ബൗദ്ധ ദര്ശനങ്ങളിലേക്കു ഇറങ്ങി ചെന്ന്
ഒരു പരിശോധന തുടങ്ങുന്നതിനു മുൻപ് ഒരു മുഖവുരയോടെ നമുക്ക് തുടങ്ങാം, ബൗദ്ധ-ജൈന മതങ്ങളുടെ
ഒരു വിഹഗ വീക്ഷണം.
വർദ്ധമാന മഹാവീരൻ ജീവിച്ചിരുന്നത്
ബി സി 599-527 ആയിരിക്കണമെന്നും ഗൗതമ ബുദ്ധന്റെ കാലം ബി സി 563-483 ആയിരിക്കണമെന്നും
കരുതപ്പെടുന്നു. രണ്ടുപേരും ക്ഷത്രീയ രാജകുമാരന്മാർ. മഹാവീരൻ വിദേഹത്തിലെ വൈശാലി രാജവംശജനും,
സിദ്ധാർത്ഥ രാജകുമാരൻ, അന്ന് കോസലത്തിന്റെ
ഭാഗമായിരുന്ന, ഇന്നത്തെ നേപ്പാളിന്റെ പടിഞ്ഞാറൻ പ്രവിശ്യ ഭരിച്ചുകൊണ്ടിരുന്ന ശാക്യവംശജനും. ശാക്യന്മാർ ഒരു പ്രത്യേക വർഗ്ഗക്കാർ ആയിരുന്നെങ്കിലും
അവർ ഋഷി പാരമ്പര്യം അവകാശപ്പെട്ടിരുന്നു. അങ്ങനെയാണ് 'ഗൗതമ' എന്ന പേര് അവർക്കു സിദ്ധിച്ചത്.
ഇത്രയും പറഞ്ഞത് ഈ രണ്ടു മതങ്ങളും
വർണ്ണ വ്യവസ്ഥിതി നില നിന്നിരുന്ന വൈദിക മതത്തിൽനിന്നുണ്ടായ രണ്ടു മുളകൾ മാത്രമാണെന്ന്
സൂചിപ്പിക്കാൻ വേണ്ടിയാണ്.
ബുദ്ധ മതവും ജൈനമതവും , ഹിന്ദു ധർമം
അല്ലെങ്കിൽ സനാതന ധർമം എന്നൊക്കെ പറയുന്ന വൈദിക ധർമ്മത്തിൽ നിന്നും അടിസ്‌ഥാനമായി വ്യത്യസ്തമാവുന്നത്,
അത് ക്രിസ്തുമതമോ ഇസ്‌ലാം മതമോ പോലുള്ള പ്രചാരക മതങ്ങൾ ആയിരുന്നു എന്നുള്ളതാണ്. ഒരു
മതസ്ഥാപകനും ആ മതം പ്രചരിപ്പിക്കുന്ന മത വിശ്വാസികളും. എന്നാൽ അവയിൽ നിന്നും അടിസ്ഥാനപരമായ
ഒരു വ്യത്യാസവും ഇവക്കു ഉണ്ടായിരുന്നു.
ഒരു മതം എന്ന് പറയുമ്പോൾ നമ്മുടെ
മനസ്സിൽ വരുന്ന രൂപം എന്നത്, ആദ്യമായി അത് ഒരു രക്ഷാകര പദ്ധതിയാണ് എന്നാണ്. അതായത്
ഈ ലോക ദുരിതങ്ങളിൽ നിന്നുമുള്ള ഒരു മോചനമാർഗ്ഗം (soteriological). അതിൽ യുക്തി ചിന്തക്ക്
വലിയ സ്ഥാനം ഇല്ല. അവിടെ വൈകാരികമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മാത്രമേ സ്ഥാനം
ഉള്ളു (ക്രിസ്ത്യൻ , ഇസ്‌ലാം മതങ്ങൾക്ക് ഇത് പൂർണമായും ബാധകമാണ്) എന്നാൽ ഇന്ത്യൻ മതങ്ങൾ അതിൽ നിന്നും വ്യത്യസ്തമായ ഒരു മാർഗ്ഗമാണ്
അവലംബിച്ചത്.
പ്രത്യകമായി ബുദ്ധമതത്തിലേക്കു വന്നാൽ,
ആദിമ ബുദ്ധമതം വിശ്വസിച്ചത്, ഈ ലോക ദുരിതങ്ങളിൽ നിന്നുമുള്ള മോചനം വെറും വിശ്വാസങ്ങളിലൂടെയല്ല,
പിന്നെയോ ദർശിനിക യുക്ത്തിയുടെയും അവനവനിലേക്ക് കൂടുതൽ കൂടുതൽ ആഴത്തിൽ ഇറങ്ങിയുള്ള
അന്വേഷണങ്ങളിലൂടെ ലഭിക്കുന്ന ജ്ഞാന മാർഗ്ഗത്തിലൂടെ ആണ് എന്നതാണ്. ഈ വിചാര വീഥി അവർക്കു
ലഭിച്ചതാവട്ടെ പൗരാണിക ഇന്ത്യൻ ദർശനങ്ങളുടെ സാരാംശത്തിൽ നിന്നുമായിരുന്നു. ബുദ്ധ മതത്തെ
സംബന്ധിച്ചേടത്തോളം, എല്ലാം അനിത്യങ്ങളായ സാഹചര്യങ്ങളിൽനിന്നും ഉത്ഭവിക്കുന്നതാണ്.
ഗൗതമ ബുദ്ധന്റെ മാർഗ്ഗവും അങ്ങനെത്തന്നെയാണ്. കാലാന്തരത്തിൽ അതിന്റെയും പ്രസക്ത്തി
നഷ്ടപ്പെടും. അപ്പോൾ പുതിയൊരു ബുദ്ധൻ ഉദയം ചെയ്യും. ഈ പ്രക്രിയ ഒരു തുടർ പ്രക്രിയ ആണ്.
ഇന്ന് നാം പറയുന്ന ഗൗതമ ബുദ്ധൻ ഈ ചരടില് അവസാനത്തെ കണ്ണിയാണ്. ഇതിനു മുൻപ് നിരവധി ബുദ്ധന്മാർ
വന്നു പോയിട്ടുണ്ട്. അവർ ഓരോരുത്തരും നിര്വാണത്തിലേക്കുള്ള മാർഗ്ഗം, അവരവരുടേതായ സ്വതന്ത്ര മാർഗ്ഗം, കണ്ടുപിടിച്ചിട്ടുണ്ട്.
ഇതിൽ ചരിത്രപരമായ വസ്തുതകൾ ഉണ്ടോ
ഇല്ലയോ എന്നതല്ല പ്രശ്നം. ഈ ആശയം നിർദേശിക്കുന്ന വസ്തുത എന്താണ് എന്നാണ്. അതായത് ബുദ്ധന്റെ
മാർഗം എന്നത് നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളതാണെന്നും, സാഹചര്യങ്ങളുടെ മാറ്റത്തിന്
അതനുസരിച് അത് പുതുക്കപ്പെന്നതുമാണെന്നാണ്. അതാണ് അതിലെ പുരോഗമനാംശം.
പിന്നീട് വന്ന പല ആചാര്യന്മാരും അതിൽ ദർശിനികമായ പല കൂട്ടലുകളും
കിഴിക്കലുകളും നടത്തി.
No comments:
Post a Comment