ഭാഗം - I
1949 Oct. 17-നു ചർച്ച ചെയ്തു പാസ്സാക്കിയ ഇന്ത്യൻ ഭരണ ഘടനയുടെ മുഖവുര തുടങ്ങുന്നത് ഇങ്ങനെയാണ്. "We, the people of India having solemnly resolved to constitute India into a sovereign secular democratic republic and to secure to all its citizens..” അതുപോലെതന്നെ, ഭരണഘടനയുടെ ആർട്ടിക്കിൾ -1 തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്, “India, that is, Bharat, shall be a Union of States.”
അതിനു മുൻപ്, അതായത് 1904 ഓഗസ്റ്റ് 16 -നു ഉറുദു കവിയായ മുഹമ്മദ് ഇക്ബാൽ എഴുതിയത് "സാരെ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്നായിരുന്നു. അതാണ് തരാണാ എ ഹിന്ദി. ഈ ഗാനം ഏതാണ്ട് അനൗദ്യോഗിക ദേശീയ ഗാനം പോലെ, അന്നുമുതൽ പാടുകയും, ഇന്നും ഇന്ത്യൻ ആർമി ഒരു മാർച്ചിങ് സോങ് ആയി പാടുകയും ചെയ്യുന്നു. രാകേഷ് ശർമ്മ സ്പേസിൽ ഇരുന്നു ഇന്ത്യയെ നോക്കിയിട്ടു പറഞ്ഞത് ഇതേ വരികൾ ആയിരുന്നു."സാരെ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ". സ്വാതന്ത്ര്യ സമരകാലത്തു കേരളത്തിലെ സമര ഭടന്മാരെ ആവേശം കൊള്ളിച്ച ഒരു ഗാനമായിരുന്നു വള്ളത്തോൾ നാരായണമേനോൻ എഴുതിയ "ഭാരതമെന്ന പേരുകേട്ടാ-ലഭിമാനപൂരിതമാകണമന്ത
ഭരതൻ ഭരിച്ച നാട് എന്ന അർത്ഥത്തിൽ ആണ് ഭാരതം എന്ന് പറയുന്നത് എന്നതാണ് സാമാന്യ ധാരണ. എന്നാൽ ഏതു ഭരതന്റെ കാര്യം ആണ് എന്നതിൽ അത്ര വ്യക്തത ഇല്ല. ഏതാണ്ട് 3500 കൊല്ലം മുൻപ് രചിക്കപ്പെട്ട ഋഗ് വേദത്തിൽ ഒരു ഭാരതനെപ്പറ്റി പറയുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു ഭരത കുലത്തെപ്പറ്റിയും അതിലെ ശക്തനായ രാജാവ് സുദാസിനെപ്പറ്റിയും. ഋഗ് വേദം 7 -ആം മണ്ഡലം മുഴുവനും ഒരു രീതിയിൽ പറഞ്ഞാൽ ഋഗ് വേദകാലത്തെ 10 രാജ കുലങ്ങൾ തമ്മിലുള്ള യുദ്ധമാണ് സ്മരിക്കുന്നത്. സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നായ രവിയുടെ തീരത്താണ് യുദ്ധം നടക്കുന്നത്. ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് ആണ് ഈ സ്ഥലം. പുരു വംശത്തിൽ പെട്ട ചില ഗോത്രങ്ങൾ , മറ്റുചില ഗോത്രങ്ങളുമായി സഖ്യത്തിൽ ആയി വിശ്വാമിത്രന്റെ ഉപദേശപ്രകാരം പുരു വംശത്തിലെത്തന്നെ മറ്റൊരു ഗോത്രമായ ഭരത വംശത്തിലെ രാജാവായ സുദാസുമായാണ് യുദ്ധം നടക്കുന്നത്. സുദാസിന്റെ പുരോഹിതൻ വസിഷ്ട്ടനാണ്. പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ട സുദാസിന് യുദ്ധത്തിൽ വിജയം നൽകിയ ഇന്ദ്രാദികൾക്കു നന്ദി അർപ്പിക്കുന്നതാണ് ഇതിലെ മന്ത്രങ്ങൾ.
മനുഷ്യരെ, രണഭൂമിയിലേക്കു പോകുവിൻ അനന്തരം പാപ നാശത്തിനായി യാഗം കഴിക്കുവിൻ (VII :33 :6 )
വസിഷ്ടപുത്രർ സിന്ധുകടന്ന് ശത്രുക്കളെ കൊന്നു. ഹേ വസിഷ്ടരെ ദാശരാജാ യുദ്ധത്തിൽ നിങ്ങളുടെ സ്തോത്രത്തിന്റെ ശക്തിയാൽ ഇന്ദ്രൻ സുദാസിനെ രക്ഷിച്ചു (VII :33 :3 )
യുവാo ഹവന്ത ഉഭയാസ ആജിഷ്‌വിന്ദ്ര ചാ വസ്യോ വാരുണം ച സാതയെ (7 :83 :6 )
നിങ്ങൾ പത്തു രാജാക്കന്മാരാൽ ഗ്രസിതനായ സുദാസനെ തൃൽസുക്കൾ സഹിതം രക്ഷിച്ചിരുന്നുവല്ലോ
ദശരാജാനാ: സമിത അയ ജ്യവ സുദാസ മിന്ദ്രവൂനാണ യുയുതു: (7 :83 :7)
ഹേ ഇന്ദ്രാ വരുണാ യജ്ഞവിമുഖരായ പത്തു രാജാക്കന്മാർക്കും സുദാസിന്റെ മേൽ വിജയം പ്രാപിക്കാൻ കഴിഞ്ഞില്ല
ദാശരാഞ്ഞേ പര്യത്തായ വിശ്വത: സുദാസ ഇന്ദ്രാ വരുണാവാശിക്ഷിതം (7 :83 :8 )
പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ടിരുന്ന സുദാസിന് നിങ്ങൾ ബലം നൽകിയിരിക്കുന്നു ....
ഈ സുദാസ് ഗംഗാതടം വരെ വരുന്നതായി ബ്രാഹ്മണങ്ങൾ പറയുന്നുണ്ട്. പിന്നീട് ശത്രുതയെല്ലാം മറന്നു ഭരത വംശജരും പുരു വംശജരും ചേർന്ന് കുരുവംശം ഉണ്ടായി.
എങ്കിലും ആ ശത്രുത കുരുക്ഷേത്രം വരെ നീണ്ടു എന്ന് മഹാഭാരതം കാണിച്ചു തരുന്നു. കുരു വൃദ്ധനായ ഭീഷ്മർ തന്റെ മനസ്സിലെ സ്നേഹം പോലും ബലികഴിച്ചുകൊണ്ട്, കുരു സേനാ നായകനായി നിന്ന്, ഭരതവംശരായ പാണ്ഡവരോട് യുദ്ധം ചെയ്തു സ്വയം ബലിയാടാകുന്നത് മഹാഭാരതത്തിൽ ഭംഗ്യന്തരേണ കാണിച്ചു തരുന്നു.
ഋഗ്വേദ ഋഷി പറഞ്ഞുവച്ച ഈ ചരിത്രം എങ്ങനെ കുരുക്ഷേത്ര യുദ്ധം വരെ നീളുന്നു എന്ന് യുക്തിയുടെയും ലഭ്യമായ ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ മനോഹരമായി കാണിക്കുന്ന ഒരു ഗ്രന്ഥമാണ് "From Dasarajna to Kuruksetra: Making of a Historical Tradition " by Kanad Sinha , Head of the Department of Ancient Indian and World History, The Sanskrit College and University, Kolkata. 2021
അതായത് ഇന്നത്തെ പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ ഇറാക്ക് തുടങ്ങി, വടക്കേ ഇന്ത്യയുടെ കുറെ ഭാഗങ്ങൾ മാത്രമേ ഈ ഭരത വംശത്തിന്റെ ഭരണത്തിൽ ഉണ്ടായിരുന്നോള്ളൂ എന്ന് സാരം. മാത്രമല്ല അവിടെ ഒരു രാജ്യത്തിന്റെ പേര് ആയിട്ടല്ല പറയുന്നത്, ഒരു വംശത്തിന്റെ പേര് ആയിട്ടാണ് പറയുന്നത്, ഭരത വംശം. പിന്നീട് പുരാണ ഇതിഹാസ കാലഘട്ടത്തിൽ നാം ഭരതനെ കേൾക്കുന്നത് , രാമായണത്തിൽ രണ്ടാമനായ ഭരതൻ ആണ്. അല്ലെങ്കിൽ മഹാഭാരതത്തിൽ ശകുന്തളയുടെ മകനായ സർവദമനൻ ആണ് ഭരതൻ എന്ന പേരിൽ രാജ്യം ഭരിച്ചത്. അതും ഒരു രാജ്യത്തിന്റെ പേരല്ല ഒരു വംശത്തിന്റെ പേര് ആണ്. ജൈന തീർത്ഥങ്കരനായ ഋഷഭ ദേവന്റെ നൂറു പുത്രന്മാരിൽ ഒരാൾ ഭരതനാണ്. ഭാഗവതത്തിൽ ഋഷഭദേവൻ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ, രാജ്യം ഭരിച്ച രാജാവിന്റെ പേര് ഭരതൻ എന്നായിരുന്നു. അതും ഒരു രാജ്യത്തിന്റെ പേര് ആകുന്നില്ല. ഭരത വര്ഷം എന്ന് ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തൽ , അതും ഒരു പ്രദേശം എന്ന നിലയിൽ, കണ്ടു കിട്ടിയത് ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 'ഹാദികുംഭ' ലിഖിതങ്ങൾ ആണ്. 17 വരികളായി, പ്രാകൃത് ഭാഷയിൽ എഴുതിയിരിക്കുന്ന ഈ വരികൾ ഒഡിഷക്കു അടുത്തുള്ള ഉദയഗിരിയിലെ ഹാതികുംഭ എന്ന സ്ഥലത്തു നിന്നാണ്. കലിംഗ ഭരിച്ചിരുന്ന ഖരവേല എന്ന ജൈന രാജാവിന്റെ കാലത്തു എഴുതപ്പെട്ടതാണ് ഇത്. പക്ഷെ അത് പടിഞ്ഞാറൻ ഗംഗാതടവും മഗധയും മാത്രം ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെ കുറിച്ചാണ്. …..(തുടരും)
No comments:
Post a Comment