കുന്നവർ ആണ്. മിക്കവാറും യുദ്ധത്തിൽ സൈനികരുടെ കൂടെ അകമ്പടി സേവിക്കുന്നവർ ആയിരിക്കണം ഇവർ.  

മൂന്നാമത്തെ വിഭാഗം "വിറളിയാർ" ആണ്. ഇവർ നുത്തം ചെയ്യുന്ന സ്ത്രീകൾ ആയിരുന്നു. മിക്കവാറും ആദ്യത്തെ രണ്ടു കൂട്ടർ ഗായകരുടെ ഭാര്യമാർ ആയിരിക്കാം ഇവർ എന്ന് കരുതപ്പെടുന്നു.   

ഈ പാട്ടുകൾ  വിശാലമായി രണ്ടു ഗ്രൂപ്പ് ആയി തരം തിരിച്ചിരിക്കുന്നു (1) എട്ടു ത്തൊകൈ (എട്ടു Anthologies അഥവാ സമാഹാരങ്ങൾ ) (2) പത്തു പാട്ട് (Ten  Idols ).

എട്ടുത്തൊകൈ എന്നത് എട്ടു കവിത സമാഹാരങ്ങൾ ആണ്.

(1) കുറുംതോകൈ         - 400  പാട്ടുകൾ 

(2) നറ്റുണ                           - 400  "

(3) അയ്ൻകുരുന്തു         - 500  "   

(4) അകനാനൂറ്                  - 400

(5) പുറനാനൂറ്                    - 400

(6) പരിപാടൽ                     - 70

(7) കലിത്തൊകൈ            - 150  " 

(8) പതിറ്റുപ്പത്ത്                    - പത്തു പാട്ടുകൾ കൂടിയ പത്തെണ്ണം 

തിരുമുരുഗ പാടൽ, മുല്ലൈ പാട്ടു , മധുരൈ കാഞ്ചി , കുറിഞ്ഞി പാട്ട് , പട്ടിണപാടൽ എന്ന് തുടങ്ങുന്ന പത്തു സമാഹാരങ്ങൾ ആണ് പത്തു പാട്ട്.

ഈ പാട്ടുകൾ എല്ലാം അസാമാന്യ കാവ്യഭംഗിയും, ആശയ സമ്പുഷ്ട്ടമായതും അക്കാലത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളെ പ്രതിഭലിപ്പിക്കുന്നതുമാണ് എന്ന് അതിന്റെ വിമർശകർ പോലും സമ്മതിച്ചു കൊടുക്കുന്നതാണ്. 

തൊൽക്കാപ്പിയർ, മനുഷ്യ വികാരങ്ങളെയും കവിതാ പശ്ചാത്തലങ്ങളെയും വിശാലമായ രണ്ടു ഗ്രൂപ്പ് ആക്കി തിരിച്ചു. 

(1) അകം 

(2) പുറം 

അകം എന്നാൽ 'inner '  പുറം എന്നാൽ 'outer ' . അകം എന്നത് ഉള്ളിലുള്ള ആനന്ദമാണ്. അത് ഒരാൾക്കോ ഏറിയാൽ ലൈംഗികസുഖം പോലുള്ളതാണെങ്കിൽ രണ്ടു പേർക്ക് മാത്രമോ  അനുഭവ വേദ്യമായാണ്. പുറം എന്നത് പുറം ലോകമായി ഇടകലരുന്നതും , ഉദാഹരണമായി യുദ്ധം. അല്ലെങ്കിൽ ധർമ്മാചരണം ആയതുകൊണ്ട് അത് മറ്റുള്ളവർക്ക് കൂടി അനുഭവ വേദ്യമാണ്.  ചുരുക്കത്തിൽ അകം എന്നത് പ്രണയവും പുറം എന്നത് വീരഭാവം അല്ലെങ്കിൽ ധീരതയുമാണ്. …. (തുടരും)

തെക്കേ ഇന്ത്യൻ സാമൂഹ്യരൂപ ങ്ങളുടെ വികാസം – I (നാല് ഭാഗങ്ങളിലായി ഒരു ചർച്ച)


ഈ ലേഖനത്തിനു ആധാരമാക്കിയിട്ടുള്ളത് താഴെ പറയുന്ന ഗ്രന്ഥങ്ങളാണ്

Dr. Sreekumar Prabhakaran

Dravidian University · Dept. of Dravidian and Computational Linguistics

Francis Whyte Ellis and the Beginning of Comparative Dravidian Linguistics

 

Dr. Kesavan Veluthat

Brahmin Settlement in Kerala, First published 1978

 

Dr. K Kailasapathi

Tamil Heroc Poetry , Published Oxford Press 1968

 

Dr. Rajan Gurukkal

Social Formations of Early South India, Oxford University Press New Delhi

 

ഏതൊരു ഭൂവിഭാഗത്തിൽ ആകെ നോക്കിയാൽ, ഉദാഹരണത്തിന് ഇന്ത്യ ഉപഭൂഖണ്ഡം  എന്ന ഏകകം എടുത്താൽ, സാമൂഹ്യ രൂപങ്ങളുടെ പരിണാമം (Social Formations) നോക്കിയാൽ അത് ഏക രൂപമായിരിക്കുകയില്ല എന്നും, കാല ദേശങ്ങൾക്കു അനുസരിച്ചുള്ള  അസമമായ ഒന്നായിരുന്നു എന്നും കാണാൻ കഴിയും. ഇന്ന് നാം പറയുന്ന തെക്കേ ഇന്ത്യ മുഴുവൻ എടുത്താലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ടു ഇവിടെ തെക്കേ ഇന്ത്യ എന്ന് വിവക്ഷിക്കുന്നത് ഏതൊക്കെ പ്രദേശങ്ങളെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറയേണ്ടി വരും.    

തെക്കേ ഇന്ത്യ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് 'വെങ്കടത്തിനും' അതായത് ഇന്നത്തെ തിരുപ്പതിക്കും, ഇന്നത്തെ കേരളം, തമിഴ്‌നാട് പോണ്ടിച്ചേരി എന്നിവക്കും ഇടയിലുള്ള ഭൂമി എന്ന് മനസ്സിലാക്കണം. ഈ പ്രദേശങ്ങൾക്ക് അവിടെനിന്നും ലഭിക്കുന്ന പുരാവസ്തു  തെളിവുകൾക്കും ,പഴയ കാല സാഹിത്യവും ഭാഷാപരവുമായ ഒരു പൊരുത്വം അനുഭവപ്പെടുന്നു എന്ന് സാരം. അതുപോലെതന്നെ അവിടെനിന്നു വടക്കോട്ടു, ഇന്നത്തെ കർണാടകവും തെലുങ്കും സംസാരിക്കുന്ന പ്രദേശങ്ങളും തമ്മിൽ വ്യക്തമായ ഒരു വ്യത്യസ്തതയും കാണുന്നുണ്ടു താനും.  

അതുകൊണ്ട്, ഇവിടെ നാം സംസാരിക്കുന്ന വിഷയത്തിന് അങ്ങനെ ഒരു സ്ഥലപരമായ പരിധി ഉണ്ട്. അതുപോലെ തന്നെ കാലപരിധി , BCE 3 -ആം നൂറ്റാണ്ടുമുതൽ, അതായത് തെക്കേ ഇന്ത്യ ചരിത്രാതീത കാലത്തിൽ നിന്നും ചരിത്ര കാലഘട്ടത്തിലേക്ക് കടക്കുന്നത് മുതൽ എന്ന്  മനസ്സിലാക്കണം. അതായത് സാഹിത്യപരമായ ഉറവിടങ്ങൾ , വായ്പ്പാട്ടുകളായും, പാറകളിലും ഗുഹകളിലും, നാണയങ്ങളിൽ ചിത്രരൂപങ്ങളിലും, ലിപികളിലും മറ്റും ആയി  ലഭ്യമാകുന്ന കാലഘട്ടമാണ് ചരിത്ര കാലം എന്ന് വിവക്ഷിക്കുന്നത്. ഇത്തരം ചരിത്ര ശിഷ്ടങ്ങളിൽ നിന്നും കാലഗണന നടത്തുന്നത് വിവിധ ശാസ്ത്രീയ മാര്ഗങ്ങള് ഉപയോഗിച്ചാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാർബൺ ഡേറ്റിംഗ്.

കാർബൺ ഡേറ്റിംഗ്  ടെക്നോളജിയിൽ ഉപയോഗിക്കുന്നത് കാർബൺ-14 എന്ന കാര്ബോന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ് ആണ്. ഐസോടോപ്സ് എന്നാൽ ഒരു എലിമെന്റിന്റെ അസ്ഥിരമായ ആറ്റം ആണ്. അതായത് വ്യത്യസ്ത എണ്ണം പ്രോട്ടോണും ന്യുട്രോണും ഉള്ള ആറ്റം.

കാർബൺ-14, 6 പ്രോട്ടോണും 8  ന്യുട്രോണും അടങ്ങിയ കാർബൺ ആറ്റത്തിന്റെ ഒരു ഐസോടോപ് ആണ്. ഭൂമിയിലേക്ക് നിരന്തരം വരുന്ന കോസ്മിക് റേഡിയേഷനിൽ നിന്നും ഈ ഐസോടോപ്പിനെ ജീവനുള്ള വസ്തുക്കൾ സ്വീകരിച്ചു ടിഷുകളിൽ   സൂക്ഷിക്കുന്നു. ജീവനുള്ള വസ്തുക്കൾ അവ ജീവിച്ചിരിക്കുന്ന കാലത്തു ഇങ്ങനെ കാർബൺ-14  സ്വീകരിക്കുന്നത് കാർബൺ -12 ആയുള്ള ഒരു നിശ്ചിത അനുപാദത്തിൽ ആണ്. എന്നാൽ ഇവയുടെ ജീവൻ നഷ്ട്ടപ്പെട്ടുകഴിഞ്ഞാൽ കാർബൺ-14 സ്വീകരിക്കുന്നത് അവസാനിക്കും. മാത്രമല്ല കാർബൺ-14 മറ്റു ചില ആറ്റമുകളുടെ രൂപത്തിൽ ഡീകെ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഡീകെ ചെയ്യുന്നത് ഒരു നിശ്ചിത അളവിലാണ്.  5730  കൊല്ലം കൊണ്ട് കാർബൺ-14  പകുതി നഷ്ടപ്പെടും എന്ന് നാം കണ്ടെത്തിയിട്ടുണ്ട്. ഇതിനെയാണ് Half  Life എന്ന് പറയുന്നത്. അങ്ങനെ അവശേഷിക്കുന്ന കാർബന്റെ  അളവ് നോക്കിയാൽ ആ സാംപിൾ എടുത്ത വസ്തു മരിച്ചിട്ട്‌ എത്ര വർഷമായി എന്ന് കണ്ടെത്താൻ കഴിയും. ചെടികൾ , മരങ്ങൾ , മനുഷ്യർ , മൃഗങ്ങൾ തുടങ്ങി ജീവിച്ചിരുന്ന എല്ലാ വസ്തുക്കളുടെയും കാലം ഇങ്ങനെ കണ്ടെത്താം. ഏതാണ്ട് 60,000 വര്ഷം വരെയുള്ള കാലം കണ്ടെത്താൻ ഈ ടെക്‌നികിനു കഴിയും. പിന്നീട് ഈ രീതിക്കു മറ്റു ചില കുറവുകൾ കണ്ടെത്തുകയും അതിനു പ്രതിവിധി ചില Calibration-ലൂടെ കണ്ടെത്തുകയും ചെയ്തു.     

എന്നാൽ മിനറലുകളും   പാറകളിലും   എങ്ങനെയാണ് കാലഗണന നടത്തുന്നത്? അത് മറ്റൊരു രീതിയാണ് ഇതിനെ പൊട്ടാസ്യം-ആർഗോൺ ഡേറ്റിംഗ് എന്ന് പറയുന്നു. റേഡിയോ ആക്റ്റീവ് പൊട്ടാസിയവും റേഡിയോ ആക്റ്റീവ് അർഗോണും തമ്മിലുള്ള റേഷ്യോ അളക്കുന്നതിലൂടെയാണ്‌ ഇത്. മുൻപ് പറഞ്ഞതുപോലെ റേഡിയോ ആക്റ്റീവ് പൊട്ടാസ്യം -40 റേഡിയോ ആക്റ്റീവ് അർഗോനായി മാറിയ റേറ്റ് നോക്കിയാൽ ഇവയുടെ കാലം നിർണയിക്കാൻ കഴിയും. ഇങ്ങനെ 450 കോടി കൊല്ലം വരെ പഴക്കമുള്ള ചില ഉൽക്കയുടെ കാലം നിര്ണയിച്ചിട്ടുണ്ട്. 

കാല നിർണയത്തിലെ കൂടുതൽ കൃത്യതയായ രീതികൾ ആണ് Electron  spin  Resonance  test ,  Optically  stimulated  luminescence test and Thermo luminescence test എന്നിവ

നമുക്ക് ചരിത്രത്തിലേക്ക് തന്നെ തിരിച്ചുവരാം. 

 പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹെൻറി കാൾ ബ്രൂക്ക്സ് എന്ന പടിഞ്ഞാറൻ ചരിത്രകാരനും അന്ന് ഇന്ത്യയിൽ , ബംഗാളിൽ ഒരു ജഡ്ജി ആയിരുന്ന വില്യം ജോൺസ് എന്നൊരാളും, സംസ്കൃത ഭാഷയും യൂറോപ്യൻ ഭാഷകളും തമ്മിൽ കുടുംബപരമായ ഒരു ബന്ധം ഉണ്ട് എന്ന് കണ്ടെത്തുകയും , ആ ബന്ധം ഇൻഡോ-യൂറോപ്യൻ ഭാഷ കുടുംബം എന്ന സങ്കല്പമായി മാറുകയും ചെയ്തു. സംസ്കൃതവും , ലാറ്റിനും ഇംഗ്ലീഷും എല്ലാം ചേർന്ന ഒരു പ്രാചീന ഭാഷാ കുടുംബം ഉണ്ടായിരുന്നെന്നും , ഏറ്റവും പ്രാചീന ദശയിൽ ഇത് ഒരു ഭാഷ ആയിരുന്നു എന്നും സങ്കല്പിക്കപ്പെടുകയുണ്ടായി.    

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, തെക്കേ ഇന്ത്യയുടെ ചരിത്രം, അന്നത്തെ ചരിത്ര രചനാ രീതി അനുസരിച്ചു എഴുതാൻ ആരംഭിച്ച ചരിത്രകാരന്മാരെ ഏറ്റവും ബുദ്ധിമുട്ടിൽ ആക്കിയ ഒരു പ്രശ്നം തെക്കേ ഇന്ത്യയിൽ  എന്ന് മുതൽക്കാണ് 'ആര്യനൈസേഷൻ' തുടങ്ങിയത് എന്നും , എന്ന് മുതൽക്കാണ് ആര്യന്മാരുടെ കുടിയേറ്റവും അവരുടെ ഭാഷയായ സംസ്കൃതവും ഇങ്ങോട്ടു വന്നത് എന്നുമുള്ള പ്രശ്നം ആയിരുന്നു. അതിനു കാരണം അന്ന് വില്യം ജോൺസിന്റെ ആശയം, അതായത് എല്ലാ ഇന്ത്യൻ ഭാഷകളും സംസ്കൃതത്തിന്റെ ഒരു ഉൽപ്പന്നം മാത്രമാണ്  എന്നുള്ള   നിഗമനം ആയിരുന്നു. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എല്ലിസ് (1816) എന്ന മറ്റൊരു ചരിത്രകാരൻ ഒരു പുതിയ ആശയവുമായി മുന്നോട്ടു വന്നു. വില്യം ജോൺസ് അടക്കമുള്ള കൽക്കട്ട സ്കൂൾ പറയുന്നതുപോലെയല്ല, മറിച്ചു, തെക്കേ ഇന്ത്യൻ ഭാഷകളിൽ മിക്കതും , അതായത് തമിൾ, മലയാളം , തുളു , തെലുഗു , കന്നഡ തുടങ്ങിയവക്ക് വ്യത്യസ്തമായ ഒരു ഘടന, വ്യാകരണ പരമായും, പദവ്യന്യാസപരമായും (Syntactical) , പദങ്ങളുടെ അർത്ഥ സംബന്ധി ആയും (Semantical) സംസ്കൃതത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഘടന നിലനിൽക്കുന്നുണ്ട് എന്ന് സ്ഥാപിച്ചു. അതായത് തെക്കേ ഇന്ത്യൻ ഭാഷകൾക്ക് സംസ്കൃതേതരമായ ഒരു മൂലം ഉണ്ട് എന്ന് കാണിച്ചു തന്നു. ഇത് തെക്കേ ഇന്ത്യൻ ചരിത്രകാരന്മാർക്കു ഒരു പുതു ഊർജ്ജം നൽകി…. (തുടരും)

Thursday, 14 May 2026

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

 ഭാഗം IV 


ബ്രിട്ടീഷ് സാമ്രാജ്യത്വം അങ്ങനെ വിളിച്ചിരുന്നു എങ്കിലും ഇവിടത്തെ സാധാരണ ജനങ്ങൾക്ക് അങ്ങനെ ഒന്നിനെക്കുറിച്ചും യാതൊരു സങ്കൽപ്പവും ഉണ്ടായിരുന്നില്ല. അവർ ചെറിയ ചെറിയ രാജ്യങ്ങളിലെ പ്രജകൾ ആയിത്തന്നെ സങ്കല്പിച്ചിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കയ്യേറ്റങ്ങളും, വെട്ടിപ്പിടുത്തങ്ങളും യുദ്ധങ്ങളും നിരന്തരമായി ചെയ്യുന്ന രാജ്യങ്ങളിലെ പ്രജകൾ. രാജ്യകാര്യങ്ങളിൽ ഒരു പങ്കാളിത്വവും ഇല്ലാത്ത പ്രജകൾ. ആ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം തോറ്റു പോയിരുന്നു എന്ന് വെറുതെ സങ്കൽപ്പിച്ചു നോക്കുക. അതിന്റെ പരിണാമം "ഇന്ത്യ" എന്ന സങ്കല്പം ആവുമായിരുന്നോ ? 

താന്തിയാ തോപ്പി, സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നാം അദ്ധ്യായമായ 1857-ലെ പ്രക്ഷോഭകാലത്ത് നായക  പരിവേഷത്തോടെ ചരിത്രം രേഖപ്പെടുത്തിയ വിപ്ളവകാരി. മറാത്താ പേഷ്വാ ആയിരുന്ന നാനാ സാഹേബിന്റെ സഹചാരി, സൈന്യാധിപൻ. കാൺപൂരിൽ പരാജയപ്പെട്ട് പലായനം ചെയ്ത നാനാ സാഹേബിനു വേണ്ടി സൈന്യത്തെ നയിച്ചു. ഗ്വാളിയോർ ബ്രിട്ടീഷ് അധീനതയിലാകാതിരിക്കാൻ റാണി ലക്ഷ്മിബായിക്ക് സഹായിയായി. സ്വന്തം സൈന്യത്തിന് തോറ്റു പിൻവാങ്ങേണ്ടി വന്നപ്പോൾ വനത്തിലൊളിച്ച് ഗറില്ലാ യുദ്ധത്തിന് നേതൃത്വം നല്കി. ആത്മസുഹൃത്തിനാൽ ചതിക്കപ്പെട്ട് ബ്രിട്ടീഷുകാരുടെ പിടിയിലായി പിന്നീട് തൂക്കിലേറ്റപ്പെട്ടു. അദ്ദേഹം ആയിരുന്നു ജയിച്ചതെങ്കിൽ മറാത്ത എന്ന രാജ്യം നിലനിൽക്കും , ഇന്ത്യ അല്ല. ഇത് ആരുടേയും കുറ്റം കൊണ്ടല്ല, ഇന്നത്തെ ഇന്ത്യ എന്ന സങ്കല്പം അന്നില്ല.

ആദ്യകാല സ്വാതന്ത്ര സമര നേതാക്കളുടെ മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നവും അതുതന്നെയായിരുന്നു. ഒന്നാമത് അവർക്കു തന്നെ അങ്ങനെ ഒരു സങ്കൽപ്പത്തിന്റെ ആവശ്യകതയോ, അതിന്റെ ആഴമോ അജ്ഞാതമായിരുന്നു. ഇന്ത്യയുടെ ഗ്രാൻഡ് ഓൾഡ് മാന് എന്ന് അറിയപ്പെടുന്ന ദാദാഭായ് നവറോജി തുടങ്ങിയവർ, അവരുടെ ആദ്യ കാലങ്ങളിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പോലും ഒരു പ്രധാന പ്രശ്നമായി കണ്ടിരുന്നില്ല എന്ന് തന്നെ പറയാം. പക്ഷെ ബ്രിട്ടിഷുകാർ ഇന്ത്യയോട് ചെയ്യുന്നത് ന്യായമല്ല എന്ന് ആയിരുന്നു അവരുടെ ധാരണ. 

ദാദാഭായ്  നവറോജിയുടെ പ്രസിദ്ധമായ വാക്കുകൾ ഇങ്ങനെയായിരുന്നു. 

“Let us speak out like men and proclaim that we are loyal to the backbone; that we understand the benefits the English rule has conferred upon us”

എന്നാൽ ബ്രിട്ടീഷ്കാർ ഇന്ത്യയെ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ വിമര്ശകനുമായിരുന്നു നവറോജി. സാമ്രാജ്യത്വം ഇന്ത്യയിൽ നിന്നും കടത്തുന്ന സമ്പത്തിന്റെ കണക്കു കൃത്യമായി പൊതു ബോധത്തിൽ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ബ്രിട്ടൻ ചിലവഴിക്കുന്നതിന്റെ മൂന്നിരട്ടി സ്വത്തു അവർ ഇന്ത്യയിൽ നിന്നും കടത്തി എന്നായിരുന്നു  അദ്ദേഹം തന്റെ പ്രസിദ്ധമായ “Poverty and Un-British rule in India” (1901) എന്ന  പുസ്തകത്തിലൂടെ ലോകത്തിന്റെ മുന്നിൽ കൊണ്ടു വന്നത്. പക്ഷെ അദ്ദേഹം അപ്പോഴും വിശ്വസിച്ചത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ബ്രിട്ടന്റെ സ്വത സിദ്ധമായ കുലീനതയോടെ കാര്യങ്ങൾ ചെയ്യുന്നില്ല എന്നായിരുന്നു.

അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ടൈറ്റിൽ അത് സൂചിപ്പിക്കുന്നത് നോക്കുക. "Poverty and Un -British Rule in India " അതായത് ഇവിടെ നടക്കുന്നത് "Un  British " ആണ് എന്ന് മാത്രം. അദ്ദേഹത്തിന്റെ ബുക്ക് തുടങ്ങുന്നത് ഇങ്ങനെയാണ്

“The present system of government is destructive and despotic to the Indians and un-British and suicidal to Britain. On the other hand, a truly British course can and will certainly be vastly beneficent both to Britain and India.”

“ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന   ബ്രിട്ടീഷ് സർക്കാർ സ്വേച്ഛാപരവും വിനാശകരവുമാണ്. അത് ബ്രിട്ടീഷ് രീതിയല്ല. അതുകൊണ്ടുതന്നെ ബ്രിട്ടന് ആത്മഹത്യാപരവുമാണ്. നേരെമറിച്ചു യഥാർത്ഥ ബ്രിട്ടീഷ് മാർഗം ആയിരുന്നെങ്കിൽ അത് ഇന്ത്യക്കും ബ്രിട്ടനും ഒരേപോലെ ഗുണകരമായതായിരിക്കും.”

അതേപോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇവിടെ നടപ്പാക്കിയ ബ്രിട്ടീഷുകാരെ അദ്ദേഹം വാനോളം പുകഴ്ത്തുന്നുമുണ്ട്.

“The introduction of English education, with its great, noble, elevating, and civilising literature and advanced science, will for ever remain a monument of good work done in India and a claim to gratitude upon the Indian people.”

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലനിൽക്കാൻ ആവശ്യമായ ക്രമസമാധാനം ഇവിടെ നടപ്പാക്കുന്ന ബ്രിട്ടീഷ് സർക്കാരിന് അദ്ദേഹം നന്ദിയും പറയുന്നുണ്ട്.

“Britain may well claim credit for law and order, which, however, is as much necessary for the existence of British rule in India as for the good of the Indian people”

എന്നാൽ എവിടെയും ഉണ്ടാവുന്നതുപോലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനകത്തും തീവ്ര നിലപാടുകാർ ഉയർന്നു വന്നു.  'Swaraj is my Birthright and I will achieve it anyhow' എന്ന് പ്രഖ്യാപിച്ചുകൊണ്ട് Balagangadhar  Tilak സ്വാതന്ത്ര്യ ചിന്തക്ക് പുതിയൊരു മാനം നൽകി. എങ്കിലും അപ്പോഴും സ്വാതന്ത്ര്യ പ്രസ്ഥാനം Indian elites -ന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഇന്ത്യ എന്ന സങ്കല്പം സാധാരണ ജനങ്ങളിലേക്ക് അപ്പോഴും എത്തിയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഗാന്ധിയുടെ ഉദയം,  ഒറ്റ രാജ്യം എന്ന സങ്കല്പം കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക്   എത്താൻ കാരണമായി. അതിന്റെ അടിസ്ഥാനപരമായ ഒരു കാരണം , ഇന്ത്യൻ ജനതയുടെ സർവ സ്പർശികളായ സാമൂഹ്യ ബന്ധങ്ങളും ഇതിന്റെ ഭാഗമായി പരിഷ്ക്കരിച്ചു തുടങ്ങി എന്നതാണ്. രാജ റാം മോഹൻ റോയ് , ഈശ്വരചന്ദ്ര  വിദ്യാസാഗർ, ബങ്കിംചന്ദ്ര ചാറ്റർജി  തുടങ്ങിയവർ അപ്പോൾ തന്നെ കിളച്ചു പരിപക്വമാക്കിയിട്ടിരുന്ന മണ്ണിലേക്കാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ വിത്തെറിഞ്ഞത്. സതി , ശൈശവ വിവാഹം , ജാതി വ്യവസ്ഥ എന്നിവക്കെതിരെയുള്ള പോരാട്ടത്തിൽ യാഥാസ്ഥിതിക ശക്തികളുടെ എതിർപ്പ് ഉണ്ടായെങ്കിലും സാധാരണ ജനങ്ങളിൽ ഒരുമയുടെ , ഒരു രാഷ്ട്ര സങ്കൽപ്പത്തിന്റെ തെളിമ ഉയർന്നു വന്നു എന്ന് നമുക്ക് കാണാൻ കഴിയും.

അതുപോലെതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മിത്വത്തിനെതിരായ സമരവും ഉയർന്നു വന്നു. ചമ്പാരൻ കർഷക സമരവും ചൗരി ചൗരാ സംഭവവും ഗാന്ധിജി മുന്നിൽ കണ്ട അഹിംസക്കും അപ്പുറം പോയി എങ്കിലും ഒരു രാജ്യം എന്ന സങ്കൽപ്പത്തിന്റെ പിന്നിൽ അവരെല്ലാം ഉറച്ചു നിന്നു. ലോകചരിത്രത്തിൽ ഇത്രയും വലിയൊരു ജനസഞ്ചയം ഒരൊറ്റ രാജ്യ സങ്കൽപ്പത്തിന് പിന്നിൽ അണിനിരക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്.

അങ്ങനെ,  സാമൂഹ്യ  പരിഷ്‌ക്കരണം  ഇന്ത്യൻ  ദേശീയതയുടെ വികാസത്തിന് ഒരു പ്രധാന ചാലക ശക്തിയായി മാറി. ഇന്ത്യയെ കണ്ടുപിടിക്കാൻ (Discovery of India) ഇറങ്ങി തിരിച്ച ജവഹരിലാൽ നെഹ്രുവിന്‌ ഒരു പുതിയ ഇന്ത്യയെ നിർമിക്കൽ (Invention of  New  India )  മാത്രമാണ് പോംവഴി എന്ന് മനസ്സിലായി.  

ആ കടമ ഇന്നും അവസാനിച്ചിട്ടില്ല. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ സർ സുരേന്ദ്രനാഥ്‌ ബാനർജി 1925 -ഇൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയുടെ പേര് നൽകിയതുപോലെ "A Nation In Making” ………..(അവസാനിച്ചു)

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

 ഭാഗം -III


ഗ്രീക്കിന്റെ സ്വാധീനം കൊണ്ടാവാം ഹെറോഡോട്ടസ് തന്റെ മാപ്പിൽ ഹിന്ദുഷ് എന്നതിന് പകരം ഇൻഡോസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സിന്ധുവിന് ഇപ്പുറമുള്ള ഭൂപ്രദേശത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നെങ്കിലും , ഹെറോഡോട്ടസ് സിന്ധും അതിനു കിഴക്കുള്ള എല്ലാ പ്രദേശത്തെയും ഇൻഡോസ് എന്ന് വിളിച്ചു.  

അലക്‌സാണ്ടറുടെ കാലം ആയപ്പഴേ (ബിസി 325 ) ഹെലനിക് ഭാഷകളിൽ സിന്ധുവിന്റെ കിഴക്കോട്ടു ഏതാണ്ട് ഗംഗാതടം വരെയുള്ള പ്രദേശങ്ങളെക്കുറിച്ചു അറിഞ്ഞിരുന്നു. ഈ കാലഘട്ടത്തിൽ മെഗസ്തനീസ്, അലക്സാണ്ടറുടെ കാലശേഷം വന്ന ഗ്രീക്ക് ചക്രവർത്തി സെൽയോക്കസ്-1 ന്റെ അംബാസിഡർ ആയി ചന്ദ്രഗുപ്ത മൗര്യന്റെ രാജധാനിയിൽ, പാടലീപുത്രത്തിൽ , ഇന്നത്തെ പാറ്റ്ന,  കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇൻഡിക്ക എന്ന പുസ്തകത്തിൽ തെക്കേ ഇന്ത്യ അടക്കമുള്ള (ഗോദാവരി തീരം  വരെ എന്ന് പലരും അഭിപ്രായപ്പെടുന്നു) പ്രദേശങ്ങളെ ഉൾപ്പെടുത്തി എന്ന് പറയപ്പെടുന്നു. 

 പഴയനിയമം, എസ്ഥേർ പുസ്തകം ഒന്നാം അധ്യായത്തിലും എട്ടാം അധ്യായത്തിലും Hodu എന്ന പേരിലുള്ള ഒരു പ്രദേശത്തെപ്പറ്റിയും അതിലെ രാജാവായ അഹ്‌സനിയസ് , hodu മുതൽ എത്തിയോപ്യ വരെയുള്ള 127 പ്രൊവിൻസ് ഭരിച്ചിരുന്നു എന്ന് പറയുന്നുണ്ട്. hodu എന്ന വാക്കു പഴയ പേർസ്യയിലെ 'Hindush ' എന്ന വാക്കിൽ നിന്ന് പരിണമിച്ചു ഉണ്ടായതാണ്. 

Achaemenid സാമ്രാജ്യത്തിലെ നാല് രാജാക്കന്മാരുടെ ശവകുടീരമാണ് പ്രസിദ്ധമായ Naqsh-i Rostam. അതിൽ ഏറ്റവും ശക്തനായ  ദാരിയൂസ് -1 ന്റെ ശവകുടീരവും അതിലെ ശിലാഫലകവും പ്രധാനപ്പെട്ടതാണ്. അതിൽ അദ്ദേഹം കീഴടക്കിയ രാജ്യങ്ങളുടെ നീണ്ട ഒരു നിരതന്നെ ഉണ്ട് . അതിൽ ഗാന്ധാരം, ഹിന്ദുഷ്, എളാമ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഗാന്ധാരം   എന്നത് ഇന്നത്തെ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാൻ മുതൽ , പെഷവാർ , കാബൂൾ തുടങ്ങി സ്വാത് നദിതടം വരെയുള്ള പ്രദേശം ആണ്.

കൈലാസ  പർവ്വതത്തിനടുത്തു  നിന്ന് ഉത്ഭവിച്ചു, കാശ്മീർ വഴി ഇന്നത്തെ പാക്കിസ്ഥാൻ കടന്നു 3120  കിലോമീറ്ററോളം ഒഴുകി കറാച്ചിക്കടുത്തു, അറബിക്കടലിൽ ചേരുന്ന സിന്ധു നദിയെയാണ് Indus എന്ന് വിളിക്കുന്നത്. അതിന്റെ താഴെപ്രദേശങ്ങളിലുള്ള താഴ്വരയാണ് ഹിന്ദുഷ് എന്ന് പേർഷ്യനിൽ വിളിക്കുന്ന പ്രദേശം. ആ പ്രദേശത്തു അധിവസിച്ചിരുന്ന ജനങ്ങളാണ് ഹിന്ദു എന്ന് അറിയപ്പെടുന്നത്.

ഇന്നത്തെ ഇറാന്റെ തെക്കു പടിഞ്ഞാറും പടിഞ്ഞാറൻ പ്രദേശങ്ങളും, ഇറാക്കിന്റെ കുറെ ഭാഗങ്ങളും  ഉൾപ്പെട്ട ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇളം എന്ന് പറയുന്നത്. അവിടെ നിലനിന്നിരുന്ന ഇളമൈറ്റ് ഭാഷയും ദ്രാവിഡിയൻ ഭാഷയും തമ്മിൽ അടുത്ത ബന്ധം ഉണ്ട് എന്ന് ഒരു Hypothesis നിലനിന്നിരുന്നു. എന്നാൽ ബലൂചിസ്ഥാൻ പ്രദേശങ്ങളിൽ സംസാരിക്കുന്ന ബ്രഹൂയി ഭാഷയുമായാണ് കൂടുതൽ അടുപ്പം എന്ന് ആണ് ഇന്നത്തെ കാഴ്ചപ്പാട്.      

ദാരിയൂസ് -1- ന്റെ ശവകുടീരത്തിലുള്ള മറ്റൊരു പ്രധാന ലിഖിതം ഇങ്ങനെയാണ്.   “parsa parsahya puthra ariya ariyachitra”, അതായത്, “a Parsi, the son of a Parsi, an Aryan, of Aryan family

പത്താം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ച അൽ ബറൂനി,  ഹിന്ദ് എന്നാണു വിളിക്കുന്നത്.

പിന്നീട്  ഏതാണ്ട് AD രണ്ടാം നൂറ്റാണ്ടോടുകൂടി ഒരു ടെറിറ്റോറിയൽ ഐഡന്റിറ്റി കൂടി കാണിക്കാൻ അതോടൊപ്പം "സ്ഥാൻ" എന്നത് ചേർത്ത് ഹിന്ദുസ്ഥാൻ ആയി മാറി. 

പുരാതന ഗ്രീക്കുകാർ "Father  of  History " എന്ന് വിളിച്ച ഹെറോഡോട്‌സ് ബിസി 440 -ഇൽ ഇന്ത്യ എന്ന് വിളിച്ച പേര് ഹിന്ദുഷ് എന്ന്   പേർഷ്യൻസ്, hodu എന്ന്   ഹിബ്രുവിൽ , മെഗസ്തനീസ് ഇൻഡിക്ക എന്നും  ജംബു ദ്വീപ് എന്നു  ചാണക്യൻ അർത്ഥശാസ്ത്രത്തിലും, ഭാരത വര്ഷം, ഭാരതം  എന്നൊക്കെ  വിഷ്ണു പുരാണത്തിലും, ഇൻഡീസ് എന്ന്  ഹുയാൻസാങ്o, ഹിന്ദ് എന്ന് അൽ ബറൂനിയും  ഹിന്ദുസ്ഥാൻ    എന്നിങ്ങനെയുള്ള പേരുകളിൽ കൂടി എന്ന് 15 -16  നൂറ്റാണ്ടുമുതൽ 19 -ആം നൂറ്റാണ്ടുവരേയും  അറിയപ്പെട്ട , ഈ ഉപഭൂഖണ്ഡം, വീണ്ടും ഇന്ത്യ ആയി. ചെറിയൊരു വ്യത്യാസത്തോടെ , ബ്രിട്ടീഷ് ഇന്ത്യ.

ഇന്ന് നാം അറിയുന്ന ഇന്ത്യ , മുൻപ് പറഞ്ഞ ഏതെങ്കിലും ഭൂതകാലത്തിന്റെ ബാക്കി പത്രമാണോ? രണ്ടര സഹസ്രാബ്ദങ്ങൾക്കുമേറെയായി പറയപ്പെടുന്ന ഈ പേരുകളും അവയെ കുറിക്കുന്ന ഭൂവിഭാഗങ്ങളും ചില വരേണ്യ വിഭാഗത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെ ഓർമകളുടെ അപ്പുറത്തു,  ഏതെങ്കിലും ഈ ഭൂവിഭാഗങ്ങളിൽ ജീവിച്ചിരുന്ന ജനങ്ങൾക്ക്   ബാധകമായിരുന്നോ ? "ഭാരതമെന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം" എന്ന് പറയുമ്പോൾ ഏതു ഭരതൻ ? ആ ഭരതനുമായി എനിക്ക് എന്ത് സംബന്ധം എന്ന് ചിന്തിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ ? ഏതോ കാലത്തു ഏതോ ഭൂവിഭാഗം ഭരിച്ച ഏതോ ഒരു കുലം എന്നതിനപ്പുറം ആർക്കു എന്ത് ബന്ധം ?  

അപ്പോൾ നാം ഇന്ന് പറയുന്ന ഇന്ത്യ എന്ന സങ്കല്പം നവീനമായ ഉണ്ടായതാണോ ? ഒരു പക്ഷെ അങ്ങനെയും പറയുന്നതിൽ തെറ്റൊന്നും ഇല്ല. ഉദ്ദാഹരണം നോക്കിയാൽ 1857 -ലെ കലാപവും ഝാൻസി റാണി , താന്തിയ തോപ്പി തുടങ്ങിയ വീര ദേശസ്നേഹികളുടെ ചെറുത്തു നിൽപ്പും, ആയിരങ്ങളുടെ ജീവ ത്യാഗവും ഇന്ത്യ എന്ന ഒരു സങ്കൽപ്പത്തിന് പിന്നിൽ ആയിരുന്നോ? ഒരിക്കലുമായിരുന്നില്ല. കാരണം ഇന്ത്യ എന്ന ഒരു ദേശ സങ്കല്പം അന്ന് ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. അന്നത്തെ നാട്ടുരാജാക്കൾ നിരവധി പേര് ബഹാദൂർ ഷാ സഫർ എന്ന മുഗൾ ഭരണാധികാരിയുടെ നേതൃത്വം സ്വീകരിച്ചു ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധത്തിന് തയ്യാർ ആയി. അതിൽ അദ്ദേഹം ജയിച്ചിരുന്നു എങ്കിൽ ഇന്ത്യ എന്നതു ഉണ്ടാവുമായിരുന്നോ ? അതോ മുഗൾ സാമ്രാജ്യം ആയിരുന്നോ അവശേഷിക്കുക ? …..(തുടരും)

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

ഭാഗം II

ഭഗവത് ഗീതയിൽ പലയിടത്തും അർജ്ജുനനെ ഭാരതാ എന്ന് വിളിക്കുന്നുണ്ട്, അതും ഭരത വംശജ എന്ന അർത്ഥത്തിൽ ആണ്. അല്ലാതെ ആ പേരിൽ   ഒരു ടെറിട്ടറി നില നിൽക്കുന്നതായ ബോധം അന്നില്ല.  മനുവിനെ  സംബന്ധിച്ചേടത്തോളം ഹിമാലയത്തിനും വിന്ധ്യനും ഇടയിൽ , കിഴക്കേ സമുദ്രത്തിനും പടിഞ്ഞാറേ കടലിലും ഇടയിലുള്ള രാജ്യം ആര്യാവർത്തമാണ്.

മനു , ഈ പ്രദേശത്തെ മൂന്നായി തിരിക്കുന്നു.

"സരസ്വതിയെന്നും ദൃഷദ്വതിയെന്നും പറയുന്ന ദേവ നദികളുടെ മധ്യപ്രദേശം ദേവന്മാരാൽ ഏർപ്പെടുത്തപ്പെട്ട 'ബ്രഹ്മാവർത്തമെന്നു' പറയുന്നു. (MS  2 :17 )

ഹിമവൽ പർവ്വതത്തിനും  വിന്ധ്യാ പർവ്വതത്തിനും മധ്യത്തിൽ സരസ്വതി മറഞ്ഞ ദേശത്തിനു കിഴക്കായി , പ്രയാഗക്കു പടിഞ്ഞാറായി ഉള്ള പ്രദേശത്തെ മധ്യദേശമെന്നു പറയുന്നു (MS :2 :21 )  

ആ സമുന്ദ്രാ തുവൈ പൂർവാദ സമുദ്രാശ്ച പശ്ചിമാൽ
തയോ രേവാന്തരം ഗിരിയോ രാര്യാവർത്തം  വിദുർബുധ:  

കിഴക്കേ സമുദ്രം തുടങ്ങി പടിഞ്ഞാറേ സമുദ്രം വരെയുള്ള മുൻപറഞ്ഞ പർവതങ്ങളുടെ മധ്യദേശത്തെ മഹാന്മാർ അധിവസിക്കുന്ന ആര്യാവർത്തം എന്ന് പറയുന്നു. (MS 2: 22) 

എന്നാൽ മനുവിനെ സംബന്ധിച്ചേടത്തോളം   ഇതിനും പുറത്തു രാജ്യങ്ങൾ ഉണ്ട്. പക്ഷെ അത് കിഴക്കോട്ടോ , വടക്കോട്ടോ, പടിഞ്ഞാറോട്ടോ  ആണ് , തെക്കോട്ടേക്ക്‌ എന്തെങ്കിലും ഉള്ളതായി അതായത് വിന്ധ്യന് ഇപ്പുറത്തായി, ഉള്ളതായി അന്ന് അറിയില്ലായിരുന്നു എന്ന് സാരം.

കുരുക്ഷേത്രം ചമൽസ്യാശ്ച പാഞ്ചാല ശൂരസേനക:
ഏഷ   ബ്രഹ്മർഷി ദേശോ വൈ ബ്രഹ്മവർത്താനന്തര: (19)

കുരുക്ഷേത്രം , മൽസ്യം , പാഞ്ചാലം , ഉത്തര മധുര എന്നിവ ഈ ദേശങ്ങൾക്കു, അതായത് മധ്യദേശം എന്ന് തുടങ്ങുന്ന മൂന്നു ദേശങ്ങൾക്കു  പുറത്തുള്ളവയാണ്

ഭാരതം എന്നൊരു ടെറിട്ടറി ബോധം ഉണ്ടാവുന്നത് ഗുപ്തകാലഘട്ടത്തിലാണ് (4-ആം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടു വരെ). അന്ന് ഉണ്ടായ ചില പുരാണങ്ങളിൽ ഭാരതവര്ഷം അല്ലെങ്കിൽ ഭാരത ഖണ്ഡം എന്ന ടെറിട്ടറി തന്നെയുണ്ട്. പുരാണത്തിലെ ജ്യോഗ്രഫി പ്രകാരം മഹാമേരു എന്നൊരു പർവതം ഉണ്ട്. അത് ഒരു ആക്സിസ് പോലെ നിൽക്കുന്നു. ഇതിനു ചുറ്റും ഏഴു സമുദ്രങ്ങൾ. ഈ സമുദ്രം ഉണ്ടായത് പ്രിയവ്രതൻ എന്ന രാജാവിന്റെ രഥത്തിന്റെ ചക്രം   ഉരുണ്ട ചാലുകൾ കൊണ്ടാണ്‌. ഈ ഏഴു സമുദ്രങ്ങൾ , ശുദ്ധജലം, കരിമ്പിൻ നീര്, മദ്യം , നെയ്യ് , പാൽ , തൈര്, ഉപ്പുവെള്ളം എന്നിവ നിറഞ്ഞതാണ്. ഈ സമുദ്രത്തിൽ ആണ് ഏഴു ദ്വീപുകൾ കിടക്കുന്നത്. ഇവ ജംബു, പ്ലക്ഷം, ഷാലിലി, കുശം , ക്രൗഞ്ചം , ശാകം, പുഷ്ക്കരം എന്നിവയാണ്. ഇതിൽ ഒന്നായ ജംബുദ്വീപ് ഒൻപതു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഭാരത ഖണ്ഡം. 

ഈ ഭാരത ഖണ്ഡം പല പുരാണങ്ങളിലും പലരീതിയിൽ ആണ് പറയപ്പെട്ടിരിക്കുന്നത്. മത്സ്യപുരാണത്തിൽ ഭാരത ഖണ്ഡത്തിന് പുറത്താണ് കുരു, പാഞ്ചാലം, വിദേഹം എന്നൊക്കെയുള്ള രാജ്യങ്ങൾ.

ആദ്യമായി ഹിമാലയം മുതൽ തെക്കു കടൽ വരെയുള്ള പ്രദേശമാണ് ഭാരതം എന്ന് പറയുന്നത് ആറാം നൂറ്റാണ്ടിലോ 7-ആം നൂറ്റാണ്ടിലോ ഉണ്ടാകുന്ന വിഷ്ണു പുരാണത്തിൽ ആണ്. അത് ഋഷഭ പുത്രനായ ഭരതൻ വാണ രാജ്യമാണ്.

ഋഷഭോ മരു ദേവ്യാശ്ച  ഋഷഭാത്  ഭരതോ ഭവേത്
ഭരതാത് ഭാരതം വർഷ ഭരതാത് സുമതി സ്വഭൂത്   

മരു ദേവിയിൽ നിന്നും ഋഷഭൻ ഉണ്ടായി. ഋഷഭനിൽ നിന്നും ഭരതൻ ഉണ്ടായി. ഭരതനിൽ നിന്നും ഭാരതവര്ഷം ഉണ്ടായി, ഭരതന് സുമതി പുത്രനായി ജനിച്ചു.  (വിഷ്ണു പുരാണം 2 :1 :31 )

തതശ്ച ഭാരതം വർഷമേത് ലോകേഷുഗീയതേ
ഭരതായ യഥാ പിതൃദത്തം പ്രതിഷ്ഠിതാഃ വനം

അതുമുതൽ ഈ രാജ്യം ഭാരതവര്ഷം എന്ന് അറിയപ്പെട്ടു. പിതാവ് ഈ രാജ്യം ഭരതനെ ഏൽപ്പിച്ചു വനത്തിലേക്ക് പോയി. (വിഷ്ണു പുരാണം 2 :1 :32 )

"ഉത്തരം യത് സമുദ്രസ്യ ഹിമാലയെച്ചൈവ ദക്ഷിണം
വര്ഷം തത് ഭാരതം നാമ: ഭാരതി യത്ര സന്തതി"

ദക്ഷിണ സമുദ്രത്തിനു വടക്കു ഹിമാലയം വരെയും, ഹിമാലയത്തിനു തെക്കോട്ടുമുള്ള സ്ഥലം ഭരതന്റെ സന്തതികൾ വസിക്കുന്ന ഭാരതം എന്ന് അറിയപ്പെടുന്നു എന്ന് സാരം.  അതായത് ഭാരതം എന്നത് ഒരു ടെറിട്ടറിയെ കൂടി പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത് വിഷ്ണു പുരാണത്തിൽ ആണ്.

ആദ്യമായി  ഇന്ത്യ എന്ന നിലക്ക് പറയുന്നത് ബിസി ആറാം നൂറ്റാണ്ടിൽ പേർഷ്യയിലെ Achaemenid  വംശത്തിലെ ദാരിയൂസ്-1 ആണ്. സിന്ധു നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിൽ ഹിന്ദുഷ് എന്നാണു പറയുന്നത്. ഈജിപ്തിലെ ഹൈറോഗ്ലിപ്സ് ലും ഇന്ത്യയെ ഹിന്ദുഷ്  എന്നാണു പറയുന്നത്. അപ്പോഴും സിന്ധു നദിയുടെ തടവും അതിന്റെ താഴെ തട്ടിലുള്ള നദിതടമായ ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധും ആണ് അതിലൂടെ അറിയപ്പെട്ടിരുന്നത്. ബിസി 516 -ഇൽ ദാരിയൂസ് -1 സിന്ധ് കീഴടക്കിയപ്പോൾ അദ്ദേഹം ആ പ്രദേശത്തെ വിളിച്ചത് സിന്ധുവിന്റെ പേർഷ്യൻ വാക്കായ ഹിന്ദുഷ് എന്നായിരുന്നു. …..(തുടരും) 

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും: നാല് ഭാഗങ്ങളായി ഒരു ലേഖനം

 ഭാഗം - I

1949 Oct. 17-നു ചർച്ച ചെയ്തു പാസ്സാക്കിയ ഇന്ത്യൻ ഭരണ ഘടനയുടെ മുഖവുര തുടങ്ങുന്നത് ഇങ്ങനെയാണ്.  "We, the people of India having solemnly resolved to constitute India into a sovereign secular democratic republic and to secure to all its citizens..” അതുപോലെതന്നെ, ഭരണഘടനയുടെ ആർട്ടിക്കിൾ -1 തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്,  “India, that is, Bharat, shall be a Union of States.”

അതിനു മുൻപ്, അതായത് 1904 ഓഗസ്റ്റ് 16 -നു  ഉറുദു കവിയായ മുഹമ്മദ് ഇക്ബാൽ എഴുതിയത് "സാരെ  ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്നായിരുന്നു. അതാണ് തരാണാ  എ ഹിന്ദി. ഈ ഗാനം ഏതാണ്ട് അനൗദ്യോഗിക ദേശീയ ഗാനം പോലെ, അന്നുമുതൽ പാടുകയും, ഇന്നും ഇന്ത്യൻ ആർമി ഒരു മാർച്ചിങ് സോങ് ആയി പാടുകയും ചെയ്യുന്നു. രാകേഷ് ശർമ്മ സ്പേസിൽ ഇരുന്നു ഇന്ത്യയെ നോക്കിയിട്ടു പറഞ്ഞത് ഇതേ വരികൾ ആയിരുന്നു."സാരെ  ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ". സ്വാതന്ത്ര്യ സമരകാലത്തു കേരളത്തിലെ സമര ഭടന്മാരെ ആവേശം കൊള്ളിച്ച ഒരു ഗാനമായിരുന്നു വള്ളത്തോൾ നാരായണമേനോൻ എഴുതിയ "ഭാരതമെന്ന പേരുകേട്ടാ-ലഭിമാനപൂരിതമാകണമന്തരംഗം" എന്ന് തുടങ്ങുന്ന ഗാനം. അതായത് ഇന്ത്യയും, ഭാരതവും, ഹിന്ദുസ്ഥാനുമെല്ലാം ദേശസ്നേഹികൾക്കിടയിൽ ഉണർത്തുന്നത് ഒരേ വികാരം ആണ് എന്ന് സാരം. ഇതിനു പുറമെ ആര്യാവർത്തം എന്നൊരു പേര് ധര്മ സൂത്രങ്ങളിൽ ഉപയോഗിക്കുന്നുമുണ്ട്.

ഭരതൻ ഭരിച്ച നാട് എന്ന അർത്ഥത്തിൽ ആണ് ഭാരതം എന്ന് പറയുന്നത് എന്നതാണ് സാമാന്യ ധാരണ. എന്നാൽ ഏതു ഭരതന്റെ കാര്യം ആണ് എന്നതിൽ അത്ര വ്യക്തത ഇല്ല. ഏതാണ്ട് 3500  കൊല്ലം മുൻപ് രചിക്കപ്പെട്ട ഋഗ് വേദത്തിൽ ഒരു ഭാരതനെപ്പറ്റി പറയുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു ഭരത കുലത്തെപ്പറ്റിയും അതിലെ ശക്തനായ രാജാവ് സുദാസിനെപ്പറ്റിയും. ഋഗ് വേദം 7 -ആം മണ്ഡലം മുഴുവനും ഒരു രീതിയിൽ പറഞ്ഞാൽ ഋഗ് വേദകാലത്തെ 10 രാജ കുലങ്ങൾ തമ്മിലുള്ള യുദ്ധമാണ് സ്മരിക്കുന്നത്‌. സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നായ രവിയുടെ തീരത്താണ് യുദ്ധം നടക്കുന്നത്.   ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് ആണ് ഈ സ്ഥലം. പുരു വംശത്തിൽ പെട്ട ചില ഗോത്രങ്ങൾ , മറ്റുചില ഗോത്രങ്ങളുമായി സഖ്യത്തിൽ ആയി വിശ്വാമിത്രന്റെ ഉപദേശപ്രകാരം പുരു വംശത്തിലെത്തന്നെ മറ്റൊരു ഗോത്രമായ ഭരത വംശത്തിലെ രാജാവായ സുദാസുമായാണ്   യുദ്ധം നടക്കുന്നത്. സുദാസിന്റെ പുരോഹിതൻ വസിഷ്ട്ടനാണ്. പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ട സുദാസിന് യുദ്ധത്തിൽ വിജയം   നൽകിയ ഇന്ദ്രാദികൾക്കു നന്ദി അർപ്പിക്കുന്നതാണ് ഇതിലെ മന്ത്രങ്ങൾ.

മനുഷ്യരെ, രണഭൂമിയിലേക്കു പോകുവിൻ അനന്തരം പാപ നാശത്തിനായി യാഗം കഴിക്കുവിൻ (VII :33 :6 )

വസിഷ്ടപുത്രർ സിന്ധുകടന്ന് ശത്രുക്കളെ കൊന്നു. ഹേ വസിഷ്ടരെ ദാശരാജാ യുദ്ധത്തിൽ നിങ്ങളുടെ സ്തോത്രത്തിന്റെ ശക്തിയാൽ ഇന്ദ്രൻ സുദാസിനെ രക്ഷിച്ചു (VII :33 :3 )   

യുവാo ഹവന്ത ഉഭയാസ ആജിഷ്‌വിന്ദ്ര ചാ വസ്യോ വാരുണം ച സാതയെ (7 :83 :6 ) 

നിങ്ങൾ പത്തു രാജാക്കന്മാരാൽ ഗ്രസിതനായ സുദാസനെ തൃൽസുക്കൾ സഹിതം രക്ഷിച്ചിരുന്നുവല്ലോ

ദശരാജാനാ: സമിത അയ ജ്യവ സുദാസ മിന്ദ്രവൂനാണ യുയുതു: (7 :83 :7)   

ഹേ ഇന്ദ്രാ വരുണാ യജ്ഞവിമുഖരായ പത്തു രാജാക്കന്മാർക്കും സുദാസിന്റെ മേൽ വിജയം പ്രാപിക്കാൻ കഴിഞ്ഞില്ല

ദാശരാഞ്ഞേ  പര്യത്തായ വിശ്വത: സുദാസ ഇന്ദ്രാ വരുണാവാശിക്ഷിതം (7 :83 :8 ) 

പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ടിരുന്ന സുദാസിന് നിങ്ങൾ ബലം നൽകിയിരിക്കുന്നു ....    

ഈ സുദാസ് ഗംഗാതടം വരെ വരുന്നതായി ബ്രാഹ്മണങ്ങൾ പറയുന്നുണ്ട്. പിന്നീട് ശത്രുതയെല്ലാം മറന്നു ഭരത വംശജരും പുരു വംശജരും ചേർന്ന് കുരുവംശം ഉണ്ടായി.

എങ്കിലും ആ ശത്രുത കുരുക്ഷേത്രം വരെ നീണ്ടു എന്ന് മഹാഭാരതം കാണിച്ചു തരുന്നു. കുരു വൃദ്ധനായ ഭീഷ്മർ തന്റെ മനസ്സിലെ സ്നേഹം പോലും ബലികഴിച്ചുകൊണ്ട്, കുരു സേനാ നായകനായി നിന്ന്, ഭരതവംശരായ പാണ്ഡവരോട് യുദ്ധം ചെയ്തു സ്വയം ബലിയാടാകുന്നത് മഹാഭാരതത്തിൽ ഭംഗ്യന്തരേണ കാണിച്ചു തരുന്നു.

ഋഗ്വേദ ഋഷി പറഞ്ഞുവച്ച ഈ ചരിത്രം എങ്ങനെ കുരുക്ഷേത്ര യുദ്ധം വരെ നീളുന്നു എന്ന് യുക്തിയുടെയും ലഭ്യമായ ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ മനോഹരമായി കാണിക്കുന്ന ഒരു ഗ്രന്ഥമാണ് "From Dasarajna to Kuruksetra: Making of a Historical Tradition " by Kanad Sinha , Head of the Department of Ancient Indian and World History, The Sanskrit College and University, Kolkata. 2021 

അതായത് ഇന്നത്തെ പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ ഇറാക്ക് തുടങ്ങി, വടക്കേ ഇന്ത്യയുടെ കുറെ ഭാഗങ്ങൾ മാത്രമേ ഈ ഭരത വംശത്തിന്റെ ഭരണത്തിൽ ഉണ്ടായിരുന്നോള്ളൂ എന്ന് സാരം.  മാത്രമല്ല അവിടെ ഒരു രാജ്യത്തിന്റെ പേര് ആയിട്ടല്ല പറയുന്നത്, ഒരു വംശത്തിന്റെ പേര് ആയിട്ടാണ് പറയുന്നത്, ഭരത വംശം.  പിന്നീട് പുരാണ ഇതിഹാസ കാലഘട്ടത്തിൽ നാം ഭരതനെ കേൾക്കുന്നത് , രാമായണത്തിൽ രണ്ടാമനായ ഭരതൻ ആണ്. അല്ലെങ്കിൽ മഹാഭാരതത്തിൽ ശകുന്തളയുടെ മകനായ സർവദമനൻ ആണ് ഭരതൻ എന്ന പേരിൽ രാജ്യം ഭരിച്ചത്. അതും  ഒരു  രാജ്യത്തിന്റെ  പേരല്ല  ഒരു  വംശത്തിന്റെ  പേര്  ആണ്. ജൈന തീർത്ഥങ്കരനായ ഋഷഭ ദേവന്റെ നൂറു പുത്രന്മാരിൽ ഒരാൾ ഭരതനാണ്. ഭാഗവതത്തിൽ ഋഷഭദേവൻ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ, രാജ്യം ഭരിച്ച രാജാവിന്റെ പേര് ഭരതൻ എന്നായിരുന്നു. അതും ഒരു രാജ്യത്തിന്റെ പേര് ആകുന്നില്ല. ഭരത വര്ഷം എന്ന് ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തൽ , അതും ഒരു പ്രദേശം എന്ന നിലയിൽ, കണ്ടു കിട്ടിയത് ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 'ഹാദികുംഭ' ലിഖിതങ്ങൾ ആണ്. 17 വരികളായി, പ്രാകൃത് ഭാഷയിൽ എഴുതിയിരിക്കുന്ന ഈ വരികൾ ഒഡിഷക്കു അടുത്തുള്ള ഉദയഗിരിയിലെ ഹാതികുംഭ എന്ന സ്ഥലത്തു നിന്നാണ്. കലിംഗ ഭരിച്ചിരുന്ന ഖരവേല എന്ന ജൈന രാജാവിന്റെ കാലത്തു എഴുതപ്പെട്ടതാണ് ഇത്. പക്ഷെ അത് പടിഞ്ഞാറൻ ഗംഗാതടവും മഗധയും മാത്രം ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെ കുറിച്ചാണ്. …..(തുടരും)