കട്ടിപിടിച്ച ഇരുട്ടിലൂടെ അവര്‍ നടന്നു. വീറുങ്ങലിച്ചു കിടക്കുന്ന കുരു ക്ഷേത്രത്തിന്റെ മരണ ഗന്ധം കാറ്റില്‍ നിറഞ്ഞുനിന്നു. രണ്ടിടങ്ങളില്‍ വെളിച്ചമുണ്ട്, ഭീഷ്മരും ദുര്യോധനനും കിടക്കുന്നിടത്തിന് ചുറ്റും പന്തങ്ങള്‍ കത്തിച്ചുവച്ചിട്ടുണ്ട് മാംസഭോജികളുടെ ആക്രമണത്തില്‍നിന്നു രക്ഷപെടാന്‍ ആയിരിക്കണം. അപ്പോള്‍ ദുര്യോധനന്‍ മരിച്ചിട്ടില്ല.
യാമ കിളികള്‍ പാടിത്തുടങ്ങി, നേരം അര്‍ദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു, അവര്‍ പുഴ കടന്നു പാണ്ഡവ ശിബിരങ്ങള്‍ക്ക് നേരെ നടന്നു.
അശ്വത്ഥാമാവ് തന്റെ ആയുധങ്ങള്‍ എല്ലാം നേരെ ആണോ എന്നു പരിശോധിച്ചു. വാള്‍, മുദ്ഗലo, കുന്തം, ഗദ തുടങ്ങിയവയില്‍ താന്‍ ആരെയുംകാള് മോശമല്ല. വാള്‍ പ്രയോഗത്തില്‍ താന്‍ അദ്വിതീയന്‍ ആണ്. അസ്ത്ര പ്രയോഗത്തില്‍ താന്‍ കര്‍ണനും അര്‍ജുനനും തുല്യനാണ്. ആഗ്നേയം, വായവം, പാശുപദം, നാഗം തുടങ്ങിയ ദിവ്യ അസ്ത്രംഗല്‍ തനിക്ക് കാണാപ്പാടമാണ്. ബ്രമശിരസ്സ് എന്ന അസ്ത്രം അച്ഛന്‍ തനിക്കും അര്‍ജുനനും മാത്രമേ ഉപ്ദശിച്ചുകൊടുത്തിട്ടുള്ളൂ. ബ്രമാസ്ത്രം തനിക്ക് നല്കാന്‍ അച്ഛന് മടിയായിരുന്നു. തന്റെ നിര്‍ബന്ധം താങ്ങാന്‍ കഴിയാതെ ആണ് അച്ഛന്‍ അത് നല്കിയത്. അതിന്റെ പേരില്‍ അച്ഛനോട് പിണങ്ങി ഒരു യാത്രക്കുപോയത് അശ്വത്ഥാമാവ് ഓര്‍ത്തു.
ആ യാത്രയില്‍ അശ്വത്ഥാമാവ് ഒരിക്കല്‍ ദ്വാരകയില്‍ കൃഷ്ണന്റെ അധിതിയായി കുറെകാലം തങ്ങുകയുണ്ടായി. അവിടുന്ന് തിരിക്കുന്നതിന് മുന്പ് കൃഷ്ണനെ വണങ്ങി പറഞ്ഞു,
"വാസുദേവാ എനിക്കു എല്ലാ ദിവ്യായുധങ്ങളും കൈവശമുണ്ടു, താങ്കള്ക്ക് ഏതുവേണമെങ്കിലും എടുക്കാം പകരം അങ്ങയുടെ ചക്രം തന്നാലും”
ഒരു ചെറു പുഞ്ചിരിയോടെ കൃഷണന്‍ പറഞ്ഞു,
“ആചാര്യപുത്രാ എനിക്കു താങ്കളുടെ ഒരു ആയുധവും വേണ്ടാ താങ്കള്ക്ക് കഴിയുമെങ്കില്‍ വജ്രനാഭവും സഹസ്രാരവും അയസ്മയവുമായ എന്റെ ഈ ചക്രം എടുത്തുകൊള്‍ക”
അശ്വത്ഥാമാവ് ചാടി എഴുന്നേറ്റു ചക്രം എടുക്കാന്‍ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് ചക്രം അനക്കാന് കഴിഞ്ഞില്ല. നിരാശനായി പിന്‍വാങ്ങിയ ദ്രുണിയെ നോക്കി കൃഷണന്‍ പറഞ്ഞു.
“മൂഡനായ ആചാര്യപുത്രാ , എന്റെ ആത്മസുഹൃത്ത് അര്‍ജുനന്‍ ഇന്നുവര്‍യും എന്നോടിത് ചോദിച്ചിട്ടില്ല, പ്രിയ മിത്രം സാത്യകിയോ ജേഷ്ടന്‍ ഹലായുധനാനോ ഇത് ആവശ്യപ്പെട്ടിട്ടില്ല. ആരോട് പൊരുതാനാണ് താങ്കള്ക്ക് ഇത്?”
“അങ്ങയെ പൂജിച്ചു അങ്ങയോട് പൊരുതാന്‍, കിട്ടണമെന്ന് തോന്നി, കഴിഞ്ഞില്ല , എന്നെ അനുഗ്രഹിക്കുക, ഞാന്‍ വിടകൊള്ളട്ടെ”
അശ്വത്ഥാമാവ് ദ്വാരകയോട് വിട പറഞ്ഞു.
പാണ്ഡവ ശിബിരം ഇരുട്ടില്‍ മുങ്ങി നിന്നു. യുദ്ധത്തിന്റെ തളര്‍ച്ചയും മദ്യത്തിന്റെ ലഹരിയും എല്ലാവര്ക്കും ഗാഢനിദ്ര പ്രദാനം ചെയ്തു. ദ്രുപദന്‍ , ധൃഷ്ടദ്യുമ്നന്‍, ശിഖണ്ഡി തുടങ്ങിയ പാഞ്ചാല വീരന്മാര്‍ ഒരു വശത്ത്, മറുവശത്ത് പാണ്ഡവ പുത്രന്മാര്‍ എല്ലാവരും, പാണ്ഡവര്‍ അഞ്ചുപേര്‍ ഒഴികെയുള്ള മഹാരഥന്മാര്‍, നല്ല ഉറക്കത്തില്‍ ആണ് എല്ലാവരും. മഴ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങി.
അശ്വത്ഥാമാവ് ശിബിരത്തിന് ചുറ്റും, സിംഹം അതിന്റെ ഇരയെ പിന്തുടരുന്നതുപോലെ, ഒന്നു വലം വച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു
“ശിബിരത്തിന് രണ്ടു വാതിലുകളാണ് ആ രണ്ടു വാതിലുകളും നിങ്ങള്‍ ഓരോരുത്തര്‍ കാക്കണം, ആരെയും അകത്തേക്കോ പുറത്തേക്കോ പോകാന്‍ അനുവദിക്കരുത്. എത്ര യാചിച്ചാലും ആരെയും ജീവനോടെ വിടരുത്, ഞാന്‍ അക്‍ത്തേക്ക് പോകുന്നു, പാഞ്ചാലരുടെയും പാണ്ഡവരുടെയും രക്തം കൊണ്ട് എന്റെ അച്ഛന് ഇന്ന് ഞാന്‍ ഉദഗ ക്രിയ ചെയും”
ശിബിര ദ്വാരത്തില്‍ അയാള്‍ ഒരു നിമിഷം നിന്നു. കാലാകാലനായ ശിവനെ ഒരു നിമിഷം ധ്യാനിച്ചു, എന്നിട്ട് വാള്‍ ഊരി സാക്ഷാല്‍ യമധര്‍മന്‍ കാലപാശവുമായി എന്നപോലെ അകത്തേക്ക് പാഞ്ഞു.
പട്ട് മെത്തയില്‍ ധൃഷ്ടദ്യുമ്നന്‍ നല്ല ഉറക്കത്തിലാണ്. അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി അയാളുടെ മുഖത്തിന് ഒരു പ്രത്യക ശോഭ നല്കി. ഭീകരമായ യുദ്ധം അവസാനിച്ചതിന്റെ സംതൃപ്തി കൊണ്ടോ മറ്റോ അയാളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്ന് നിന്നു. പാഞ്ചാലിക്കൊപ്പം യാഗാഗ്നിയില്‍നിന്ന് ജന്മം കൊണ്ട ആ മഹാരഥന്‍ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്നു.
മിന്നല്‍പിണറിന്റെ വേഗത്തില്‍ അശ്വത്ഥാമാവ് അകത്തു കടന്നു. മുടിയില്‍ പിടിച്ചു വലിച്ചു ധൃഷ്ടദ്യുമ്നന്‍ താഴെ ഇട്ടു, ഇടം കാല്‍ എടുത്തു നെഞ്ചത്ത് ചവുട്ടിനിന്നു.
ഉറക്കച്ചടവില്‍ വെപ്രാളപ്പെട്ടു ധൃഷ്ടദ്യുമ്നന്‍ കുതറി മാറാന്‍ ശ്രമിച്ചു. മുന്നില്‍ നില്ക്കുന്നത് മനുഷ്യനോ ഗന്ധര്‍വനോ എന്നു ഒട്ടു സംശയിച്ചു തുറിച്ചു നോക്കി. ആളെ മനസ്സിലായപ്പോള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു,
“ആചാര്യപുത്രാ അങ്ങയുടെ ഏതെങ്കിലും ആയുധം കൊണ്ട് എനിക്കു മരണം നല്കിയാലും, എന്നെ അപമാനിക്കല്ലേ”
“നിരായുധനനായി നിന്ന ആചാര്യന്റെ നേര്‍ക്ക് ശരം തൊടുത്ത നീ അത് അര്‍ഹിക്കുന്നില്ല” അശ്വത്ഥാമാവ് പറഞ്ഞു, എന്നിട്ട് അയാളുടെ മര്‍മ്മ സ്ഥാനങ്ങളില്‍ വിരല്‍ അമര്‍ത്തി, ധൃഷ്ടദ്യുമ്നന്റ്റെ വായില്‍നിന്നും ഒരു ചെറു ശബ്ദം പുറത്തു വന്നു, കണ്ണുകള്‍ തുറിച്ചു പിന്നെ നിശ്ചലമായി.
ശബ്ദം കേട്ടു ശിഖണ്ഡി ഞെട്ടി എഴുന്നേറ്റു , വാളിന്റെ ഒറ്റ ചലനത്തില്‍ ശിഖണ്ഡി മൂന്നു തുണ്ടമായി തറയില്‍ വീണു. എഴുന്നേറ്റവര്‍ എല്ലാം തലയറ്റ് വീണു. “രക്ഷിക്കണേ രക്ഷിക്കണേ” എന്നു വിളിച്ചുകൊണ്ട് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി, ഓടിയരെല്ലാം വാള്‍ പ്രയോഗത്തിന് ഇരയായി. കിടക്കുന്നവരെയെല്ലാം കാല്‍വിരല്‍ മര്‍മ്മത്തില്‍ ആഴ്ത്തി കൊന്നു. പുറത്തേക്ക് ഓടിയവരെയെല്ലാം കൃപരും കൃതവര്‍മാവും വെട്ടി വീഴ്ത്തി. പാണ്ഡവശിബിരം മനുഷ്യ രക്തത്തില്‍ മുങ്ങി. ഇതിനിടെ കൃപരും കൃതവര്‍മാവും കൂടി ശിബിരത്തിന് നാലു വശത്തുനിന്നും തീ വച്ചു. ക്രമേണ എല്ലാം ശാന്തമായി, അവിടെ മൂന്നു പേര്‍ മാത്രം അവശേഷിച്ചു.
നേരം വെളുക്കാന്‍ ഇനി കുറച്ചു നാഴിക മാത്രമേ അവശേഷിക്കുന്നുള്ളൂ.
മൂന്നുപേരും പതുക്കെ ദുര്യോധനന്‍ കിടക്കുന്നതിന്റെ അടുത്തെത്തി. “മഹാരാജാവേ” അശ്വത്ഥാമാവ് പതുക്കെ വിളിച്ചു, അനക്കമില്ല, എങ്കിലും നേരിയ ശ്വാസോച്ഛ്വാസം ഉണ്ട്.
“നാം പകരം വീട്ടി ദുര്യോധന രാജാവേ, പാണ്ഡവര്‍ അഞ്ചു പേര്‍ ഒഴികെ, പാണ്ഡവ വംശത്തിന്റെ വേര്‍ അറുത്തു ഞാന്‍, പാഞ്ചാല വംശം കടയോടെ മുടിച്ചു, ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ അങ്ങ് ആഗ്രഹിക്കുന്നില്ലേ? തല പൊക്കി ആ കാഴ്ച ഒന്നു കാണ് രാജാവേ”
Very interesting
ReplyDeleteGood.New approach Waiting eagerly for the next Chapter.
ReplyDelete