മഹാജ്ഞാനിയായ
രാമായണകർത്താവിന്റെ മാനസപുത്രി. അദ്വൈത ജ്ഞാനത്തിൽ അഷ്ട്ടാവക്ര മുനിയോളമോ, അതിലധികമോ
ജ്ഞാനിയായ മിഥിലേശ്വരനായ 'വിദേഹന്റെ' വളർത്തു പുത്രി. 'തനിക്കു 'അമ്മ ഇല്ലാത്തതിനാൽ
മുലപ്പാലില് പകരം ജ്ഞാനമെന്ന പാൽ തന്നാണ് തൻറെ അച്ഛൻ തന്നെ വളർത്തിയതെന്ന്' സധൈര്യം
പ്രഖ്യാപിച്ച രാജപുത്രി, സീത.
ഭവഭൂതിയും,
കാളിദാസനും, കമ്പറും, തുളസീദാസും, എഴുത്തച്ഛനും, കുമാരനാശാനും തുടങ്ങി പിന്മുറക്കാരായ
നിരവധി കവികൾ തങ്ങളുടെ ഹൃദയത്തിലേക്ക് ഏറ്റെടുത്തു അവളുടെ വിവിധ ഭാവങ്ങളെ പ്രകടമാക്കി.
വാല്മീകിതന്നെ അവളെ മഹാലക്ഷ്മിയുടെ അവതാരം എന്ന് വിളിച്ചു. തുളസീദാസനും എഴുത്തച്ഛനും,
അവൾ, മായാഭഗവതിയുടെ അവതാരമായിരുന്നു. വാല്മീകിയുടെ സീതയെ ശ്രദ്ധാപൂർവം പഠിച്ചാൽ , നമ്മുടെ
പുരാണങ്ങളിലെയോ മഹാകാവ്യങ്ങളിലെയോ മറ്റേതൊരു സ്ത്രീ കഥാപാത്രത്തെക്കാളും , അവർ, ആധുനിക
സ്ത്രീത്വത്തിനു ഒരു അവകാശപ്രമാണമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സ്ത്രീത്വത്തിനുള്ള
മാതൃകാ ക്ഷേത്രത്തിൽ പ്രതിഷ്ഠിപ്പാൻ ഏറ്റവും അനുയോജ്യ.
ഇതിനുമുൻപ്
നാം കണ്ട രണ്ടു സ്ത്രീകളിൽ കൈകേകി , മനസ്സിലൊന്നും പുറത്തു മറ്റൊന്നും കാണിക്കുന്ന
മഹാ സൂത്രക്കാരിയായ , ഒരു ദുർമനസ്സിന്റെ ഉടമയാണ്. സുമിത്രയാവട്ടെ വളരെ പുണ്ണ്യവതിയും.
പക്ഷെ സീത വളരെ അകൃത്രിമമായ, ഒരു സാധാരണ സ്ത്രീയായിരുന്നു. എല്ലാ ആചാരങ്ങളെയും വളരെ
ബഹുമാനത്തോടെ കാണുന്ന, എന്നാൽ തന്റെ വ്യക്തിത്വത്തെ അപമാനിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അത് രാമനാവട്ടെ, ആരുമായിക്കൊള്ളട്ടെ, അതിനെതിരെ
പൊട്ടിത്തെറിച്ചു, ചുട്ട മറുപടികൊടുക്കുന്നതിൽ യാതൊരു ലോഭവും കാണിക്കാത്ത ഒരു അഭിമാനിക്കൂടിയായിരുന്നു
സീത.
വീരശൂൽക്കയായിരുന്നു
സീത. (അതായത് വളരെ വിഷമകരമായ ഒരു മത്സരത്തിൽ വിജയിക്കുന്ന പുരുഷനുമാത്രം വിവാഹം ചെയ്തു
കൊടുക്കുന്നവൾ). ശൈവ ചാപം മുറിച്ചു ശ്രീരാമൻ സീതയെ സ്വീകരിക്കുമ്പോൾ രാമന് പതിനാറു
വയസ്സ് തികഞ്ഞിട്ടില്ല. വിശ്വാമിത്ര മഹര്ഷിയോടൊപ്പം രാമനെ അയക്കാൻ മടിച്ച ദശരഥൻ പറയുന്ന
ഏറ്റവും വലിയ കാരണം ഇതായിരുന്നു. സീതക്കു അപ്പോൾ പത്തുവയസ്സു പോലും ആയിരുന്നില്ല. ജാനകിയെ
രാമൻ കല്യാണം കഴിക്കുന്ന അതെ സമയത്തുതന്നെ
ജനകന്റെ മറ്റൊരു പുത്രിയായ ഊര്മിളയെ ലക്ഷ്മണനും, ജനകന്റെ അനുജനായ കുശധ്വജന്റെ രണ്ടു
പുത്രിമാരെ ഭാരത ശത്രുഘ്നന്മാരും വിവാഹം ചെയ്തു അയോധ്യയിലേക്കു കൊണ്ടുവന്നു.
സീതയെ
രാമൻ വേളികഴിക്കുന്ന സമയത്തു ദശരഥൻ പറയുന്ന വാക്കുകൾ ശ്രദ്ധാര്ഹമാണ്
'പതിവ്രതാ മഹാഭാഗാ
ശ്ചായെവാനുഗാതാ തവ
ഇത്യുക്താ പ്രാക്ഷി പദ്ര ജാ
മന്ത്രപൂതം ജലം തദാ'
"ഭർത്താവിനെ,
തനിക്കു സർവ്വസ്വമായി കരുതുന്നവൾ, മഹാഭാഗ്യവതി,
അങ്ങയുടെ നിഴൽ പോലെ അങ്ങയെ വിട്ടുപിരിയാത്തവൾ, എന്ന് അരുളിച്ചെയ്തു രാജാവ്, മന്ത്രങ്ങളാൽ
പാവനമാക്കപ്പെട്ട തീർത്ഥത്തെ പരസ്പരം പിടിച്ചിരുന്ന അവരുടെ കൈകളിൽ പകർന്നു.
നിന്നെ
നിഴൽപോലെ പിന്തുടരുന്നവൾ" എന്നാണു ദശരഥൻ പറയുന്നത്.
എന്നാൽ അങ്ങനെ ആരുടേയും നിഴൽ ആവുന്നവളായിരുന്നില്ല
സീത. മാത്രമല്ല എപ്പോഴൊക്കെ രാമൻ പതറിയിട്ടുണ്ടോ അപ്പോഴെല്ലാം മുൻപിൽ നിന്ന് നയിക്കാനും അവൾ തയ്യാർ ആയിരുന്നു. അഭിഷേകം മുടങ്ങി വനവാസം വിധിക്കപ്പെട്ട രാമൻ എല്ലാവരുടെയും
മുൻപിൽ യാതൊരു വികാരപ്രകടനവും കൂടാതെ അതിനെ നേരിട്ടു. മാത്രമല്ല വിവരം അറിഞ്ഞു ക്രുദ്ധനായ
ലക്ഷ്മണനെ തത്വം പറഞ്ഞു അടക്കുന്നുമുണ്ട്. അൽപ്പം നിയന്ത്രണം വിട്ടു വാക്കുകൾ പറഞ്ഞ
കൗസല്യാദേവിയെയും രാമൻ ധർമം പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്.
എന്നാൽ ഈ രാമൻ, സീതയുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്റെ സകല നിയന്ത്രണവും വിട്ടു
കരഞ്ഞുപോയി. അപ്പോൾ ഒരു കൂസലും കൂടാതെ സീത പറയുന്നു,
"അഗ്രതസ്തേ
ഗമിഷ്യാമി മത് ഗതീം കുശകണ്ടകാൻ"
ഞാൻ
അങ്ങയുടെ മുൻപിൽ പുല്ലും മുള്ളുകളും ചവിട്ടി നടക്കും എന്ന്. അതായത്, അങ്ങയുടെ നിഴൽ
ആയിട്ടല്ല, അങ്ങയുടെ മുൻപിൽ നടക്കും എന്ന്.
അന്തപുരത്തിൽ
നടക്കുന്ന വിവരങ്ങൾ സീത അറിയാതിരുന്നുല്ല. എന്നാൽ വനവാസത്തെക്കുറിച്ചു രാമൻ പറയുമ്പോൾ,
ഒരു വികാരവും പ്രകടിപ്പിക്കാതെ സീത ചോദിക്കുന്നത് 'നാം എപ്പോൾ പോകും' എന്ന് മാത്രമാണ്.
സീതയെ കൊണ്ടുപോകാൻ തനിക്കു ഉദ്ദേശം ഇല്ലെന്നു രാമൻ അറിയിച്ചപ്പോൾ സീതയുടെ മട്ടുമാറി.
'ഭരതന് വേണമെങ്കിൽ സീതയെയും കൂടി നല്കാൻ താൻ തയ്യാർ' എന്ന് രാമൻ പറഞ്ഞത് സീത അറിഞ്ഞിട്ടുണ്ടാവും
എന്ന് തീർച്ച. അങ്ങനെ എല്ലാകാര്യത്തിലും അങ്ങുതന്നെ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടാ
എന്നായിരുന്നു സീതയുടെ മറുപടി.
"കിമിദം ഭാഷസേ രാമവാക്യം ലാഘതയാ
ധ്രുവം
ത്വയാ യാദപഹാസ്യം മി ത്രതം നരവരോത്തമ"
'ഹേ,
നരോത്തമ, ഏതൊരു ആജ്ഞയിന്മേലാണോ അങ്ങ് ഒറ്റയ്ക്ക് ഒരു തീരുമാനം എടുത്തു എന്ന് പറയുന്നത്,
അത് തികച്ചും അപഹാസ്യം എന്നാണു എനിക്ക് തോന്നുന്നത്. ഇങ്ങനെ ശിക്ഷിക്കാൻ ഞാൻ എന്ത്
ചെയ്തു ?'
അതിനു
രാമന്റെ മറുപടി സ്ത്രീകൾ അനുസരിക്കേണ്ടതായ കുറെ മര്യാദകളെപ്പറ്റി ആയിരുന്നു. അതിനു
കുറിക്കു കൊള്ളുന്ന മറുപടിതന്നെ സീത പറയുന്നുണ്ട്.
'ഞാൻ
അനുസരിക്കേണ്ടതായ മുറയെപ്പറ്റി എന്റെ മാതാപിതാക്കളും ഗുരുക്കന്മാരും എന്നെ നല്ലവണ്ണം
ഉപദേശിച്ചിട്ടുണ്ട്. പുതുതായി ഒരു ഉപദേശവും എനിക്ക് ആവശ്യമില്ല'
"നാസ്മി
സംപ്രതി വക്തവ്യ വർത്തതവ്യം യഥാ മയാ"
വീണ്ടും
രാമൻ അദ്ദേഹത്തിൻറെ നിലപാടിൽ ഉറച്ചു നിന്നു. സീതയുടെ വാക്കുകൾ വീണ്ടും കടുത്തുവന്നു.
"ത്വം
തസ്യഭവ വശ്യച്ഛ വിധേയച്ഛ സദാനഘാ"
'യാതൊരു
ഭരതന്റെ ഗുണത്തിനുവേണ്ടി നിന്തിരുവടി ഇപ്പോൾ ആജ്ഞാപിച്ചുവോ , ആർക്കുവേണ്ടി അങ്ങ് പട്ടാഭിഷേകത്തിനിന്നും
പിന്മാറുന്നുവോ, ആ ഭരതന് അങ്ങ് അധീനനായിക്കൊള്ളൂ' (എന്നെ അതിനു നോക്കേണ്ടത് എന്ന്വര്ദ്ധം)'
പിന്നീട്
പറഞ്ഞത് തീർച്ചയായും കടുത്തുപോയില്ലേ എന്ന് നമുക്കുപോലും തോന്നും വിധമാണ്.
"കിം ത്വാടമാന്യത വൈദേഹ: പിതാമേ
മിഥിലാധിപ:
രാമ ജാമാതരം പ്രാപ്യ സ്ത്രീയം പുരുഷ
വിഗ്രഹം "
'ശ്രീരാമ,
വൈദേഹനും മിഥിലാധിപതിയുമായ എന്റെ അച്ഛൻ, ജാമാതാവായ അങ്ങയെ പുരുഷരൂപം ധരിച്ച സ്ത്രീ
ആണെന്ന് കരുതണമോ?'
അപ്പോഴും
ഒതുങ്ങാത്ത ശ്രീരാമനെ ഒരു സാധാരണ സ്ത്രീയെപ്പോലെ അവസാനം ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു
സീത.
"യതിമാം ദുഖിതാമേവം വനം നേതും
ന ചെച്ഛസി
വിഷമഗ്നീം ജലം വാ ഹാമാസ്‌താംസ്യ
മൃത്യു കാരണാത്"
'എന്നെ കൂടെ കൊണ്ടുപോയില്ലെങ്കിൽ,
ഹേ രാമാ, ഞാൻ വല്ല വിഷം കഴിച്ചോ, അല്ലെങ്കിൽ തീയിലോ വെള്ളത്തിലോ ചാടി മരിക്കും'
'ശത്രുക്കളുടെ അധീനതയിൽ നിശ്ചയമായും
ഞാൻ ഇരിക്കുകയില്ല, ഇപ്പോൾത്തന്നെ വിഷം കഴിച്ചു മരിക്കും'
"വിഷമദ്യവ പാസ്യാമി മാ ഗതം
ദ്വിഷതാം വശം"
അവിടെ രാമന് സമ്മതിക്കേണ്ടിവന്നു.
കാരണം സീതയുടെ സ്വഭാവം രാമന് നല്ലവണ്ണം അറിയാം, പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവളാണ്
അവൾ. വനവാസം തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള
ഏതാനും വാക്കുകളിലൂടെ സീതയെ വരച്ചിടാനാണ് ഇവിടെ ശ്രമിച്ചത്. ഇതിലും വല്യ നിമിഷങ്ങൾ സീതയുടെ ജീവിതത്തിലൂടെ കടന്നു
പോയിട്ടുണ്ട് അപ്പോൾ എല്ലാം ഒരു പിടിവാശിക്കാരിയെപ്പോലെ സീത നിന്നിട്ടുമുണ്ട്.
വനവാസവും, സീതാപരിത്യാഗവും എല്ലാം
കഴിന് പുനഃസമാഗമനത്തിനു എല്ലാവരും നിര്ബന്ധിച്ചപ്പോഴും സീത തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിൽ ആ രംഗം എങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അൽപ്പം
നീണ്ടുപോയ ഈ ലേഖനം അവസാനിപ്പിക്കാം.
"പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.
കനമാർന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.
രുജയാൽ
പരിപക്വ സത്ത്വനായ്
നിജഭാരങ്ങലോഴിഞ്ഞു
ധന്യനായ്
അജ
പൗത്രാ, ഭാവാനുമെത്തുമേ
ഭജമാനൈകവി
ഭാവ്യമീപ്പദം"
എനിക്ക് തോന്നുന്നു ഇതായിരുന്നു
അതിന്റെ പഞ്ച് ലൈൻ. ‘രുജയാൽ പരിപക്വമായി’,
പുരുഷാർധത്തിന്റെ പരമ പടിയിൽ എത്തിനില്ക്കുന്ന ഒരാളുടെ വിടചൊല്ലലാണത്. അവമാനിക്കപ്പെട്ട
സ്ത്രീത്വത്തിന്റെ ഉള്ളിലെ നീറ്റൽ.
ഋഷികളും, രാജ്യവും, അവതാരപുരുഷനും
എല്ലാവരും വിചാരിച്ചാലും സീത ഇനി ഒരിക്കലും രാമനിലെക്കില്ല, അഗ്നിയിൽ ശുദ്ധീകരിക്കപ്പെട്ടു
രാമനു വേണമെങ്കിൽ സീതയിലേക്ക് എത്താൻ കഴിയും. അത് അങ്ങനെ തന്നെയായിരിക്കുമെന്ന് സീതയ്ക്ക്
ഉറപ്പുണ്ട്. ആ ഉറപ്പാണ് ഈ വരികളിൽ.
No comments:
Post a Comment