ഭാഗം II
ഭഗവത് ഗീതയിൽ പലയിടത്തും അർജ്ജുനനെ ഭാരതാ എന്ന് വിളിക്കുന്നുണ്ട്, അതും ഭരത വംശജ എന്ന അർത്ഥത്തിൽ ആണ്. അല്ലാതെ ആ പേരിൽ ഒരു ടെറിട്ടറി നില നിൽക്കുന്നതായ ബോധം അന്നില്ല. മനുവിനെ സംബന്ധിച്ചേടത്തോളം ഹിമാലയത്തിനും വിന്ധ്യനും ഇടയിൽ , കിഴക്കേ സമുദ്രത്തിനും പടിഞ്ഞാറേ കടലിലും ഇടയിലുള്ള രാജ്യം ആര്യാവർത്തമാണ്.
മനു , ഈ പ്രദേശത്തെ മൂന്നായി തിരിക്കുന്നു.
"സരസ്വതിയെന്നും ദൃഷദ്വതിയെന്നും പറയുന്ന ദേവ നദികളുടെ മധ്യപ്രദേശം ദേവന്മാരാൽ ഏർപ്പെടുത്തപ്പെട്ട 'ബ്രഹ്മാവർത്തമെന്നു' പറയുന്നു. (MS 2 :17 )
ഹിമവൽ പർവ്വതത്തിനും വിന്ധ്യാ പർവ്വതത്തിനും മധ്യത്തിൽ സരസ്വതി മറഞ്ഞ ദേശത്തിനു കിഴക്കായി , പ്രയാഗക്കു പടിഞ്ഞാറായി ഉള്ള പ്രദേശത്തെ മധ്യദേശമെന്നു പറയുന്നു (MS :2 :21 )
ആ സമുന്ദ്രാ തുവൈ പൂർവാദ സമുദ്രാശ്ച പശ്ചിമാൽ
തയോ രേവാന്തരം ഗിരിയോ രാര്യാവർത്തം വിദുർബുധ:
കിഴക്കേ സമുദ്രം തുടങ്ങി പടിഞ്ഞാറേ സമുദ്രം വരെയുള്ള മുൻപറഞ്ഞ പർവതങ്ങളുടെ മധ്യദേശത്തെ മഹാന്മാർ അധിവസിക്കുന്ന ആര്യാവർത്തം എന്ന് പറയുന്നു. (MS 2: 22)
എന്നാൽ മനുവിനെ സംബന്ധിച്ചേടത്തോളം ഇതിനും പുറത്തു രാജ്യങ്ങൾ ഉണ്ട്. പക്ഷെ അത് കിഴക്കോട്ടോ , വടക്കോട്ടോ, പടിഞ്ഞാറോട്ടോ ആണ് , തെക്കോട്ടേക്ക് എന്തെങ്കിലും ഉള്ളതായി അതായത് വിന്ധ്യന് ഇപ്പുറത്തായി, ഉള്ളതായി അന്ന് അറിയില്ലായിരുന്നു എന്ന് സാരം.
കുരുക്ഷേത്രം ചമൽസ്യാശ്ച പാഞ്ചാല ശൂരസേനക:
ഏഷ ബ്രഹ്മർഷി ദേശോ വൈ ബ്രഹ്മവർത്താനന്തര: (19)
കുരുക്ഷേത്രം , മൽസ്യം , പാഞ്ചാലം , ഉത്തര മധുര എന്നിവ ഈ ദേശങ്ങൾക്കു, അതായത് മധ്യദേശം എന്ന് തുടങ്ങുന്ന മൂന്നു ദേശങ്ങൾക്കു പുറത്തുള്ളവയാണ്
ഭാരതം എന്നൊരു ടെറിട്ടറി ബോധം ഉണ്ടാവുന്നത് ഗുപ്തകാലഘട്ടത്തിലാണ് (4-ആം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടു വരെ). അന്ന് ഉണ്ടായ ചില പുരാണങ്ങളിൽ ഭാരതവര്ഷം അല്ലെങ്കിൽ ഭാരത ഖണ്ഡം എന്ന ടെറിട്ടറി തന്നെയുണ്ട്. പുരാണത്തിലെ ജ്യോഗ്രഫി പ്രകാരം മഹാമേരു എന്നൊരു പർവതം ഉണ്ട്. അത് ഒരു ആക്സിസ് പോലെ നിൽക്കുന്നു. ഇതിനു ചുറ്റും ഏഴു സമുദ്രങ്ങൾ. ഈ സമുദ്രം ഉണ്ടായത് പ്രിയവ്രതൻ എന്ന രാജാവിന്റെ രഥത്തിന്റെ ചക്രം ഉരുണ്ട ചാലുകൾ കൊണ്ടാണ്. ഈ ഏഴു സമുദ്രങ്ങൾ , ശുദ്ധജലം, കരിമ്പിൻ നീര്, മദ്യം , നെയ്യ് , പാൽ , തൈര്, ഉപ്പുവെള്ളം എന്നിവ നിറഞ്ഞതാണ്. ഈ സമുദ്രത്തിൽ ആണ് ഏഴു ദ്വീപുകൾ കിടക്കുന്നത്. ഇവ ജംബു, പ്ലക്ഷം, ഷാലിലി, കുശം , ക്രൗഞ്ചം , ശാകം, പുഷ്ക്കരം എന്നിവയാണ്. ഇതിൽ ഒന്നായ ജംബുദ്വീപ് ഒൻപതു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഭാരത ഖണ്ഡം.
ഈ ഭാരത ഖണ്ഡം പല പുരാണങ്ങളിലും പലരീതിയിൽ ആണ് പറയപ്പെട്ടിരിക്കുന്നത്. മത്സ്യപുരാണത്തിൽ ഭാരത ഖണ്ഡത്തിന് പുറത്താണ് കുരു, പാഞ്ചാലം, വിദേഹം എന്നൊക്കെയുള്ള രാജ്യങ്ങൾ.
ആദ്യമായി ഹിമാലയം മുതൽ തെക്കു കടൽ വരെയുള്ള പ്രദേശമാണ് ഭാരതം എന്ന് പറയുന്നത് ആറാം നൂറ്റാണ്ടിലോ 7-ആം നൂറ്റാണ്ടിലോ ഉണ്ടാകുന്ന വിഷ്ണു പുരാണത്തിൽ ആണ്. അത് ഋഷഭ പുത്രനായ ഭരതൻ വാണ രാജ്യമാണ്.
ഋഷഭോ മരു ദേവ്യാശ്ച ഋഷഭാത് ഭരതോ ഭവേത്
ഭരതാത് ഭാരതം വർഷ ഭരതാത് സുമതി സ്വഭൂത്
മരു ദേവിയിൽ നിന്നും ഋഷഭൻ ഉണ്ടായി. ഋഷഭനിൽ നിന്നും ഭരതൻ ഉണ്ടായി. ഭരതനിൽ നിന്നും ഭാരതവര്ഷം ഉണ്ടായി, ഭരതന് സുമതി പുത്രനായി ജനിച്ചു. (വിഷ്ണു പുരാണം 2 :1 :31 )
തതശ്ച ഭാരതം വർഷമേത് ലോകേഷുഗീയതേ
ഭരതായ യഥാ പിതൃദത്തം പ്രതിഷ്ഠിതാഃ വനം
അതുമുതൽ ഈ രാജ്യം ഭാരതവര്ഷം എന്ന് അറിയപ്പെട്ടു. പിതാവ് ഈ രാജ്യം ഭരതനെ ഏൽപ്പിച്ചു വനത്തിലേക്ക് പോയി. (വിഷ്ണു പുരാണം 2 :1 :32 )
"ഉത്തരം യത് സമുദ്രസ്യ ഹിമാലയെച്ചൈവ ദക്ഷിണം
വര്ഷം തത് ഭാരതം നാമ: ഭാരതി യത്ര സന്തതി"
ദക്ഷിണ സമുദ്രത്തിനു വടക്കു ഹിമാലയം വരെയും, ഹിമാലയത്തിനു തെക്കോട്ടുമുള്ള സ്ഥലം ഭരതന്റെ സന്തതികൾ വസിക്കുന്ന ഭാരതം എന്ന് അറിയപ്പെടുന്നു എന്ന് സാരം. അതായത് ഭാരതം എന്നത് ഒരു ടെറിട്ടറിയെ കൂടി പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത് വിഷ്ണു പുരാണത്തിൽ ആണ്.
ആദ്യമായി ഇന്ത്യ എന്ന നിലക്ക് പറയുന്നത് ബിസി ആറാം നൂറ്റാണ്ടിൽ പേർഷ്യയിലെ Achaemenid വംശത്തിലെ ദാരിയൂസ്-1 ആണ്. സിന്ധു നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിൽ ഹിന്ദുഷ് എന്നാണു പറയുന്നത്. ഈജിപ്തിലെ ഹൈറോഗ്ലിപ്സ് ലും ഇന്ത്യയെ ഹിന്ദുഷ് എന്നാണു പറയുന്നത്. അപ്പോഴും സിന്ധു നദിയുടെ തടവും അതിന്റെ താഴെ തട്ടിലുള്ള നദിതടമായ ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധും ആണ് അതിലൂടെ അറിയപ്പെട്ടിരുന്നത്. ബിസി 516 -ഇൽ ദാരിയൂസ് -1 സിന്ധ് കീഴടക്കിയപ്പോൾ അദ്ദേഹം ആ പ്രദേശത്തെ വിളിച്ചത് സിന്ധുവിന്റെ പേർഷ്യൻ വാക്കായ ഹിന്ദുഷ് എന്നായിരുന്നു. …..(തുടരും)
No comments:
Post a Comment