സൂര്യന് പടിഞ്ഞാറെ കടലില്‍ മുങ്ങി താന്നു. പ്രളയത്തിന്റെ ആരംഭം എന്നോണം കാര്‍മേഘങ്ങള്‍ വസുന്ദരയെ മൂടി. എങ്ങും ഭീകരമായ ഇരുട്ട്, പടയാളികളുടെ കൈനിലയങ്ങളില്‍ കത്തിച്ചു വച്ച പന്തങ്ങള്‍ മാത്രം ഇരുട്ടിനെ കീറിമുറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
വിശ്വസ്തരായ നാലു അമാത്യന്‍മാരുമായി വിഭീഷണന്‍ കടല്‍ക്കരയെ ലക്ഷ്യമാക്കി നടന്നു. ശ്രീരാമനും സൈന്യവ്യൂഹവും കടല്‍ കടന്നിരിക്കുന്നു, എത്രയും വേഗം അവിടെയെത്തണം, അഭയം ആര്‍ധിക്കണം. ഒരിക്കലും തളിക്കളയുമെന്ന് തോന്നുന്നില്ല, ബാലിയെ കൊന്നു സുഗ്രീവനെ വാഴിച്ച ആളാണല്ലോ അദ്ദേഹം; എന്റെ ഭാഗത്തും ന്യായങ്ങള്‍ ഉണ്ട്, ഒരുപക്ഷേ സുഗ്രീവനെക്കാള്‍ അധികം. രാവണന്റെയും ലങ്കയുടെയും മര്‍മ്മം അറിയുന്ന എന്നെ അങ്ങനെ ഒഴിവാക്കാന്‍ രാജ്യതന്ത്രം അറിയുന്ന ഒരാളും പെട്ടെന്ന് തയാറാകില്ല. കാലം വരുത്തുന്ന മാറ്റങ്ങള്‍, വിഭീഷണന്‍ ചിന്തുച്ചു.
പണ്ട് അമ്മയായ കൈകിസിയുടെ കൈയില്‍ തൂങ്ങി കാട്ടിലൂടെ നടന്നിട്ടുണ്ട്, നാലു കുരുന്നുകള്‍; ജേഷ്ടന്മാരായ രാവണന്‍, കുംഭകര്‍ണ്ണന്‍,അനുജത്തി ശൂര്‍പ്പണഖ, പിന്നെ ഞാനും. കുബേര പിതാവായ വിശ്രവ്സ്സിന്‍റെ മക്കളായിരുന്നു ഞങ്ങള്‍. മഹാതപസ്സിയും ബ്രമ്മാവിന്‍റെ മാനസപുത്രനുമായ പുസ്ത്യന്റെ പുത്രനായിരുന്നു അച്ഛന്‍. അമ്മയോ, ബ്രമ്മാവിന്‍റെ വിശപ്പില്‍നിന്നും പിറന്ന ഹെലിയെന്ന യക്ഷന്‍റെ വംശത്തില്‍ പിറന്ന സുമാലിയുടെ പുത്രിയും. ഞങ്ങള്‍ എങ്ങനെ രാക്ഷസര്‍ ആയെന്നു എന്നും ഞാന്‍ അതിശയപ്പെട്ടിരുന്നു.
“അല്പ്പം നിറത്തിന്റെ കുറവേ നമുക്കുള്ളൂ, യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട നമ്മളെ, ജയിച്ചവര്‍, രാക്ഷസ്സന്‍മാരായി മുദ്രകുത്തി. അത് ബലം കൊണ്ടാണ്, ബലമാണ് ധര്‍മം”
എപ്പോഴും അമ്മ പറയുമായിരുന്നു. പക്ഷേ എനിക്കു അച്ചന്റെ വാക്കുകളായിരുന്നു മനസ്സില്‍,
“എവിടെ ധര്‍മം ഉണ്ടോ അവിടെ ജയവും ഉണ്ട്”.
എന്താണ് ഈ ധര്‍മം എന്നു പറഞ്ഞാല്‍, ഞാന്‍ പലവുരു അച്ഛനോട് ചോദിച്ചിട്ടുണ്ട് പക്ഷേ എന്നെ അത് ശരിക്കും മനസ്സിലാക്കികാന്‍ അച്ഛന് ഒരിക്കലും കഴിഞ്ഞിട്ടില്ല . ജേഷ്ടന്‍ എന്നും അമ്മയുടെ വാക്കുകളായിരുന്നു മുഖ്യം.
“രാജ്യം കൈകരുത്തില്‍ നേടണം, അതില്‍ ധര്‍മാധര്‍മങ്ങള്‍ക്ക് വലിയ സ്ഥാനം ഒന്നും ഇല്ല, നേശെ ബലസ്യേത ചരേത ധര്‍മം, ബലമാണ് ധര്‍മം , അതുകൊണ്ടു ബലം സാംബാദിക്കണം, ബ്രമ്മാവിനെ തപസ്സു ചെയ്യണം, വിശിഷ്ട വരങ്ങള്‍ സാംബാദിക്കണം” അമ്മ പറഞ്ഞു.
സാംബാദിച്ചു, ബ്രമ്മാവിനോടും, ശിവനോടും എല്ലാം . വിശിഷ്ട്ട വരങ്ങള്‍ കൈവശമുള്ള ഞങ്ങളെ മുപ്പാരിലും ആര്ക്കും തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ജേഷ്ടന്‍റെ കരബലം, അതിരുകടന്ന, ഒരു പക്ഷേ അഹന്തയോളം എത്തുന്ന, ആത്മവിശ്വാസം. പക്ഷേ അത് ഞങ്ങള്ക്ക് രാജ്യം നല്കി, സകല സുഖ സൌകര്യങ്ങളും നല്കി. പുലസ്ത്യന്റെ പൌത്രന്‍ ത്രിലോക ജേതാവായി, ഞങ്ങള്‍ അസുരന്മാര്‍ ത്രിലോക നായകന്മാര്‍ ആയി.
എങ്കിലും ജാനകിയെ ബലമായി ലങ്കയില്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നോ ? അത് ജേഷ്ടന്‍റെ ഒരു വാശിയായിരുന്നു, ആര്ക്കും എതൃക്കാന്‍ പറ്റാത്ത വാശി. ആ വാശി രാക്ഷസ കുലത്തിന്റെ വേര് അറുത്തേക്കുമെന്ന് ഞാന്‍ ഭയന്നു. ഘോര യുദ്ധങ്ങള്‍ക്കൊടുവില്‍ കൈവന്ന രാജ്യ സൌഭാഗ്യം ബുദ്ധി മോശംകൊണ്ടു കൈവിട്ടു കളയരുതെന്ന് ഞാന്‍ പലവുരു പറഞ്ഞു നോക്കി . ശമവും രാജ്യതന്ത്രമാണ്, ശമം വേണ്ടിടത്ത് ശമം വേണം.
ഞാന്‍ രാജ്യം മോഹിച്ചിരുന്നോ? ഉണ്ടെന്നോ ഇല്ലാന്നോ പറയാന്‍ എനിക്കു കഴിയുകയില്ല. ചെറുപ്പത്തില്‍ ഒരിക്കല്‍ അമ്മയോട് പറയുന്നത് കേട്ടപ്പോള്‍ ഒരു ചെറിയ മോഹം എന്നില്‍ മുളപ്പൊട്ടിയെന്നത് സത്യമാണ്.
“കൈകസി, നമ്മുടെ മക്കളില്‍ രജോഗുണം കൂടിയത് വിഭീഷണനാണ്, അവനാണ് നമ്മുടെ കുലത്തെ മുന്നോട്ട് നയിക്കാന്‍ യോഗ്യന്‍ “
അമ്മ പ്രതിഷേധിച്ചു, രാവണന്റെ ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ചു അച്ഛന്‍ പിന്നെ ഒന്നും പറഞ്ഞില്ല. പക്ഷേ അന്ന് മുതല്‍ ഞാന്‍ ഭാവനയില്‍ പലപ്പോഴും രാജാവായി എന്നത് നേര്.
ഇന്നലത്തെ രാജസദസ്സ് നിര്‍ണായകമായിരുന്നു. വളരെ പെട്ടെന്ന് വിളിച്ചുചേര്‍ത്തതായിരുന്നു. വിരൂപാക്ഷന്‍, ശുപാര്‍ശന്‍, കുംഭകര്‍ണ്ണന്‍ , നികുംഭന്‍, ഇന്ദ്രജിത്ത്, അതികായന്‍, അമാത്യന്മാരായ മാലി, സുമാലി എല്ലാവരും പങ്കെടുത്തു. ശത്രുവിന്റെ പടയൊരുക്കവും നമ്മുടെ തന്ത്രങ്ങളുമായിരുന്നു ചര്‍ച്ചാവിഷയം. നികുംഭന്‍ പറഞ്ഞു
“അതാ ആ സുവര്‍ണ്ണ താഴികക്കുടം ഏത് നിമിഷവും ഒടിഞ്ഞു വീഴാം ഒരു കുരങ്ങച്ചന്‍ അതിന്റെ കടക്കല്‍ തീവച്ചു എന്നാണ് കഥ. ദേവമാനവ-യക്ഷ-കിന്നര ലോകങ്ങളില്‍ രാവണന്റെ പട നയിച്ച പ്രഹസ്തനോട് ഒന്നു ചോദിക്കട്ടെ പോരാളിയുടെ ലക്ഷ്യശുദ്ധിയും യുദ്ധതന്ത്രംപോലെ പ്രധാനപ്പെട്ടതല്ലേ”
ഞാന്‍ പറഞ്ഞു “പരദാരങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധം ലങ്കക്ക് എങ്ങനെ ശുദ്ധിയുള്ളതാകും രാമനെ നേരിടാന്‍ എനിക്കു ശക്തിയില്ല.”
“വിഭീഷണന്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു പക്ഷേ ഈ ആപത്തുകാലത്ത് ജേഷ്ടനെ വിട്ടുപോകാന്‍ ഞാന്‍ ആളല്ല എന്റെ ഈ ശരീരവും കൈക്കരുത്തും ജേഷ്ടനുള്ളതാണ് അത് തീരുവോളം ഞാന്‍ ആരോടും യുദ്ധം ചെയ്യും” ഇത്രയും പറഞ്ഞു കുംഭകര്‍ണ്ണന്‍ സഭവിട്ടു പോയി.
രാവണന്‍ പറഞ്ഞു " വിഭീഷനാ ഭീരു നീ ആരെ പിരിയുന്നു ? നിനക്കു കീര്‍ത്തി നേടിത്തന്ന എന്നെയോ ? ഉറ്റവരായ നിന്റെ ജനത്തിനെയോ ? നിന്റെ വംശത്തെയോ?
നിന്നെ ജീവനോടെ പോകാന്‍ ഞാന്‍ അനുവദിച്ചിരിക്കുന്നു, നമ്മുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കില്‍ ഇങ്ങനെയല്ല സംഭവിക്കുക”
സഭയില്‍ നിന്നു ആക്രോശങ്ങളും നീചന്‍, നീചന്‍ എന്ന വിളി ഒരുവശത്ത് , അവനെ വിടരുത് ആ രാജ്യ മോഹിയെ എന്നു മറുവശത്ത്, വിഭീഷണന് തലകുനിച്ചു ഇറങ്ങി നടന്നു.
ലങ്കേശാ, ഇതാ നാം രാമ സൈന്യത്തിന്റെ അടുത്തെത്തി, അമാത്യന്മാരില് ഒരാള്‍ പറഞ്ഞു. ഞാനോ ലങ്കേശനോ? വിഭീഷണന്‍ ഞെട്ടിയുണര്‍ന്നു.
നേരം അര്ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.
No comments:
Post a Comment