ഇന്ത്യയിലെ (യഥാർത്ഥത്തിൽ സൗത്ത് ഏഷ്യ) ജനസമൂഹത്തെ ഒരു 'പിസ്സായോടാണ്' ടോണി ഉപമിക്കുന്നത്. ആദിമ ഇന്ത്യൻസ് അതിന്റെ ബേസ് ആണ്. അതിന്റെ പലഭാഗങ്ങളും കട്ടി കൂടിയതും കുറഞ്ഞതുമായ ഒരു ബേസ്. പിന്നെ അതിന്റെ മുകളിൽ ഒഴിച്ച സോസ്. അത് എല്ലായിടത്തും പരന്നിട്ടുണ്ട്. അതിന്റെ മുകളിൽ തൂകിയ ചീസ് ആണ് ഏറ്റവും അവസാനം ഇവിടെ എത്തിയ ജനങ്ങൾ. ഇതിലെ ചീസും മറ്റു ടോപ്പിംഗ്‌സും അത്ര യൂണിഫോം ആയിട്ടല്ല. ചിലയിടത്തു തക്കാളിയുടെ കഷ്ണം കൂടുതൽ , മറ്റുചിലയിടത്തു കാപ്സികം ആണെങ്കിൽ വേറെ ചിലയിടത്തു കൂണ്, അങ്ങനെ. ഈ ചീസ് അല്ലെങ്കിൽ ടോപ്പിംഗ്‌സ് ഇവിടെ മാത്രം ഉള്ളതല്ല. ഇത് മറ്റു പലയിടത്തും കാണുന്നുണ്ട് , വെസ്റ്റ് ഏഷ്യ, യൂറോപ്പ്, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽ എല്ലാം ഇത് കാണാം. എന്നാൽ ഇതിന്റെ ബേസ് മറ്റൊരിടത്തും കാണാൻ കഴിയില്ല, മാത്രമല്ല ഇത്രയും വൈവിധ്യവും , ഒരു പക്ഷെ ആഫ്രിക്ക ഒഴിച്ച് ഒരിടത്തും കാണാൻ കഴിഞ്ഞെന്നു വരില്ല.
ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നു ഘട്ടങ്ങളിലായി ഉണ്ടായ കുടിയേറ്റമാണ് 'പോപ്പുലേഷൻ ജനറ്റിക്സ്' കാണിച്ചുതരുന്നത്. ഏതാണ്ട് 65,000 കൊല്ലങ്ങൾക്കുമുന്പ് ഒരുപറ്റം 'ആധുനിക' മനുഷ്യർ (ഹോമോസാപിയൻസ്) ആഫ്രിക്കയിൽനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയതാണ് ആദ്യത്തെ കുടിയേറ്റം. പിന്നീട് BC-7000-നും 3000-നും ഇടയിൽ ഇറാനില്നിന്നും ഉണ്ടായ ,കൃഷി സ്വായത്തമാക്കിയ ആളുകളുടെ രണ്ടാമത്തെ കുടിയേറ്റം. പിന്നീട് BC-2000-നും 1000-നും ഇടയിൽ സെൻട്രൽ യൂറേഷ്യൻ സ്റ്റെപ്പികളിൽനിന്നും വൻതോതിലുള്ള ഇടയ സമൂഹത്തിന്റെ (pastoralists) കുടിയേറ്റമാണ് മൂന്നാമത്തെ വൻ കുടിയേറ്റം. ഹംഗറി മുതൽ യുക്രൈൻ, മധേഷ്യ തുടങ്ങി മഞ്ചൂറിയ വരെ, ഏതാണ്ട് 8000 കിലോമീറ്ററോളം പരന്നുകിടക്കുന്ന പുല്മേടുകളാണ് സ്റെപ്പി. സഞ്ചാരികളായ ഇവർ കുതിര, പശു, ആട് തുടങ്ങിയ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു.
ഇവിടെ പ്രസക്തമായ ഒരു ചോദ്യം, എന്തുകൊണ്ട് ലോകത്തിലുള്ള എല്ലാ മനുഷ്യരും (ഹോമോസാപിയൻസ്) ആഫ്രിക്കയിൽനിന്നും ഉത്ഭവിച്ചവർ ആവണം ? എന്തുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്രമായ മനുഷ്യ സമൂഹം ഉണ്ടായിക്കൂടാ? യഥാർത്ഥത്തിൽ ഏതാനും ദശകങ്ങൾക്ക് മുൻപുവരെ ഈ ചോദ്യം വളരെ സീരിയസ് ആയി ചോദിച്ചിരുന്നു. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിച്ച 'ആർക്കിയക് മനുഷ്യർ' ഉണ്ടായിരുന്നുതാനും. (ഏതാണ്ട് അഞ്ചുലക്ഷം വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഹ്യൂമനോയിഡുകളാണ് 'ആർക്കിയാക്' എന്ന് അറിയപ്പെടുന്നത്. ഇവരിൽ നീയാണ്ടർത്താൽ, ഫ്ലോറെൻസിൻസിസ് , ഡെനിസോവ എന്നി വിഭാഗനാൽ പെടും). പക്ഷെ DNA സാങ്കേതികവിദ്യയുടെ വളർച്ച ഈ സാധ്യതയെ പാടെ തള്ളിക്കളഞ്ഞു. ഇന്ന് ലോകത്തിലുള്ള എല്ലാ മനുഷ്യരും ആഫ്രിക്കയിൽ ഉത്ഭവിച്ചു , ഏതാണ്ട് 70,000 വര്ഷം മുൻപ് ഏഷ്യയിൽ എത്തി , അവിടെനിന്നും ലോകം മുഴുവൻ വ്യാപിച്ചവരാണ്. ഒരുപക്ഷെ ഈ വ്യാപനത്തിനിടയിൽ അന്ന് അവശേഷിച്ച ആർക്കിയക് മനുഷ്യരുടെ നാശവും ഉണ്ടായതാവാം. (തുടരും)
No comments:
Post a Comment