Monday, 7 January 2019

സുമിത്ര



ദേവാസുരയുദ്ധം നടക്കുന്ന കാലം. അന്ന് കോസലരാജ്യത്തിന്റെ ചക്രവർത്തി മഹാപ്രതാപവാനും , ഇക്ഷ്വാകു വംശജനായിരുന്ന, 'അജൻ' എന്ന രാജാവിന്റെ പുത്രനും ആയിരുന്ന 'നേമി' ആയിരുന്നു. ആയിടക്ക് ശംബരൻ എന്ന മഹാപരാക്രമിയായ അസുരൻ ദേവലോകം ആക്രമിച്ചു കീഴ്പ്പെടുത്തി. വിഷമത്തിലായി ദേവന്മാർ ബ്രഹ്മാവിന്റെ നേതൃത്വത്തിൽ മഹാരാജാവായ നേമിയുടെ സഹായം തേടി. സ്വർഗ്ഗത്തിലെത്തിയ രാജാവ് അസുര  സൈന്യത്തോട് അതി ശക്ത്തമായി പോരാടി. ക്രുദ്ധനായ ശംബരൻ പത്തു ദിക്കിൽനിന്നും പത്തു ശംബരന്മാരായി      നേമിയെ നേരിട്ടു. സമത്തിനു സമം നിന്ന് പത്തു  ശംബരന്മാരെയും പത്തുദിക്കിൽനിന്നും ഒരേസമയം നേരിട്ട്‌, നേമി, ശംബരനെ വധിച്ചു. സംതൃപ്ത്തരായ ദേവന്മാരും ബ്രഹ്മാവും നേമിക്ക് 'ദശരഥൻ' എന്ന പേര് നൽകി.  

ദശരഥൻ, ഉത്തരകോസല രാജാവിന്റെ പുത്രിയായ കൗസല്യയെ വിവാഹം കഴിച്ചു. അവർക്ക് 'ശാന്ത' എന്നൊരു പെണ്കുഞ്ഞു പിറന്നു. അങ്ങനെയിരിക്കെ ദശരഥന്റെ ആത്മസുഹൃത്തും ബന്ധുവുമായ അംഗരാജാവ് ലോമപാദൻ അയോധ്യയിൽ വന്നു. മക്കൾ ഇല്ലാത്ത ലോമപാദൻ ശാന്തയെ തന്റെ മകളായി വിട്ടുനല്കണമെന്ന് കെഞ്ചി അപേക്ഷിച്ചു. മനസ്സില്ലാമനസ്സോടെ ദശരഥൻ സമ്മതിച്ചു. ലോമപാദൻ ശാന്തയെ തന്റെ മകളായി അംഗരാജ്യത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ലോമപാദൻ ശാന്തയെ ഋഷ്യസൃങ്ങ മഹർഷിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. (സംശയിക്കേണ്ട, വൈശാലി എന്ന സിനിമയിൽ നാം കണ്ട അതെ ശാന്ത, ശ്രീരാമന്റെ മൂത്ത ചേച്ചിയാണ്).    

പിന്നീട് വളരെക്കാലം കഴിഞ്ഞിട്ടും ദശരഥന് പുത്രനോ പുത്രിയോ ഉണ്ടായില്ല. അങ്ങനെ അദ്ദേഹം കേകയ രാജകുമാരിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നിട്ടും ഫലം ഒന്നും കാണാഞ്ഞിട്ട് മൂന്നാമത് കാശിരാജ പുത്രിയായ സുമിത്രയെ വിവാഹം കഴിച്ചു. എന്നിട്ടും പുത്രദുഃഖം അവസാനിച്ചില്ല.  ഒടുവിൽ, വസിഷ്ട്ടന്റെ ഉപദേശപ്രകാരം,  മരുമകനായ  ഋശ്യസൃങ്ഗ മഹർഷിയെ വിളിച്ചു പുത്രകാമേഷ്ടി യാഗം നടത്താൻ തീരുമാനിച്ചു

ഹോമാഗ്നിയിൽ നിന്നും ലഭിച്ച പുണ്ണ്യമായ പായസം രണ്ടായി പകുത്തു,  ഒരു പകുതി കൗസല്യക്ക് നൽകി (50 %) . ബാക്കി പകുതിയിൽ , പകുതി (അതായത് 25 %) കൈകേകിക്കുനല്കി, ഇനിയുള്ളതിനെ ബാക്കി രണ്ടായി തിരിച്ചു അതിൽ ഒരു പങ്ക് സുമിത്രക്ക് കൊടുത്തു (12 .5 %)  ഈ വ്യത്യാസം എന്തിനു അദ്ദേഹം കാണിച്ചു എന്ന് വ്യക്തമല്ല. പക്ഷെ പിന്നീട് ഒരു പുനർചിന്തനം അദ്ദേഹം നടത്തി. ബാക്കിയുള്ള പായസം കൂടി സുമിത്രക്ക് നൽകി. എന്നാൽ പ്രസവത്തിൽ സുമിത്രദേവി ഇവരെ രണ്ടുപേരെയും കടത്തി വെട്ടി, ഇരട്ടക്കുട്ടികളെ (ലക്ഷ്മണ-ശത്രുഘ്‌നന്മാർ) പ്രസവിച്ചു.

അയോധ്യയിലെ നാല് രാജകുമാരന്മാരിൽ രണ്ടു കുമാരന്മാരുടെ അമ്മയായ സുമിത്രക്ക് വേണമെങ്കിൽ രാജ്യഭരണത്തിൽ മറ്റുള്ളവരെക്കാൾ സ്വാധീനം ചെലുത്താമായിരുന്നു. പക്ഷെ അവർ മഹാധര്മിഷ്ടയായിരുന്നു എന്ന് വാല്മീകി തന്നെ പറയുന്നു. മാത്രമല്ല, കൗസല്യക്കോ, ദശരഥന് പോലും   അന്ന് അറിയില്ലാത്ത ജ്ഞാനം അവർക്കു ഉണ്ടായിരുന്നു എന്ന് വാല്മീകി പറയുന്നു. അഭിഷേക വിഘ്നം നടന്നു വനവാസത്തിനു പോകാൻ ഒരുങ്ങുന്ന രാമ ലക്ഷ്മണ സീതാ മാരെ കണ്ടു വിലപിക്കുന്ന കൗസല്യയെ സുമിത്രദേവി ആശ്വസിപ്പിക്കുന്നു ഇങ്ങനെ;

'തവാര്യേ സദ്ഗുണൈര്യുക്ക്ത: പുത്രാ: പുരുഷോത്തമ:
കിം തെ വിലാപിതേനൈവം കൃപണം രുദിതേന വാ'

"ജ്യേഷ്ടത്തി, അനന്തകല്യാണ ഗുണങ്ങളോട് കൂടിയ അവിടത്തെ പുത്രൻ പുരുഷോത്തമനായ മഹാവിഷ്ണുതന്നെ. വാസ്തവമറിയാതെ ഇങ്ങനെ വിലപിക്കാനോ കണ്ണീരൊഴുക്കാനോ എന്താണുള്ളത്."

പിന്നീട് അവർ പറയുന്ന കാര്യങ്ങൾ മുഴുവനും കേനോപനിഷത്തിലെ ശ്ലോകങ്ങളുടെ മറ്റൊരു രൂപം മാത്രമായിരുന്നു. കേനോപനിഷത്തിൽ പറയുന്ന ;

"ന തത്ര സൂര്യോ ഭാതി ചന്ദ്രതാരകം നേമം വിദ്യുതേ ഭാന്തി കുതയോയമംഗ്നി തമേവ ഭാന്തനുഭാതി സർവം തസ്യ ഭാസ സർവമിദം വിഭാതി "   

ശ്ലോകത്തിന്റെ സാരം അവർ മറ്റൊരു രീതിയിൽ പറയുന്നു.

സുമിത്രാദേവിയെ ഇങ്ങനെ ഒരു ജ്ഞാനിയായി രാമായണ കർത്താവ് അവതരിപ്പിച്ചത് എന്തുകൊണ്ട് എന്ന് വളരെ വിഷമമേറിയ ഒരു ചോദ്യമാണ്.
ഐതിഹ്യമാലയിലെ ഒരു കഥ പറഞ്ഞുകൊണ്ട് ഇത് അവസാനിപ്പിക്കാം.

വിക്രമാദിത്യന്റെ രാജ സദസ്സിലെ ഒരാളായ വരരുചിയുടെ കഥയിൽ ഇങ്ങനെ പറയുന്നു. ഒരിക്കൽ രാജസദസ്സിൽ ഒരു ചോദ്യം ഉണ്ടായി, രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഏത്? അതിനു ഉത്തരം പറയാൻ കഴിയാത്ത വരരുചി അത് കണ്ടുപിടിക്കാൻ ഒരു യാത്ര നടത്തി. നടന്നു നടന്നു അദ്ദേഹം കാട്ടിൽ ഒരു മരത്തിന്റെ ചോട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മരത്തിന്റെ മുകളിൽ രണ്ടു യക്ഷികൾ, രണ്ടു പക്ഷികളുടെ രൂപത്തിൽ ഇരുന്നു സംസാരിക്കുന്നത് ഇദ്ദേഹം കേട്ടു. അതിൽ ഒരു പക്ഷി പറഞ്ഞു, നദിക്കക്കരെ ഒരു പറയ ഗൃഹത്തിൽ ഇപ്പോൾ ഒരു പ്രസവം നടക്കുന്നുണ്ട്, പ്രസവത്തിൽ ഉണ്ടാവന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുന്നത് മരത്തിന്റെ കീഴിൽ ഇരിക്കുന്ന 'മാം വിദ്ധ്വി' എന്ന അറിയാത്ത ബ്രാഹ്മണനാണ് എന്ന്. വരരുചിക്കു ശ്ലോകം മനസ്സിലായി. അദ്ദേഹം തിരിച്ചുപോയി എന്നാണു കഥ.

വനവാസത്തിനു പോകുന്ന രാമലക്ഷമണന്മാർ ഏറ്റവും അവസാനം യാത്ര ചോദിക്കുന്നത് സുമിത്രദേവിയോടാണ്. അപ്പോൾ അവർ ലക്ഷ്മണനോട് പറയുന്ന വാക്യങ്ങൾ വളരെ പ്രധാനമാണ്. 'മകനെ നിന്നെ ഞാൻ പ്രസവിച്ചത് വനവാസത്തിന് വേണ്ടിയാണ്, എപ്പോഴും രാമനെയും സീതയെയും രക്ഷിക്കേണ്ടത് നീയാണ്' എന്ന് പറഞ്ഞു അനുഗ്രഹിച്ചു. പോകാൻ തുടങ്ങിയ ലക്ഷ്മണനെ തിരിച്ചുവിളിച്ചു സുമിത്രദേവി ഇങ്ങനെ പറഞ്ഞു;

"രാമം ദശരഥം വിദ്ധ്വി മാം വിദ്ധ്വി ജനകാത്മ ജാമo
അയോധ്യാo  അടപിം വിദ്ധ്വി  ഗത താതാ സസുഖം"

ഈ ശ്ലോകത്തിന്റെ സാധാരണന അർദ്ധം, 'രാമനെ ദശരഥനായി കാണണം, ജനകപുത്രിയെ എന്നെപ്പോലെ കാണണം, വനം അയോധ്യയായി കാണണം, പോയി വരുക പ്രിയ മകനെ' എന്നാണ്.

പക്ഷെ പണ്ഡിതന്മാർ ശ്ലോകത്തിനു ഒൻപതു രീതിയിൽ അർദ്ധം പറഞ്ഞിട്ടുണ്ട്. വിസ്താര ഭയത്താൽ ഇത് ഇവിടെ നിറുത്തുന്നു.


No comments:

Post a Comment