Thursday, 2 April 2020

സീറോ മലബാർ നസ്രാണി സംഗമം 2020 (I)



"കേരളത്തിലെ സുറിയാനി കത്തോലിക്കർ കേരളം സമൂഹത്തിനു കാണപ്പെട്ട സംഭാവനകൾ നല്കിയവരാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ ഇപ്പോൾ അവരുടെ ഇടയിൽ സമുദായ ബോധം വളരെ കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയല്ലേ" 

2020  ജൂൺ 13, 14  തീയതികളിൽ 'സീറോ മലബാർ നസ്രാണി സംഗമം 2020' എന്ന പേരിൽ നടക്കാനിരിക്കുന്ന സമ്മേളനത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ഇറങ്ങിയ 'പഠനക്കളരി' എന്ന ലേഖനത്തിന്റെ തുടക്കം ഇങ്ങനെയാണ്. 

'സീറോ മലബാർ' എന്ന് നമ്മൾ എല്ലാവരും കേട്ടിരിക്കാമെങ്കിലും സീറോ മലബാറിലെ 'സീറോ' എന്തിനെ പ്രതിനിധീകരിക്കുന്നു, അതുപോലെ 'നസ്രാണികൾ' എന്ന് പറയുന്നത് ആരെ എന്നൊക്കെ, ഭൂരിപക്ഷം പേർക്കും, ഒരു പക്ഷെ, അറിയാൻ സാധ്യതയില്ല. ഇപ്പോൾ ഇത്തരം ഒരു സംഗമം എന്തിനു വേണ്ടി എന്ന ചോദ്യം ചോദിക്കാതെതന്നെ നമുക്ക് നസ്രാണി ചരിത്രം ഒന്ന് പരിശോധിക്കാം.

റോമൻ കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ റീത്തുകളിൽ (Rites). ഒന്നാണ് സീറോ മലബാർ റീത്തെന്നും, സിറിയൻ ക്രിസ്ത്യൻസ് അല്ലെങ്കിൽ സുറിയാനി ക്രിസ്ത്യാനികൾ എന്നൊക്കെ വിളിക്കുന്നവരും ആണ്   ഇതിൽ പെട്ടവരെന്നും നമുക്ക് അറിയാം. സുറിയാനി  (Syriac) എന്നുള്ളതിന്റേതാണ് സീറോ (Syro) എന്ന് പറയുന്നത്. പുരാതന പൗരസ്ത്യ സുറിയാനി സഭയിൽ നിന്നും രണ്ട്  വിഭാഗങ്ങളും (സീറോ മലബാർ, കൽദായ സുറിയാനി) പാശ്ചാത്യ സുറിയാനി സഭയിൽ നിന്നും മൂന്നു വിഭാഗങ്ങളും (Maronite, സീറോ മലങ്കര, Syriac Catholic) കത്തോലിക്കാ സഭയുടെ ഭാഗമായുണ്ട്. റോമൻ കത്തോലിക്കാ സഭ എന്ന് പറഞ്ഞാൽ അടിസ്ഥാനപരമായി ലത്തീൻ ആണെന്ന് അറിയുമല്ലോ?  

സിറിയൻ ക്രിസ്ത്യൻ എന്ന് പറയുമ്പോൾ സിറിയയുമായി എന്തോ ബന്ധം ഉണ്ടെന്ന സംശയം ഉണ്ടാവുന്നത് സാധാരണമാണ്. യഥാർത്ഥത്തിൽ എന്നോട് പലരും ഇതേപ്പറ്റി തർക്കിച്ചിട്ടുമുണ്ട് . സുറിയാനി എന്ന ഭാഷയിൽനിന്നാണ് ഇത് ഉണ്ടായതെന്ന് മുൻപ് പറഞ്ഞല്ലോ. എഡെസ (Edesa) എന്ന പട്ടണമാണ് സുറിയാനിയുടെ പ്രഭവകേന്ദ്രമായി മാറിയത്. ആധുനിക തുർക്കിയിലാണ് ഇപ്പോൾ ഈ പ്രദേശം. BC 300-ഇൽ അലക്‌സാണ്ടറുടെ ഒരു ജനറൽ നിർമിച്ചതാണ് ഈ പട്ടണം. പിന്നീട് അത് ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി മാറി. യേശു സംസാരിച്ചിരുന്നു എന്ന് കരുതുന്ന 'അറമേയക്ക്‌' ഭാഷയുമായി വളരെ അടുത്ത ബന്ധമുള്ള ഭാഷയാണ് സുറിയാനി.

പേർഷ്യൻ സാമ്രാജ്യത്തിന്റെ അതിർത്തിദേശമായ എഡെസയിൽനിന്നു ആദ്യ നൂറ്റാണ്ടിൽ തന്നെ ക്രിസ്തുവിശ്വാസം പേർഷ്യയിൽ എത്തി. റോമൻ ചക്രവർത്തിയുടെ പീഡനം മൂലം പലായനം ചെയ്തവരും പേർഷ്യയിൽ എത്തിയിരിക്കാം. ഇവിടെയെത്തിയ സുറിയാനി, പൗരസ്ത്യ സുറിയാനിയെന്നും , എഡെസയിലെയും അന്ത്യോക്യയിലെയും സുറിയാനി പാശ്ചാത്യ സുറിയാനി എന്നുമാണ് വിളിക്കുന്നത്. AD 424-ഇൽ പേർഷ്യയിലെ സഭാതലവനായ കാതോലിക്കാബാവ വിളിച്ചുകൂട്ടിയ സുന്നഹദോസിൽ റോമാ സാമ്രാജ്യത്തിലുള്ള സഭയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് ഏഴു വർഷങ്ങൾക്കുശേഷമാണ് മറിയം യേശുവിന്റെ അമ്മയാണോ അതോ ദൈവത്തിന്റെ 'അമ്മ എന്ന് വിളിക്കണോ എന്നുള്ള തർക്കം ഉണ്ടാവുന്നതും, ആദ്യം പറഞ്ഞ , അതായത് യേശുവിന്റെ അമ്മ എന്ന് പറഞ്ഞ , കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയര്കീസായ നൊസ്‌തോറിയോസിനെ ചവിട്ടി വെളിയിലാക്കുന്നതും. പക്ഷെ, പേർഷ്യൻ സഭ ഒന്നടങ്കം നൊസ്‌തോറിയോസിന്റെ വാദം അംഗീകരിച്ചു. അങ്ങനെ പേർഷ്യൻ സഭ നോസ്തോറിയൻ സഭ എന്ന് അറിയപ്പെട്ടു

യേശുവിന്റെ 'അമ്മ മറിയത്തെപ്പറ്റി ബൈബിളിൽ വളരെയൊന്നും പറയുന്നില്ല. വളരെ ചെറിയ സന്ദർഭങ്ങളിൽ മാത്രമേ മറിയം യേശുവിന്റെ ചരിത്രത്തിൽ വരുന്നുള്ളു. ബൈബിളിൽ മറിയത്തിന്റെ ജനനം, മാതാപിതാക്കൾ, മരണം  എന്നിവയെപ്പറ്റി ഒന്നും വിശദമായി പറയുന്നില്ല. എന്നാൽ രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും ബൈബിളിനു പുറത്ത്, സാധാരണ ജനങ്ങൾക്കിടയിൽ ധാരാളം കഥകൾ പ്രചരിച്ചുതുടങ്ങി. അന്നയും ജോവാക്കീമുമാണ് മറിയത്തിന്റെ അമ്മയും അച്ഛനും എന്ന് ഈ പാരമ്പര്യം പറയുന്നു.   

പുരുഷ ദൈവങ്ങൾക്കുമാത്രം സ്ഥാനം ഉണ്ടായിരുന്ന യഹൂദമതത്തിനും  അതില്നിന്നുണ്ടായ ക്രിസ്തുമതത്തിനും സ്ത്രീ, പുരുഷന് ഉപയോക്കാനുള്ള വെറും ഉപഭോഗവസ്തു മാത്രമായിരുന്നു. സഭാ സ്ഥാപകനായ പൗലോസിനും അത് അങ്ങനെത്തന്നെയായിരുന്നു. പക്ഷെ റോമൻ കത്തോലിക്കാസഭക്ക് വളരേണ്ടിയിരുന്നത് യഹൂദ ജനതയിലൂടെയായിരുന്നില്ല. പേഗൻ വിശ്വാസത്തെ തകർത്തുകൊണ്ടായിരുന്നു സഭക്ക് വളരേണ്ടിയിരുന്നത്. പേഗൻ വിശ്വാസങ്ങളിലാവട്ടെ സ്ത്രീ ദൈവങ്ങളുടെ സാന്നിധ്യം വളരെ ശക്ത്തവുമായിരുന്നു. 'അമ്മ ദൈവത്തിന്റെ കേന്ദ്രമായിരുന്ന എഫേസൂസിൽ, പൗലോസിന്, കൈയേറ്റത്തിന്റെ വക്കിൽ വരെ നില്കേണ്ടിവന്നിട്ടുമുണ്ട്. 

പേഗൻ മതങ്ങളെ തകർത്തുകൊണ്ടുള്ള സഭയുടെ മുന്നേറ്റത്തിൽ പേഗൻ ദേവതകളായിരുന്ന അശേരാ, ആർത്തമീസ് തുടങ്ങ്ങ്ങിയ ദേവതകളും തകർക്കപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ ഇടയിൽ ഈ സ്ത്രീദൈവങ്ങളുടെ സ്ഥാനം ശൂന്യമായിത്തന്നെ കിടന്നു. ക്രമേണ, ആ മനസ്സുകളിലേക്ക് മറിയത്തിന്റെ ദേവതാഭാവം പതിയ പതിയെ കടന്നുവന്നു. ഈ വളർച്ചയാവട്ടെ ബൈബിളിനു പുറത്തും ആയിരുന്നു.
അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും, ഇത്, കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയര്കീസ് ആയിരുന്ന നെസ്‌തേറിയോസും അലക്‌സാണ്ടറിയായിലെ ബിഷപ്പ് സിറിലും തമ്മുലുള്ള വലിയൊരു ദൈവശാസ്ത്ര യുദ്ധമായി വളർന്നുവന്നു. 'തെയോതോക്കോസ്' എന്ന പദത്തിന്റെ പേരിലായിരുന്നു ഏറ്റുമുട്ടൽ. ഈ ഗ്രീക്ക് പദത്തിന്റെ അർദ്ധം 'ദൈവമാതാവ്' എന്നാണ്. യേശുവിന്റെ ദൈവഭാവവും മനുഷ്യഭാവവും രണ്ടായി വേർതിരിഞ്ഞു നിൽക്കുന്നു എന്ന് വിശ്വസിച്ചിരുന്ന നെസ്തോറിയോസ്, മനുഷ്യനായ യേശുവിന്റെ 'അമ്മ മാത്രമാണ് മറിയം എന്ന് വാദിച്ചു. അതിനാൽ ദൈവമാതാവ് എന്ന് മറിയത്തെ വിളിക്കാൻ ആവില്ലെന്ന് അദ്ദേഹം ശഠിച്ചു. എന്നാൽ യേശുവിന്റെ    ദൈവഭാവവും മനുഷ്യഭാവവും വേർതിരിക്കാ നാവാത്തതാണെന്നു വാദിച്ച സിറിൽ, അതുകൊണ്ടുതന്നെ മറിയം ദൈവമാതാവ് ആണെന്ന് പറഞ്ഞു. ഔദ്യോഗിക സഭ സിറിളിന്റെ പക്ഷത്തു നിന്നു, നെസ്തോറിയനെ സ്ഥാനഭ്രഷ്ടനാക്കി. 
 
AD 431-ഇൽ ആർത്തമീസ് ദേവിയുടെ നാടായ എഫേസൂസിൽ ചേർന്ന സഭാ സൂനഹദോസിൽ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചു. AD 432 -ഇൽ റോമിലെ ജൂണോ ദേവിയുടെ ക്ഷേത്രത്തിനു പകരം അവിടെ മറിയത്തിന്റെ പേരിലുള്ള ഒരു  ദേവാലയം  നിർമിച്ചു.

അങ്ങനെ ജൂണോദേവി ഉൾപ്പെടെ എല്ലാ സ്ത്രീ ദൈവങ്ങളുടെയും അംശം   സ്വാംശീകരിച്ച മറിയം,  ദൈവത്തിന്റെ അമ്മയായി,  സ്വർഗ്ഗത്തിന്റെ രാഞ്ജിയായി ഉയർന്നു.  ഗ്രീക്ക്, റോമൻ മതങ്ങളിലെ ദേവത സങ്കൽപ്പങ്ങളുടെ ശക്ത്തമായ തിരിച്ചുവരവായിരുന്നു അത്. മരണത്തിനു ശേഷം ഏതാണ്ട് അഞ്ഞൂറ് വർഷങ്ങൾകൊണ്ട് ഏതാണ്ട് എല്ലാ ദേവതമാരുടെയും അംശങ്ങൾ മറിയത്തിലേക്കു ആവാഹിക്കപ്പെട്ടു.

എഫേസൂസിലെ ഡയാനയുടെ ക്ഷേത്രം തകർക്കപ്പെട്ടതിലൂടെ നഷ്ട്ടപ്പെട്ട ദേവതാ ഭാവത്തിന്റെ ശക്ത്തമായ തിരിച്ചുവരവാണ് മറിയത്തിലൂടെ സംഭവിച്ചതെന്ന് പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ ഫ്രോയ്ഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്നേഹവതിയായ ഇറോസ് ദേവിയുടെ ആത്മീയരൂപമായി മറിയം മാറുന്നു എന്ന് യുങ്ങും നിരീക്ഷിക്കുന്നു. (തുടരും)

No comments:

Post a Comment