Sunday, 27 June 2021

EARLY INDIANS - IV

 

മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെ നാലായി (Four  types) ആണ് തിരിക്കുന്നത്. ആദ്യത്തേത് മുൻപ് പറഞ്ഞതുപോലെ ഒരു സംഘം ഹോമോസാപ്പിയൻസ് 70,000  കൊല്ലങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ നിന്നും പുറപ്പെട്ടു ആയിരക്കണക്കിന് കൊല്ലങ്ങൾകൊണ്ട് ലോകത്തിൽ പലയിടങ്ങളിലായി കുടിയേറിയത്.

രണ്ടാമത്തേത് ഏറ്റവും അവസാനമായി നടന്ന 'glacial period' മായി ബന്ധപ്പെട്ടതാണ്. സൗരയൂധത്തോടൊപ്പമുള്ള ഭൂമിയുടെ സഞ്ചാരപഥത്തിന്റെ പ്രത്യേകതകൾകൊണ്ട് ഭൂമിയിലെ ചൂടിന് ഉണ്ടാവുന്ന വ്യതിയാനമാണ് ഇത്തരം മാറ്റങ്ങൾക്കു കാരണം. ഏറ്റവും അവസാനത്തെ glacial  period, 1,10,000 കൊല്ലങ്ങൾക്കുമുന്പ് ആരംഭിച്ചു 15000-12000 കൊല്ലങ്ങൾക്കു മുൻപ് അവസാനിച്ചതാണ്. ഭൂമിയിലെ ചൂട് കുറയുന്നതുമൂലം, ഉത്തരധ്രുവത്തിലേയും ദക്ഷിണധ്രുവത്തിലെയും മഞ്ഞുപാളികൾ വളർന്നു ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും മൂടുന്നതാണ് ഹിമയുഗം എന്നൊക്കെ പറയുന്നത്. ഈ പ്രതിഭാസം ഭൂമിയിലെ മനുഷ്യരെ പല ജനസംഖ്യ ഗ്രൂപ്പുകളായി തിരിയുന്നതിനും ചെറിയ വ്യത്യാസങ്ങളോടെ പരിണാമം പ്രാപിക്കുന്നതിനും ഇടയാക്കി. കഴിഞ്ഞ glacial  period-ന്റെ അവസാനം , ഏതാണ്ട് 12,000 കൊല്ലങ്ങൾക്കു മുൻപ് , ഭൂമി വീണ്ടും ചൂട് പിടിച്ചുതുടങ്ങിയപ്പോൾ രണ്ടാമത്തെ വലിയ കുടിയേറ്റം സംഭവിച്ചു. കാരണം അപ്പോഴേക്കും മനുഷ്യൻ കൃഷി സ്വായത്തമാക്കുകയും വൻതോതിൽ കൃഷി ചെയ്യുവാനും ആരംഭിച്ചു. ഇത് ജനസംഖ്യയിൽ വൻതോതിലുള്ള വളർച്ചക്ക് കാരണമാകുകയും, ആളുകൾ വിവിധയിടങ്ങളിലേക്കു കുടിയേറാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു.

2009-ലും 2013-ലും പുറത്തുവന്ന രണ്ടു പഠനങ്ങൾ, ഹാർവാർഡ് മെഡിക്കൽ സ്കൂളും , സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി ഹൈദരാബാദും ചേർന്ന് നടത്തിയ രണ്ടു  പഠനങ്ങൾ ആയിരുന്നു ഇത്. ഇത് ഒരുകാര്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നതായിരുന്നു. അതായത് ഇന്ത്യയിലുള്ള എല്ലാവരും  സങ്കരമാണ്, വിവിധ അളവിൽ, കൂടിയും കുറഞ്ഞും. ഏറ്റവും കുറഞ്ഞത് രണ്ടു ഗ്രൂപ്പുകളുടെ സങ്കരം. ഒന്ന് , ആദിമ ഇൻഡ്യാക്കാർ , അതായത് ആഫ്രിക്കയിൽനിന്നും കുടിയേറിയ മനുഷ്യർ. രണ്ടാമത്തേത് പടിഞ്ഞാറൻ യൂറേഷ്യ. (പടിഞ്ഞാറൻ യൂറേഷ്യ എന്നാൽ ഇന്നത്തെ ഇറാന്റെ ഭാഗങ്ങൾ , മധ്യ ഏഷ്യ, കൊക്കേഷ്യ എന്നിവ ഉൾപ്പെടും. യൂറോപ്പും ഏഷ്യയും ഉൾപ്പെടുന്ന ഭാഗം, അതായത് കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയിലുള്ള , അര്മേനിയ, അസർബൈജാൻ, ജോർജിയ, തെക്കൻ റഷ്യ എന്നിവ ഉൾപ്പെടുന്നതാണ് കൊക്കേഷ്യ).

അതായത്, ഇന്നത്തെ ഇന്ത്യക്കാർ, ആദിമ ഇന്ത്യക്കാരുടെയും പടിഞ്ഞാറൻ യൂറേഷ്യയിൽ നിന്നുമുള്ളവരുടെ ഒരു സങ്കരമാണ്. പക്ഷെ, ഇത് പലർക്കും അത്ര ദഹിക്കുന്നതായിരുന്നില്ല. കാരണം ഒറ്റ നോട്ടത്തിൽ അത് 'ആര്യന്മാരുടെ കുടിയേറ്റ സിദ്ധാന്തത്തെ ' പിന്തുണക്കുന്നതായിരുന്നു.  ഏതാണ്ട് നാലായിരം കൊല്ലങ്ങൾക്കുമുന്പ് മധേഷ്യയിൽനിന്നും കുടിയേറിയ ഇടയ സമൂഹമാണ് ഇവിടെ ഇൻഡോ-യൂറോപ്യൻ ഭാഷയും (സംസ്കൃതത്തിന്റെ ആദിമരൂപം),   അതിനൊപ്പമുള്ള ആചാര-അനുഷ്ട്ടാനങ്ങളും കൊണ്ടുവന്നത് എന്ന് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.  ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ Dr. ഡേവിഡ് റെയ്ച്ച (David  Reich ), 2018-ലെ തന്റെ 'Who we are and  how we got here' എന്ന പുസ്തകത്തിൽ ഇത് വിവരിക്കുന്നുണ്ട്. അങ്ങനെ, "ഈ പഠനങ്ങളുടെ നിഗമനങ്ങളെ തള്ളാതെയും എന്നാൽ നേരിട്ട് പറയാതെയും ഒരു കുറുക്കുവഴി കണ്ടെത്തി. അങ്ങനെ ഇന്ത്യയിലെ ഇന്നത്തെ ആളുകൾ രണ്ടു പഴയ ഗ്രൂപ്പുകളുടെ പിൻഗാമികൾ ആണ് ; Ancient South  Indians (ASI), 'Ancient  North  Indians' (ANI)"

ഈ ട്വിസ്റ്റ്, മാധ്യമങ്ങൾക്കു ഇഷ്ടംപോലെ വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. ഉദാഹരണത്തിന് ANI എന്നത് ഏകാത്മകമായ, ഒരു ജനസമൂഹമാണെന്നും പതിനായിരക്കണക്കിന് വര്ഷം മുൻപ് ഇവിടെത്തന്നെ ഉണ്ടായിരുന്ന ഒരു സമൂഹമാണെന്നും വ്യാപകമായ പ്രചാരണം ഉണ്ടായി.  പക്ഷെ പഠനം അർദ്ധശങ്കക്കിടയില്ലാതെ പറയുന്നത് ANI നിരവധി കുടിയേറ്റങ്ങളിലൂടെ ഉണ്ടായ സങ്കര സമൂഹമാണെന്നും , അതിൽ ചിലതു ഏതാണ്ട് 4000 വര്ഷം മാത്രം പഴക്കം ഉള്ളവയാണെന്നും എന്നാണ്. (തുടരും)       

EARLY INDIANS -III

 

ആർക്കിയക് മനുഷ്യരുടെ വംശനാശത്തോടെ ആഫ്രിക്കയിൽനിന്നും കുടിയേറിയ മനുഷ്യർ മാത്രം ഭൂമിയിൽ അവശേഷിച്ചത് നാം കണ്ടു. പക്ഷെ ഇത് എപ്പോൾ , എങ്ങനെ സംഭവിച്ചു എന്നുള്ളതിൽ നാം ഇപ്പോഴും ഇരുട്ടിലാണ്. കൃത്യമായ ഒരു തെളിവും ഇത് വിശദീകരിക്കുന്നതിനു, പ്രത്യേകിച്ച് ഇന്ത്യയിൽ,  ഇതുവരെ ലഭിച്ചിട്ടില്ല. തെക്കേ ഏഷ്യയിൽ ആകപ്പാടെ ലഭിച്ചത് ഭാഗികമായി നശിച്ച ഒരു തലയോടാണ്. 2,50,000 വര്ഷം പഴക്കം ഉള്ള ഈ ഫോസിൽ ലഭിച്ചത് മധ്യപ്രദേശിലെ ഹാത്തോരാ (Hathnora) എന്ന നര്മദയുടെ തീരത്തുനിന്നാണ്, 1982-ഇൽ. യൂറോപ്പിൽ, നിയാണ്ടർത്താൽ മനുഷ്യരുടെ വംശനാശം സംഭവിച്ചത് ഏതാണ്ട് 40,000 കൊല്ലങ്ങൾക്കു മുൻപ് ആണെന്ന് ഇന്ന് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്. ഇന്ത്യയിൽ അത് സംഭവിച്ചത് ഒരുപക്ഷെ ഏതാണ്ട് 35,000 കൊല്ലങ്ങൾക്കു മുൻപാകാം എന്നാണു നിഗമനം.  

'എല്ലാ കാർഷിക സമൂഹങ്ങളും നാഗരികത ആവുന്നില്ല, എന്നാൽ ഒരു നാഗരികതയും ഒരു കാർഷിക സമൂഹത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകാതിരുന്നിട്ടില്ല'. കൃഷിയുടെ വികാസത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ , ഉൽപ്പാദന ക്ഷമതയുടെ വളർച്ചയിൽ , സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളെ അത് കൃഷിയിൽനിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്നവർ, മറ്റുള്ള ജോലികളിലേക്ക്, അതായത് കെട്ടിടങ്ങളുടെ, കോട്ടകൊത്തളങ്ങളുടെ നിർമാണം, ആയുധങ്ങളുടെ, ആഭരണങ്ങളുടെ നിർമാണം, കണ്ടുപിടുത്തങ്ങൾ എന്നുതുടങ്ങി ഒരു നാഗരികതക്ക് ആവശ്യാമായ എല്ലാത്തരം പ്രവർത്തികളിലേക്കും തിരിയുന്നു. 

ഏതാണ്ട് ഒരു നൂറ്റാണ്ടോളമായുള്ള ശ്രമങ്ങൾ ഉണ്ടായിട്ടും ഹാരപ്പൻ ലിപി വായിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഹാരപ്പൻ നാഗരികതയുടെ ഉയർച്ചക്ക് പിന്നിൽ ഉണ്ടായിരുന്ന ശാക്തികബന്ധങ്ങളുടെ ലിഖിതമായ ഒരു വിവരം നമുക്ക് ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ,അവർ അവശേഷിപ്പിച്ചു പോയ വാസ്തുവിദ്യ, ശിൽപ്പങ്ങൾ, കൊത്തുപണികൾ, ചുവര്ചിത്രങ്ങൾ എന്നിവയെല്ലാം അവരെക്കുറിച്ചുള്ള വിലപിടിപ്പുള്ള   വിശദീകരണങ്ങൾ നമുക്ക് നൽകുന്നുമുണ്ട്.

രണ്ടുമുറികൾ, ചുടുകട്ടകൊണ്ടുള്ള നിർമാണം എന്നുതുടങ്ങി, തെക്കേ ഏഷ്യയിലെ ആദ്യത്തെ കൃഷി നടത്തിയ ബാർളിപ്പാടങ്ങൾ എന്നിവയെല്ലാം മഹത്തായ സംസ്കാരങ്ങളായ ഹാരപ്പ, മോഹജോദാരോ തുടങ്ങിയവയുടെ നല്ലൊരു ചിത്രം നമുക്ക് നൽകുന്നുണ്ട്. തെക്കേ ഏഷ്യയിൽ ആദ്യമായി കൃഷി 'പരീക്ഷണം ' നടത്തിയ മെഹ്റഗർഹ് (Mehrgarh) എന്ന കൊച്ചുഗ്രാമം , ഇന്നത്തെ പാക്കിസ്ഥാനിൽ ബലൂചിസ്ഥാനിൽ , ബോലാൻ ചുരത്തിനു അടുത്ത് സ്ഥിതിചെയ്യുന്നു. BC-7000-നും BC-2600-നും ഇടയിൽ ഏതാണ്ട് 4500 കൊല്ലത്തോളം ഇവിടെ ജനവാസ കേന്ദ്രമായിരുന്നു. ഇൻഡസ്-നും മെഡിറ്ററേനിയനും ഇടയിൽ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്ന , ഏറ്റവും വലിയ കൃഷിസ്ഥലവും ജനവാസകേന്ദ്രവുമായിരുന്നു ഇവിടം. ഏതാണ്ട് 200  ഹെക്റ്ററിലേറെ കൃഷിയിടം ഇവിടെ ഉണ്ടായിരുന്നെന്ന് കണക്കാക്കപ്പെടുന്നു.

ഹാരപ്പൻ സംസ്കാരത്തിന്റെ അടിത്തറ ഇട്ടത്  മെഹ്റഗർഹ് ആയിരുന്നെന്നു തന്നെ പറയാം. ഇവിടെ നടത്തിയ ഉല്‍ഖനനത്തിൽ ഏതാണ്ട് ഒൻപതു മീറ്റർ ഘനത്തിൽ  തെളിവുകളുടെ കൂമ്പാരം തന്നെ ലഭ്യമായിട്ടുണ്ട്. ഏറ്റവും അടിത്തട്ടിൽ ദീർഘ ചതുരത്തിലുള്ള മുറികളോടുകൂടിയ, മണ്കട്ടകൾ കൊണ്ട് നിർമിച്ച വീടുകൾ, കൃഷി ആയുധങ്ങൾ (Microliths) , ബാര്ലിയുടെയും ഗോതമ്പിന്റെയും അംശങ്ങൾ, നായാടാനുള്ള ആയുധങ്ങൾ എന്നിവയെല്ലാം ഇതിൽ പെടും. ആയിരക്കണക്കിന് കൊല്ലങ്ങൾകൊണ്ട് ഈ കൊച്ചുജനവാസം, ബലൂചിസ്ഥാൻ, ഇൻഡസ് താഴ്വര, ഘഗർ-ഹക്ര നദിതീരം (ഇതാണ് സരസ്വതി നദി എന്ന് വിശ്വസിക്കപ്പെടുന്നു) ഗുജറാത്തും കടന്നു വളർന്നു, ഏതാണ്ട് BC-2600 ആയപ്പോഴേക്കും , പാകിസ്ഥാൻ, വടക്കൻ അഫ്‌ഗാനിസ്ഥാൻ, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഇന്നത്തെ പടിഞ്ഞാറൻ ഇന്ത്യ മുഴുവനും വ്യാപിച്ച ഹാരപ്പൻ സംസ്കാരം , അതിന്റെ അത്യുച്ച നിലയിൽ എത്തി.

ആരായിരുന്നു മെഹ്റഗർഹ്-ലെ ആളുകൾ, അവർ എവിടെനിന്നും വന്നു ? (തുടരും)    

EARLY INDIANS - II

 

ഇന്ത്യയിലെ (യഥാർത്ഥത്തിൽ സൗത്ത് ഏഷ്യ) ജനസമൂഹത്തെ ഒരു 'പിസ്സായോടാണ്' ടോണി ഉപമിക്കുന്നത്. ആദിമ ഇന്ത്യൻസ് അതിന്റെ ബേസ് ആണ്. അതിന്റെ പലഭാഗങ്ങളും കട്ടി കൂടിയതും കുറഞ്ഞതുമായ ഒരു ബേസ്. പിന്നെ അതിന്റെ മുകളിൽ ഒഴിച്ച സോസ്. അത് എല്ലായിടത്തും പരന്നിട്ടുണ്ട്. അതിന്റെ മുകളിൽ തൂകിയ ചീസ് ആണ് ഏറ്റവും അവസാനം ഇവിടെ എത്തിയ ജനങ്ങൾ. ഇതിലെ ചീസും മറ്റു ടോപ്പിംഗ്‌സും അത്ര യൂണിഫോം ആയിട്ടല്ല. ചിലയിടത്തു തക്കാളിയുടെ കഷ്ണം കൂടുതൽ , മറ്റുചിലയിടത്തു കാപ്സികം ആണെങ്കിൽ വേറെ ചിലയിടത്തു കൂണ്, അങ്ങനെ. ഈ ചീസ് അല്ലെങ്കിൽ ടോപ്പിംഗ്‌സ് ഇവിടെ മാത്രം ഉള്ളതല്ല. ഇത് മറ്റു പലയിടത്തും കാണുന്നുണ്ട് , വെസ്റ്റ് ഏഷ്യ, യൂറോപ്പ്, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽ എല്ലാം ഇത് കാണാം. എന്നാൽ ഇതിന്റെ ബേസ് മറ്റൊരിടത്തും കാണാൻ കഴിയില്ല, മാത്രമല്ല ഇത്രയും വൈവിധ്യവും , ഒരു പക്ഷെ ആഫ്രിക്ക ഒഴിച്ച് ഒരിടത്തും കാണാൻ കഴിഞ്ഞെന്നു വരില്ല.

ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നു ഘട്ടങ്ങളിലായി ഉണ്ടായ കുടിയേറ്റമാണ് 'പോപ്പുലേഷൻ ജനറ്റിക്സ്' കാണിച്ചുതരുന്നത്. ഏതാണ്ട് 65,000 കൊല്ലങ്ങൾക്കുമുന്പ് ഒരുപറ്റം 'ആധുനിക' മനുഷ്യർ (ഹോമോസാപിയൻസ്) ആഫ്രിക്കയിൽനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയതാണ് ആദ്യത്തെ കുടിയേറ്റം. പിന്നീട് BC-7000-നും 3000-നും ഇടയിൽ ഇറാനില്നിന്നും ഉണ്ടായ ,കൃഷി സ്വായത്തമാക്കിയ ആളുകളുടെ രണ്ടാമത്തെ കുടിയേറ്റം. പിന്നീട് BC-2000-നും 1000-നും ഇടയിൽ സെൻട്രൽ യൂറേഷ്യൻ സ്റ്റെപ്പികളിൽനിന്നും വൻതോതിലുള്ള ഇടയ സമൂഹത്തിന്റെ (pastoralists) കുടിയേറ്റമാണ് മൂന്നാമത്തെ വൻ കുടിയേറ്റം. ഹംഗറി മുതൽ യുക്രൈൻ, മധേഷ്യ തുടങ്ങി മഞ്ചൂറിയ വരെ, ഏതാണ്ട് 8000 കിലോമീറ്ററോളം പരന്നുകിടക്കുന്ന പുല്മേടുകളാണ് സ്റെപ്പി. സഞ്ചാരികളായ ഇവർ കുതിര, പശു, ആട്  തുടങ്ങിയ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു. 

ഇവിടെ പ്രസക്തമായ ഒരു ചോദ്യം, എന്തുകൊണ്ട് ലോകത്തിലുള്ള എല്ലാ മനുഷ്യരും (ഹോമോസാപിയൻസ്) ആഫ്രിക്കയിൽനിന്നും ഉത്ഭവിച്ചവർ ആവണം ? എന്തുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്രമായ മനുഷ്യ സമൂഹം ഉണ്ടായിക്കൂടാ? യഥാർത്ഥത്തിൽ ഏതാനും ദശകങ്ങൾക്ക് മുൻപുവരെ ഈ ചോദ്യം വളരെ സീരിയസ് ആയി ചോദിച്ചിരുന്നു. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിച്ച 'ആർക്കിയക് മനുഷ്യർ' ഉണ്ടായിരുന്നുതാനും. (ഏതാണ്ട് അഞ്ചുലക്ഷം വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഹ്യൂമനോയിഡുകളാണ് 'ആർക്കിയാക്' എന്ന് അറിയപ്പെടുന്നത്. ഇവരിൽ നീയാണ്ടർത്താൽ, ഫ്ലോറെൻസിൻസിസ്‌ , ഡെനിസോവ എന്നി വിഭാഗനാൽ പെടും). പക്ഷെ DNA സാങ്കേതികവിദ്യയുടെ വളർച്ച ഈ സാധ്യതയെ പാടെ തള്ളിക്കളഞ്ഞു. ഇന്ന് ലോകത്തിലുള്ള എല്ലാ മനുഷ്യരും ആഫ്രിക്കയിൽ ഉത്ഭവിച്ചു , ഏതാണ്ട് 70,000 വര്ഷം മുൻപ് ഏഷ്യയിൽ എത്തി , അവിടെനിന്നും  ലോകം മുഴുവൻ വ്യാപിച്ചവരാണ്. ഒരുപക്ഷെ ഈ വ്യാപനത്തിനിടയിൽ അന്ന് അവശേഷിച്ച ആർക്കിയക് മനുഷ്യരുടെ നാശവും ഉണ്ടായതാവാം.  (തുടരും)      

EARLY INDIANS -1

 

ടോണി ജോസഫ് എഴുതിയ ' Early  Indians  : The Story  of  Our  Ancestors  And  Where  We Came  From'  എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഒരു പരമ്പര.

ടോണി ജോസഫ്-ന്റെ "Early  Indians" എന്ന പുസ്തകം ഇന്ത്യ ചരിത്രത്തിലെ രണ്ടു 'മിത്തുകളെ' ആണ് തകർത്തത്. അതിനു അദ്ദേഹം മുഖ്യമായും ഉപയോഗിച്ചതു ജനറ്റിക്സിലെ പുതിയ കണ്ടെത്തലുകളാണ്.

ചരിത്രത്തെ പുനർ വായനക്ക് വിധേയമാക്കുമ്പോൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന , ആർക്കിയോളജിക്കൽ, ഭാഷാപരം, സാഹിത്യപരം തുടങ്ങിയ തെളിവുകൾക്കു പുറമെ ജനറ്റിക്സ് കൂടി ഉപയോഗിച്ച് തുടങ്ങിയത് അടുത്തകാലത്താണ്. അതിൽത്തന്നെ വളരെ പുരാതനമായ തെളിവുകൾ കണ്ടെത്തുന്ന സാങ്കേതിക വിദ്യ വളരെ അടുത്തകാലത്താണ് വികസിച്ചത്. ഇത്തരം കണ്ടെത്തുകളാണ് ടോണി ജോസഫ് തന്റെ ചരിത്ര വായനക്ക് ഉപയുക്തമാക്കിയത്. 

70,000 കൊല്ലങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നും പുറപ്പെട്ട ഹോമോസാപ്പിയൻറെ പാരമ്പരകളാണ് ലോകം മുഴുവനും ഇന്നുള്ള മനുഷ്യർ എന്ന് എങ്ങനെ കണ്ടെത്തും ? അതിനു, ഏറ്റവും ലളിതമായിട്ടെങ്കിലും  ജനറ്റിക്സിനെക്കുറിച്ചു അൽപ്പം അറിയേണ്ടതുണ്ട്. മനുഷ്യന് ആവശ്യമായ , അഥവാ മനുഷ്യനിൽ ഉള്ള ജനറ്റിക് കോഡുകൾ എല്ലാംതന്നെ 23 ജോഡി ക്രോമോസോം ആയി നമ്മുടെ സെല്ലിനുള്ളിൽ ന്യൂക്ലിയസിനകത്തു അടുക്കി വച്ചിരിക്കുന്നു. പക്ഷെ ഒന്നുമാത്രം, മൈറ്റോകോൺഡ്രിയൽ  DNA മാത്രം (mtDNA) ന്യൂക്ലിയസിനു പുറത്തു സ്ഥിതിചെയ്യുന്നു. ഈ DNA ഓരോ മനുഷ്യന്റെയും അമ്മയുടെ പാരമ്പര്യം വഹിക്കുന്നതാണ്. പുരുഷനും mtDNA ഉണ്ട് , പക്ഷെ അതും അയാളുടെ അമ്മയിൽനിന്നും കിട്ടിയതാണ്. പുരുഷന്റെ mtDNA ഒരിക്കലും സന്തതികളിലേക്കു പകർന്നു കൊടുക്കില്ല. മുൻപ് പറഞ്ഞ 23  ജോഡി ക്രോമോസോമും mtDNA  യും ഉൾപ്പെട്ടതാണ് മനുഷ്യന്റെ ജിനോം എന്ന് വിളിക്കുന്നത്. ഈ ജീൻസ് എങ്ങനെ അടുത്തതലമുറയിലേക്കി കൊടുക്കുന്നു എന്നത് അൽപ്പം വിശദമായി പറയേണ്ടതായതുകൊണ്ടു നിറുത്തുന്നു. പക്ഷെ ഒറ്റകാര്യം മാത്രം, mtDNA അമ്മയിൽനിന്നും മാത്രം കിട്ടുന്നു എന്ന് പറഞ്ഞതുപോലെ 'Y' ക്രോമോസോം അച്ഛനില്നിന്നും ഒരാൾക്ക് ലഭിക്കുന്നു. അതായത് 'Y' ക്രോമോസോം എന്റെ അച്ഛന്റെ , അച്ഛന്റെ , അച്ഛന്റെ ....... എന്ന് നീളും. അതുപോലെ mtDNA അമ്മയുടെ, അമ്മയുടെ , അമ്മയുടെ.... എന്ന് നീളും. പക്ഷെ അതിനിടയിൽ എന്തെങ്കിലും മ്യുട്ടേഷൻ സംഭവിച്ചാൽ അതുകൂടി ഇതോടൊപ്പം കൈമാറും. അതായത് മ്യുട്ടേഷന്റെ ഒരു ചരിത്രം കൂടി ഇവക്കൊപ്പം കൈമാറും എന്നര്ദ്ധം. അതായത് ഒരു ആളുടെ , അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ചരിത്രംകൂടി ഇതിൽ  രേഖപ്പെടുത്തി വയ്ക്കും. അതിപുരാതന DNA കളിൽ നിന്ന് അങ്ങനെ അതിന്റെ ചരിത്രം കൂടി വായിക്കാം എന്ന് സാരം. 

കൊളോണിയലിസം, ഇന്ത്യചരിത്രം വായനക്ക് വിധേയമാക്കുന്നത് താരതമ്യേന നവീനകാലഘട്ടത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. അവർക്കുതന്നെ കൊളോണിയലിസ്റ് അനുഭവത്തിന്റെ പുറമെ, BC-500  നു മുൻപ് നടന്ന പേർഷ്യൻ ചക്രവർത്തിയായ ദാരിയസിന്റെ ആക്രമണം, പിന്നീടു  BC-250-ഇൽ നടന്ന അലക്‌സാണ്ടറുടെ ആക്രമണം , ഇത്തരത്തിലുള്ള ഒന്നായാണ് 'ആര്യന്മാരുടെ' വരവിനെപ്പറ്റിയുള്ള അവരുടെ സങ്കല്പം. 'ആര്യൻ ഇൻവേഷനാണ് ' അവരുടെ ചരിത്രത്തിൽ. അങ്ങനെ ആക്രമിച്ചു കടന്നുകയറിയ ആര്യന്മാർ തദ്ദേശീയരായ ദ്രാവിഡന്മാരെ തെക്കേ ഇന്ത്യയിലേക്ക് തള്ളി. അങ്ങനെ ശരീരശാസ്‌ത്രപരമായി ഒരുബന്ധവുമില്ലാത്ത രണ്ടു വർഗങ്ങൾ ആണ് ഇൻഡ്യാക്കാർ.       

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  ചരിത്രകാരന്മാരും, കൊസാംബിയെപ്പോലുള്ള ഇടതുപക്ഷ ചരിത്രകാരന്മാർ പോലും, ഈ പക്ഷക്കാർ ആയിരുന്നു. ഋഗ് വേദത്തിലെ  ഇന്ദ്രൻ, ദസ്യുക്കളെ തോൽപ്പിക്കുന്നത് ആര്യന്മാർ ദ്രാവിഡരുടെ മേൽ നേടിയ വിജയത്തിന്റെ ഓര്മയാണുപോലും.

ഇതിന്റെ നേരെ മറുവശം വേറൊരുവാദം ഉണ്ട്. മുഖ്യമായും സംഘപരിവാർ എന്ന് ഇന്ന് വിളിക്കുന്നവരാണ് ഇതിന്റെ പ്രായോക്താക്കൾ. ഗോൾവാക്കറുടെയും , സവർക്കാരുടെയും ചില വാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ വാദം. ഇവരെ സംബന്ധിച്ചേടത്തോളം ആര്യന്മാർ ഇവിടെത്തന്നെ ഉണ്ടായിരുന്നവരാണ്. ഋഗ് വേദത്തിൽ സരസ്വതി നദിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. സരസ്വതി വറ്റിവരണ്ടുപോയ ഒരു നദിയാണ്. ഈ നദിയുടെ നാശമാണ് ഹാരപ്പൻ സംസ്കാരത്തിന്റെ നാശത്തിന്റെ കാരണം എന്ന് പറയപ്പെടുന്നു. അതായത് സരസ്വതി നിലനിന്ന കാലത്തു ആര്യന്മാർ ഇവിടെ ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഹാരപ്പൻ സംസ്കാരത്തിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുകൾ ആണ് ആര്യന്മാർ. ഈ രണ്ടു മിത്തുകളെയാണ് ഇപ്പോൾ പൊളിച്ചെഴുതിയിരിക്കുന്നതു.  (തുടരും)