പക്ഷെ , പടിഞ്ഞാറൻ തത്വചിന്ത നൂറ്റാണ്ടുകളായി ചർച്ചചെയ്യുന്ന സ്വതന്ത്രചിന്ത അഥവാ 'ഫ്രീവിൽ' (Freewill) എന്നതിന് എന്ത് സംഭവിക്കും ?
PET, fMRI തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ന്യൂറോസയൻസ് അപ്പോഴേക്കും തലച്ചോറിന്റെ മാപ്പിങ്ങിലൂടെ ഒരു കാര്യം കണ്ടെത്തിയിരുന്നു. നിങ്ങൾ എന്ത് കാര്യം ചെയ്യുമ്പോഴും, എന്ത് തീരുമാനിക്കുമ്പോഴും നിങ്ങളുടെ തലച്ചോറിന്റെ ഒരു പ്രത്യക ഭാഗം പ്രത്യേകമായി പ്രവർത്തിക്കും. ഉദ്ദാഹരണമായി നമ്മൾ കൈ വിരലുകൾ അനക്കാൻ തീരുമാനിച്ചു എന്നിരിക്കട്ടെ, അത് തികച്ചും നമ്മുടെ 'ഫ്രീ വിൽ' ന്റെ ഒരു പ്രകടനവും ആണ്. പക്ഷെ നമ്മുടെ തലച്ചോറിന്റെ രണ്ടു ഭാഗങ്ങൾ കൂടുതലായി പ്രകാശിക്കും.'മോട്ടോർ കോർടെക്സ്' ഏതൊക്കെ ക്രമത്തിൽ നിങ്ങളുടെ പേശികൾ ചലിക്കണം എന്ന നിർദ്ദേശങ്ങൾ അയക്കും. 'പ്രീ മോട്ടോർ കോർടെക്സ്' നിങ്ങളെ വിരലുകൾ ചലിപ്പിക്കാൻ തയ്യാർ ആക്കും.
1980 കളുടെ ആദ്യം അമേരിക്കൻ ന്യൂറോ സയന്റിസ്റ് ആയ ബെഞ്ചമിൻ ലിബെറ്റ്, ജർമൻ ഫിസിയോളജിസ്റ് ആയ ഹാൻസ് കോൺഹുബേർ എന്നിവർ ഫ്രീവിൽ നിലനിൽക്കുന്നുണ്ടോ എന്നതിന് ഒരു പരീക്ഷണം നടത്തുകയുണ്ടായി. അതിൽ പങ്കെടുക്കുന്നവർ അവരുടെ സ്വന്തം തീരുമാനം അനുസരിച്ചു, അവർ തീരുമാനിക്കുന്ന സമയത്തു കൈ ചലിപ്പിക്കണം (അല്ലെങ്കിൽ ഒരു സ്വിച്ച് അമർത്തണം) .അവരുടെ തലച്ചോറിന്റെ ഭാഗങ്ങൾ ഒരു EEG റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും. പരീക്ഷണ ഫലം ഞെട്ടിക്കുന്നതായിരുന്നു. അവർ സ്വമേധയാ സ്വിച് അമർത്താൻ തീരുമാനിക്കുന്നതിന് ഏതാണ്ട് ഒരു സെക്കൻഡ് മുൻപെ അവരുടെ തലച്ചോർ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അവർ അതിനെ 'റീഡിനെസ്സ് പൊട്ടൻഷ്യൽ' (Rediness Potential) എന്ന് വിളിച്ചു. അതായത് നാം നമ്മുടെ ഫ്രീവിൽ ഉപയോഗിക്കുന്നതിനു മുൻപേ നമ്മുടെ തലച്ചോർ തീരുമാനം എടുത്തു എന്നര്ദ്ധം, പിന്നെന്തു ഫ്രീ വിൽ ?
ഇതിൽ ഒരു വിരോധാഭാസം നിലനിൽക്കുന്നുണ്ട്. ലിബെറ് പരീക്ഷണവും തുടർന്നുള്ള മറ്റു പരീക്ഷണങ്ങളും കാണിക്കുന്നത് 'ഫ്രീ വിൽ' എന്നത് ഒരു മിഥ്യ ആണെന്നാണ്. കാരണം ആ തീരുമാനം അല്ല തലച്ചോറിന്റെ പ്രവർത്തനനത്തിനു പ്രേരകം ആയത്. ഏതാണ്ട് ഒരു സെക്കൻഡ് മുൻപേ തലച്ചോർ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. നിരവധി വിശദീകരണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഒന്നും പൂർണമായി തൃപ്തികരം അല്ല എന്നതാണ് വാസ്തവം.
ആസ്ട്രേലിയൻ കോഗ്നിറ്റീവ് സയന്റിസ്റ്റും, ന്യൂയോർക് യൂണിവേഴ്സിറ്റി 'സെന്റർ ഫോർ മൈൻഡ് ബ്രെയിൻ ആൻഡ് കോൺഷ്യസ്നെസ്സ് ' ഡിയറെക്റ്ററുമായ ഡേവിഡ് ചാർമിസ് (David Chalmers) ഈ പ്രഹേളികക്ക് കൊടുത്തിരിക്കുന്ന പേര് 'ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നെസ്സ്' എന്നാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങൽ ഒരു വ്യക്തിയുടെ അനുഭവമായി എങ്ങനെ പരിണമിക്കുന്നു എന്നതാണ് ഈ പ്രശ്നം. അദ്ദേഹം ഇതിനെ 'പാൻസൈക്കിസം' എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കോൺഷ്യസ്നെസ്സ് (ബോധം) എന്നൊക്കെ പറയുന്നത് തലച്ചോറിന്റെ ഒരു 'എപ്പി ഫിനോമെന്ൻ' അല്ല പിന്നെയോ സ്ഥലം ,കാലം തുടങ്ങിയ യാഥാർഥ്യത്തിന്റെ അടിസ്ഥാന ഗുണങ്ങൾ പോലെ മറ്റൊന്നാണ് ഇത്.
പ്രസിദ്ധ ന്യുറോ സയന്റിസ്റ്റ് വി രാമചന്ദ്രൻ തന്റെ 'ദി എമെര്ജിംഗ് മൈൻഡ് ' എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക.
"അതുകൊണ്ട്, 'ഞാൻ' എന്നതിന്റെ ഒരു ഉത്തരം ന്യുറോ സയന്സിന്റെ ഭാഷയിൽ കണ്ടുപിടിക്കാൻ മൂന്നു വഴികളാണ് ഞാൻ കാണുന്നത്.
ഒന്ന്: ഒരുപക്ഷെ നേരിട്ടുള്ള ഒരു ഉത്തരം ഉണ്ടായിരിക്കാം. ആർക്കിമിഡീസിന്റെ 'യൂറേക്കാ' രീതിയിലുള്ള ഒരു ഉത്തരം. പാരമ്പര്യം എന്ന പ്രഹേളികക്ക് ഡി എൻ എ നല്ക്കിയതുപോലുള്ള ഒരു ഉത്തരം. പക്ഷെ അത് അസാധ്യമായെക്കാം എന്നാണു എന്റെ അഭിപ്രായം. എന്റെ ഈ നിഗമനം തെറ്റും ആവാം.
രണ്ടാമത്, തലച്ചോറിൽ സംഭവിക്കുന്ന പ്രക്രിയകളുടെ അടിസ്ഥാനത്തിൽ ഒരു പക്ഷെ നമുക്ക് ഇത് വിശദീകരിക്കാൻ കഴിഞ്ഞേക്കാം. അങ്ങനെ 'ഞാൻ' എന്ന ഈ പ്രഹേളിക അതോടെ അവസാനിച്ചേക്കാം. ജീവൻ എന്ന പ്രഹേളികയെ നിരവധി ചാക്രിയ പ്രവര്ത്തനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രഞ്ഞമാർ വിശദീകരിക്കുന്നതുപോലെ ഇതും ഒരു പക്ഷെ കഴിഞ്ഞേക്കാം.
മൂന്നാമത്, ഒരു പക്ഷെ ഇതിനുള്ള നേരിട്ടുള്ള ഒരു ഉത്തരം നമ്മുടെ ന്ജാനെന്ദ്രിയങ്ങൾക്കും അപ്പുറത്ത് ആയിരിക്കാം. ഒരുപക്ഷെ എൻസ്റ്റീൻ ഭൌതിക ശാസ്ത്രത്തിൽ വരുത്തിയ ഒരു വിപ്ലവം പോലെ, വസ്തുക്കളുടെ ചലനവേഗത്തിനു ഒരു ഉയര്ന്ന പരിധി ഉണ്ടെന്നു കണ്ടെത്തിയതുപോലെ (പ്രകാശവേഗം), ഈ പ്രശ്നം പരിഹരിച്ചാൽ ഒരു പക്ഷെ, നമ്മൾ അതിശയിചേക്കാം, ഉത്തരം എന്നും നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു, നമ്മെ അത് എന്നും തുറിച്ചു നോക്കിക്കൊണ്ടിരുന്നു. എനിക്ക് ഒരു പുതു യുഗ ഗുരു ആവാനുള്ള ആഗ്രഹം ഒന്നും ഇല്ല, എന്നാൽ അവിടെ വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. പൗരാണിക ഇന്ത്യൻ ചിന്തയിൽ ഇതിനു വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. അതായത് 'ഞാൻ' എന്നത് , 'അത്' അഥവാ 'മറ്റുള്ളത് 'എന്ന വിഭജനം ഒരു യധാര്തമല്ല. 'അതും' 'ഇതും' ഒന്ന് തന്നെ ആണ്” (തുടരും)
No comments:
Post a Comment