Saturday, 13 January 2018

ബുദ്ധമതചരിതം -3




ബുദ്ധൻ 'ധർമ്മത്തെയും' 'വിനയത്തെയുമാണ്' പഠിപ്പിക്കാൻ ശ്രമിച്ചത്. ബുദ്ധന്റെ കാലഘട്ടത്തിൽ അത് വാങ്മയമായി ശിഷ്യരിലേക്കു പകരുകയായിരുന്നു ചെയ്‍തത്. ബുദ്ധന്റെ കാലശേഷം ഏതാണ്ട് അഞ്ച്-ആറുവര്ഷങ്ങള്ക്കുശേഷമാണ്  അതെല്ലാം ക്രോഡീകരിക്കാനുള്ള ഒരു ശ്രമം നടന്നത്. ബുദ്ധന്റെ മരണശേഷം ബുദ്ധ ശിഷ്യന്മാരിൽ പ്രധാനികൾ എല്ലാം (ഏതാണ്ട് 500 പേർ) ഒരു സമ്മേളനം നടത്തി (അര്ഹാന്ത് എൽഡേഴ്സ്). ഓരോരുത്തരും അവർ മനസ്സിലാക്കിയത് അവിടെ ഉച്ചത്തിൽ ചൊല്ലി. അതിൽ ഭൂരിപക്ഷം സമ്മതിക്കുകയാണെങ്കിൽ അത് പിൻതലമുറയിലേക്കു വാഗ്മയമായി പകരാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടു. ആ സമ്മേളനമാണ് ഇന്ന് 'തേർവാദ ബുദ്ധിസം എന്ന് അറിയപ്പെടുന്നത്. അങ്ങനെ പറയപ്പെട്ട കാര്യങ്ങൾ എല്ലാം നാലാം സമ്മേളനത്തിൽ, അതായത് ബി സി 460 -ഇൽ ലിഖിത രൂപത്തിലേക്ക് കൊണ്ടുവന്നു.( ഈ സമ്മേളനം നടന്നത് ഇന്നത്തെ ശ്രീലങ്കയിൽ ആണ്)  2500  കൊല്ലത്തിനു ശേഷവും ഇന്നും ഏറ്റവും ആധികാരികമെന്നു കരുതപ്പെടുന്ന ബുദ്ധ വചനങ്ങളാണ് 'ത്രിപീടിക' എന്ന് അറിയപ്പെടുന്ന ബൗദ്ധ സാഹിത്യം (ത്രിപീടികയാണ് ബൗദ്ധ ദർശനത്തിന്റെ അവസാന വാക്കായി ഇന്നും കരുതപ്പെടുന്നത്.) ബുദ്ധന്റെ നാല്പത്തി അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ കുറിക്കുന്ന നാൽപ്പത്തിയഞ്ച് വാള്യങ്ങൾ ആയി എഴുതപ്പെട്ട ഒരു ബൃഹത് സാഹിത്യമാണ് ത്രിപീടിക.

ത്രിപീടികയെ മൂന്നായി തിരിച്ചിരിക്കുന്നു (അതുകൊണ്ടാണ് ത്രിപീടിക , അതായത് മൂന്നു കുട്ടകൾ, പീടിക എന്നാൽ കുട്ടകൾ, baskets).

ഒന്നാമത്തെ പീടിക, 'വിനയപീടിക', ആശ്രമ വാസികൾ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും, ഏതാണ്ട് 227  പരിശീലന നിയമങ്ങൾ അടങ്ങിയിരിക്കുന്നു.

രണ്ടാമത്തെ പീടിക, 'ശുദ്ധാനതപീടിക' : മനോ നിയന്ത്രണവും ധ്യാനം എന്നിവ ഇതിൽ പ്രതിപാദിക്കുന്നു. ഇത് ഒരു ത്രിതല പദ്ധതിയാണ്.

മൂന്നാമത്തേത് 'അഭിധാമപീടിക': ഇത് ജ്ഞാനത്തിന്റെയും (widom) അറിവിന്റെയും തലമാണ്. ഒരു പക്ഷെ ബുദ്ധ മത ചിന്തകളുടെ സൂക്ഷ്മ തല വിശദീകരണങ്ങൾ ഇതിലാണ് അടങ്ങിയിട്ടുള്ളത് (ഇതിന്റെ അടിസ്ഥാനത്തിലാണ് പില്കാലത്ത് വിവിധ ആചാര്യന്മാർ വിവിധ ബൗദ്ധദർശനങ്ങൾ രൂപീകരിച്ചത്)
  
എ ഡി നാലാം നൂറ്റാണ്ടോടെ എഴുതപ്പെട്ടു എന്ന് കരുതുന്ന മറ്റൊരു ബൗദ്ധ സാഹിത്യ ശാഖയാണ് ജാതക കഥകൾ. ബുദ്ധന്റെ മുൻ ജന്മങ്ങളെക്കുറിച്ചുള്ള കഥകളാണ്, പാലി ഭാഷയിൽ എഴുതപ്പെട്ട ഈ ബ്രഹത് ഗ്രന്ഥം. ജാതക കഥകളിലെ ബുദ്ധൻ മനുഷ്യനോ മൃഗമോ, എന്തും  ആവാം. ഭാവിയിൽ ഉണ്ടാവുന്ന ബുദ്ധനും അങ്ങനെതന്നെ, രാജാവോ, ആനയോ മുയലോ ഒക്കെയാവാം. എന്തായാലും തന്റെ ചുറ്റുപാടുമുള്ളവർക്കു ഉണ്ടാവുന്ന ഏതൊരു വിഷമ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെട്ട് ശുഭ പര്യവസാനമാക്കി മാറ്റുക എന്നതാണ് ഇതിൽ ബുദ്ധന്റെ  പ്രധാന റോൾ. 

ജാതകഥകളിലെ രസാവഹമായ ഒരു ചെറു കഥ.

ഗംഗാനദിയുടെ തീരത്തുള്ള ഒരു കാട്ടിൽ ബോധി സത്വൻ ഒരു കൊച്ചു മുയലായി കഴിയുന്ന കാലം. അവനു മൂന്നുകൂട്ടുകാരുണ്ട്, ഒരു നീർനായ, ഒരു കുറുക്കൻ, പിന്നെ ഒരു കുരങ്ങൻ. മുയൽ വലിയ ഭക്ത്തനാണ്. വ്രതവും ധ്യാനവുമെല്ലാം ഉണ്ട്. ഒരു ദിവസം ആകാശത്തു ചന്ദ്രനെ കണ്ടപ്പോൾ മുയൽ കൂട്ടുകാരോട് പറഞ്ഞു. 

"കൂട്ടരേ നാളെ ഏകാദശിയാണ്, നമുക്ക് വൃതം നോക്കണം, ഉപവാസത്തിന്റെ അവസാനം ആർക്കെങ്കിലും ഭിക്ഷ കൊടുത്തിട്ട് മാത്രമേ ഭക്ഷണം കഴിക്കാവൂ"

അവരെല്ലാം അത് സമ്മതിച്ചു.

പിറ്റേ ദിവസം രാവിലെ നീർനായ ഗംഗാ നദിക്കരയിലേക്കു പോയി. തനിക്കു ഉപവാസമാണെങ്കിലും ഭിക്ഷകൊടുക്കാൻ എന്തെങ്കിലും കരുതണമല്ലോ. അവിടെ ഒരു മുക്കുവൻ മീൻ പിടിച്ചിട്ടു ഒരു കോർമ്പലിൽ കോർത്തു മണ്ണിൽ കുഴിച്ചിട്ടിരുന്നു. മണം   പിടിച്ചെത്തിയ നീർനായ മൂന്നുപ്രാവശ്യം വിളിച്ചു ചോദിച്ചു.

"ഇതിനു ആരെങ്കിലും ഉടമസ്ഥർ ഉണ്ടോ?"

മറുപടിയൊന്നും കിട്ടാത്തതിനാൽ അവൻ ആ മീനുമായി തന്റെ മാളത്തിലേക്ക് മടങ്ങി ഉപവാസം തുടങ്ങി.

കുറുക്കനും രാവിലെ ഗ്രാമത്തിലേക്ക് പോയി. അവിടെ ഒരു കൃഷിക്കാരന്റെ കുടിലിൽ ഒരു കലം നിറയെ തൈര് ഇരിപ്പുണ്ട് അതുമായി അവനും തന്റെ മാളത്തിലേക്ക് പോയി. കുരങ്ങനും കുറെ പഴങ്ങൾ സമ്പാദിച്ചു തന്റെ മരത്തിലേക്ക് മടങ്ങി. പാവം മുയലിനു മാത്രം ഒന്നും കിട്ടിയില്ല.

വൃതം അവസാനിക്കാറായപ്പോൾ ഒരു ബ്രാഹ്മണൻ മുയലിന്റെ അടുത്തുവന്നു. മുയൽ വളരെ വിഷമിച്ചു, തന്റെ കൈവശം ഒന്നും ഇല്ലല്ലോ. എങ്കിലും അതിഥിക്ക് എന്തെങ്കിലും കൊടുത്തേ പട്ടു എന്ന് മുയൽ തീരുമാനിച്ചു. അവൻ പറഞ്ഞു:

"മഹാബ്രാഹ്മണാ, അങ്ങേക്ക് ഭിക്ഷ നൽകാൻ എന്റെ അടുത്തു അരിയോ ധാന്യങ്ങളോ ഒന്നുമില്ല. പക്ഷെ ആർക്കും തരാൻ കഴിയാത്ത ഒരു വിശേഷപ്പെട്ട ഭക്ഷണം ഞാൻ തരാം. അങ്ങ് ഒരു കാര്യം ചെയ്യണം, ഈ കാട്ടിൽ നിന്നും കുറെ വിറകുകൾ സമ്പാദിച്ചു ഒരു തീകുണ്ഡം ഉണ്ടാക്കണം. ഞാൻ അതിലേക്കു ചാടും, എന്റെ മാംസം വെന്തു കഴിയുമ്പോൾ അങ്ങേക്ക് അത് ഭക്ഷിക്കാം"

മുയൽ പറഞ്ഞതുപോലെ ബ്രാഹ്മണൻ ഒരു തീക്കുണ്ഡം ഉണ്ടാക്കി. മുയൽ അതിനു ചുറ്റും മൂന്നുപ്രാവശ്യം പ്രദിക്ഷണം വച്ചു, പിന്നെ ശാന്തമായി തീകുണ്ഠത്തിലേക്കു കടന്നു. 

അത്ഭുതം, മുയലിന്റെ ഒരു രോമം പോലും കരിഞ്ഞില്ല. തീകുണ്ഡത്തിനു മഞ്ഞിന്റെ തണുപ്പ്. അവൻ അത്ഭുതത്തോടെ ചോദിച്ചു:

"മഹാബ്രാഹ്മണാ എന്താണിത് ?"

അപ്പോൾ ആ ബ്രാഹ്മണൻ പറഞ്ഞു, 

"ബോധിസത്വ, ഞാൻ ബ്രാഹ്മണൻ അല്ല, ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ്. അങ്ങയുടെ ധർമ്മനിഷ്ടയും വൃത കാഠിന്യവും നേരിട്ട് അറിയാൻ വന്നതാണ് ഞാൻ."

എന്നിട്ടു ഇന്ദ്രൻ ആ കാട്ടിലെ ചില ചെടികളുടെ ഇല പറിച്ചു അതിന്റെ ചാറുകൊണ്ട് ആകാശത്തിൽ ഉദിച്ചുവന്ന ചന്ദ്ര ബിംബത്തിൽ മുയലിന്റെ ചിത്രം വരച്ചിട്ടു. ആ രൂപം ഇന്നും ചന്ദ്രനിൽ കാണാം.

No comments:

Post a Comment