Thursday, 14 May 2026

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

 ഭാഗം IV 


ബ്രിട്ടീഷ് സാമ്രാജ്യത്വം അങ്ങനെ വിളിച്ചിരുന്നു എങ്കിലും ഇവിടത്തെ സാധാരണ ജനങ്ങൾക്ക് അങ്ങനെ ഒന്നിനെക്കുറിച്ചും യാതൊരു സങ്കൽപ്പവും ഉണ്ടായിരുന്നില്ല. അവർ ചെറിയ ചെറിയ രാജ്യങ്ങളിലെ പ്രജകൾ ആയിത്തന്നെ സങ്കല്പിച്ചിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കയ്യേറ്റങ്ങളും, വെട്ടിപ്പിടുത്തങ്ങളും യുദ്ധങ്ങളും നിരന്തരമായി ചെയ്യുന്ന രാജ്യങ്ങളിലെ പ്രജകൾ. രാജ്യകാര്യങ്ങളിൽ ഒരു പങ്കാളിത്വവും ഇല്ലാത്ത പ്രജകൾ. ആ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം തോറ്റു പോയിരുന്നു എന്ന് വെറുതെ സങ്കൽപ്പിച്ചു നോക്കുക. അതിന്റെ പരിണാമം "ഇന്ത്യ" എന്ന സങ്കല്പം ആവുമായിരുന്നോ ? 

താന്തിയാ തോപ്പി, സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നാം അദ്ധ്യായമായ 1857-ലെ പ്രക്ഷോഭകാലത്ത് നായക  പരിവേഷത്തോടെ ചരിത്രം രേഖപ്പെടുത്തിയ വിപ്ളവകാരി. മറാത്താ പേഷ്വാ ആയിരുന്ന നാനാ സാഹേബിന്റെ സഹചാരി, സൈന്യാധിപൻ. കാൺപൂരിൽ പരാജയപ്പെട്ട് പലായനം ചെയ്ത നാനാ സാഹേബിനു വേണ്ടി സൈന്യത്തെ നയിച്ചു. ഗ്വാളിയോർ ബ്രിട്ടീഷ് അധീനതയിലാകാതിരിക്കാൻ റാണി ലക്ഷ്മിബായിക്ക് സഹായിയായി. സ്വന്തം സൈന്യത്തിന് തോറ്റു പിൻവാങ്ങേണ്ടി വന്നപ്പോൾ വനത്തിലൊളിച്ച് ഗറില്ലാ യുദ്ധത്തിന് നേതൃത്വം നല്കി. ആത്മസുഹൃത്തിനാൽ ചതിക്കപ്പെട്ട് ബ്രിട്ടീഷുകാരുടെ പിടിയിലായി പിന്നീട് തൂക്കിലേറ്റപ്പെട്ടു. അദ്ദേഹം ആയിരുന്നു ജയിച്ചതെങ്കിൽ മറാത്ത എന്ന രാജ്യം നിലനിൽക്കും , ഇന്ത്യ അല്ല. ഇത് ആരുടേയും കുറ്റം കൊണ്ടല്ല, ഇന്നത്തെ ഇന്ത്യ എന്ന സങ്കല്പം അന്നില്ല.

ആദ്യകാല സ്വാതന്ത്ര സമര നേതാക്കളുടെ മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നവും അതുതന്നെയായിരുന്നു. ഒന്നാമത് അവർക്കു തന്നെ അങ്ങനെ ഒരു സങ്കൽപ്പത്തിന്റെ ആവശ്യകതയോ, അതിന്റെ ആഴമോ അജ്ഞാതമായിരുന്നു. ഇന്ത്യയുടെ ഗ്രാൻഡ് ഓൾഡ് മാന് എന്ന് അറിയപ്പെടുന്ന ദാദാഭായ് നവറോജി തുടങ്ങിയവർ, അവരുടെ ആദ്യ കാലങ്ങളിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പോലും ഒരു പ്രധാന പ്രശ്നമായി കണ്ടിരുന്നില്ല എന്ന് തന്നെ പറയാം. പക്ഷെ ബ്രിട്ടിഷുകാർ ഇന്ത്യയോട് ചെയ്യുന്നത് ന്യായമല്ല എന്ന് ആയിരുന്നു അവരുടെ ധാരണ. 

ദാദാഭായ്  നവറോജിയുടെ പ്രസിദ്ധമായ വാക്കുകൾ ഇങ്ങനെയായിരുന്നു. 

“Let us speak out like men and proclaim that we are loyal to the backbone; that we understand the benefits the English rule has conferred upon us”

എന്നാൽ ബ്രിട്ടീഷ്കാർ ഇന്ത്യയെ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ വിമര്ശകനുമായിരുന്നു നവറോജി. സാമ്രാജ്യത്വം ഇന്ത്യയിൽ നിന്നും കടത്തുന്ന സമ്പത്തിന്റെ കണക്കു കൃത്യമായി പൊതു ബോധത്തിൽ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ബ്രിട്ടൻ ചിലവഴിക്കുന്നതിന്റെ മൂന്നിരട്ടി സ്വത്തു അവർ ഇന്ത്യയിൽ നിന്നും കടത്തി എന്നായിരുന്നു  അദ്ദേഹം തന്റെ പ്രസിദ്ധമായ “Poverty and Un-British rule in India” (1901) എന്ന  പുസ്തകത്തിലൂടെ ലോകത്തിന്റെ മുന്നിൽ കൊണ്ടു വന്നത്. പക്ഷെ അദ്ദേഹം അപ്പോഴും വിശ്വസിച്ചത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ബ്രിട്ടന്റെ സ്വത സിദ്ധമായ കുലീനതയോടെ കാര്യങ്ങൾ ചെയ്യുന്നില്ല എന്നായിരുന്നു.

അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ടൈറ്റിൽ അത് സൂചിപ്പിക്കുന്നത് നോക്കുക. "Poverty and Un -British Rule in India " അതായത് ഇവിടെ നടക്കുന്നത് "Un  British " ആണ് എന്ന് മാത്രം. അദ്ദേഹത്തിന്റെ ബുക്ക് തുടങ്ങുന്നത് ഇങ്ങനെയാണ്

“The present system of government is destructive and despotic to the Indians and un-British and suicidal to Britain. On the other hand, a truly British course can and will certainly be vastly beneficent both to Britain and India.”

“ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന   ബ്രിട്ടീഷ് സർക്കാർ സ്വേച്ഛാപരവും വിനാശകരവുമാണ്. അത് ബ്രിട്ടീഷ് രീതിയല്ല. അതുകൊണ്ടുതന്നെ ബ്രിട്ടന് ആത്മഹത്യാപരവുമാണ്. നേരെമറിച്ചു യഥാർത്ഥ ബ്രിട്ടീഷ് മാർഗം ആയിരുന്നെങ്കിൽ അത് ഇന്ത്യക്കും ബ്രിട്ടനും ഒരേപോലെ ഗുണകരമായതായിരിക്കും.”

അതേപോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇവിടെ നടപ്പാക്കിയ ബ്രിട്ടീഷുകാരെ അദ്ദേഹം വാനോളം പുകഴ്ത്തുന്നുമുണ്ട്.

“The introduction of English education, with its great, noble, elevating, and civilising literature and advanced science, will for ever remain a monument of good work done in India and a claim to gratitude upon the Indian people.”

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലനിൽക്കാൻ ആവശ്യമായ ക്രമസമാധാനം ഇവിടെ നടപ്പാക്കുന്ന ബ്രിട്ടീഷ് സർക്കാരിന് അദ്ദേഹം നന്ദിയും പറയുന്നുണ്ട്.

“Britain may well claim credit for law and order, which, however, is as much necessary for the existence of British rule in India as for the good of the Indian people”

എന്നാൽ എവിടെയും ഉണ്ടാവുന്നതുപോലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനകത്തും തീവ്ര നിലപാടുകാർ ഉയർന്നു വന്നു.  'Swaraj is my Birthright and I will achieve it anyhow' എന്ന് പ്രഖ്യാപിച്ചുകൊണ്ട് Balagangadhar  Tilak സ്വാതന്ത്ര്യ ചിന്തക്ക് പുതിയൊരു മാനം നൽകി. എങ്കിലും അപ്പോഴും സ്വാതന്ത്ര്യ പ്രസ്ഥാനം Indian elites -ന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഇന്ത്യ എന്ന സങ്കല്പം സാധാരണ ജനങ്ങളിലേക്ക് അപ്പോഴും എത്തിയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഗാന്ധിയുടെ ഉദയം,  ഒറ്റ രാജ്യം എന്ന സങ്കല്പം കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക്   എത്താൻ കാരണമായി. അതിന്റെ അടിസ്ഥാനപരമായ ഒരു കാരണം , ഇന്ത്യൻ ജനതയുടെ സർവ സ്പർശികളായ സാമൂഹ്യ ബന്ധങ്ങളും ഇതിന്റെ ഭാഗമായി പരിഷ്ക്കരിച്ചു തുടങ്ങി എന്നതാണ്. രാജ റാം മോഹൻ റോയ് , ഈശ്വരചന്ദ്ര  വിദ്യാസാഗർ, ബങ്കിംചന്ദ്ര ചാറ്റർജി  തുടങ്ങിയവർ അപ്പോൾ തന്നെ കിളച്ചു പരിപക്വമാക്കിയിട്ടിരുന്ന മണ്ണിലേക്കാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ വിത്തെറിഞ്ഞത്. സതി , ശൈശവ വിവാഹം , ജാതി വ്യവസ്ഥ എന്നിവക്കെതിരെയുള്ള പോരാട്ടത്തിൽ യാഥാസ്ഥിതിക ശക്തികളുടെ എതിർപ്പ് ഉണ്ടായെങ്കിലും സാധാരണ ജനങ്ങളിൽ ഒരുമയുടെ , ഒരു രാഷ്ട്ര സങ്കൽപ്പത്തിന്റെ തെളിമ ഉയർന്നു വന്നു എന്ന് നമുക്ക് കാണാൻ കഴിയും.

അതുപോലെതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മിത്വത്തിനെതിരായ സമരവും ഉയർന്നു വന്നു. ചമ്പാരൻ കർഷക സമരവും ചൗരി ചൗരാ സംഭവവും ഗാന്ധിജി മുന്നിൽ കണ്ട അഹിംസക്കും അപ്പുറം പോയി എങ്കിലും ഒരു രാജ്യം എന്ന സങ്കൽപ്പത്തിന്റെ പിന്നിൽ അവരെല്ലാം ഉറച്ചു നിന്നു. ലോകചരിത്രത്തിൽ ഇത്രയും വലിയൊരു ജനസഞ്ചയം ഒരൊറ്റ രാജ്യ സങ്കൽപ്പത്തിന് പിന്നിൽ അണിനിരക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്.

അങ്ങനെ,  സാമൂഹ്യ  പരിഷ്‌ക്കരണം  ഇന്ത്യൻ  ദേശീയതയുടെ വികാസത്തിന് ഒരു പ്രധാന ചാലക ശക്തിയായി മാറി. ഇന്ത്യയെ കണ്ടുപിടിക്കാൻ (Discovery of India) ഇറങ്ങി തിരിച്ച ജവഹരിലാൽ നെഹ്രുവിന്‌ ഒരു പുതിയ ഇന്ത്യയെ നിർമിക്കൽ (Invention of  New  India )  മാത്രമാണ് പോംവഴി എന്ന് മനസ്സിലായി.  

ആ കടമ ഇന്നും അവസാനിച്ചിട്ടില്ല. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ സർ സുരേന്ദ്രനാഥ്‌ ബാനർജി 1925 -ഇൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയുടെ പേര് നൽകിയതുപോലെ "A Nation In Making” ………..(അവസാനിച്ചു)

No comments:

Post a Comment