Friday, 30 July 2021

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-II

ഫ്രഞ്ച് വിപ്ലവത്തിനും ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപ് നടന്ന ജ്ഞാനോദയകാലം (Enlightenment era) കൊണ്ടുവന്ന മോഡേണിറ്റി, മധ്യകാല അന്ധവിശ്വാസങ്ങളെയെല്ലാം എതിർത്തെങ്കിലും, മോഡേണിറ്റി അതിന്റേതായ പുതിയ ചില അന്ധവിശ്വാസങ്ങളെ നിർമ്മിക്കുകയും ചെയിതു. ഫുക്കോ രണ്ടു പ്രധാന ഘടകങ്ങളാണ്  ഫ്രഞ്ച് വൈദ്യശാസ്ത്രത്തിന്റെ ചരിത്ര വഴിയിൽ   ഉന്നയിച്ചിരിക്കുന്നത്; (1) സൂക്ഷ്‌മ നോട്ടം അഥവാ ഗൈസ് ,(2)  ഭാഷ. ഫുക്കോയുടെ ക്ലിനിക്കൽ ഗൈസിൽ ശരീരം അഥവാ രോഗി  വെറുമൊരു വസ്തു മാത്രമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൃത്യമായ പ്രക്രിയയിലൂടെ അവമാനവീകരണം നടത്തിയാൽ വിവരങ്ങളുടെ, അല്ലെങ്കിൽ അറിവുകളുടെ ഒരു സംഘാതമായി മാറുന്ന ഒന്നാണ് രോഗി. അത് വൈദ്യശാസ്ത്ര അറിവുകളുടെ (Medical Knowledge) ഉറവിടമാണ്. അങ്ങനെ വിവിധ ഇനങ്ങളും തരങ്ങളുമായി വിഘടിപ്പിച്ചു എത്ര സൂക്ഷമ തലത്തിലേക്ക് എത്താമോ അത്രയും എത്തുകയും അതിനെയെല്ലാം ഭാഷയുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് സൂക്ഷ്‌മ നോട്ടം സാധ്യമാവുന്നത്. ഈ സൂക്ഷ്മനോട്ടം കൂടുതൽ ബലപ്പെടുന്നത്, രോഗങ്ങളെ ഫലപ്രദമായ നിലയിൽ ക്രമീകരിക്കുന്നതിനുള്ള ശാസ്ത്രത്തിന്റെ (Science of Nosography) വളർച്ചയിലൂടെയാണ്. 

ഇമ്മ്യൂണോളജിയുടെ വളർച്ച, സെല്ഫ് അഥവാ സ്വത്വത്തെ പാരസ്പരികതയുടെ അടിസ്ഥാനത്തിൽ നിര്വചിക്കാനുള്ള ഒരു ശ്രമത്തിലേക്കു എത്തിച്ചു. ഗ്രാഫ്ട് ചെയ്ത റ്റിഷ്യുവിനെ ശരീരം പുറംതള്ളുന്നതു, അലര്ജി, ഓട്ടോ-ഇമ്യൂൺ പ്രതിരോധങ്ങൾ എല്ലാം ഒരുതരത്തിലുള്ള വ്യക്തിത്വ സങ്കര്ഷങ്ങള് (identity  crisis) ആയി വ്യാഖ്യാനിക്കപ്പെട്ടു. ആസ്ട്രേലിയൻ ഇമ്മ്യൂണോളജിസ്റ് ഫ്രാങ്ക് ബർനറ്റ് ഇമ്മ്യൂണോളജിയെ "ദി സയൻസ് ഓഫ് സെല്ഫ് " എന്ന് വിളിക്കുന്നവരെ കാര്യങ്ങൾ എത്തി.  

എന്നാൽ 1953-ഇൽ ഡബിൾ ഹെലിക്‌സ് DNA യുടെ വരവോടെ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. സ്വത്വത്തെ നിര്വചിക്കുന്നതിനു പുതിയൊരുഭാഷ, വിവരസാങ്കേതികവിദ്യയുടെ ഭാഷ , നിലവിൽ വന്നു.  വിവരസാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന അതെ വാക്കുകൾ ബൈയോളജിയിലും വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. ജീനോമിന് ഒരു അക്ഷരമാല , ഇംഗ്ലീഷ് ഭാഷയിലെപോലെ ഒരു അക്ഷരമാല ഉണ്ടായി.  യുദ്ധാനന്തര 'സ്വത്വം' വ്യാഖ്യാനിക്കപ്പെടാവുന്ന  ഒരു കോഡുഭാഷ ആയി മാറി. അറുപതുകളിൽ അത് സംശോധനം ചെയ്യപ്പെടാവുന്നതും, തിരുത്തപ്പെടാവുന്നതും വിവർത്തനം ചെയ്യപ്പെടാവുന്നതുമൊക്കെയായ ഒന്നായി. DNA വ്യക്തിയുടെയും ജീവന്റെയുമൊക്കെ 'രഹസ്യ വാക്കു് ' ആയി 

അറുപതുകളിലും എഴുപതുകളിലും ശാസ്‌ത്രലോകത്തു ഉണ്ടായ വലിയൊരു ഉൽകണ്ഠ, ഈ പുതിയ ജീവശാസ്ത്രം , മനുഷ്യനെ മനുഷ്യൻ അല്ലാതാക്കിത്തീർക്കുമോ എന്നതായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ കയ്യുകളാൽ തിരുത്തപ്പെടാവുന്നതാണ് മനുഷ്യപ്രകൃതി എങ്കിൽ , അതിൽ നൈതികവും സാമൂഹികവുമായ വലിയ പ്രശ്നങ്ങൾ  അടങ്ങിയിരിക്കുന്നു എന്ന്  വിമർശങ്ങൾ ഉണ്ടായി.

1978-ഇൽ പാട്രിക് സ്റെപ്റ്റോയ്-റോബർട്ട് എഡ്‌വേഡ്സ് എന്നിവർ ഗര്ഭപാത്രത്തില് വെളിയിൽ , ഒരു 'ടെസ്റ്റ് ട്യൂബ് ശിശുവിന്' ജന്മം നൽകി. 1996 ആയപ്പോഴേക്കും  Dr. വിൽമുട് ,  ക്ലോണിങ്ങിൽ  'ഡോളിയുടെ' സൃഷ്ട്ടി നടത്തിയതോടെ മനുഷ്യന്റെ ക്ളോണിങ് എന്ന ഒരു യാഥാർഥ്യം നൈതികതയുടെ നേർക്കുനേർ നിന്നു. 

അധികം താമസിക്കാതെതന്നെ DNA -ബ്ലൂ പ്രിന്റ് മോഡൽ കാലഹരണപ്പെട്ടു, ഏതാണ്ട് അസ്സംഗതമായതുപോലെ.  കൃത്യമായി പറഞ്ഞാൽ "നിങ്ങൾ"  നിങ്ങളുടെ ക്രോമോസോമുകളുടെ ഉള്ളടക്കം മാത്രമല്ല, അതിലധികമാണ്. നിങ്ങളുടെ ശരീരം എന്നത് മനുഷ്യ സെല്ലിനെക്കാൾ കൂടുതൽ , ബാക്ടീരിയ , ഫങ്കി, archaea തുടങ്ങിയവയാണ്. കോടിക്കണക്കിനു സൂക്ഷമാണുക്കളുടെ ഒരു സങ്കേതമാണ് നിങ്ങൾ. ദഹനം, ശരീര വർണം, രോഗപ്രതിരോധം, കാഴ്ച എന്തിനധികം നിങ്ങളുടെ 'മൂഡ്' പോലും നിർണയിക്കുന്നത് ഈ സൂക്ഷമാണുക്കൾ ആണ് എന്ന നില. നിങ്ങൾ യഥാർത്ഥത്തിൽ 'നിങ്ങൾ' അല്ല. ജീവശാസ്ത്രപരമായ നിങ്ങൾ എന്ന സ്വത്വം, പരസ്പ്പരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സമൂഹങ്ങളുടെ, ഒരു കൂട്ടായ്മ മാത്രമാണ്.

ഹ്യൂമൻ-മെഷീൻ ഇന്റർഫേസ് തുടങ്ങിയ ന്യൂറോ-ടെക്‌നിക്കൽ ഉപകരണങ്ങൾ മനുഷ്യ സ്വത്വത്തെ ഉപകരണങ്ങളുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ജ്ഞാനോദയകാലം മുതൽ മനുഷ്യന്റെ അസ്തിത്വവും  ഉള്ളടക്കവും സയൻസിന്റെ കണ്ണാടിയിൽ കൂടി കണ്ടുപിടിക്കാൻ ശ്രമിച്ചതിന്റെ  അനന്തരഫലം, ആ അസ്തിത്വം തന്നെ ഇല്ലാതാവൽ ആയിരുന്നോ ? (തുടരും)

 

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-1

 

1863-ഇൽ തോമസ് ഹെൻഡ്രി ഹക്സ്ലി (ഡാർവിന്റെ വേട്ടപ്പട്ടി എന്ന  അപരനാമത്തിൽ അറിയപ്പെടുന്ന) നേച്ചർ മാസികയിൽ ഒരു ലേഖനം എഴുതി "Evidence  as  to  Man's place  in  Nature ". അതിൽ, ഗിബ്ബൺ, ഒറാങ് ഉട്ടാൻ, ചിമ്പൻസി, ഗൊറില്ല, മനുഷ്യൻ എന്നിവയുടെ തലയോടുകളുടെ ചിത്രവും ഉണ്ടായിരുന്നു. കൃത്യമായും മനുഷ്യ പരിണാമത്തിന്റെ നാൾ വഴി. അതുവരെ ഒരു പ്രത്യേക കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന മനുഷ്യന്റെ സ്ഥാനം , മൃഗങ്ങളുടെ ഇങ്ങേത്തലക്കൽ മാത്രം ആണെന്നായിരുന്നു ആ ചരിത്രപരമായ പ്രസ്താവന. നിക്കോളാസ് കോപ്പർ നിക്കസ് , ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നിന്നും മാറ്റിയിട്ടതുപോലെ , ഡാർവിനും മനുഷ്യന്റെ സ്ഥാനം താഴേക്കു മാറ്റി നിറുത്തി.

പക്ഷെ, ഹക്സ്ലി മനുഷ്യനെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല. അപ്രതിരോധ്യമായ, സയൻസിന്റെ മുന്നേറ്റത്തിൽ, അത്യുന്നതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണമായിരുന്നു ഹക്സ്ലിയുടെത്. അതാണ് പ്രസിദ്ധമായ ജ്ഞാനോദയത്തിന്റെ (Renaissance)  ആണിക്കല്ലായി തീർന്നതും. പക്ഷെ , 'ഒക്കാംസ്  റേസറിനു ' ഇരുപുറവും മൂർച്ചയുണ്ടായിരുന്നു. സയൻസിൽ നിന്നും സയന്റിസത്തേക്കു (scientism)  അത് നയിച്ചു.  പിന്നീടുള്ള നൂറ്റി അമ്പതു വര്ഷം സയന്സിനെക്കാളേറെ, സയന്റിസം, മനുഷ്യന്റെ സ്വത്വം രൂപപ്പെടുത്തുന്നതായാണ് നാം കാണുന്നത്. ഡെവലെപ്മെന്റ് സൈക്കോളജി IQ ആയി പരിണമിച്  സാമൂഹികവും വിദ്യാഭ്യാസപരമായും മനുഷ്യനെ നിയന്ത്രിക്കുന്നത് നാം കണ്ടു. ഇമ്മ്യൂണോളജി സ്വത്വം ആയി നിര്വചിക്കപ്പെട്ടു. പിന്നീട് സെൽ തിയറിയും മോളിക്യൂലർ പഠനങ്ങളും 'സെല്ഫ്'- 'നോൺസെൽഫ്'  അതിർ വരമ്പുകളായി  വ്യാഖ്യാനിക്കപ്പെട്ടു.  ജനറ്റിക് എഞ്ചിനീറിംഗും സിന്തറ്റിക് ബയോളജിയും മനുഷ്യപ്രകൃതിയെ എങ്ങോട്ടുവേണമെങ്കിലും അടിച്ചുപരത്താവുന്ന ഒന്നാക്കി നിര്വചിച്ചു.  

രോഗ ചികിത്സാരംഗത്തും സൈന്റിസം കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകളിൽ, അറുപതുകളിൽ ഉയർന്നു വന്ന ഘടനാ വാദത്തിലും അതിനു ശേഷമുണ്ടായ പോസ്റ്റ് ഘടനാവാദത്തിലും ഒരുപോലെ തിളങ്ങിനിന്ന ഒരു ചിന്തകനായിരുന്നു ഫൂക്കോ. ചരിത്രം, സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം വിഹരിച്ചിട്ടുണ്ട്.  പൊതുവെ പറഞ്ഞാൽ അദ്ദേഹത്തിൻറെ കൃതികൾ എല്ലാം തന്നെ ചരിത്രത്തിന്റെ താത്വികമായ ഒരു വിശദീകരണമായി കാണാവുന്നതാണ്. യാഥാർഥ്യത്തിന്റെ നിർമ്മിതിയെക്കുറിച്ചുള്ള ചരിത്രപരമായ ഒരു അന്വേഷണമാണ് തന്റെ പ്രവർത്തികൾ എന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.

"The birth of the clinic" തുടങ്ങുന്നത് ഈ മുഖവുരയോടെയാണ്.

“This book is about space, about language, and about death; it is about the act of seeing, the gaze”

ഇതിലെ ഈ സൂക്ഷ്മ നോട്ടമാണ് (gaze) ഇതിലെ കാതൽ. അവിടെ, ‘ലക്ഷണങ്ങളുടെ സംഘാതം’ എന്നതിൽനിന്നും ‘പാത്തോളജിക്കൽ അനാട്ടമി’ എന്നതിലേക്കുള്ള യാന്ത്രിക മാറ്റമല്ല, പിന്നെയോ രോഗിയും, ചികിത്സകനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ഭാഷയായ “What’s the matter with you" എന്ന ചോദ്യം “Where does it hurt?” എന്നതിലേക്ക് പരിണമിക്കുന്ന ഒരു വികാസ ചരിത്രവും കൂടെയാണ്. ഈ മാറ്റം ആത്യന്തികമായി രോഗിയുടെ ശരീരം, ഡോക്റ്റർമാരുടെ സൂക്ഷ്മ വീക്ഷണത്തിൽ വായിച്ചെടുക്കാവുന്ന ഒരു ലിഖിതമാക്കി മാറ്റുന്നു, രോഗിയുടെ ഒരു സഹായവും കൂടാതെ ഒരു വിദക്തന് സ്വന്തമായി വായിക്കാനും സ്വതന്ത്രമായി വിശദീകരിക്കാനും കഴിയുന്ന ഒരു ലിഖിതം.

രോഗിക്കുണ്ടായ ഈ അന്യവൽക്കരണം രോഗത്തിനും ഉണ്ടാവുന്നു.  രോഗം എന്നത് ഒരു ദ്വിമാന തലത്തിൽ നോസോളോജിക്കലായി (Nosological) അടുക്കിവയ്ക്കുന്ന ഒരു പേര് മാത്രമായി മാറുന്നു, കണ്ടെത്തപ്പെട്ട ഘടകങ്ങൾഉടെ    അടിസ്ഥാനത്തിൽ നൽകപ്പെട്ട ഒരു പേര്. ഈ അടുക്കിവയ്ക്കൽ ആവട്ടെ ബൊട്ടാണിസ്റ്റുകൾ ചെയ്യുന്ന രീതിയിൽ 'ജാതി' അടിസ്ഥാനത്തിലുള്ള തരം തിരുവല്ല, പിന്നെയോ കെമിസ്റ്-മിനറോളജിസ്റ്റുകൾ ചെയ്യുന്നതുപോലെ രോഗങ്ങളുടെ ഘടകങ്ങളെയും അവയുടെ സംഖാതങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്. (തുടരും)

Sunday, 27 June 2021

EARLY INDIANS - VI

 

അൽപ്പം നീണ്ടുപോയ ഈ പരമ്പര അവസാനിപ്പിക്കാനുള്ള സമയം ആയെന്നു തോന്നുന്നു. ഒരു കാര്യം കൂടെ പറഞ്ഞിട്ട് ഇത് അവസാനിപ്പിക്കാം.

ആവശ്യത്തിലധികം തെളിവുകൾ ലഭ്യമായിട്ടും, ആര്യന്മാരുടെ കുടിയേറ്റം ഒരു കെട്ടുകഥ ആണെന്ന് ഇന്നും വാദിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന ഒരു യുക്തി, 'സരസ്വതി' നദിയെക്കുറിച്ചുള്ള ഋഗ് വേദത്തിലെ പരാമർശങ്ങൾ ആണ്. 'പർവതത്തെപ്പോലും പിളർക്കാണ് ശക്തിയുള്ള' സരസ്വതി നദിയെ ഋഗ് വേദത്തിൽ പ്രകീർത്തിക്കുന്നുണ്ട്. അതുകൊണ്ടു ആര്യന്മാർ ഈ നദിതടത്തിൽ ജീവിച്ചിരുന്ന ഹാരപ്പൻ സംസ്കൃതിയുടെ ഭാഗം ആണ് എന്നുള്ളതാണ് മുഖ്യ വാദം.

ഹാരപ്പൻ സംസ്കൃതിയുടെ മുഖ്യമായ ഭാഗം രണ്ടു നദികളുടെ തടങ്ങളിലാണ്‌ വളർന്നു വികസിച്ചത്. ഇൻഡസ് നദിയും വറ്റിവരണ്ടുപോയ ഘഗ്ഗർ-ഹക്ര  (Ghaggear-Hakra) നദിയും. (ഘഗ്ഗർ-ഹക്ര നദി ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽനിന്നും ഉത്ഭവിച്ചു പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ വഴി ഒഴുകി പാക്കിസ്ഥാനിലെ ചോളിസ്ഥാനിലും സിന്ധിലും എത്തുന്ന നദി ആണ്. ഇന്ത്യയിൽക്കൂടെ ഒഴുകുന്നഭാഗം ഘഗ്ഗർ എന്നും പാക്കിസ്ഥാനിൽക്കൂടി ഒഴുകുന്നതിനെ ഹക്ര എന്നും വിളിക്കുന്നു). പക്ഷെ , ഋഗ് വേദത്തിൽ  പറയുന്ന 'സരസ്വതി', ഘഗ്ഗർ-ഹക്ര ആണെന്നുള്ളതിനു യാതൊരു തെളിവും ഇല്ല. ഒരുപക്ഷെ അഫ്ഗാനിസ്ഥാനിലൂടെ ഒഴുകുന്ന 'ഹാരാവതി' (Harahvaiti) ആയിക്കൂടെന്നില്ല. കാരണം ഇൻഡോ-ആര്യൻ ഭാഷയിലുള്ള "സ' (S) ഇൻഡോ -ഇറാനിയൻ ഭാഷയിൽ  'ഹ' (H)  ആയി മാറുന്നത് (തിരിച്ചും) നമുക്ക് അറിയാം. ഉദ്ദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട് . 'സിന്ധു', 'ഹിന്ദു' ആവുന്നതും, 'സപ്ത സിന്ധു' 'ഹപ്ത ഹിന്ദു' ആവുന്നതെല്ലാം ഉദ്ദാഹരണങ്ങൾ ആണ്. അതുപോലെ 'ഹരാവതി' 'സരസ്വതി' ആയി മാറിയതാവാൻ എല്ലാ സാധ്യതകളും ഉണ്ട് . മാത്രമല്ല, ആര്യൻ കുടിയേറ്റങ്ങൾ നടന്നത് അഫ്‌ഗാനിസ്ഥാൻ വഴിയായതുകൊണ്ടു ആര്യന്മാർക്കു ഈ നദി സുപരിചിതയും ആയിരിക്കാം.      

മറ്റൊന്ന്, ഘഗ്ഗർ-ഹക്ര ഒരുപ്രാവശ്യം അല്ല വറ്റി വരണ്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ BC-2000-നു ഒരു പ്രസക്തിയുമില്ല. അങ്ങനെ നോക്കിയാൽ  ഋഗ്  വേദത്തിന്റെ സൃഷ്ട്ടി ഈ നദി വറ്റിപ്പോകുന്നതിനു മുൻപ് ഉണ്ടായി എന്ന് വാദിക്കുന്നതിലും കാമ്പില്ല. കാരണം ഹാരപ്പൻ സംസ്കാരത്തിന്റെ നാശത്തിനു മുൻപേ ഋഗ് വേദ സൃഷ്ട്ടി നടന്നു എന്ന് പറയുന്നതിൽ അർഥമില്ല. ഋഗ് വേദ സൃഷ്ട്ടാക്കൾ, ഹാരപ്പൻ സംസ്കാരത്തിന്റെ  നാശത്തിനു ശേഷം , അവർ 'സരസ്വതി'   എന്ന് വിളിച്ചിരുന്ന ഒരു നദിതടത്തിൽ ഉണ്ടായിരുന്നു എന്ന് മാത്രമേ അതിനു അർത്ഥമുള്ളൂ.

അപ്പോൾ , നമ്മൾ ഇൻഡ്യാക്കാർ യഥാർത്ഥത്തിൽ ആരാണ് ?

ഏറ്റവും നന്നായി നമ്മെ നിർവചിക്കാവുന്നതു, നാം ഒരു ഏകാത്മക ഉറവിടത്തിൻറെ സൃഷ്ടിയല്ല, മറിച്ചു,  ബഹു സ്രോതസ്സിന്റെ  ഉൽപ്പന്നമാണ് എന്നതാണ്. നമ്മുടെ സംസ്കാരം , ആചാരങ്ങൾ , വിശ്വാസങ്ങൾ, ബലം , ബലഹീനത, എല്ലാം, നിരവധി പാരമ്പര്യങ്ങളിൽ നിന്നും ഉരുവായതാണ്. നിരവധി കുടിയേറ്റങ്ങളുടേതു കൂടിയായ പാരമ്പര്യമാണ് നമ്മുടേത്.

ആഫ്രിക്കയിൽനിന്നും  കുടിയേറിയ ആദിമ കുടിയേറ്റക്കാരുടെ പാരമ്പര്യമാണ് നമ്മുടെ അടിസ്ഥാനം. പടിഞ്ഞാറൻ ഏഷ്യയിൽനിന്നും വന്ന കൃഷിക്കാരുടെ പാരമ്പര്യം അതിൽ നിരവധി സാങ്കേതിക മുന്നേറ്റങ്ങൾക്കും , തദ്വാരാ ഹാരപ്പൻ നാഗരികതയുടെയും ആദിമ ദ്രാവിഡിയൻ ഭാഷയുടെ നിര്മിതിക്കും ഊർജ്ജമായി. മധ്യേഷ്യയിൽ നിന്നും ഉണ്ടായ കുടിയേറ്റക്കാർ കൊണ്ടുവന്ന ഭാഷയും സംസ്കാരവും , നമ്മുടെ സംസ്കാരത്തെ അടിമുടി മാറ്റിയ ഒരു പരിഷ്‌ക്കാരത്തിലേക്കു നയിച്ചു. 

പിന്നീട് അഭയം തേടിവന്നവരും, കീഴടക്കാൻ വന്നവരും എല്ലാം നമ്മളുമായി കലർന്ന്, ഇന്നത്തെ നമ്മൾ എന്ന, ഇന്ത്യക്കാർ എന്ന  സമൂഹത്തെ സൃഷ്ട്ടിച്ചു. അതെ നാമെല്ലാം ഇൻഡ്യാക്കാർ ആണ് . നമ്മളെല്ലാം കുടിയേറ്റക്കാരും ആണ്. (അവസാനിച്ചു)  

EARLY INDIANS - V

 

2018-ഇൽ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുമുള്ള 93 ശാസ്ത്രജ്ഞന്മാർ സംയുക്തമായി നടത്തിയ ഒരു പഠനം (The Genomic formation of South and Central Asia) ഇതിലെ മിക്കവാറുമുള്ള സംശയങ്ങൾ നീക്കുന്നതായിരുന്നു. 612 സാമ്പിളുകളിൽ, BC-6000 മുതൽ BC-1200 വരെ പഴക്കമുള്ളവയായിരുന്നു ഈ സാമ്പിളുകൾ. 

ഈ പഠനങ്ങളിൽനിന്നും നമുക്ക് ഇന്ന് അറിയാം ,ഏതാണ്ട് BC-4700 കളിൽ ഇന്ഡസ് വാലിയിലേക്ക് ഇറാനിയൻ കർഷക സമൂഹത്തിന്റെ ഒരു വൻ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇറാൻ മുതൽ ഏതാണ്ട് തുർക്കിയുടെ ഭാഗങ്ങളും  ഇറാന്റെ പേർഷ്യൻ ഗൾഫ് തീരങ്ങളും ചേരുന്നതാണ് സാഗ്രോസ് (Zagros)  എന്ന് അറിയപ്പെടുന്ന ഈ പ്രദേശം. BC-9000 മുതലേ കൃഷി നടന്നിരുന്ന പ്രദേശമാണ് സാഗ്രോസ് മലനിരകൾ. ഈ കർഷകരുടെ നിർണായകമായ സംഭാവന 'Indus periphery  population' -ന്റെ നിർമ്മിതിക്ക് കാരണമായിട്ടുണ്ട്.  ഹാരപ്പൻ സംസ്കാരവുമായി ഇഴുകി ചേർന്ന് ജീവിച്ചിരുന്ന ഒരു ജനവിഭാഗമാണ്  'Indus periphery  population'. ഹരിയാനയിലെ രാഖിഗാർഹി (Rakhigarhi) എന്ന ഹാരപ്പൻ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നും ലഭിച്ച DNA സാമ്പിളുകളും ഈ നിഗമനത്തെ ശരിവയ്ക്കുന്നുണ്ട് എന്നാണു റിപ്പോർട്. ഏതാണ്ട് 400 ഹെക്റ്ററോളം പരന്നുകിടക്കുന്ന ഈ സൈറ്റ് ലോകത്തിലെ ഏറ്റവും വലിയ ഹാരപ്പൻ സൈറ്റ് ആണെന്ന് പറയപ്പെടുന്നു. ഹാരപ്പൻ ജനങ്ങളും  സാഗ്രോസ് കർഷകരും തമ്മിലുള്ള ചേർച്ചയെ ഇവിടത്തെ തെളിവുകളും ശരിവയ്ക്കുന്നുണ്ട്.             

ചുരുക്കത്തിൽ, 'Ancient South  Indians' എന്നത് ആദിമ ഇന്ത്യക്കാരുടെയും, (തൽക്കാലം ഇവരെ നമുക്ക് 'Ancient  Ancient  South  Indians' (AASI) എന്ന് വിളിക്കാം.) ഇറാനിയൻ കർഷക സമൂഹത്തിന്റെയും പിന്മുറക്കാരാണ്. അതുപോലെതന്നെ 'Ancient  North  Indians' (ANI) എന്നത് , 'AASI' യുടെയും, ഇറാനിയൻ കർഷക സമൂഹത്തിന്റെയും, സ്റെപ്പീ ഇടയ സമൂഹത്തിന്റെയും പിന് തലമുറയാണ് . ഇന്ത്യയിലെ ഇന്നത്തെ ജനങ്ങൾ എല്ലാ ജനസമൂഹങ്ങളും ഇപ്പറഞ്ഞതിന്റെ (ANI+ASI) ഏറിയും കുറഞ്ഞുമുള്ള അളവിൽ ഇവരുടെ സങ്കര പിൻഗാമികൾ ആണ്. 

BC-1900-നു ശേഷം ഹാരപ്പൻ നാഗരികതയുടെ തകർച്ചയിൽ, ആ സംസ്കാരത്തിന്റെ ഉടമകളും, അതിനെ നൂറ്റാണ്ടുകളോളം കൊണ്ടുനടന്നവരുമായ ജനസമൂഹം , ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. ഏറ്റവും കൂടുതൽ ഈ ഒഴുക്ക് ഉണ്ടായത് തെക്കോട്ടും, കിഴക്കോട്ടുമാണ്.

നമുക്ക് അറിയാം, ഏതാണ്ട് BC-2000  നും 1500-നും ഇടയിൽ , ഇന്നത്തെ കസാക്കിസ്ഥാൻ, താജികിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ സ്റെപ്പിയിൽനിന്നു ഇൻഡോ -ആര്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ വൻതോതിലുള്ള കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അടുത്ത കുറെ നൂറ്റാണ്ടുകൾക്കുള്ളിൽ വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇവരുടെ നല്ല സ്വാധീനം ഉണ്ടാകുകയും ചെയ്തു. ഈ സ്വാധീനം ഹാരപ്പൻ ജനങളുടെ ഭാഷയിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവും. അതോടൊപ്പം ഹാരപ്പൻ ജനങ്ങളുടെ നല്ല ഒരു ഭാഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധഭാഗങ്ങളിലേക്കു കുടിയേറിയതായും നാം കണ്ടു .

 

അങ്ങനെ ഒരു ഒഴുക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ , ഹാരപ്പൻ ജനങ്ങളുടെ ഭാഷ സംസ്കാരം എന്നിവക്ക് എന്ത് സംഭവിച്ചു ? ഇതിന്റെ അന്വേഷണമാണ് മുൻ IAS ഓഫീസറും, ചരിത്രകാരനും ശിലാലിഖിത വിദഗ്ധനുമായ ഇരാവതം മഹാദേവന്റെ ശിഷ്യനായ ശ്രീ. ബാലകൃഷ്ണൻ തന്റെ 'Journey of a Civilization: Indus to Vaigai’ എന്ന ഗ്രന്ഥത്തിലൂടെ നടത്തുന്നത്

BC-500  മുതൽ AD-ആദ്യ ശതകം വരെ നീളുന്ന സംഘം കൃതികളിൽ അവിടവിടെയായി ഹാരപ്പൻ ഓർമകളുടെ വിദൂര ചിത്രങ്ങൾ പരന്നുകിടക്കുന്നതായി അദ്ദേഹം പറയുന്നു. സംഘം കൃതികളിൽ ഒന്നായ 'അകനാനൂറിൽ'  വിശാലമായി നീണ്ടുകിടക്കുന്ന മരുഭൂമിയിലൂടെ, വിശപ്പുകൊണ്ട് അവശനായ ഒരു ഒട്ടകം തറയിൽ ചിതറിക്കിടക്കുന്ന എല്ലിന്കഷണങ്ങൾ ഭക്ഷിക്കുന്ന ഒരു കവിത ഉണ്ട് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. തെക്കേ ഇന്ത്യയിൽ അങ്ങനെ ഒരു മരുഭൂമിയുടെയും അതിൽ മാത്രം ജീവിക്കുന്ന ഒട്ടകത്തിന്റെയും ഒരു അറിവ് സംഘകാലത്തു ഉണ്ടാവണമെങ്കിൽ അത് ഹാരപ്പൻ വിദൂര സ്മരണ ആവാനേ വഴിയുള്ളൂ എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരം നിരവധി ചിത്രങ്ങൾ അദ്ദേഹം നിരത്തുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. (തുടരും).   

EARLY INDIANS - IV

 

മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെ നാലായി (Four  types) ആണ് തിരിക്കുന്നത്. ആദ്യത്തേത് മുൻപ് പറഞ്ഞതുപോലെ ഒരു സംഘം ഹോമോസാപ്പിയൻസ് 70,000  കൊല്ലങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ നിന്നും പുറപ്പെട്ടു ആയിരക്കണക്കിന് കൊല്ലങ്ങൾകൊണ്ട് ലോകത്തിൽ പലയിടങ്ങളിലായി കുടിയേറിയത്.

രണ്ടാമത്തേത് ഏറ്റവും അവസാനമായി നടന്ന 'glacial period' മായി ബന്ധപ്പെട്ടതാണ്. സൗരയൂധത്തോടൊപ്പമുള്ള ഭൂമിയുടെ സഞ്ചാരപഥത്തിന്റെ പ്രത്യേകതകൾകൊണ്ട് ഭൂമിയിലെ ചൂടിന് ഉണ്ടാവുന്ന വ്യതിയാനമാണ് ഇത്തരം മാറ്റങ്ങൾക്കു കാരണം. ഏറ്റവും അവസാനത്തെ glacial  period, 1,10,000 കൊല്ലങ്ങൾക്കുമുന്പ് ആരംഭിച്ചു 15000-12000 കൊല്ലങ്ങൾക്കു മുൻപ് അവസാനിച്ചതാണ്. ഭൂമിയിലെ ചൂട് കുറയുന്നതുമൂലം, ഉത്തരധ്രുവത്തിലേയും ദക്ഷിണധ്രുവത്തിലെയും മഞ്ഞുപാളികൾ വളർന്നു ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും മൂടുന്നതാണ് ഹിമയുഗം എന്നൊക്കെ പറയുന്നത്. ഈ പ്രതിഭാസം ഭൂമിയിലെ മനുഷ്യരെ പല ജനസംഖ്യ ഗ്രൂപ്പുകളായി തിരിയുന്നതിനും ചെറിയ വ്യത്യാസങ്ങളോടെ പരിണാമം പ്രാപിക്കുന്നതിനും ഇടയാക്കി. കഴിഞ്ഞ glacial  period-ന്റെ അവസാനം , ഏതാണ്ട് 12,000 കൊല്ലങ്ങൾക്കു മുൻപ് , ഭൂമി വീണ്ടും ചൂട് പിടിച്ചുതുടങ്ങിയപ്പോൾ രണ്ടാമത്തെ വലിയ കുടിയേറ്റം സംഭവിച്ചു. കാരണം അപ്പോഴേക്കും മനുഷ്യൻ കൃഷി സ്വായത്തമാക്കുകയും വൻതോതിൽ കൃഷി ചെയ്യുവാനും ആരംഭിച്ചു. ഇത് ജനസംഖ്യയിൽ വൻതോതിലുള്ള വളർച്ചക്ക് കാരണമാകുകയും, ആളുകൾ വിവിധയിടങ്ങളിലേക്കു കുടിയേറാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു.

2009-ലും 2013-ലും പുറത്തുവന്ന രണ്ടു പഠനങ്ങൾ, ഹാർവാർഡ് മെഡിക്കൽ സ്കൂളും , സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി ഹൈദരാബാദും ചേർന്ന് നടത്തിയ രണ്ടു  പഠനങ്ങൾ ആയിരുന്നു ഇത്. ഇത് ഒരുകാര്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നതായിരുന്നു. അതായത് ഇന്ത്യയിലുള്ള എല്ലാവരും  സങ്കരമാണ്, വിവിധ അളവിൽ, കൂടിയും കുറഞ്ഞും. ഏറ്റവും കുറഞ്ഞത് രണ്ടു ഗ്രൂപ്പുകളുടെ സങ്കരം. ഒന്ന് , ആദിമ ഇൻഡ്യാക്കാർ , അതായത് ആഫ്രിക്കയിൽനിന്നും കുടിയേറിയ മനുഷ്യർ. രണ്ടാമത്തേത് പടിഞ്ഞാറൻ യൂറേഷ്യ. (പടിഞ്ഞാറൻ യൂറേഷ്യ എന്നാൽ ഇന്നത്തെ ഇറാന്റെ ഭാഗങ്ങൾ , മധ്യ ഏഷ്യ, കൊക്കേഷ്യ എന്നിവ ഉൾപ്പെടും. യൂറോപ്പും ഏഷ്യയും ഉൾപ്പെടുന്ന ഭാഗം, അതായത് കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയിലുള്ള , അര്മേനിയ, അസർബൈജാൻ, ജോർജിയ, തെക്കൻ റഷ്യ എന്നിവ ഉൾപ്പെടുന്നതാണ് കൊക്കേഷ്യ).

അതായത്, ഇന്നത്തെ ഇന്ത്യക്കാർ, ആദിമ ഇന്ത്യക്കാരുടെയും പടിഞ്ഞാറൻ യൂറേഷ്യയിൽ നിന്നുമുള്ളവരുടെ ഒരു സങ്കരമാണ്. പക്ഷെ, ഇത് പലർക്കും അത്ര ദഹിക്കുന്നതായിരുന്നില്ല. കാരണം ഒറ്റ നോട്ടത്തിൽ അത് 'ആര്യന്മാരുടെ കുടിയേറ്റ സിദ്ധാന്തത്തെ ' പിന്തുണക്കുന്നതായിരുന്നു.  ഏതാണ്ട് നാലായിരം കൊല്ലങ്ങൾക്കുമുന്പ് മധേഷ്യയിൽനിന്നും കുടിയേറിയ ഇടയ സമൂഹമാണ് ഇവിടെ ഇൻഡോ-യൂറോപ്യൻ ഭാഷയും (സംസ്കൃതത്തിന്റെ ആദിമരൂപം),   അതിനൊപ്പമുള്ള ആചാര-അനുഷ്ട്ടാനങ്ങളും കൊണ്ടുവന്നത് എന്ന് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.  ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ Dr. ഡേവിഡ് റെയ്ച്ച (David  Reich ), 2018-ലെ തന്റെ 'Who we are and  how we got here' എന്ന പുസ്തകത്തിൽ ഇത് വിവരിക്കുന്നുണ്ട്. അങ്ങനെ, "ഈ പഠനങ്ങളുടെ നിഗമനങ്ങളെ തള്ളാതെയും എന്നാൽ നേരിട്ട് പറയാതെയും ഒരു കുറുക്കുവഴി കണ്ടെത്തി. അങ്ങനെ ഇന്ത്യയിലെ ഇന്നത്തെ ആളുകൾ രണ്ടു പഴയ ഗ്രൂപ്പുകളുടെ പിൻഗാമികൾ ആണ് ; Ancient South  Indians (ASI), 'Ancient  North  Indians' (ANI)"

ഈ ട്വിസ്റ്റ്, മാധ്യമങ്ങൾക്കു ഇഷ്ടംപോലെ വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. ഉദാഹരണത്തിന് ANI എന്നത് ഏകാത്മകമായ, ഒരു ജനസമൂഹമാണെന്നും പതിനായിരക്കണക്കിന് വര്ഷം മുൻപ് ഇവിടെത്തന്നെ ഉണ്ടായിരുന്ന ഒരു സമൂഹമാണെന്നും വ്യാപകമായ പ്രചാരണം ഉണ്ടായി.  പക്ഷെ പഠനം അർദ്ധശങ്കക്കിടയില്ലാതെ പറയുന്നത് ANI നിരവധി കുടിയേറ്റങ്ങളിലൂടെ ഉണ്ടായ സങ്കര സമൂഹമാണെന്നും , അതിൽ ചിലതു ഏതാണ്ട് 4000 വര്ഷം മാത്രം പഴക്കം ഉള്ളവയാണെന്നും എന്നാണ്. (തുടരും)