ടോണി ജോസഫ് എഴുതിയ ' Early Indians : The Story of Our Ancestors And Where We Came From' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഒരു പരമ്പര.
ടോണി ജോസഫ്-ന്റെ "Early Indians" എന്ന പുസ്തകം ഇന്ത്യ ചരിത്രത്തിലെ രണ്ടു 'മിത്തുകളെ' ആണ് തകർത്തത്. അതിനു അദ്ദേഹം മുഖ്യമായും ഉപയോഗിച്ചതു ജനറ്റിക്സിലെ പുതിയ കണ്ടെത്തലുകളാണ്.
ചരിത്രത്തെ പുനർ വായനക്ക് വിധേയമാക്കുമ്പോൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന , ആർക്കിയോളജിക്കൽ, ഭാഷാപരം, സാഹിത്യപരം തുടങ്ങിയ തെളിവുകൾക്കു പുറമെ ജനറ്റിക്സ് കൂടി ഉപയോഗിച്ച് തുടങ്ങിയത് അടുത്തകാലത്താണ്. അതിൽത്തന്നെ വളരെ പുരാതനമായ തെളിവുകൾ കണ്ടെത്തുന്ന സാങ്കേതിക വിദ്യ വളരെ അടുത്തകാലത്താണ് വികസിച്ചത്. ഇത്തരം കണ്ടെത്തുകളാണ് ടോണി ജോസഫ് തന്റെ ചരിത്ര വായനക്ക് ഉപയുക്തമാക്കിയത്.
70,000 കൊല്ലങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നും പുറപ്പെട്ട ഹോമോസാപ്പിയൻറെ പാരമ്പരകളാണ് ലോകം മുഴുവനും ഇന്നുള്ള മനുഷ്യർ എന്ന് എങ്ങനെ കണ്ടെത്തും ? അതിനു, ഏറ്റവും ലളിതമായിട്ടെങ്കിലും ജനറ്റിക്സിനെക്കുറിച്ചു അൽപ്പം അറിയേണ്ടതുണ്ട്. മനുഷ്യന് ആവശ്യമായ , അഥവാ മനുഷ്യനിൽ ഉള്ള ജനറ്റിക് കോഡുകൾ എല്ലാംതന്നെ 23 ജോഡി ക്രോമോസോം ആയി നമ്മുടെ സെല്ലിനുള്ളിൽ ന്യൂക്ലിയസിനകത്തു അടുക്കി വച്ചിരിക്കുന്നു. പക്ഷെ ഒന്നുമാത്രം, മൈറ്റോകോൺഡ്രിയൽ DNA മാത്രം (mtDNA) ന്യൂക്ലിയസിനു പുറത്തു സ്ഥിതിചെയ്യുന്നു. ഈ DNA ഓരോ മനുഷ്യന്റെയും അമ്മയുടെ പാരമ്പര്യം വഹിക്കുന്നതാണ്. പുരുഷനും mtDNA ഉണ്ട് , പക്ഷെ അതും അയാളുടെ അമ്മയിൽനിന്നും കിട്ടിയതാണ്. പുരുഷന്റെ mtDNA ഒരിക്കലും സന്തതികളിലേക്കു പകർന്നു കൊടുക്കില്ല. മുൻപ് പറഞ്ഞ 23 ജോഡി ക്രോമോസോമും mtDNA യും ഉൾപ്പെട്ടതാണ് മനുഷ്യന്റെ ജിനോം എന്ന് വിളിക്കുന്നത്. ഈ ജീൻസ് എങ്ങനെ അടുത്തതലമുറയിലേക്കി കൊടുക്കുന്നു എന്നത് അൽപ്പം വിശദമായി പറയേണ്ടതായതുകൊണ്ടു നിറുത്തുന്നു. പക്ഷെ ഒറ്റകാര്യം മാത്രം, mtDNA അമ്മയിൽനിന്നും മാത്രം കിട്ടുന്നു എന്ന് പറഞ്ഞതുപോലെ 'Y' ക്രോമോസോം അച്ഛനില്നിന്നും ഒരാൾക്ക് ലഭിക്കുന്നു. അതായത് 'Y' ക്രോമോസോം എന്റെ അച്ഛന്റെ , അച്ഛന്റെ , അച്ഛന്റെ ....... എന്ന് നീളും. അതുപോലെ mtDNA അമ്മയുടെ, അമ്മയുടെ , അമ്മയുടെ.... എന്ന് നീളും. പക്ഷെ അതിനിടയിൽ എന്തെങ്കിലും മ്യുട്ടേഷൻ സംഭവിച്ചാൽ അതുകൂടി ഇതോടൊപ്പം കൈമാറും. അതായത് മ്യുട്ടേഷന്റെ ഒരു ചരിത്രം കൂടി ഇവക്കൊപ്പം കൈമാറും എന്നര്ദ്ധം. അതായത് ഒരു ആളുടെ , അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ചരിത്രംകൂടി ഇതിൽ രേഖപ്പെടുത്തി വയ്ക്കും. അതിപുരാതന DNA കളിൽ നിന്ന് അങ്ങനെ അതിന്റെ ചരിത്രം കൂടി വായിക്കാം എന്ന് സാരം.
കൊളോണിയലിസം, ഇന്ത്യചരിത്രം വായനക്ക് വിധേയമാക്കുന്നത് താരതമ്യേന നവീനകാലഘട്ടത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. അവർക്കുതന്നെ കൊളോണിയലിസ്റ് അനുഭവത്തിന്റെ പുറമെ, BC-500 നു മുൻപ് നടന്ന പേർഷ്യൻ ചക്രവർത്തിയായ ദാരിയസിന്റെ ആക്രമണം, പിന്നീടു BC-250-ഇൽ നടന്ന അലക്‌സാണ്ടറുടെ ആക്രമണം , ഇത്തരത്തിലുള്ള ഒന്നായാണ് 'ആര്യന്മാരുടെ' വരവിനെപ്പറ്റിയുള്ള അവരുടെ സങ്കല്പം. 'ആര്യൻ ഇൻവേഷനാണ് ' അവരുടെ ചരിത്രത്തിൽ. അങ്ങനെ ആക്രമിച്ചു കടന്നുകയറിയ ആര്യന്മാർ തദ്ദേശീയരായ ദ്രാവിഡന്മാരെ തെക്കേ ഇന്ത്യയിലേക്ക് തള്ളി. അങ്ങനെ ശരീരശാസ്‌ത്രപരമായി ഒരുബന്ധവുമില്ലാത്ത രണ്ടു വർഗങ്ങൾ ആണ് ഇൻഡ്യാക്കാർ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചരിത്രകാരന്മാരും, കൊസാംബിയെപ്പോലുള്ള ഇടതുപക്ഷ ചരിത്രകാരന്മാർ പോലും, ഈ പക്ഷക്കാർ ആയിരുന്നു. ഋഗ് വേദത്തിലെ ഇന്ദ്രൻ, ദസ്യുക്കളെ തോൽപ്പിക്കുന്നത് ആര്യന്മാർ ദ്രാവിഡരുടെ മേൽ നേടിയ വിജയത്തിന്റെ ഓര്മയാണുപോലും.
ഇതിന്റെ നേരെ മറുവശം വേറൊരുവാദം ഉണ്ട്. മുഖ്യമായും സംഘപരിവാർ എന്ന് ഇന്ന് വിളിക്കുന്നവരാണ് ഇതിന്റെ പ്രായോക്താക്കൾ. ഗോൾവാക്കറുടെയും , സവർക്കാരുടെയും ചില വാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ വാദം. ഇവരെ സംബന്ധിച്ചേടത്തോളം ആര്യന്മാർ ഇവിടെത്തന്നെ ഉണ്ടായിരുന്നവരാണ്. ഋഗ് വേദത്തിൽ സരസ്വതി നദിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. സരസ്വതി വറ്റിവരണ്ടുപോയ ഒരു നദിയാണ്. ഈ നദിയുടെ നാശമാണ് ഹാരപ്പൻ സംസ്കാരത്തിന്റെ നാശത്തിന്റെ കാരണം എന്ന് പറയപ്പെടുന്നു. അതായത് സരസ്വതി നിലനിന്ന കാലത്തു ആര്യന്മാർ ഇവിടെ ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഹാരപ്പൻ സംസ്കാരത്തിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുകൾ ആണ് ആര്യന്മാർ. ഈ രണ്ടു മിത്തുകളെയാണ് ഇപ്പോൾ പൊളിച്ചെഴുതിയിരിക്കുന്നതു. (തുടരും)
No comments:
Post a Comment