Sunday, 27 June 2021

EARLY INDIANS - IV

 

മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെ നാലായി (Four  types) ആണ് തിരിക്കുന്നത്. ആദ്യത്തേത് മുൻപ് പറഞ്ഞതുപോലെ ഒരു സംഘം ഹോമോസാപ്പിയൻസ് 70,000  കൊല്ലങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ നിന്നും പുറപ്പെട്ടു ആയിരക്കണക്കിന് കൊല്ലങ്ങൾകൊണ്ട് ലോകത്തിൽ പലയിടങ്ങളിലായി കുടിയേറിയത്.

രണ്ടാമത്തേത് ഏറ്റവും അവസാനമായി നടന്ന 'glacial period' മായി ബന്ധപ്പെട്ടതാണ്. സൗരയൂധത്തോടൊപ്പമുള്ള ഭൂമിയുടെ സഞ്ചാരപഥത്തിന്റെ പ്രത്യേകതകൾകൊണ്ട് ഭൂമിയിലെ ചൂടിന് ഉണ്ടാവുന്ന വ്യതിയാനമാണ് ഇത്തരം മാറ്റങ്ങൾക്കു കാരണം. ഏറ്റവും അവസാനത്തെ glacial  period, 1,10,000 കൊല്ലങ്ങൾക്കുമുന്പ് ആരംഭിച്ചു 15000-12000 കൊല്ലങ്ങൾക്കു മുൻപ് അവസാനിച്ചതാണ്. ഭൂമിയിലെ ചൂട് കുറയുന്നതുമൂലം, ഉത്തരധ്രുവത്തിലേയും ദക്ഷിണധ്രുവത്തിലെയും മഞ്ഞുപാളികൾ വളർന്നു ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും മൂടുന്നതാണ് ഹിമയുഗം എന്നൊക്കെ പറയുന്നത്. ഈ പ്രതിഭാസം ഭൂമിയിലെ മനുഷ്യരെ പല ജനസംഖ്യ ഗ്രൂപ്പുകളായി തിരിയുന്നതിനും ചെറിയ വ്യത്യാസങ്ങളോടെ പരിണാമം പ്രാപിക്കുന്നതിനും ഇടയാക്കി. കഴിഞ്ഞ glacial  period-ന്റെ അവസാനം , ഏതാണ്ട് 12,000 കൊല്ലങ്ങൾക്കു മുൻപ് , ഭൂമി വീണ്ടും ചൂട് പിടിച്ചുതുടങ്ങിയപ്പോൾ രണ്ടാമത്തെ വലിയ കുടിയേറ്റം സംഭവിച്ചു. കാരണം അപ്പോഴേക്കും മനുഷ്യൻ കൃഷി സ്വായത്തമാക്കുകയും വൻതോതിൽ കൃഷി ചെയ്യുവാനും ആരംഭിച്ചു. ഇത് ജനസംഖ്യയിൽ വൻതോതിലുള്ള വളർച്ചക്ക് കാരണമാകുകയും, ആളുകൾ വിവിധയിടങ്ങളിലേക്കു കുടിയേറാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു.

2009-ലും 2013-ലും പുറത്തുവന്ന രണ്ടു പഠനങ്ങൾ, ഹാർവാർഡ് മെഡിക്കൽ സ്കൂളും , സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി ഹൈദരാബാദും ചേർന്ന് നടത്തിയ രണ്ടു  പഠനങ്ങൾ ആയിരുന്നു ഇത്. ഇത് ഒരുകാര്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നതായിരുന്നു. അതായത് ഇന്ത്യയിലുള്ള എല്ലാവരും  സങ്കരമാണ്, വിവിധ അളവിൽ, കൂടിയും കുറഞ്ഞും. ഏറ്റവും കുറഞ്ഞത് രണ്ടു ഗ്രൂപ്പുകളുടെ സങ്കരം. ഒന്ന് , ആദിമ ഇൻഡ്യാക്കാർ , അതായത് ആഫ്രിക്കയിൽനിന്നും കുടിയേറിയ മനുഷ്യർ. രണ്ടാമത്തേത് പടിഞ്ഞാറൻ യൂറേഷ്യ. (പടിഞ്ഞാറൻ യൂറേഷ്യ എന്നാൽ ഇന്നത്തെ ഇറാന്റെ ഭാഗങ്ങൾ , മധ്യ ഏഷ്യ, കൊക്കേഷ്യ എന്നിവ ഉൾപ്പെടും. യൂറോപ്പും ഏഷ്യയും ഉൾപ്പെടുന്ന ഭാഗം, അതായത് കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയിലുള്ള , അര്മേനിയ, അസർബൈജാൻ, ജോർജിയ, തെക്കൻ റഷ്യ എന്നിവ ഉൾപ്പെടുന്നതാണ് കൊക്കേഷ്യ).

അതായത്, ഇന്നത്തെ ഇന്ത്യക്കാർ, ആദിമ ഇന്ത്യക്കാരുടെയും പടിഞ്ഞാറൻ യൂറേഷ്യയിൽ നിന്നുമുള്ളവരുടെ ഒരു സങ്കരമാണ്. പക്ഷെ, ഇത് പലർക്കും അത്ര ദഹിക്കുന്നതായിരുന്നില്ല. കാരണം ഒറ്റ നോട്ടത്തിൽ അത് 'ആര്യന്മാരുടെ കുടിയേറ്റ സിദ്ധാന്തത്തെ ' പിന്തുണക്കുന്നതായിരുന്നു.  ഏതാണ്ട് നാലായിരം കൊല്ലങ്ങൾക്കുമുന്പ് മധേഷ്യയിൽനിന്നും കുടിയേറിയ ഇടയ സമൂഹമാണ് ഇവിടെ ഇൻഡോ-യൂറോപ്യൻ ഭാഷയും (സംസ്കൃതത്തിന്റെ ആദിമരൂപം),   അതിനൊപ്പമുള്ള ആചാര-അനുഷ്ട്ടാനങ്ങളും കൊണ്ടുവന്നത് എന്ന് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.  ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ Dr. ഡേവിഡ് റെയ്ച്ച (David  Reich ), 2018-ലെ തന്റെ 'Who we are and  how we got here' എന്ന പുസ്തകത്തിൽ ഇത് വിവരിക്കുന്നുണ്ട്. അങ്ങനെ, "ഈ പഠനങ്ങളുടെ നിഗമനങ്ങളെ തള്ളാതെയും എന്നാൽ നേരിട്ട് പറയാതെയും ഒരു കുറുക്കുവഴി കണ്ടെത്തി. അങ്ങനെ ഇന്ത്യയിലെ ഇന്നത്തെ ആളുകൾ രണ്ടു പഴയ ഗ്രൂപ്പുകളുടെ പിൻഗാമികൾ ആണ് ; Ancient South  Indians (ASI), 'Ancient  North  Indians' (ANI)"

ഈ ട്വിസ്റ്റ്, മാധ്യമങ്ങൾക്കു ഇഷ്ടംപോലെ വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. ഉദാഹരണത്തിന് ANI എന്നത് ഏകാത്മകമായ, ഒരു ജനസമൂഹമാണെന്നും പതിനായിരക്കണക്കിന് വര്ഷം മുൻപ് ഇവിടെത്തന്നെ ഉണ്ടായിരുന്ന ഒരു സമൂഹമാണെന്നും വ്യാപകമായ പ്രചാരണം ഉണ്ടായി.  പക്ഷെ പഠനം അർദ്ധശങ്കക്കിടയില്ലാതെ പറയുന്നത് ANI നിരവധി കുടിയേറ്റങ്ങളിലൂടെ ഉണ്ടായ സങ്കര സമൂഹമാണെന്നും , അതിൽ ചിലതു ഏതാണ്ട് 4000 വര്ഷം മാത്രം പഴക്കം ഉള്ളവയാണെന്നും എന്നാണ്. (തുടരും)       

No comments:

Post a Comment