Tuesday, 16 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (10- തുടര്ച്ച)


മഹത്, ബുദ്ധി, മനസ്സ്, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചഭൂതങ്ങളും അവയുടെ ഗുണങ്ങളും എല്ലാം അവ്യക്ത്തമായ മൂലപ്രകൃതി പരിണമിച്ചു ഉണ്ടാകുന്നതാണെങ്കിൽ, നിഷ്ക്രിയനായ, വെറും സാക്ഷിയായ ‘പുരുഷ’ സങ്കല്പ്പത്തിന്റെ ആവശ്യം എന്ത്? എന്താണു സാക്ഷിയുടെ ധര്മം? ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യം ഇതാണ്.

സാക്ഷിയായ ഈ പുരുഷൻ വെറും ഒരു നിരീക്ഷകൻ മാത്രമാണ്. അങ്ങനെയെങ്കിൽ നിരീക്ഷണം തന്നെ ഒരു കർമമല്ലെ?

ഇവിടെ പ്രകൃതി എന്നത് ഇന്ന് നാം സാധാരണ മനസ്സിലാക്കുന്ന ‘നേച്ചർ’ (nature) എന്ന് മനസ്സിലാക്കാൻ പാടില്ല. അതുപോലെ തന്നെ പുരുഷനും. സംഖ്യത്തിലെ ‘പ്രകൃതിയും’ ‘പുരുഷനും’ പ്രപഞ്ചഊര്ജ്ജവും (Cosmic Energy) പ്രപഞ്ച ബോധവുമാണ് (cosmic Consciousness).  

പ്രപഞ്ച ഊര്ജ്ജം എന്ന സങ്കല്പ്പത്തെ അംഗീകരിക്കാൻ ആര്ക്കും അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നാൽ പ്രപഞ്ച ബോധം എന്നുപറയുമ്പോൾ അവിടെ തര്ക്കം ഉണ്ടാവാം. ഇവിടെ സാധാരണ ഉണ്ടാവുന്ന ചോദ്യം, ബോധം എന്നതു തലച്ചോറും നാടിവ്യൂഹങ്ങളും ഉള്ള അവസ്ഥയുമായി ചേർന്ന് പോകുന്ന ഒന്നല്ലേ? കുറഞ്ഞപക്ഷം ജീവനുമായിട്ടെങ്കിലും മാത്രമായിട്ടല്ലേ അതിനെ ബന്ധിപ്പിക്കാൻ കഴിയു. അപ്പോൾ പ്രപഞ്ചത്തിനു ആകെമാനം 'ബോധം' എന്ന് പറയുന്നത് അശാസ്ത്രീയവും കൊമൺസെൻസിനു വിരുധവുമല്ലേ? 
   
നമ്മുടെ ‘കോമൻസെൻസ്’ എന്ന് പറയുന്നത് അത്ര വിശ്വാസ്യമല്ല എന്നാണു അതിനു ഉത്തരം. പലപ്പോഴും ‘അൺകൊമൺസെന്സ്’ വേണം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ എന്നതാണ് വസ്തുത. 

ഉദ്ദാഹരണമായ് 'ഊര്ജ്ജം' (Energy) തന്നെ എടുക്കാം. എന്താണു ഊര്ജ്ജം എന്ന് പറയുന്നത്? നിരന്തരമായ ഉപയോഗംകൊണ്ട് വളരെ സാധാരണമായി നമുക്ക് തോന്നുന്ന ഒരു വാക്ക്, വളരെ അടുത്തകാലത്ത് ഉണ്ടായതാണെന്ന് നമുക്ക് എത്രപേർക്ക് അറിയാം?  പത്തൊമ്പതാം നൂറ്റാണ്ടിൽ യാന്ത്രിക പ്രവർത്തനങ്ങളെയും (Mechanical Process) താപയാന്ത്രിക പ്രവര്ത്ത്നങ്ങളെയും (Thermodynamic process) വിശദീകരിക്കാനുള്ള ശാസ്ത്രഞ്ഞന്മാരുടെ ശ്രമത്തിനു സഹായകമാകുന്നതിലെക്കായി സൈദ്ധാന്തികമായി (Theoretical) പരികല്പ്പണം ചെയ്ത ഒന്നാണു ‘ഊര്ജ്ജം’ എന്ന സങ്കല്പം. ഇന്നത്‌ വളരെ യാധാര്ത്യമായ ഒന്നായി മാറി.

പക്ഷെ ഊര്ജ്ജം (എനര്ജി) എന്ന് പറഞ്ഞാൽ എന്താണ്?

സ്ഥിതികോർജ്ജം (potential energy), ഗതികോർജ്ജം (Kinetic energy), താപോര്ജ്ജം, രാസോര്ജ്ജം, ആണവോർജ്ജം എന്നിങ്ങനെ വിവിധതരം ഊര്ജ്ജത്തെപ്പറ്റി നമുക്ക് പറയാൻ കഴിയും. ഊര്ജ്ജം സൃഷ്ട്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും, അത് ഒരു രൂപത്തിൽനിന്നു മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ കഴിയുമെന്നും നാം പഠിക്കുന്നു. ഒരു ജോലി (work) ചെയ്യാനുള്ള കഴിവിനെയാണ് എനേര്‍ജി എന്നു പറയുന്നത് എന്ന് താഴ്ന്ന ക്ലാസ്സുകളിൽ നാം പഠിക്കുന്നു. ജോലി എന്നു പറഞ്ഞാല്‍ എന്തുമാകാം. അതായത് എന്തെങ്കിലും (work) സംഭവിപ്പിക്കുന്നതു എന്താണോ അതാണ് എനേര്‍ജി. പക്ഷേ പ്രശ്നം അവിടെ തീര്‍ന്നില്ല, എപ്പോഴും ഒരു വര്‍ക്ക് നടന്നു എന്നു പറയണമെന്കില്‍ ഒരു നിശ്ചിത ദിശയില്‍, ഒരു നിശ്ചിത ദൂരത്തില്‍ ഒരു ബലം (ഫോര്‍സ്) പ്രയോഗിക്കപ്പെട്ടിരിക്കണം. എന്നാൽ തെർമോ ഡൈനാമിക്സിന്റെ ഭാഷയിൽ ഊര്ജ്ജത്തിന്റെ പരസ്പ്പരമുള്ള കൈമാറ്റത്തെയാണു വര്ക്ക് അഥവാ ജോലി (process of energy transfer) എന്ന് പറയുന്നത്.

ഇപ്പറഞ്ഞതിലെല്ലാം, ഊര്ജ്ജം എന്ന് പറയുമ്പോൾ അത് ഒരു പദാര്ധമാണ് എന്ന് നാം ധരിച്ചാൽ അത് തെറ്റാണ്. ഊര്ജ്ജം ഒരു പദാര്ധമല്ല.   

ഊര്ജ്ജം എന്ന സങ്കല്പ്പത്തോടൊപ്പം തുല്യമായി നില്ക്കുന്ന ഒന്നാണ് പിണ്ഡം അഥവാ മാസ് എന്നത്. ന്യുട്ടൊണിയൻ ഭൌതിക ശാസ്ത്രത്തിലും നമ്മുടെ സാധാരണ ചിന്തയിലും ഊര്ജ്ജ-മാസ് ദ്വന്ദങ്ങളാണു നിലനിക്കുന്നത്.

ന്യുട്ടൊണിയൻ ഭൌതിക ശാസ്ത്രത്തിൽ പദാര്ഥ സങ്കല്പം, അത് അണുക്കളാൽ    (ആറ്റം) നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ ആറ്റമുകൾ പ്രോടോൺ, ന്യുട്രോൻ, എലെക്ട്രോൻ എന്നിവയാൽ നിര്മ്മിതമാണ്.  ന്യുട്രോനും പ്രോട്ടോണും തുല്യ മാസ് ആണ്. ഇവയെ ഒരുമിച്ചു ‘ന്യുക്ലിയൊൺ’ എന്ന് വിളിക്കുന്നു.    എലെക്ട്രോൻ ആവട്ടെ തീരെ ഭാരം കുറഞ്ഞതും, അതായത് പ്രോട്ടോണിന്റെ ഏതാണ്ട് രണ്ടായിരത്തിൽ ഒന്ന് (1/2000) മാത്രമേ എലെക്റ്റ്രൊണിനു ഭാരം ഉള്ളു. ഒരു ആറ്റത്തിന്റെ ആകെ മാസ്സിൽ 0.05% മാത്രമേ എലെക്റ്റ്രൊണിന്റെ സംഭാവന ആയിട്ടുള്ളൂ.

ന്യുക്ലിയൊൺ നിര്മിചിരിക്കുന്നത് മൂന്നു ക്വാർക്കുകൾ കൊണ്ടാണ്. അപ്പോൾ, ന്യുക്ലിയൊണിന്റെ മാസ്സിൽ മൂന്നിലൊന്നു മാസ് ഒരു ക്വാർക്കിന് എന്ന് സാധാരണഗതിയിൽ ചിന്തിക്കാം. എന്നാൽ വിവിധ പരീക്ഷണങ്ങൾ നല്കുന്ന ഫലം അങ്ങനെയല്ല, ഈ മൂന്നു ക്വാർക്കുകൾ ആറ്റത്തിന്റെ മൊത്തം മാസ്സിൽ 2% മാത്രമേ ആകുന്നുള്ളൂ. അപ്പോൾ ബാക്കി മാസ് എവിടെനിന്ന് വരുന്നു?

ക്വാർക്കുകൾ ന്യുക്ലിയൊണിനുള്ളിൽ ബന്ധിതമാണ്, എന്നാൽ പ്രകാശവേഗത്തോടടുത്തു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഈ വേഗത വളരെ കൂടുതൽ ഗതികോർജ്ജത്തെ (kinetic energy) സൂചിപ്പിക്കുന്നു. എന്നിട്ടും ന്യുക്ലിയൊണിനുള്ളിൽ, ഒരു ഫെംതൊമീറ്റർ (Femthometer = Ten to the power of minus 15 meter (10^-15)) സ്ഥലത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് വളരെ ശക്ത്തിയായ ഒരു ബോണ്ട് ഇവ തമ്മിൽ ഉണ്ടായിരിക്കാം എന്നാണ്. അത് വളരെ കൂടുതൽ സ്ഥിതികോര്ജ്ജത്തിന്റെ (potential energy) സൂചനയുമാണ്. പരീക്ഷണ-നിരീക്ഷണ ഫലം സൂചിപ്പിക്കുന്നത് ഒരു ആറ്റത്തിന്റെ 97.95% മാസ്, ഊര്ജ്ജ രൂപത്തിലുള്ളതാണെന്നതാണു (Potential and Kinetic) നേരത്തെ സൂചിപ്പിച്ചതുപോലെ 0.05% ഇലെക്ട്രോനും ബാക്കി 2% ക്വാര്ക്കുകളും നല്കുന്നു. ഈ 2% ആണ് ഹിഗ്ഗ്സ്ഫീൽഡുമായി ബന്ധിപ്പിച്ചു അടുത്തകാലത്തെ കണ്ടുപിടുത്തം. 

ഊര്ജ്ജ-മാസ് ദ്വന്ദങ്ങൾ റിലെറ്റിവിറ്റിയിലും (Relativity), ക്വാണ്ടം മെക്കാനിക്കിസിലും നിലനില്ക്കുന്നില്ല. ഐൻസ്റ്റൈന്റെ ഇക്വേഷൻ E=mc^2 എന്ന ഫോര്മുല പ്രകാരം മാസ് ഊര്ജ്ജമായോ ഊര്ജ്ജം മാസ് ആയോ മാറുന്നില്ല, മറിച്ചു ഊര്ജ്ജം ആണ് മാസ്. എപ്പോഴെല്ലാം ഊര്ജ്ജം വരുന്നുവോ അപ്പോഴെല്ലാം മാസും വരുന്നു. അതായത് മാസ്സ് (m) എന്നത് m=E/C^2 ആണ്. മൊത്തത്തിലുള്ള ഊര്ജ്ജം എപ്പോഴെല്ലാം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം മൊത്തത്തിലുള്ള മാസ്സും ഉണ്ടാകുന്നു. അതായത് ഊര്ജ്ജത്തിൽനിന്നും വ്യത്യസ്തംമായി മാസ്സിനെയോ മാസ്സിൽനിന്നും വ്യത്യസ്തമായി ഊര്ജ്ജത്തെയോ സങ്കല്പ്പിക്കാൻ കഴിയില്ല.   

ഇവിടെ, സാംഖ്യത്തിലെ പ്രകൃതി-പുരുഷ സങ്കല്പം തന്നെയാണു ഇതെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് ഒരു അതിവായന ആണെന്നു പറയാതിരിക്കാൻ കഴിയില്ല. എന്നാൽ വളർന്നു വികസിച്ച ഒരു ഗണിത ശാസ്ത്രമോ പരീക്ഷണ നിരീക്ഷണതകളുടെ അപര്യാപ്തതെയോ കണക്കിലെടുത്താൽ, 2700 കൊല്ലങ്ങൽക്കുമുൻപിലെ സാംഖ്യകാരന്റെ നിഗമനം, ആധുനിക ഭൌതിക ശാസ്ത്രവുമായി വളരെ വ്യക്തമായ ഒരു സമാന്തരം ഉണ്ടെന്നു നമുക്ക് കാണാൻ കഴിയും.      

പുരുഷൻ അഥവാ പ്രപഞ്ചബോധം എന്ന് പറയുന്നത്, 'ഉണ്ട്' (Being) എന്ന അവസ്ഥയാണ്, അതുപോലെതന്നെ പ്രകൃതി എന്നത് ‘പരിണമിക്കുക’ (Becoming) അഥവാ ‘ചലിക്കുക’ എന്നതും. “ഉണ്ട്” എന്ന അവസ്ഥയെ ‘അറിവ്’ അല്ലങ്കിൽ ‘ബോധം’ എന്നതില്നിന്നു മാറ്റി നിറുത്താൻ കഴിയില്ല. ഇത് ഭാഷയുടെ മാത്രം പ്രശ്നം ആണെന്നു ചിലര് വാദിച്ചേക്കാം, പക്ഷെ അങ്ങനെയല്ല. നമുക്ക് ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കാണാൻ കഴിയുന്നത്‌ അതാണ്‌. 

അമേരിക്കൻ തത്വ ചിന്തകനും ശാസ്ത്ര ചരിത്രകാരനുമായ തോമസ്‌ കുഹ്ൻ (Thomas Kuhn) ആണ് ഒരു ശാസ്ത്ര മാതൃക (scientific Paradigm) എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ശാസ്ത്രഞ്ജന്മാർ യാധാര്ത്യത്തിന്റെ മാതൃക സൃഷ്ട്ടിക്കുന്നത് ഒരു മാതൃക ചട്ടക്കൂടിനുള്ളിൽനിന്നുമാണ്. ഈ ചട്ടക്കൂട് ഒരു നിയമമോ തിയറിയോ അല്ല മറിച്ചു ഒരു ആശയസമുച്ചയമാണ്‌. പൊതുവായി അംഗീകരിക്കപ്പെട്ട കാഴ്ചപ്പാടുകളും, നിലപാടുകളും, നിയമങ്ങളും എല്ലാം ഉള്ക്കൊള്ളുന്ന ഒരു ചട്ടക്കൂട്. ഈ ആശയസമുച്ചയത്തിനു ചുറ്റുമാണ് ശാസ്ത്രഞ്ഞമാർ അവരുടെ പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന നിഗമനങ്ങളും എല്ലാം കെട്ടിപ്പൊക്കുന്നത്‌. മനുഷ്യന്റെ അന്വേഷണ ചരിത്രത്തിൽ ഇത്തരം ചട്ടക്കൂടുകൾ പലതവണ പൊളിച്ചു പുന:പ്രതിഷ്ട്ട നടത്തിയതായി കാണാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇത്തരം ഒരു പൊളിച്ചെഴുത്ത് നാം കണ്ടു (Paradigmic change). നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മൂന്നു നൂറ്റാണ്ടുകാലത്തെ യാന്ത്രിക വാദത്തിന്റെ ഭാണ്ഡക്കെട്ടിനെ വലിച്ചെറിഞ്ഞു മനുഷ്യൻ ചിന്തയുടെ ഒരു പുതിയ ചട്ടക്കൂട്ടിലേക്ക് കടന്നു. ന്യൂട്ടൻ-ഗലീലിയോ മഹാരഥന്മാർ കെട്ടിപ്പൊക്കിയ യാന്ത്രിക ലോകവീക്ഷണ ചട്ടക്കൂടായിരുന്നു അതിൽ തകര്ന്നടിഞ്ഞത്.

‘ന്യൂട്ടോണിയൻ’ ലോകവീക്ഷണം എന്ന് അറിയപ്പെടുന്ന പ്രസ്തുത വീക്ഷണപ്രകാരം ലോകം പ്രത്യക ഉദ്ദേശം ഒന്നുമില്ലാത്ത, ഭൌതിക വസ്തുക്കളുടെ പരസ്പര വ്യവഹാരങ്ങളുടെ ഒരു ആകെതുക മാത്രമാണ്. ഈ വ്യവഹാരങ്ങളാവട്ടെ, യാന്ത്രികമായ പ്രപഞ്ച നിയമങ്ങൾക്കുള്ളിൽ നടക്കുന്ന ഒരു യാന്ത്രിക പ്രക്രിയയും. അതിൽ മനുഷ്യനും, ചിന്തയും എല്ലാം അപ്രസക്ത്തങ്ങളായ യാന്ത്രിക ചലനങ്ങൾ മാത്രം. മനുഷ്യ പുരോഗതിയിൽ ഇത:പര്യന്തം കണ്ടത്തിൽ വച്ചേറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ നല്കിയ ന്യൂട്ടോണിയൻ മെക്കാനിക്സ് ലോകത്തെയും അതിലെ സർവ പ്രവര്ത്തനങ്ങളെയും ഒരു ഭീമാകാര യന്ത്രത്തിന്റെ ഭാഗങ്ങളായും അതിന്റെ പ്രവർത്ത്നങ്ങളായും സങ്കല്പ്പിച്ചു. അതാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇളക്കി പ്രതിഷ്ട്ടിക്ക്പ്പെട്ടത്‌.


അതിനർഥം, ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം ഉണ്ടായ മനുഷ്യന്റെ ശാസ്ത്രീയ മുന്നേറ്റം അടിസ്ഥാനപരമായി പ്രകൃതിയെപ്പറ്റിയുള്ള തെറ്റായ ഒരു സങ്കൽപ്പത്തിൽ നിന്ന് ആണെന്നാണോ?  അങ്ങനെ ചിന്തിച്ചാൽ അത് മാതൃകാ ചട്ടക്കൂട് എന്ന സങ്കൽപ്പത്തെ തെറ്റിധരിക്കലായിരിക്കും. മാതൃകചട്ടക്കൂട് (paradigm) എന്ന് പറയുന്നത് ഒരിക്കലും ശരിയോ തെറ്റോ എന്ന് പറയാൻ കഴിയുന്ന ഒന്നല്ല. മറിച്ചു അതാതു കാലത്തെ സാഹചര്യങ്ങൾ പ്രതിഭലിപ്പിക്കുന്ന, നിലവിലുള്ള യാധാര്ത്യത്തിന്റെ ഒരു വശം മാത്രം കാണിച്ചുതരുന്ന, പ്രതീകാത്മകമായി ഒരുമിത്തുപോലെ നിലനില്ക്കുന്ന ഒന്നാണ്‌. അതായത് “യാധാര്ത്യം” എന്നത് ഒരു ആത്യന്തിക സത്യമല്ല മറിച്ചു ഓരോ കാലഘട്ടത്തിലും വെളിപ്പെട്ടു വരുന്ന ഒന്നാണെന്ന് മനസ്സിലാക്കാം. (തുടരും)   

No comments:

Post a Comment