നനഞ്ഞ പ്രഭാതം;
കാര്‍മേഘകീറുകള്‍ക്കിടയില്‍നിന്ന് പുറത്തുവരാന്‍ സൂര്യദേവന്‍ മടിച്ച് നിന്നു. ദൂരെ ചക്രവാളത്തിലേക്ക് കണ്ണിമവെട്ടാതെ നോക്കികൊണ്ടു ദ്രൌപതി ഇരുന്നു, ഒരു വികാരവും ഇല്ലാതെ, പ്രഭാതത്തിന് മുന്പ് ദൂരെ ചക്രവാളത്തില്‍ കണ്ട അഗ്നി പ്രഭയുടെ അര്ത്ഥം ഇപ്പോള്‍ അവള്‍ക്ക് മനസ്സിലായി. ഒരു നിമിഷം അവള്‍ ഉണ്ണികളെക്കുറിച്ച് ഓര്‍ത്തു. മഹായുദ്ധം നീന്തി വിജയിച്ചുവന്ന പാണ്ഡവരുടെ പിന്മുറക്കാരായ ഉണ്ണികള്‍, വൃദ്ധനായ അച്ഛനെ ഓര്‍ത്തു , ധൃഷ്ടദ്യുമ്നനെയും ശിഖണ്ഡി യെയും കുറിച്ചോര്‍ത്തു.
ഈ യുദ്ധത്തില്‍ ആര് ജയിച്ചു ആര് പരായജപ്പെട്ടു? ജയപരാജയങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുക? കുരു സേന വന്‍ പരാജയം ഏറ്റു വാങ്ങി ഗാന്ധാരിക്ക് എല്ലാ മക്കളും നഷ്ടമായി, വിജയിച്ച പാണ്ഡവരുടെ വധുവാന് താന്‍. തനിക്കും മുഴുവന്‍ മക്കളും നഷ്ടമായ്, അച്ഛനും സഹോദരങ്ങളും നഷ്ടമായി. എവിടെ ജയം? എവിടെ പരാജയം? , ഉറ്റവരും ഉSയവരും മുഴുവന്‍ നഷ്ടപ്പെട്ടിട്ടു രാജ്യം നേടുന്നതില്‍ എന്തു അര്‍ദ്ധമാണ് ഉള്ളത്?. കഴിഞ്ഞ പതിനെട്ട് ദിവസം താന്‍ പഞ്ചാങ്ഗ്നി നടുവിലായിരുന്നു, ഭര്‍ത്താക്കന്മാരും ഉണ്ണികളും അപകടം കൂടാതെ രക്ഷപെടാന്‍. സൂതപുത്രനായിരുന്നു എന്റെ എല്ലാ സ്വപ്നങ്ങളിലും എന്നെ പേടിപ്പെടുത്തിയിരുന്നത്. അയാള്‍ വീണു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മ അനുഭവപ്പെട്ടു. പിന്നീട് സുയോധനനും കൂടി വീണപ്പോള്‍ യുദ്ധം അവസാനിച്ചെന്നു ആശ്വസിച്ചു. ആ ആശ്വാസത്തിന് ഇത്രയും ആയുസ്സെ ഉള്ളൂ എന്നു ആരറിഞ്ഞു. മനുഷ്യന്‍ എന്തെല്ലാം കണക്കുകള്‍ കൂട്ടിയാലും വിധിയുടെ നിശ്ചയം എന്തോ അത് നടക്കും.
ഇല്ല, അങ്ങനെ വിധിക്കു കീഴ്പ്പെടാന്‍ പാഞ്ചാലപുത്രി വെറുമൊരു സ്ത്രീ അല്ല, അവള്‍ അയോനിജ ആണ്, യാഗാഗ്നിയില്‍നിന്നും ജനിച്ചവളാണ്. വാസുദേവന്‍ പലപ്പോഴും പറയുമായിരുന്നു, “കൃഷ്ണേ നീ വെറുമൊരു സ്ത്രീ അല്ല, എന്റെ അവതാര ദൌത്യത്തില്‍ എന്ന സഹായിക്കാന്‍ ദിവ്യ ജനനം കൈകൊണ്ടവളാണ്, നീ പതരരുത്"
ദ്രുപതി ചാടി എഴുന്നേറ്റു, എന്നിട്ട് തളര്‍ന്നിരിക്കുന്ന യുധിഷ്ടരനെ നോക്കി പറഞ്ഞു.
“യുധിഷ്ഠിരാ, ആ നാരാധാമന്റെ തലയില്‍ ഇരിക്കുന്ന ചൂഡാമണി ഇന്ന് ഇവിടെ കൊണ്ടുവരണം എന്നിട്ട്, അത് യുധിഷ്ടര മഹാരാജാവിന്റെ തലയില്‍ ചൂടണം. അയാള്‍ ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും വേണ്ടില്ല, അല്ലെങ്കില്‍ ഈ ദ്രുപതി ഇനി ജീവിച്ചിരിക്കുകയില്ല”.
ഇത് കേട്ട ഉടന്‍ ഭീമന്‍ തന്റെ തേരില്‍ ചാടി കയറി കിഴക്കോട്ടു ഓടിച്ചു പോയി .
ഇത് കണ്ട കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞു , "അര്‍ജുനാ ഭീമന്‍ അപകടത്തിലേക്കാണ് പോകുന്നത് , അയാള്‍ ദൃണിക്കൊത്ത പോരാളിയല്ല. സര്‍വ ദിവ്യായുധങ്ങളും വശമായ ആയാല്‍ക്കെതിരെ ഭീമന് പിടിച്ചുനിക്കാന്‍ ആവില്ല”
കുരുക്ഷേത്രത്തില്‍ ദ്രോണര്‍ വീണ ദിവസം അശ്വദ്ധാമാവിന്റെ അസ്ത്ര പ്രയോഗം എല്ലാവരും കണ്ടതാണ്. ക്രുദ്ധനായ ദ്രവ്ണിയെ അര്‍ജുനനും ഭീമനും ഒരുമിച്ച് നേരിട്ടു. ഘോരമായ ശരവര്‍ഷം നടന്നു, ദ്രവ്ണി പാണ്ഡവപ്പടയെ ചുട്ടു വെണ്ണീറാക്കികൊണ്ടിരുന്നു. അര്‍ജുനന്റെ ശരമേറ്റു ദ്രവുണിയുടെ വില്ലോടിഞ്ഞു. ക്രോപാന്ധനായ ദ്രവുണി നാരായണാസ്ത്രം പ്രയോഗിച്ചു. നാരായണാസ്ത്രം ആകാശത്തെക്കുയര്‍ന്നു ആയിരം, പാതിരായിരം ലക്ഷങ്ങളായി വളര്ന്നു പാണ്ഡവപ്പടയെ മുടിച്ചു. അര്‍ജുനന്‍ വിവശനായി തളര്‍ന്നു. നാരായാസ്ത്രം ഭീമന്റെ രഥം ചുട്ടുകരിച്ചു, ഭീമന്‍ മരിച്ചുഎന്നു എല്ലാവരും കരുതി. ഉടന്‍ കൃഷന്‍ വിളിച്ചുപറഞ്ഞു,
"അര്‍ജുനാ, ഭീമാ, എല്ലാവരും ആയുധം താഴെ വയ്ക്കുക. നാരായണാസ്ത്രത്തെ ശസ്ത്രം കൊണ്ട് നേരിട്ടാല്‍ അത് ഇരട്ടി ഇരട്ടി ആയി ശക്തി പ്രാപിക്കും. അതുകൊണ്ടു എല്ലാവരും ആയുധം വച്ച് തേരില്‍ നിന്നിറങ്ങി കൈ കൂപ്പി അസ്ത്രത്തെ വണങ്ങുക അത് താനേ അടങ്ങിക്കൊള്ളും." പാണ്ഡവപ്പട എല്ലാം ആയുധം താഴെവച്ചു നിന്നു വണങ്ങി. അസ്ത്രം സ്വയം അടങ്ങി.
ദേഹം മുഴുവന്‍ നെയ് പുരട്ടി, ഭാഗീരഥി കശ്ചത്തില്‍, ഋഷികളോടൊപ്പം അശ്വത്ഥാമാവ് പദ്മാസനത്തില്‍ ഇരുന്നു. ദൂരെ ഭീമന്റെ രഥം തന്റെ നേര്‍ക്ക് പാഞ്ഞു വരുന്നത് അയാള്‍ കണ്ടു. തൊട്ട് പിറകെ കൃഷ്ണന്റെ രധവും അതില്‍ അര്‍ജുനനെയും യുധിഷ്ഠിരനെയും കണ്ടു .
അശ്വത്ഥാമാവ്, ഇടം കൈകൊണ്ടു ഒരു പുല്‍ക്കൊടി പറിച്ചു. പാണ്ഡവരോടുള്ള പകയും വിദ്വേഷവും മനസ്സിലേക്ക് കേന്ദീകരിച്ചു, ബ്രമാസ്ത്രത്തെ മനസ്സില്‍ ധ്യാനിച്ചു ‘അപാണ്ഡവായ’ എന്നു ജപിച്ചു, ബ്രമ്മശീരസ്ഥാസ്ത്രത്തെ പുല്‍കൊടിയിലേക്ക് ആവാഹിച്ചു. പുല്‍കോടി അഗ്നിയായി വളര്ന്നു ആകാശത്തെക്കുയര്‍ന്നു.
ഇത് കണ്ട കൃഷണന്‍ വിളിച്ചുപറഞ്ഞു , അര്‍ജുന ആചാര്യപുത്രന്‍ പാണ്ഡവകുലത്തെ ഉന്മൂലനം ചെയ്യാന്‍ പോകുന്നു , വേഗം ബ്രമാസ്ത്രത്തെ അതുകൊണ്ടു തന്നെ തടുക്കു.
അര്‍ജുനന്‍ കൈ കൂപ്പി കൃഷനെ വണങ്ങി , ഗുരു ജനങ്ങളെ മനസ്സില്‍ ധ്യാനിച്ചു, ആചാര്യപുത്രനെയും ഞങ്ങളെയും രക്ഷിക്കണേ എന്നു പ്രാര്‍ദ്ധിച്ചു, ബ്രമ്മസ്ത്രത്തെ സ്മരിച്ചു ‘അസ്ത്രം അസ്ത്രാല്‍ പ്രദീരോധിദേ’ എന്നു ജപിച്ചു.
രണ്ടു അസ്ത്രങ്ങളും നേര്‍ക്ക് നേര്‍ വളര്ന്നു , പ്രപഞ്ചം ഞെട്ടി വിറച്ചു, ആകാശത്തില്‍ കൊള്ളിയാന്‍ മിന്നി, ഭൂമി ഭൂകമ്പത്താല്‍ വിറച്ചു , മൃഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഇഴജെന്തുക്കള്‍ അവയുടെ മാളം വിട്ടിറങ്ങി.
പെട്ടെന്ന്, രണ്ടു അസ്ത്രങ്ങളുടെയും നടുവില്‍ നാരദനും വ്യാസനും പ്രത്യക്ഷപ്പെട്ടു. വ്യാസന്‍ പറഞ്ഞു "മക്കളെ ലോകനാശകമായ ഈ പ്രവര്‍ത്തി എന്തിന് ചെയ്തു. കോപം അടക്കു അസ്ത്രം സംഹരിക്കു"
അര്‍ജുനന്‍ അസ്ത്രം സംഹരിച്ചു. അശ്വത്ഥാമാവ് പറഞ്ഞു , “അസ്ത്രം സംഹരിക്കാന്‍ ഞാന്‍ പ്രാപ്തനല്ല, പക്ഷേ ഭവാന്‍മാരുടെ ആഗ്രഹം അനുസരിച്ച് ഞാന്‍ അതിന്റെ ദിശ മാറ്റുന്നു, ഈ അസ്ത്രം പാണ്ഡവന്റെ പുത്ര വധുവായ ഉത്തരയുടെ ഗര്‍ഭത്തില്‍ പതിക്കും.”
ഇതുകേട്ട് കൃഷ്ണന്‍ കോപംകൊണ്ടു ചുവന്നു, എന്നിട്ട് പറഞ്ഞു.
“ശപിക്കപ്പെട്ട ആചാര്യപുത്രാ, പാണ്ഡവകുലത്തെ വേരോടെ പിഴുതിട്ടും നിന്റെ പക അടങ്ങിയില്ലേ, കുലത്തിന്നു നാമ്പാകേണ്ട ഉത്തരയുടെ ഗര്‍ഭത്തെകൂടെ നശിപ്പിക്കുന്നുവോ നീ, ഞാന്‍ പന്തീരായിരം കൊല്ലം ബദര്യാശ്രമത്തില്‍ തപസ്സുചെയിത പുണ്യം മുഴുവന്‍ കഴിഞ്ഞാലും ശരി അതിനെ ഞാന്‍ തടയും, ഗര്‍ഭസ്ഥ ശിശു മരിച്ചു വീണാലും അവനെ ഞാന്‍ ഉയര്‍ത്തും. അവന്‍ പരീക്ഷിത്ത് എന്ന പേരില്‍ ഈ കുലം നിലനിര്‍ത്തൂം. നീയോ മൂവായിരതാണ്ട് ചോരയും ചലവും ഒഴുക്കി നിര്‍ജ്ജന സ്ഥലങ്ങളില്‍ എല്ലാവരാലും വെറുക്കപ്പെട്ടു കഴിയും”
അശ്വത്ഥാമാവ് വ്യാസനോടു " ഭഗവാനെ അങ്ങയോടൊപ്പം ഞാനും ഈ ലോകത്തില്‍ അലയും" എന്നു പറഞ്ഞു അമൂല്യമായ തന്റെ ചൂഡാമണി അര്‍ജുനനെ ഏല്‍പ്പിച്ചു കാടുകയറി.
********
കലിയുഗത്തില്‍ ഈ ചിരംജീവി ആരാണെന്നറിയണ്ടേ? പക ,മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക .
OH! Hatred !
ReplyDelete