Thursday, 2 April 2020

സീറോ മലബാർ നസ്രാണി സംഗമം 2020 (അവസാനഭാഗം)



സിറിയൻ റിബെല്യൻ എന്ന് അറിയപ്പെടുന്ന കൂനൻ കുരിശു സത്യം നടക്കുന്നത് 1653-ഇൽ ആണ്. രണ്ടുലക്ഷം പേര് ഇതിൽ പങ്കെടുത്തു എന്നാണു അവകാശവാദം. പക്ഷെ കൃത്യമായ രേഖകൾ ഒന്നും ലഭ്യമല്ല.

1653-ഇൽ അന്ത്യോക്യയിൽ നിന്നും അഹത്തള്ള (മാർ ഇഗ്നാത്തിയോസ്) എന്നൊരു മെത്രാൻ മൈലാപ്പൂരിൽ വന്നു. ചെങ്ങന്നൂർ ഇട്ടിത്തൊമ്മൻ ചെമ്മാശ്ശനും കുറവിലങ്ങാട് കുര്യൻ ശെമ്മാശ്ശനും മൈലാപ്പൂരിൽ ചെന്ന് അദ്ദേഹത്തെ കണ്ട് മലങ്കര സഭയുടെ യഥാർത്ഥ സ്ഥിതി അറിയിച്ചു. അന്ന് ഉണ്ടായിരുന്ന ആർക്കാഡിയോക്കാനെ മെത്രാനായി നിയമിച്ചു ഭരണം നടത്തുന്നതിനുള്ള കൽപ്പന, അഹത്തള്ളമെത്രാൻ ഈ ശമ്മാശ്ശന്മാർ വഴി കൊടുത്തു വിട്ടു. കൽപ്പന കയ്യിൽ കിട്ടിയ ആർക്കാഡിയോക്കൻ ജനങ്ങളുടെ ഒരു യോഗം വിളിച്ചുചേർത്തു. അപ്പോഴേക്കും അഹത്തള്ള മെത്രാനെ  പറങ്കികൾ അറസ്റ്റുചെയ്തു കൊച്ചിയിൽ കൊണ്ടുവന്നു. വിവരമറിഞ്ഞ ജനങ്ങൾ കൊച്ചി രാജാവിനെ കണ്ട് അഹത്തള്ളയെ വിടുവിക്കാൻ കല്പനകൊടുക്കണമെന്നു അപേക്ഷിച്ചു. പറങ്കികൾ നല്ലൊരു തുക രാജാവിന് കൈക്കൂലി കുടുത്തു (30,000  പണം) രാജാവിനെ പാട്ടിലാക്കി. തുടർന്ന് അഹത്തള്ളയെ കഴുത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി.

നസ്രാണികളുടെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ജനങ്ങൾ ക്ഷോഭിച്ചു മട്ടാഞ്ചേരിപ്പള്ളിയിലെ  ഒരുകുരിശ്ശിൽ കയർ കെട്ടി അതിൽ പിടിച്ചു 'മത കൊളോണിയലിസത്തിനെതിരെ' പ്രതിജ്ഞയെടുത്തു. തങ്ങളുടെ ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്താൻ ആവില്ലെന്ന് പതിനായിരങ്ങൾ ഒരുമിച്ചു പ്രതിജ്ഞ ചെയ്തു. അവരുടെ പ്രതിജ്ഞയെ അഭിവാദ്യം ചെയ്യാനെന്നപോലെ കുരിശ്ശ് അൽപ്പം വളഞ്ഞു. ഈ  കൂനിയ കുരിശ്ശ് അവരുടെ പ്രതിജ്ഞയുടെ വികാരമായി നിന്നു. ഇതാണ് ചരിത്രത്തിലെ കൂനൻ കുരിശ്ശ് സത്യം. 1563 ജനുവരി മൂന്നിനായിരുന്നു ഈ ചരിത്ര മുഹൂർത്തം അത് ഒരു മതത്തിന്റെ ആഭ്യന്തരപ്രശ്നം മാത്രമായിരുന്നില്ല. ഒരുപക്ഷെ, കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര പ്രഖ്യാപനം കൂടിയായിരുന്നു.

പിന്നീട് തോമാ ആർക്കാഡിയക്കനേ മെത്രാനായി ഉയർത്തുകയും അദ്ദേഹത്തെ സഹായിക്കാൻ കടമറ്റത്തു കടവിൽ ചാണ്ടി, കല്ലിശ്ശേരിൽ ഇട്ടിത്തൊമ്മൻ, വേങ്ങൂർ ഗീവർഗീസ്, പള്ളിവീട്ടിൽ പറമ്പിൽ ചാണ്ടി എന്നീ കത്തനാന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

1680-ഇൽ ജോസഫ് എന്ന് പേരുള്ള ഒരു കര്മലീത്താമെത്രാൻ റോമിൽനിന്നും ഇവിടെ വന്നു. ആർക്കാഡിയോക്കാന്റെ സഹായി ആയിരുന്ന കടവിൽ ചാണ്ടി കത്തനാരും വേറെ കുറെപേരും ജോസഫ് മെത്രാന്റെ കൂടെ ചേർന്ന് വടക്കുംകൂർ രാജാവിന് കൈക്കൂലികൊടുത്തു അദ്ദേഹത്തിന്റെ സഹായം സമ്പാദിച്ചു. ജോസഫ് മെത്രാൻ, ആർക്കാഡിയോക്കാന്റെ സഹായി ആയിരുന്ന   ചാണ്ടിക്കത്തനാരെ മെത്രാനായി വാഴിച്ചു. അതോടുകൂടി നസ്രാണികൾ 'പുത്തൻകൂർ', 'പഴയകൂർ'  എന്ന് രണ്ടായി പിരിഞ്ഞു. നാടകീയ സംഭവങ്ങൾ പിന്നെയും തുടർന്നു. പുത്തൻകൂറ്റുകാരും പഴയ കൂറ്റുകാരും പള്ളി പിടിക്കാനുള്ള മത്സരം നടന്നു.

രണ്ടു പക്ഷത്തിന്റെയും പേരുകൾ ചരിത്രപരമായി പറഞ്ഞാൽ അത്ര ശരിയല്ല,  കാരണം , പറങ്കികൾ ഇവിടെവന്നതിനു ശഷം  ഉണ്ടായ കത്തോലിക്കാ സഭയെ എങ്ങനെ പഴയകൂർ എന്ന് വിളിക്കും ? അതുപോലെതന്നെ മറുപക്ഷം അന്ത്യോഖ്യ പക്ഷത്തുചേർന്നു യാക്കോബായക്കാർ ആയതോടെ അവരും പഴയ പാരമ്പര്യത്തിൽ നിന്നും മാറി. പാശ്ചാത്യ സുറിയാനി പാരമ്പര്യമാണ് അന്ത്യോക്ക്യായുടെത്. ബാബിലോണിയയിലെ പൗരസ്ത്യ സുറിയാനി കല്ദായപാരമ്പര്യം എന്ന നസ്രാണികളുടെ യാഥാർഥ്യ പാരമ്പര്യം അപ്പോഴേക്കും വിസ്മൃതിയിലേക്ക് തള്ളപ്പെട്ടിരുന്നു.

ഇനി നമുക്ക് തുടക്കത്തിലേക്കു മടങ്ങാം. സീറോ മലബാറിലെ 'നസ്രാണികളുടെ' ഒരു 'മഹാസംഗമം' നടത്തുന്നതിന്റെ ഒരു പ്രഖ്യാപനത്തിൽ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. 'നശിച്ചുപോകുന്നു സമുദായ ബോധ' ത്തിന്റെ പശ്ചാത്തലത്തിൽ നടത്താനുദ്ദേശിക്കുന്ന ഈ സമ്മേളനം, എന്നാൽ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌.

'സീറോ മലബാർ നസ്രാണി സംഗമം 2020' ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ഏതു പാരമ്പര്യമാണ് ?

പലപ്രാവശ്യം അടിവരയിട്ടു പറഞ്ഞ 'സമുദായ ബോധം' എന്നത് ഏതു സമുദായത്തിന്റെ ബോധമാണ് ?

കേരളം സമൂഹത്തിനും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ നസ്രാണി സമൂഹത്തിന് പുതിയ എന്ത് സമുദായ ബോധമാണ് നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ?

അത്തരം ഒരു ആവശ്യകത ഉണ്ടാക്കുന്ന എന്ത് സാമൂഹ്യ പശ്ചാത്തലമാണ് ഇപ്പോൾ പുതിയതായി ഇവിടെ ഉണ്ടായത് ?

സീറോ മലബാർ നസ്രാണി സംഗമം 2020 (VI)



കേരളത്തിൽ കണ്ടെടുക്കപ്പെട്ട പുരാതന കുരിശുകൾ മാനിക്കേയൻ കുരിശുകൾ ആണെന്ന ആശയം അവതരിപ്പിച്ചത്ചരിത്രകാരനായ  ബർണൽ ആണ്. കേരളത്തിലെ ആദ്യകാല കൃസ്ത്യാനികൾ മാനിക്കേയർ ആണെന്നും, പിന്നീട് വന്ന പേർഷ്യക്കാർ ആയ നെസ്തോറിയൻ ക്രിസ്ത്യാനികൾ മാനിക്കേയരെ മതം മാറ്റുകയും കുരിശ്ശ് ക്രിസ്തുമത ചിഹ്നമായി മാറ്റുകയുമായിരുന്നെന്നാണ് ചരിത്രകാരനായ ബര്ണല്ന്റെ അഭിപ്രായം.

ആരാണ് ഈ മാനിക്കേയർ?

പാർഥിയൻ സാമ്രാജ്യത്തിൽപെട്ട സെലൂഷ്യയിൽ (ഇന്ന് ഇറാക്കിലെ അൽ-മദിന്) AD-216-ഇൽ മാനി (മാണി) ജനിച്ചു. മാനിയുടെ മാതാപിതാക്കൾ യഹൂദ കൃസ്ത്യാനികൾ ആയിരുന്നു.  ബുദ്ധന്റെയും, സൗരാഷ്ട്രരുടെയും , യേശുവിന്റെയും പ്രവർത്തനങ്ങൾ അപൂര്ണമാണെന്നും അവയുടെ പൂർണമായ നിറവേറ്റലിനുവേണ്ടി ജനിച്ച ഒരു പ്രവാചകനാണ് താനെന്നും മാനി വിശ്വസിച്ചു. 12  വയസ്സിലും   24  വയസ്സിലും അദ്ദേഹത്തിന് ദൈവത്തിന്റെ വെളിപാടുകൾ ലഭിച്ചു എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ വിശ്വസിച്ചിരുന്നു.

മാനിക്കേയൻ മതത്തിലെ യേശുവിനു മൂന്നു രൂപങ്ങളാണ് (1)  പ്രഭയുടെ യേശു (Jesus  of  the Luminous ) (2) രക്ഷകനായ യേശു (Jesus  of  the suffering ) (3) പീഡാനുഭവത്തിന്റെ യേശു (Suffering  Jesus) മാനിക്കേയൻ  യേശുവിന് അൽപ്പം പോലും മനുഷ്യഭാവം ഇല്ല, അദ്ദേഹം പൂർണമായും ദൈവീകഭാവത്തിലാണ്. പക്ഷെ യേശു കുരിശുമരണത്തെ അഭിമുഖീകരിച്ചപ്പോൾ 'കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നും അകറ്റിക്കളയണമേ' എന്ന് പിതാവിനോട് പ്രാർഥിച്ചു. പിതാവ് ആ പ്രാർഥനാകേട്ടു, യേശുവിനെ കുരിശ്ശിൽ നിന്നും രക്ഷിച്ചു. അവിടെനിന്നും പോയ യേശു കുറച്ചുനാൾ തന്റെ ശിഷ്യരോടൊത്തു ജീവിച്ചശേഷം പിതാവിന്റെ അടുക്കലേക്കു തിരിച്ചു പോവുകയും ചെയ്തു. എന്നാൽ ക്രിസ്തു അപൂര്ണമായി വിട്ടുപോയ ആ കൃത്യം പൂർത്തീകരിക്കേണ്ടിയിരുന്നു. അതിനായി ദൈവം അയച്ച മനുഷ്യാവതാരമാണ് മാനിയെന്നു അദ്ദേഹത്തിന്റെ ശിഷ്യന്മാർ വിശ്വസിച്ചു. ബുദ്ധന്റെയും, കൃഷ്ണന്റെയും, സൗരാഷ്ട്രരുടെയും എല്ലാം അംശങ്ങളും മാനിയിൽ ലയിച്ചിരുന്നു. കുരിശിന്റെ ആകൃതിയിലുള്ള ഒരു മരത്തടിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചാണ് അദ്ദേഹത്തെ വധിച്ചതെന്നും അങ്ങനെ കുരിശുമരണം പൂർത്തീകരിച്ചു എന്നും അദ്ദേഹത്തിന്റെ മത അനുയായികൾ വിശ്വസിച്ചു.  

മാനിക്കേയൻ  മതം അതിവേഗം കിഴക്കോട്ടും പടിഞ്ഞാറോട്ടും വളർന്നു വികസിച്ചു. AD-280-ഇൽ മതം റോമിൽ എത്തി. പോപ്പ് മിൽത്തിയാദിന്റെ കാലത്തു (AD, 312 ) റോമിൽ മാനിക്കേയൻ ആശ്രമങ്ങൾ നിലനിന്നിരുന്നു. ഈജിപ്ത്, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളിലും ഇതിനു നല്ല സ്വാധീനം ഉണ്ടായിരുന്നു.  വി. അഗസ്റ്റിൻ ഓഫ് ഹിപ്പോ (AD, 354-430 ) മാനിക്കേയൻ മതത്തിൽ നിന്നും റോമൻ കത്തോലിക്കാ സഭയിലേക്കു മതം മാറിയ ആളാണ്.  382-ഇൽ തിയോഡോസിയൂസ് ചക്രവർത്തി കൃസ്തുമതം മാത്രമാണ് റോമൻ സാമ്രാജ്യത്തിലെ മതമെന്നും എല്ലാ മാനിക്കേയൻ സന്യാസിമാർക്കും വധശിക്ഷയായിരിക്കും ശിക്ഷ എന്നും വിളംബരം പുറപ്പെടുവിച്ചു. തുടർന്ന് നടന്ന ക്രൂരമായ മതപീഡനം മാനിക്കേയൻ മതത്തെ പടിഞ്ഞാറൻ യൂറോപ്പില്നിന്നും തുടച്ചു നീക്കി.

മാനിയുടെ ശിഷ്യന്മാർ മിഷനറിമാരായി വിവിധരാജ്യങ്ങളിലേക്കു പോയി. അവർ ഇന്ത്യയിലും എത്തി , കേരളത്തിലും എത്തി എന്നാണു ഇപ്പോൾ കരുതപ്പെടുന്നത്. കൃസ്തുമതം കുരിശിനെ ആരാധിക്കാൻ തുടങ്ങുന്നതിനു മുൻപേ മാനിക്കേയർ കുരിശിനെ പ്രതീകമായി സ്വീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമുണ്ടായ പള്ളികളും പുരോഹിതരും മാനിക്കേയൻ   മതക്കാരുടേതാണെന്നു  കരുതുന്നവർ ഉണ്ട്. അവരുടെ പുരോഹിതരെ കത്തനാരന്മാർ എന്നാണു വിളിച്ചിരുന്നതെന്നും , വെളുത്ത നീണ്ട കുപ്പായം അവരുടേതാണെന്നും പ്രൊഫ്. പി ടി ചാക്കോ , ജോസഫ് പുലിക്കുന്നേൽ എന്നിവർ വിശദീകരിക്കുന്നു. പ്രസിദ്ധ മാന്ത്രികൻ കടമറ്റത്തു കത്തനാർ ഒരു മാനിക്കേയൻ പുരോഹിതൻ ആയിരിക്കണമെന്നുള്ള നിഗമനവും ഇവർ അവതരിപ്പിക്കുന്നു.

മാനിയുടെ ശിഷ്യനായ ഒരു തോമ കേരളത്തിൽ എത്തിയെന്നും മാനിക്കേയൻ മതം പ്രചരിപ്പിച്ചെന്നും ഒരു അഭിപ്രായം ഉണ്ട്. ഈ തോമയെക്കുറിച്ചുള്ള ഓർമകൾ പിൽക്കാലത്ത് യേശു ശിഷ്യനായ തോമയുമായി കൂട്ടിക്കുഴച്ചതാണെന്നും ഒരു വാദഗതി ഉണ്ട്. ഇതൊന്നും പരിപൂർണമായി സ്വീകരിക്കാനും, തള്ളിക്കളയാനുമുള്ള ഒരു തെളിവും ലഭ്യമല്ല എന്നതാണ് വസ്തുത

സീറോ മലബാർ നസ്രാണി സംഗമം 2020 (V)




ഇന്ന്,റോമിനെയും ഉദയംപേരൂർ സൂനഹദോസിനെയും ന്യായീകരിക്കുന്നവർ ചോദിക്കുന്ന, ന്യായമെന്ന് തോന്നാവുന്ന ചില ചോദ്യങ്ങൾ ഉണ്ട് അതുകൂടി ഇവിടെ ചർച്ചചെയ്യപ്പെടേണ്ടതാണ്.

1. സൂനഹദോസിനു മുൻപുതന്നെ നസ്രാണികൾ പോപ്പിന്റെ കീഴിൽ ആയിരുന്നില്ലേ ? 

2. അനാചാരങ്ങളിൽ നിന്നും നസ്രാണികളെ ഉദ്ധരിക്കുകയായിരുന്നില്ലേ സൂനഹദോസിന്റെ ലക്‌ഷ്യം ?

കത്തോലിക്കാ സഭക്ക് പുറത്തുണ്ടായിരുന്ന മതങ്ങളെയെല്ലാം ജീവനോടെ കത്തിച്ചു ദൈവത്തിന്റെ അടുക്കൽ വിട്ടായിരുന്നു , നൂറ്റാണ്ടുകളായി റോമൻ സഭ ഇത്തരം കാര്യങ്ങളിൽ പരിഹാരം കണ്ടിരുന്നത്. ഭാഗ്യം കൊണ്ട് നസ്രാണികൾക്കു അങ്ങനെ ഒരു അവസ്ഥ ഉണ്ടായില്ല.

മേൽ ഉദ്ധരിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഉദയം പേരൂർ സൂനഹദോസിന്റെ തീരുമാനങ്ങളായ "കാനോനികൾ" തന്നെ മറുപടി പറയുന്നത് കഴിഞ്ഞ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. അതായത്, മുൻപ് ഉദ്ദരിച്ച കാനോനികളിൽകൂടി സഞ്ചരിച്ചാൽ മലങ്കര നസ്രാണികൾ അന്നൊന്നും പാപ്പയുടെ കീഴിൽ ആയിരുന്നില്ല എന്ന് മനസ്സിലാക്കാം.

അതുമാത്രമോ? 1601, മേയിൽ ക്ലെമെന്റ് എട്ടാമൻ തന്റെ Arm XLIV TOM 45 F.131 എന്ന നമ്പറിലെ കൽപ്പന വഴി സൂനഹദോസിനെ അംഗീകരിച്ചിട്ടുമുണ്ട്.

"ആത്മരക്ഷക്കു നിങ്ങൾ കൃസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടതുകൊണ്ടു മാത്രമായില്ല.....ദൃശ്യതലവനായ റോമാപാപ്പായുടെ കീഴിൽ ആയിരിക്കേണ്ടതാവശ്യമാണ്.....

ഇടയാനില്ലാത്ത ആടുകളെപ്പോലെ നിങ്ങൾ മുൻപ് അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ നിങ്ങൾ സാത്താന്റെ വഞ്ചനമൂലം നിങ്ങളുടെ ഇടയിൽ അപായകരമായ ചില തെറ്റുകൾ വിതക്കപ്പെട്ടു. സൂനഹദോസിൽ വച്ച് നൊസ്‌തോറിയോസിന്റെ തെറ്റുകൾ നിങ്ങൾ ഏകാഭിപ്രായത്തിൽ ഉപേക്ഷിക്കുകയും അവയെ ശപിക്കുകയും ചെയ്തതായി അറിയുന്നതിൽ വളരെ സന്തോഷിക്കുന്നു. ഇതിനേക്കാൾ വളരെ പ്രാധാന്യമർഹിക്കുന്നു, നിങ്ങൾ റോമാപാപ്പയെ വിശ്വാസികളുടെ പിതാവും ആകമാന സഭയുടെ തലവനുമായി അംഗീകരിക്കുകയും പരസ്യമായി സ്വീകരിക്കുകയും ചെയ്തത് " 

1321-23  കാലത്തു റോമൻ സഭയുടെ പ്രതിനിധിയായി ജോർഡാനസ് എന്ന ഡൊമിനിക്കൻ സന്യാസി ഇന്ത്യയിൽ എത്തുന്നുണ്ട്. താൻ ഇവിടെ മുന്നൂറു പേരെ സ്നാനപ്പെടുത്തിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ജോർഡാനസ് വീണ്ടും 1330-ഇൽ ഇന്ത്യയിൽ എത്തുന്നുണ്ട്. അപ്പോൾ അദ്ദേഹത്തെ നസ്രാണികളുടെ ബിഷപ്പായി നിയമിച്ചുകൊണ്ട് ജോൺ ഇരുപത്തിരണ്ടാമൻ മാർപ്പാപ്പയുടെ ഒരു കൽപ്പനയുമായാണ് വന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ജോർഡാനസ് ഈ കത്തുമായി (കേരളത്തിൽ) നസ്രാണികളുടെ അടുത്ത് എത്തിയോ എന്ന് വ്യക്തമല്ല. എന്തായാലും നസ്രാണികൾക്കുമേൽ റോമൻ സഭ ഉന്നയിച്ച ആദ്യത്തെ അവകാശവാദമായാണ് ഇത് കണക്കാക്കപ്പെടുന്നത്.   


എന്നാൽ, ഒരു നൂറ്റാണ്ടിനു ശേഷം ഇവിടെയെത്തിയ നിക്കോളാസ് കോണ്ടി എന്ന യൂറോപ്യൻ സഞ്ചാരി ഇവിടെ കണ്ടത് പേർഷ്യൻ സഭ കൊണ്ടുവന്ന നെസ്തോറിയൻ വിശ്വാസക്കാരായ ക്രിസ്ത്യാനികളെയാണ്. 1444-ലാണ്  25  വർഷത്തെ സാഹസിക സഞ്ചാരത്തിനുശേഷം അദ്ദേഹം യൂറോപ്പിൽ തിരിച്ചെത്തുന്നത്.

ആധുനിക അർഥത്തിലുള്ള മതമെന്ന സങ്കല്പമോ മതബോധമോ ഇല്ലാതിരുന്ന കാലത്താണ്  ക്രിസ്തുവിശ്വാസം ഇവിടെ എത്തുന്നത്. ആദിമ നിവാസികളുടെ ആരാധനാരീതിയോ, ദ്രാവിഡ രീതിയോ ഒന്നും വേറിട്ടൊരു മതം എന്ന അർദ്ധം സൃഷ്ടിച്ചിരുന്നില്ല. ആദ്യ നൂറ്റാണ്ടുകളിൽ ഇവിടെ ഉണ്ടായിരുന്ന ജൈന-ബുദ്ധ സംസ്കാരവും ഒരു ജീവിത രീതിക്കപ്പുറം മതമെന്ന വേർതിരിവുകൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല. പിന്നീട് ജാതികളായി സമൂഹം വേർതിരിയുന്ന പ്രക്രിയയിൽ അതിൽ ഒരു ജാതി ആയിത്തന്നെ കൃസ്ത്യാനികളും തങ്ങളെ സ്വയം കണ്ടു, സമൂഹവും അങ്ങനെതന്നെ അതിനെ സ്വീകരിച്ചു. 'ജാതിക്ക് കർത്തവ്യൻ' ആയിരുന്നല്ലോ അവരുടെ സമുദായ നേതാവിന്റെ പേര്. 

പത്താം നൂറ്റാണ്ടോടെ കടൽമാർഗമുള്ള കച്ചവടത്തിൽ ക്രിസ്ത്യാനികൾക്ക് നിർണായക സ്വാധീനം ഉണ്ടായി. മാർ സാപ്പോ എന്ന പാതിരി കൊല്ലം പട്ടണം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കൊല്ലം ക്രിസ്ത്യാനികളുടെ ഒരു പ്രധാന കേന്ദ്രമായി വളർന്നു. കേരളതീരത്തെ ക്രിസ്ത്യാനികളുടെ സ്വാധീനം യൂറോപ്പിൽ കേരളം കൃസ്ത്യാനികളുടെ രാജ്യം ആണ് എന്നൊരു തെറ്റിധാരണ വരെ പടരാൻ ഇടയാക്കി. കൃസ്ത്യാനികളുടെ രാജ്യം എന്ന ധാരണയിലാണ് യഥാർത്ഥത്തിൽ വാസ്‌കോഡിഗാമ കേരളത്തിൽ കാലുകുത്തുന്നത്. കന്യകാമറിയത്തിന്റെ ദേവാലയം ആണെന്ന് കരുതി ഗാമ ഒരു ദേവി ക്ഷേത്രത്തിൽ കയറി പ്രാർഥിച്ചു എന്ന് പോലും ഒരു കഥയുണ്ട്.  

കോഴിക്കോടിനെക്കുറിച്ചുള്ള വിശദീകരണത്തിൽ 'കൃസ്ത്യാനികളുടെ രാജ്യം' എന്നാണു ഗാമ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിന്റെ ഈ തെറ്റിധാരണ തിരുത്തിയത് പിന്നീട് വന്ന കബ്രാൾ ആണ്. ഇൻഡ്യാക്കാർ 'വിഗ്രഹാരാധകർ' ആണെന്ന് ആദ്യമായി യൂറോപ്പിൽ അറിയിച്ചത് കബ്രാൾ ആണെന്ന് ചരിത്രകാരനായ വിങ്ക് (Wink 2003) രേഖപ്പെടുത്തുന്നു. രാജ്യം ഭരിക്കുന്ന 'അയ്യനടികൾ തിരുവടികൾ' ഈ പേർഷ്യൻ കൃസ്ത്യാനികളെ പല ഉപഹാരങ്ങളും നൽകി ആദരിച്ചിരുന്നു. 

'മണിഗ്രാമം' ആയിരുന്നു പ്രാചീന നസ്രാണികളുടെ മറ്റൊരു പ്രധാന കേന്ദ്രം. മണിഗ്രാമം എന്നത് ഇന്നും തർക്ക വിഷയമായ ഒരു സംഗതിയാണ്. പള്ളികളും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങളും സംരക്ഷിക്കുന്ന ചുമതല വരെ മണിഗ്രാമത്തിനു നൽകിയിരുന്നു എന്ന് K N ഡാനിയേൽ എന്ന ചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു. (Daniel, 1924). ഇതുപോലെ 72  അവകാശങ്ങൾ മണിഗ്രാമത്തിനു നൽകിയിരുന്നു. 'ഇരവികോത്തൻ ചെപ്പേട്' (Tanu Iravi  Copper  plate ) ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മണിഗ്രാമം എന്നത് ഇരവി കൊത്തൻ ചെപ്പേടിലെ ഒരു പ്രയോഗമാണ്.

"ശ്രീ ഭൂപാല നരപതി, ശ്രീ വീര കേരള ചക്രവർത്തി മുതൽ മുറ മുറയായി പല നൂറായിരത്താണ്ടു ചെങ്കോൽ നടത്തി വരുന്ന വീര രാഘവ ചക്രവർത്തിക്ക് ശ്രേഷ്ട രാജത്വം നടക്കുന്ന മകരവ്യാഴം, മീനമാസം ഇരുപത്തിഒന്നാം തിയതി ശനിയാഴ്ച രോഹിണിനാൾ പെരുംകൊയിലകത്തു ഇരുന്നരുളി മകോതൈയ്യർ പട്ടണത്ത് ഇരവികോർത്തനായ ചേരമാൻ ലോക പെരുംചെട്ടിക്കു മണിഗ്രാമ പട്ടം നാം കൊടുത്തിരിക്കുന്നു "

ഇരവികോർത്തൻ ചെപ്പേടിന്റെ ആദ്യ പാരഗ്രാഫിന്റെ തർജ്ജമയാണിത്. ഇതിലെ "മണിഗ്രാമപട്ടമാണ്" ചർച്ചാവിഷയം. ഈ ചെപ്പേട് ആര്, ആർക്ക് , എന്ന് , എന്തിന് കൊടുത്തു ? ഇതിലെ ഇരവി കോത്തൻ ആര് ? വീര രാഘവൻ ആര് ? മണിഗ്രാമ പട്ടം എന്നാൽ എന്ത് എന്നൊക്കെ വിവിധ പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്  ഇപ്പോഴും വ്യത്യസ്ത അഭിപ്രായത്തിൽ ആണുതാനും. K N ഡാനിയേൽ, Mr. ബർണൽ , ഇളംകുളം കുഞ്ഞൻ പിള്ള, K N പണിക്കർ തുടങ്ങിയവരെല്ലാം ഇതേപ്പറ്റി വിവിധ അഭിപ്രായവും പറഞ്ഞിട്ടുണ്ട്. എന്തായാലും ഈ ചെപ്പേട് നസ്രാണികളുടെ കയ്യിൽ കാലാകാലമായി ഇരിക്കുന്നതുകൊണ്ടു ഒരു നസ്രാണിക്കു കൊടുത്തതാവാം എന്നും പെരുമ്പടപ്പ് സ്വരൂപത്തിലെ ഏതോ രാജാവാണ് നൽകിയതെന്നും കരുതുന്നു. കാലം AD 230 ആണെന്നും അല്ലെന്നും വാദങ്ങൾ നിലനിൽക്കുന്നു.

പറങ്കികളുടെ വരവ് ഈ സമൂഹത്തിൽ പിളർപ്പുകൾ ഉണ്ടാക്കി. പുത്തൻകൂറ്റുകാരും, പഴയകൂറ്റുകാരും, അതായത് കത്തോലിക്കരും യാക്കോബായക്കാരും ,  മാർത്തോമ്മാക്കാരും ഉണ്ടായി. പിന്നീടങ്ങോട്ട് മെത്രാൻ കക്ഷി, ബാവാകക്ഷി തുടങ്ങി അസംഖ്യം പിരിവുകൾ ഉണ്ടായി. ഓരോരുത്തർക്കും അവരുടേതായ ചരിത്ര നിര്മിതി വഴി അവരവരുടെ ആചാരവിശ്വാസങ്ങളെ വർത്തമാനകാലവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.