ഈ
മഹാമാരിയുടെ കാലത്തു നമുക്ക് ഓർക്കാവുന്ന രണ്ടു പേരുകളാണ് Ivan illich
എന്നതും Paul Michel Foucault
എന്നതും. രണ്ടു പേരും രണ്ടു വീക്ഷണ കോണിൽനിന്നും രോഗങ്ങളെയും രോഗി-ഡോക്റ്റർ
ദ്വന്ദങ്ങളെയും അതിൽനിന്നും ഉണ്ടായ ചികിത്സ എന്ന പ്രക്രിയയെയും നോക്കികണ്ടവരാണ്. ഇല്ലിച്ചിനെ
തത്കാലം മാറ്റിനിര്ത്തി നമുക്ക് ഫുക്കോയെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകളിൽ, അറുപതുകളിൽ
ഉയർന്നു വന്ന ഘടനാ വാദത്തിലും അതിനു ശേഷമുണ്ടായ പോസ്റ്റ് ഘടനാവാദത്തിലും ഒരുപോലെ തിളങ്ങിനിന്ന
ഒരു ചിന്തകനായിരുന്നു ഫൂക്കോ. ചരിത്രം, സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, തത്വശാസ്ത്രം
തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം വിഹരിച്ചിട്ടുണ്ട്. പൊതുവെ പറഞ്ഞാൽ അദ്ദേഹത്തിൻറെ കൃതികൾ എല്ലാം തന്നെ
ചരിത്രത്തിന്റെ താത്വികമായ ഒരു വിശദീകരണമായി കാണാവുന്നതാണ്. യാഥാർഥ്യത്തിന്റെ നിർമ്മിതിയെക്കുറിച്ചുള്ള
ചരിത്രപരമായ ഒരു അന്വേഷണമാണ് തന്റെ പ്രവർത്തികൾ എന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.
'ബെർത്ത്
ഓഫ് ദി ക്ലിനിക്' മോഡേൺ മെഡിസിന്റെ, പത്തൊൻപതാം നൂറ്റാണ്ടിലെ മുൻനിരക്കാരുടെ പശ്ചാത്തലത്തിലുള്ള
ഒരു പഠനമാണ്. 1800-1850 കാലഘട്ടം പാരീസായിരുന്നു മോഡേൺ മെഡിസിന്റെ കേന്ദ്ര സ്ഥാനം.
ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുടെയും ഒരു ആകർഷണ കേന്ദ്രമായിരുന്നു പാരീസിലെ മെഡിക്കൽ
സമൂഹം. അത് വെറുതെ ഉണ്ടായതുമില്ല. ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം
തുടങ്ങിയവയിലെല്ലാം അന്ന് പാരീസ് മുന്പിലായിരുന്നു. ആശുപത്രികൾ എന്ന ആശയം അന്ന് നിലവിൽ
ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഒരു പ്രധാന വ്യത്യാസം. രോഗികളെ വീടുകളിൽ ചികില്സിക്കപ്പെട്ടു,
ലൈബ്രറികളായിരുന്നു വൈദ്യശാസ്ത്ര വിവരങ്ങളുടെ ശേഖരണ ഉറവിടങ്ങൾ. വ്യാവസായിക വിപ്ലവത്തോടെ
ആയിരക്കണക്കിന് ആളുകൾ ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് കുടിയേറി. ഇതിന്റെ ഒരു മറുവശമെന്നോണം
ക്ഷയരോഗവും ടൈഫോയിഡും വ്യാപകമായി പടർന്നു പിടിച്ചു. രോഗികളിൽ ഭൂരിപക്ഷം പേർക്കും വീടുകൾ
ഉണ്ടായിരുന്നില്ല. അങ്ങനെ വീടുകളിൽ ചികിത്സ എന്നതിന് ഒരു മറുപടി കണ്ടെത്തേണ്ടിവന്നു
അങ്ങനെയാണ് ആശുപത്രികൾ എന്ന സങ്കല്പം ഉണ്ടാവുന്നത്. ഈ പുതിയ മാറ്റത്തിന്റെ ചരിത്രപരവും
താത്വികവുമായ പ്രതിഭലനത്തെ വിലയിരുത്തുന്നതായിരുന്നു ഫൂക്കോയുടെ 'ബെർത്ത് ഓഫ് ദി ക്ലിനിക്'.
ഫൂക്കോയെ
വായിക്കുമ്പോൾ മറ്റുചിലത് കൂടി മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്. അദ്ദേഹത്തിൻറെ മറ്റു ചില
കൃതികൾ കൂടെ ഇതോടൊപ്പം വായനക്ക് വിധേയമാക്കണം. അപ്പോൾ മാത്രമേ ഫൂക്കോയെ നമുക്ക് അൽപ്പം
കൂടി തെളിമയോടെ മനസ്സിലാക്കാൻ കഴിയൂ. പ്രത്യകിച്ചും താഴെപ്പറയുന്നവ
What is an author?
Society must be defended
Discipline & Punish, Panopticism
The Order of Things: An Archaeology of the Human Sciences
The birth of
the clinic തുടങ്ങുന്നത് ഈ മുഖവുരയോടെയാണ്.
“This book is about
space, about language, and about death; it is about the act of seeing, the
gaze”
ഇതിലെ ഈ
സൂക്ഷ്മ നോട്ടമാണ് (gaze) മോഡേൺ മെഡിസിന് ബാധകമായ പ്രധാന പ്രതിപാദ്യം. ബാക്കിയിലൂടെ,
സമകാലീന കാഴ്ചപ്പാടിലുള്ള, ജീവൻ, മരണം, രോഗം എന്നിവയെ നമ്മെ ഓർമ്മപ്പെടുത്തുകയും, ഈ
ഓരോന്നിന്റെയും വികാസത്തിൽ അടങ്ങിയിരിക്കുന്ന ചരിത്ര യാഥാർഥ്യത്തിന്റെ, അതിലൂടെ വികസിക്കുന്ന
ഭാഷയുടെ, രാഷ്ട്രീയത്തിന്റെ, സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു നഖ ചിത്രം വരച്ചിടുകയുമാണ് ഫുക്കോ ചെയ്യുന്നത്.
അവിടെ,
‘ലക്ഷണങ്ങളുടെ
സംഘാതം’ എന്നതിൽനിന്നും ‘പാത്തോളജിക്കൽ അനാട്ടമി’ എന്നതിലേക്കുള്ള യാന്ത്രിക
മാറ്റമല്ല, പിന്നെയോ രോഗിയും, ചികിത്സകനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ഭാഷയായ
“What’s the matter
with you" എന്ന ചോദ്യം “Where does it hurt?” എന്നതിലേക്ക് പരിണമിക്കുന്ന ഒരു വികാസ
ചരിത്രവും കൂടെയാണ്. ഈ മാറ്റം ആത്യന്തികമായി രോഗിയുടെ ശരീരം, ഡോക്റ്റർമാരുടെ
സൂക്ഷ്മ വീക്ഷണത്തിൽ വായിച്ചെടുക്കാവുന്ന ഒരു ലിഖിതമാക്കി മാറ്റുന്നു, രോഗിയുടെ
ഒരു സഹായവും കൂടാതെ ഒരു വിദക്തന് സ്വന്തമായി വായിക്കാനും സ്വതന്ത്രമായി
വിശദീകരിക്കാനും കഴിയുന്ന ഒരു ലിഖിതം.
രോഗിക്കുണ്ടായ ഈ
അന്യവൽക്കരണം രോഗത്തിനും ഉണ്ടാവുന്നു.
രോഗം എന്നത് ഒരു ദ്വിമാന തലത്തിൽ നോസോളോജിക്കലായി (Nosological)
അടുക്കിവയ്ക്കുന്ന ഒരു പേര് മാത്രമായി മാറുന്നു, കണ്ടെത്തപ്പെട്ട ഘടകങ്ങൾഉടെ അടിസ്ഥാനത്തിൽ നൽകപ്പെട്ട ഒരു പേര്. ഈ
അടുക്കിവയ്ക്കൽ ആവട്ടെ ബൊട്ടാണിസ്റ്റുകൾ ചെയ്യുന്ന രീതിയിൽ 'ജാതി'
അടിസ്ഥാനത്തിലുള്ള തരം തിരുവല്ല, പിന്നെയോ കെമിസ്റ്-മിനറോളജിസ്റ്റുകൾ
ചെയ്യുന്നതുപോലെ രോഗങ്ങളുടെ ഘടകങ്ങളെയും അവയുടെ സംഖാതങ്ങളെയുമാണ്.
അപ്പോൾ,
ഈ 'ക്ലിനിക്കൽ ഗെയ്‌സ്' അല്ലാത്ത മറ്റുള്ളവ എന്താണ്? യാഥാർത്ഥത്തിൽ അതിലൂന്നിയാണ് ഫുക്കോ
തന്റെ രചന ആരംഭിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിനും ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപ് നടന്ന
ജ്ഞാനോദയകാലം (Enlightenment era)
കൊണ്ടുവന്ന
മോഡേണിറ്റി, മധ്യകാല അന്ധവിശ്വാസങ്ങളെയെല്ലാം എതിർത്തെങ്കിലും, മോഡേണിറ്റി അതിന്റേതായ
പുതിയ ചില അന്ധവിശ്വാസങ്ങളെ നിർമ്മിക്കുകയും ചെയിതു.
ഫുക്കോ പറയുന്നു,
“The
years preceding and immediately following the Revolution saw the birth of two
great myths with opposing themes and polarities: the myth of a nationalized medical
profession, organized like the clergy, and invested, at the level of man's
bodily health, with powers similar to those exercised by the clergy over men's
souls; and the myth of a total disappearance of disease in an untroubled,
dispassionate society restored to its original state of health”
ഈ മെറ്റാനരേറ്റീവ്
മിത്ത് (Metanarrative Myth) ആണ് ഫുക്കോ തന്റെ ‘പോസ്റ്റ് മോഡേൺ സ്‌റ്റേക്ച്ചറലിസ്റ്’
പഠനത്തിന്റെ കേന്ദ്ര ബിന്ദു ആക്കുന്നത്. അതുകൊണ്ട്, ഇത് ചികിത്സയുടെ ചരിത്രമാവുന്നതുപോലെതന്നെ ഭാഷയുടെ, കാഴ്ചയുടെ, അനുഭവത്തിന്റെയും കൂടി ചരിത്രമാണ്.
ഇത് സ്ഥാനഭ്രംശങ്ങളുടെയും കൂടി ചരിത്രമാണ്. രോഗത്തിന് ശരീരത്തിൽ
നിന്നുമുള്ള സ്ഥാനഭ്രംശം, ശരീരത്തിന് വേദനയിൽ നിന്ന്, വ്യക്ത്തിക്ക് സമൂഹത്തിൽനിന്നും,
രോഗനിദാന ശാസ്ത്രത്തിലേക്കുള്ള (pathological) സ്ഥാനഭ്രംശം.
ഫുക്കോ രണ്ടു
പ്രധാന ഘടകങ്ങളാണ് ഫ്രഞ്ച് വൈദ്യശാസ്ത്രത്തിന്റെ
ചരിത്ര വഴിയിൽ ഉന്നയിച്ചിരിക്കുന്നത്;
(1) സൂക്ഷ്‌മ നോട്ടം അഥവാ ഗൈസ് ,(2) ഭാഷ. ഫുക്കോയുടെ
ക്ലിനിക്കൽ ഗൈസിൽ ശരീരം അഥവാ രോഗി വെറുമൊരു
വസ്തു മാത്രമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൃത്യമായ പ്രക്രിയയിലൂടെ അവമാനവീകരണം നടത്തിയാൽ
വിവരങ്ങളുടെ, അല്ലെങ്കിൽ അറിവുകളുടെ ഒരു സംഘാതമായി മാറുന്ന ഒന്നാണ് രോഗി. അത് വൈദ്യശാസ്ത്ര
അറിവുകളുടെ (Medical Knowledge) ഉറവിടമാണ്. അങ്ങനെ വിവിധ ഇനങ്ങളും തരങ്ങളുമായി വിഘടിപ്പിച്ചു
എത്ര സൂക്ഷമ തലത്തിലേക്ക് എത്താമോ അത്രയും എത്തുകയും അതിനെയെല്ലാം ഭാഷയുമായി ബന്ധിപ്പിക്കുകയും
ചെയ്യുമ്പോഴാണ് സൂക്ഷ്‌മ നോട്ടം സാധ്യമാവുന്നത്. ഈ സൂക്ഷ്മനോട്ടം കൂടുതൽ ബലപ്പെടുന്നത്,
രോഗങ്ങളെ ഫലപ്രദമായ നിലയിൽ ക്രമീകരിക്കുന്നതിനുള്ള ശാസ്ത്രത്തിന്റെ (Science of
Nosography) വളർച്ചയിലൂടെയാണ്.
“Hence the appearance that
pathological anatomy assumed at the outset: that of an objective, real, and at
last unquestionable foundation for the description of diseases: 'A nosography
based on the affection of the organs will be invariable”
No comments:
Post a Comment