ആർക്കിയക് മനുഷ്യരുടെ വംശനാശത്തോടെ ആഫ്രിക്കയിൽനിന്നും കുടിയേറിയ മനുഷ്യർ മാത്രം ഭൂമിയിൽ അവശേഷിച്ചത് നാം കണ്ടു. പക്ഷെ ഇത് എപ്പോൾ , എങ്ങനെ സംഭവിച്ചു എന്നുള്ളതിൽ നാം ഇപ്പോഴും ഇരുട്ടിലാണ്. കൃത്യമായ ഒരു തെളിവും ഇത് വിശദീകരിക്കുന്നതിനു, പ്രത്യേകിച്ച് ഇന്ത്യയിൽ, ഇതുവരെ ലഭിച്ചിട്ടില്ല. തെക്കേ ഏഷ്യയിൽ ആകപ്പാടെ ലഭിച്ചത് ഭാഗികമായി നശിച്ച ഒരു തലയോടാണ്. 2,50,000 വര്ഷം പഴക്കം ഉള്ള ഈ ഫോസിൽ ലഭിച്ചത് മധ്യപ്രദേശിലെ ഹാത്തോരാ (Hathnora) എന്ന നര്മദയുടെ തീരത്തുനിന്നാണ്, 1982-ഇൽ. യൂറോപ്പിൽ, നിയാണ്ടർത്താൽ മനുഷ്യരുടെ വംശനാശം സംഭവിച്ചത് ഏതാണ്ട് 40,000 കൊല്ലങ്ങൾക്കു മുൻപ് ആണെന്ന് ഇന്ന് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്. ഇന്ത്യയിൽ അത് സംഭവിച്ചത് ഒരുപക്ഷെ ഏതാണ്ട് 35,000 കൊല്ലങ്ങൾക്കു മുൻപാകാം എന്നാണു നിഗമനം.
'എല്ലാ കാർഷിക സമൂഹങ്ങളും നാഗരികത ആവുന്നില്ല, എന്നാൽ ഒരു നാഗരികതയും ഒരു കാർഷിക സമൂഹത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകാതിരുന്നിട്ടില്ല'. കൃഷിയുടെ വികാസത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ , ഉൽപ്പാദന ക്ഷമതയുടെ വളർച്ചയിൽ , സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളെ അത് കൃഷിയിൽനിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്നവർ, മറ്റുള്ള ജോലികളിലേക്ക്, അതായത് കെട്ടിടങ്ങളുടെ, കോട്ടകൊത്തളങ്ങളുടെ നിർമാണം, ആയുധങ്ങളുടെ, ആഭരണങ്ങളുടെ നിർമാണം, കണ്ടുപിടുത്തങ്ങൾ എന്നുതുടങ്ങി ഒരു നാഗരികതക്ക് ആവശ്യാമായ എല്ലാത്തരം പ്രവർത്തികളിലേക്കും തിരിയുന്നു.
ഏതാണ്ട് ഒരു നൂറ്റാണ്ടോളമായുള്ള ശ്രമങ്ങൾ ഉണ്ടായിട്ടും ഹാരപ്പൻ ലിപി വായിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഹാരപ്പൻ നാഗരികതയുടെ ഉയർച്ചക്ക് പിന്നിൽ ഉണ്ടായിരുന്ന ശാക്തികബന്ധങ്ങളുടെ ലിഖിതമായ ഒരു വിവരം നമുക്ക് ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ,അവർ അവശേഷിപ്പിച്ചു പോയ വാസ്തുവിദ്യ, ശിൽപ്പങ്ങൾ, കൊത്തുപണികൾ, ചുവര്ചിത്രങ്ങൾ എന്നിവയെല്ലാം അവരെക്കുറിച്ചുള്ള വിലപിടിപ്പുള്ള വിശദീകരണങ്ങൾ നമുക്ക് നൽകുന്നുമുണ്ട്.
രണ്ടുമുറികൾ, ചുടുകട്ടകൊണ്ടുള്ള നിർമാണം എന്നുതുടങ്ങി, തെക്കേ ഏഷ്യയിലെ ആദ്യത്തെ കൃഷി നടത്തിയ ബാർളിപ്പാടങ്ങൾ എന്നിവയെല്ലാം മഹത്തായ സംസ്കാരങ്ങളായ ഹാരപ്പ, മോഹജോദാരോ തുടങ്ങിയവയുടെ നല്ലൊരു ചിത്രം നമുക്ക് നൽകുന്നുണ്ട്. തെക്കേ ഏഷ്യയിൽ ആദ്യമായി കൃഷി 'പരീക്ഷണം ' നടത്തിയ മെഹ്റഗർഹ് (Mehrgarh) എന്ന കൊച്ചുഗ്രാമം , ഇന്നത്തെ പാക്കിസ്ഥാനിൽ ബലൂചിസ്ഥാനിൽ , ബോലാൻ ചുരത്തിനു അടുത്ത് സ്ഥിതിചെയ്യുന്നു. BC-7000-നും BC-2600-നും ഇടയിൽ ഏതാണ്ട് 4500 കൊല്ലത്തോളം ഇവിടെ ജനവാസ കേന്ദ്രമായിരുന്നു. ഇൻഡസ്-നും മെഡിറ്ററേനിയനും ഇടയിൽ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്ന , ഏറ്റവും വലിയ കൃഷിസ്ഥലവും ജനവാസകേന്ദ്രവുമായിരുന്നു ഇവിടം. ഏതാണ്ട് 200 ഹെക്റ്ററിലേറെ കൃഷിയിടം ഇവിടെ ഉണ്ടായിരുന്നെന്ന് കണക്കാക്കപ്പെടുന്നു.
ഹാരപ്പൻ സംസ്കാരത്തിന്റെ അടിത്തറ ഇട്ടത് മെഹ്റഗർഹ് ആയിരുന്നെന്നു തന്നെ പറയാം. ഇവിടെ നടത്തിയ ഉല്‍ഖനനത്തിൽ ഏതാണ്ട് ഒൻപതു മീറ്റർ ഘനത്തിൽ തെളിവുകളുടെ കൂമ്പാരം തന്നെ ലഭ്യമായിട്ടുണ്ട്. ഏറ്റവും അടിത്തട്ടിൽ ദീർഘ ചതുരത്തിലുള്ള മുറികളോടുകൂടിയ, മണ്കട്ടകൾ കൊണ്ട് നിർമിച്ച വീടുകൾ, കൃഷി ആയുധങ്ങൾ (Microliths) , ബാര്ലിയുടെയും ഗോതമ്പിന്റെയും അംശങ്ങൾ, നായാടാനുള്ള ആയുധങ്ങൾ എന്നിവയെല്ലാം ഇതിൽ പെടും. ആയിരക്കണക്കിന് കൊല്ലങ്ങൾകൊണ്ട് ഈ കൊച്ചുജനവാസം, ബലൂചിസ്ഥാൻ, ഇൻഡസ് താഴ്വര, ഘഗർ-ഹക്ര നദിതീരം (ഇതാണ് സരസ്വതി നദി എന്ന് വിശ്വസിക്കപ്പെടുന്നു) ഗുജറാത്തും കടന്നു വളർന്നു, ഏതാണ്ട് BC-2600 ആയപ്പോഴേക്കും , പാകിസ്ഥാൻ, വടക്കൻ അഫ്‌ഗാനിസ്ഥാൻ, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഇന്നത്തെ പടിഞ്ഞാറൻ ഇന്ത്യ മുഴുവനും വ്യാപിച്ച ഹാരപ്പൻ സംസ്കാരം , അതിന്റെ അത്യുച്ച നിലയിൽ എത്തി.
ആരായിരുന്നു മെഹ്റഗർഹ്-ലെ ആളുകൾ, അവർ എവിടെനിന്നും വന്നു ? (തുടരും)
No comments:
Post a Comment