Friday, 30 July 2021

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-IV

സഹസ്രാബ്ദങ്ങളായി മനുഷ്യൻ അന്വേഷിക്കുന്ന ഒരു പ്രഹേളികയാണ് ഇത്. ഒരുതരത്തിലും മനസ്സിലാവാത്ത , ബന്ധങ്ങളുടെ അല്ലെങ്കിൽ ജീവിതത്തിന്റെ ഉള്ളടക്കരാഹിത്യം ഉണ്ടായാൽ എന്താണ് സംഭവിക്കുക ?

ഏണെസ്റ് ബെക്കർ തന്റെ 'Denial  of  Death ' എന്ന ഗ്രന്ഥത്തിൽ (1974-ഇൽ  പുലിറ്സർ പ്രൈസ്)   ഇങ്ങനെ എഴുതി: 'എല്ലാ സമൂഹവും എല്ലാ കാലത്തും മനുഷ്യ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു കടങ്കഥ ആണ്, ഔദ്ധത്യപൂർവമായ ഒരു അർത്ഥ നിർമിതി. അതുകൊണ്ടുതന്നെ, അത് അങ്ങനെ ചിന്തിച്ചാലും ഇല്ലെങ്കിലും, എത്രതന്നെ തന്മയത്വത്തോടെ, അതിലെ മതപരമായ മുദ്രകളും ആത്മീയമായ ആശയങ്ങളും ഒളിപ്പിച്ചുവച്ചാലും , എല്ലാ സമൂഹവും ഒരു മതം മാത്രമാണ്' 

യഥാർത്ഥത്തിൽ, മനുഷ്യന്റെ എല്ലാ സാംസ്കാരിക നിര്മിതിയുടെയും മതപരമായ ഈ വശം, മനഃശാസ്ത്രപരമാ യി  ആദ്യമായി കാണിച്ചുതന്നത് ആസ്ട്രിയൻ സൈക്കോഅനലിസ്റ്റും ഫ്രോയിഡിന്റെ സന്തത സഹചാരിയുമായിരുന്ന ഓട്ടോ റാങ്ക് (Otto  Rank )  ആയിരുന്നു.

ബെക്കർ, ഇതിൽനിന്നും ഒരു പടികൂടി പോയി. മനുഷ്യചരിത്രത്തിന്റെ ഇതഃപര്യന്തമുള്ള സാംസകാരിക മുന്നേറ്റങ്ങൾ എല്ലാം, കല, സംഗീതം, സാഹിത്യം, മതം , ദേശീയത, രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റങ്ങൾ എല്ലാം, മരണം എന്ന യാഥാർഥ്യത്തിന്റെ തിരിച്ചറിവിൽ ഉണ്ടാക്കുന്ന ഒരു മാനസിക പ്രതിരോധം മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യൻ ഒരേ സമയം രണ്ടു ലോകങ്ങളിലാണ്; ഭൗതിക ലോകത്തിലും , ആശയങ്ങളുടേതും അർഥ തലങ്ങളുടെയും ലോകത്തിലും; അങ്ങനെ രണ്ടു ലോകങ്ങളിൽ ജീവിക്കുന്നു. ജീവിതത്തിന്റെ പ്രതീകാത്മകമായ ഈ വശത്തെ ബെക്കർ 'അനശ്വരതാ തന്ത്രം' (immortality  project)  എന്ന് വിളിക്കുന്നു. ഇത്തരം വഴികളിലൂടെ, പദ്ധതികളിലൂടെ, അഥവാ ബന്ധങ്ങളിലൂടെ,  മനുഷ്യൻ തന്റെ ജീവിതത്തിന്റെ അർധം കണ്ടെത്താൻ ശ്രമിക്കുന്നു.

അർഥപൂർണമായ ഇത്തരം ഒരു പദ്ധതികളിലും നാം ബന്ധപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് മനുഷ്യനെ വിഷാദ രോഗിയാക്കുന്നത്. കാരണം അത്തരം പദ്ധതികളുടെ അഭാവം നമ്മെ മരണത്തെ ഓർമപ്പെടുത്തുന്നു. ഇത്തരം അർഥങ്ങൾ കണ്ടെത്തുന്നതിലെ അപര്യാപ്തതയാണ് ഒരാളെ മാനസിക രോഗി ആക്കുന്നത്. കാരണം , നശ്വരതക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൃത്യമായ യാതൊരു ലക്ഷ്യവും കാണാതെ വരുമ്പോൾ ഒരാൾ അയാളുടേതായ ഒരു തനതു യാഥാർഥ്യം സൃഷ്ട്ടിച്ചുതുടങ്ങും.

പരസ്പര വിരുദ്ധങ്ങളായ 'അനശ്വരതാ തന്ത്രങ്ങളുടെ' സങ്കര്ഷമാണ്, യുദ്ധം, മതഭ്രാന്ത്, വംശഹത്യ, വംശീയത, ദേശീയത തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനം. നമ്മുടെ 'അനശ്വരത' മാത്രമാണ് നമ്മുടെ ശരി. പക്ഷെ ലോകത്തിൽ ഇന്നുവരെ ഒരു മതവും, ശാശ്ത്രവും  മനുഷ്യന്റെ ഈ അന്വേഷണത്തിനു കൃത്യമായ ഒരു ഉത്തരവും നൽകിയിട്ടില്ല.

അതുകൊണ്ടു മനുഷ്യൻ ഇനിയും പുതിയൊരു 'വ്യാമോഹം' കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, ജീവിതത്തിനു അർഥപൂർണമായ ഒരു ചിത്രം നൽകാൻ. നാം നിരന്തരമായ ഭീതിയിലാണ്, എവിടെനിന്നോ ഉത്ഭവിച്ചു , 'താൻ' എന്ന ബോധവും പേറി, ആഴത്തിലുള്ള വികാരങ്ങളും എന്തിനൊവേണ്ടിയുള്ള മർമഭേദകമായ അഭിവാഞ്ചയും, എന്തോ ആയിത്തീരാനുള്ള അദമ്യമായ ആശങ്കയും, ഒടുവിൽ മരണവും. (അവസാനിച്ചു)    

 

 

No comments:

Post a Comment