Saturday, 13 November 2021

ശുദ്ധ ബോധത്തിന്റെ വഴിയിലൂടെ

 

"വസ്തുക്കളെക്കുറിച്ചു (Matter), ഒരു മനുഷ്യായുസ്സു മുഴുവൻ നീളുന്ന പഠനം നടത്തിയ ഒരാൾ എന്ന നിലക്ക് , അതെക്കുറിച്ചു എനിക്ക് ഇത്രമാത്രമേ നിങ്ങളോടു പറയാൻ ഉള്ളു. വസ്തുക്കൾ എന്ന നിലയിൽ ഒരു നിലനിൽപ്പ് ഇല്ല. എല്ലാ വസ്തുക്കളും ഉണ്ടാവുന്നതും നിലനിൽക്കുന്നതും , അവയെ അതാക്കി കാണിക്കുന്ന ഒരു ബലം നിമിത്തമാണ്. ഈ ബലത്തിന്റെ പിന്നിൽ ഒരു ബോധമനസ്സു നിലനിൽക്കുന്നു എന്ന് നാം കരുതേണ്ടിയിരിക്കുന്നു. എല്ലാത്തിന്റെയും പ്രഭവകേന്ദ്രമായ ഒരു ബോധം (Mind).

ഊർജത്തിന്റെ 'quanta' എന്ന നൊബേൽ സമ്മാനാർഹമായ ആശയത്തിന്റെ ഉപജ്ഞാതാവായ, മറ്റൊരർഥത്തിൽ 'ക്വാണ്ടം മെക്കാനിക്കിസിന്റെ അടിസ്ഥാന ആശയം' കണ്ടുപിടിച്ച, മാക്സ് പ്ലാങ്ക് 1944-ഇൽ പറഞ്ഞതാണിത്.  

ചിന്തയുടെ  ഉത്ഭവം മുതലേ "മനുഷ്യന് ആത്മാവ് ഉണ്ടോ" എന്ന ചോദ്യം ഉണ്ടായിരുന്നു. 'ഉണ്ട്' എന്നുതന്നെയായിരുന്നു ഈ ചോദ്യത്തിന്റെ എല്ലാ കാലത്തെയും ഉത്തരം. സ്ഥല-കാല-സംസ്കാര വ്യത്യാസം ഇല്ലാതെതന്നെ ഈ ഉത്തരം നിലനിന്നു. ഏതാണ്ട് ഒന്ന്‌ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ്, 'ആത്മാവ്' എന്നത് ശാസ്ത്രീയ അന്വേഷണത്തിന് അനുയോജ്യമായ ഒരു  'സംജ്ഞ' അല്ല എന്ന് തീരുമാനിച്, ശാസ്ത്രലോകം, 'ബോധം' (Consciousness) എന്ന വാക്കു അതിനു പകരമായി വച്ചു. ക്രമേണ തലച്ചോർ (Brain) എന്നത് അതിനു പകരമായി സാമാന്യേന ഉപയോഗിച്ചുതുടങ്ങി.

ഈ മാറ്റം, അഥവാ കാഴ്ചപ്പാടിലെ വ്യതിയാനം, 20-30  കൊല്ലത്തിനകം കൃത്രിമബുദ്ധി (AI), റോബോട്ടിക്‌സ് എന്നിവയുടെ ഒരു സമ്മേളനം ,Cyborg- എന്നതുപോലെ , അല്ലെങ്കിൽ ഒരുതരം 'Matrix' രൂപത്തിലുള്ള ഒരു യാഥാർഥ്യം ,ആത്യന്തികമായി മനുഷ്യനും യന്ത്രങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു യാഥാർഥ്യത്തിന്റെ സൃഷ്ടിയിലേക്കു നയിക്കും എന്ന വിശ്വാസം ബലപ്പെട്ടു. അതാവട്ടെ മനുഷ്യാത്മാവിന്റെ, അഥവാ ബോധത്തിന്റെ 'മരണം' എന്ന അവസ്ഥ തന്നെയായിരുന്നു.

ഏതാണ്ട് കാൽ നൂറ്റാണ്ടു മുന്പുവരെയും , മുൻപ് പറഞ്ഞ അവസ്ഥ തുടർന്നു. മനഃശാസ്ത്രജ്ഞർ , മനസ്സിന്റെ വിവിധ ഭാവങ്ങളുടെ, അല്ലെങ്കിൽ സ്വഭാവത്തിന്റെ വസ്തുനിഷ്ടമായ അംശങ്ങളെ പഠിച്ചുകൊണ്ടിരുന്നു. ന്യൂറോ സയന്റിസ്റ്റുകൾ തലച്ചോർ എന്ന വസ്തുവിനെയും അതിന്റെ വിവിധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രങ്ങളെയും പഠിച്ചുകൊണ്ടിരുന്നു. ഇവക്കു ഒരു മാറ്റം കുറിച്ചത് ഫ്രാൻസിസ് ക്രിക്, റോജർ പെൻറോസ് തുടങ്ങിയവരുടെ നിർണായക നീക്കങ്ങളിലൂടെയാണ്.

"നിങ്ങളുടെ ഉള്ളിൽ ഒരു മൂവി ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്, വളരെ അദ്ഭുതകരമായ ഒരു മൂവി, ഒരു 3D മൂവി. മണം, രുചി, സ്പർശം ,ശരീരത്തെപ്പറ്റിയുള്ള അറിവ് , വിശപ്പ് ,വികാരങ്ങൾ , ഓര്മ എന്നുതുടങ്ങി നിരന്തരമായ ഒരു വിശദീകരണവും മേൽനോട്ടവുമുള്ള ഒരു മൂവി. അതിന്റെ കേന്ദ്രത്തിൽ "നിങ്ങൾ" ഇരിക്കുന്നു. അത് നിങ്ങളുടെ അറിവും ലോകത്തിന്റെ അനുഭവവുമാണ്. അതാണ് നിങ്ങളുടെ ബോധത്തിന്റെ ഒഴുക്ക് " ആസ്‌ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ചമേഴ്‌സ് (David  Chalmers ) പറയുന്നു. 

ചമേഴ്‌സ് ഈ മൂവിയെ രണ്ടായി തിരിക്കുന്നു. (1) ഈസി പ്രോബ്ലം ഓഫ് കോണ്സസിസ്ന്സ് (2) ഹാർഡ് പ്രോബ്ലം ഓഫ് കോണ്സസിസ്ന്സ്. ചുറ്റുപാടുകളിൽ നിന്നുള്ള സ്റ്റിമുലകളെ സ്വീകരിക്കാനും, ക്രോഡീകരിക്കാനും ,പ്രതികരിക്കാനുമുള്ള കഴിവ്, വിവരങ്ങളെ അറിവുകളായി സാമാന്യയിപ്പിക്കൽ, ആന്തരിക അവസ്ഥകളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനുമായുള്ള കഴിവ് , ഇവയെല്ലാം 'ഈസി പ്രോബ്ലെംസ്' ആണ് . കാരണം ഇവയെല്ലാം കണക്കുകൂട്ടലുകൾക്കു വഴങ്ങുന്നതും, വിശദീകരണക്ഷമവുമാണ്. എന്നാൽ ഇതിലെ കൈപ്പിടിയിൽ ഒതുങ്ങാത്തതു് 'അനുഭവം' എന്നതാണ് , അതായത്  'first  person  experience'.

ഭൗതിക ശാസ്ത്രം പലപ്പോഴും പ്രപഞ്ചത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി ,സ്ഥല-കാലം, പിണ്‌ഡം (Mass)   എന്നിവയെ കാണാറുണ്ട്. ഇവയെ അടിസ്ഥാനമാക്കിയാണ് ബാക്കിയെല്ലാം നിര്മിക്കപ്പെട്ടിരിക്കുന്നതെന്നു പറയാറുണ്ട്. അല്ലെങ്കിൽ വേറൊരു രീതിയിൽ പറഞ്ഞാൽ Maxwell, എലെക്ട്രോമാഗ്നെറ്റിസത്തെ ജ്ഞാതമായ മറ്റേതൊരു ഭൗതിക യാഥാർഥ്യത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കാൻ കഴിയാതിരുന്നപ്പോൾ, ഇലക്ട്രിക്ക് ചാർജിനെ പുതിയ അടിസ്ഥാന യാഥാർഥ്യമായി കണ്ടതുപോലെ, ബോധം എന്നതിനെ കാണേണ്ടിവരും.  അതാണ് "പാൻസൈക്കിയിസം' (Panpsychism) എന്ന് അദ്ദേഹം വിളിക്കുന്നത്.    

"എന്നതുകൊണ്ട്, ബോധം എന്നതിനെ ഒരു 'ഭൗതിക പ്രതിഭാസം' ആക്കി ചുരുക്കുകയല്ല ഉദ്ദേശം" ചമേഴ്‌സ് പറയുന്നു. 

അപ്പോൾ ബോധം എന്നത് പരിണാമത്തിനു വിധേയമാണോ ?

ഡച്ചു കപ്യൂട്ടർ ശാസ്ത്രജ്ഞനായ ബെർണാഡോ കാസ്റ്റ്ബ് (Bernado  Kastrup ) പറയുന്നത് ബോധത്തിന് പരിണാമവിധേയമാവാൻ കഴിയില്ല എന്നാണ്. "ഭൗതിക വാദത്തിന്റെയും അതിൽ അടിസ്ഥാനപ്പെടുത്തിയ പരിണാമ സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ ബോധത്തെ അതിനുള്ളിൽ കൊണ്ടുവരാൻ കഴിയില്ല. കാരണം അടിസ്ഥാനപരമായി ബോധത്തിന് ഒരു 'ധർമം' നിർവചിക്കാൻ ആവില്ല. ഭൗതികവാദപരമായി എല്ലാ നിലനിൽപ്പുകളും നിര്വചിക്കപ്പെടുന്നത് ഒരു പരിമാണത്തിന്റെ (അളവിന്റെ) അടിസ്ഥാനത്തിലാണ്. ഉദ്ദാഹരണമായി , സബ് അറ്റോമിക് പാർട്ടിക്കിൾസ് നിർവചിക്കുന്നത് മാസ്സ്, ചാർജ് അല്ലെങ്കിൽ സ്പിൻ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്.  അതുപോലെതന്നെ അമൂർത്തമായ തരംഗങ്ങളെ ആന്ദോളനം (Oscillation ), ആവൃത്തി (Frequency ), ആയാമം (Amplitude ) തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ബോധം എന്ന പ്രതിഭാസം അളക്കാവുന്നതല്ല, അതിനു ഗുണം (quality) മാത്രമേ ഉള്ളു. അത് അനുഭവം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം നാച്ചുറൽ സെലക്ഷന് വിധേയം ആവാൻ കഴിയുന്നതല്ല.

അത്, ആരംഭം മുതൽ അവിടെയുണ്ടായിരുന്ന സഹജമായ (Intrinsic), ലഘൂകരിക്കാൻ ആവാത്ത പ്രകൃതിയുടെ ഒരു യാഥാർഥ്യം മാത്രമാണ്.

അത്ഭുതം എന്ന് പറയട്ടെ, നൂറ്റാണ്ടുകൾക്കു മുൻപ്, ആയിരത്തോളം വർഷങ്ങൾ , ഇന്ത്യയിൽ നാഗാർജ്ജുനനും, ശങ്കരനും, രാമാനുജനും, മാധവാചാര്യരും, നിംബാർക്കറും മറ്റും ശൂന്യവാദം, അദ്വൈതം , ദ്വൈതം ,വിശിഷ്ടാദ്വൈതം, ശുദ്ധാദ്വൈതം എന്നൊക്കെയുള്ള പേരിൽ ചർച്ച ചെയ്തതും ഇതുതന്നെയാണ്.

No comments:

Post a Comment