Saturday, 9 February 2019

കാലം, കാലരൂപം



ന്യുട്ടോണിയൻ ബലതന്ത്രത്തിന്റെ ഒരു അടിസ്ഥാന തത്വം, ഒരു സംഭവത്തിന്റെ തുടക്കത്തിലെ എല്ലാ വിവരങ്ങളും ലഭ്യമായാൽ സംഭവത്തിന്റെ,  ഭാവിയിലെ, എല്ലാ നിലകളെയും നമുക്ക് വിശദമാക്കാൻ കഴിയും എന്നാണ്.(എന്നാൽ ക്വാൻഡം മെക്കാനിക്സിൽ അത് അങ്ങനെയല്ലതാനും) ന്യുട്ടോണിയൻ ബലതന്ത്രത്തിലെ 'ഡിറ്റർമിനിസം' ആണ് സാധാരണ ഗതിയിൽ നാം 'വിധി' എന്ന് വിളിക്കുന്നത്. അതായത് ഏതൊന്നിനും, അതിന്റെ സ്വഭാവത്തിനനുസരിച്ചു, പൂര്വനിർണ്ണിതമായ ഒരു സ്വാഭാവിക പരിണാമം ഉണ്ട് എന്നത്.

ഇതിനു ഒരു മറുവാദവും ഉണ്ട്. വിവേകവും അറിവും ഉള്ള ജീവിവര്ഗത്തിന് വിധിയെ, സ്വപരിശ്രമംകൊണ്ടു മറികടക്കാൻ കഴിയും എന്നതാണ് അത്. ചിന്തിച്ചാൽ അതും ഭാഗീകമായെങ്കിലും ശരിയാണ് എന്ന് കാണാം. പക്ഷെ കുറെ കൂടി സൂക്ഷ്മമായി നാം നമ്മുടെ ജീവിതത്തെത്തന്നെ വീക്ഷിച്ചാൽ, അപ്രതീക്ഷിതമായ ചില തിരിച്ചിലുകൾ, ചില യാതൃശ്ചിതകൾ ആണ് നമ്മുടെ ജീവിതത്തിന്റെ ഗതിയെ നിശ്ചയമായും നിർണ്ണയിച്ചത് എന്ന് കാണാൻ കഴിയും. 

എനിക്ക് അറിയാവുന്ന ഒരു ഉദ്ദാഹരണം പറയാം. എന്റെ സുഹൃത്തുക്കളായ രണ്ടു പേരുടെ കഥയാണ്. രണ്ടുപേരുടെയും കഥ ഒരുമിച്ചു പറയുന്നതിന്റെ കാരണം, രണ്ടുപേരും സ്ത്രീകളാണ്, ഏതാണ്ട് ഒരേപോലുള്ള, എന്നല്ല, ഒരേ സംഭവം തന്നെ. രണ്ടുപേർക്കും പി ജി കഴിഞ്ഞു കോളേജിൽ അധ്യാപികമാരായി ജോലി കിട്ടി. അധ്യാപകവൃത്തി രണ്ടുപേർക്കും താൽപ്പര്യം ഇല്ലായിരുന്നു, അതുകൊണ്ടു , അന്ന് കെൽട്രോണിൽ ജോലിക്കു അപേക്ഷിച്ചു. രണ്ടുപേർക്കും ജോലി ലഭിക്കുകയും ചെയിതു. സന്തോഷം. ആയിടക്കാണ് കെൽട്രോൺ ( ആർ ആൻഡ് ഡി സി) ബി എം മെയിൻ ഫ്രെയിം കമ്പ്യൂട്ടർ വാങ്ങുന്നത്. ആദ്യ സംഘം അധ്യാപകന്മാർക്കു  ബി എം തന്നെ പരിശീലനം നൽകി. പക്ഷെ അപ്പോഴേക്കും മൈൻഫ്രെയിം ട്രൈനിങ്ങിന്റെ പോപ്പുലാരിറ്റി വളരെ കൂടി, പഠിതാക്കളുടെ എണ്ണം വളരെയധികം വർധിച്ചു. അപ്പോൾ കൂടുതൽ അധ്യാപകരുടെ ആവശ്യം ഉണ്ടായി. 'വിധി', ഞാൻ മുൻപ് പറഞ്ഞ രണ്ടുപേർക്കും നറുക്കു വീണു. പിന്നീടങ്ങോട്ട് പത്തു പതിനഞ്ചു വര്ഷം അവർ അധ്യാപികമാരായി ജോലി നോക്കി. ഒരാൾ അവിടെന്നുതന്നെ റിട്ടയർ ചെയ്തു. മറ്റെയാൾ കഷ്ട്ടിച്ചു അവിടെനിന്നും രക്ഷപെട്ടു പോന്നു. അപ്പോഴേക്കും മെയിൻ ഫ്രെയിം ട്രൈനിങ്ങിന്റെ കാലം കഴിഞ്ഞത് അവരുടെ ഭാഗ്യം. വളരെ വിവേകപൂർവം ഇഷ്ടമില്ലാത്ത ജോലി ഉപേക്ഷിച്ചുപോന്ന അവരെ വിധി പിന്തുടർന്ന് വന്നു എന്ന് സാരം.

സർവവും സൃഷ്ട്ടിക്കുന്ന കാലം, നാം എത്ര കുതറിമാറാൻ ശ്രമിച്ചാലും, അത് നമ്മെ നിശ്ചിതമായ ഒരു വഴിയിലൂടെ തന്നെ നടത്തും. ജനനവും ജീവിതവും മരണവുമെല്ലാം അങ്ങനെതന്നെ.

ഭഗവത് ഗീതയിൽ വ്യാസഭഗവാൻ ഇത് വളരെ ഭംഗിയായി വരച്ചിട്ടിരിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽനിന്നും കുതറി ഓടാൻ ശ്രമിച്ച അർജ്ജുനനനെ തന്റെ വിശ്വരൂപം കാണിച്ചു കൊടുക്കുന്നുണ്ട് കൃഷ്ണൻ. രൂപംകണ്ടു ഭയന്ന് വിറച്ച അർജ്ജുനൻ ചോദിക്കുന്നു 'അങ്ങ് ആരാണ്' എന്ന്. ഭഗവാൻ അതിനു പറയുന്ന മറുപടി:

"കാലോസ്മി ലോകക്ഷയകൃത് പ്രവർഥോ
ലോകാൻ സമാഹൃത്തുമിഹ പ്രവര്ത്ത:
ഋതേപി ത്വാം ഭവിഷ്യന്തി സർവ്വേ
യേവസ്ഥിതാഃ പ്രത്യനികേഷു യോദ്ധാ:"

കുരുക്ഷേത്രത്തിൽ അപ്പോൾ അർജ്ജുനന്റെ മുൻപിൽ നിൽക്കുന്നത് കൃഷ്ണനല്ല, സാക്ഷാൽ കാലമാണ്.

"ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലം ആകുന്നു, ഇപ്പോൾ ലോക സംഹാരകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞാൻ. നീ ഇല്ലെങ്കിലും ഇവിടെ കൂടിയിരിക്കുന്ന യോദ്ധാക്കൾ ആരും ജീവിച്ചിരിക്കുകയില്ല"

അതായത് അർജ്ജുനൻ യുദ്ധം ചെയ്താലും ഇല്ലെങ്കിലും വിധി നിര്ണയിക്കപ്പെട്ടിരിക്കുന്നു. നീ തന്നെ അത് ചെയ്യുമെന്നും തീർച്ചയാണ് എന്ന്.

യുദ്ധത്തിനായി കുരുക്ഷേത്രത്തിലേക്കു വന്ന അർജ്ജുനൻ വളരെ ധീരനായിരുന്നു. തെല്ലു അഹങ്കാരവും ഉണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അപ്പോൾ കൃഷ്ണൻ വെറും ഒരു തേരാളി. കാറിന്റെ പിൻസീറ്റിൽ ഇരുന്നു തന്റെ ഡ്രൈവർക്കു നിർദ്ദേശം കൊടുക്കുന്ന അതെ ലാഘവത്തോടെയായിരുന്നു അദ്ദേഹം കൃഷ്ണന് നിർദ്ദേശം നൽകിയിയത്

"സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ്മെ അച്യുതാ"

'രഥത്തെ രണ്ടു സൈന്യങ്ങളുടെയും മദ്ധ്യേ കൊണ്ടുപോയി നിര്ത്തു അച്യുതാ, ഞാൻ നല്ലവണ്ണം ഒന്ന് കാണട്ടെ'.

സൈന്യങ്ങളുടെയും മദ്ധ്യേ രഥം നിറുത്തി, കൃഷ്ണൻ തേർത്തട്ടിൽ എഴുന്നേറ്റുനിന്നു രണ്ടു സൈന്യങ്ങളെയും നല്ലവണ്ണം ഒന്ന് വീക്ഷിക്കുന്നുണ്ട്. നിൽപ്പിന്റെ  അർദ്ധം അപ്പോൾ ഭീക്ഷ്മർക്ക് മാത്രമേ മനസ്സിലായുള്ളു. ശരശയ്യയിൽ കിടക്കുന്ന ഭീക്ഷമരേ കാണാൻ കൃഷ്ണനും യുധിഷ്ഠിരനും പിന്നീട് പോകുന്നുണ്ട്. അപ്പോൾ ഭീക്ഷ്മർ തന്നെ അത് പറയുന്നുമുണ്ട്.

"സപതി സഖീവചോ നിശമ്യ മദ്ധ്യേ
നിജപരയോർബ്ബലയോ രഥം നിവേശ്യ
സ്ഥിതവതി പാരസൈനികായുര്ർക്ഷണാ
ഹൃദവതി പാർഥസഖേ രതീര്മാസ്തു"

'അർജ്ജുനന്റെ ആവശ്യപ്രകാരം നിന്തിരുവടി ഇരു സൈന്യത്തിന്റെയും മധ്യത്തായി രഥം നിറുത്തിയിട്ട്, സൈന്യങ്ങളുടെ എല്ലാം ആയുസ്സു സ്വദൃഷ്ടികൊണ്ട് ഹരിക്കുകയായിരുന്നില്ലേ?'

കാലപുരുഷന്റെ വായിലേക്ക് ധൃതരാഷ്ട്ര പുത്രന്മാരും, ഭീക്ഷ്മ-ദ്രോണ-കർണ മഹാരഥന്മാരും ബാക്കി എല്ലാ രാജാക്കളും യോദ്ധാക്കളും ദ്രുതഗതിയിൽ ഒഴികിയെത്തുന്നതാണ് അർജ്ജുനൻ കണ്ടത്. മാത്രമോ എല്ലാ ദേവഗണങ്ങളും, രുദ്രന്മാരും, ആദിത്യന്മാരും ഗന്ധർവരും, അസുരന്മാരും , എന്തിനധികം ത്രിമൂർത്തികൾപോലും കാലപുരുഷനിൽ ലയിക്കുന്നു.

പക്ഷെ കാഴ്ചകാണാൻ സാധാരണ കണ്ണുകൾ പോരാ. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത്

"ദിവ്യം ദദാമി ദി ചക്ഷു: പശ്യ മേ യോഗമയ്ശ്വര്യം"

ദിവ്യ ചക്ഷുസ്സു തന്നെ വേണം പ്രപഞ്ച കാല രൂപം കാണാൻ.

No comments:

Post a Comment