Wednesday, 5 September 2018

ബൈബിളിന്റെ ജീവചരിത്രം (1)



ഊർ എന്ന മെസ്സപ്പൊട്ടാമിയ പ്രദേശത്തുനിന്നും വന്ന അബ്രാഹം എന്ന ഒരു ഗോത്ര നേതാവിന്റെ വംശ ചരിത്രമാണ് യഥാർഥത്തിൽ പഴയനിയമം എന്ന് പറയുന്നത്. മോസ്സസ്സിന്റേതെന്നു വിശ്വസിക്കപ്പെടുന്ന അഞ്ചു ഗ്രന്ഥങ്ങളാണ് അവ (ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം). യഹൂദരുടെ 'തോറ' ആണ് ഈ പഞ്ച ഗ്രന്ഥങ്ങൾ. പ്രതികാരവും, പ്രവാസവും, യുദ്ധവും ഭൂമി വീണ്ടെടുക്കലും, അസഹ്ഷ്ണുവായ ഒരു ദേവനൊടുള്ള ഭയവും എല്ലാം ഇഴചേർന്നുള്ള, ഒരു ഗോത്ര ജനതയുടെ മനസ്സിന്റെ പ്രതിഫലനമാണ് പഴയനിയമത്തിലുള്ളത്. ഇവിടെ യഹോവ ക്രൂരനും അസഹ്ഷ്ണുവുമായ ഒരു യുദ്ധ ദേവനാണ്. മരുഭൂമിയിൽ ഉഴലുന്ന ജനതയുടെ ദേവനാണ് യഹോവ, തന്റെ ജനതയുടെ ശത്രുക്കളെ നിഷ്ക്കരുണം കൊല്ലുന്ന യുദ്ധദേവൻ. തന്നെ ആരാധിക്കാത്തവരെ ക്രൂരമായി നശിപ്പിക്കുന്നു. ആരാധിക്കുന്നവരാണെങ്കിലും അൽപ്പം അമാന്തം കാട്ടിയാൽ കടുത്ത ശിക്ഷ നൽകുന്ന ദേവൻ.

ചരിത്രത്തിൽ, യേശുവിന്റെ ദൈവം ഈ യഹോവയാണ്. യേശു ദൈവപുത്രൻ ആയപ്പോൾ യഹോവ പിതാവായ ദൈവമായി മാറി. എന്നാൽ ക്രൂരനും പ്രതികാര ദാഹിയുമായ യഹോവയിൽനിന്നും കരുണയുടെ ഉറവിടമായ യേശുവിലേക്കുള്ള പരിണാമം, ചരിത്രപരമായ ഒരു വിശകലനത്തിന് ആരെങ്കിലും മുതിർന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. 

ആദിമ ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിൽ ബുദ്ധമതത്തിന്റെ ശക്ത്തമായ സ്വാധീനം കാണുന്നവരുണ്ട്. യേശു ഇന്ത്യയിൽ വന്ന് ഇവിടെ പഠനം നടത്തി, ഒരു ബുദ്ധമത വിശ്വാസിയായി തിരികെ പോയെന്നും, കുരിശിൽ നിന്നും രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിൽ (കാശ്മീരിൽ) വന്ന് ഹീനയാന ബുദ്ധിസത്തിന് നേതൃത്വം നൽകിയെന്നും കരുതുന്ന ധാരാളം പണ്ഡിതന്മാർ ഉണ്ട്. അതല്ല, അശോകന്റെ കാലത്ത് ധാരാളം ബുദ്ധമത മിഷനറിമാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പോയെന്നും അവരുടെ സ്വാധീനത്തിൽ ആദിമ കൃസ്തുമതം ഉരുത്തിരിഞ്ഞര്ന്നും  ഒരു അഭിപ്രായം ഉണ്ട്. 

എന്നാൽ ഈജിപ്ത്തിലെ നാഗ് ഹമാദിയിൽനിന്നും 1945-ഇൽ ലഭിച്ച രേഖകൾ മറ്റു ചില സൂചനകൾ നൽകുന്നുണ്ട്. നാഗ്ഹമാദി ഗ്രന്ഥശേഖരത്തിലെ രചനകൾ ഓരോന്നും ജ്ഞാനാന്വേഷണത്തിന്റെ വഴികളാണ് തിരയുന്നത്. നമ്മുടെ ഉപനിഷത്തുക്കൾ അന്വേഷിക്കുന്നതുപോലെ, ഭാഷയും ഏതാണ്ട് അതുപോലെ. ക്രി. മു. 150-നും 50-നും ഇടയിലായിരിക്കണം ഇവയിൽ പലതും എഴുതപ്പെട്ടതെന്നു കരുതുന്നു. Gnosis അധവാ  ജ്ഞാനവാദ ചിന്തകളിൽ ആത്മജ്ഞാനത്തെയും അനുഭവത്തിലൂടെ ആർജ്ജിക്കപ്പെടുന്ന അഹം ബോധത്തെയുമാണ് പ്രതിഭലിപ്പിക്കപ്പെടുന്നത്. കാനോനീയ ബൈബിളുകളിൽപെടാത്ത, തോമസിന്റെ സുവിശേഷം, ഫിലിപ്പോസിന്റെ സുവിശേഷം, മഗ്ദലന മറിയത്തിന്റെ സുവിശേഷം എന്നിവയെല്ലാം ഇതിൽ പെടും.

ജ്ഞാനവാദം ഏകശിലാ രൂപത്തിലുള്ള ചിന്തകളായിരുന്നില്ല. ബഹുസ്വരതയായിരുന്നു അതിന്റെ പ്രത്യേകത. പ്രാചീന ഇന്ത്യൻ ചിന്തകളിൽ  കാണുന്നതുപോലുള്ള ബഹുസ്വരത. നാഗ് ഹമാദി കണ്ടെത്തലുകൾക്കുമുന്പ് ,ഈ ആദിമ കൃസ്ത്യൻ പാരമ്പര്യത്തെ എതിർത്തവരിലൂടെയായിരുന്നു നാം അവരെപ്പറ്റി അറിഞ്ഞിരുന്നത്. അതിൽ പ്രധാനം,  ആദിമസഭാ പിതാക്കളിൽ ഒരാളായിരുന്ന ഈരേണിയുസ്-ന്റെ രചനകളാണ്. ജ്ഞാനവാദം എന്നത് ക്രിസ്തുമതത്തോടൊപ്പം ഉത്ഭവിച്ചതാണോ, അതോ അതിനു മുൻപ് ഉണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ തുടർച്ചയാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഇപ്പോഴും അഭ്പ്രായ ഭിന്നത നിലനിൽക്കുന്നു.  

Wednesday, 14 March 2018

വിട , പ്രിയപ്പെട്ട സ്റ്റീഫൻ ഹാവ്കിങ്




സ്റ്റീഫൻ ഹാവ്‌കിങ്, ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും വലിയ തിയറിട്ടിക്കൽ ഫിസിസ്റ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏതാണ്ട് മുപ്പതു കൊല്ലം 'ലുക്കേഷ്യൻ പ്രൊഫസർ ഫോർ മാത്തമാറ്റിക്കസ്' എന്ന പദവി അലങ്കരിച്ചു. അദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പുസ്തകം ആഗോള പ്രസിദ്ധമാണ്.

മറ്റു കൃതികൾ"

1. Black holes and baby universe and other essays
2. The universe in a nutshell
3. The grand Design
4. Theory of everything
5. My Brief history

    കുട്ടികൾക്കുവേണ്ടി 

1. George's secret key to universe
2. George's Cosmic treasure hunt
3. George and the Big Bang
4. George and the unbreakable code
5. George and the space prospectors  

'My brief History' എന്ന Autobiography-ഇൽ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങളുടെ ഒരു സ്വതന്ത്ര പരിഭാഷ താഴെ കൊടുക്കുന്നു. ബാക്കി ചരിത്രമാണ്. അതുകൊണ്ടു അവിടെവച്ചു നിർത്തുന്നു. 
  
"എന്റെ അച്ഛന്റെ കുടുംബം ഇംഗ്ലണ്ട്-ലെ യോർക്ക് ഷെയറിലുള്ള വലിയൊരു കർഷക കുടുംബമായിരുന്നു. അച്ഛന്റെ വല്യച്ഛൻ ജോൺ ഹാവ്‌കിങ്‌ വലിയൊരു കാർഷിക ഫാമിന്റെ ഉടമയായിരുന്നു. എന്റെ അച്ഛന്റെ അച്ഛൻ  റോബർട്ട് ഹവിക്കിങ്ങിനും  അദ്ദേഹത്തെ സഹായിക്കുകയായിരുന്നു ജോലി. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇംഗ്ലീണ്ടിൽ ഉണ്ടായ കാര്ഷികോത്പാദന തകർച്ചയിൽ അവർ മിക്കവാറും പാപ്പരായിപ്പോയി. എന്റെ വല്യമ്മക്കു സ്വന്തമായി ഉണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽ അവർ നടത്തിയിരുന്ന ഒരു സ്‌കൂളിൽ നിന്നുള്ള തുച്ഛമായ വരുമാനമായിരുന്നു അവരുടെ ഏക അവലംബം. എങ്കിലും അവർ അവരുടെ മകനെ (എനെറെ അച്ഛനെ) കേംബ്രിജിൽ പഠിക്കാൻ അയച്ചു. അവിടെ അദ്ദേഹം വൈദ്യശാസ്ത്ര വിദ്യാർഥിയായിരുന്നു."
******************
"വളരെ സമർഥനായ ഒരു വിദ്യാർഥിയായിരുന്നു എന്റെ അച്ഛൻ. കേംബ്രിജിൽ അദ്ദേഹത്തിന് നല്ലൊരു സ്‌കോളർഷിപ്പ് ലഭിച്ചു. ഡിഗ്രി പഠനത്തിനുശേഷം അദ്ദേഹം ട്രോപ്പിക്കൽ മെഡിസിനിൽ ഗവേഷണത്തിന് ചേർന്നു. ഗവേഷണത്തിന്റെ ഭാഗമായി, 1937 -ഇൽ  അദ്ദേഹം കിഴക്കൻ ആഫ്രിക്കയിൽ ആയിരുന്നപ്പോഴാണ് മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധകാലത്ത് സൈനിക സേവനത്തിനു അദ്ദേഹം സ്വയം തയ്യാറായെങ്കിലും അദ്ദേഹത്തിന് കൂടുതൽ അനുയോജ്യം മെഡിക്കൽ ഗവേഷണം ആണെന്ന് പറഞ്ഞു അദ്ദേഹത്തെ തിരിച്ചു അയക്കുകയാണ് ഉണ്ടായത്. എന്റെ അമ്മയുടെ നാട് സ്‌കോട്ട് ലാൻഡ് ആയിരുന്നു. ഒരു കുടുംബ ഡോക്കററുടെ എട്ടുമക്കളിൽ മൂന്നാമത്തേതായിരുന്നു അവർ. അവരുടെ ഏറ്റവും മൂത്ത സഹോദരി down syndrome എന്ന അവസ്ഥക്ക് അടിമയായിരുന്നു. പതിമൂന്നാമത്തെ വയസ്സിൽ അവർ മരിക്കുകയും ചെയ്തു. എന്റെ അച്ഛന്റെ കുടുംബം പോലെ ഒരു കുടുംബം അല്ലായിരുന്നെങ്കിലും അമ്മയുടെ കുടുംബവും അവരെ ഓക്സ്ഫോർഡിൽ പഠിക്കാൻ അയച്ചു." 
******************
"ഗലീലിയോ മരിച്ചു കൃത്യമായി മുന്നൂറുകൊല്ലങ്ങക്കുശഷം, അതായത് 1942, ജനുവരി 8-നു ആണ് ഞാൻ ജനിക്കുന്നത് (ലോകത്തിൽ   ഏതാണ്ട് രണ്ടുലക്ഷം കുട്ടികളെങ്കിലും ആ സമയത്തു ജനിച്ചിട്ടുണ്ടാവണം). എന്റെ അനുജത്തി മേരി ജനിക്കുന്നത് അതിനു ശേഷം പതിനെട്ടു മാസങ്ങൾക്കു ശേഷമാണ്. മറ്റൊരു അനുജത്തി ഫിലിപ്പ ജനിക്കുന്നത് എനിക്ക് ഏതാണ്ട് അഞ്ചു വയസ്സ് ഉള്ളപ്പോഴാണ്. അനുജൻ എഡ്വേർഡിനെ ദത്തെടുക്കുന്നത് എനിക്ക് എനിക്ക് പതിനാലു വയസ്സുള്ളപ്പോഴാണ്. ബൗദ്ധികമായി ഞങ്ങൾ മൂന്നുപേരെയും പോലെ അല്ലായിരുന്നു അവൻ. എങ്കിലും ആർക്കും അവരെ സ്നേഹിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. 2004 -ഇൽ വീടിന്റെ പുനർനിർമാണം നടത്തുന്നതിനിടയിൽ  ഒരു അപകടത്തിൽ അവൻ മരിച്ചു."
************************
"ഞാൻ കേംബ്രിജിലോ ഓക്സ്ഫോർഡിലോ പഠിക്കണമെന്ന് അച്ഛന് വലിയ നിർബന്ധമായിരുന്നു. അന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോളേജിൽ ഗണിത ശാസ്ത്രത്തിന് പ്രത്യക വിഭാഗം ഇല്ലായിരുന്നു. അതുകൊണ്ടു ഞാൻ നാച്ചുറൽ സയൻസിനു ശ്രമിക്കാൻ അച്ഛൻ നിർദ്ദേശിച്ചു, കാരണം എനിക്ക് ബയോളജി ഒരു താല്പര്യവുമില്ലെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ ഞാൻ എ-ലെവൽ ചെയ്യുന്നതിനും യൂണിവേഴ്സിറ്റി എൻട്രൻസിന് പരിശീലിക്കുന്നതിനും ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അച്ഛന്റെ സുഹൃത്തായ ഡോ. ജോൺ ഹംഫ്രിയുടെ വീട്ടിൽ എന്നെ ആക്കിയിട്ട് അച്ഛനും മറ്റുള്ള കുടുംബങ്ങളും ഒരു കൊല്ലത്തേക്ക് ഇന്ത്യയിലേക്ക് പോയി. ഇന്ത്യയിൽ ലക്‌നൗവിൽ ആണ് അവർ താമസിച്ചിരുന്നത്. സമ്മർ അവധിക്കു ഞാനും ഇന്ത്യയിലേക്ക് പോയി. കാശ്മീരും അവിടത്തെ ഹവ്സ്ബോട്ടും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു."
******************
"എനിക്ക് പതിനേഴു വയസ്സായിരുന്നു. എന്റെ അധ്യാപകർ അടക്കം പലരും ഞാൻ ഓക്സ്ഫോർഡിൽ എൻട്രൻസ് പരീക്ഷ എഴുതുന്നത് വളരെ നേരത്തെ ആണെന്ന് വിശ്വസിച്ചിരുന്നു. എങ്കിലും  ഞാൻ സ്കോളർഷിപ് പരീക്ഷ എഴുതി. പക്ഷെ പ്രാക്റ്റിക്കലിന് നല്ലവണ്ണം പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെന്ന് എനിക്ക് ഒരു തോന്നൽ ഉണ്ടായിരുന്നു. അത് എന്നെ അൽപ്പം നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്  എനിക്ക് ഒരു ടെലിഗ്രാം വന്നു,  ഓക്സ്ഫോർഡിൽ പഠിക്കാൻ സ്കോളർഷിപ് കിട്ടിയിരിക്കുന്നു. കെയിംബ്രിജിലെ ആദ്യത്തെയും രണ്ടാമത്തെയും വർഷങ്ങൾ  എനിക്ക് ഭീകരമായ ഒറ്റപ്പെടലിന്റേതുകൂടിയായിരുന്നു. കാരണം എന്റെ ബാച്ചിലെ മറ്റുകുട്ടികൾ എന്നെക്കാളും മുതിർന്നവരും, മിക്കവാറും എല്ലാവരും തന്നെ സൈനിക സേവനം കഴിഞ്ഞു വരുന്നവരുമായിരുന്നു."
                      ***************
"1962  ഒക്ടോബർ, കെയിംബ്രിജിൽ ഒരു ഗ്രാജുവേറ്റ്  വിദ്യാർഥിയായി ചേർന്നു. സുപ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനും സ്ഥിര-സ്ഥിതി  സിദ്ധാന്തത്തിന്റെ (steady state theory) മുൻപന്മാരിൽ ഒരാളുമായ  ഫ്രെഡ് ഹോയലിന്റെ കീഴിൽ പ്രവർത്തിക്കാനാണ് ഞാൻ അപേക്ഷിച്ചത്. ഫ്രെഡ് ഹോയലിന്റെ പ്രമുഖ ശിഷ്യന്മാരിൽ ഒരാളും ഇന്ത്യൻ ശാസ്ത്രജ്ഞനുമായ ജയന്ത് നർലേക്കറുമായി ഒരു സമ്മർ കോഴ്സിൽ പങ്കെടുത്തതിൽനിന്നാണ് എനിക്ക് ഈ ആഗ്രഹം ശക്ത്തമായത്. എന്നാൽ ഫ്രെഡ് ഹോയലിന് അപ്പോൾത്തന്നെ അദ്ദേഹത്തിന് പറ്റുന്നത്ര വിദ്യാർഥികൾ ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹം തന്നെ   എന്നെ വേറൊരു പ്രമുഖ ശാസ്ത്രജ്ഞനായ ഡെന്നിസ് സ്കിമ്മയുടെ (Dennis Sciama} അടുത്തേക്ക് അയക്കുകയാണ് ഉണ്ടായത്."
***************
"ഓക്സ്ഫോർഡിലെ അവസാന നാളുകളിൽ എനിക്ക് എന്തോ ഒരു വിലക്ഷണത അനുഭവപ്പെട്ടു തുടങ്ങി. ഒരിക്കൽ പടിക്കെട്ടുകളിൽനിന്നും അറിയാതെ താഴേക്കു വീണതുകൊണ്ടു ഞാൻ ഒരു ഡോക്കറ്ററെ സമീപിച്ചു. ബിയർ കഴിക്കുന്നത് കുറയ്ക്കണമെന്ന് നിർദ്ദേശിച്ചു എന്നെ തിരിച്ചയച്ചു. എന്നിൽ എന്തോ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി, ഒരു പക്ഷെ ഇത് എന്റെ മരണത്തിൽ കലാശിച്ചേക്കാം എന്നുവരെ തോന്നി തുടങ്ങി. എന്നാൽ ഡോക്കര്മാര്, തിരിച്ചു കെയിംബ്രിഡ്ജിൽ പോകാനും ഞാൻ ജെനറൽ റിലേറ്റിവിറ്റിയിൽ തുടങ്ങി വച്ച ഗവേഷണം തുടരാനും ഉപദേശിച്ചു."
*******************
"പക്ഷെ ഞാൻ മരിച്ചില്ല, എങ്കിലും എന്റെ മുൻപിൽ ഒരു കാർമേഘം ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അപ്പോഴും ജീവിതം ആസ്വദിക്കുകയായിരുന്നു. അതിന്റെ പ്രധാന കാരണം അപ്പോഴേക്കും ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടിരുന്നു, ജെനി വൈൽഡ്. എന്റെ ഇരുപത്തി ഒന്നാമത്തെ പിറന്നാളിന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഞാൻ അവളെ പരിചയപ്പെടുന്നത്. അതോടൊപ്പം എന്റെ രോഗവും ഡോക്ക്ട്രമാർ തീർച്ചപ്പെടുത്തി 'Motor neuron disease'."
********************

Saturday, 13 January 2018

ബുദ്ധമതചരിതം -5




ബുദ്ധന്റെ മരണ ശേഷം അദ്ദേഹത്തിൻറെ മുഖ്യ ശിഷ്യന്മാരിൽ ഒരാളായ മഹാകശ്യപന്റെ നേതൃത്വത്തിൽ ത്രിപീടിക രൂപീകരിച്ചതിനെപ്പറ്റി മുൻപ് പറഞ്ഞുവല്ലോ. പക്ഷെ ബുദ്ധമതം സാധാരണ ജനങ്ങളിലേക്ക് വേഗത്തിൽ പടരാൻ തുടങ്ങിയപ്പോഴേ തർക്കങ്ങളും ഉടലെടുക്കാൻ തുടങ്ങി. 

ബുദ്ധന്റെ മരണശേഷം ഏതാണ്ട് മൂന്നു നൂറ്റാണ്ട് ആയപ്പോഴേക്കും ബുദ്ധമതത്തെ ഭരണകൂടത്തിന്റെ മതമായി അംഗീകരിച്ച അശോക ചക്രവർത്തി നേരിട്ട് നേതൃത്വം നൽകി പാടലീപുത്രത്തിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു. തന്റെ സാമ്രാജ്യത്തിന്റെ സമാധാനം നിലനിർത്തുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന ലക്‌ഷ്യം. (മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ നിഖിയ സൂനഹദോസ് വിളിച്ചുകൂട്ടി (എ.ഡി.325) കത്തോലിക്കാ സഭയിലെ തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തെ ഇതുമായി താരതമ്യം ചെയ്യുക)

എന്നിട്ടും ബുദ്ധമതത്തിലെ തർക്കങ്ങൾക്ക് ഒരു പരിഹാരം ആയില്ല. ബുദ്ധന്റെ വാക്കുകളിലെ അർഥവും അതിന്റെ വ്യാഖ്യാനങ്ങളും വലിയൊരു തർക്കത്തിലേക്കും തുടർന്ന് 'മഹായാനം' 'ഹീനയാനം' എന്ന് രണ്ട്  സമ്പ്രദായങ്ങൾ ഉടലെടുക്കുന്നിൽ വരെ അതെത്തി. അവയിൽ പിന്നെയും ധാരാളം ഉൾപിരിവുകളും ഉണ്ടായി. ബുദ്ധന്റെ മരണശേഷം ഏതാണ്ട് നാല് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും പതിനെട്ടു തരത്തിലുള്ള മത ശാഖകൾ ഉണ്ടായെന്ന് 'കീത്ത്' എന്ന ഇഗ്ളീഷ് ഒറിലെന്റലിസ്റ് ചൂണ്ടിക്കാണിക്കുന്നു. അതിൽ വൈഭാഷികം, സൗത്രാന്തികം, യോഗാചാരം, മാധ്യമികം, എന്നിവയാണ് കൂടുതൽ പ്രാമുഖ്യം നേടിയത്. വൈഭാഷികവും സൗത്രാന്തികവും  ഹീനയാനത്തിൽ പെട്ടവയും, യോഗാചാരം മാധ്യമികം എന്നിവ മഹായാനത്തിൽ പെട്ടവയുമായി കരുതപ്പെടുന്നു. 

വൈഭാഷികവും സൗത്രാന്തികവും വളരെ സാമ്യമുള്ളതായതുകൊണ്ട്, രണ്ടിനെയും 'സർവാസ്ഥിത്വവാദം' എന്ന നിലയിൽ ഒന്നായി കണ്ടുകൊണ്ടാണ് (പ്രത്യേകിച്ചും വേദാന്തികൾ: ഉദ്ദാഹരണം  ശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യം) വിശകലനം ചെയ്യുന്നത്. യഥാർഥത്തിൽ ആദ്യകാല ബൗദ്ധചിന്തകളുമായി കൂടുതൽ സാദൃശ്യമുള്ളത് ഇവക്കു രണ്ടിനുമാണ്. എല്ലാറ്റിനും ഉന്മയുണ്ട്, ബാഹ്യവും ആഭ്യന്തരവുമായ എല്ലാ പ്രതിഭാസങ്ങളും യാഥാർഥ്യമാണ്. ധർമമാണ് സർവാസ്തിത്വത്തിന്റെയും ദർശിനികമായ അടിത്തറ. (ഭൗതികവും മാനസികവുമായ എല്ലാ പ്രതിഭാസങ്ങളുടെയും അടിസ്ഥാന ഘടകങ്ങൾ എന്ന സാങ്കേതിക അർഥത്തിലാണ് ഇവർ ധർമ്മം എന്ന പദം ഉപയോഗിക്കുന്നത്). പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും അടിയിലുള്ള പരമമായ യാഥാർഥ്യമാണ് ധർമ്മം. ബാഹ്യ ജഗത്ത് ഭൂതങ്ങളുടെയും ഭൗതികങ്ങളുടെയും രൂപത്തിലും, ആന്തരിക ജഗത്ത് ചിത്തത്തിന്റെയും ചൈത്തിക വൃത്തികളുടെയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

വസ്തു നിഷ്ട്ടമായി നിലനിൽക്കുന്ന എല്ലാ വസ്തുക്കളെയും രണ്ട് തരത്തിൽ വീക്ഷിക്കാം: കേവലമായ യാഥാർഥ്യം എന്ന നിലക്ക്, അല്ലെങ്കിൽ പാരമാർധികമായ സത്യമെന്ന നിലക്ക്. ശുദ്ധമായ ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ട് വീക്ഷിക്കപ്പെടുന്ന യാഥാർഥ്യമാണിത്. പ്രായോഗിക ജീവിതത്തിൽ ദൈനംദിനാനുഭവങ്ങളിലൂടെ വീക്ഷിക്കുമ്പോൾ അവക്ക് പ്രാതിഭാസിക രൂപങ്ങളിൽ യഥാർത്ഥമായ നിലനിൽപ്പുണ്ട്. വൈഭാഷികന്മാർ ഇതിനെ സാംവൃതിക സത്യം എന്ന് വിളിക്കുന്നു. ഇത് കല്പനാ കല്പിതമാണ്, അതായത് സങ്കൽപ്പങ്ങളുടെ സഹായത്തോടുകൂടി കെട്ടിപ്പെടുക്കപ്പെട്ടതാണ്. 

പ്രാണികൾ ഏതെങ്കിലും മൂലകാരണത്താൽ സൃഷ്ടിക്കപ്പെട്ടതല്ല. അങ്ങനെ ആയിരുന്നെങ്കിൽ പ്രാണികൾ എല്ലാം ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുമായിരുന്നു. എന്നാൽ നാം കാണുന്നത് അവയെല്ലാം ഒന്നിനുശേഷം മറ്റൊന്ന് എന്ന നിലയിൽ ജനിക്കുന്നതാണ് (പരിണാമ സിദ്ധാന്തത്തിന്റെ ലാഞ്ചന ഇവിടെ കാണാം). 

പൊതുവിൽ പറഞ്ഞാൽ ഇവർ (വൈഭാഷികളും സൗത്രാന്തികളും) ഇന്നത്തെ നിലയിൽ പറഞ്ഞാൽ ഏറെക്കുറെ ഭൗതിക വാദികളായിരുന്നു എന്ന് പറയാം. വൈരുധ്യവുമാക ഭൗതികവാദത്തിന്റെ ചില അംശങ്ങളും ഇവരുടെ വാദങ്ങളിൽ കാണാൻ കഴിയും. പക്ഷെ ഇവർ തികഞ്ഞ ഭൗതിക വാദികൾ ആയിരുന്നു എന്ന് കരുതുന്നത് അത്ര ശരിയായിരിക്കുകയില്ല. ഈശ്വരനെ നിഷേധിച്ചു എന്നത് ശരിയാണെങ്കിലും ആ സ്ഥാനത്ത്‌, കര്മത്തെയും ബോധിസത്വ സങ്കല്പത്തെയും അവർ സ്വീകരിച്ചിരുന്നു. 

മറുവശത്തു മഹായാന  ശാഖകളായ യോഗാചാരത്തിലും മാധ്യമികത്തിലും ആത്മീയ വാദമാണ് മുഖ്യവിഷയം. 'ലങ്കാവതാരസൂത്രമാണ്' മഹായാനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കരുതപ്പെടുന്നത്. യോഗാചാരവും മാധ്യമികവും രണ്ടു ശാഖകളായി തിരിയുന്നതിനു മുൻപ് രചയിക്കപ്പെട്ടതാണ് ഈ ഗ്രന്ഥമെന്നാണ് കരുതപ്പെടുന്നത്. ചിത്തം മാത്രമാണ് യാഥാർഥ്യമെന്നും ബാഹ്യലോകം യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല എന്നും, പഞ്ച സ്കന്ദങ്ങളും, പഞ്ച ഭൂതങ്ങളും, എന്തിനധികം പഞ്ചേന്ദ്രിയങ്ങളും യഥാർഥത്തിൽ നില നിൽക്കുന്നില്ലെന്നും, ഇതെല്ലാം,  മനസ്സിന്റെ സങ്കല്പങ്ങൾ മാത്രമാണെന്നുമാണ് ഇതിന്റെ അവകാശവാദം. ഇവർ വിജ്ഞാന വാദികൾ എന്ന് അറിയപ്പെടുന്നു. വിജ്ഞാനമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ലെന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിച്ചത്. (ഇന്നത്തെ ഏറ്റവും പുതിയ ശാസ്ത്രീയ നിലപാടായ 'ക്വാൻഡം ഗ്രാവിറ്റി' തീയറിയിൽ എല്ലാം 'ഇൻഫോർമേഷൻ' എന്ന സംജയിലേക്കു ദിശ  മാറുന്നത് ഇവിടെ പ്രത്യേകം സ്മരണീയമാണ്). 

മൈത്രേയ നാഥൻ, വസുബന്ധു, ദിങ്നാഥൻ, ധർമ്മ കീർത്തി, കമല ശീലൻ തുടങ്ങിയവരാണ് ഈ ആശയത്തിന്റെ പിന്മുറക്കാർ. എന്നാൽ വിജ്ഞാനം പോലും അയഥാർഥ്യമാണെന്നു വാദിച്ചുകൊണ്ടു മാദ്ധ്യമികന്മാർ മുന്നോട്ടുവന്നു. ഈ വസ്തുനിഷ്ട്ട പ്രപഞ്ചം എന്നത് ശൂന്യമല്ലാതെ മറ്റൊന്നുമല്ലെന്നും അതുകൊണ്ട് അതിനെ വിശകലന ചെയ്യുന്നത് വെറും പാഴ്വേലയാളത്തെ മറ്റൊന്നുമല്ലെന്നും അവർ വാദിച്ചു. അശ്വഘോഷനും നാഗാർജ്ജുനനുമാണ് ഇതിന്റെ മുൻനിര യിൽ നിന്നത്. 

പെട്ടെന്ന്  കേട്ടാൽ  ഈ  വാദം വെറും അസംബന്ധമാണെന്ന് തോന്നുമെങ്കിലും അത്ര എളുപ്പത്തിൽ പരിഹസിച്ചു തള്ളാൻ  പറ്റാത്ത യുക്തിയോടും ന്യായങ്ങളോടും കൂടിയാണ് അവർ തങ്ങളുടെ വാദം കെട്ടിപ്പെടുത്തിയിട്ടുള്ളത്.(നമ്മുടെ ആധുനിക യുക്തി വാദികൾ നാഗാർജ്ജുനന്റെ ശൂന്യവാദം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്). 'സത്' , 'അസത്ത്' എന്ന് രണ്ടിനെയും നിഷേധിക്കുന്ന ശൂന്യവാദം , കേവലമായ ശൂന്യതയെയോ ഒന്നുമില്ലായ്‌മയെയോ അല്ല കുറിക്കുന്നത്. സത്തോ അസത്തോ എന്നത് യാഥാർഥ്യമല്ല എന്ന് പറയുമ്പോൾ, ഇതൊന്നുമില്ലാത്ത വേറൊരു യാഥാർഥ്യം ഉണ്ടെന്നാണ്, അത് അനിര്വചനീയവും അവര്ണനീയവുമാണ് എന്നാണ് അർദ്ധം. ('something called nothing' എന്ന പ്രസിദ്ധമായ പുസ്തകം ഇവിടെ ആരെങ്കിലുമൊക്കെ വായിച്ചിരിക്കും എന്ന് കരുതുന്നു. മോസ്‌കോ പബ്ലിക്കേഷൻസ്)

കാലക്രമേണ ബുദ്ധമതം അതിന്റെ സ്വകീയമായ  ധാര്മികാനുശാസനങ്ങളെ പരിത്യജിച്ചുകൊണ്ടു സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്വീകരിച്ചു തുടങ്ങി. വൈഭാഷിക-സൗത്രാന്തിക ദർശനങ്ങൾ പിന്തള്ളപ്പെടുകയും ആത്മീയത്തിൽ അടിസ്ഥാനമാക്കിയ യോഗാചാരത്തിനും മാധ്യമികത്തിനും മുൻഗണന നല്കപ്പെടുകയും ചെയിതു. അങ്ങനെ അതിന്റെ ദർശിനികമായ അടിത്തറ തകർന്നുതുടങ്ങി. ഈ വിടവിൽ പ്രാചീന ബുദ്ധമതത്തിന്റെ ചില ദർശിനിക സിദ്ധാന്തങ്ങളും, ബുദ്ധന്റെ സന്മാർഗീകവും ആധ്യാത്മികവുമായ ചില മൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഹിന്ദുമതം മുന്നേറി.  

ബുദ്ധമതചരിതം -4




ജാതകകഥകളിൽ, വേദവ്യാസനും കൃഷ്ണനും ഒക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് എന്നതാണ് രസാവഹം. രണ്ടുജാതക കഥകളിൽ വ്യാസൻ കഥാപാത്രമാണ്. കണ്ണ-ദ്വൈപായന ജാതകത്തിൽ വ്യാസൻ ഒരു ബോധിസത്വനാണ്. ഹിന്ദു പുരാണങ്ങളിലെ വ്യാസനുമായി ഈ വ്യാസന് ഒരു ബന്ധവുമില്ല. എന്നാൽ ഘട-ജാതകത്തിലെ വ്യാസൻ മഹാഭാരതത്തിലെ ഒരു കഥയുമായി നല്ല ബന്ധമുള്ള കഥാപാത്രമാണ്. 

മഹാഭാരതത്തിൽ, ഗാനധാരി ശാപം മൂലം നശിക്കുന്ന യാദവ വശം അതിനു ഒരു കാരണം ഉണ്ടാക്കുന്ന കഥയുണ്ട്. ഒരിക്കൽ കൃഷ്ണ പുത്രന്മാർ കുറെ ഋഷിമാരെ കളിയാക്കുന്നതിനായി, ഒരു ആൺ കുട്ടിയെ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ വേഷം കെട്ടിച്ചു ഈ ഋഷിമാരുടെ മുൻപിൽ കൊണ്ടുവന്നു. എന്നിട്ടു ചോദിച്ചു ,

"സ്വാമി ഇവൾ പ്രസവിക്കുന്ന കുട്ടി ആണോ പെണ്ണോ?"   

ജ്ഞാനദൃഷ്ടികൊണ്ട് കാര്യം ഗ്രഹിച്ച മുനിമാർ പറഞ്ഞു 
,
"ഇവൻ പ്രസവിക്കാൻ പോകുന്നത് ഒരു ഇരുമ്പു കഷണമാണ് അതാണ് നിങ്ങളുടെ നാശത്തിനു കാരണമാവാൻ പോകുന്നത്."

പറഞ്ഞതുപോലെതന്നെ ഉടൻ ആൺകുട്ടിക്ക് പ്രസവ വേദന ഉണ്ടായി ഒരു ഇരുമ്പു കഷണത്തെ പ്രസവിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ വൃഷ്ണികൾ, ആ ഇരുമ്പു കഷ്ണം രാകി പൊടിയാക്കി കടലിൽ കലക്കി. എന്നാൽ ആ പൊടി തിരയടിച്ചു കരക്കെത്തിച്ചു. അത് അവിടെ തേരക പുല്ലുകളായി മുളച്ചു വളർന്നു. കാലത്തിന്റെ തികവിൽ ഈ പുല്ലുകൾ പറിച്ചു പരസ്പ്പരം അടിച്ചാണ് യാദവർ എല്ലാം ചത്തൊടുങ്ങിയത്.

ജാതക കഥകളിൽ ഈ ഋഷിമാരുടെ സ്ഥാനത്ത് വ്യാസനാണ്, ഇവിടെ വ്യാസൻ ബോധിസത്വന്റെ അവതാരം ആണ്. ഇരുമ്പു കഷണത്തിനു പകരം മരക്കഷണം ആണെന്നുള്ള ഒരുവ്യത്യാസം. ഇതിലെ ക്ളൈമാൿസ് എന്നത് വൃഷ്ണികൾ വ്യാസനെ കൊന്നുകളഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിൻറെ വാക്കുകൾ ശരിയായി വന്നു. 
 
ബുദ്ധന്റെ പ്രധാന ശിഷ്യന്മാരായി പാലി ജാതകകഥകളിൽ പറയുന്ന രണ്ടുപേർ, മുഗ്‌ഗല്ലനും, ശരിപുത്തനുമാണ്‌. ഇവരെയാണ് ധർമ്മ സേനാധിപതികളായി പറയപ്പെടുന്നത്. ഈ ശരിപുത്തൻ,  ബോധിസത്വൻ വ്യാസനായി അവതരിച്ച കാലത്തു  കൃഷ്ണനായി അവതരിച്ചിരുന്നു. പാലി പാരമ്പര്യമനുസരിച്ചു ബോധിസത്വൻ ഒരു ജന്മത്തിൽ കണ്ണതാപസനായും മറ്റൊരു ജന്മത്തിൽ രാമപണ്ഡിതനായും അവതരിച്ചിട്ടുണ്ട്. രാമപണ്ഡിതൻ ഇരുപതിനായിരം വര്ഷം ജീവിച്ചിരുന്നുപോൽ !!