അശ്വഘോഷന്റെ 'ബുദ്ധചരിത'ത്തിൽ തന്റെ അച്ഛനായ ശുദ്ധോദന രാജാവിനോട്
സിദ്ധാർഥ രാജകുമാരൻ യാത്രപറഞ്ഞു ഇറങ്ങുന്ന രംഗം ഇങ്ങനെയാണ്. (എ ഡി ഒന്നാം നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന അശ്വഘോഷൻ വലിയൊരു സംസ്കൃത പണ്ഡിതനും ബുദ്ധമത വിശ്വാസിയുമായ ഒരു ബ്രാഹ്മണനും
ആയിരുന്നു. അദ്ദേഹത്തിൻറെ ബുദ്ധചരിതം എന്ന കാവ്യം, കാവ്യ രസംകൊണ്ടും ആഖ്യാന ഭംഗികൊണ്ടും വാല്മീകി രാമായണത്തോടു കിടപിടിക്കാൻ
കഴിയുന്നതാണെന്ന് വിദഗ്ധരുടെ അഭിപ്രായം.)
ധർമ്മ മാർഗ്ഗത്തിലേക്കു, രാജ്യവും
വീടും ബന്ധുക്കളെയും എല്ലാം ഉപേക്ഷിച്ചു ഞാൻ
പോകുന്നു എന്ന് അറിയിച്ച മകനോട്, രാജ സിംഹാസനവും
അളവറ്റ സ്വത്തും സൗഭാഗ്യങ്ങളും കാണിച്ചു ശുദ്ധോദന രാജാവ് തടയാൻ ശ്രമിക്കുന്നു. കണ്ണീരോടെ
നിൽക്കുന്ന അച്ഛനോട് സിദ്ധാർഥൻ ഒരു ഉപാധി വയ്ക്കുന്നു. താൻ പറയുന്ന നാലുകാര്യങ്ങളിൽ
രാജാവ് ഉറപ്പു നൽകുകയാണെങ്കിൽ തന്റെ യാത്ര വേണ്ടന്ന് വയ്ക്കാം. ഉപാധികൾ താഴെപ്പറയുന്നു.
"ന
ഭവേ മരണ്യ ജീവിതം മേ
വിഹരേത്
സ്വാസ്ഥ്യം ഇദം ച: ന രോഗ:
നച
ന: യുവാനം ആസിപേജ് ജരാ മേ
ന
ച സംപതിം ഇമാം ഹരേത് വിപതി:"
1. എന്റെ ശരീരത്തിന് ഒരിക്കലും മരണം
സംഭവിക്കരുത്
2. എന്റെ ഈ ആരോഗ്യത്തെ ഒരു രോഗവും
ഒരിക്കലും കവരാൻ പാടില്ല
3. വാർദ്ധക്യം, തന്നെ ഒരിക്കലും ബാധിക്കാൻ
പാടില്ല
4. അങ്ങ് വാഗ്ദാനം ചെയ്യുന്ന ഈ സൗഭാഗ്യങ്ങൾ
എനിക്ക് ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല.
സിദ്ധാർഥ രാജകുമാരനെ അലട്ടിയിരുന്ന
പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിച്ചത് ഇങ്ങനെയാണ്.
ഒരിക്കൽ നാടുകാണാൻ പോയ രാജകുമാരൻ
വയലിൽ പണിയെടുക്കുന്നവരെയും, പല പല രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരെയും നേരിട്ടുകാണാൻ
ഇടയായെന്നും , അപ്പോൾ മുതൽ അത്തരം പ്രശ്നങ്ങളുടെ പരിഹാരം അദ്ദേഹം അന്വേഷിക്കുകയായിരുന്നെന്നും
അശ്വഘോഷൻ മുൻപേതന്നെ പറഞ്ഞിട്ടുണ്ട്.
ബുദ്ധൻ ഒരിക്കലും ഒരു സൈദ്ധാന്തികൻ
ആയിരുന്നില്ല. ലളിതമായ ഭാഷയിൽ (പാലി) ലളിതമായ കാര്യങ്ങൾ ആണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത്.
ജാതി മത ആചാരങ്ങള് ഉപരിയായ മനുഷ്യ സ്നേഹമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സാധാരണ ജനങ്ങളെ
ബുദ്ധനിലേക്കു ആകർഷിക്കാനുള്ള പ്രധാന കാരണവും ഇതാണ്. മനുഷ്യൻറെ ജീവിതക്ലേശങ്ങളെക്കുറിച്ചും അവയുടെ
നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവയാണ്, നാലു ശ്രേഷ്ഠസത്യങ്ങൾ (- Four noble truths- ചത്വാരി ആര്യസത്യാനി).
ഒന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതം ദുരിതപൂർണ്ണമാണ്, ദുഃഖമയമാണ്. ജനനം,
രോഗങ്ങൾ, നിരാശ, വാർദ്ധക്യം, മരണം
തുടങ്ങിയവ എല്ലാം ആഗ്രഹങ്ങൾ
കൊണ്ടുണ്ടാവുന്ന ദുരിതങ്ങളാണ്.
രണ്ടാമത്തെ ശ്രേഷ്ഠസത്യം: ലോകത്തിൽ ഒന്നും തന്നെ അകാരണമായി സംഭവിക്കുന്നില്ല,
ദുരിതങ്ങളും അകാരണമായി സംഭവിക്കുന്നവയല്ല. അവയ്ക്ക് കാരണങ്ങൾ ഉണ്ട്. ജന്മമാണ്
ദുഃഖങ്ങൾക്കു കാരണം. ജനിക്കാത്തവന് ദുഃഖങ്ങൾ ഇല്ല. വീണ്ടും വീണ്ടും ജനിക്കുന്നതിനു
കാരണം ലവ്‌കികതയോടുള്ള തൃഷ്ണയാണ്. പൂർവജന്മത്തിലെ ഇന്ദ്രീയസുഖാനുഭവങ്ങളാണ്, സംവേദനങ്ങളാണ്
തൃഷ്ണയ്ക്കു കാരണം. പഴയജന്മത്തിലെ ‘സംസ്കാര’മാണ് മാതാവിൻറെ ഉദരത്തിൽ ബോധത്തെ
എത്തിക്കുന്നത്. മുജ്ജന്മത്തിലെ അന്ത്യാവസ്ഥയിൽനിന്നാണ് പുതിയൊരു
ജന്മമുണ്ടാവുന്നത്. അപ്പോഴത്തെ കാമനകൾ അടുത്ത ജന്മത്തിൽ നിന്റെ സ്വഭാവത്തിന്റെ
കാതലായ മാറും. (ഇത് സനാതന ധര്മത്തിന്റെ പുനർജന്മ സിദ്ധാന്തത്തിന്റെ നേർ പതിപ്പാണ്)
മൂന്നാമത്തെ ശ്രേഷ്ഠസത്യം: ഈ ദുരിതങ്ങൾക്കെല്ലാമുള്ള മോചന മാർഗ്ഗം ആഗ്രഹങ്ങളെ പൂർണ്ണമായി
അടക്കിക്കൊണ്ട്, സത്യത്തെ സദാപര്യാലോചിച്ചുകൊണ്ട്, ഉൾക്കഴ്ച നേടിക്കൊണ്ട്
ദുരിതച്ചങ്ങലയിൽ നീന്നു മോചനവും നേടുക
എന്നത് നിര്വാണത്തിലൂടെ സാധ്യമാണ്.
നാലാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ അഷ്ട്ടങ്ങമാർഗ്ഗങ്ങൾ
മാത്രമേ ഒരു പോംവഴിയാണ് ഉള്ളു. (സമ്യഗ്ദൃഷ്ടി, സമ്യക്സങ്കല്പം, സമ്യഗ്‌വാക്, സമ്യക്‌കർമാന്തം, സമ്യഗ്‌വ്യായാമം,
സമ്യക്സ്മൃതി, സമ്യക്‌സമാധി ഇവയാണ് ബുദ്ധൻ നിർദ്ദേശിച്ച അഷ്ടാംഗ മാർഗ്ഗങ്ങൾ.)
പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ
നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു
കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്,
അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ്. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ
ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ).
ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി
അറിയണം.
"വാസാംസി ജീർണാനി
യഥാ വിഹായ
നവാനി ഗൃഹ്‌ണാതി നാരോ പരാണി
തഥാ ശരീരാണി വിഹായ ജീർണാ -
നാന്യനീ സംജാതി നവമി
ദേഹി"
"മനുഷ്യൻ
എപ്രകാരമാണോ ജീർണ വസ്ത്രങ്ങളെ ഉപേക്ഷിച്ചു പുതിയ വസ്ത്രങ്ങളെ കൈക്കൊള്ളുന്നത്,
അപ്രകാരം തന്നെ ആത്മാവ് ജീർണ ദേഹങ്ങളെയെല്ലാം കൈവെടിഞ്ഞു പുതിയ ദേഹങ്ങളെ
കൈക്കൊള്ളുന്നു "
എന്ന് ഭഗവത് ഗീത.
No comments:
Post a Comment