Thursday, 18 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (11- തുടര്ച്ച)


എന്താണു ബോധം? ഏറ്റവും ലളിതമായി ചിന്തിച്ചാൽ താൻ ഉണ്ട് എന്നുള്ള അവബോധത്തോടൊപ്പം മറ്റുള്ളതും ഉണ്ട് എന്ന അറിവാണ്. ജൈവ പ്രകൃതിയിൽ ഏറ്റവും ഉയര്ന്ന തലത്തിൽ അത് മനുഷ്യനിൽ നിലനിൽക്കുമ്പോൾ, അളവിലും ഗുണത്തിലും അൽപ്പീഭവിചു,   താഴോട്ടു താഴോട്ടു, ഏകകോശ ജീവിവരെയോ അതിലും താഴേക്കോ, അത് പോകുന്നത് കാണാൻ കഴിയും. മനുഷ്യനിൽ അത് അവബോധമെന്നു നാം പറയുമ്പോൾ, ഒരു ഉറുമ്പിലോ, അതോപോലുള്ള ജീവികളിൽ ജന്മവാസന, സഹജവാസന എന്നൊക്കെ നാം അതിനെ വിളിക്കുന്നു. ഇനി അതിലും താഴേക്കു ഒരു സെല്ലിന്റെ തലത്തിലേക്ക് എത്തുമ്പോൾ നാം അതിനെ ഒരു യാന്ത്രിക പ്രവര്ത്തനമെന്നു വിളിക്കുന്നു.

എന്തായാലും, അത് നിർമിക്കപ്പെടുന്നത് ‘സ്വയമായും’ ‘അങ്ങോട്ടും-ഇങ്ങോട്ടു’മുള്ള ഒരു പാരസ്പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. (Self and mutual interaction). ക്ലാസ്സിക്കൽ ഫിസിക്സിന്റെ ഭാഷയിൽ ഇത്തരം പാരസ്പര്യങ്ങൾ എല്ലാം ഒരുതരം ബലമാണ്‌ (ഫോർസ്‌), ഉദ്ദാഹരണമായി വൈദ്യുത-കാന്തിക ബലം, ഗുരുത്വ ബലം (Gravity Force), തീവ്ര ആറ്റമിക് ബലം (strong Nuclear Force), നേർത്ത ആറ്റമിക് ബലം (Weak Nuclear Force) എന്നിങ്ങനെ. ഇവയാണ് പ്രപഞ്ചത്തിലെ അടിസ്ഥാന ബലം എന്നാണു നാം മനസ്സിലാക്കുന്നത്. ഇവയെ എല്ലാം ഒരു സമവാക്യത്തിനുള്ളിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. നാം അറിയുന്ന ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത്തരം പാരസ്പര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണാൻ കഴിയും.

ക്വാണ്ടം ഫീല്ഡ് തിയറിയിൽ എല്ലാത്തരം പാരസ്പര്യങ്ങളും ബലം (ഫോർസ്‌) ആയല്ല മറിച്ചു ഏതെങ്കിലും ഒരു കണികയുടെ പരസ്പര കൈമാറ്റം ആയിട്ടാണ് കണക്കാക്കുന്നത്. സാധാരണഗതിയിൽ ഒരു ഫോട്ടോൺ ആയിരിക്കും, മറ്റു പലപ്പോൾ ഒരു സാങ്കല്പ്പിത ഫൊട്ടൊണും (virtual photon).  

സബ് അറ്റൊമിക് തലത്തിലും (ക്വാണ്ടം എലെക്ട്രോ ഡയ്നമിക്സ്) ഇത്തരം പാരസ്പ്പര്യങ്ങൾ നിലനില്ക്കുന്നുണ്ട്. ഉദ്ദാഹരണമായി ഒരു എലെക്ട്രോൺ എല്ലായിപ്പോഴും ഒരു സാങ്കല്പ്പിക ഫോട്ടോൺ (virtual photon) വികിരണം ചെയ്യുകയും ഒരു പ്ലാങ്ക് സമയത്തിനുള്ളിൽ അത് തിരിച്ചു ആഗീരണം ചെയ്യുകയും ചെയ്യുന്നു. (1.6 x 10^-35 മീറ്റർ ആണു ഒരു പ്ലാങ്ക് ദൂരം. അത്രയും ദൂരം പ്രകാശം സഞ്ചരിക്കാൻ എടുക്കുന്ന സമയമാണ് പ്ലാങ്ക് സമയം). ഈ പ്രവര്ത്തി സ്വയം പാരസ്പ്പര്യം ചെയ്യലാണ് (self-interaction). ഒരു പരസ്പര പാരസ്പ്പര്യത്തിൽ (mutual Interaction) എലെക്ട്രോൺ വികിരണം ചെയ്യുന്നത് ഒരു യധാര്ത്ത ഫോട്ടോൺ ആയിരിക്കും മറ്റൊരു സബ് ആറ്റമിക് കണിക (സാധാരണഗതിയിൽ ഒരു പ്രോട്ടോൺ) അത് ആഗീരണം ചെയ്യുകയും ചെയ്യും ഒപ്പം വേറൊരു കണികയെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ പ്രപഞ്ചത്തിൽ, സബ് ആറ്റമിക് ലോകത്തിൽ, നിരന്തരം നടക്കുന്ന ഒരു പ്രക്രിയ ആണിത്, നിരന്തര സൃഷ്ട്ടിയും സംഹാരവും.

ശാസ്ത്രീയ ഭൗതികവാദത്തിൽ (Scientific materialism), ബോധം എന്നത് തലച്ചോർ എന്ന ബയോളജിക്കൽ കണക്കുകൂട്ടൽ യന്ത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉല്പ്പന്നം മാത്രമാണ്. ഇതാവട്ടെ ഏതാണ്ട് അന്പതുകോടി കൊല്ലങ്ങല്കൊണ്ട് പ്രകൃതി നിര്ധാരനത്തിലൂടെ കൈവരിച്ച ഒരു കഴിവുമാത്രമാണ്. പാശ്ചാത്യ ശരീര ശാസ്ത്രത്തിൽ, മനസ്സിന്റെ പ്രവര്ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് ബോധം. അത് ഉയര്ന്ന ജീവി വർഗ്ഗങ്ങളിൽ മാത്രം നിലനില്ക്കുന്നു. മനുഷ്യൻ കഴിഞ്ഞാൽ ഒരുപക്ഷെ, ബോധം എന്ന അവസ്ഥ, ചിമ്പാൻസികളിൽ മാത്രം കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്.   മനസ്സാവട്ടെ തലച്ചോറിൽ നടക്കുന്ന എലെക്ട്രോ കെമിക്കൽ പ്രവർത്തനങ്ങളിലൂടെ, തലച്ചോറിലെ സിനാപ്റ്റിക് കേന്ദ്രങ്ങളിൽ നടക്കുന്ന കണക്കുകൂട്ടലുകളിലൂടെ ഉണ്ടാവുന്ന ഒരു അഭൌതിക പ്രതിഭാസവും.

സാമാന്യ ബുദ്ധി വച്ച് അങ്ങനെയൊക്കെ ചിന്തിക്കാനുള്ള തെളിവുകളും ദൈനംദിന ജീവിതത്തിൽ നമ്മുടെ മുന്നിൽ ഉണ്ട്.  അമിതമായി മദ്യം കഴിക്കുന്ന ഒരാൾക്ക്‌ കൃത്യമായി ചിന്തിക്കാൻ കഴിയാത്തത് നല്ലൊരു ഉദ്ദാഹരണമാണു. നമുക്ക് ആളുകളുടെ തലച്ചോറിലെ വൈദ്യുത പ്രവർത്തനങ്ങളെ അളക്കാൻ കഴിയും, തലച്ചോറിലെ വിവിധ ഭാഗങ്ങളുടെ പ്രവര്ത്തനങ്ങളും തത്തുല്യമായ ശാരീരിക പ്രവർത്തനങ്ങളുമായി നമുക്ക് താരതമ്യ പഠനം നടത്താൻ കഴിയും. തലച്ചോറിൻറെ വിവിധ കേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് അതിന്റെ പ്രതികരണങ്ങളെ നമുക്ക് പഠിക്കാൻ കഴിയും, തലച്ചോറിൻറെ ചില ഭാഗങ്ങളെ വേര്പെടുത്തി നിറുത്തി അതിന്റെ പ്രത്യാഘാതം പഠിക്കാൻ കഴിയും. ഈ തെളിവുകളെല്ലാം തലച്ചോറും ചിന്തയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തെളിയിക്കുന്ന ഒന്നാണ്. എന്നാൽ ഇതെല്ലാം, തലച്ചോർ തന്നെയാണു ഇവയെല്ലാം ഉത്പാദിപ്പിക്കുന്നെതിലുള്ള യധാര്ത്ത തെളിവുകൾ ആവുന്നുണ്ടോ? നിങ്ങൾ ഒരാളുടെ സംസാരം ശ്രദ്ധിക്കുമ്പോൾ നിങ്ങളുടെ തലച്ചോറിൻറെ 'റ്റെമ്പൊരൽ ലോബ്' എന്ന സ്ഥാനത്തു   ഒരു എലെക്ട്രോ കെമിക്കൽ പ്രവര്ത്തനം അളക്കാൻ കഴിയും. അതിനര്ധം നിങ്ങളുടെ റ്റെമ്പൊരൽ ലോബ് ആണ് ആ ശബ്ദം നിര്മിക്കുന്നത് എന്നാണോ ? ഒരിക്കലുമല്ല. അത് ഒരു ആപേക്ഷിത ബന്ധം മാത്രമേ ആവുന്നുള്ളൂ, കാര്യകാരണബന്ധം ആവുന്നില്ല. ടെലിവിഷനും റേഡിയോയും പ്രവർത്തിക്കുന്നുണ്ടല്ലോ, നാം കാണുന്ന അഥവാ കേൾക്കുന്ന അതിന്റെ ഉള്ളടക്കം സൃഷ്ട്ടിക്കപ്പെടുന്നത് മറ്റെവിടെയോ ആണല്ലൊ. ടെലിവിഷനിൽ ആണെങ്കിലും, റ്റെലെഫൊണിൽ ആണെങ്കിലും അതിന്റെ ഉള്ളിലെ വൈദ്യത പ്രവർത്തനങ്ങളെ നമുക്ക് അളക്കാനും കഴിയുന്നുണ്ടല്ലോ.   

ഇരുപത്തി അഞ്ചോ അൻപതോ കൊല്ലങ്ങൽക്കകം ബോധപൂർവം ചിന്തിക്കുന്ന കമ്പ്യൂട്ടറുകൾ നിർമിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

എന്നാൽ ഈ പ്രതീക്ഷകളും പ്രവചനങ്ങളും എത്രമാത്രം യാധാര്ത്യമായി ചേർന്ന് പോകും എന്ന് ചില കണക്കുകൂട്ടലുകളും നടത്തിയിട്ടുണ്ട്. ഇന്നത്തെ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപരവും സ്മൂലവുമായ മാറ്റം സംഭാവിക്കാത്തിടത്തോളം അത് കഴിയുമെന്നു ആരും പ്രതീക്ഷിക്കുന്നില്ല. 

ഒരുപക്ഷെ മനുഷ്യന്റെ തലച്ചോറിനെ അതേപടി അനുകരിക്കുന്ന ഒരു കംപ്യുട്ടർ നിര്മിച്ചുവെന്നിരിക്കട്ടെ, അത് ഇന്ന് ലോകത്തിൽ നിലവിലുള്ള ഏറ്റവും ശക്ത്തിയുള്ള സൂപ്പർ കമ്പ്യൂട്ടറിനേക്കാൾ 20,000 മടങ്ങ്‌ ശക്ത്തിയുള്ളതായിരിക്കണം ലോകത്തെ മൊത്തം ഇന്റർനെറ്റ്‌ വിവരങ്ങൾ സംഭരിച്ചിരിക്കുന്നതിന്റെ 5000 മടങ്ങ് സംഭരണശേഷി അതിനുണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞത്‌ ഒരു 100 കോടി വാട്ട് ഊര്ജ്ജം വേണ്ടിവരും അതിന്. അത്തരം ഒരു കമ്പ്യൂട്ടർ പ്രവര്ത്തിക്കുംപോഴുണ്ടാവുന്ന ചൂട് തണുപ്പിക്കാൻ നൈൽ നദിയിലെ അത്ര വെള്ളം വേണ്ടിവരും. 

എന്നാൽ ഒരാളുടെ തലച്ചോർ വെറും 20 വാട്ട് ഊര്ജ്ജം കൊണ്ട് പ്രവര്ത്തിക്കുന്നു. തീര്ത്തും നിസ്സാരമായ ചൂട് മാത്രമാണ് അത് ഉല്പ്പാദിപ്പിക്കുന്നത്. എന്നാൽ അതിന്റെ ഉൽപ്പന്നമോ, ലോകത്തിലെ ഒരു കമ്പ്യൂട്ടറിനും കഴിയാത്ത നിലയിലുള്ളതും. 

ബോധം സൃഷ്ട്ടിക്കുന്നത് നമ്മുടെ തലച്ചോർ ആണെന്നുള്ള ഭൌതികവാദ കാഴ്ചപ്പാട് തീര്ച്ചയായും സാമാന്യം ഭേദപ്പെട്ട ഒരു മോഡൽ ആണ്. വസ്തുക്കൾ സ്ഥലത്തിലൂടെ സഞ്ചരിക്കുന്നതിനെ ന്യൂട്ടൊണിയൻ ഭൌതിക ശാസ്ത്രം എത്രമാത്രം ഭേദപ്പെട്ട രീതിയിൽ വിശ്ദീകരിച്ചുവോ അങ്ങനെതന്നെ ഇതും പ്രയോജനകരമാണ്. എന്നാൽ പ്രകാശവേഗത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെ നിര്വചിക്കാൻ അത് പര്യാപ്ത്തമല്ല എന്ന് കണ്ടതുകൊണ്ടാണ് പുതിയൊരു ശാസ്ത്രീയ വിശദീകരണത്തിനു പ്രചോദനം ഉണ്ടായത്.  അതുപോലെ ബോധത്തിന്റെ വിവിധ വശങ്ങളെ ഫലപ്രദമായി നിര്വചിക്കാൻ ഈ മോഡൽ മതിയാവില്ല എന്നാണു ഇന്ന് നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

വിശാലമായ ഒരു കാഴ്ചപ്പാടിലൂടെ പരിശോധിച്ചാൽ ബോധത്തെ മൂന്നു നിലയിൽ മനുഷ്യൻ നിര്വചിക്കാൻ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.

ഒന്ന്, മുൻപ് പറഞ്ഞതുപോലെ ശാസ്ത്രീയ ഭൗതികവാദത്തിന്റെ കാഴ്ചപ്പാട്. അതായത് പരിണാമത്തിന്റെയും പ്രകൃതി നിർധാരണത്തിന്റെയും ഫലമായി തലച്ചോറിൽ നിന്നുണ്ടാവുന്ന ഒരു ഉല്പ്പന്നം.

രണ്ട്, ബോധമാണ് അടിസ്ഥാന സത്യം, മറ്റുള്ളവയൊക്കെ അതിന്റെ പല അവസ്ഥാന്തരങ്ങൾ ആണ് എന്നുള്ള പൊതുവെ മതങ്ങളുടെയും ആശയവാദത്തിന്റെയും, വേദാന്തം പോലുള്ള ദർശനങ്ങളുടെയും നിലപാട്.

മൂന്ന്, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ സ്ഥല-കാല സാകല്യ   ചട്ടക്കൂടിന്റെതന്നെ (fabric of space-time) പ്രധാന ഭാഗം. ‘വൈറ്റ്ഹെഡ്’ 1929-ഇൽ നിര്ദ്ദേശിച്ചു. പിന്നീട് റോജർ പെൻറോസ്, സ്റ്റുവെർറ്റ് ഹാമരൊഫ്ഫ് തുടങ്ങിയർ ഗണിത ശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും പിന്ബലത്തോടെ അവതരിപ്പിക്കുകയും ചെയ്ത 'Orch OR' (orchestrated objective reduction) തിയറി.

ഈ തിയറി പ്രകാരം, പ്രപഞ്ചത്തിൽ ബോധത്തിന്റെ മുൻഗാമികളായകണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്തരം ഘടകങ്ങൾ ഇന്നത്തെ നമ്മുടെ ഭൌതിക ശാസ്ത്രത്തിനു വഴങ്ങുന്നവയല്ല. പെൻറോസ് ഈ പ്രശനത്തെ ക്വാണ്ടം മെക്കാനിക്സിന്റെ അപര്യാപ്ത്തത (incompleteness) എന്ന് കരുതുന്ന measurement problem, എന്ന തലത്തിൽ നിന്നാണു കാണാൻ ശ്രമിക്കുന്നത്. ഈ പ്രശ്നത്തെ മറികടക്കണമെങ്കിൽ വസ്തുനിഷ്ട്ടമായ ഒരു സ്റ്റേറ്റ് റിഡക്ഷൻ (wave function collapse) എന്ന ഒരു പുതിയ ആശയം വേണമെന്ന് വാദിക്കുന്നു. ക്വാണ്ടം മെക്കാനിക്സിന്റെ കാഴ്ചപ്പാടിൽ എല്ലാം നമുക്ക് ഒരു തരംഗ നിലയിൽ സങ്കല്പ്പിക്കാവുന്നതാണ്. എല്ലാ അവസ്ഥകളുടെയും സാധ്യതകൾ അടങ്ങിയ ഒരു തരംഗം, ഇതാണു Schrodinger’s wave function. ക്ലാസിക്കൽ രൂപത്തിലുള്ള ഒരു പ്രത്യക നിലയിലേക്ക് (State) ഇത് എത്തുന്നത് ഇതിനെ നിരീക്ഷിക്കുന്ന സമയത്തുമാത്രമാണ് (ഇവിടെയാണ്‌ ഒരു നിരീക്ഷകന്റെ ആവശ്യകതയും പ്രത്യേക സ്ഥാനവും വരുന്നത്). ഇതാണു വേവ് ഫങ്ക്ഷൻ കൊളാപ്സ് എന്ന് പറയുന്നത് (state reduction), ഇതാണു ക്വാണ്ടം ഡി കൊഹെരെൻസ്‌, ഒരു ക്വാണ്ടം നിലയെ ക്ലാസ്സിക്കൽ നിലയിലേക്ക് ഉയര്ത്തുകയാണ് ഡി കൊഹെരന്സിന്റെ ജോലി. തലച്ചോറിലെ മൈക്രോട്യുബുല്സിൽ നടക്കുന്ന ഇത്തരം ഡികൊഹരെൻസുകളാണു ബോധം സ്രുഷ്ട്ടിക്കുന്നതെന്നാണു ഈ തിയറിയുടെ കാതൽ. 

പ്രസിദ്ധ ന്യുറോ സയന്റിസ്റ്റ് വി രാമചന്ദ്രൻ തന്റെ 'ദി എമെര്ജിംഗ്  മൈൻഡ് ' എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

"അതുകൊണ്ട്, 'ഞാൻ' എന്നതിന്റെ ഒരു ഉത്തരം ന്യുറോ സയന്സിന്റെ ഭാഷയിൽ കണ്ടുപിടിക്കാൻ മൂന്നു വഴികളാണ് ഞാൻ കാണുന്നത്.

ഒന്ന്: ഒരുപക്ഷെ നേരിട്ടുള്ള ഒരു ഉത്തരം ഉണ്ടായിരിക്കാം. ആർക്കിമിഡീസിന്റെ 'യൂറേക്കാ' രീതിയിലുള്ള ഒരു ഉത്തരം. പാരമ്പര്യം എന്ന പ്രഹേളികക്ക് ഡി എൻ എ നല്ക്കിയതുപോലുള്ള ഒരു ഉത്തരം. പക്ഷെ അത് അസാധ്യമായെക്കാം എന്നാണു എന്റെ അഭിപ്രായം.  എന്റെ ഈ നിഗമനം തെറ്റും ആവാം.   

രണ്ടാമത്, തലച്ചോറിൽ സംഭവിക്കുന്ന പ്രക്രിയകളുടെ അടിസ്ഥാനത്തിൽ ഒരു പക്ഷെ നമുക്ക് ഇത് വിശദീകരിക്കാൻ കഴിഞ്ഞേക്കാം. അങ്ങനെ ഞാൻ എന്ന ഈ പ്രഹേളിക അതോടെ അവസാനിച്ചേക്കാം. ജീവൻ എന്ന പ്രഹേളികയെ നിരവധി ചാക്രിയ പ്രവര്ത്തനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രഞ്ഞമാർ വിശദീകരിക്കുന്നതുപോലെ ഇതും ഒരു പക്ഷെ കഴിഞ്ഞേക്കാം.

മൂന്നാമത്, ഒരു പക്ഷെ ഇതിനുള്ള നേരിട്ടുള്ള ഒരു ഉത്തരം നമ്മുടെ ന്ജാനെന്ദ്രിയങ്ങൾക്കും അപ്പുറത്ത് ആയിരിക്കാം.  ഒരുപക്ഷെ എൻസ്റ്റീൻ ഭൌതിക ശാസ്ത്രത്തിൽ വരുത്തിയ ഒരു വിപ്ലവം പോലെ, വസ്തുക്കളുടെ ചലനവേഗത്തിനു ഒരു ഉയര്ന്ന  പരിധി ഉണ്ടെന്നു കണ്ടെത്തിയതുപോലെ (പ്രകാശവേഗം), ഈ പ്രശ്നം പരിഹരിച്ചാൽ ഒരു പക്ഷെ, നമ്മൾ അതിശയിചേക്കാം, ഉത്തരം എന്നും നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു, നമ്മെ അത് എന്നും തുറിച്ചു നോക്കിക്കൊണ്ടിരുന്നു.  എനിക്ക് ഒരു പുതു യുഗ ഗുരു ആവാനുള്ള ആഗ്രഹം ഒന്നും ഇല്ല, എന്നാൽ അവിടെ വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. പൗരാണിക ഇന്ത്യൻ ചിന്തയിൽ ഇതിനു വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. അതായത് 'ഞാൻ' എന്നത് , 'അത്' അഥവാ 'മറ്റുള്ളത് ' എന്ന വിഭജനം ഒരു യധാര്തമല്ല. 'അതും'  'ഇതും' ഒന്ന് തന്നെ ആണ്.”


No comments:

Post a Comment