ഇന്ന്,റോമിനെയും
ഉദയംപേരൂർ സൂനഹദോസിനെയും ന്യായീകരിക്കുന്നവർ ചോദിക്കുന്ന, ന്യായമെന്ന് തോന്നാവുന്ന
ചില ചോദ്യങ്ങൾ ഉണ്ട് അതുകൂടി ഇവിടെ ചർച്ചചെയ്യപ്പെടേണ്ടതാണ്.
1.
സൂനഹദോസിനു മുൻപുതന്നെ നസ്രാണികൾ പോപ്പിന്റെ കീഴിൽ ആയിരുന്നില്ലേ ?
2.
അനാചാരങ്ങളിൽ നിന്നും നസ്രാണികളെ ഉദ്ധരിക്കുകയായിരുന്നില്ലേ സൂനഹദോസിന്റെ ലക്‌ഷ്യം
?
കത്തോലിക്കാ
സഭക്ക് പുറത്തുണ്ടായിരുന്ന മതങ്ങളെയെല്ലാം ജീവനോടെ കത്തിച്ചു ദൈവത്തിന്റെ അടുക്കൽ
വിട്ടായിരുന്നു , നൂറ്റാണ്ടുകളായി റോമൻ സഭ ഇത്തരം കാര്യങ്ങളിൽ പരിഹാരം
കണ്ടിരുന്നത്. ഭാഗ്യം കൊണ്ട് നസ്രാണികൾക്കു അങ്ങനെ ഒരു അവസ്ഥ ഉണ്ടായില്ല.
മേൽ ഉദ്ധരിച്ച
ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഉദയം പേരൂർ സൂനഹദോസിന്റെ തീരുമാനങ്ങളായ
"കാനോനികൾ" തന്നെ മറുപടി പറയുന്നത് കഴിഞ്ഞ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു.
അതായത്, മുൻപ് ഉദ്ദരിച്ച കാനോനികളിൽകൂടി സഞ്ചരിച്ചാൽ മലങ്കര നസ്രാണികൾ അന്നൊന്നും പാപ്പയുടെ
കീഴിൽ ആയിരുന്നില്ല എന്ന് മനസ്സിലാക്കാം.
അതുമാത്രമോ?
1601, മേയിൽ ക്ലെമെന്റ് എട്ടാമൻ തന്റെ Arm XLIV TOM 45 F.131 എന്ന നമ്പറിലെ കൽപ്പന
വഴി സൂനഹദോസിനെ അംഗീകരിച്ചിട്ടുമുണ്ട്.
"ആത്മരക്ഷക്കു
നിങ്ങൾ കൃസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടതുകൊണ്ടു മാത്രമായില്ല.....ദൃശ്യതലവനായ റോമാപാപ്പായുടെ കീഴിൽ ആയിരിക്കേണ്ടതാവശ്യമാണ്.....
ഇടയാനില്ലാത്ത ആടുകളെപ്പോലെ
നിങ്ങൾ മുൻപ് അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ നിങ്ങൾ സാത്താന്റെ വഞ്ചനമൂലം നിങ്ങളുടെ
ഇടയിൽ അപായകരമായ ചില തെറ്റുകൾ വിതക്കപ്പെട്ടു. സൂനഹദോസിൽ വച്ച് നൊസ്‌തോറിയോസിന്റെ
തെറ്റുകൾ നിങ്ങൾ ഏകാഭിപ്രായത്തിൽ ഉപേക്ഷിക്കുകയും അവയെ ശപിക്കുകയും ചെയ്തതായി
അറിയുന്നതിൽ വളരെ സന്തോഷിക്കുന്നു. ഇതിനേക്കാൾ വളരെ പ്രാധാന്യമർഹിക്കുന്നു, നിങ്ങൾ
റോമാപാപ്പയെ വിശ്വാസികളുടെ പിതാവും ആകമാന സഭയുടെ തലവനുമായി അംഗീകരിക്കുകയും
പരസ്യമായി സ്വീകരിക്കുകയും ചെയ്തത് "
1321-23 കാലത്തു റോമൻ സഭയുടെ പ്രതിനിധിയായി ജോർഡാനസ് എന്ന
ഡൊമിനിക്കൻ സന്യാസി ഇന്ത്യയിൽ എത്തുന്നുണ്ട്. താൻ ഇവിടെ മുന്നൂറു പേരെ സ്നാനപ്പെടുത്തിയെന്നും
അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ജോർഡാനസ് വീണ്ടും 1330-ഇൽ ഇന്ത്യയിൽ എത്തുന്നുണ്ട്.
അപ്പോൾ അദ്ദേഹത്തെ നസ്രാണികളുടെ ബിഷപ്പായി നിയമിച്ചുകൊണ്ട് ജോൺ ഇരുപത്തിരണ്ടാമൻ മാർപ്പാപ്പയുടെ
ഒരു കൽപ്പനയുമായാണ് വന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ജോർഡാനസ് ഈ കത്തുമായി (കേരളത്തിൽ)
നസ്രാണികളുടെ അടുത്ത് എത്തിയോ എന്ന് വ്യക്തമല്ല. എന്തായാലും നസ്രാണികൾക്കുമേൽ റോമൻ
സഭ ഉന്നയിച്ച ആദ്യത്തെ അവകാശവാദമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
എന്നാൽ,
ഒരു നൂറ്റാണ്ടിനു ശേഷം ഇവിടെയെത്തിയ നിക്കോളാസ് കോണ്ടി എന്ന യൂറോപ്യൻ സഞ്ചാരി ഇവിടെ
കണ്ടത് പേർഷ്യൻ സഭ കൊണ്ടുവന്ന നെസ്തോറിയൻ വിശ്വാസക്കാരായ ക്രിസ്ത്യാനികളെയാണ്.
1444-ലാണ് 25 വർഷത്തെ സാഹസിക സഞ്ചാരത്തിനുശേഷം അദ്ദേഹം യൂറോപ്പിൽ
തിരിച്ചെത്തുന്നത്.
|
ആധുനിക അർഥത്തിലുള്ള
മതമെന്ന സങ്കല്പമോ മതബോധമോ ഇല്ലാതിരുന്ന കാലത്താണ് ക്രിസ്തുവിശ്വാസം ഇവിടെ എത്തുന്നത്. ആദിമ നിവാസികളുടെ
ആരാധനാരീതിയോ, ദ്രാവിഡ രീതിയോ ഒന്നും വേറിട്ടൊരു മതം എന്ന അർദ്ധം സൃഷ്ടിച്ചിരുന്നില്ല.
ആദ്യ നൂറ്റാണ്ടുകളിൽ ഇവിടെ ഉണ്ടായിരുന്ന ജൈന-ബുദ്ധ സംസ്കാരവും ഒരു ജീവിത രീതിക്കപ്പുറം
മതമെന്ന വേർതിരിവുകൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല. പിന്നീട് ജാതികളായി സമൂഹം വേർതിരിയുന്ന
പ്രക്രിയയിൽ അതിൽ ഒരു ജാതി ആയിത്തന്നെ കൃസ്ത്യാനികളും തങ്ങളെ സ്വയം കണ്ടു, സമൂഹവും
അങ്ങനെതന്നെ അതിനെ സ്വീകരിച്ചു. 'ജാതിക്ക്
കർത്തവ്യൻ' ആയിരുന്നല്ലോ അവരുടെ സമുദായ
നേതാവിന്റെ പേര്.
പത്താം നൂറ്റാണ്ടോടെ
കടൽമാർഗമുള്ള കച്ചവടത്തിൽ ക്രിസ്ത്യാനികൾക്ക് നിർണായക സ്വാധീനം ഉണ്ടായി. മാർ സാപ്പോ
എന്ന പാതിരി കൊല്ലം പട്ടണം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കൊല്ലം ക്രിസ്ത്യാനികളുടെ
ഒരു പ്രധാന കേന്ദ്രമായി വളർന്നു. കേരളതീരത്തെ ക്രിസ്ത്യാനികളുടെ സ്വാധീനം യൂറോപ്പിൽ
കേരളം കൃസ്ത്യാനികളുടെ രാജ്യം ആണ് എന്നൊരു തെറ്റിധാരണ വരെ പടരാൻ ഇടയാക്കി. കൃസ്ത്യാനികളുടെ
രാജ്യം എന്ന ധാരണയിലാണ് യഥാർത്ഥത്തിൽ വാസ്‌കോഡിഗാമ കേരളത്തിൽ കാലുകുത്തുന്നത്. കന്യകാമറിയത്തിന്റെ
ദേവാലയം ആണെന്ന് കരുതി ഗാമ ഒരു ദേവി ക്ഷേത്രത്തിൽ കയറി പ്രാർഥിച്ചു എന്ന് പോലും ഒരു
കഥയുണ്ട്.
കോഴിക്കോടിനെക്കുറിച്ചുള്ള
വിശദീകരണത്തിൽ 'കൃസ്ത്യാനികളുടെ രാജ്യം' എന്നാണു ഗാമ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിന്റെ
ഈ തെറ്റിധാരണ തിരുത്തിയത് പിന്നീട് വന്ന കബ്രാൾ ആണ്. ഇൻഡ്യാക്കാർ 'വിഗ്രഹാരാധകർ' ആണെന്ന്
ആദ്യമായി യൂറോപ്പിൽ അറിയിച്ചത് കബ്രാൾ ആണെന്ന് ചരിത്രകാരനായ വിങ്ക് (Wink 2003) രേഖപ്പെടുത്തുന്നു.
രാജ്യം ഭരിക്കുന്ന 'അയ്യനടികൾ തിരുവടികൾ' ഈ പേർഷ്യൻ കൃസ്ത്യാനികളെ പല ഉപഹാരങ്ങളും നൽകി
ആദരിച്ചിരുന്നു.
'മണിഗ്രാമം' ആയിരുന്നു പ്രാചീന നസ്രാണികളുടെ മറ്റൊരു
പ്രധാന കേന്ദ്രം. മണിഗ്രാമം എന്നത് ഇന്നും തർക്ക വിഷയമായ ഒരു സംഗതിയാണ്. പള്ളികളും
അതിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങളും സംരക്ഷിക്കുന്ന ചുമതല വരെ മണിഗ്രാമത്തിനു നൽകിയിരുന്നു
എന്ന് K N ഡാനിയേൽ എന്ന ചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു. (Daniel, 1924). ഇതുപോലെ
72 അവകാശങ്ങൾ മണിഗ്രാമത്തിനു നൽകിയിരുന്നു.
'ഇരവികോത്തൻ ചെപ്പേട്' (Tanu Iravi
Copper plate ) ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മണിഗ്രാമം എന്നത് ഇരവി
കൊത്തൻ ചെപ്പേടിലെ ഒരു പ്രയോഗമാണ്.
"ശ്രീ
ഭൂപാല നരപതി, ശ്രീ വീര കേരള ചക്രവർത്തി മുതൽ മുറ മുറയായി പല നൂറായിരത്താണ്ടു
ചെങ്കോൽ നടത്തി വരുന്ന വീര രാഘവ ചക്രവർത്തിക്ക് ശ്രേഷ്ട രാജത്വം നടക്കുന്ന
മകരവ്യാഴം, മീനമാസം ഇരുപത്തിഒന്നാം തിയതി ശനിയാഴ്ച രോഹിണിനാൾ പെരുംകൊയിലകത്തു
ഇരുന്നരുളി മകോതൈയ്യർ പട്ടണത്ത് ഇരവികോർത്തനായ ചേരമാൻ ലോക പെരുംചെട്ടിക്കു
മണിഗ്രാമ പട്ടം നാം കൊടുത്തിരിക്കുന്നു "
ഇരവികോർത്തൻ
ചെപ്പേടിന്റെ ആദ്യ പാരഗ്രാഫിന്റെ തർജ്ജമയാണിത്. ഇതിലെ
"മണിഗ്രാമപട്ടമാണ്" ചർച്ചാവിഷയം. ഈ ചെപ്പേട് ആര്, ആർക്ക് , എന്ന്
, എന്തിന് കൊടുത്തു ? ഇതിലെ ഇരവി കോത്തൻ ആര് ? വീര രാഘവൻ ആര് ? മണിഗ്രാമ പട്ടം
എന്നാൽ എന്ത് എന്നൊക്കെ വിവിധ പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട് ഇപ്പോഴും
വ്യത്യസ്ത അഭിപ്രായത്തിൽ ആണുതാനും. K N ഡാനിയേൽ, Mr. ബർണൽ , ഇളംകുളം കുഞ്ഞൻ പിള്ള, K N പണിക്കർ തുടങ്ങിയവരെല്ലാം ഇതേപ്പറ്റി വിവിധ അഭിപ്രായവും പറഞ്ഞിട്ടുണ്ട്.
എന്തായാലും ഈ ചെപ്പേട് നസ്രാണികളുടെ കയ്യിൽ കാലാകാലമായി ഇരിക്കുന്നതുകൊണ്ടു ഒരു
നസ്രാണിക്കു കൊടുത്തതാവാം എന്നും പെരുമ്പടപ്പ് സ്വരൂപത്തിലെ ഏതോ രാജാവാണ്
നൽകിയതെന്നും കരുതുന്നു. കാലം AD 230 ആണെന്നും അല്ലെന്നും വാദങ്ങൾ നിലനിൽക്കുന്നു.
പറങ്കികളുടെ
വരവ് ഈ സമൂഹത്തിൽ പിളർപ്പുകൾ ഉണ്ടാക്കി. പുത്തൻകൂറ്റുകാരും, പഴയകൂറ്റുകാരും, അതായത്
കത്തോലിക്കരും യാക്കോബായക്കാരും , മാർത്തോമ്മാക്കാരും
ഉണ്ടായി. പിന്നീടങ്ങോട്ട് മെത്രാൻ കക്ഷി, ബാവാകക്ഷി തുടങ്ങി അസംഖ്യം പിരിവുകൾ ഉണ്ടായി.
ഓരോരുത്തർക്കും അവരുടേതായ ചരിത്ര നിര്മിതി വഴി അവരവരുടെ ആചാരവിശ്വാസങ്ങളെ വർത്തമാനകാലവുമായി
ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.
No comments:
Post a Comment