യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ
സെന്റ് തോമസിനാണ് ഇന്ത്യയിലേക്ക് വരാനുള്ള നിയോഗം കിട്ടിയതെന്നാണ് വിശ്വാസം. ഇൻഡോ -പാർഥിയാൻ രാജാവായ ഗോണ്ടാഫെറസ്
അയച്ച അബ്ബാനാസ് എന്ന വ്യാപാരി കൊട്ടാരനിർമിതിക്കായി ഒരു ആശാരിയെ തിരക്കി
യെരുശലേമിലെ ഒരു ചന്തയിൽ എത്തിയെന്നും, തന്റെ അടിമയായ ഒരു നല്ല ആശാരിയെ നൽകാമെന്ന്
അവിടെ നിന്ന യേശു അയാളുമായി കരാറിൽ
എത്തുകയും, കുറച്ചു മാറിനിന്ന ജൂദാതോമാ എന്ന തോമസിനെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയും
ചെയ്തു എന്നൊരു കഥയുണ്ട്.
'തോമസിന്റെ പ്രവർത്തികൾ' എന്ന കൃതിയിലാണ് ഈ കഥ
വിവരിക്കുന്നത്. മൂന്നാം നൂറ്റാണ്ടിൽ സുറിയാനിയിൽ എഴുതപ്പെട്ടതാണ് ഈ കൃതി എന്നാണു
കരുതുന്നത്. എഡെസയിൽ രചിക്കപ്പെട്ട ഈ കൃതി പിന്നീട് ഗ്രീക്ക്, ലാറ്റിൻ, അർമീനിയൻ,
എത്യോപിയൻ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു.
സെന്റ് തോമസ് AD 58-ഇൽ കൊടുങ്ങല്ലൂരിൽ 'മാല്യങ്കര'
എന്ന സ്ഥലത്തു ഇറങ്ങി എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. പ്രാചീന കേരളത്തിലെ പ്രധാനമായ
തുറമുഖനഗരവും, ചേരരാജ്യ തലസ്ഥാനവുമായ കൊടുങ്ങല്ലൂർ തന്നെയായിരിക്കണം ഈ സ്ഥലം
എന്നാണു കരുതുന്നത്. അങ്ങനെ വന്ന തോമസ് കുറെ ബ്രാഹ്മണ കുടുംബങ്ങളെ മതം മാറ്റി എന്നാണു
വിശ്വാസം. പക്ഷെ ഇതിന് ചരിത്രപരമായ വലിയൊരു പ്രശ്നം ഉണ്ട്. ഒന്നാം
നൂറ്റാണ്ടിൽ ഇവിടെ നമ്പൂരിമാർ ഉണ്ടായിരുന്നില്ല. 6-8 നൂറ്റാണ്ടുകളിലാണ്
നമ്പൂരിമാരുടെ കുടിയേറ്റം ഉണ്ടാവുന്നത്. 10-12 നൂറ്റാണ്ടു ആവുമ്പോഴേക്കും മാത്രമേ
ഇവിടെ നമ്പൂരിമാരുടെ മേധാവിത്വം ഉണ്ടാവുന്നുള്ളു. അന്ന് നമ്പൂതിരിമാർ ഉണ്ടായിരുന്നെങ്കിൽത്തന്നെ അവർക്കു
സാമൂഹിക ജീവിതത്തിൽ യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ലെന്നും ചരിത്രപരമായി
ഇന്ന് വ്യക്തമാണ്.
സെന്റ് തോമസ് വന്നതിന്റെ ചരിത്രപരമായ
തെളിവുകൾ ഒന്നും ഇല്ലെങ്കിലും ആ സാധ്യത അങ്ങനെ തള്ളിക്കളയാൻ പറ്റില്ല.
പ്രത്യേകിച്ച് കൊടുങ്ങല്ലൂർ (മുസ്സീറിസ്) ലോകമെമ്പാടും പ്രസിദ്ധമായ ഒരു
തുറമുഖമായിരുന്നു. നീറോയുടെ കാലത്തിനു മുൻപേ തന്നെ (സോളമന്റെ കാലത്തു പോലും) റോമൻ
സാമ്രാജ്യവുമായി കച്ചവടബന്ധം ഉണ്ടായിരുന്നുതാനും. ഇന്ത്യയിൽ മരിച്ച തോമസിന്റെ
ശരീരം എഡെസയിൽ കൊണ്ടുപോയി സംസ്കരിച്ചു എന്നൊരു വിശ്വാസവും ഉണ്ട്.
തോമാശ്ലീഹാ ഏഴരപ്പള്ളികൾ സ്ഥാപിച്ചു
എന്നൊരു പാരമ്പര്യ വിശ്വാസം ഉണ്ട്. മാല്യങ്കര (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്),
കൊട്ടക്കാവ് (വടക്കൻ പറവൂർ), കോക്കമംഗലം, നിരണം, കൊല്ലം , ചായൽ (നിലക്കൽ)
എന്നിവയാണ് എഴുപള്ളികൾ. നാഗര്കോവില് അടുത്തുള്ള തിരുവിതാംകോട് പള്ളിയാണ് ഈ കഥയിലെ
അരപ്പള്ളി. ഇത് മലയാറ്റൂർ പള്ളിയാണെന്നും മറ്റൊരു ഭാഷ്യം ഉണ്ട്. പുതിയ ചരിത്ര വസ്തുതകളുടെ
വെളിച്ചത്തിൽ ഈ പള്ളിക്കഥയും സംശയാസ്പദമാണ്. കാരണം കൃസ്ത്യാനികൾ പള്ളിപണിയാൻ
തുടങ്ങുന്നത് നാലാം നൂറ്റാണ്ടിനു ശേഷമാണ്. അപ്പോൾ തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽ
പള്ളി നിർമിച്ചു എന്നൊക്കെ പറയുന്നത് അവിശ്വനീയം തന്നെ.
മൈലാപ്പൂരിൽ മരിച്ച തോമാശ്ലീഹായുടെ
ശവകൂടീരം പോർച്ചുഗീസുകാർ ആണ് 'കണ്ടെത്തിയത്'. 1547-ഇൽ ഒരു പുരാതന കുരിശും ഒരു
പള്ളിയുടെ അവശിഷ്ടവും അവർ കണ്ടെത്തുകയുണ്ടായി. മുൻപ് ഒരു പുരാതന ക്രിസ്ത്യൻ സമൂഹം
അവിടെയുണ്ടായിരുന്നു എന്നതിന് ഒരു തെളിവായിരുന്നു ഈ കണ്ടെത്തൽ. പക്ഷെ അവർ
കണ്ടെത്തിയ കുരിശിൽ പുരാതന പേർഷ്യൻ ഭാഷയിലുണ്ടായിരുന്ന എഴുത്തായിരുന്നു
ഉണ്ടായിരുന്നത്. അത് പേർഷ്യൻ ഭാഷയാണെന്നു അവർക്കു അറിയില്ലായിരുന്നു. അറിയുമായിരുന്നെങ്കിൽ അവർ ആ കുരിശു
അപ്പോൾ തന്നെ നശിപ്പിക്കുമായിരുന്നു. കാരണം വെള്ളക്കാരായ കൃസ്ത്യാനികൾക്ക്,
പേർഷ്യക്കാരായ 'നെസ്തോറിയൻ കൃസ്ത്യാനികളോട്' അത്രയ്ക്ക് പകയും വിദ്വെഷവും ആണ്
ഉണ്ടായിരുന്നത്. മാർപാപ്പയോടു കിടപിടിക്കാവുന്ന സ്വാധീന ശക്തിയായിരുന്നു അന്ന്
നെസ്തോറിയൻ പാത്രിയര്കീസിന് ഉണ്ടായിരുന്നത്. AD ആറാം നൂറ്റാണ്ടുമുതൽ പതിനാറാം
നൂറ്റാണ്ടുവരെ കേരളത്തിലെ നസ്രാണികൾ ഈ പാത്രിയർക്കീസിന്റെ കീഴിൽ ആയിരുന്നു.
ഉദയംപേരൂർ സൂനഹദോസ് എന്നപേരിൽ പറിങ്കികൾ സൈനികമായി നസ്രാണികളെ റോമിന്റെ കീഴിൽ കൊണ്ടുവരുന്നതുവരെ അത്
തുടര്ന്നു .
പറങ്കികളുടെ വരവിനു ശേഷമാണ്
'കത്തോലിക്കാസഭ' ഇവിടെ സ്ഥാപിക്കുന്നതു. അതിന് മുൻപ് മലങ്കര നസ്രാണികൾ ആയിരുന്നു ഉണ്ടായിരുന്നത്. നസ്രാണികളുടെ രക്ഷാകര്തൃത്വ വിശുദ്ധൻ
മാത്രമായിരുന്നില്ല, അവരുടെ ചരിത്രവും സാമൂഹിക നിലയും അടയാളപ്പെടുത്തുന്ന പ്രതീകം കൂടിയായിരുന്നു സെന്റ് തോമസ്. റോമൻ സഭയോടോ, മാർപാപ്പയോടൊ യാതൊരു
ബന്ധവും ഇല്ലാത്ത, ലോകത്തിലെതന്നെ വേറിട്ടൊരു കൃസ്ത്യതീയ സഭ. സ്നാനപ്പെടുത്തുന്നതും
കത്തനാരെ വാഴിക്കുന്നതും എല്ലാം പേർഷ്യയിൽനിന്നും വരുന്ന കൽദായ മെത്രാന്മാർ
ആയിരുന്നു. മലങ്കര നസ്രാണികളുടെ സഭാ ഭരണത്തിൽ മെത്രാൻ സഭാനേതാവ് ആയിരുന്നില്ല.
'ജാതിക്കു കര്തവ്യൻ' ആയിരുന്നു സഭാ നേതാവ്. അതായത് സമുദായ നേതൃത്വം, ആത്മീയ
നേതൃത്വം എന്നിങ്ങനെ രണ്ട് നേതൃത്വം. കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ കാണുന്ന
അഞ്ച് 'ആർക്കോഡിയോക്കൻമാരുടെ ' കല്ലറ സമുദായ നേതാക്കന്മാരുടേതാണെന്നു കരുതുന്നു.
"പകലോമറ്റം" കുടുംബത്തിന്റെ പാരമ്പര്യ വാഴ്ച ആയിരുന്നു എന്നാണ്
കരുതുന്നത്.
ക്നാനായി തൊമ്മൻ നസ്രാണികളുടെ വളരെ
മനോഹരമായ ഒരു മിത്തിന്റെ (?) ഭാഗമാണ്. യഥാർത്ഥത്തിൽ അങ്ങനെ ഒരാൾ വന്നതിന്റെ ഒരു
തെളിവും ഇല്ല. AD 345-ഇൽ 72 മെസപ്പൊട്ടോമിയൻ ക്രിസ്തീയ കുടുംബങ്ങളുമായി തൊമ്മൻ ,
കൊടുങ്ങല്ലൂരിൽ വന്നിറങ്ങി എന്നാണ് ഐതിഹ്യം. ഇവർ ബാഗ്ദാദ് , നിനവേ , ജറൂസലം
എന്നിവിടങ്ങളിൽ നിന്നുള്ള ഏഴു ഗോത്രങ്ങളിൽ പെട്ടവരായിരുന്നു. ഇക്കൂട്ടത്തിൽ 'ഉറഹാ
മാർ യൗസേപ്പ് ' എന്ന് പേരുള്ള ഒരു മെത്രാനും ഉണ്ടായിരുന്നു. അക്കാലത്തു്
കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഇവരെ സ്വീകരിച്ചു് 72 പദവികൾ കൊടുത്തു്
കൊടുങ്ങല്ലൂർ നഗരത്തിന്റെ തെക്കുഭാഗത്തു കുടിയിരുത്തി എന്നാണ് വിശ്വാസം.
പോപ്പ് ഇന്നസെന്റ് മൂന്നാമൻ റോമൻ
കത്തോലിക്കാ പോപ്പുമാരിൽ ഏറ്റവും ശക്തനായിരുന്നു (1200 AD). ഖലീഫമാരുടെ പൂർണ
സഹായത്തോടെ വാണ നെസ്തോറിയൻ പാത്രിയർക്കീസ് ഒരുപക്ഷെ പോപ്പ് ഇന്നസെന്റിനെക്കാൾ
സ്വാധീനം ഉള്ള നേതാവായിരുന്നു. ചൈനയും കടന്നു പോയിരുന്നു നെസ്തോറിയൻ
സ്വാധീനം. എന്നാൽ മലകടന്നു വന്ന തുർക്കികളും മംഗോളിയരും ഈ സംസ്കാരത്തെ
തകർത്തു കളഞ്ഞു. 1400-ലെ തിമൂറിന്റെ പടയോട്ടത്തോടെ നെസ്തോറിയൻ മതം പേർഷ്യയിൽ
തകർക്കപ്പെട്ടു. രക്ഷപെട്ട ഒരു സംഘം കുർദിസ്ഥാൻ മലകളിലേക്കു കയറി. പത്തൊൻപതാം
നൂറ്റാണ്ടിന്റെ ആരംഭത്തിൽ നാഷണൽ ജിയോഗ്രാഫിക്കിന്റെ ഒരു ഗവേഷണ സംഘം ഇവരെ കണ്ടെത്തുകയുണ്ടായി.
അത് അവിടെ നിൽക്കട്ടെ. കേരളത്തിലെ നസ്രാണികൾക്കു എന്തുപറ്റി എന്ന് നോക്കാം.
No comments:
Post a Comment