Sunday, 14 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (9- തുടര്ച്ച)


സാംഖ്യം
“ലോകചരിത്രത്തിൽ ആദ്യമായി കപിലന്റെ സിധാന്തത്തിലാണു മനുഷ്യ മനസ്സിന്റെ പൂര്ണ്ണമായ സ്വാതന്ത്ര്യവും, സ്വന്തം ശക്ത്തികളിലുള്ള തികഞ്ഞ വിശ്വാസവും പ്രകടിപ്പിക്കപ്പെട്ടത്‌.” (Richard Garbe: Indian Philosophy)

“രേഖപ്പെടുത്തിയിടത്തോളം മനുഷ്യന്റെ സ്വഭാവവും, ബന്ധങ്ങളും, ഭാവി എന്നിവയെ സംബന്ധിച്ചെല്ലാം ചിന്താശീലരായ ഏതൊരാളുടെയും മനസ്സില് ഉയര്ന്നുവരുന്ന നിഗൂഡങ്ങളായ പ്രശ്നങ്ങള്ക്ക് കേവലം യുക്തിയുടെ സഹായത്തോടുകൂടി സമാധാനം കണ്ടെത്താനുള്ള ഏറ്റവും പ്രാചീനമായ പരിശ്രമമാണ് സാംഖ്യം”. (Devis: Hindu philosophy)

മാക്സ് മുള്ളർ, (Max Mullar) ഹെന്റിച് സിമ്മർ (Heinrich Zimmer), എന്ന് വേണ്ട ഭാരതീയ തത്വദർശനങ്ങളെ പഠിച്ച എല്ലാ പണ്ഡിതന്മാരും സാംഖ്യത്തെ  വാനോളം പുകഴ്ത്തിയിട്ടുണ്ട്. 

ഭാരതത്തിന്റെ ദാർശനിക പാരമ്പര്യത്തിൽ ഷഡ് ദർശനങ്ങൾ എന്ന് അറിയപ്പെടുന്നതിന്റെ നെടുംതൂണാണു സാംഖ്യം. ബി സി ഏഴാം നൂറ്റാണ്ടിലായിരിക്കാം ഇത് എഴുതപ്പെട്ടതെന്ന് അനുമാനിക്കുന്നു. കപിലനാണു ഇതിന്റെ ഉപ്ഞാതാവെന്നു കരുതപ്പെടുന്നെങ്കിലും ഇന്ന് ലഭ്യമായിട്ടുള്ളത് പില്കാലത്ത് എഴുതപ്പെട്ടിട്ടുള്ള സംഖ്യ ഭാഷ്യങ്ങളും, കാരികളും മാത്രമാണ്. കപിലന്റെ ശിഷ്യനായി പറയപ്പെടുന്ന അസൂരി, അദ്ദേഹത്തിൻറെ ശിഷ്യൻ പന്നഗ ശിഖ, പിന്നീട് വിന്ധ്യവാസൻ, ദേവലൻ, എന്നിങ്ങനെ എ ഡി രണ്ടാം നൂറ്റാണ്ടിൽ    ജീവിച്ചിരുന്ന ഈശ്വരകൃഷ്ണൻ എന്നിങ്ങനെ അദ്ദേഹത്തിൻറെ ശിഷ്യ പരമ്പരകളായി അറിയപ്പെടുന്നു.

സാംഖ്യത്തിൽ അറിയപ്പെടുന്ന മൂന്നു കൃതികളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്; സാംഖ്യസൂത്രം, തത്വസമാസം, സാംഖ്യകാരിക. ഇതിൽ ഈശ്വരകൃഷ്ണൻ എഴുതിയ സാംഖ്യകാരികയാണ് പ്രസിദ്ധം. ഈ പ്രപഞ്ചത്തിനു അതീതമായ ഒരു ശക്ത്തിയുടെ സഹായമില്ലാതെ പരിണാമത്തിലൂടെ വികസിച്ചുവരുന്ന ഒരു പ്രപഞ്ചമാണ്‌ കപിലന്റെത്. സത്-കാര്യ-സിദ്ധാന്തം (The law of the identity of cause and effect) ആണു അതിന്റെ അടിസ്ഥാന നിയമം.

കാരണം (cause) എന്ന് പറയുന്നത് വെളിപ്പെടാത്ത കാര്യവും (effect), കാര്യം എന്നുള്ളത് വെളിപ്പെടുത്തപ്പെട്ട കാരണവും ആകുന്നു. ആത്യന്തികമായി അവ രണ്ടും ഒന്നുതന്നെയാണ്. വെളിപ്പെടലിന്റെയും വെളിപ്പെടാത്ത അവസ്തയുടെയും തമ്മിലുള്ള അന്തരം മാത്രമാണ് കാര്യവും കാരണവും. അതുകൊണ്ട് കാര്യം ഒരിക്കലും, അത് ഉണ്ടാകുന്നതിനു മുന്പോ, അതിന്റെ നാശത്തിനു ശേഷമോ ഉണ്ടാകാതിരുന്നിട്ടില്ല. എല്ലായ്പ്പോഴും അത് കാരണത്തിൽ അടങ്ങിയിരിക്കുന്നു. ഇല്ലാത്തതിന് ഉണ്ടാകുവാണോ ഉണ്ടായതിനു ഇല്ലാതാകുവാണോ കഴിയില്ല. 

ഉത്പാദന ശക്തികളും ഉത്പന്നങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അപ്രകാരമാണ് കാരണവും കാര്യവും തമ്മിലുള്ള ബന്ധം. കാര്യം കാരണത്തിൽ എന്നും ഒരു അന്തർലീന ശക്ത്തി (സാധ്യത, potentiality) ആയി നിലനില്ക്കുന്നു. വസ്തു നാശരഹിതമാണ്, ‘നാശം’ എന്നാൽ കാരണത്തിലെക്കുള്ള മടങ്ങിപ്പോകലാണ്. 
  
മനുഷ്യന്റെ ജീവിതത്തിൽ മൂന്നു തരം ദുഃഖങ്ങൾ ആണ് നേരിടെണ്ടിവരുക;

ആദ്ധ്യാത്മികം: ശാരീരിക രോഗങ്ങൾ, കാമ-ക്രോധ-മോഹ-മൽസരാദി മാനസിക പ്രശ്നങ്ങളിൽ നിന്നും ഉണ്ടാകുന്നവ

ആധിഭൗധികം: ശത്രുക്കൾ, കള്ളന്മാർ, പക്ഷി-മൃഗാതി ജന്തുക്കൾ, കീടങ്ങൾ തുടങ്ങിയവിൽ നിന്നും ഉണ്ടാകുന്നവ

ആധിദൈവികം: അതിവൃഷ്ട്ടി, അനാവൃഷ്ട്ടി, ഭൂകമ്പം തുടങ്ങിയ പ്രകൃതി കോപങ്ങളിൽനിന്നും ഉണ്ടാകുന്നവ
   
ഈ ദുഖങ്ങളിൽനിന്നുമുള്ള ശാശ്വത മോചനം ലഭിക്കണമെങ്കിൽ വ്യക്താവ്യക്ത്തങ്ങളേപ്പറ്റിയുള്ള വിജ്ഞാനം ഉണ്ടാകണം. അതായത് അവ്യക്തമായ മൂലപ്രകൃതിയെകുറിച്ചും ജ്ഞാതാവായ പുരുഷനെകുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം
  
സാംഖ്യത്തിന്റെ പ്രപഞ്ച സങ്കല്പം അടിസ്താനപ്പെടുത്തിയിരിക്കുന്നത് പ്രകൃതി-പുരുഷൻ എന്ന ദ്വന്ദത്തിലാണു. പുരുഷൻ നിഷ്ക്രിയനായ വെറും സാക്ഷി മാത്രമാണു.

ത്രിഗുണങ്ങളായ സത്വ-രജസ്-തമോ ഗുണങ്ങളുടെ സമതുലാവസ്തയാണ് മൂലപ്രകൃതി. പ്രകൃതി ഒന്നും അറിയുന്നില്ല, അത് അവ്യക്ത്തം ആണ്. ത്രിഗുണങ്ങളുടെ സമതുലാവസ്തക്ക് എപ്പോഴെങ്കിലും മാറ്റം സംഭവിക്കുമ്പോൾ അത് വ്യക്ത്തമാക്കപ്പെട്ടു തുടങ്ങും. അങ്ങനെ അവ്യക്ത്തമായ പ്രക്രുതിയില്നിന്നും ‘മഹത്’ ഉണ്ടാവുന്നു. മഹത്താണ് പ്രപഞ്ച മനസ്സ്. മഹത്തിൽനിന്നും ‘ബുദ്ധി’; വ്യക്ത്തിഗതമനസ്സുണ്ടാവുന്നു. അതില്നിന്നും ‘അഹങ്കാരം’ (Ego) ഉണ്ടാവുന്നു.

സത്വത്തിൽനിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമെന്ദ്രിയങ്ങളും ഉണ്ടാവുന്നു. തമസിൽനിന്നും പഞ്ച ഭൂതങ്ങളും അവയുടെ ഗുണങ്ങളായ ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധങ്ങളും പരിണമിക്കുന്നു. രജസ് ആണ് ഈ പരിണാമത്തിന്റെ ഊര്ജ്ജം നല്കുന്നത്.

പ്രകൃതി പുരുഷൻ എന്ന ദ്വന്ദത്തെ നിരാകരിക്കുന്നെങ്കിലും വേദാന്തം അടക്കമുള്ള മറ്റെല്ലാ തത്വ ശാസ്ത്രങ്ങളും സാംഖ്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ കടമെടുക്കുന്നുണ്ട്.  

ഭഗവത് ഗീതയിൽ കപിലമുനിയേയും സാംഖ്യത്തെയും പ്രശംസ കൊണ്ട് മൂടിയിരിക്കുന്നത് കാണാം. സിദ്ധാന്മാരിൽ ഞാൻ കപിലമുനി ആണെന്നുവരെ കൃഷ്ണൻ പറഞ്ഞു.  

“അശ്വഥ: സർവ വൃക്ഷാണാം ദേവർഷീണാം ച നാരദാ:
ഗന്ധർവാണാം ചിത്രരധ: സിദ്ധാനാം കപിലോ മുനി:”    

“വൃക്ഷങ്ങളിൽ ഞാൻ അരയാൽ ആണ്, ദേവര്ഷിമാരിൽ നാരദനും, ഗന്ധര്വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപില മുനിയുമാനു ഞാൻ.” 

അതുപോലെതന്നെ ‘സാംഖ്യം’ തന്നെ ‘യോഗം’ എന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

“സാംഖ്യയൊഗൗ പ്രധക്ക് ബാലാ: പ്രവദന്തി ന പണ്ഡിതാ:
എകമാപ്യസ്ഥിത: സമ്യ ഗുഭയോര് വിന്ദതെ ഫലം”

“സാംഖ്യവും യോഗവും വെവ്വേറെയായി അഞ്ജന്മാർ പറയുന്നു. പണ്ഡിതന്മാർ അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ട്ടിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.”
  
തൊട്ടടുത്ത ശ്ലോകം വീണ്ടും അതുതന്നെ ആവര്ത്തിക്കുന്നു.

“യത് സാംഖ്യൈ: പ്രാപ്യതെ സ്ഥാനം തദ്യൊഗൈരപി ഗമ്യതെ  
ഏകം സാംഖ്യം ച യോഗം ച യ: പശ്യതി സ പശ്യതി”

‘ഏതു സ്ഥാനം സാംഖ്യന്മാർ നേടുമോ അത് യോഗികളും നേടും. സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനെത്രെ സത്യത്തെ കാണുന്നവൻ’


അതായത്, ‘സാംഖ്യം’ ഏറ്റവും ഉന്നതമായ ജ്ഞാനവും, ‘യോഗം’ ആ ജ്ഞാനത്തിന്റെ കർമവുമാണെന്നാണു വ്യാസഭഗവാൻ ഒരു സംശയത്തിനും ഇടം കൊടുക്കാതെ അസന്നിഗ്ധമായി പറഞ്ഞിട്ടുള്ളത് (തുടരും).


No comments:

Post a Comment