Friday, 16 December 2011

ചിരംജ്ജീവികള് തുടരുന്നു.. വിഭീഷണന് (അദ്ധ്യായം 1)

അസ്തമയ സൂര്യന്പടിഞ്ഞാറെ കടലിലേക്ക് ചാഞ്ഞു. അരുണന്റെ ചെങ്കതിരുകള്‍ത്തട്ടി ലങ്കയുടെ മുഖം ചുവന്നു തുടുത്തു. ലങ്കാ ലക്ഷ്മിയുടെ മുഖത്തെ കറുത്ത പാടുകള്‍ പോലെ, അവിടവിടെ, കത്തിയമര്‍ന്ന വീടുകളും മണിമേടകളും ഏതോ ദുരന്തത്തിന്റെ ബാക്കി പത്രം കണക്കെ കാണായി.. പടയൊരുക്കം നടത്തുന്ന രാക്ഷസ വീരന്മാരുടെ അട്ടഹാസം ദൂരെ കൈനിലയങ്ങളില്‍നിന്നും മുഴങ്ങി കേള്‍ക്കായി.
കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍, വിജനതയിലേക്ക് നോക്കി ലങ്കേശന്നിന്നു. അസ്തമയ സൂര്യ പ്രഭായേറ്റ ദശമുഖന്‍ മറ്റൊരു സൂര്യനെപ്പോലെ തിളങ്ങി. ശത്രുവിന്റെ പട നീക്കത്തെകുറിച്ചു ചാരന്മാര്‍ നല്കിയ വിവരം അനുസരിച്ച് വാനര സേന ചിറ കെട്ടിക്കഴിഞ്ഞു. ഏത് നിമിഷവും ഒരു പട നീക്കം പ്രതീക്ഷിക്കാം. ത്രിലോക ജേതാവായ രാവണന് യുദ്ധം ഒരു പ്രശ്നമല്ല. ദേവ ദാനവ ഗന്ധര്‍വന്‍മാരില്‍നിന്നും താന്‍, ബ്രഹ്മവരത്താല്‍, അവദ്ഥ്യനാണ്. കൃമികളായ മനുഷ്യരെ തനിക്ക് ഒരു ഭയവും ഇല്ല. തന്നെ കൊല്ലാന്‍ കെല്‍പ്പുള്ള ഒരു മന്‍ഷ്യന്‍ ജനിച്ചിട്ടുണ്ടോ? കേട്ടിടത്തോളം രാമന്‍ അത്ര നിസ്സാരന്‍ അല്ല, തന്നെ വരെ തോല്‍പ്പിച്ച ബാലിയുടെ അനുജന്‍ സുഗ്രീവനും മറ്റ് വാനര വീരന്മാരും കൂടെയും ഉണ്ട്. ഒന്നു കരുതുക തന്നെ വേണം.
പക്ഷേ തന്നെ കീറിമുറിക്കുന്ന പ്രശ്നം അതൊന്നുമല്ല ഇന്നലെവരെ തന്റെ ഒപ്പം നിന്ന പ്രിയ അനുജന്‍ വിഭീഷണനാണ് ഇന്നെന്റെ ദുഖത്തിന്റെ ഹേതു. ഇന്നുവരെയും തന്നെ എതിര്‍ത്തിട്ടില്ലാത്തവന്‍ ഇന്നലെ രാജസഭയില്‍ തന്നെ പരസ്യമായി ആക്ഷേപിച്ചു. കാമവേറി പൂണ്ടു മറ്റൊരാളുടെ ഭാര്യയെ മോഷ്ടിച്ചവനെന്നും, രാക്ഷസ കുലത്തെ മുടിക്കാന്‍ ജനിച്ചവനെന്നും ആക്ഷേപിച്ചു. അതെല്ലാം ഞാന്‍ ക്ഷമിച്ചു, പക്ഷേ, ഇന്ന് ചാരന്മാര്‍ നല്കിയ വിവരം അനുസരിച്ച് അവന്‍, ആ കുലദ്രോഹി, ശത്രുവിന്റെ അടുത്തു അഭയം ചോദിച്ചു ചെന്നിരിക്കുന്നു. അവനെന്നും രാജ്യ മോഹം ഉണ്ടായിരുന്നുവെന്ന് എനിക്കു അറിയാമായിരുന്നു. പക്ഷേ അത് ഇത്രത്തോളം എത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
തനിക്ക് പര സ്ത്രീയെ മോഷ്ടിക്കേണ്ട ആവശ്യം ഇല്ലെന്ന് അവന് നന്നായി അറിയുന്നതാണ്. യക്ഷ കിന്നര ഗന്ധര്‍വ സുന്ദരികള്‍ നൂറുകണക്കിന് തന്റെ അന്തപുരത്തില്‍ ഉണ്ട്. അതില്‍ ആരെയും താന്‍ ബലമായി കൊണ്ടുവന്നതല്ല. ത്രിലോക ജേതാവായ ദശമുഖന് ഒരു ചെറു കടക്കണ്ണ് മതി. സുന്ദരികള്‍ സ്വമേധയാ വന്നു ചേരാന്‍. അല്ലെങ്കില്‍ത്തന്നെ സീതയെ തന്റെ അശോകവനത്തില്‍ ഒരു കൊല്ലം താമസിപ്പിച്ചിട്ടും അവളുടെ ദേഹത്ത് ഒന്നു സ്പര്‍ശിക്കാന്‍ പോലും താന്‍ തയാറാകാത്തതെന്തേ ? അന്ന് രക്തത്തില്‍ കുളിച്ച്, പൂത്തുനില്‍ക്കുന്ന മുരിക്കുമരം പോലെ സഭയില്‍ എത്തിയ കുഞ്ഞനുജത്തിയെ കണ്ടപ്പോള്‍ പ്രതികാരത്തിനുവേണ്ടി അലറിയവരുടെ കൂടെ ഈ വിഭീഷണനും ഉണ്ടായിരുന്നല്ലോ.
ഒരു നെടു നിശ്വാസം രാവണില്‍നിന്നും ഉയര്‍ന്നു, ആ കണ്ണുകള്‍ പതിയെ അടഞ്ഞു. ഏതോ ഓര്‍മയുടെ ഓളങ്ങളിലേക്ക്  അദ്ദേഹം വീണു.
ചിത്രകൂടാചലത്തിന്റെ  താഴ്വരയിലെ ഒരു ഫാല്‍ഗുനമാസ രാത്രി. നിശാഗന്ധിയുടെ മാദക ഗന്ധം എങ്ങും നിറഞ്ഞുനിന്നു. ശൂര്‍പ്പണഖയെന്ന സുന്ദരി കാനന സൌന്ദര്യം നുകര്‍ന്നു പതുക്കെ നടന്നു. അകലെ ഒരു മരകൊമ്പു ഒടിയുന്ന ശബ്ദം കേട്ടു അവള്‍ ന്ടുങ്ങി. വല്ല വന്യ മൃഗങ്ങളോ മറ്റോ ? അവള് സംശയിച്ചു നിന്നു. ഇല്ല, ഒരു മനുഷ്യന്റെ കാലടിശബ്ദം ആണ്. പെട്ടെന്ന് ഒരു പുരുഷ കേസരി അവളുടെ മുന്പില്‍ പ്രത്യക്ഷപ്പെട്ടു. ജടാധാരിയാണ്, പക്ഷേ ആയുധധാരിയുമാണ്. അഭ്യാസ തിളക്കം കൊണ്ട് വടിവോത്ത ദേഹം. മുഖകാന്തി കണ്ടാല്‍ ഒരു ദേവകുമാരന്‍ തന്നെ. അവള്‍ സ്ഥബ്ദയായി, ആ കുമാരന്റെ മുഖത്തേക്ക് നിര്‍നിമേഷയായി നോക്കി നിന്നു. ആ കുമാരനും അവളെത്തന്നേ നോക്കി ഒന്നു മന്ദഹസിച്ചു, എന്നിട്ട് ചോദിച്ചു.       
“സുന്ദരി നീ ആരാണ്, ആരുടെയാണ്, ഈ അസമയത്ത് ഈ വനത്തില്‍ ഒറ്റക്ക് നില്ക്കുന്ന നീ വല്ല ദേവകന്യകയുമാണോ? ഈ കാനനത്തിന്റെ നടുവില്‍ സുഗന്ധപൂരിതമായ ഈ അന്തരീക്ഷത്തില്‍ ഏത് യോഗിയുടെയും മനം മയക്കുന്ന നീ എന്താണ് ചെയുന്നത്?”
 അവള്‍ ഒന്നു വിതുമ്പി, എന്നിട്ട് പറഞ്ഞു,
“ത്രിലോക ജേതാവായ അസുര ചക്രവര്‍ത്തി രാവണന്റെ അനുജത്തി ശൂര്‍പ്പണഖയാണ് ഞാന്‍, അങ്ങ് ആരാണ്? അങ്ങ് ആരാണെങ്കിലും ഞാന്‍ അങ്ങയില്‍ അനുരാഗബദ്ധയായിപ്പോയി, അങ്ങ് എന്ന വിവാഹം കഴിച്ചാലും”
യുവാവ് പറഞ്ഞു , “അയോദ്ധ്യാപതിയായ ദശരദന്റെ മകനായ രാമനാണ് ഞാന്‍, ആ നില്ക്കുന്ന എന്റെ അനുജന്‍ എനിക്കൊപ്പം പോന്നവനാണ്, അവനോടു ചോദിയ്ക്കൂ അവന്‍ ഒരു പക്ഷേ നിന്നെ കല്യാണം കഴിച്ചേക്കും”
രാമന്‍ ഗൂഢമായി ഒന്നു മന്ദഹാസിച്ചു.
അകലെ കണ്ട സുന്ദര പുരുഷന്റെ അടുത്തേക്ക് അവള്‍ നടന്നു.
എന്നിട്ട് പറഞ്ഞു , “ആര്യന്‍ ആ നില്ക്കുന്ന നിങ്ങളുടെ സഹോദരന്‍ എന്നെ ഇങ്ങോട്ട് അയച്ചതാണ്, നിങ്ങളോടു വിവാഹ അഭ്യര്‍ത്ഥന നടത്താന്‍. എന്നാല്‍ ആ മനോഹരരൂപം എന്റെ മനോമുകുരത്തില്‍ നിന്നും മാഞ്ഞു പോകുന്നില്ല. അദ്ദേഹം എന്നെ വിവാഹം കഴിക്കാന്‍ അങ്ങ് എന്നെ സഹായിച്ചാലും”
ലക്ഷ്മണന്‍ കോപം കൊണ്ട് വിറച്ചു, എന്നിട്ട് പറഞ്ഞു , “കുലടയായ സ്ത്രീയെ, ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണ് ആ നില്ക്കുന്ന മാനിനിയുണ്ടല്ലോ അവരാണ് അദേഹത്തിന്റെ ഭാര്യ”. ലക്ഷണന്‍, ദൂരെ, ഇതൊന്നും അറിയാതെ എന്തോ ചെയിതുകൊണ്ടിരുന്ന സീതയെ ചൂണ്ടി പറഞ്ഞു.
ശൂര്‍പ്പണഖയുടെ ഉള്ളില്‍ ഒരു നഷ്ടബോധം തിളച്ചു പൊങ്ങി, കോപംകൊണ്ടു അവളുടെ ശരീരം വിറച്ചു, ആസുരഭാവം അവളില്‍ അണ പൊട്ടിയൊഴുകി.
“ആഹാ, എങ്കില്‍ അവളെ ഇപ്പോള്‍ത്തന്നെ കാലപുരിക്ക് അയച്ചേക്കാം”,  അവള്‍ സീതയുടെ അടുത്തേക്ക് ഓടാന്‍ ഭാവിച്ചു. രാമന്‍ വിളിച്ചുപറഞ്ഞു “ലക്ഷ്മണാ, വിടരുതവളെ, അവള്‍ നിശാചരിയാണ്, ശൂര്‍പ്പണഖ”.
ലക്ഷ്മണന്‍ വാള്‍ എടുത്തു വീശിവെട്ടി, അവളുടെ തല രണ്ടായി പിളര്‍ക്കാന്‍. ശൂര്‍പ്പണഖ  പിന്നോട്ട് ഒന്നു ചരിഞ്ഞു, വാള്‍ അല്പ്പം ലക്ഷ്യം തെറ്റി, അവളുടെ മൂക്ക് മുറിഞ്ഞു തറയില്‍ വീണു.
എന്തോ ദുസ്വൊപ്നം കണ്ടതുപോലെ രാവണന്‍ ഞെട്ടി ഉണര്‍ന്നു.
“ഇതോ അയോദ്ധ്യാപതിയായ രാജകുമാരന്‍”, ആരോടെന്നില്ലാതെ രാവണന്‍ പതുക്കെ പറഞ്ഞു,  “അത് ഒഴിവാക്കാമായിരുന്ന ഒരു സംഭവം ആയിരുന്നു. ഒരു ചെറു ബാലികയുടെ ചാപല്യമായി അത് കണക്കാക്കമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും എലിയെ പൂച്ചയെന്നോണം തട്ടികളിക്കാതെ ആദ്യമേ തന്നെ അവളെ ഒഴിവാക്കണമായിരുന്നു, ആ തെറ്റിന് അയാള്‍ അനുഭവിച്ചില്ലെ, ഒരു വര്ഷം”
“പക്ഷേ വിഭീഷണാ, അവസരവാദിയായ നിനക്കു മാപ്പില്ല”     
  

2 comments:

  1. കൊള്ളാം സഖാവേ, ഭാരതീയപുരാണങ്ങളെയും ശാസ്ത്രത്തെയും തൊട്ടുരുമ്മിയുള്ള ഈ വരികൾ. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടവരും കാണുന്നവരും ഉള്ളപ്പോൾ അതിൽ നിന്നു വ്യത്യസ്തമായി രണ്ടെന്നു കരുതുന്ന ഇവയെ ഒന്നെന്നു മനസ്സിലാക്കാൻ താങ്കൾക്ക് ഈ ഉദ്യമത്തിലൂടെ സാധിക്കും...............

    ReplyDelete
  2. നന്ദി അജ്ഞാതനായ സുഹൂര്ത്തേ, ഭാരതീയ ചിന്തകളും ആധുനിക ഭൌതിക ശാത്രത്തിന്റെ പല നിഗമനങ്ങളും തമ്മില് ധാരാളം സമാന്തരങ്ങള് ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള് ആണ് ഞാന്, അതും ഇതിലൂടെ പറയണമെന്ന ഒരു ആഗ്രഹവും ഇതിന്റെ പിന്നില് ഉണ്ട്

    ReplyDelete