യുദ്ധം കഴിഞ്ഞു. പതിനെട്ട് നാളുകളില്‍ കെട്ടടങ്ങിയ മനുഷ്യരുടെയും മൃഗങ്ങളുടെയും ശവങ്ങള്‍ കുരുക്ഷേത്ര ഭൂവില്‍ ചിതറിക്കിടന്നു. ശവം തീനി കഴുകനും കുറുക്കനും കുരുനരിയും ആര്‍ത്തിയോടെ ഓടി നടന്നു. കബന്ധങ്ങള്‍ക്കിടയില്‍ ഉറ്റവരെയും ഉടയവരെയും തിരയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആര്‍ത്ത നാദം കുരുക്ഷേത്രത്തില്‍ ഉയര്‍ന്നു കേള്‍കായി. രക്തം വീണു കറുത്ത കുരുക്ഷേത്ര ഭൂമി ഇനിയും എന്തോ പ്രതീക്ഷിക്കുന്ന പോലെ മരവിച്ചു കിടന്നു.
അകലെ, സ്വച്ഛന്ദമൃത്യുവായ ഭീക്ഷ്മ പിതാമഹന്‍ മരണം കാത്തു ശരശൈയയില്‍ കണ്ണുമടച്ച് കിടന്നു. മറ്റൊരിടത്ത് ഭീമസേനന്‍ ചതിച്ചു വീഴ്ത്തിയ ദുര്യോധന മഹാരാജാവ് കിടക്കുന്നു, മരിച്ചിട്ടില്ല, ആരെയോ തിരയുന്നപോലെ കണ്ണുകള്‍ ഉഴരുന്നുണ്ട്. ഗദായുദ്ധത്തിന്റെ നിയമം ലംഘിച്ചു കാല്‍ അടിച്ചു ഓടിച്ചാണ് ദുര്യോധനനെ വീഴിയത്ത്, അതിനു കൃഷണനും കൂട്ട് നിന്നു, അല്ല, കൃഷ്ണനാണെത്രേ ആ വിദ്യ ഉപദേശിച്ചു കൊടുത്തത്. അല്ലെങ്കില്‍ തന്നെ ധര്‍മ യുദ്ധം എന്നു വിളിച്ച ആ മഹാ യുദ്ധത്തില്‍ എവിടെ ധര്‍മം, പ്രത്യകിച്ചും ഭീക്ഷ്മര്‍ വീണതിന് ശേഷം?
ഭീഷ്മര്‍ വീണതിന് ശേഷം മാത്രമാണ് ശരിക്കും മഹാഭാരതയുദ്ധം തുടങ്ങുന്നത് . അത് മനസ്സിലാക്കാന്‍ ആദ്യത്തെ പത്ത് ദിവസം മരിച്ചവരുടെയും അവസാന എട്ട് ദിവസം മരിച്ചവരുടെയും കണക്കൊന്ന് നോക്കിയാല്‍ മതി. ഉത്തരന്‍ , ശ്വേതന്‍ , ശംഖന്‍ ,ഭീഷ്മര്‍. ഭീഷ്മര്‍ക്കുശേഷം പിന്നീടങ്ങോട്ട് മഹാരഥന്മാരുടെ വീഴ്ചതന്നെയായുരുന്നു,
എല്ലാം ചതിയില്‍,
അഭിമന്യു, ഘടോല്‍കചന്‍, ഭഗദത്തന്‍,വിരാടന്‍ ,ദ്രോണന്‍ ,ദ്രുപദന്‍ ,കര്‍ണന്‍ ,ശിഖണ്ഡി ,ദുശ്ശാസനന്‍, , ജയദ്രഥന്‍, ശല്യന്‍ ,ധൃഷ്ടദ്യുമ്നന്‍ ,ദുര്യോധനന്‍.
നേരം ഇരുട്ടിത്തുടങ്ങി, ദുര്യോധനന്‍ കിടക്കുന്ന ഇടത്തേക്ക് മൂന്നുപേര്‍ പതുങ്ങി പതുങ്ങി വന്നു. അതില്‍ മുന്നില്‍ വന്ന ആള് തേജസ്സുറ്റ ഒരു യുവാവാണ്. മെയിവഴക്കം കണ്ടാല്‍ ഒരു മഹാരാധനാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. തലയില്‍ തിളങ്ങുന്ന ഒരു ചൂഡാമണി ധരിച്ചിട്ടുണ്ട്.
അദ്ദേഹം കുനിഞ്ഞു, പതുക്കെ വിളിച്ചു,
“മഹാരാജാവേ”
ദുര്യോധനന്‍ പതുക്കെ കണ്ണുതുറന്നു, ക്ഷീണിച്ചു സ്വരത്തില്‍ പതുക്കെ ചോദിച്ചു,
“ആരാണ്, ഞാന്‍ രാജാവായി ജീവിച്ചു രാജാവായിതന്നെ മരിക്കുന്നു, ആ വൃകോദരന്‍ എന്നെ ചതിയില്‍ വീഴ്ത്തി, നേരിട്ടുള്ള യുദ്ധത്തില്‍ ഹലായുധശിഷ്യനായ ഈ എന്നെ തോല്‍പ്പിക്കാന്‍
മൂന്നു ലോകങ്ങളിലും ആരുണ്ട്? ഇപ്പോള്‍ എന്റെ ഈ അവസ്ഥ കണ്ടു രസിക്കാന്‍ വന്ന നീ ആരാണ്?
മൂന്നു ലോകങ്ങളിലും ആരുണ്ട്? ഇപ്പോള്‍ എന്റെ ഈ അവസ്ഥ കണ്ടു രസിക്കാന്‍ വന്ന നീ ആരാണ്?
യുവാവ് പൊട്ടികരഞ്ഞുകൊണ്ടു പറഞ്ഞു , മഹാരാജാവേ ഞാന്‍ അശ്വദ്താമാവാന് അങ്ങയുടെ സേവകന്‍.
ദുര്യോധനന്റെ കണ്ണുകള്‍ ഒന്നു തിളങ്ങി എന്നിട്ട് ചോദിച്ചു , ആചാര്യപുത്രാ, കുരുസൈന്യം മുച്ചൂടും മുടിഞ്ഞു അല്ലേ?
അശ്വത്ഥാമാവ് മറുപടി പറഞ്ഞു , “ഇല്ല രാജാവേ ഈ ദ്രവ്ണി ജീവിച്ചിരിക്കുന്നു, മാത്രമല്ല മാതുലനായ കൃപാചാര്യരും കൃതവര്‍മാവും എന്നോടൊപ്പം ഉണ്ട്. അങ്ങയോട് ഈ കടും കൈ ചെയ്തവരോടും എന്റെ അച്ഛനെ ചതിച്ചുകൊന്ന ആ പാണ്ഡവരോടും പകരം വീട്ടാന്‍ മഹാരാധന്‍മാരായ ഞങ്ങള്‍ ജീവിച്ചിരുപ്പുണ്ട്. കുരു സൈന്യം നശിച്ചിട്ടില്ല. ശക്തി കുറഞ്ഞിട്ടുണ്ടാകും.”
“അശ്വത്ഥാമാ ഹത”
ധര്‍മം തന്നെ അവതാരമെടുത്തു എന്നു പറയപ്പെട്ട ആ ജേഷ്ട പാണ്ഡവന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നപോലെ, പ്രിയ പുത്രന്റെ മരണം കേട്ടു ഞെട്ടി നിന്ന ആചാര്യന്റെ നെഞ്ചിലേക്കു ശരമാരി ചൊരിഞ്ഞു പാഞ്ചാല പുത്രന്‍.
അശ്വത്ഥാമാവ് പ്രതികാര അഗ്നിയില്‍ ആളിക്കത്തി, പക ആ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
“പാണ്ഡവ കുലത്തെ മുടിക്കും ഞാന്‍ , യുദ്ധം അവസാനിച്ചിട്ടില്ല” അയാള്‍ ദുര്യോധനന്റെ ചെവിയില്‍ മന്ത്രിച്ചു.
ദുര്യോധനന്റെ കണ്ണുകള്‍ വീണ്ടുo തിളങ്ങി , ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വന്നതുപോലെ, അഭിമാനത്തോടെ തല ചെറുതായി ഒന്നു ഉയര്‍ത്തി പറഞ്ഞു , “കൃപാചാര്യരെ, ഒരു കുടം വെള്ളം കൊണ്ടുവരു, ഇവിടെ ഈ മരണക്കിടക്കയില്‍ കിടന്നുകൊണ്ടു ദുര്യോധന മഹാരാജാവ് തന്റെ സര്‍വ സൈന്യാധിപനായി ഈ കൃപീ പുത്രനെ അഭിഷേകം ചെയ്യട്ടെ”
അങ്ങനെ കുരു സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായി ഭീഷ്മര്‍ അഭിഷേകം ചെയ്യപ്പെട്ടു പതിനെട്ടാം നാള്‍ അവസാന സര്‍വ സൈന്യാധിപനായി അശ്വത്ഥാമാവ് അഭിഷേകം ചെയ്യപ്പെട്ടു.
അവര്‍ മൂവരും നിറകണ്ണുകളോടെ ദുര്യോധനനെ താണ് വണങ്ങി പതുക്കെ ഇരുളിലേക്ക് മറഞ്ഞു.
ദുര്യോധനന്റെ വലതു കൈ പതുക്കെ ഉയര്‍ന്നു , ദൂരെ കിടക്കുന്ന തന്റെ ഗദയുടെ നേര്‍ക്ക് പതുക്കെ നീങ്ങി, അസഹ്യനീയമായ വേദന മൂലം അബോധാവസ്ഥയിലേക്ക് വീണ്ടും വീണു.
ചുറ്റും കുറുനരികളുടെ ഓരിയിടല്‍ മുഴങ്ങി. മരണം തിങ്ങി നിന്ന കുരുഷേത്രത്തിന്റെ ദീനരോദനം പോലെ അത് അന്തരീക്ഷത്തില്‍ ലയിച്ചു.
No comments:
Post a Comment