Saturday, 27 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (13- തുടര്ച്ച)


ലോകായതം

"അതുകൊണ്ട്, വിവേകശാലിയായ ഹേ, രാമാ, ഈ ലോകത്തിനപ്പുറം മറ്റൊന്നുമില്ല, നമ്മുടെ കന്മുൻപിലുള്ളതിൽ അങ്ങ് തീരുമാനമെടുക്കൂ, നമുക്ക് അജ്ജ്നാതമായതു വിട്ടുകളയുക"

രാമായണത്തിൽ, അയോധ്യാകാണ്ഡത്തിൽ വനവാസത്തിനു ഒരുങ്ങുന്ന രാമനെ പിന്തിരിപ്പിക്കാൻ ജാബാലിമുനി പറയുന്ന വാക്കുകളാണ് ഇത്. ജാബാലിയുടെ ഈ വാക്കുകൾ ‘നാസ്ത്തിക’മാണെന്നു അടുത്ത അധ്യായത്തിൽ വസിഷ്ട്ടൻ പറയുന്നുമുണ്ട്. 

അതുപോലെതന്നെ ബ്രഹുസ്പപതിയുടെ വാക്കുകൾ ശ്രദ്ധിക്കുക

"കല്പ്പിതം മോഹിതൈർ മന്ദൈർ, ദൈവം കിഞ്ചിന്ന വിദ്യതേ"

"മന്ദബുദ്ധികൾ ഭാവനയിൽ ഉണ്ടാക്കുന്ന ദൈവം എന്ന് ഒന്ന് നിലനില്ക്കുന്നില്ല"

പൗരാണിക ഭാരത ദർശനങ്ങൾ ഒന്നുംതന്നെ പ്രപഞ്ചത്തിനു വെളിയിൽ, പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ട് നില്ക്കുന്ന ഒരു ദൈവത്തെ സങ്കല്പ്പിക്കുന്നില്ല എന്ന് പ്രൊ. ദേബിപ്രസാദ് ചതോപാധ്യായ, കെ. ദാമൊദിരൻ തുടങ്ങിയ ഭാരതീയ പണ്ഡിതന്മാരും, മാക്സ് മുള്ളർ പോലുള്ള വൈദേശിക ചിന്തകന്മാരും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ ദർശനങ്ങളെ വിഭജിച്ചത്, അവ വേദങ്ങളുടെ പ്രാമാണ്യത്തം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അത് അംഗീകരിക്കുന്നവ ആസ്തികമെന്നും അല്ലാത്തവ നാസ്തികമെന്നും പറഞ്ഞു പോന്നു.

ആസ്തിക ദർശനങ്ങളായ ഷഡ്ദർഷനങ്ങൽ (സാംഖ്യം, യോഗം, മീമാംസ, ന്യായം, വൈശേഷികം, വേദാന്തം) എന്നിവയിലും നാസ്ത്തിക ദർശനങ്ങളായ ബൌദ്ധം, ജൈനം തുടങ്ങിയവയിലും, ആത്മീയം എന്ന തരത്തിൽ വ്യാഖ്യാനിക്കാവുന്ന ‘അതിഭൗതിക’ (Metaphysical) നിഗമങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയില്നിന്നെല്ലാം വ്യത്യസ്തമായ ഒരു പുരാണ ഭാരതീയ ദർശനമാണ് ‘ലോകായതം’ അല്ലെങ്കിൽ ‘ചാർവാകം’ എന്നു അറിയപ്പെടുന്ന ദര്ശനം. ലക്ഷണമൊത്ത ഒരു ഭാരതീയ ഭൌതിക വാദമാണ് ലോകായതം. ഡോ. രാധാകൃഷ്ണൻ പറയുന്നതുപോലെ "ഭൌതികവാദത്തിനു തത്വ ശാശ്ത്രത്തോളം തന്നെ പഴക്കം ഉണ്ട്".

ഋക് വേദകാലത്ത് ജീവിച്ചിരുന്ന ബ്രഹുസ്പ്പതിയാണ് ലോകായതത്തിന്റെ ഉപജ്ഞാതാവ് എന്ന് കരുതിപോരുന്നു. ഭൃഗു മഹർഷിയാണ് മറ്റൊരു പ്രമുഖ ഭൗതികവാദി. അരവിന്ദ ഘോഷ് അദ്ദേഹത്തിൻറെ ഒരു പ്രഖ്യാപനം ഉദ്ധരിക്കുന്നു "ഭൌതിക പദാർഥം ശാശ്വതമാണ്, ജീവജാലങ്ങൾ ജനിക്കുന്നത് ഭൌതിക പദാർഥങ്ങളിൽ നിന്നുമാണ്. ഭൌതിക പദാർഥത്തിന്റെ സഹായത്തോടെ അത് നില നില്ക്കുന്നു. ഭൌതിക പദാർധത്തിലെക്കു അത് തിരിച്ചു പോവുകയും ചെയ്യും"

വേദാന്തത്തിന്റെ ആധികാരിക ഗ്രന്ഥമായ ബ്രഹ്മസൂത്രത്തിന്റെ കര്ത്താവായ സാക്ഷാൽ വേദവ്യാസൻ പോലും പലപ്പോഴും വ്യക്ത്തമായ ഭൗതികവാദം പറയുന്നത് നമുക്ക് പലയിടങ്ങളിലും കാണാൻ സാധിക്കും. മഹാഭാരതം ശാന്തിപർവത്തിൽ ബലി ഇന്ദ്രനോട് പറയുന്നത് ഇത്തരം ഒരു അവസരമാണ്.

“ജീവിതം ച ശരീരം ച ജാത്യ വൈ സഹജായതെ
ഉഭെ സഹ വിവർധെതെ ഉഭെ സഹ വിനശ്യത:
ഭൂതാനാം നിധിനം നിഷ്ടാ സ്രോത സാമീവ സാഗര:
നൈതത് സമ്യഗീജാനന്തോ നാരാ മുഹ്യന്തി വജ്രധ്യാൽ “

"ജീവനും ശരീരവും സ്വാഭാവീകമായി തന്നെ ഒന്നിച്ചു വളരുന്നു, ഒന്നിച്ചു നശിക്കുന്നു. എല്ലാ നദികളുടെയും അവസാന സങ്കേതം സമുദ്രമാണ്. അതുപോലെ എല്ലാ ജീവികളുടെയും അവസാന സങ്കേതം മരണമാണ്. ഇത് മനസ്സിലാക്കുന്നവർക്ക് അമ്പരപ്പ് ഒന്നും ഉണ്ടാവുന്നില്ല"

ഇത് കാണിക്കുന്നതു ഭൌതിക വാദ ചിന്തകൾക്ക് അക്കാലത്തുണ്ടായിരുന്ന സ്വീകാര്യതയാണ്. 

ബ്രഹുസ്പതിയുടെ ശിഷ്യനാണ് ചാർവാകൻ എന്നാണ് കരുതുന്നത്. ലോകായതത്തെപ്പറ്റി പതഞ്‌ജലി, ഭാസ്കരാചാര്യർ, ചാണക്യൻ തുടങ്ങിയവർ വിശദമായി പരാമർശിക്കുന്നുണ്ട്. മിക്കതും നിശിത വിമർശനങ്ങൾ ആണ്. ബ്രഹസ്പതിയുടെ ഒരു ഗ്രന്ഥം പോലും നമുക്ക് കണ്ടു കിട്ടിയിട്ടില്ല. മിക്കവാറും മുഴുവനും നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് നിഗമനം. അതുകൊണ്ട് അതിന്റെ വിമർശകരിൽനിന്നു വേണം ലോകായതത്തെപ്പറ്റി ധാരണകൾ ഉണ്ടാക്കാൻ.     

“യാവത് ജീവേത് സുഖം ജീവേത്, താവത് വൈഷയികം സുഖം
ഭാസ്മീ ഭൂതസ്യ ദേഹസ്യ, പുനരാഗമനം കുത:”

"എത്രകാലം ജീവനുണ്ടോ അത്രയും കാലം സുഖമായി ജീവിക്കുക, വിഷയ സുഖം അല്ലാതെ മറ്റെന്തു സുഖം ഉണ്ട്? ഈ ദേഹം ഭസ്മമാകുമല്ലൊ, പിന്നെങ്ങനെ തിരിച്ചു വരും?"

ലോകായതത്തിന്റെ നിലപാട് ഇതാണു എന്നാണ് വിമര്ശനം.

നിലവിലുണ്ടായിരുന്ന സാമൂഹ്യമൂല്യങ്ങൽക്കെതിരെ ചാർവകന്മാർ ശക്ത്തിയായി പ്രതികരിച്ചിരുന്നു എന്ന് വ്യക്തം. മാത്രമല്ല, വേദത്തിന്റെ ആധികാരികതയും അവർ അംഗീകരിച്ചിരുന്നില്ല. ലോകായതത്തിന്റെ ഉള്ളടക്കം ചുരുക്കത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. 

ലോകായതം മാത്രമാണു ശാസ്ത്രം. പ്രത്യക്ഷം മാത്രമാണു പ്രമാണം. ഭൂമി, ജലം, അഗ്നി, വായു എന്നിവയാണു മൂല തത്വങ്ങൾ. ഭൌതിക പദാർത്ഥത്തിന്റെ സൃഷ്ട്ടിയാണ് മനസ്സ്, സുഖിക്കലാണ് ജീവിതത്തിന്റെ ലക്‌ഷ്യം. പരലോകം എന്നൊന്നില്ല, മരണമാണ് മോക്ഷം. ലോകൊൽപ്പത്തിക്ക് ഒരു സൃഷ്ട്ടികർത്താവിന്റെ ആവശ്യം ഇല്ല. ഭൂമി തുടങ്ങിയ മൂല പദാർഥങ്ങൾ കൊണ്ടാണ് ഈ പ്രപഞ്ചം നിര്മിചിരിക്കുന്നത്. ആകാശം പ്രത്യക്ഷ ജ്ഞാനത്തിനു വിധേയം അല്ല അതുകൊണ്ട് അത് മൂല പദാർധമല്ല.    

ഭാരതീയ ചരിത്രത്തിൽ ലോകായതന്മാർ പുരോഗമനപരമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് ശരിയായിരിക്കാം. എന്നാൽ അത് ആശാസ്ത്ട്രീയവും, അപരിഷ്ക്രുതവുമായ ഒരു ഭൌതിക ശാസ്ത്രം ആയിരുന്നു. എതിര്പ്പുകളെ യുക്തി യുക്തം നേരിടാൻ അതിനു കഴിഞ്ഞില്ല. അചേതനങ്ങളായ വസ്തുക്കളെ കൂട്ടിച്ചേർത്താൽ, ചേതന ഉണ്ടാവുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ അതിനു കഴിഞ്ഞില്ല. ചേതന നശിച്ചതിനുശേഷവും ശരീരം നിലനില്ക്കുന്നില്ലേ എന്ന ചോദ്യത്തെ ഭലപ്രദമായി നേരിടാൽ അതിനു കഴിഞ്ഞില്ല. 


ലോകായതത്തെയും പൌരോഹിതത്തെയും ഒരുപോലെ എതിര്ത്ത ജൈന ബുദ്ധ ദർശനങ്ങൾക്ക് ആണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത്. അതുപോലെതന്നെ മനസ്സിന്റെ സൂക്ഷ്മ ഭാവങ്ങളെ കൂടുതൽ നന്നായി വിശകലനം ചെയ്യാൻ ശ്രമിച്ച സാംഖ്യം, വൈശേഷികം തുടങ്ങിയ ദർശനങ്ങൾക്കും ലൊകായതത്തെക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചത് ലോകായതത്തെ ഏതാണ്ട് വിസ്മൃതിയിൽ തള്ളിക്കളഞ്ഞു (തുടരും).    


Thursday, 25 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (12- തുടര്ച്ച)


വൈശേഷികം

കാര്യം കാരണത്തിൽ അടങ്ങിയിരിക്കുന്നു എന്നാണല്ലോ സാംഖ്യത്തിന്റെ വാദം. വൈശേഷികന്മാർ അതിനോട് യോജിക്കുന്നില്ല. കാര്യം കാരണത്തിലല്ല, പിന്നെയോ ഓരോ കാര്യവും പുതുതായി ഭവിക്കുകയാണ് ചെയ്യുന്നതെന്നാണ് വൈശേഷികത്തിന്റെ വാദം.

കണാദന്റെ അഭിപ്രായത്തിൽ, ഒൻപതുതരം ദ്രവ്യങ്ങൽകൊണ്ടാണ് ഈ ലോകം നിർമിച്ചിരിക്കുന്നത്‌. അവ ശബ്ദ-സ്പർശ-രസ-ഗന്ധങ്ങൾ കൊണ്ട് അറിയാൻ കഴിയില്ലെങ്കിലും നിരീക്ഷകന്റെ മനസ്സുകൊണ്ട് അറിയാൻ കഴിയും. നിരീക്ഷകനാണ് ഈ ലോകത്തിന്റെ കേന്ദ്രം.

“പൃഥിവ്യാപ്തെജോ  വായുരാകാശം കാലോ ദിഗാത്മൻ ഇതി ദ്രവ്യാണി”

അതായത് പ്രുധ്വി, അപ് (ജലം), അഗ്നി, വായു, ആകാശം (സ്പേസ്),  കാലം,  ദിക്ക് ആത്മാവ് (self), മനസ്സ് ഇവയാണ് ദ്രവ്യങ്ങൾ. ഇവയിൽ ആദ്യത്തെ നാലെണ്ണം നാലുതരം അണുക്കൾ ആകുന്നു. മറ്റുള്ളവ പദാർഥങ്ങളും. ഓരോ വസ്തുവും അതിന്റെ വിവിധ ഭാഗങ്ങൾ കൂടിചെർന്നുണ്ടായതാണ്.  വസ്തുക്കളിൽ നിന്നും ഭാഗങ്ങളെ വേർതിരിക്കാൻ കഴിയും.   ഓരോ വസ്തുവിനെയും ചെറിയ ചെറിയ ഭാഗങ്ങളായി വേര്തിരിക്കാം.  ഓരോരോ ചെറുയ ഭാഗത്തെയും വീണ്ടും കൂടുതൽ ചെറിയ ഭാഗങ്ങൾ ആക്കാം.  അങ്ങനെ ഭാഗിച്ചു ഭാഗിച്ചു ഇനിയൊട്ടും ഭാഗിക്കാൻ വയ്യ എന്ന് എത്തുമ്പോൾ അതിനു പരമാണു എന്ന് പറയുന്നുഭൌതിക സത്തയുടെ ഏറ്റവും സൂക്ഷ്മവും അവിഭാജ്യ ഘടകവുമാണിത്. പരമാണുവിൽ നിന്നങ്ങോട്ട്വിഭജനം ഇല്ല. പരമാണുക്കളാണു പ്രപഞ്ചത്തിന്റെ അടിസ്ഥാനം.

കൂടി ചേരാനുള്ള   വാസന പരമാണുവിന്റെ സഹജവാസനയാണ്. രണ്ടു പരമാണുക്കളുടെ സംയോഗത്തിൽ ഒരു ദ്വുണകം ഉണ്ടാകുന്നു. രണ്ടു ദ്വുണകങ്ങൾ ചേർന്ന് ത്രുണുകങ്ങൽ ഉണ്ടാകുന്നു. നാല് ത്രുണുകങ്ങൽ ചേർന്ന് ചതുരണങ്ങൽ ഉണ്ടാകുന്നു. ചതുരണങ്ങൽ ചേർന്ന് പലതരം വസ്തുക്കൾ ഉണ്ടാകുന്നു. പ്രാഥമിക ഘടകങ്ങളായ അണുക്കൾ നിത്യങ്ങളും, അവിഭാജ്യങ്ങളും അനശ്വരങ്ങളുമാണു. വൈശേഷികന്മാർ ബ്രഹ്മത്തെ   പ്രപഞ്ചത്തിന്റെ മൂലകാരണമായി അംഗീകരിക്കുന്നില്ല. ഒറ്റക്കൊറ്റക്ക്‌, സ്വതന്ത്രമായി നില്ക്കുന്ന പരമാണുക്കളുടെ ചലനത്തിന്റെ പ്രചോദന ശക്ത്തി എന്താണെന്നും കണാദൻ അന്വേഷിക്കുന്നുണ്ട്. അത് അദൃഷ്ട്ടം എന്ന ആന്തരിക ശക്ത്തിയാണ്. ഗമനം, നിർഗമനം, ഗ്രഹണം, സംക്രമം, സംയോഗം തുടങ്ങിയവ അദൃഷ്ട്ടം മൂലം സംഭവിക്കുന്നതാണ്.

പ്രപഞ്ചത്തിന്റെ പരമാണു ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ഡെമൊക്രിട്ടസിന്റെ നേട്ടമായിട്ടാണ് ലോകം അറിയുന്നത്. എന്നാൽ ബി സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡെമൊക്രിട്ടസിനു ഏതാണ്ട് രണ്ടു നൂറ്റാണ്ടിനു മുൻപ് ഇന്ത്യയിൽ ഇത് നിലനിന്നിരുന്നു എന്ന് പല പണ്ഡിതന്മാരും, വില്യം ഫ്ലെമിംഗ്, മാര്ക്സ് മുള്ളർ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാർ അടക്കം, അഭിപ്രായപ്പെടുന്നു.

ഒറ്റക്കുള്ള പരമാണുക്കൾ ദൃഷ്ട്ടി ഗോചരമല്ല, ദ്വുണുകത്തിന്റെ അല്ലെങ്കിൽ ത്രുണുകത്തിന്റെ വലുപ്പം എത്തുന്നതുവരെ അവ ഗോചരങ്ങൾ അല്ല എന്ന് കണാദൻ പറയുന്നു. ഇത്തരം ഒരു സങ്കല്പം ഗ്രീക്ക് പരമാണു വാദികളിൽ കണ്ടിട്ടില്ലെന്ന് മാര്ക്സ് മുള്ളർ അഭിപ്രായപ്പെടുന്നു.

കണികാശാസ്ത്രത്തിലെ ആധുനിക നിഗമനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ആറ്റത്തിന്റെ അടിസ്ഥാനപരമായ വര്ക്കിംഗ് അറേഞ്ച്മെന്റ് മോളിക്യൂളിന്റെ രൂപത്തിലാണ്. രണ്ടോ അതിലധികമോ അറ്റമുകൾ ചേരുന്നതാണ് മോളിക്യൂൾ (ഉദ്ദാഹരണമായി രണ്ടു ഹൈട്രജെൻ ആറ്റമുകൾ ചേര്ന്നാണ് ഒരു ഹൈട്രജെൻ മോളിക്യൂൾ ഉണ്ടാവുന്നത്).  (കണാദന്റെ ദ്വുണ്കങ്ങളും ത്രുണുകങ്ങളും).  നഗ്ന നേത്രങ്ങൾ കൊണ്ട് അവയെ കാണാൻ കഴിയില്ല. ശക്ത്തിയേറിയ സൂക്ഷ്മ ദർശനിയിൽ കൂടിപോലും വളരെ ഉയര്ന്ന നിലയിലുള്ള മോളിക്യൂളിനെ മാത്രമേ കാണാൻ സാധിക്കു. വലുപ്പം മാത്രമല്ല അതിനു കാരണം, മോളിക്യൂളുകൾ ഉണ്ടാവുന്നത് വിവിധതരം ആറ്റം ബോണ്ടിംഗ് വഴിയാണു. ഇത്തരം ബോണ്ടിങ്ങുകൾ ഒരു സൂക്ഷ്മ ദര്ശിനിയുടെ ഇടപെടലിന് മുന്നില് പലപ്പോഴും പിടിച്ചുനിക്കാൻ കഴിയാതെയാവുന്നു.        

 മഹാനായ റിച്ചാര്ഡ് ഫൈന്മാൻ ഒരിക്കൽ പറയുകയുണ്ടായി, നിങ്ങള്ക്ക് ഇതുവരെയുള്ള ശാസ്ത്ര പുരോഗതിയെ ഒറ്റ വാചകത്തിൽ പറയണമെങ്കിൽ അത് എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത്ആറ്റമുകൾ കൊണ്ടാണ് എന്നുള്ള കണ്ടുപിടുത്തം എന്നാണെന്നാണ്.

അവ എല്ലായിടത്തും ഉണ്ട്, എല്ലാത്തിലും ഉണ്ട്. അവ ചിരംജ്ജീവികളാണു. നമ്മിലുള്ള ബഹുഭൂരിപക്ഷം അണുക്കളും നിരവധി നക്ഷത്ത്രങ്ങളിലൂടെ കടന്നുവന്നതും, നിരവധി ചേതനാചേതനങ്ങളായ ശരീരത്തിലൂടെ സഞ്ചരിച്ചതുമാണ്. നമ്മിലുള്ള എത്രയോ ആറ്റമുകൾ, ഒരു പക്ഷെ, ബുദ്ധന്റെയോ കാളിദാസന്റെയൊ ശരീരത്തിൽ ഉണ്ടായിരുന്നിരിക്കാം. അർഥത്തിൽ നാമൊക്കെ ആരുടെയൊക്കെയോ അവതാരങ്ങൾ ആണ്.

നാം മരിച്ചുകഴിയുമ്പോൾ, നമ്മുടെ ശരീരത്തിലുള്ള അണുക്കൾ വിഘടിച്ചു മറ്റെന്തൊക്കെയോ ആയിത്തീരുന്നു.    അത് അങ്ങനെ നിദാന്തമായി, അനന്ത കാലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ആറ്റം എത്ര കാലം നിലനിൻല്ക്കുമെന്നു ആര്ക്കും അറിയില്ല. ചില കണക്കുകൂട്ടലുകൾ പറയുന്നത് ഒരുപക്ഷെ 10^35 വര്ഷം ആയുസ്സ് ഉണ്ടായിരിക്കണം എന്നാണു.            

എന്നാൽ വലുപ്പമോ നമ്മുടെ ഭാവനയിൽ പോലും സങ്കല്പ്പിക്കാൻ കഴിയില്ല. നമുക്ക് ഒരു മില്ലീ മീറ്ററിൽ തുടങ്ങിനോക്കാം. ഇനി, അതിനെ ആയിരം ഭാഗങ്ങളായി വിഭജിച്ചതായി സങ്കല്പ്പിക്കുക. അങ്ങനെ കിട്ടുന്ന ഒരു ഭാഗം ആണ് ഒരു മൈക്രോൺ. അവിടെയാണ് നമ്മുടെ   കീടാണുക്കളുടെ ലോകം. ശുദ്ധജലത്തിൽ ജീവിക്കുന്ന ഒറ്റസെൽ ജീവിയായ 'പാരമെസിയം' എന്നൊരു ജീവിയുണ്ട്. ഏതാണ്ട് രണ്ടു മൈക്രോൺ ആണ് അതിന്റെ വലുപ്പം. നിങ്ങള്ക്ക് അതിനെ നഗ്ന നേത്രങ്ങൾ കൊണ്ട്, ഒരു തുള്ളി വെള്ളത്തിൽ അത് നീന്തുന്നത് കാണണമെങ്കിൽ, ഒരു തുള്ളിവെള്ളം ഏതാണ്ട് പന്ത്രണ്ടു മീറ്റർ വലുപ്പത്തിൽ നിങ്ങൾ വികസിപ്പിക്കെണ്ടിവരും


ഇനി ഒരുതുള്ളിയിലെ ഒരു ആറ്റം കാണണമെങ്കിൽ തുള്ളി നിങ്ങൾ 24 കിലോമീറ്റർ വലുപ്പത്തിൽ വികസിപ്പിക്കെണ്ടിവരും. സങ്കല്പ്പത്തിനും അപ്പുറം ആണത്.  ഇത് ന്യൂട്ടൊണിയൻ ലോകത്തിലെ ആറ്റത്തിന്റെ ചരിത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നാംകണ്ട’ ആറ്റം, ഇപ്പോഴുംകാണുന്ന’ ആറ്റം, ഇങ്ങനെയൊന്നും പറയാവുന്ന ഒന്നല്ല. നമുക്ക് അത് വഴിയെ കാണാം (തുടരും)  


Thursday, 18 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (11- തുടര്ച്ച)


എന്താണു ബോധം? ഏറ്റവും ലളിതമായി ചിന്തിച്ചാൽ താൻ ഉണ്ട് എന്നുള്ള അവബോധത്തോടൊപ്പം മറ്റുള്ളതും ഉണ്ട് എന്ന അറിവാണ്. ജൈവ പ്രകൃതിയിൽ ഏറ്റവും ഉയര്ന്ന തലത്തിൽ അത് മനുഷ്യനിൽ നിലനിൽക്കുമ്പോൾ, അളവിലും ഗുണത്തിലും അൽപ്പീഭവിചു,   താഴോട്ടു താഴോട്ടു, ഏകകോശ ജീവിവരെയോ അതിലും താഴേക്കോ, അത് പോകുന്നത് കാണാൻ കഴിയും. മനുഷ്യനിൽ അത് അവബോധമെന്നു നാം പറയുമ്പോൾ, ഒരു ഉറുമ്പിലോ, അതോപോലുള്ള ജീവികളിൽ ജന്മവാസന, സഹജവാസന എന്നൊക്കെ നാം അതിനെ വിളിക്കുന്നു. ഇനി അതിലും താഴേക്കു ഒരു സെല്ലിന്റെ തലത്തിലേക്ക് എത്തുമ്പോൾ നാം അതിനെ ഒരു യാന്ത്രിക പ്രവര്ത്തനമെന്നു വിളിക്കുന്നു.

എന്തായാലും, അത് നിർമിക്കപ്പെടുന്നത് ‘സ്വയമായും’ ‘അങ്ങോട്ടും-ഇങ്ങോട്ടു’മുള്ള ഒരു പാരസ്പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. (Self and mutual interaction). ക്ലാസ്സിക്കൽ ഫിസിക്സിന്റെ ഭാഷയിൽ ഇത്തരം പാരസ്പര്യങ്ങൾ എല്ലാം ഒരുതരം ബലമാണ്‌ (ഫോർസ്‌), ഉദ്ദാഹരണമായി വൈദ്യുത-കാന്തിക ബലം, ഗുരുത്വ ബലം (Gravity Force), തീവ്ര ആറ്റമിക് ബലം (strong Nuclear Force), നേർത്ത ആറ്റമിക് ബലം (Weak Nuclear Force) എന്നിങ്ങനെ. ഇവയാണ് പ്രപഞ്ചത്തിലെ അടിസ്ഥാന ബലം എന്നാണു നാം മനസ്സിലാക്കുന്നത്. ഇവയെ എല്ലാം ഒരു സമവാക്യത്തിനുള്ളിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. നാം അറിയുന്ന ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത്തരം പാരസ്പര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണാൻ കഴിയും.

ക്വാണ്ടം ഫീല്ഡ് തിയറിയിൽ എല്ലാത്തരം പാരസ്പര്യങ്ങളും ബലം (ഫോർസ്‌) ആയല്ല മറിച്ചു ഏതെങ്കിലും ഒരു കണികയുടെ പരസ്പര കൈമാറ്റം ആയിട്ടാണ് കണക്കാക്കുന്നത്. സാധാരണഗതിയിൽ ഒരു ഫോട്ടോൺ ആയിരിക്കും, മറ്റു പലപ്പോൾ ഒരു സാങ്കല്പ്പിത ഫൊട്ടൊണും (virtual photon).  

സബ് അറ്റൊമിക് തലത്തിലും (ക്വാണ്ടം എലെക്ട്രോ ഡയ്നമിക്സ്) ഇത്തരം പാരസ്പ്പര്യങ്ങൾ നിലനില്ക്കുന്നുണ്ട്. ഉദ്ദാഹരണമായി ഒരു എലെക്ട്രോൺ എല്ലായിപ്പോഴും ഒരു സാങ്കല്പ്പിക ഫോട്ടോൺ (virtual photon) വികിരണം ചെയ്യുകയും ഒരു പ്ലാങ്ക് സമയത്തിനുള്ളിൽ അത് തിരിച്ചു ആഗീരണം ചെയ്യുകയും ചെയ്യുന്നു. (1.6 x 10^-35 മീറ്റർ ആണു ഒരു പ്ലാങ്ക് ദൂരം. അത്രയും ദൂരം പ്രകാശം സഞ്ചരിക്കാൻ എടുക്കുന്ന സമയമാണ് പ്ലാങ്ക് സമയം). ഈ പ്രവര്ത്തി സ്വയം പാരസ്പ്പര്യം ചെയ്യലാണ് (self-interaction). ഒരു പരസ്പര പാരസ്പ്പര്യത്തിൽ (mutual Interaction) എലെക്ട്രോൺ വികിരണം ചെയ്യുന്നത് ഒരു യധാര്ത്ത ഫോട്ടോൺ ആയിരിക്കും മറ്റൊരു സബ് ആറ്റമിക് കണിക (സാധാരണഗതിയിൽ ഒരു പ്രോട്ടോൺ) അത് ആഗീരണം ചെയ്യുകയും ചെയ്യും ഒപ്പം വേറൊരു കണികയെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ പ്രപഞ്ചത്തിൽ, സബ് ആറ്റമിക് ലോകത്തിൽ, നിരന്തരം നടക്കുന്ന ഒരു പ്രക്രിയ ആണിത്, നിരന്തര സൃഷ്ട്ടിയും സംഹാരവും.

ശാസ്ത്രീയ ഭൗതികവാദത്തിൽ (Scientific materialism), ബോധം എന്നത് തലച്ചോർ എന്ന ബയോളജിക്കൽ കണക്കുകൂട്ടൽ യന്ത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉല്പ്പന്നം മാത്രമാണ്. ഇതാവട്ടെ ഏതാണ്ട് അന്പതുകോടി കൊല്ലങ്ങല്കൊണ്ട് പ്രകൃതി നിര്ധാരനത്തിലൂടെ കൈവരിച്ച ഒരു കഴിവുമാത്രമാണ്. പാശ്ചാത്യ ശരീര ശാസ്ത്രത്തിൽ, മനസ്സിന്റെ പ്രവര്ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് ബോധം. അത് ഉയര്ന്ന ജീവി വർഗ്ഗങ്ങളിൽ മാത്രം നിലനില്ക്കുന്നു. മനുഷ്യൻ കഴിഞ്ഞാൽ ഒരുപക്ഷെ, ബോധം എന്ന അവസ്ഥ, ചിമ്പാൻസികളിൽ മാത്രം കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്.   മനസ്സാവട്ടെ തലച്ചോറിൽ നടക്കുന്ന എലെക്ട്രോ കെമിക്കൽ പ്രവർത്തനങ്ങളിലൂടെ, തലച്ചോറിലെ സിനാപ്റ്റിക് കേന്ദ്രങ്ങളിൽ നടക്കുന്ന കണക്കുകൂട്ടലുകളിലൂടെ ഉണ്ടാവുന്ന ഒരു അഭൌതിക പ്രതിഭാസവും.

സാമാന്യ ബുദ്ധി വച്ച് അങ്ങനെയൊക്കെ ചിന്തിക്കാനുള്ള തെളിവുകളും ദൈനംദിന ജീവിതത്തിൽ നമ്മുടെ മുന്നിൽ ഉണ്ട്.  അമിതമായി മദ്യം കഴിക്കുന്ന ഒരാൾക്ക്‌ കൃത്യമായി ചിന്തിക്കാൻ കഴിയാത്തത് നല്ലൊരു ഉദ്ദാഹരണമാണു. നമുക്ക് ആളുകളുടെ തലച്ചോറിലെ വൈദ്യുത പ്രവർത്തനങ്ങളെ അളക്കാൻ കഴിയും, തലച്ചോറിലെ വിവിധ ഭാഗങ്ങളുടെ പ്രവര്ത്തനങ്ങളും തത്തുല്യമായ ശാരീരിക പ്രവർത്തനങ്ങളുമായി നമുക്ക് താരതമ്യ പഠനം നടത്താൻ കഴിയും. തലച്ചോറിൻറെ വിവിധ കേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് അതിന്റെ പ്രതികരണങ്ങളെ നമുക്ക് പഠിക്കാൻ കഴിയും, തലച്ചോറിൻറെ ചില ഭാഗങ്ങളെ വേര്പെടുത്തി നിറുത്തി അതിന്റെ പ്രത്യാഘാതം പഠിക്കാൻ കഴിയും. ഈ തെളിവുകളെല്ലാം തലച്ചോറും ചിന്തയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തെളിയിക്കുന്ന ഒന്നാണ്. എന്നാൽ ഇതെല്ലാം, തലച്ചോർ തന്നെയാണു ഇവയെല്ലാം ഉത്പാദിപ്പിക്കുന്നെതിലുള്ള യധാര്ത്ത തെളിവുകൾ ആവുന്നുണ്ടോ? നിങ്ങൾ ഒരാളുടെ സംസാരം ശ്രദ്ധിക്കുമ്പോൾ നിങ്ങളുടെ തലച്ചോറിൻറെ 'റ്റെമ്പൊരൽ ലോബ്' എന്ന സ്ഥാനത്തു   ഒരു എലെക്ട്രോ കെമിക്കൽ പ്രവര്ത്തനം അളക്കാൻ കഴിയും. അതിനര്ധം നിങ്ങളുടെ റ്റെമ്പൊരൽ ലോബ് ആണ് ആ ശബ്ദം നിര്മിക്കുന്നത് എന്നാണോ ? ഒരിക്കലുമല്ല. അത് ഒരു ആപേക്ഷിത ബന്ധം മാത്രമേ ആവുന്നുള്ളൂ, കാര്യകാരണബന്ധം ആവുന്നില്ല. ടെലിവിഷനും റേഡിയോയും പ്രവർത്തിക്കുന്നുണ്ടല്ലോ, നാം കാണുന്ന അഥവാ കേൾക്കുന്ന അതിന്റെ ഉള്ളടക്കം സൃഷ്ട്ടിക്കപ്പെടുന്നത് മറ്റെവിടെയോ ആണല്ലൊ. ടെലിവിഷനിൽ ആണെങ്കിലും, റ്റെലെഫൊണിൽ ആണെങ്കിലും അതിന്റെ ഉള്ളിലെ വൈദ്യത പ്രവർത്തനങ്ങളെ നമുക്ക് അളക്കാനും കഴിയുന്നുണ്ടല്ലോ.   

ഇരുപത്തി അഞ്ചോ അൻപതോ കൊല്ലങ്ങൽക്കകം ബോധപൂർവം ചിന്തിക്കുന്ന കമ്പ്യൂട്ടറുകൾ നിർമിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

എന്നാൽ ഈ പ്രതീക്ഷകളും പ്രവചനങ്ങളും എത്രമാത്രം യാധാര്ത്യമായി ചേർന്ന് പോകും എന്ന് ചില കണക്കുകൂട്ടലുകളും നടത്തിയിട്ടുണ്ട്. ഇന്നത്തെ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപരവും സ്മൂലവുമായ മാറ്റം സംഭാവിക്കാത്തിടത്തോളം അത് കഴിയുമെന്നു ആരും പ്രതീക്ഷിക്കുന്നില്ല. 

ഒരുപക്ഷെ മനുഷ്യന്റെ തലച്ചോറിനെ അതേപടി അനുകരിക്കുന്ന ഒരു കംപ്യുട്ടർ നിര്മിച്ചുവെന്നിരിക്കട്ടെ, അത് ഇന്ന് ലോകത്തിൽ നിലവിലുള്ള ഏറ്റവും ശക്ത്തിയുള്ള സൂപ്പർ കമ്പ്യൂട്ടറിനേക്കാൾ 20,000 മടങ്ങ്‌ ശക്ത്തിയുള്ളതായിരിക്കണം ലോകത്തെ മൊത്തം ഇന്റർനെറ്റ്‌ വിവരങ്ങൾ സംഭരിച്ചിരിക്കുന്നതിന്റെ 5000 മടങ്ങ് സംഭരണശേഷി അതിനുണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞത്‌ ഒരു 100 കോടി വാട്ട് ഊര്ജ്ജം വേണ്ടിവരും അതിന്. അത്തരം ഒരു കമ്പ്യൂട്ടർ പ്രവര്ത്തിക്കുംപോഴുണ്ടാവുന്ന ചൂട് തണുപ്പിക്കാൻ നൈൽ നദിയിലെ അത്ര വെള്ളം വേണ്ടിവരും. 

എന്നാൽ ഒരാളുടെ തലച്ചോർ വെറും 20 വാട്ട് ഊര്ജ്ജം കൊണ്ട് പ്രവര്ത്തിക്കുന്നു. തീര്ത്തും നിസ്സാരമായ ചൂട് മാത്രമാണ് അത് ഉല്പ്പാദിപ്പിക്കുന്നത്. എന്നാൽ അതിന്റെ ഉൽപ്പന്നമോ, ലോകത്തിലെ ഒരു കമ്പ്യൂട്ടറിനും കഴിയാത്ത നിലയിലുള്ളതും. 

ബോധം സൃഷ്ട്ടിക്കുന്നത് നമ്മുടെ തലച്ചോർ ആണെന്നുള്ള ഭൌതികവാദ കാഴ്ചപ്പാട് തീര്ച്ചയായും സാമാന്യം ഭേദപ്പെട്ട ഒരു മോഡൽ ആണ്. വസ്തുക്കൾ സ്ഥലത്തിലൂടെ സഞ്ചരിക്കുന്നതിനെ ന്യൂട്ടൊണിയൻ ഭൌതിക ശാസ്ത്രം എത്രമാത്രം ഭേദപ്പെട്ട രീതിയിൽ വിശ്ദീകരിച്ചുവോ അങ്ങനെതന്നെ ഇതും പ്രയോജനകരമാണ്. എന്നാൽ പ്രകാശവേഗത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെ നിര്വചിക്കാൻ അത് പര്യാപ്ത്തമല്ല എന്ന് കണ്ടതുകൊണ്ടാണ് പുതിയൊരു ശാസ്ത്രീയ വിശദീകരണത്തിനു പ്രചോദനം ഉണ്ടായത്.  അതുപോലെ ബോധത്തിന്റെ വിവിധ വശങ്ങളെ ഫലപ്രദമായി നിര്വചിക്കാൻ ഈ മോഡൽ മതിയാവില്ല എന്നാണു ഇന്ന് നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

വിശാലമായ ഒരു കാഴ്ചപ്പാടിലൂടെ പരിശോധിച്ചാൽ ബോധത്തെ മൂന്നു നിലയിൽ മനുഷ്യൻ നിര്വചിക്കാൻ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.

ഒന്ന്, മുൻപ് പറഞ്ഞതുപോലെ ശാസ്ത്രീയ ഭൗതികവാദത്തിന്റെ കാഴ്ചപ്പാട്. അതായത് പരിണാമത്തിന്റെയും പ്രകൃതി നിർധാരണത്തിന്റെയും ഫലമായി തലച്ചോറിൽ നിന്നുണ്ടാവുന്ന ഒരു ഉല്പ്പന്നം.

രണ്ട്, ബോധമാണ് അടിസ്ഥാന സത്യം, മറ്റുള്ളവയൊക്കെ അതിന്റെ പല അവസ്ഥാന്തരങ്ങൾ ആണ് എന്നുള്ള പൊതുവെ മതങ്ങളുടെയും ആശയവാദത്തിന്റെയും, വേദാന്തം പോലുള്ള ദർശനങ്ങളുടെയും നിലപാട്.

മൂന്ന്, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ സ്ഥല-കാല സാകല്യ   ചട്ടക്കൂടിന്റെതന്നെ (fabric of space-time) പ്രധാന ഭാഗം. ‘വൈറ്റ്ഹെഡ്’ 1929-ഇൽ നിര്ദ്ദേശിച്ചു. പിന്നീട് റോജർ പെൻറോസ്, സ്റ്റുവെർറ്റ് ഹാമരൊഫ്ഫ് തുടങ്ങിയർ ഗണിത ശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും പിന്ബലത്തോടെ അവതരിപ്പിക്കുകയും ചെയ്ത 'Orch OR' (orchestrated objective reduction) തിയറി.

ഈ തിയറി പ്രകാരം, പ്രപഞ്ചത്തിൽ ബോധത്തിന്റെ മുൻഗാമികളായകണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്തരം ഘടകങ്ങൾ ഇന്നത്തെ നമ്മുടെ ഭൌതിക ശാസ്ത്രത്തിനു വഴങ്ങുന്നവയല്ല. പെൻറോസ് ഈ പ്രശനത്തെ ക്വാണ്ടം മെക്കാനിക്സിന്റെ അപര്യാപ്ത്തത (incompleteness) എന്ന് കരുതുന്ന measurement problem, എന്ന തലത്തിൽ നിന്നാണു കാണാൻ ശ്രമിക്കുന്നത്. ഈ പ്രശ്നത്തെ മറികടക്കണമെങ്കിൽ വസ്തുനിഷ്ട്ടമായ ഒരു സ്റ്റേറ്റ് റിഡക്ഷൻ (wave function collapse) എന്ന ഒരു പുതിയ ആശയം വേണമെന്ന് വാദിക്കുന്നു. ക്വാണ്ടം മെക്കാനിക്സിന്റെ കാഴ്ചപ്പാടിൽ എല്ലാം നമുക്ക് ഒരു തരംഗ നിലയിൽ സങ്കല്പ്പിക്കാവുന്നതാണ്. എല്ലാ അവസ്ഥകളുടെയും സാധ്യതകൾ അടങ്ങിയ ഒരു തരംഗം, ഇതാണു Schrodinger’s wave function. ക്ലാസിക്കൽ രൂപത്തിലുള്ള ഒരു പ്രത്യക നിലയിലേക്ക് (State) ഇത് എത്തുന്നത് ഇതിനെ നിരീക്ഷിക്കുന്ന സമയത്തുമാത്രമാണ് (ഇവിടെയാണ്‌ ഒരു നിരീക്ഷകന്റെ ആവശ്യകതയും പ്രത്യേക സ്ഥാനവും വരുന്നത്). ഇതാണു വേവ് ഫങ്ക്ഷൻ കൊളാപ്സ് എന്ന് പറയുന്നത് (state reduction), ഇതാണു ക്വാണ്ടം ഡി കൊഹെരെൻസ്‌, ഒരു ക്വാണ്ടം നിലയെ ക്ലാസ്സിക്കൽ നിലയിലേക്ക് ഉയര്ത്തുകയാണ് ഡി കൊഹെരന്സിന്റെ ജോലി. തലച്ചോറിലെ മൈക്രോട്യുബുല്സിൽ നടക്കുന്ന ഇത്തരം ഡികൊഹരെൻസുകളാണു ബോധം സ്രുഷ്ട്ടിക്കുന്നതെന്നാണു ഈ തിയറിയുടെ കാതൽ. 

പ്രസിദ്ധ ന്യുറോ സയന്റിസ്റ്റ് വി രാമചന്ദ്രൻ തന്റെ 'ദി എമെര്ജിംഗ്  മൈൻഡ് ' എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

"അതുകൊണ്ട്, 'ഞാൻ' എന്നതിന്റെ ഒരു ഉത്തരം ന്യുറോ സയന്സിന്റെ ഭാഷയിൽ കണ്ടുപിടിക്കാൻ മൂന്നു വഴികളാണ് ഞാൻ കാണുന്നത്.

ഒന്ന്: ഒരുപക്ഷെ നേരിട്ടുള്ള ഒരു ഉത്തരം ഉണ്ടായിരിക്കാം. ആർക്കിമിഡീസിന്റെ 'യൂറേക്കാ' രീതിയിലുള്ള ഒരു ഉത്തരം. പാരമ്പര്യം എന്ന പ്രഹേളികക്ക് ഡി എൻ എ നല്ക്കിയതുപോലുള്ള ഒരു ഉത്തരം. പക്ഷെ അത് അസാധ്യമായെക്കാം എന്നാണു എന്റെ അഭിപ്രായം.  എന്റെ ഈ നിഗമനം തെറ്റും ആവാം.   

രണ്ടാമത്, തലച്ചോറിൽ സംഭവിക്കുന്ന പ്രക്രിയകളുടെ അടിസ്ഥാനത്തിൽ ഒരു പക്ഷെ നമുക്ക് ഇത് വിശദീകരിക്കാൻ കഴിഞ്ഞേക്കാം. അങ്ങനെ ഞാൻ എന്ന ഈ പ്രഹേളിക അതോടെ അവസാനിച്ചേക്കാം. ജീവൻ എന്ന പ്രഹേളികയെ നിരവധി ചാക്രിയ പ്രവര്ത്തനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രഞ്ഞമാർ വിശദീകരിക്കുന്നതുപോലെ ഇതും ഒരു പക്ഷെ കഴിഞ്ഞേക്കാം.

മൂന്നാമത്, ഒരു പക്ഷെ ഇതിനുള്ള നേരിട്ടുള്ള ഒരു ഉത്തരം നമ്മുടെ ന്ജാനെന്ദ്രിയങ്ങൾക്കും അപ്പുറത്ത് ആയിരിക്കാം.  ഒരുപക്ഷെ എൻസ്റ്റീൻ ഭൌതിക ശാസ്ത്രത്തിൽ വരുത്തിയ ഒരു വിപ്ലവം പോലെ, വസ്തുക്കളുടെ ചലനവേഗത്തിനു ഒരു ഉയര്ന്ന  പരിധി ഉണ്ടെന്നു കണ്ടെത്തിയതുപോലെ (പ്രകാശവേഗം), ഈ പ്രശ്നം പരിഹരിച്ചാൽ ഒരു പക്ഷെ, നമ്മൾ അതിശയിചേക്കാം, ഉത്തരം എന്നും നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു, നമ്മെ അത് എന്നും തുറിച്ചു നോക്കിക്കൊണ്ടിരുന്നു.  എനിക്ക് ഒരു പുതു യുഗ ഗുരു ആവാനുള്ള ആഗ്രഹം ഒന്നും ഇല്ല, എന്നാൽ അവിടെ വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. പൗരാണിക ഇന്ത്യൻ ചിന്തയിൽ ഇതിനു വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. അതായത് 'ഞാൻ' എന്നത് , 'അത്' അഥവാ 'മറ്റുള്ളത് ' എന്ന വിഭജനം ഒരു യധാര്തമല്ല. 'അതും'  'ഇതും' ഒന്ന് തന്നെ ആണ്.”


Tuesday, 16 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (10- തുടര്ച്ച)


മഹത്, ബുദ്ധി, മനസ്സ്, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചഭൂതങ്ങളും അവയുടെ ഗുണങ്ങളും എല്ലാം അവ്യക്ത്തമായ മൂലപ്രകൃതി പരിണമിച്ചു ഉണ്ടാകുന്നതാണെങ്കിൽ, നിഷ്ക്രിയനായ, വെറും സാക്ഷിയായ ‘പുരുഷ’ സങ്കല്പ്പത്തിന്റെ ആവശ്യം എന്ത്? എന്താണു സാക്ഷിയുടെ ധര്മം? ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യം ഇതാണ്.

സാക്ഷിയായ ഈ പുരുഷൻ വെറും ഒരു നിരീക്ഷകൻ മാത്രമാണ്. അങ്ങനെയെങ്കിൽ നിരീക്ഷണം തന്നെ ഒരു കർമമല്ലെ?

ഇവിടെ പ്രകൃതി എന്നത് ഇന്ന് നാം സാധാരണ മനസ്സിലാക്കുന്ന ‘നേച്ചർ’ (nature) എന്ന് മനസ്സിലാക്കാൻ പാടില്ല. അതുപോലെ തന്നെ പുരുഷനും. സംഖ്യത്തിലെ ‘പ്രകൃതിയും’ ‘പുരുഷനും’ പ്രപഞ്ചഊര്ജ്ജവും (Cosmic Energy) പ്രപഞ്ച ബോധവുമാണ് (cosmic Consciousness).  

പ്രപഞ്ച ഊര്ജ്ജം എന്ന സങ്കല്പ്പത്തെ അംഗീകരിക്കാൻ ആര്ക്കും അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നാൽ പ്രപഞ്ച ബോധം എന്നുപറയുമ്പോൾ അവിടെ തര്ക്കം ഉണ്ടാവാം. ഇവിടെ സാധാരണ ഉണ്ടാവുന്ന ചോദ്യം, ബോധം എന്നതു തലച്ചോറും നാടിവ്യൂഹങ്ങളും ഉള്ള അവസ്ഥയുമായി ചേർന്ന് പോകുന്ന ഒന്നല്ലേ? കുറഞ്ഞപക്ഷം ജീവനുമായിട്ടെങ്കിലും മാത്രമായിട്ടല്ലേ അതിനെ ബന്ധിപ്പിക്കാൻ കഴിയു. അപ്പോൾ പ്രപഞ്ചത്തിനു ആകെമാനം 'ബോധം' എന്ന് പറയുന്നത് അശാസ്ത്രീയവും കൊമൺസെൻസിനു വിരുധവുമല്ലേ? 
   
നമ്മുടെ ‘കോമൻസെൻസ്’ എന്ന് പറയുന്നത് അത്ര വിശ്വാസ്യമല്ല എന്നാണു അതിനു ഉത്തരം. പലപ്പോഴും ‘അൺകൊമൺസെന്സ്’ വേണം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ എന്നതാണ് വസ്തുത. 

ഉദ്ദാഹരണമായ് 'ഊര്ജ്ജം' (Energy) തന്നെ എടുക്കാം. എന്താണു ഊര്ജ്ജം എന്ന് പറയുന്നത്? നിരന്തരമായ ഉപയോഗംകൊണ്ട് വളരെ സാധാരണമായി നമുക്ക് തോന്നുന്ന ഒരു വാക്ക്, വളരെ അടുത്തകാലത്ത് ഉണ്ടായതാണെന്ന് നമുക്ക് എത്രപേർക്ക് അറിയാം?  പത്തൊമ്പതാം നൂറ്റാണ്ടിൽ യാന്ത്രിക പ്രവർത്തനങ്ങളെയും (Mechanical Process) താപയാന്ത്രിക പ്രവര്ത്ത്നങ്ങളെയും (Thermodynamic process) വിശദീകരിക്കാനുള്ള ശാസ്ത്രഞ്ഞന്മാരുടെ ശ്രമത്തിനു സഹായകമാകുന്നതിലെക്കായി സൈദ്ധാന്തികമായി (Theoretical) പരികല്പ്പണം ചെയ്ത ഒന്നാണു ‘ഊര്ജ്ജം’ എന്ന സങ്കല്പം. ഇന്നത്‌ വളരെ യാധാര്ത്യമായ ഒന്നായി മാറി.

പക്ഷെ ഊര്ജ്ജം (എനര്ജി) എന്ന് പറഞ്ഞാൽ എന്താണ്?

സ്ഥിതികോർജ്ജം (potential energy), ഗതികോർജ്ജം (Kinetic energy), താപോര്ജ്ജം, രാസോര്ജ്ജം, ആണവോർജ്ജം എന്നിങ്ങനെ വിവിധതരം ഊര്ജ്ജത്തെപ്പറ്റി നമുക്ക് പറയാൻ കഴിയും. ഊര്ജ്ജം സൃഷ്ട്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും, അത് ഒരു രൂപത്തിൽനിന്നു മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ കഴിയുമെന്നും നാം പഠിക്കുന്നു. ഒരു ജോലി (work) ചെയ്യാനുള്ള കഴിവിനെയാണ് എനേര്‍ജി എന്നു പറയുന്നത് എന്ന് താഴ്ന്ന ക്ലാസ്സുകളിൽ നാം പഠിക്കുന്നു. ജോലി എന്നു പറഞ്ഞാല്‍ എന്തുമാകാം. അതായത് എന്തെങ്കിലും (work) സംഭവിപ്പിക്കുന്നതു എന്താണോ അതാണ് എനേര്‍ജി. പക്ഷേ പ്രശ്നം അവിടെ തീര്‍ന്നില്ല, എപ്പോഴും ഒരു വര്‍ക്ക് നടന്നു എന്നു പറയണമെന്കില്‍ ഒരു നിശ്ചിത ദിശയില്‍, ഒരു നിശ്ചിത ദൂരത്തില്‍ ഒരു ബലം (ഫോര്‍സ്) പ്രയോഗിക്കപ്പെട്ടിരിക്കണം. എന്നാൽ തെർമോ ഡൈനാമിക്സിന്റെ ഭാഷയിൽ ഊര്ജ്ജത്തിന്റെ പരസ്പ്പരമുള്ള കൈമാറ്റത്തെയാണു വര്ക്ക് അഥവാ ജോലി (process of energy transfer) എന്ന് പറയുന്നത്.

ഇപ്പറഞ്ഞതിലെല്ലാം, ഊര്ജ്ജം എന്ന് പറയുമ്പോൾ അത് ഒരു പദാര്ധമാണ് എന്ന് നാം ധരിച്ചാൽ അത് തെറ്റാണ്. ഊര്ജ്ജം ഒരു പദാര്ധമല്ല.   

ഊര്ജ്ജം എന്ന സങ്കല്പ്പത്തോടൊപ്പം തുല്യമായി നില്ക്കുന്ന ഒന്നാണ് പിണ്ഡം അഥവാ മാസ് എന്നത്. ന്യുട്ടൊണിയൻ ഭൌതിക ശാസ്ത്രത്തിലും നമ്മുടെ സാധാരണ ചിന്തയിലും ഊര്ജ്ജ-മാസ് ദ്വന്ദങ്ങളാണു നിലനിക്കുന്നത്.

ന്യുട്ടൊണിയൻ ഭൌതിക ശാസ്ത്രത്തിൽ പദാര്ഥ സങ്കല്പം, അത് അണുക്കളാൽ    (ആറ്റം) നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ ആറ്റമുകൾ പ്രോടോൺ, ന്യുട്രോൻ, എലെക്ട്രോൻ എന്നിവയാൽ നിര്മ്മിതമാണ്.  ന്യുട്രോനും പ്രോട്ടോണും തുല്യ മാസ് ആണ്. ഇവയെ ഒരുമിച്ചു ‘ന്യുക്ലിയൊൺ’ എന്ന് വിളിക്കുന്നു.    എലെക്ട്രോൻ ആവട്ടെ തീരെ ഭാരം കുറഞ്ഞതും, അതായത് പ്രോട്ടോണിന്റെ ഏതാണ്ട് രണ്ടായിരത്തിൽ ഒന്ന് (1/2000) മാത്രമേ എലെക്റ്റ്രൊണിനു ഭാരം ഉള്ളു. ഒരു ആറ്റത്തിന്റെ ആകെ മാസ്സിൽ 0.05% മാത്രമേ എലെക്റ്റ്രൊണിന്റെ സംഭാവന ആയിട്ടുള്ളൂ.

ന്യുക്ലിയൊൺ നിര്മിചിരിക്കുന്നത് മൂന്നു ക്വാർക്കുകൾ കൊണ്ടാണ്. അപ്പോൾ, ന്യുക്ലിയൊണിന്റെ മാസ്സിൽ മൂന്നിലൊന്നു മാസ് ഒരു ക്വാർക്കിന് എന്ന് സാധാരണഗതിയിൽ ചിന്തിക്കാം. എന്നാൽ വിവിധ പരീക്ഷണങ്ങൾ നല്കുന്ന ഫലം അങ്ങനെയല്ല, ഈ മൂന്നു ക്വാർക്കുകൾ ആറ്റത്തിന്റെ മൊത്തം മാസ്സിൽ 2% മാത്രമേ ആകുന്നുള്ളൂ. അപ്പോൾ ബാക്കി മാസ് എവിടെനിന്ന് വരുന്നു?

ക്വാർക്കുകൾ ന്യുക്ലിയൊണിനുള്ളിൽ ബന്ധിതമാണ്, എന്നാൽ പ്രകാശവേഗത്തോടടുത്തു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഈ വേഗത വളരെ കൂടുതൽ ഗതികോർജ്ജത്തെ (kinetic energy) സൂചിപ്പിക്കുന്നു. എന്നിട്ടും ന്യുക്ലിയൊണിനുള്ളിൽ, ഒരു ഫെംതൊമീറ്റർ (Femthometer = Ten to the power of minus 15 meter (10^-15)) സ്ഥലത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് വളരെ ശക്ത്തിയായ ഒരു ബോണ്ട് ഇവ തമ്മിൽ ഉണ്ടായിരിക്കാം എന്നാണ്. അത് വളരെ കൂടുതൽ സ്ഥിതികോര്ജ്ജത്തിന്റെ (potential energy) സൂചനയുമാണ്. പരീക്ഷണ-നിരീക്ഷണ ഫലം സൂചിപ്പിക്കുന്നത് ഒരു ആറ്റത്തിന്റെ 97.95% മാസ്, ഊര്ജ്ജ രൂപത്തിലുള്ളതാണെന്നതാണു (Potential and Kinetic) നേരത്തെ സൂചിപ്പിച്ചതുപോലെ 0.05% ഇലെക്ട്രോനും ബാക്കി 2% ക്വാര്ക്കുകളും നല്കുന്നു. ഈ 2% ആണ് ഹിഗ്ഗ്സ്ഫീൽഡുമായി ബന്ധിപ്പിച്ചു അടുത്തകാലത്തെ കണ്ടുപിടുത്തം. 

ഊര്ജ്ജ-മാസ് ദ്വന്ദങ്ങൾ റിലെറ്റിവിറ്റിയിലും (Relativity), ക്വാണ്ടം മെക്കാനിക്കിസിലും നിലനില്ക്കുന്നില്ല. ഐൻസ്റ്റൈന്റെ ഇക്വേഷൻ E=mc^2 എന്ന ഫോര്മുല പ്രകാരം മാസ് ഊര്ജ്ജമായോ ഊര്ജ്ജം മാസ് ആയോ മാറുന്നില്ല, മറിച്ചു ഊര്ജ്ജം ആണ് മാസ്. എപ്പോഴെല്ലാം ഊര്ജ്ജം വരുന്നുവോ അപ്പോഴെല്ലാം മാസും വരുന്നു. അതായത് മാസ്സ് (m) എന്നത് m=E/C^2 ആണ്. മൊത്തത്തിലുള്ള ഊര്ജ്ജം എപ്പോഴെല്ലാം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം മൊത്തത്തിലുള്ള മാസ്സും ഉണ്ടാകുന്നു. അതായത് ഊര്ജ്ജത്തിൽനിന്നും വ്യത്യസ്തംമായി മാസ്സിനെയോ മാസ്സിൽനിന്നും വ്യത്യസ്തമായി ഊര്ജ്ജത്തെയോ സങ്കല്പ്പിക്കാൻ കഴിയില്ല.   

ഇവിടെ, സാംഖ്യത്തിലെ പ്രകൃതി-പുരുഷ സങ്കല്പം തന്നെയാണു ഇതെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് ഒരു അതിവായന ആണെന്നു പറയാതിരിക്കാൻ കഴിയില്ല. എന്നാൽ വളർന്നു വികസിച്ച ഒരു ഗണിത ശാസ്ത്രമോ പരീക്ഷണ നിരീക്ഷണതകളുടെ അപര്യാപ്തതെയോ കണക്കിലെടുത്താൽ, 2700 കൊല്ലങ്ങൽക്കുമുൻപിലെ സാംഖ്യകാരന്റെ നിഗമനം, ആധുനിക ഭൌതിക ശാസ്ത്രവുമായി വളരെ വ്യക്തമായ ഒരു സമാന്തരം ഉണ്ടെന്നു നമുക്ക് കാണാൻ കഴിയും.      

പുരുഷൻ അഥവാ പ്രപഞ്ചബോധം എന്ന് പറയുന്നത്, 'ഉണ്ട്' (Being) എന്ന അവസ്ഥയാണ്, അതുപോലെതന്നെ പ്രകൃതി എന്നത് ‘പരിണമിക്കുക’ (Becoming) അഥവാ ‘ചലിക്കുക’ എന്നതും. “ഉണ്ട്” എന്ന അവസ്ഥയെ ‘അറിവ്’ അല്ലങ്കിൽ ‘ബോധം’ എന്നതില്നിന്നു മാറ്റി നിറുത്താൻ കഴിയില്ല. ഇത് ഭാഷയുടെ മാത്രം പ്രശ്നം ആണെന്നു ചിലര് വാദിച്ചേക്കാം, പക്ഷെ അങ്ങനെയല്ല. നമുക്ക് ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കാണാൻ കഴിയുന്നത്‌ അതാണ്‌. 

അമേരിക്കൻ തത്വ ചിന്തകനും ശാസ്ത്ര ചരിത്രകാരനുമായ തോമസ്‌ കുഹ്ൻ (Thomas Kuhn) ആണ് ഒരു ശാസ്ത്ര മാതൃക (scientific Paradigm) എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ശാസ്ത്രഞ്ജന്മാർ യാധാര്ത്യത്തിന്റെ മാതൃക സൃഷ്ട്ടിക്കുന്നത് ഒരു മാതൃക ചട്ടക്കൂടിനുള്ളിൽനിന്നുമാണ്. ഈ ചട്ടക്കൂട് ഒരു നിയമമോ തിയറിയോ അല്ല മറിച്ചു ഒരു ആശയസമുച്ചയമാണ്‌. പൊതുവായി അംഗീകരിക്കപ്പെട്ട കാഴ്ചപ്പാടുകളും, നിലപാടുകളും, നിയമങ്ങളും എല്ലാം ഉള്ക്കൊള്ളുന്ന ഒരു ചട്ടക്കൂട്. ഈ ആശയസമുച്ചയത്തിനു ചുറ്റുമാണ് ശാസ്ത്രഞ്ഞമാർ അവരുടെ പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന നിഗമനങ്ങളും എല്ലാം കെട്ടിപ്പൊക്കുന്നത്‌. മനുഷ്യന്റെ അന്വേഷണ ചരിത്രത്തിൽ ഇത്തരം ചട്ടക്കൂടുകൾ പലതവണ പൊളിച്ചു പുന:പ്രതിഷ്ട്ട നടത്തിയതായി കാണാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇത്തരം ഒരു പൊളിച്ചെഴുത്ത് നാം കണ്ടു (Paradigmic change). നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മൂന്നു നൂറ്റാണ്ടുകാലത്തെ യാന്ത്രിക വാദത്തിന്റെ ഭാണ്ഡക്കെട്ടിനെ വലിച്ചെറിഞ്ഞു മനുഷ്യൻ ചിന്തയുടെ ഒരു പുതിയ ചട്ടക്കൂട്ടിലേക്ക് കടന്നു. ന്യൂട്ടൻ-ഗലീലിയോ മഹാരഥന്മാർ കെട്ടിപ്പൊക്കിയ യാന്ത്രിക ലോകവീക്ഷണ ചട്ടക്കൂടായിരുന്നു അതിൽ തകര്ന്നടിഞ്ഞത്.

‘ന്യൂട്ടോണിയൻ’ ലോകവീക്ഷണം എന്ന് അറിയപ്പെടുന്ന പ്രസ്തുത വീക്ഷണപ്രകാരം ലോകം പ്രത്യക ഉദ്ദേശം ഒന്നുമില്ലാത്ത, ഭൌതിക വസ്തുക്കളുടെ പരസ്പര വ്യവഹാരങ്ങളുടെ ഒരു ആകെതുക മാത്രമാണ്. ഈ വ്യവഹാരങ്ങളാവട്ടെ, യാന്ത്രികമായ പ്രപഞ്ച നിയമങ്ങൾക്കുള്ളിൽ നടക്കുന്ന ഒരു യാന്ത്രിക പ്രക്രിയയും. അതിൽ മനുഷ്യനും, ചിന്തയും എല്ലാം അപ്രസക്ത്തങ്ങളായ യാന്ത്രിക ചലനങ്ങൾ മാത്രം. മനുഷ്യ പുരോഗതിയിൽ ഇത:പര്യന്തം കണ്ടത്തിൽ വച്ചേറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ നല്കിയ ന്യൂട്ടോണിയൻ മെക്കാനിക്സ് ലോകത്തെയും അതിലെ സർവ പ്രവര്ത്തനങ്ങളെയും ഒരു ഭീമാകാര യന്ത്രത്തിന്റെ ഭാഗങ്ങളായും അതിന്റെ പ്രവർത്ത്നങ്ങളായും സങ്കല്പ്പിച്ചു. അതാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇളക്കി പ്രതിഷ്ട്ടിക്ക്പ്പെട്ടത്‌.


അതിനർഥം, ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം ഉണ്ടായ മനുഷ്യന്റെ ശാസ്ത്രീയ മുന്നേറ്റം അടിസ്ഥാനപരമായി പ്രകൃതിയെപ്പറ്റിയുള്ള തെറ്റായ ഒരു സങ്കൽപ്പത്തിൽ നിന്ന് ആണെന്നാണോ?  അങ്ങനെ ചിന്തിച്ചാൽ അത് മാതൃകാ ചട്ടക്കൂട് എന്ന സങ്കൽപ്പത്തെ തെറ്റിധരിക്കലായിരിക്കും. മാതൃകചട്ടക്കൂട് (paradigm) എന്ന് പറയുന്നത് ഒരിക്കലും ശരിയോ തെറ്റോ എന്ന് പറയാൻ കഴിയുന്ന ഒന്നല്ല. മറിച്ചു അതാതു കാലത്തെ സാഹചര്യങ്ങൾ പ്രതിഭലിപ്പിക്കുന്ന, നിലവിലുള്ള യാധാര്ത്യത്തിന്റെ ഒരു വശം മാത്രം കാണിച്ചുതരുന്ന, പ്രതീകാത്മകമായി ഒരുമിത്തുപോലെ നിലനില്ക്കുന്ന ഒന്നാണ്‌. അതായത് “യാധാര്ത്യം” എന്നത് ഒരു ആത്യന്തിക സത്യമല്ല മറിച്ചു ഓരോ കാലഘട്ടത്തിലും വെളിപ്പെട്ടു വരുന്ന ഒന്നാണെന്ന് മനസ്സിലാക്കാം. (തുടരും)   

Sunday, 14 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (9- തുടര്ച്ച)


സാംഖ്യം
“ലോകചരിത്രത്തിൽ ആദ്യമായി കപിലന്റെ സിധാന്തത്തിലാണു മനുഷ്യ മനസ്സിന്റെ പൂര്ണ്ണമായ സ്വാതന്ത്ര്യവും, സ്വന്തം ശക്ത്തികളിലുള്ള തികഞ്ഞ വിശ്വാസവും പ്രകടിപ്പിക്കപ്പെട്ടത്‌.” (Richard Garbe: Indian Philosophy)

“രേഖപ്പെടുത്തിയിടത്തോളം മനുഷ്യന്റെ സ്വഭാവവും, ബന്ധങ്ങളും, ഭാവി എന്നിവയെ സംബന്ധിച്ചെല്ലാം ചിന്താശീലരായ ഏതൊരാളുടെയും മനസ്സില് ഉയര്ന്നുവരുന്ന നിഗൂഡങ്ങളായ പ്രശ്നങ്ങള്ക്ക് കേവലം യുക്തിയുടെ സഹായത്തോടുകൂടി സമാധാനം കണ്ടെത്താനുള്ള ഏറ്റവും പ്രാചീനമായ പരിശ്രമമാണ് സാംഖ്യം”. (Devis: Hindu philosophy)

മാക്സ് മുള്ളർ, (Max Mullar) ഹെന്റിച് സിമ്മർ (Heinrich Zimmer), എന്ന് വേണ്ട ഭാരതീയ തത്വദർശനങ്ങളെ പഠിച്ച എല്ലാ പണ്ഡിതന്മാരും സാംഖ്യത്തെ  വാനോളം പുകഴ്ത്തിയിട്ടുണ്ട്. 

ഭാരതത്തിന്റെ ദാർശനിക പാരമ്പര്യത്തിൽ ഷഡ് ദർശനങ്ങൾ എന്ന് അറിയപ്പെടുന്നതിന്റെ നെടുംതൂണാണു സാംഖ്യം. ബി സി ഏഴാം നൂറ്റാണ്ടിലായിരിക്കാം ഇത് എഴുതപ്പെട്ടതെന്ന് അനുമാനിക്കുന്നു. കപിലനാണു ഇതിന്റെ ഉപ്ഞാതാവെന്നു കരുതപ്പെടുന്നെങ്കിലും ഇന്ന് ലഭ്യമായിട്ടുള്ളത് പില്കാലത്ത് എഴുതപ്പെട്ടിട്ടുള്ള സംഖ്യ ഭാഷ്യങ്ങളും, കാരികളും മാത്രമാണ്. കപിലന്റെ ശിഷ്യനായി പറയപ്പെടുന്ന അസൂരി, അദ്ദേഹത്തിൻറെ ശിഷ്യൻ പന്നഗ ശിഖ, പിന്നീട് വിന്ധ്യവാസൻ, ദേവലൻ, എന്നിങ്ങനെ എ ഡി രണ്ടാം നൂറ്റാണ്ടിൽ    ജീവിച്ചിരുന്ന ഈശ്വരകൃഷ്ണൻ എന്നിങ്ങനെ അദ്ദേഹത്തിൻറെ ശിഷ്യ പരമ്പരകളായി അറിയപ്പെടുന്നു.

സാംഖ്യത്തിൽ അറിയപ്പെടുന്ന മൂന്നു കൃതികളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്; സാംഖ്യസൂത്രം, തത്വസമാസം, സാംഖ്യകാരിക. ഇതിൽ ഈശ്വരകൃഷ്ണൻ എഴുതിയ സാംഖ്യകാരികയാണ് പ്രസിദ്ധം. ഈ പ്രപഞ്ചത്തിനു അതീതമായ ഒരു ശക്ത്തിയുടെ സഹായമില്ലാതെ പരിണാമത്തിലൂടെ വികസിച്ചുവരുന്ന ഒരു പ്രപഞ്ചമാണ്‌ കപിലന്റെത്. സത്-കാര്യ-സിദ്ധാന്തം (The law of the identity of cause and effect) ആണു അതിന്റെ അടിസ്ഥാന നിയമം.

കാരണം (cause) എന്ന് പറയുന്നത് വെളിപ്പെടാത്ത കാര്യവും (effect), കാര്യം എന്നുള്ളത് വെളിപ്പെടുത്തപ്പെട്ട കാരണവും ആകുന്നു. ആത്യന്തികമായി അവ രണ്ടും ഒന്നുതന്നെയാണ്. വെളിപ്പെടലിന്റെയും വെളിപ്പെടാത്ത അവസ്തയുടെയും തമ്മിലുള്ള അന്തരം മാത്രമാണ് കാര്യവും കാരണവും. അതുകൊണ്ട് കാര്യം ഒരിക്കലും, അത് ഉണ്ടാകുന്നതിനു മുന്പോ, അതിന്റെ നാശത്തിനു ശേഷമോ ഉണ്ടാകാതിരുന്നിട്ടില്ല. എല്ലായ്പ്പോഴും അത് കാരണത്തിൽ അടങ്ങിയിരിക്കുന്നു. ഇല്ലാത്തതിന് ഉണ്ടാകുവാണോ ഉണ്ടായതിനു ഇല്ലാതാകുവാണോ കഴിയില്ല. 

ഉത്പാദന ശക്തികളും ഉത്പന്നങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അപ്രകാരമാണ് കാരണവും കാര്യവും തമ്മിലുള്ള ബന്ധം. കാര്യം കാരണത്തിൽ എന്നും ഒരു അന്തർലീന ശക്ത്തി (സാധ്യത, potentiality) ആയി നിലനില്ക്കുന്നു. വസ്തു നാശരഹിതമാണ്, ‘നാശം’ എന്നാൽ കാരണത്തിലെക്കുള്ള മടങ്ങിപ്പോകലാണ്. 
  
മനുഷ്യന്റെ ജീവിതത്തിൽ മൂന്നു തരം ദുഃഖങ്ങൾ ആണ് നേരിടെണ്ടിവരുക;

ആദ്ധ്യാത്മികം: ശാരീരിക രോഗങ്ങൾ, കാമ-ക്രോധ-മോഹ-മൽസരാദി മാനസിക പ്രശ്നങ്ങളിൽ നിന്നും ഉണ്ടാകുന്നവ

ആധിഭൗധികം: ശത്രുക്കൾ, കള്ളന്മാർ, പക്ഷി-മൃഗാതി ജന്തുക്കൾ, കീടങ്ങൾ തുടങ്ങിയവിൽ നിന്നും ഉണ്ടാകുന്നവ

ആധിദൈവികം: അതിവൃഷ്ട്ടി, അനാവൃഷ്ട്ടി, ഭൂകമ്പം തുടങ്ങിയ പ്രകൃതി കോപങ്ങളിൽനിന്നും ഉണ്ടാകുന്നവ
   
ഈ ദുഖങ്ങളിൽനിന്നുമുള്ള ശാശ്വത മോചനം ലഭിക്കണമെങ്കിൽ വ്യക്താവ്യക്ത്തങ്ങളേപ്പറ്റിയുള്ള വിജ്ഞാനം ഉണ്ടാകണം. അതായത് അവ്യക്തമായ മൂലപ്രകൃതിയെകുറിച്ചും ജ്ഞാതാവായ പുരുഷനെകുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം
  
സാംഖ്യത്തിന്റെ പ്രപഞ്ച സങ്കല്പം അടിസ്താനപ്പെടുത്തിയിരിക്കുന്നത് പ്രകൃതി-പുരുഷൻ എന്ന ദ്വന്ദത്തിലാണു. പുരുഷൻ നിഷ്ക്രിയനായ വെറും സാക്ഷി മാത്രമാണു.

ത്രിഗുണങ്ങളായ സത്വ-രജസ്-തമോ ഗുണങ്ങളുടെ സമതുലാവസ്തയാണ് മൂലപ്രകൃതി. പ്രകൃതി ഒന്നും അറിയുന്നില്ല, അത് അവ്യക്ത്തം ആണ്. ത്രിഗുണങ്ങളുടെ സമതുലാവസ്തക്ക് എപ്പോഴെങ്കിലും മാറ്റം സംഭവിക്കുമ്പോൾ അത് വ്യക്ത്തമാക്കപ്പെട്ടു തുടങ്ങും. അങ്ങനെ അവ്യക്ത്തമായ പ്രക്രുതിയില്നിന്നും ‘മഹത്’ ഉണ്ടാവുന്നു. മഹത്താണ് പ്രപഞ്ച മനസ്സ്. മഹത്തിൽനിന്നും ‘ബുദ്ധി’; വ്യക്ത്തിഗതമനസ്സുണ്ടാവുന്നു. അതില്നിന്നും ‘അഹങ്കാരം’ (Ego) ഉണ്ടാവുന്നു.

സത്വത്തിൽനിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമെന്ദ്രിയങ്ങളും ഉണ്ടാവുന്നു. തമസിൽനിന്നും പഞ്ച ഭൂതങ്ങളും അവയുടെ ഗുണങ്ങളായ ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധങ്ങളും പരിണമിക്കുന്നു. രജസ് ആണ് ഈ പരിണാമത്തിന്റെ ഊര്ജ്ജം നല്കുന്നത്.

പ്രകൃതി പുരുഷൻ എന്ന ദ്വന്ദത്തെ നിരാകരിക്കുന്നെങ്കിലും വേദാന്തം അടക്കമുള്ള മറ്റെല്ലാ തത്വ ശാസ്ത്രങ്ങളും സാംഖ്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ കടമെടുക്കുന്നുണ്ട്.  

ഭഗവത് ഗീതയിൽ കപിലമുനിയേയും സാംഖ്യത്തെയും പ്രശംസ കൊണ്ട് മൂടിയിരിക്കുന്നത് കാണാം. സിദ്ധാന്മാരിൽ ഞാൻ കപിലമുനി ആണെന്നുവരെ കൃഷ്ണൻ പറഞ്ഞു.  

“അശ്വഥ: സർവ വൃക്ഷാണാം ദേവർഷീണാം ച നാരദാ:
ഗന്ധർവാണാം ചിത്രരധ: സിദ്ധാനാം കപിലോ മുനി:”    

“വൃക്ഷങ്ങളിൽ ഞാൻ അരയാൽ ആണ്, ദേവര്ഷിമാരിൽ നാരദനും, ഗന്ധര്വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപില മുനിയുമാനു ഞാൻ.” 

അതുപോലെതന്നെ ‘സാംഖ്യം’ തന്നെ ‘യോഗം’ എന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

“സാംഖ്യയൊഗൗ പ്രധക്ക് ബാലാ: പ്രവദന്തി ന പണ്ഡിതാ:
എകമാപ്യസ്ഥിത: സമ്യ ഗുഭയോര് വിന്ദതെ ഫലം”

“സാംഖ്യവും യോഗവും വെവ്വേറെയായി അഞ്ജന്മാർ പറയുന്നു. പണ്ഡിതന്മാർ അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ട്ടിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.”
  
തൊട്ടടുത്ത ശ്ലോകം വീണ്ടും അതുതന്നെ ആവര്ത്തിക്കുന്നു.

“യത് സാംഖ്യൈ: പ്രാപ്യതെ സ്ഥാനം തദ്യൊഗൈരപി ഗമ്യതെ  
ഏകം സാംഖ്യം ച യോഗം ച യ: പശ്യതി സ പശ്യതി”

‘ഏതു സ്ഥാനം സാംഖ്യന്മാർ നേടുമോ അത് യോഗികളും നേടും. സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനെത്രെ സത്യത്തെ കാണുന്നവൻ’


അതായത്, ‘സാംഖ്യം’ ഏറ്റവും ഉന്നതമായ ജ്ഞാനവും, ‘യോഗം’ ആ ജ്ഞാനത്തിന്റെ കർമവുമാണെന്നാണു വ്യാസഭഗവാൻ ഒരു സംശയത്തിനും ഇടം കൊടുക്കാതെ അസന്നിഗ്ധമായി പറഞ്ഞിട്ടുള്ളത് (തുടരും).


Wednesday, 10 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (8- തുടര്ച്ച)


ഏതൊരു സംസ്കാരം പരിശോധിച്ചാലും, അതിന്റെ തത്വ ദർശനങ്ങളുടെ ചരിത്രവും, ആ ദർശനങ്ങൾ സംഭാവന ചെയ്ത ദാര്ശിനികരുടെ ചരിത്രവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാൻ കഴിയും. എന്നാൽ ഭാരതത്തിന്‌ വളരെ വ്യക്തമായ ഒരു ദര്ശന ചരിത്രം കണ്ടെടുക്കാൻ കഴിയുമെങ്കിലും അവയെ സംഭാവന ചെയ്ത മഹത് വ്യക്ത്തികളുടെ വ്യക്ത്തമായ ഒരു ചരിത്രവും ലഭ്യമല്ല എന്നതാണ് വാസ്തവം. ഇവിടെ, ദർശനങ്ങൾ സഹസ്രാബ്ദങ്ങളായി ജീവിക്കുന്നു എന്നാൽ അവയെ ദർശിച്ച ഋഷികൾ ആവട്ടെ, ഒരു പേരിന്‌ അപ്പുറം ഒന്നും അവശേഷിക്കുന്നില്ല, എന്തിനധികം ഏതു കാലഘട്ടത്തിലാണ് അവർ ജീവിച്ചിരുന്നത് എന്നുള്ളതിന്റെ പോലും ഉറപ്പായ ഒരു തെളിവും നമുക്ക് അവശേഷിക്കുന്നില്ല.
 
ഗ്രീക്ക് സംസ്കാരം എടുത്താൽ, താലെസ് (640-546 BC) ആരായിരുന്നുവെന്ന് നമുക്ക് അറിയാം. പ്ലെറ്റൊ (427-347 BC), സോക്രെട്രീസ് (470-399 BC), അരിസ്റ്റൊട്ടിൽ (384-322 BC) എന്നിവർ ആരായിരുന്നു, എവിടെയായിരുന്നു, എന്ത് ചെയിതിരുന്നു എന്നൊക്കെ നമുക്ക് അറിയാം. എമ്പെടോക്ലെസ് (495-430 BC),ആത്മാവിന്റെ അമർത്യത തെളിയിക്കാൻ എറ്റ്ന അഗ്നി പർവതത്തിലേക്ക് ചാടി മരിച്ചു എന്ന് നമുക്ക് അറിയാം. സോക്രട്രീസിന് ഒരു കപ്പു വിഷം കഴിച്ചു ജീവൻ ഒടുക്കേണ്ടി വന്നുവെന്ന് നമുക്ക് അറിയാം. അനക്സഗൊരസ് (510-428 BC), പെരിക്ലീസിന്റെ സുഹൃത്ത്‌ ആയിരുന്നുവെന്നു നമുക്ക് അറിയാം.

എന്നാൽ ബുദ്ധന് (563-483 BC) മുന്പുള്ള ഭാരതത്തിലെ ഒരു ദാര്ശനികരെയും തമ്മിൽ വിശ്വാസയോഗ്യമായി ബന്ധിപ്പിക്കാൻ കഴിയുന്ന കൃത്യമായ ഒരു വസ്തുതയും നമ്മുടെ മുൻപിൽ ഇല്ല.  സാംഖ്യത്തിന്റെ ഉപജ്ഞാതാവ് എന്ന് കരുതുന്ന കപിലൻ, യോഗാചാര്യനായ പതഞ്‌ജലി, മീമംസാകാരനായ ജൈമിനി, ഒരുപക്ഷെ, ലോകത്തിൽ ആദ്യമായി ലൈംഗീക വിജ്ഞാനീയ ശാസ്ത്രം എഴുതിയ വാത്സ്യായനൻ, വൈശേഷികത്തിന്റെ ഉപജ്ഞാതാവും അണുസിധാന്തകാരനുമായ കണാദൻ, എന്തിനധികം, ബാദരായണൻ, കൃഷ്ണ ദ്വൈപായണൻ, എന്നൊക്കെ പേരുള്ള സാക്ഷാൽ വ്യാസൻ, ഇവരെയൊക്കെ ചരിത്രത്തിന്റെ കൃത്യമായ ഒരു സ്ഥലകാലത്തിൽ കണ്ടുമുട്ടാൻ കഴിയുന്ന വ്യക്ത്തമായ ഒരു തെളിവും നമ്മുടെ പക്കൽ ഇല്ല, ഇനിയൊട്ടു ലഭിക്കുമെന്നും കരുതാൻ കഴിയില്ല. 

ഇത്രയും വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടും തങ്ങളുടെ ഒരു പേര് ഒഴിച്ച് ഒന്നും അവശേഷിപ്പിക്കെണ്ടതില്ല എന്ന് തീരുമാനിക്കാൻ ഈ ആചാര്യന്മാരെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കാം.

ഒരു കലാസൃഷ്ട്ടിയാവട്ടെ, തത്വചിന്ത ആവട്ടെ ഒന്നും സ്വയം ഉണ്ടാവുന്നില്ല, അതിന്റെ പിന്നിൽ തീര്ച്ചയായും ഒരു മനുഷ്യ പ്രയഗ്നവും, ബൗധികമായ് ഒരു സൃഷ്ട്ടിപരതയും ഉണ്ടായിരിക്കും. എന്നാൽ മറുവശത്ത്‌, ഒരു കലാകാരനോ തത്വചിന്തകനൊ അയാൾ ജീവിക്കുന്ന അന്തരീക്ഷത്തിൽനിന്നും ലഭിക്കാത്തതോ, അയാൾ ഉള്പ്പെടുന്ന ബൗധികപാരംബര്യത്തിൽനിന്നും ഉൾകൊള്ളാത്തതൊ ആയി വളരെ ഒന്നും ഉണ്ടായിരിക്കുകയുമില്ല. അപ്പോൾ താൻ നല്കുന്ന സംഭാവനകൾ തന്റെതുമാത്രമാണെന്നു അവകാശപ്പെടാൻ സാധിക്കുകയില്ല. ഈ ചിന്ത തന്നെയായിരിക്കുകയില്ലേ നമ്മുടെ ഋഷിമാർ, അവര്ക്ക് വലിയ പ്രാധാന്യം നല്ക്കാത്തതിനു കാരണം. പ്രയോഗത്തിൽത്തന്നെ അത് സ്പഷ്ട്ട്മാണു, ഗ്രീക്ക് ‘തത്വചിന്ത’ യാണെങ്കിൽ, ഇവിടെ അത് ‘ദർശനമാണ്’. അതായത് ഇവിടെ അത് കണ്ടെടുക്കുക എന്ന കര്മ്മം മാത്രമേ ചെയിതിട്ടുള്ളു, അവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരിന്നു എന്നര്ഥം. അതുകൊണ്ടുതന്നെ ഈ വിജ്ഞാനത്തിന്റെയെല്ലാം ആദ്യ ഉറവിടം ബ്രഹ്മാവ്‌ ആയി സങ്കല്പ്പിക്കപ്പെട്ടു. ഈ ആചാര്യന്മാര്ക്ക്, അതുകൊണ്ടുതന്നെ ജനങ്ങൾ അവര്ക്ക് അർഹമായ ഒരു സ്ഥാനം കല്പ്പിച്ചുകൊടുക്കുകയും ചെയ്തു. കപിലൻ, വ്യാസൻ തുടങ്ങിയ മിക്ക ഋഷിമാരും യോഗീശ്വരനായ വിഷ്ണുവിന്റെ അവതാരമാണെന്ന് സാധാരണ ജനങ്ങൾ വിശ്വശിച്ചു. 
  
പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ആന്തരിക സ്വഭാവത്തെക്കുറിച്ചുള്ള പഠനമാണ് തത്വ ദർശനമെന്ന് പൗരാണിക ഋഷികൾ നിര്ദ്ദേശിച്ചു. പ്രകൃതി പ്രപഞ്ചം, മനുഷ്യൻ, ജ്ഞാനം, ചിന്ത, പ്രജ്ഞ, ഇന്ദ്രീയാനുഭൂതി, ജീവിതം മരണം എല്ലാം അന്വേഷണങ്ങൾക്ക് വിധേയമായി.

അഗ്നി, ജലം, വായു, ഭൂമി, എന്നിവയാണ് പ്രപഞ്ചന്തത്തിന്റെ  മൂല ഘടകങ്ങൾ എന്ന് വാദിച്ച ചാർവാക ദര്ശനം , അവ്യക്തമായ മൂല പ്രകൃതി (പ്രഥമം ) പരിണമിച്ചാണ്  ഈ പ്രപഞ്ചം  ഉണ്ടായതെന്ന് ഉത്ഘോഷിച്ച സാംഖ്യം, സാംഖ്യം കണ്ടെത്തിയ പരമ സത്യത്തെ ചിത്ത-വൃത്തി നിരോധത്തിലൂടെ സാക്ഷാത്ക്കരിക്കാം എന്ന് വാദിച്ച യോഗം, സാമാന്യവും വിശേഷ്യവും (the whole and the particular) തമ്മിലുള്ള, ബന്ധത്തിന്റെ  വിശകലനമാണ് സത്യാന്വേഷണം എന്നും പരമാണുക്കൽ ആണ് പ്രപഞ്ചത്തിന്റെ ആദി മൂലം എന്നും വാദിച്ച വൈശഷികവും, ആ പരമാണുവിനെ ശരിയായ ജ്ഞാനം കൊണ്ട് മനസ്സിലാക്കാൻ കഴിയും എന്ന് വാദിച്ച ന്യായവും, സാമാന്യവും വിശേഷ്യവും ഒന്നുതന്നെ എന്ന് പ്രഖ്യാപിച്ച വേദാന്തവും (The whole and the particular is one) എന്ന് പ്രഖ്യാപിച്ച വേദാന്തവും, പ്രപഞ്ചം അസ്ഥിരവും അനവരതം മാറിക്കൊണ്ടിരിക്കുന്നതും ആണെന്നും, അതുകൊണ്ട് അനശ്യരമായ ആത്മാവിനോ, ദൈവത്തിനൊ സ്ഥാനമില്ലെന്ന് വാദിച്ച ബൌദ്ധ ദര്ശനം, അനാദികാലം മുതൽ  നിലനിന്ന ഈ പ്രപഞ്ചം ആരാലും സൃഷ്ട്ടിക്കപ്പെട്ടതല്ലെന്നും, അതുകൊണ്ട് അനശ്വരമായ ആത്മാവിനോ ദൈവത്തിനൊ സ്ഥാനമില്ലെന്ന് വാദിച്ച ബുദ്ധമതം, അനാദികാലം മുതൽ നിലനിന്ന പ്രപഞ്ചം ആരാലും ശ്രഷ്ട്ടിക്കപ്പെട്ടതല്ലെന്നും, അതുകൊണ്ട് ഭവ്തിക പദാർധമെന്നപൊലെ ആത്മാവും യധാർധമെന്നു വാദിച്ച ജൈന ദര്ശനം ഇവയാണ് ഭാരതീയ ദർശനങ്ങളിൽ പ്രധാനം.

പൗരാണിക ഭാരതീയ തത്വദർശനങ്ങളിൽ സൃഷ്ട്ടി വാദികളും പരിണാമ വാദികളും ഉണ്ടായിരുന്നു. നാസ്തികർ (ചാർവകന്മാർ), ബൗദ്ധർ-ജൈനർ, നയ്യായികർ ('ന്യായ' തത്വ ദര്ശനം അനുസരിക്കുന്നവർ) തുടങ്ങിയവർ സൃഷ്ട്ടിവാദികൾ ആയും വേദാന്തികൾ, സാംഖ്യർ എന്നിവര് പരിണാമവാദികൾ ആയും കണക്കക്കിപോരുന്നു. 

നാസ്തികരുടെ അഭിപ്രായത്തിൽ ഈ ലോകം അയധാര്ധമാണ്. അത് സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത് ഇല്ലായ്മയില്നിന്നും (ശൂന്യം), അതായത് കാരണവും കാര്യവും അയധാര്ത്യം.  ബൗദ്ധചിന്തപ്രകാരം ഇല്ലയ്മയില്നിന്നും സൃഷ്ട്ടിക്കപ്പെട്ട ഈ ലോകം യധാര്ധമാണ്; “കാരണം” അയധാര്ത്യം, “കാര്യം“ യാധാര്ത്യം.

നയ്യായികരെസംബന്ധിചെടത്തോളം, ഈ ലോകം അയധാര്ത്യവും നശ്യര്യവും ആണ്, എന്നാൽ അത് സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത് യധാര്ധവും അനശ്വരവുമായ വസ്തുവിൽനിന്നാണ്, അതായത് “കാരണം” യധാര്ധവും “കാര്യം” അയ്ധാര്ത്ത്യവും. 

വേദാന്തികളെ സംബന്ധ്ചെടത്തോളം സനാതനവും സദ്‌ വസ്തുവുമായ ശുദ്ധബോധം ഖനീഭവിച്ചു പരിണമിക്കുന്നതിന്റെ ഭ്രമാത്മക രൂപം എത്രെ ഈ ലോകം. അതായത് “കാര്യം” അയ്ധാര്ത്യവും “കാരണം” യാധാര്ത്യവും. സാന്ഖ്യർ ആവട്ടെ യാധാര്ത്യമായ മൂലപ്രകൃതി (പ്രധാന) പരിണമിച്ചു ഉണ്ടാകുന്ന ഈ ലോകം യാധാർത്യമാണെന്നു വാദിച്ചു, അതായത് “കാര്യവും” “കാരണവും” യാധാര്ത്യം.


നാസ്തികവാദത്തിനു “അസത്കാര്യ” വാദമെന്നും, ബൗദ്ധ-സൃഷ്ട്ടിവാദത്തിനെ “അഭാവ-ഉത്പത്തി-വാദമെന്നും”, ന്യായത്തിന്റെത് “വിവർത്ത-വാദമെന്നും”, വേദാന്ത ത്തിന്റെത് “സത്കാര്യ- വാദമെന്നും” പറയപ്പെടുന്നു (തുടരും).


Sunday, 7 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (7- തുടര്ച്ച)


ഭൌതിക പ്രപഞ്ചവും ആശയ പ്രപഞ്ചവും തമ്മിലുള്ള സത്താപരമായ ദ്വന്ദം (ontological dualism) ആണ് പടിഞ്ഞാറൻ ബൌധിക പാരമ്പര്യത്തിന്റെ അടിസ്ഥാനം എന്ന് പറയാം. അതായത് അടിസ്ഥാനപരമായി പദാർഥം, ആശയം എന്ന വേര്തിരിവ്. എന്നാൽ ഗ്രീക്ക് തത്വചിന്ത ബി സി അഞ്ചാം നൂറ്റാണ്ടിലൊന്നും അങ്ങനെയായിരുന്നില്ലെന്നു കാണാൻ കഴിയും. ബി സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെരാക്ലിടുസ്, പ്രപഞ്ചത്തെ, നിരന്തരം വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്ന ഒരു ജൈവ രൂപമായാണു കണ്ടത്. അവരെ സംബന്ധിചെടത്തോളം ഈ നിലനിക്കുന്നതെല്ലാം 'ഫിസിസ്' –ന്റെ (Physis) വിവിധ പരിണാമ രൂപങ്ങൾ മാത്രം. ‘ഫിസിസ്’ എന്ന ഗ്രീക്ക് വാക്കിനു ഇന്നത്തെ നമ്മുടെ ‘പ്രകൃതി’, ‘നേച്ചർ’ എന്നൊക്കെ അര്ഥം പറയാം. ഹെരാക്ലിട്ടസിന്റെ (Heraclitus) അഭിപ്രായത്തിൽ ഈ ലോകം, ചലനാത്മകവും ചാക്രികവുമായ, വിരുധങ്ങളുടെ ഐക്യം മാത്രമാണ്. എല്ലാ വൈരുധ്യങ്ങളെയും മറികടക്കുന്ന ഈ ഐക്യത്തെ ‘ലോഗോസ്’ എന്ന് അദ്ദേഹം വിളിച്ചു.   
  
പിന്നീട് വന്ന പർമെണ്ടിസ് (Parmendis) എല്ലാ വസ്തുക്കൾക്കും, ദേവതാ ദേവന്മാർക്കും മുകളിൽ ഒരു അലൌകിക തത്വത്തെ പ്രതിഷ്ട്ടിച്ചു. പ്രപഞ്ചത്തിന്റെ ആധാരമായി ഈ തത്വം എല്ലാറ്റിനും മേലെ നിലനിന്നു. ക്രമേണ ഈ തത്വം സർവ ശകക്ത്തനും സർവ ജ്ഞാനിയുമായ ഒരു ദൈവത്തിന്റെ രൂപത്തിലേക്ക് പരിണമിച്ചു. അങ്ങനെ ഭൌതിക വസ്തുവും ഭൌതികാതീതമായ ആത്മാവും എന്ന ദ്വന്ദത്തിലെക്കു പ്രപഞ്ചവീക്ഷണം എത്തിച്ചേര്ന്നു. കോപ്പേർ നിക്ക്‌സ്, ഗലീലിയോ, കേപ്ലർ, ന്യൂട്ടൻ തുടങ്ങിയവരെല്ലാം ഈ പാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാരാണ്. 

ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പാരമ്പര്യത്തിന്റെ അടിസ്ഥാനം ഇട്ടതിൽ  പ്രമുഖനായ റെനെ ദെക്കർത്തെ ആയിരുന്നു ഈ പാരമ്പര്യത്തിന്റെ ചാമ്പ്യൻ. ദെക്കാർത്ത യുടെ അഭിപ്രായത്തിൽ ഈ ലോകം വെറും യാന്ത്രികമാണ്‌. റെസ് എക്സ്റ്റെൻസ (“res extensa”, unthinking, extended substance) എന്ന്  അദ്ദേഹം വിളിച്ച, ജഡവസ്തുവിനാൽ നിര്മിക്കപ്പെട്ട ഈ ലോകം, യാന്ത്രികമായ നിയമങ്ങൾക്കനുസരിച്ച്, അനന്തമായ സ്ഥലത്തിലൂടെ സഞ്ചരിക്കുന്നു.  പിന്നെയുള്ളത് റെസ് കോജിടൻസ് (“res cogitans”, unextended, thinking substance),   അതായത് ചിന്തിക്കുന്ന പദാർഥം  മാത്രമാണു. ഇതാണു ശരീരം-മനസ്സ്‌, അഥവാ പദാർഥം-ആത്മാവ് എന്ന് പ്രസിദ്ധമായ കാർട്ടീഷ്യൻ സ്പ്ളിറ്റ് (Cartesian Split) എന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദെക്കർത്തെയുടെ പ്രസിദ്ധമായ cogito ergo sum (I think therefor I am), ‘ഞാൻ ചിന്തിക്കുന്നു അതുകൊണ്ട് ഞാൻ ഉണ്ട്’  എന്ന പ്രഖ്യാപനം.

ദെക്കർത്തെ യുടെ ഈ ദര്ശനം ഭൌതിക ശാസ്ത്ര രംഗത്ത് ഒരു കുതിച്ചു ചാട്ടത്തിനു തന്നെ വഴിയൊരുക്കി. ന്യൂട്ടന്റെ ക്ലാസ്സിക്കൽ ഫിസിക്സ് ആകെമാനം ഈ തത്വത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് നിര്മിചിരിക്കുന്നത്. വസ്തുക്കളെ തങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഒരു ജഡവസ്തുവായി കാണാൻ കഴിഞ്ഞത്, ഈ ലോകത്തെ പല ഘടകങ്ങള്കൊണ്ട് കൂട്ടിച്ചേര്ത്ത ഒരു മഹാ യന്ത്രമാക്കി മാറ്റി. ദെക്കാർത്തെ യുടെ ‘റെസ് എക്സ്റ്റെൻസ’ ന്യൂട്ടോണിയൻ ഫിസിക്സിലെ ‘മാറ്റർ’ (പദാർഥം) ആയി മാറി. പിന്നീടങ്ങോട്ട് ഈ പദാർഥത്തിന്റെ (Matter) അടിസ്ഥാന ഘടകം എന്തെന്ന് കണ്ടു പിടിക്കാനുള്ള പ്രയാണമാണ് ആധുനിക ഭൌതികശാസ്ത്രത്തിന്റെ ചരിത്രം.

ദെക്കർത്തെ, ഭൌതിക ശാസ്ത്രത്തിൽ മാത്രമല്ല, പാശ്ചാത്യ ചിന്താ രീതിയെ തന്നെ അപ്പാടെ മാറ്റിമറിച്ചു. ഓരോ മനുഷ്യനും ഒരു ജൈവ സത്തയുടെ ഭാഗമായ ജൈവ രൂപം എന്നതില്നിന്നും, യാന്ത്രിക നിയമങ്ങൾക്കനുസരിച്ച് ചരിക്കുന്ന പ്രത്യകം പ്രത്യകം യാന്ത്രിക ശരീരങ്ങൾക്കുള്ളിൽ വസിച്ചു അതിനെ നിയന്ത്രിക്കുന്ന ‘ഈഗോ’ എന്ന രൂപത്തിലുള്ള ഒരു ദ്വന്ദ സത്തയായി ഓരോ മനുഷ്യനും മാറി. കാർട്ടീഷ്യൻ വിഭജനവും യാന്ത്രിക ലോകവീക്ഷണവും, ഒരേ സമയത്ത് ഗുണമായും ദോഷമായും പരിണമിച്ചു. ഒരു വശത്ത്‌ അത് ശാസ്ത്ര സാങ്കേതിക കുതിച്ചു ചാട്ടത്തിനു നിദാനം ആയപ്പോൾ മറുവശത്ത്‌ മനുഷ്യ സംസ്കാരത്തിന്മേലും പ്രകൃതിയിലും   ആഴത്തിലുള്ള ആഘാതങ്ങൾ എല്പ്പിക്കുവാനും അത് കാരണമായി. 

ഗ്രീക്ക്തത്വ ശാസ്ത്രവും അതിന്റെ പിന്തുടര്ച്ചയായ പടിഞ്ഞാറന് വിചിന്തന ശാഖയും തുടങ്ങുന്നത്, എന്താണ് പ്രാഥമികം; പദാര്ധാമോ ബോധമോ എന്ന ചോദ്യത്തില് നിന്നാണ്. ദെക്കാർത്തെ യുയ്ടെ അടിസ്ഥാന വിഭജനത്തിൽനിന്നാണ് ഈ ചോദ്യം ഉത്ഭവിക്കുന്നത്. വസ്തു പ്രാഥമികം എന്ന് വാദിച്ചവർ ഭൌതിക വാദികളും (Materialists), ആശയമാണ് പ്രാഥമികം എന്ന് വാദിച്ചവർ ആശയവാദികളുമായി (Idealists) വേര്തിരിക്കപ്പെട്ടു.

ഇതില്നിന്നെല്ലാം തുലോം വ്യത്യസ്തമായിരുന്നു പ്രാചീന ഭാരതീയ ദാര്ശിനികരുടെ ചിന്താ പദ്ധതി. വിഭിന്നങ്ങളായ അഭിപ്രായങ്ങൾ മുന്നോട്ടു വൈക്കുംപോഴും, അവയുടെ ലക്ഷ്യങ്ങൾക്ക് ഒരു പൊതു  സ്വഭാവം ഉണ്ടായിരുന്നു. മനുഷ്യന്റെ സുഖവും ശ്രേയസ്സും ഉയർചയുമായിരുന്നു ആ പൊതു സ്വഭാവം. സുഖ ദുഖങ്ങളുടെ അടിസ്ഥാനം അന്വേഷിച്ചു എത്തിയത് ഭ്വ്തികത്തിൽ അല്ല, മറിച്ചു,   അതിന്റെ ഉത്പാദന ഉറവിടം മനുഷ്യന്റെ ഉള്ള്‌ തന്നെ എന്ന് കണ്ടെത്തുകയായിരുന്നു അവര് (യാന്ജ്യവല്ക്ക മൈത്രേയി സംവാദം ഓര്ക്കുക). എന്നാൽ ഒരൊറ്റ രാത്രികൊണ്ട്‌ അവിടെ എത്തിയവർ അല്ല അവർ. ഋഗ് വേദത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക്‌ ആദ്യമാദ്യം, അവിടവിടെ, അദ്ധ്യാത്മികത കണ്ടെത്താൻ കഴിയുമെങ്കിലും ലൗകികതയുടെ  അതിപ്രസരം വളരെ വ്യക്തമായി കാണാവുന്നതാണ്. 

ചരിത്രദൃഷ്ട്ട്യാ പരിശോധിക്കുകയാണെങ്കിൽ ഋഗ് വേദം ആര്യന്മാരുടെ ചരിത്രമാണ്. ആര്യന്മാര് കുഭാതടത്തിൽ (ഇന്നത്തെ കാബൂൾ) നിന്നും യമുനാതീരത്ത് എത്തുന്നതുവരെയുള്ള ചരിത്രം. ഋഗ് വേദത്തിലെ ആദ്യ സൂക്തങ്ങൾ കുഭാതീരത്തുവച്ചു രചിക്കപ്പെട്ടതാണെന്നും, ഗംഗാതടത്തിൽ എത്തുമ്പോഴേക്കും മന്ത്ര രചന അവസാനിച്ചുവെന്നും സർദാർ കെ എം പണിക്കർ അഭിപ്രായപ്പെടുന്നു.

ഋഗ് വേദ സൂക്തങ്ങളിൽ ദേവതാ സ്തുതികളാണ് ഗണ്യമായ ഒരു വിഭാഗം. തങ്ങളെ ആക്രമിക്കുന്ന ശത്രുക്കളില്നിന്നും രക്ഷ നേടുന്നതിനും ക്ഷേമവും ഐഷര്യവും സമ്പത്തും നേടാനും ദേവന്മാരുടെ അനുന്ഗ്രഹം ആവശ്യമെന്ന് വിശ്വസിച്ച ആര്യന്മാർ പ്രാര്ധനാപരമായ സൂക്തങ്ങളിലൂടെ അവരെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. ഉദ്ദാഹരണമായി  മരുത്തുക്കളൊടുള്ള  പ്രാര്ധന ഇങ്ങനെ;

“ചർക്രുത്യം മരുത: പ്രുൽസു ദുസ്തരം
ദ്യമന്തം ശുഷ്മം മഘവല്സു ധത്തന
ധനപ്രുപ്യത മുക്ദ്ധ്യം വിശ്വ ചർഷണിം
തോകം പുഷ്യെമ തനയം ശതം ഹിമ:"

“ഹേ,  മരുത്തുക്കളെ, ധീരരും, യുധവീരന്മാരും, ധനികരും, വിഷ്വദർഷികലും എല്ലാവരാലും സ്തുത്യരും ഇപ്പോഴും മുൻപിൽ നിർതാവുന്നവരുമായ പുത്ര പൌത്രാദികളെ നല്കിയാലും "    എന്നാണു പ്രാര്ധന.

ദേവന്മാരെ പ്രീണിപ്പിക്കാനുള്ള ശക്തമായ ഒരു ഉപകരണമായിരുന്നു യജ്ഞം. "നൂറു ശരത്തുക്കൾ  ജീവിക്കുമാറാകട്ടെ" എന്നും പ്രാര്ധിക്കുന്നു.  എന്നാൽ ക്രമേണ സമ്പത്തിലും ഐഷൈര്യത്തിലും, ദേവന്മാരിലുമുള്ള വിശ്വാസം നഷ്ട്ടപ്പെടുന്നത് കാണാം.

"കസ്മൈ ദേവായ ഹവിഷാ വിധേമാ?", ഏതു ദേവനാണ് ഞാൻ ഹവിസ്സ് അർപ്പിക്കേണ്ടത്‌? എന്നുള്ള ചോദ്യം ഉയരുന്നത് പിന്നീട് കാണാം.   ലൌകീയതയോടുള്ള വിശ്വാസത്തിനു ഇളക്കം തട്ടിയ കാലത്താണ് ഇത്തരം സൂക്തങ്ങൾ രചിക്കപ്പെട്ടതെന്ന് നിസ്സംശയം കാണാൻ കഴിയും. ഗൌരവ ബോധത്തോടുള്ള വിചാരവും അന്വേഷണവും ക്രമേണ വികസിച്ചുവരുന്നത്‌ കാണാം. 

"കോ ദദർഷ പ്രഥമം ജായമാനം"

ആദ്യം പിറന്നവനെ ആർ കണ്ടു? ഇതാണു ചോദ്യം. ഇത്തരം ചോദ്യങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും വളര്ന്നുവന്നു ദൃഡമായ ചില നിഗമനങ്ങളിൽ എത്തുകയാണ് ഭാരതീയ ഋഷികൾ.

“ഏക എവാന്ഗ്നീർ ബ്രഹുധാ സമിധ:
ഏക സൂര്യോ വശ്യ മനു പ്രദുത
ഏക എവോഷ:  സർവമിദം വിഭാ-
ത്യേകം വാ ഇദം വിബഭുവ സർവ:”

“പലയിടത്തും കാണുന്ന അഗ്നി ഒന്നാണു,  എല്ലായിടത്തും ജ്വലിക്കുന്ന  സൂര്യൻ ഒന്നാണ്, ഇതെല്ലം പ്രകാശിപ്പിക്കുന്ന ഉഷസ്സും ഒന്നാണ്”.   


അങ്ങനെ പുരോഗമിച്ച്,

“ഏകം സദ്‌ വിപ്രാ ബഹുദാവദന്തി 
അഗ്നീം യമം മാതരീശ്വാന മാഹു:”

“ഇന്ദ്രനും സൂര്യനും വരുണനും എല്ലാം യധാര്ത്യത്തിൽ ഒന്ന് മാത്രമാണു. അതിനെതന്നെയാണു അഗ്നിയെന്നും യമനെന്നും മാതരീശ്വാവെന്നും പണ്ഡിതന്മാർ വിളിക്കുന്നത്‌”

ഏകത്വ ദര്ശനം വന്നു കഴിഞ്ഞപ്പോൾ പ്രപഞ്ചൊൽപ്പത്തിയെ  ഗൌരവമായി ചിന്തിക്കാൻ തുടങ്ങി.

ഋഗ് വേദം പത്താം മണ്ഡലം തൊണ്ണൂറാം സൂക്തമായ പുരുഷ സൂക്തം വളരെ പ്രസംശ പിടിച്ചു പറ്റിയതാണ്. അക്കാലത്തെ മനുഷ്യരുടെ ചിന്തക്കും അപ്പുറത്താണ് ഇതിന്റെ അർഥ വ്യാപ്ത്തിയെന്നും അതുകൊണ്ട് ഇത് പിന്നീട് എഴുതി ചേര്ത്തത് ആയിരിക്കാമെന്നും ചില പാചാത്യ പണ്ഡിതന്മാർ അഭിപ്രായപ്പെട്ട സൂക്തമാണിത്.

പ്രപഞ്ചത്തിന്റെ സമഗ്രതയും മനുഷ്യന്റെ  കർമോന്മുഖതയുടെയും പ്രതീകമായ ഒരു പരാശക്ത്തിയെ (പുരുഷൻ) മൂലകാരണമായി സങ്കൽപ്പിചിരിക്കുകയാണു ഈ സൂക്തം കൊണ്ട്.

“എതാവാനസ്യ മഹിമാ തോ ജ്യായംശ്ച് പുരുഷ :
പാദോസ്യ വിശ്വ ഭൂതാനി ത്രിപാദസ്യാമ്രുതം ദ്വിവി “

“ഭൂത വര്തമാനകാലങ്ങളെ വ്യാപിച്ചു നില്ക്കുന്ന ഈ പ്രപഞ്ചം എത്രയുണ്ടോ അത്രയും പുരുഷന്റെ മഹിമയാകുന്നു. 

ഈ പുരുഷൻ  ഇതിനേക്കാൾ വലുതുമാകുന്നു. ഇക്കാണുന്നതെല്ലാം ഇവന്റെ നാലിലൊന്ന് മാത്രമാകുന്നു, നാളിൽ മൂന്നുഭാഗവും അമൃത രൂപത്തിൽ അജ്ഞാതമായി ആകാശത്തിൽ ലയിച്ചു നില്ക്കുന്നു.”

ഇന്നത്തെ ഏറ്റവും പുതിയ ശാസ്ത്ര വിജ്ഞാനം വച്ചുപോലും വിവരിക്കാവുന്നതാണ് ഇതിന്റെ സാരം. (കൂടുതൽ അറിയാൻ “The truth is not in what shines, but in what hides in the Dark” (http://chummaa-thinking.blogspot.in/2015/12/the-truth-is-not-in-what-shines-but-in.html )    വായിക്കുക