നസ്രാണികഥയിലെ ഏറ്റവും വലിയ വില്ലൻ
ആരാണ് ? സംശയമൊന്നുമില്ല. ഗോവയിലെ പറങ്കി മെത്രാനായിരുന്ന ആർച്ചുബിഷൊപ്
'മെനുസിസ്'. വാസ്കോഡിഗാമ കേരളത്തിൽ കപ്പലിറങ്ങിയതിനും ഒരു നൂറുകൊല്ലത്തിനു ശേഷം 38
കാരനായ മെനുസിസ് ഗോവയിലെത്തി. ഇയാളാണ് കുപ്രസിദ്ധമായ 'ഉദയംപേരൂർ സൂനഹദോസിന്റെ'
സംഘാടകൻ , നസ്രാണി സമുദായത്തെ പല സഭകളായി ഭിന്നിപ്പിച്ച വിധി നടപ്പിലാക്കിയ ആൾ.
കേരളത്തിലെ കത്തോലിക്കാ സഭയുടെ യഥാർത്ഥ സ്ഥാപകൻ.....
അങ്കമാലിയായിരുന്നു നസ്രാണികളുടെ ആസ്ഥാനം.
പക്ഷെ നസ്രാണി ചരിത്രത്തിനുമേൽ നിർണായകമായ വിധിനടപ്പാക്കിയ മഹാ സമ്മേനനം നടന്നത് കൊച്ചിക്കടുത്തുള്ള
ഉദയം പേരൂർ എന്ന സ്ഥലത്താണ്. ഈ നാടകത്തിന്റെ തിരക്കഥാകൃത്തും, സംവിധായകനും നായകനും
എല്ലാം ഗോവൻ ആർച്ച്ബിഷപ് മെനസിസ് ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് ഒട്ടും മനസ്സിലാകാതെ,
ഇതിലെ ചതി എന്തെന്ന് മനസ്സിലാവാതെ പങ്കെടുത്ത നസ്രാണിസമൂഹം, തങ്ങളുടെ തലയ്ക്കു മീതെ
നീട്ടിപ്പിടിച്ചിരിക്കുന്ന വാളിനുമുന്പിൽ നിന്നുകൊണ്ട് ഉദയംപേരൂർ കാനോനികളിൽ ഒപ്പുവച്ചു.
ആ കാനോനികളുടെ യഥാർഥ അർദ്ധം മറ്റൊന്നുമായിരുന്നില്ല "ആയിരക്കണക്കിന് വര്ഷങ്ങളായി
ഞങ്ങളുടെ പൂർവ പിതാക്കന്മാർ ആചരിച്ചുവന്ന ആചാരങ്ങളും , വിശ്വാസങ്ങളും എല്ലാം തെറ്റായിരുന്നു,
മാപ്പു്. ഇനിമേൽ റോമിലെ ശുദ്ധമാന പാപ്പയുടെ ആജ്ഞക്കനുസരിച്ചു പ്രവർത്തിക്കണമെന്ന്
ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു".
മെനസിസ് തയ്യാറാക്കിയ രേഖയിൽ ഒപ്പുവയ്ക്കാൻ തയ്യാറാവാതിരുന്ന
നസ്രാണികളുടെ തലവനായ അക്കാർഡിയോക്കനെ കൊച്ചി രാജാവിനെക്കൊണ്ട് ഭീഷണിപ്പെടുത്തി. കൊച്ചിരാജാവ്
അത് ചെയ്തില്ലെങ്കിൽ കൊച്ചിയെ പോർച്ചുഗീസ് സൈന്യം ആക്രമിക്കുമെന്ന് മെനസിസ്, രാജാവിന്
ഭീഷണി മുഴക്കി. ഭീഷണിയിൽ ഭയപ്പെട്ട രാജാവ്
മെനസിസ് പറയുന്നതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ അക്കാർഡിയോക്കനെ നശിപ്പിച്ചുകളയുമെന്ന്
അന്ത്യശാസനം നൽകി. പറങ്കി സൈനികർ സമ്മേളനത്തിന് കാവൽ നിന്നു. സൈനികർ മെനസിസിന്റെ ആജ്ഞക്കായി
കാത്തുനിന്നു. ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയിക്കഴിഞ്ഞാൽ രണ്ടാം സ്ഥാനം വഹിക്കുന്ന
രാജകീയ ഉദ്യോഗസ്ഥന്മാർ കൂടിയായിരുന്നു ആർച്ചുബിഷോപ്പുമാര്. അങ്ങനെ കേരളത്തിലെ കുരുമുളകിന്റെ കുത്തക നേടുന്നതിനോടൊപ്പം
മലങ്കര നസ്രാണികളുടെ ആത്മാവിന്റെ കുത്തകകൂടി മെനസിസ് കൈക്കലാക്കി.
അതിവിചിത്രമായ ഒരു മഹാനാടകമായിരുന്നു ഉദയംപേരൂരിൽ
അരങ്ങേറിയത്. യേശുവിന്റെ രണ്ടു ശിഷ്യന്മാരുടെ മാര്ഗങ്ങള് ആയിരുന്നു അവിടെ ഏറ്റുമുട്ടിയത്.
ഒരു വശത്തു റോമാസഭയും അതിന്റെ വിശുദ്ധനായ പത്രോസും, മറുവശത്തു നസ്രാണികളും അവരുടെ വിശുദ്ധനായ
തോമസും. മറ്റു വിശ്വാസങ്ങളെയും കൂടി ഉൾക്കൊള്ളുന്നതായിരുന്നു നസ്രാണികളുടെയും അവരുടെ
സ്ഥാപകവിശുദ്ധനായ തോമയുടെയും മാർഗം. ഏതു മാർഗ്ഗത്തിലൂടെയും സ്വർഗത്തിൽ എത്താം എന്ന്
അവർ വിശ്വസിച്ചിരുന്നു. അത്രയ്ക്ക് വിശാലമായിരുന്നു അവരുടെ ചിന്ത. എന്നാൽ തങ്ങളുടെ
മതം മാത്രമേ ശരിയായിട്ടൊള്ളു, അതിലൂടെമാത്രമേ രക്ഷയുള്ളൂ എന്ന സങ്കുചിത ചിന്തയായിരുന്നു
പറങ്കികളുടേത്.
ഉദയംപേരൂർ കാനോനികളിൽ കാണുന്ന നസ്രാണി
ബോധം പൂർണമായും കേരളീയമായിരുന്നു. അതുകൊണ്ടാണ് "ഇവരെങ്ങനെ
ക്രിസ്ത്യാനികൾ ആവും" എന്ന് പറങ്കികൾ അത്ഭുതപ്പെട്ടത്. വിശുദ്ധ ത്രീത്വം ,
ദൈവത്തിന്റെ 'അമ്മ , പാപമോചനം, സ്വർഗം, നരകം, അന്ത്യവിധി ഇതൊന്നും
നസ്രാണികളുടെ "വേദപുസ്തകത്തിൽ" ഉണ്ടായിരുന്നില്ല. പള്ളികളിൽ വിഗ്രഹങ്ങൾ
വച്ച് ആരാധിക്കുന്ന രീതിയും ഇല്ലായിരുന്നു.
"ശുദ്ധമാന
പാപ്പാനേ വണങ്ങാത്തവർക്കു മോക്ഷം ഇല്ല" എന്ന് സൂനഹദോസ് ആദ്യമേ പ്രഖ്യാപിച്ചു.
"ശുദ്ധമാന പാപ്പാടെ പ്രമാണം
കൂടാതെവരുന്ന മേല്പട്ടക്കാരനെ കൈക്കൊള്ളുകയില്ലെന്നും, ശുദ്ധമാനപാപ്പാ മലംകരെ
മേല്പട്ടക്കാരനായി യാത്രയാക്കുന്നവരെ അന്തരം കൂടാതെ കൈക്കൊള്ളുന്നേൻ" എന്ന്
പ്രതിജ്ഞയും എടുപ്പിച്ചു.
"മലംകരെ എടവകയിലെ പള്ളികളിൽ
മിക്കതിലും രൂപങ്ങൾ ഇല്ലാതെ അത്രേ ആകുന്നു. ഓരോരെ കുരിശേ സാമാന്യമായി
ഉണ്ടായിരിക്കൂ"
പറങ്കികൾക്കു ഒട്ടും
ദഹിക്കാത്തതായിരുന്നു ഇത്.
"ഈ ഇടവകയിലുള്ളവരെ നസ്രാണികളും
മലയാളരും തങ്ങളിൽ ചമയം കൊണ്ടും കണ്ടറിവാൻ ഏതും ഭേദം ഇല്ലെന്ന ശുദ്ധമാന
സൂനഹദോസ് കണ്ടിട്ട് തങ്ങളിൽ ഭേദം കൊണ്ടറിവാൻ കൽപ്പിക്കുന്നു. ആണുങ്ങൾ ആരും ഇനി തൊടങ്ങി
കാതു കുത്താതെ എന്നും വളത്തരുത് എന്നും ശുദ്ധമാന സൂനഹദോസ് കൽപ്പിക്കുന്നു"
അതായത് തമ്മിൽ തിരിച്ചറിയാൻ ആണുങ്ങൾ കാതു കുത്തരുതെന്നു കൽപ്പന.
ആളുകളെ എങ്ങനെ തിരിച്ചറിയും ?
പള്ളികളിൽ ബിംബങ്ങൾ ഇല്ല , പട്ടക്കാർക്കു കുടുമ പോലും ഉണ്ടായിരുന്നു.
ഗുണ്ടർട്ടിന്റെ കേരള പഴമയിൽ നിന്ന് .
"കൊടുങ്ങല്ലൂരിൽ താമസിക്കുമ്പോൾ
ജോസഫ്, മത്തായി എന്ന രണ്ട് നസ്രാണികൾ വന്ന് കപ്പിത്താനെ കണ്ടു. ഞങ്ങൾ യൂറോപ്പ ,
റോമ മുതലായ ദേശങ്ങളെ കണ്ട് ഓർശ്ലേമിൽ യാത്രയാവാൻ മനസ്സുണ്ടെന്നു പറഞ്ഞു"
പിന്നീട് നസ്രാണികളെപ്പറ്റിയുള്ള
വിവരണമാണ്.
"പള്ളിയിൽ ഞങ്ങൾക്ക് ബിംബം ഇല്ല
, ക്രൂസ്സേ ഉള്ളൂ. ഇപ്പോൾ ഞങ്ങൾക്ക് മെത്രാനെ അയക്കുന്നത് സുറിയായിലെ കാതോലിക്കോസ്
തന്നെ. പട്ടക്കാർക്കു കുടുമ്മ തന്നെ പട്ടം ആകുന്നു. മരിച്ചാൽ 8-ആം നാൾ പുല
നീക്കും. വേദപുസ്തകങ്ങളും വ്യാഖ്യാനങ്ങളും ഉണ്ട്. ഞങ്ങൾക്ക് കച്ചവടം തന്നെ വൃത്തി.
ഒന്നാം ജൂലായിൽ തോമായുടെ ഉത്സവം തന്നെ പ്രധാനം "
അതായത് കുടുമ , പുല എല്ലാം ഉണ്ട്.
മാത്രമോ? സൂനഹദോസിന്റെ 'പെൺകട്ട എന്ന
കൂദാശമേൽ ഒള്ള പൊരുൾ ' എന്ന വിഭാഗത്തിലെ കാനോന നോക്കൂ.
"മലങ്കര നസ്രാണികളുടെ എടയിൽ
പെൺകെട്ടിനു പൊരുത്തവും പൊഴുതും തന്ന്യാ ദിവസം ചോദിപ്പാറ എന്നും നെല്ലുനീരും
വീഴ്ത്തുന്നതും മറ്റും മാർഗത്തിൽ ചിതമല്ലാത്ത പല വസ്തുക്കൾ ചൈവാറ ഒണ്ട എന്ന്
സൂനഹദോസ് കേട്ടു എന്നതിനെക്കൊണ്ട് പ്രമാണിക്കുന്നു, ഇത്തരം അവസ്ഥൾ ഒന്നും
ചൈയ്യരുതാ എന്നും ചെയ്യിപ്പിക്കരുതാ എന്നും ഇത് കേളാതെ ഇത്തരം ഏതാനം ചെയ്‌ക്കിൽ
അവരെ ആറുമാസത്തേക്ക് എണങ്ങീനെ പൊറത്താക്കുകയും വേണം" അതായത് ശിക്ഷയും
ഉണ്ട്.
നെലോന വീഴ്ത്തൽ എന്നുപറഞ്ഞാൽ അരി
അരച്ച് കലക്കി , അതുകൊണ്ട് ചെയ്യുന്ന അലങ്കാരങ്ങൾ ആണ്.
കേരളീയമായ ഒരു ക്രിസ്തുമതത്തെയാണ്
നസ്രാണികൾ സൃഷ്ട്ടിച്ചത്. കേരളീയ ആചാരങ്ങളും അന്ധവിശ്വാസങ്ങളും, മന്ത്രവാദവും,
ജാതകം നോട്ടവും എല്ലാം ചേർന്ന ഒരു തനതു വിശ്വാസം. അതിൽ ഹിന്ദു ദേവി ദേവന്മാർക്കും
തുല്യ സ്ഥാനം കൊടുത്തിരുന്നു.
പുതുപ്പള്ളിയിലെ ജോർജ് പുണ്ണ്യവാളനും
അടുത്ത ക്ഷേത്രത്തിലെ ഭദ്രകാളിയും സഹോദരീസഹോദരന്മാർ ആയിരുന്നു. മണർകാട്
ക്ഷേത്രത്തിലെ കണ്ണകിദേവിയും സമീപത്തുള്ള പള്ളിയിലെ മറിയവും സഹോദരിമാരായാണ്
കഴിഞ്ഞിരുന്നത്. സെന്റ് ജോർജ് വിഷ്ണുവിന്റെ സഹോദരനായിരുന്നു എന്ന് വിശ്വാസം ഉണ്ടായിരുന്നതായി
ബിഷപ്പ് പൗലോസ് മാർ ഗ്രിഗോറിയോസ് 'Kerala christian sainthood' എന്ന ഗ്രന്ഥത്തിൽ
പറഞ്ഞിരിക്കുന്നു. കൊടുങ്ങല്ലൂർ ഭഗവതിയും സെന്റ് തോമസും തങ്ങളുടെ മതങ്ങളുടെ
ഗുണഗണങ്ങളെപ്പറ്റി തർക്കിക്കുന്ന ഒരു കഥാതന്നെയുണ്ട്. ഏറ്റുമാനൂർ അപ്പനും കടനാട്
പള്ളിയിലെ സെബാസ്ത്യാനോസും ചേട്ടനും അനിയനും ആണെന്നും, അവിടത്തെ ഉത്സവത്തിന്
പള്ളിയിൽ നിന്നും മുത്തു കുടയും, ഇവിടത്തെ പെരുന്നാളിന് അവിടെനിന്നു ആനയെയും
അയക്കുന്നത് പതിവായിരുന്നു എന്ന് എന്റെ 'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
എന്തിനധികം ? ഹിന്ദുമതത്തിലെ ജാതിചിന്ത ,അൽപ്പം കൂടിയ അളവിൽ എന്ന് പറയാവുന്നതുപോലെതന്നെ
ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നു. എന്റെ ഓർമ്മയിൽ പോലും, താഴ്ന്നവർ എന്ന്
കരുതുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് പുറകുവശത്തെ വരാന്തയിൽ ഇരുത്തിയായിരുന്നു.
ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ
നിലനിന്ന വിശ്വാസപരമായ ഒരു സമന്വയമാണ് പറങ്കികൾ തകർത്തത്. രണ്ട് സമുദായങ്ങൾ
തമ്മിലുണ്ടായിരുന്ന കൊടുക്കൽ വാങ്ങലുകൾ ഈ
സൂനഹദോസിനു ശേഷം ഗണ്യമായി കുറഞ്ഞു. ചുരുക്കത്തിൽ കൊളോണിയലിസം മൊത്തത്തിൽ
രാജ്യത്തോട് ചെയ്തത് തന്നെയാണ് പറങ്കികൾ നസ്രാണികളോടും ചെയ്തത്.
No comments:
Post a Comment