കാവ്യരചനയുടെ
പ്രകൃതിയും അതിജീവനത്തിന്റെ ഭൂപ്രകൃതിയും ഒരൊറ്റ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ഒരു മനോഹര
കൃതിയാണ് ത്വൽകാപ്പിയം. ഇത് ഒരേ സമയത്തു കാവ്യവും, കാവ്യമീമാംസയും, ഉപജീവന-അതിജീവന
ചരിത്രവുമായി മാറുന്നു.
ഭൂപ്രകൃതിയെ
അഞ്ചായി വിഭജിച്ചു അവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഒരു നേർ രേഖയാണ് ഇവിടെ നാം കണ്ടത്. ഇങ്ങനെ ചെറിയ കൃഷിയും, കാലിവളർത്തലും,
മീൻ പിടുത്തവും കാലിക്കവർച്ചയും, അന്നത്തെ പ്രധാന സമ്പത്തു കാലികൾ ആയിരുന്നു, അതുകൊണ്ടു
കാലിക്കവർച്ച സാധാരണവുമായിരുന്നു. മഹാഭാരതകാലത്തും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇത്തരം
കാലിക്കവർച്ചകൾ നടക്കുന്നതായി നമുക്ക് കാണാൻ കഴിയും. ഇപ്പോഴും ലോകത്തിൽ അത് നടക്കുന്നുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങളിൽ പലയിടങ്ങളിലും. ഒരൊറ്റ വ്യത്യാസം ഇന്ന് അവർ എ കെ 47 ഒക്കെയാണ്
ഉപയോഗിക്കുന്നത് എന്ന് മാത്രമാണ്. ഇങ്ങനെയുള്ള സമൂഹങ്ങളെ Agro-pastural സമൂഹങ്ങൾ എന്നാണു
വിളിക്കുന്നത്.
ഇവിടെയൊന്നും വൻതോതിൽ ഉൽപ്പാദനം നടക്കാനുള്ള സാധ്യതയില്ല എന്ന് കാണാം. ഒരു കുടുംബത്തിൽ അല്ലെങ്കിൽ ഒരു ഗോത്രത്തിൽ പണിചെയ്യാൻ കഴിവുള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്നതാണ് ഇവിടത്തെ തൊഴിലുകൾ എല്ലാം. അതുകൊണ്ടുതന്നെ വലിയ ഉൽപ്പാദന മിച്ചം ഒന്നും ഉണ്ടാകുന്നുമില്ല. ആ ഗോത്രത്തിൽ ഉള്ളവർക്ക് വീതിച്ചു നൽകാൻ മാത്രം.
ഒരു പക്ഷെ മൂപ്പനോട് ചേർന്ന് നിൽക്കുന്നവർക്ക് അൽപ്പസ്വൽപ്പം
കൂടുതൽ ലഭിക്കും എന്നല്ലാതെ, ഏതാണ്ട് തുല്യമായ വിതരണം നടക്കുന്ന സമൂഹങ്ങൾ ആണ് ഇവയെല്ലാം
എന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ അവിടെയൊന്നും ഉച്ചനീചത്വങ്ങൾ, താഴ്ന്നവർ,
ഉയർന്നവർ എന്നുള്ള ഒരു അവസ്ഥയും ഉണ്ടായിരുന്നില്ല എന്ന് കരുതാം. എന്നാൽ ശക്തർ ആയവരെ
കീഴ്പ്പെട്ടു ജീവിക്കുന്നവർ ഉണ്ടായിരുന്നില്ല എന്ന പറയാനും കഴിയില്ല. അത് ഒരു സാമൂഹിക
യാഥാർഥ്യമാണ്. അതുകൊണ്ടു വീടുപണി ചെയ്യുന്ന ദാസനും ദാസിയും ഉണ്ടായിരുന്നിരിക്കാം. ഇത്തരം ദാസി ദാസന്മാർ വളരെ പഴയ കാലം മുതൽ ഉണ്ട്.
പ്രധാനപ്പെട്ട സ്മൃതികളായ യാജ്ഞവല്ക്യ സ്മൃതി, നാരദ സ്മൃതി എന്നിവയിലൊക്കെ ദാസി ദാസന്മാരെപ്പറ്റിയുള്ള
പരാമർശം ഉണ്ട്. എന്നാൽ അവർ ഒരുമിച്ചു ഒരു സംഘമായി കൃഷിപോലുള്ള ഉൽപ്പാദന മേഖലകളിൽ പങ്കെടുക്കുന്നത്
നമുക്ക് കാണാൻ കഴിയില്ല.
അതുപോലെതന്നെ
ഇത്തരം stratifications അഥവാ അടുക്കുകൾ ഒരു
ജാതി എന്ന നിലയിൽ ആയിരുന്നില്ല എന്ന് ഈ പാട്ടുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
അപ്പോൾ,
തിരുവിതാംകൂർ അടക്കമുള്ള പഴയ കേരളത്തിൽ അടുത്തകാലം വരെ , അതായത് ഏതാണ്ട്
170 കൊല്ലം മുൻപ് വരെ നിലനിന്നിരുന്ന അടിമ
സമ്പ്രദായവും, ഇന്നും ഒരുപക്ഷെ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും എങ്ങനെ ഉയർന്നു വന്നു?
ചരിത്രം
എന്നത് സംഭവങ്ങളുടെ വിവരണം അല്ല. സംഭവങ്ങൾ ഉണ്ടാകുന്ന പ്രക്രിയയുടെ കാരണങ്ങളെ അന്വേഷിക്കലാണ്.
അതായത് ചരിത്രത്തിൽ അടിമത്വ വ്യവസ്ഥ എന്ന പ്രക്രിയയുടെ കാരണം കിടക്കുന്നതു എവിടെ എന്ന്
അന്വഷിക്കുമ്പോൾ നാം എത്തുന്നത് മനുഷ്യ വികാസത്തിന്റെ ചരിത്ര ഭൂമികയിൽ തന്നെ ആണ്. അതായത്
ഒരു സമൂഹത്തിന്റെ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും, അതിന്റെ സാങ്കേതി വിദ്യയുടെയും
വളർച്ചയുടെ ചരിത്രം (Survival & Subsistence) .
മരുതം
എന്നത് നീർനിലങ്ങൾ ആയിരുന്നു എന്നും , ചെറു ധാന്യങ്ങളും കാട്ടുനെല്ലും ചെറിയ തോതിൽ
കൃഷി ചെയ്തു ഉപജീവനം നടത്തിയിരുന്നവർ ആയിരുന്നു അവിടെ വസിച്ചിരുന്നവർ എന്ന് നാം കണ്ടു.
ഈ നീർനിലങ്ങൾ വലിയ വലിയ വെള്ളക്കെട്ടുകളും , മുതല അടക്കമുള്ള ഇഴജന്തുക്കളും ധാരാളമായി
ഉണ്ടായിരുന്ന പ്രദേശങ്ങൾ ആണ്. ആ വെള്ളക്കെട്ടുകൾ വലിയ ചാലുകൾ വെട്ടി ഒഴുക്കിക്കളഞ്ഞു
വറ്റിച്ചെടുത്താൽ മാത്രമേ അവിടെ വൻ തോതിൽ കൃഷി നടത്താൻ കഴിയു. അതിനുള്ള മനുഷ്യ ശേഷിയോ,
സാങ്കേതിക വിദ്യയോ അക്കാലത്തു ഇവിടെ ജീവിച്ചിരുന്ന മനുഷ്യർക്ക് ഉണ്ടായിരുന്നില്ല. പാറകളിൽ
നിന്നും hematite വേർതിരിച്ചു ഉരുക്കി ഇരുമ്പാക്കി മാറ്റുന്ന സാങ്കേതിക ഉണ്ടായിരുന്നെങ്കിൽത്തന്നെ,
കൃഷി ഉപകരണങ്ങളുടെ നിർമാണം അത്ര വശം ഉണ്ടായിരുന്നില്ല എന്ന് കരുതാം.
അപ്പോൾ,
ഈ നീർ നിലങ്ങൾ വറ്റിച്ചു വൻ കൃഷിയിടങ്ങൾ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യകൾ കൈവശമുള്ള
ഒരു ജന വിഭാഗത്തിന്റെ സാന്നിധ്യം അവിടെ ആവശ്യമായി വരുന്നുണ്ട്. ഈ ജനവിഭാഗം തദ്ദേശീയരായ ജനവിഭാഗങ്ങളെക്കാൾ സാമൂഹ്യവും സാംസ്‌കാരികവുമായി
ഉയർന്നുവരും ആയിരിക്കും. ഇവരെക്കുറിച്ചുള്ള സൂചനകൾ നമുക്ക് കേരളത്തിലെ നമ്പൂതിരിമാരുടെ
ഇടയിൽ വ്യാപകമായി പ്രചാരണം ഉള്ള " കേരളോൽപ്പത്തി" എന്ന പുസ്തകം നൽകുന്നുണ്ട്. കേരളോൽപ്പത്തിയുടെ കൃത്യമായ കാലം നമുക്ക് അറിയില്ലെങ്കിലും ഏതാണ്ട് 14-15 നൂറ്റാണ്ട് , ആവണം,
ഒരു പക്ഷെ അതിനു
ശേഷം പോലും ആവാം ആ പുസ്തകത്തിന്റെ കാലം എന്ന് കരുതപ്പെടുന്നു.
കേരളോൽപ്പത്തി
തുടങ്ങുന്നത് പരശുരാമന്റെ കാലം പറഞ്ഞുകൊണ്ടാണ്. ഏതാണ്ട് കൂത്ത് പറയുന്ന രീതിയിലാണ്
പുസ്തകത്തിന്റെ രചന. "എങ്കിലോ പണ്ട് ശ്രീ പരശുരാമൻ ഇരുപത്തിയൊന്ന് വട്ടം ക്ഷത്രിയരെ
കൊന്നശേഷം വീരഹത്യാ ദോഷം തീർക്കണം എന്ന് കൽപ്പിച്ചു" അങ്ങനെ വരുണനെ പ്രസാദിപ്പിച്ചു
വാരാന്നിധിയെ നീക്കം ചെയ്തു ഭൂമി ദേവിയെ വന്ദിച്ചു നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി.
പിന്നീട് പരശുരാമൻ പല ദിക്കിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു ഇവിടെ താമസിപ്പിച്ചു.
എന്നാൽ ഈ ഭൂമിയിലെ സർപ്പങ്ങളെ ഭയന്ന് അവരൊക്കെ തിരിച്ചു പോയി. രണ്ടാമതും "അഹിച്ചക്രം"
എന്ന ദേശത്തു ചെന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു. 64 ഗ്രാമങ്ങളിൽ പാർപ്പിച്ചു. ഈ ബ്രാഹ്മണർ
തിരിച്ചു നാട്ടിലേക്ക് പോകാതിരിക്കാനും, പോയാൽ
തന്നെ അവരെ അവിടെ സ്വീകരിക്കാതിരിക്കാനും ഗോകര്ണത്തില് വച്ച് മുടി ചിരച്ചു മുൻപിൽ
കുടുമ വയ്പ്പിച്ചു.
'അതിനു
ശേഷം ഭൂമി രക്ഷിക്കേണം എന്ന് കൽപ്പിച്ചു, നിങ്ങള്ക്ക് ആയുധപ്രയോഗം വേണമെന്നും അതിനു
എന്നോട് ആയുധം വാങ്ങിക്കൊള്ളുക എന്ന് 64 ഗ്രാമങ്ങളിലുള്ളവരോട്
അരുളിച്ചെയ്തു. മുന്പിനാൽ ആയുധം വാങ്ങിയത് ഇടപ്പള്ളി നമ്പിയാതിരി, പിന്നെ വേങ്ങനാട്ട്
നമ്പിയാതിരി, കനത്തല പണ്ടാല, പുതുമനക്കോട്ട നമ്പിയാതിരി , പുന്നത്തൂർ നമ്പി തുടങ്ങി
പന്ത്രണ്ടു ആളുകൾ മുന്പാക്കി കൽപ്പിച്ചു. ഇങ്ങനെ ഭൂമി രക്ഷിപ്പാൻ 36,000 ബ്രാഹ്മണരെ
ആയുധപാണികളായി കൽപ്പിച്ചു.
ആയുധപരിശീലനം
ചെയ്ത 36,000 ബ്രാഹ്മണർ ഒരിക്കലും പൂജ ചെയ്യുവാനുള്ളതല്ല , മറിച്ചു ഭൂമി കീഴടക്കൽ തന്നെയാണ്
ലക്‌ഷ്യം എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം.
പിന്നീട് പരശുരാമൻ ഈ ബ്രാഹ്മണർക്കായി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള ബ്രാഹ്മണന്മാരിൽ
നിന്നും വ്യത്യസ്തമായി പല 'അനാചാരങ്ങളും' ഉണ്ടാക്കി. അനാചാരം എന്ന് പറയുന്നത് ഇന്ന്
നാം കരുതുന്ന അർത്ഥത്തിൽ അല്ല, "അന്യത്ര ആചരണം ഇല്ലാത്തതു" എന്നാണു അതിനു
അർഥം. അതായത് മറ്റുള്ളിടങ്ങളിൽ നിന്നും വ്യത്യസ്തങ്ങളായ ആചാരങ്ങൾ എന്ന് സാരം. അതാണ്
"ഭാർഗവ സ്മൃതി" എന്ന് അറിയപ്പെടുന്നത്. പിന്നീട് അതിന്റെ വ്യാപ്തി വളരെ വിസ്തൃതമായി
പോയതുകൊണ്ട്, ശ്രീ ശങ്കരാചാര്യർ അതിനെ ചുരുക്കിയതാണ് "ശാങ്കര സ്മൃതി അല്ലെങ്കിൽ
ലഖുധര്മ പ്രകാശിക" എന്ന് പറയുന്നത്. എന്നാൽ ഇത് ശങ്കരന്റെ കൃതി അല്ല എന്ന് ഇന്ന്
എല്ലാവര്ക്കും അറിയാം. നാരായണഗുരു ശിഷ്യനായ ആഗമാനന്ദ സ്വാമികൾ ഇതേപ്പറ്റി വിശദമായ ഒരു
പഠനം നടത്തിയിട്ടുണ്ട്.
പരശുരാമൻ
സ്ഥാപിച്ചു എന്ന് പറയുന്ന 64 ഗ്രാമങ്ങളിൽ 32
എണ്ണം തുളു നാട്ടിലും 32 എണ്ണം ഇന്നത്തെ
കേരളത്തിലും ആണ്. വടക്കുനിന്നുള്ള ബ്രാഹ്മണ കുടിയേറ്റത്തിന്റെ വിസ്‌മൃതമായ ഓർമയാണ്
കേരളോൽപ്പത്തിയിലൂടെ വികസിച്ചു വരുന്നത്.
കേരളത്തിലെ
ബ്രാഹ്മണ സെറ്റൽമെന്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശം , അത് ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ്
വികസിച്ചത് എന്നതാണ്. അതിനു മുൻപുള്ള ദേവാരാധനകൾ കാവുകളെ കേന്ദ്രീകരിച്ചായിരുന്നു.
ഈ
ബ്രാഹ്മണർ ആയിരുന്നു മുൻപ് പറഞ്ഞ നീർ നിലങ്ങളിൽ വൻതോതിൽ കൃഷി നടത്തുന്നതിന് കാരണമായി
തീർന്നത്
അങ്ങനെ
വൻ തോതിലുള്ള കൃഷിക്ക് ആവശ്യമായ വൻതോതിലുള്ള മനുഷ്യാധ്വാനം എവിടെനിന്നും കിട്ടി? മലകളിൽ വേട്ടയാടിയും, ചെറു കൃഷികൾ നടത്തിയും ജീവിതം നയിച്ചിരുന്ന
തദ്ദേശവാസികളെ ബലമായി പിടിച്ചുകൊണ്ടുവന്ന് കൃഷിയിടങ്ങളിൽ പാർപ്പിച്ചു. ഉൽപ്പാദനം വർധിച്ചതോടെ
മിച്ചം കൂടി വന്നു അത് സമ്പത്തിന്റെ കേന്ദ്രീകരണത്തിനും, തൊഴിൽ ബന്ധങ്ങൾക്കപ്പുറം ജാതിയുടെ
വികാസത്തിനും കാരണമായി. തൊഴിൽ പരമായ വിഭജനത്തിൽ നിന്ന് എപ്പോഴാണ് ജാതിയായി വളർന്നത്
എന്ന് കൃത്യമായ രേഖകൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷെ വലിയ തോതിൽ ഭൂസ്വത്തുക്കൾ കയ്യാളിയിരുന്ന
ക്ഷേതങ്ങളിൽ നിന്നും ലഭിച്ച (തിരുവല്ല , തൃച്ചമ്പരം,
തുടങ്ങിയ) ചെമ്പു തകിടുകളിലെ ലിഖിതങ്ങൾ ഇത് എങ്ങനെ നടപ്പാക്കണം എന്നുള്ള വിശദമായ നിർദ്ദേശങ്ങൾ
അടങ്ങിയതാണ്.
ചേറിൽ
പണിയെടുത്തവർ ചെറുമന്മാരായി. വലിയ എട്ടുകെട്ടുകളും, വലിയ വലിയ ക്ഷേത്രങ്ങളും പണിയുന്നതിന് ആശാരി, കമ്മാരൻ തുടങ്ങിയ
വിഭാഗങ്ങൾ ഉയർന്നുവന്നു. സമ്പത്തിന്റെ വിതരണം അസന്തുലിതമായി വളർന്നുവന്നു. ക്ഷേത്രങ്ങളുടെ
നടത്തിപ്പ് ഊരാഴ്മക്കാർക്കു ആയി. വൻ സ്വകാര്യ സ്വത്തുക്കൾ ബ്രഹ്മസ്വം എന്ന പേരിലും
വലിയ കോർപ്പറേറ്റ് സ്വത്തുക്കൾ ദേവസ്വം എന്ന പേരിലും നിലവിൽ വന്നു. ഈ സാമൂഹ്യ സാഹചര്യം രാജാക്കന്മാരുടെ ഉത്ഭവത്തിനും
വളർച്ചക്കും ഒരു കേന്ദ്രീകൃത രാഷ്ട്രീയ ഘടനയുടെ രൂപീകരണത്തിനും ഇടയായി. ഒരു പ്രത്യേക
ഭൂവിഭാഗം എന്ന ഏകകം രൂപപ്പെടുന്നത് അങ്ങനെയാണ്. കേരളത്തനിമ അഥവാ കേരളം എന്ന ഒരു സ്വത്വം രൂപപ്പെട്ടു വരുന്നതിന്റെ
ചരിത്രം ഇങ്ങനെയാണ്.
ഇടനാടിന്റെ
ഈ വളർച്ചയും അതെ ചുറ്റിപ്പറ്റിയുള്ള ചരിത്രത്തിന്റെ വായനയും കേരളത്തിലെ രണ്ടു ഭൂവിഭാഗങ്ങളായ
മലനാടിനെയും തീരനാടിനെയും പരിപൂർണമായും ചരിത്രത്തിനു പുറത്താക്കി എന്ന് കാണാൻ കഴിയും.
ബ്രാഹ്മണ സെറ്റിൽമെന്റും, ചേരവംശരാജാക്കളുടെ ഉദയവും കേരളം എന്ന ഒരു ഏകകം ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് മറ്റൊരു ചരിത്രം….
(അവസാനിച്ചു)
No comments:
Post a Comment