Sunday, 27 June 2021

EARLY INDIANS - V

 

2018-ഇൽ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുമുള്ള 93 ശാസ്ത്രജ്ഞന്മാർ സംയുക്തമായി നടത്തിയ ഒരു പഠനം (The Genomic formation of South and Central Asia) ഇതിലെ മിക്കവാറുമുള്ള സംശയങ്ങൾ നീക്കുന്നതായിരുന്നു. 612 സാമ്പിളുകളിൽ, BC-6000 മുതൽ BC-1200 വരെ പഴക്കമുള്ളവയായിരുന്നു ഈ സാമ്പിളുകൾ. 

ഈ പഠനങ്ങളിൽനിന്നും നമുക്ക് ഇന്ന് അറിയാം ,ഏതാണ്ട് BC-4700 കളിൽ ഇന്ഡസ് വാലിയിലേക്ക് ഇറാനിയൻ കർഷക സമൂഹത്തിന്റെ ഒരു വൻ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇറാൻ മുതൽ ഏതാണ്ട് തുർക്കിയുടെ ഭാഗങ്ങളും  ഇറാന്റെ പേർഷ്യൻ ഗൾഫ് തീരങ്ങളും ചേരുന്നതാണ് സാഗ്രോസ് (Zagros)  എന്ന് അറിയപ്പെടുന്ന ഈ പ്രദേശം. BC-9000 മുതലേ കൃഷി നടന്നിരുന്ന പ്രദേശമാണ് സാഗ്രോസ് മലനിരകൾ. ഈ കർഷകരുടെ നിർണായകമായ സംഭാവന 'Indus periphery  population' -ന്റെ നിർമ്മിതിക്ക് കാരണമായിട്ടുണ്ട്.  ഹാരപ്പൻ സംസ്കാരവുമായി ഇഴുകി ചേർന്ന് ജീവിച്ചിരുന്ന ഒരു ജനവിഭാഗമാണ്  'Indus periphery  population'. ഹരിയാനയിലെ രാഖിഗാർഹി (Rakhigarhi) എന്ന ഹാരപ്പൻ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നും ലഭിച്ച DNA സാമ്പിളുകളും ഈ നിഗമനത്തെ ശരിവയ്ക്കുന്നുണ്ട് എന്നാണു റിപ്പോർട്. ഏതാണ്ട് 400 ഹെക്റ്ററോളം പരന്നുകിടക്കുന്ന ഈ സൈറ്റ് ലോകത്തിലെ ഏറ്റവും വലിയ ഹാരപ്പൻ സൈറ്റ് ആണെന്ന് പറയപ്പെടുന്നു. ഹാരപ്പൻ ജനങ്ങളും  സാഗ്രോസ് കർഷകരും തമ്മിലുള്ള ചേർച്ചയെ ഇവിടത്തെ തെളിവുകളും ശരിവയ്ക്കുന്നുണ്ട്.             

ചുരുക്കത്തിൽ, 'Ancient South  Indians' എന്നത് ആദിമ ഇന്ത്യക്കാരുടെയും, (തൽക്കാലം ഇവരെ നമുക്ക് 'Ancient  Ancient  South  Indians' (AASI) എന്ന് വിളിക്കാം.) ഇറാനിയൻ കർഷക സമൂഹത്തിന്റെയും പിന്മുറക്കാരാണ്. അതുപോലെതന്നെ 'Ancient  North  Indians' (ANI) എന്നത് , 'AASI' യുടെയും, ഇറാനിയൻ കർഷക സമൂഹത്തിന്റെയും, സ്റെപ്പീ ഇടയ സമൂഹത്തിന്റെയും പിന് തലമുറയാണ് . ഇന്ത്യയിലെ ഇന്നത്തെ ജനങ്ങൾ എല്ലാ ജനസമൂഹങ്ങളും ഇപ്പറഞ്ഞതിന്റെ (ANI+ASI) ഏറിയും കുറഞ്ഞുമുള്ള അളവിൽ ഇവരുടെ സങ്കര പിൻഗാമികൾ ആണ്. 

BC-1900-നു ശേഷം ഹാരപ്പൻ നാഗരികതയുടെ തകർച്ചയിൽ, ആ സംസ്കാരത്തിന്റെ ഉടമകളും, അതിനെ നൂറ്റാണ്ടുകളോളം കൊണ്ടുനടന്നവരുമായ ജനസമൂഹം , ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. ഏറ്റവും കൂടുതൽ ഈ ഒഴുക്ക് ഉണ്ടായത് തെക്കോട്ടും, കിഴക്കോട്ടുമാണ്.

നമുക്ക് അറിയാം, ഏതാണ്ട് BC-2000  നും 1500-നും ഇടയിൽ , ഇന്നത്തെ കസാക്കിസ്ഥാൻ, താജികിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ സ്റെപ്പിയിൽനിന്നു ഇൻഡോ -ആര്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ വൻതോതിലുള്ള കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അടുത്ത കുറെ നൂറ്റാണ്ടുകൾക്കുള്ളിൽ വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇവരുടെ നല്ല സ്വാധീനം ഉണ്ടാകുകയും ചെയ്തു. ഈ സ്വാധീനം ഹാരപ്പൻ ജനങളുടെ ഭാഷയിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവും. അതോടൊപ്പം ഹാരപ്പൻ ജനങ്ങളുടെ നല്ല ഒരു ഭാഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധഭാഗങ്ങളിലേക്കു കുടിയേറിയതായും നാം കണ്ടു .

 

അങ്ങനെ ഒരു ഒഴുക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ , ഹാരപ്പൻ ജനങ്ങളുടെ ഭാഷ സംസ്കാരം എന്നിവക്ക് എന്ത് സംഭവിച്ചു ? ഇതിന്റെ അന്വേഷണമാണ് മുൻ IAS ഓഫീസറും, ചരിത്രകാരനും ശിലാലിഖിത വിദഗ്ധനുമായ ഇരാവതം മഹാദേവന്റെ ശിഷ്യനായ ശ്രീ. ബാലകൃഷ്ണൻ തന്റെ 'Journey of a Civilization: Indus to Vaigai’ എന്ന ഗ്രന്ഥത്തിലൂടെ നടത്തുന്നത്

BC-500  മുതൽ AD-ആദ്യ ശതകം വരെ നീളുന്ന സംഘം കൃതികളിൽ അവിടവിടെയായി ഹാരപ്പൻ ഓർമകളുടെ വിദൂര ചിത്രങ്ങൾ പരന്നുകിടക്കുന്നതായി അദ്ദേഹം പറയുന്നു. സംഘം കൃതികളിൽ ഒന്നായ 'അകനാനൂറിൽ'  വിശാലമായി നീണ്ടുകിടക്കുന്ന മരുഭൂമിയിലൂടെ, വിശപ്പുകൊണ്ട് അവശനായ ഒരു ഒട്ടകം തറയിൽ ചിതറിക്കിടക്കുന്ന എല്ലിന്കഷണങ്ങൾ ഭക്ഷിക്കുന്ന ഒരു കവിത ഉണ്ട് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. തെക്കേ ഇന്ത്യയിൽ അങ്ങനെ ഒരു മരുഭൂമിയുടെയും അതിൽ മാത്രം ജീവിക്കുന്ന ഒട്ടകത്തിന്റെയും ഒരു അറിവ് സംഘകാലത്തു ഉണ്ടാവണമെങ്കിൽ അത് ഹാരപ്പൻ വിദൂര സ്മരണ ആവാനേ വഴിയുള്ളൂ എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരം നിരവധി ചിത്രങ്ങൾ അദ്ദേഹം നിരത്തുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. (തുടരും).   

No comments:

Post a Comment