1863-ഇൽ തോമസ് ഹെൻഡ്രി ഹക്സ്ലി (ഡാർവിന്റെ വേട്ടപ്പട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന) നേച്ചർ മാസികയിൽ ഒരു ലേഖനം എഴുതി "Evidence as to Man's place in Nature ". അതിൽ, ഗിബ്ബൺ, ഒറാങ് ഉട്ടാൻ, ചിമ്പൻസി, ഗൊറില്ല, മനുഷ്യൻ എന്നിവയുടെ തലയോടുകളുടെ ചിത്രവും ഉണ്ടായിരുന്നു. കൃത്യമായും മനുഷ്യ പരിണാമത്തിന്റെ നാൾ വഴി. അതുവരെ ഒരു പ്രത്യേക കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന മനുഷ്യന്റെ സ്ഥാനം , മൃഗങ്ങളുടെ ഇങ്ങേത്തലക്കൽ മാത്രം ആണെന്നായിരുന്നു ആ ചരിത്രപരമായ പ്രസ്താവന. നിക്കോളാസ് കോപ്പർ നിക്കസ് , ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നിന്നും മാറ്റിയിട്ടതുപോലെ , ഡാർവിനും മനുഷ്യന്റെ സ്ഥാനം താഴേക്കു മാറ്റി നിറുത്തി.
പക്ഷെ, ഹക്സ്ലി മനുഷ്യനെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല. അപ്രതിരോധ്യമായ, സയൻസിന്റെ മുന്നേറ്റത്തിൽ, അത്യുന്നതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണമായിരുന്നു ഹക്സ്ലിയുടെത്. അതാണ് പ്രസിദ്ധമായ ജ്ഞാനോദയത്തിന്റെ (Renaissance) ആണിക്കല്ലായി തീർന്നതും. പക്ഷെ , 'ഒക്കാംസ് റേസറിനു ' ഇരുപുറവും മൂർച്ചയുണ്ടായിരുന്നു. സയൻസിൽ നിന്നും സയന്റിസത്തേക്കു (scientism) അത് നയിച്ചു. പിന്നീടുള്ള നൂറ്റി അമ്പതു വര്ഷം സയന്സിനെക്കാളേറെ, സയന്റിസം, മനുഷ്യന്റെ സ്വത്വം രൂപപ്പെടുത്തുന്നതായാണ് നാം കാണുന്നത്. ഡെവലെപ്മെന്റ് സൈക്കോളജി IQ ആയി പരിണമിച് സാമൂഹികവും വിദ്യാഭ്യാസപരമായും മനുഷ്യനെ നിയന്ത്രിക്കുന്നത് നാം കണ്ടു. ഇമ്മ്യൂണോളജി സ്വത്വം ആയി നിര്വചിക്കപ്പെട്ടു. പിന്നീട് സെൽ തിയറിയും മോളിക്യൂലർ പഠനങ്ങളും 'സെല്ഫ്'- 'നോൺസെൽഫ്' അതിർ വരമ്പുകളായി വ്യാഖ്യാനിക്കപ്പെട്ടു. ജനറ്റിക് എഞ്ചിനീറിംഗും സിന്തറ്റിക് ബയോളജിയും മനുഷ്യപ്രകൃതിയെ എങ്ങോട്ടുവേണമെങ്കിലും അടിച്ചുപരത്താവുന്ന ഒന്നാക്കി നിര്വചിച്ചു.
രോഗ ചികിത്സാരംഗത്തും സൈന്റിസം കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകളിൽ, അറുപതുകളിൽ ഉയർന്നു വന്ന ഘടനാ വാദത്തിലും അതിനു ശേഷമുണ്ടായ പോസ്റ്റ് ഘടനാവാദത്തിലും ഒരുപോലെ തിളങ്ങിനിന്ന ഒരു ചിന്തകനായിരുന്നു ഫൂക്കോ. ചരിത്രം, സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം വിഹരിച്ചിട്ടുണ്ട്. പൊതുവെ പറഞ്ഞാൽ അദ്ദേഹത്തിൻറെ കൃതികൾ എല്ലാം തന്നെ ചരിത്രത്തിന്റെ താത്വികമായ ഒരു വിശദീകരണമായി കാണാവുന്നതാണ്. യാഥാർഥ്യത്തിന്റെ നിർമ്മിതിയെക്കുറിച്ചുള്ള ചരിത്രപരമായ ഒരു അന്വേഷണമാണ് തന്റെ പ്രവർത്തികൾ എന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.
"The birth of the clinic" തുടങ്ങുന്നത് ഈ മുഖവുരയോടെയാണ്.
“This book is about space, about language, and about death; it is about the act of seeing, the gaze”
ഇതിലെ ഈ സൂക്ഷ്മ നോട്ടമാണ് (gaze) ഇതിലെ കാതൽ. അവിടെ, ‘ലക്ഷണങ്ങളുടെ സംഘാതം’ എന്നതിൽനിന്നും ‘പാത്തോളജിക്കൽ അനാട്ടമി’ എന്നതിലേക്കുള്ള യാന്ത്രിക മാറ്റമല്ല, പിന്നെയോ രോഗിയും, ചികിത്സകനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ഭാഷയായ “What’s the matter with you" എന്ന ചോദ്യം “Where does it hurt?” എന്നതിലേക്ക് പരിണമിക്കുന്ന ഒരു വികാസ ചരിത്രവും കൂടെയാണ്. ഈ മാറ്റം ആത്യന്തികമായി രോഗിയുടെ ശരീരം, ഡോക്റ്റർമാരുടെ സൂക്ഷ്മ വീക്ഷണത്തിൽ വായിച്ചെടുക്കാവുന്ന ഒരു ലിഖിതമാക്കി മാറ്റുന്നു, രോഗിയുടെ ഒരു സഹായവും കൂടാതെ ഒരു വിദക്തന് സ്വന്തമായി വായിക്കാനും സ്വതന്ത്രമായി വിശദീകരിക്കാനും കഴിയുന്ന ഒരു ലിഖിതം.
രോഗിക്കുണ്ടായ ഈ അന്യവൽക്കരണം രോഗത്തിനും ഉണ്ടാവുന്നു. രോഗം എന്നത് ഒരു ദ്വിമാന തലത്തിൽ നോസോളോജിക്കലായി (Nosological) അടുക്കിവയ്ക്കുന്ന ഒരു പേര് മാത്രമായി മാറുന്നു, കണ്ടെത്തപ്പെട്ട ഘടകങ്ങൾഉടെ അടിസ്ഥാനത്തിൽ നൽകപ്പെട്ട ഒരു പേര്. ഈ അടുക്കിവയ്ക്കൽ ആവട്ടെ ബൊട്ടാണിസ്റ്റുകൾ ചെയ്യുന്ന രീതിയിൽ 'ജാതി' അടിസ്ഥാനത്തിലുള്ള തരം തിരുവല്ല, പിന്നെയോ കെമിസ്റ്-മിനറോളജിസ്റ്റുകൾ ചെയ്യുന്നതുപോലെ രോഗങ്ങളുടെ ഘടകങ്ങളെയും അവയുടെ സംഖാതങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്. (തുടരും)
No comments:
Post a Comment