Friday, 4 January 2019

പരിണാമ സിദ്ധാന്തം, മതം, വിശ്വാസം



പരിണാമം (Evalution) എന്ന പ്രയോഗത്തിന്റെ അര്ഥം ‘ഒരു അവസ്ഥയില്‍നിന്നു ക്രമമായി മറ്റൊരവസ്ഥയെ പ്രാപിക്കല്‍” എന്നതായിരിക്കും ഏറ്റവും അനുയോജ്യമായത്. അതുകൊണ്ടുതന്നെ പരിണാമം എല്ലായിടത്തും നടക്കുന്ന ഒരു പ്രക്രിയ ആണ്. ജൈവ ലോകത്തും അജൈവ ലോകത്തും നടക്കുന്ന പരിണാമം ഒരേ നിയമങ്ങൾ കൊണ്ട് നിര്വചിക്കാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമായി എന്നും നിലനിന്നിട്ടുള്ള ഒന്നാണ്. കഴിയുമെന്നും ഇല്ലായെന്നും രണ്ടുപക്ഷം എന്നും നിലനില്ക്കുന്നുമുണ്ട്. അതുപോലെതന്നെ പരിണാമം എന്നത് ഒരു ആകസ്മിതം (Chance) ആണോ ആവശ്യകത (Necessity) ആണോ എന്നും തര്ക്കം നിലനില്ക്കുന്നു. ആകസ്മികതക്കും ആവശ്യകതക്കും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ആകസ്മികതയിൽ ഒരു ‘ലക്‌ഷ്യം’ അഥവാ ‘പ്രയോജനാവാദപരമായ’ (Teleological) ഒന്ന് അടങ്ങിയിട്ടില്ല പക്ഷെ ആവശ്യകതയിൽ അത് അടങ്ങിയിട്ടുണ്ട് എന്നതാണ്.

ജൈവ ലോകത്തെ പരിണാമ നിയമങ്ങൾ ഇന്ന് ഏറ്റവും സ്വീകാര്യമായി നിവചിചിരിക്കുന്നത് ഡാർവിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിന്റെ അടിസ്ഥാനം പ്രകൃതി നിര്ധാരണം അഥവാ നാച്ചുറൽ സെലെക്ഷൻ എന്ന പ്രക്രിയ ആണ്. (Described as the ‘Survival of the fittest’ by Herbert Spensor). അപ്പോൾ നാച്ചുറൽ സെലെക്ഷൻ ഒരു ആകസ്മിതയാണോ ആവശ്യകതയാണോ എന്നതാണ് ഇവിടത്തെ പ്രസക്തമായ ചോദ്യം. സ്പെൻസർ നിരവചിചിരിക്കുന്നതിനെ നേരിട്ടെടുത്താൽ, എന്താണ് ഈ ‘Fittest’? ഡാർവിന്റെ തന്നെ വിശദീകരണങ്ങൾ എടുത്താൽ fittests എന്നത് നിലനിക്കാനും പ്രത്യുല്പ്പാദനം നടത്താനുമുള്ള കഴിവാണ് അതായത് ‘The capacity to survive and reproduce’. “ആവശ്യകത” അതിൽ നേരിട്ടുതന്നെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സ്പെന്സറിന്റെ ഈ നിര്വചനം “ആകസ്മികത” പക്ഷക്കാർ തള്ളിക്കളയുന്നു (Richard Dawkins ഈ പക്ഷക്കാരനാണ്).  
  
നാച്ചുറൽ സെലക്ഷന്റെ പ്രത്യകത, അത് പ്രവര്ത്തിക്കുന്നത് ഒരു സജീവ വസ്തുവിലാണ് (organism) എന്നതാണ്. അത് മാത്രമല്ല ഒരു സജീവ വസ്തുവിൽ വെളിവാക്കപ്പെട്ട ഒരു കഴിവിൽ (Expressed ability, കുറവിലുമാകാം) മാത്രമേ അതിനു പ്രവര്ത്തിക്കാനും കഴിയു. Organism എന്നത് സ്വതന്ത്രവും സ്ഥിരവും പ്രത്യൽപ്പദനക്ഷമവും ചുറ്റുപാടുകളോട് സംവദനക്ഷമതയും ഉള്ള ഒരു അവസ്ഥയാണ്. ആ അവസ്ഥയിലുള്ള നിലനില്പ്പ് അതിന്റെ പരമമായ ലക്ഷ്യവുമാണ്‌. ഒരു ഒര്ഗാനിസത്തിനുള്ളിലേക്ക് കടന്നു കയറുന്ന ഫോറിൻ ബോടിയെ antibodies ഉപയോഗിച്ചുള്ള അതിന്റെ പ്രതിരോധം ഈ ലക്ഷ്യത്തിന്റെ മനോഹരമായ ഒരു പ്രകടനമാണ്. അതായത് ‘പ്രയോജനാപരമായ’ ഒന്ന് ഒഴിച്ചുനിരുത്തിക്കൊണ്ട് ഒരു ഓർഗാനിസത്തെ ചിന്തിക്കാനേ കഴിയില്ലെന്ന് സാരം. 

ചുരുക്കത്തിൽ നാച്ചുറൽ സെലെക്ഷൻ പ്രവര്ത്തിക്കുന്നത് ആകസ്മികമായി ഉണ്ടായ ഒരു ഉൽപ്പന്നത്തിൽ (ഒര്ഗനിസം) ആണെങ്കിലും അതിന്റെ പ്രവര്ത്തന മണ്ഡലം ആവശ്യതകളാൽ  നിര്മ്മിതമാണ്. അതുകൊണ്ടുതന്നെ ആകസ്മിതയെക്കാൾ ആവശ്യകതയോടാണ് നാച്ചുറൽ സെലെക്ഷൻ കൂടുതൽ കടപ്പെട്ടിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ പൊതുവെ പുരോഗതിയിലേക്കുള്ള പടിപടിയയുള്ള കീഴടക്കലുകൾ ആവശ്യകതകളിൽ ഊന്നിയാണെന്ന് തന്നെ പറയേണ്ടിവരും. അതൊകൊണ്ടാണ്‌ നാച്ചുറൽ സെലെക്ഷൻ ‘Chance and Necessity’ ആണെന്ന് പറയുന്നത്. (Nobel winner Jacques Monod, Stephen J Guild തുടങ്ങിയർ ഈ പക്ഷക്കാരാണ്). 
   
പരിണാമ സിദ്ധാന്തം ദൈവ വിശ്വാസത്തെ നിഷേധിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നല്ല, മറിച്ചു ജീവലോകത്ത് സ്പീഷീസ് എങ്ങനെ പരിണമിച്ചു ഉണ്ടായി എന്ന് കാണിക്കുന്ന ഒന്നാണ്. പക്ഷെ അതിന്റെ പരിണിത ഫലം, സസ്യ ലതാതികൾ ഉള്പ്പെടെയുള്ള ജീവി വംശത്തെ, ഓരോ സ്പീഷീസ് ആയി, വെവ്വേറെ, ദൈവം സൃഷ്ട്ടിച്ചു എന്ന സെമെട്ടിക് മതങ്ങളുടെ വിശ്വാസത്തിന്റെ കടക്കൽ കത്തി വൈക്കുന്നതായി തീര്ന്നു എന്ന് മാത്രം.

ദൈവവിശ്വാസം എന്നത് ഒരു തത്വശാസ്ത്രപരമായ നിലയാണ്. അത് സയൻസിന് പുറത്തും ആണ്. ഏതെങ്കിലും ശാസ്ത്രീയ നിലപാട് ദൈവം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ളതല്ല. പക്ഷെ ദൈവ വിശ്വാസത്തിനു അനുബന്ധമായി, വിശ്വാസികൾ കൂട്ടിചേര്ക്കുന്ന മറ്റു കാര്യങ്ങൾ, അതായത്, സൃഷ്ട്ടി, സ്വര്ഗം, നരകം എന്നിവ ശാസ്ത്രീയ നിലപാടിൽ തള്ളി കളയുന്നു എന്നത് മാത്രമാണ് യാഥാർഥ്യം.

Monday, 5 November 2018

ഉന്മൂല നാശത്തിൽനിന്നും ഒരു പലായനം



പഴയ നിയമത്തിൽ യഹോവ, രണ്ടുതവണ ഭൂമിയിൽ കൂട്ടക്കുരുതി നടത്തുന്ന കഥയുണ്ട്. തീർച്ചയായും അതിൽനിന്നും ചിലരെ രക്ഷിക്കുന്നുണ്ട്. അത്തരം കൂട്ടക്കുരുതികളിൽ ഒന്ന് സൊദോം, ഗോമറ എന്ന രണ്ടു നഗരങ്ങളെ ആകാശത്തിൽനിന്നും അന്ഗ്നിയും ഗന്ധകവും വർഷിച്ചു നശിപ്പിക്കുന്നതാണ്. യഹോവെക്കു ഇഷ്ട്ടപ്പെട്ട ലോത്തും അദ്ദേഹത്തിൻറെ കുടുംബത്തിലെ ചിലരും അതിൽനിന്നും രക്ഷപെടുന്നുണ്ട്.

ഇതിനും നൂറ്റാണ്ടുകൾക്കു മുൻപ് മറ്റൊരു വൻ നശീകരണം നടത്തുന്നുണ്ട് യഹോവ. ഇത്തവണ ആയുധം വെള്ളപ്പൊക്കം ആയിരുന്നു. നാൽപ്പതു രാവും നാൽപ്പതു പകലും തുടർച്ചയായി മഴ പെയ്തു. ഇപ്രാവശ്യം യഹോവ അൽപ്പം കൂടി ദയ കാണിച്ചു. അദ്ദേഹത്തിൻറെ ഇഷ്ടക്കാരനായിരുന്ന നോഹയോടും കുടുംബത്തോടും വലിയൊരു പേടകം പണിയാൻ അദ്ദേഹം കൽപ്പിച്ചു. ആ പേടകത്തിൽ ലോകത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലകങ്ങളുടെയും, ഒരാണും ഒരു പെണ്ണും, അങ്ങനെ ഓരോ ഇണകളെയും കൂടി കയറ്റി രക്ഷിക്കപ്പെട്ടു.

കടുത്ത വിശ്വാസികൾ കരുതുന്നത് ആ വെള്ളപ്പൊക്കത്തിൽ ആണ് ദിനോസറുകൾ എല്ലാം ചത്തൊടുങ്ങിയത് എന്നാണ്. പക്ഷെ, അങ്ങനെയെങ്കിൽ നോഹയുടെ ആ പേടകത്തിൽ പാവം ദിനോസറിന്റെ രണ്ടു പ്രതിനിധികളെയും കൂടി എന്തുകൊണ്ട് കയറ്റിയില്ല എന്ന പ്രശ്നം ഉയരുന്നുണ്ട്.  അതിനും അവർക്കു മറുപടി ഉണ്ട്. ഏതാണ്ട് 120  അടിയോളം നീളവും 110-120  ടൺ തൂക്കവുമുണ്ട് ചില ദിനോസറുകൾക്കു. അവയെ എങ്ങനെ ഒരു പേടകത്തിൽ കയറ്റും? 

പക്ഷെ യഥാർത്ഥത്തിൽ വിചാരിച്ചാൽ നടക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. കാരണം ബൈബിളിൽത്തന്നെ പറയുന്നത് നോഹയുടെ പേടകത്തിന് 300  ക്യൂബിറ്റു നീളവും 50  ക്യൂബിറ്റു വീതിയും 30  ക്യൂബിറ്റു ഉയരവും ഉണ്ടായിരുന്നു എന്നാണ്. ക്യൂബിട് എന്ന ഹിബ്രു വാക്കിനു മുൻകയ്യ്‌ എന്നൊക്കെയാണ് അർദ്ധം, അതായത് നമ്മൾ ഒരു മുഴം എന്നൊക്കെ പറയുന്നില്ലേ അതുതന്നെ. അതായത് ഏതാണ്ട് 18-20  ഇഞ്ചോളം വരും.  അങ്ങനെ നോക്കിയാൽ നോഹയുടെ പേടകത്തിന് ഏതാണ്ട് 500  അടി നീളവും  80  അടി വീതിയും 50  അടി ഉയരവും, ഏതാണ്ട് 20  ലക്ഷം ഘനഅടി വ്യാപ്തം. അതായത് നോഹ വിചാരിച്ചിരുന്നെങ്കിൽ കഴിഞ്ഞേനെ എന്നർദ്ധം. 

പക്ഷെ  ശാസ്ത്രീയ  നിഗമനങ്ങൾ  ഇതുമായി  ഒത്തുപോകുന്നതല്ല.  കാരണം ദിനോസറുകളുടെ വംശനാശം സംഭവിക്കുന്നത്  ഏതാണ്ട് 65  മില്യൺ  വര്ഷങ്ങള്ക്കു മുൻപാണ്. അന്ന് എന്തായാലും നോഹയും അദ്ദേഹത്തിൻറെ പേടകവും ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല. 

നോഹയുടെയും പേടകത്തിന്റെയും കഥ അവിടെ നിൽക്കട്ടെ, ഭൂമിയുടെ കഴിഞ്ഞ 500 മില്യൺ വർഷത്തെ ചരിത്രം എടുത്താൽ കുറഞ്ഞത്, ഇതുപോലെ അഞ്ചു കൂട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്, 450  മില്യൺ വര്ഷങ്ങള്ക്കു മുൻപ് ആദ്യത്തേതും, പിന്നീട് 360  മില്യൺ വര്ഷം, 250 മില്യൺ, 200 മില്യൺ, ഏറ്റവും അവസാനത്തെ, ദിനോസറുകൾ എല്ലാം നശിച്ച, 65  മില്യൺ വര്ഷം മുൻപ്.  65  മില്യൺ വര്ഷങ്ങള്ക്കു മുൻപ്, ഏതാണ്ട് ആറ് മൈൽ വലുപ്പം ഉള്ള ഒരു ആസ്ട്രോയിഡ് 22000  മൈൽ വേഗതയിൽ വന്നു ഭൂമിയെ ഇടിച്ചതാവണം അന്നത്തെ നാശത്തിനു ഉറവിടം എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഏതാണ്ട് നൂറുകോടി കൊല്ലങ്ങൾക്കുള്ളിൽ ഇതുപോലുള്ള പത്തു കൂട്ടിയിടിക്കെങ്കിലും സാധ്യത ഉണ്ടെന്നാണ് ശാസ്ത്രജ്ഞമാരുടെ കണക്ക്. അതായത് ഒരു സർവനാശം ഉറപ്പ്‌. 

പക്ഷെ, ആശ്വാസത്തിന് ധാരാളം വഴികൾ ഉണ്ട്. ഇന്നത്തെ മനുഷ്യന്റെ സാങ്കേതിക വളർച്ചയുടെ തോത് നോക്കിയാൽ അപ്പോഴേക്കും അത്തരം കൂട്ടി ഇടികളെ ഒഴിവാക്കാനുള്ള സാങ്കേതിക വളർച്ചയിലേക്ക് മനുഷ്യൻ എത്തും എന്നത് ഉറപ്പാണ്. എന്നാലും പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല. നൂറു കോടി കൊല്ലം കഴിയുമ്പോൾ സൂര്യൻ അതിന്റെ വാർധ്യക്യ കാല ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ഇന്നത്തെ അതിന്റെ വലുപ്പത്തിന്റെ ഒരു 10% കൂടി അത് വികസിക്കും. ഭൂമിയിലെ സമുന്ദ്രങ്ങൾ എല്ലാം വറ്റി വരളും, ഭൂമിയുടെ ചൂട് ഒരു 700  ഡിഗ്രി ഫാരൻഹീറ്റ്‌ ആയി ഉയരും. അപ്പോൾ മനുഷ്യന് ഒന്നുകിൽ ഭൂമിയിൽ നിന്നും രക്ഷപ്പെടുക അല്ലെങ്കിൽ നശിക്കുക എന്ന രണ്ടു വഴികളിൽ ഒന്ന് തെരെഞ്ഞെടുക്കേണ്ടിവരും.

ചൊവ്വാ ഗൃഹത്തിലേക്ക് രക്ഷപെടാം നമുക്ക്. അവിടെ ഒരു നാൽപ്പതു അടി താഴ്ചയിൽ ഐസിന്റെ രൂപത്തിൽ ധാരാളം വെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. അങ്ങനെ കുറച്ചുനാൾ കഴിയാം. പക്ഷെ 450  കോടി കൊല്ലം കഴിയുമ്പോൾ സൂര്യനിലുള്ള ഹൈഡ്രജൻ എല്ലാം ഹീലിയം ആയി മാറും, സൂര്യൻ ഒരു ചുവന്ന നക്ഷത്രം ആയി മാറും , ഇന്നത്തെ സൂര്യന്റെ 250  മടങ്ങു വലുപ്പമുള്ള ഒരു ചവുവന്ന ഭീമൻ. സൗരയൂഥത്തിലെ ബുധൻ, ശുക്രൻ , ഭൂമി എല്ലാം സൂര്യൻ വിഴുങ്ങും ചൊവ്വ തിളച്ചുമറിയുന്ന ഒരു ഒരു ശവപ്പറമ്പ് ആയി മാറും. 

പക്ഷെ നമുക്ക് ഇനിയും വഴികൾ ഉണ്ട്, ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ  ഇടം ഉണ്ട്.

പക്ഷെ ഒരു 1300  കോടി കൊല്ലങ്ങൾകൂടി കഴിയുമ്പോൾ സൂര്യൻ തന്റെ പുറം പാളികൾ പുറത്തേക്കു വലിച്ചെറിഞ്ഞു കത്തിയണഞ്ഞു ഒരു 'വെള്ളക്കുള്ളൻ' ആയി പ്രകാശം നശിച്ചു അങ്ങനെ അലയാൻ തുടങ്ങും. അപ്പോൾ നമ്മുടെ ടൈറ്റൻ വെറും ഒരു ഐസ് കട്ടയായി മാറും. പിന്നീട് നമുക്കുള്ള ഏക പോംവഴി ഏതാണ്ട് നാല് പ്രകാശവർഷം അകലെയുള്ള പ്രോക്സിമ സെഞ്ചുറി എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഒരു  ഗ്രഹം കണ്ടെത്തുക മാത്രമാണ്.

കഷ്ടകാലം അവിടെകൊണ്ടു അവസാനിക്കും എന്ന് കരുതേണ്ടാ. പ്രപഞ്ചോല്പത്തിയുടെ ഇന്നത്തെ നമ്മുടെ ധാരണ അനുസരിച്ചു, ഒന്നുകിൽ ഈ പ്രപഞ്ചം വികസിച്ചു വികസിച്ചു അനന്തതയിൽ വിലയം പ്രാപിക്കും, അല്ലെങ്കിൽ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിൽ അവസാനിക്കും. ഇതിൽ എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാൻ, പക്ഷെ, നമുക്ക് 10^18  വര്ഷം കാത്തിരിക്കേണ്ടിവരും എന്ന് മാത്രം.
എന്തായാലും ഇവിടെനിന്നും രക്ഷപെട്ടേ പറ്റൂ.

നമ്മളോടാ കളി, ബിഗ് ബാങ്ങിന്റെ ആദ്യ നിമിഷാർത്ഥങ്ങളിൽ (10^-30  സെക്കൻഡ്) ഉണ്ടായ ചില സ്പേസ്-ടൈം മറ്റു പ്രപഞ്ചങ്ങളായി വികസിച്ചിട്ടുണ്ടാവണം. അതിൽ ഏതെങ്കിലും ഒരു പ്രപഞ്ചം കണ്ടുപിടിക്കണം. പക്ഷെ അതിലുമുണ്ട് പ്രശ്നങ്ങൾ. ആ പ്രപഞ്ചങ്ങളിൽ നമ്മുടെ ഭൗതിശാസ്തത്തിൽ നിന്നും വളരെ വ്യത്യസ്തമായ നിയമങ്ങൾ ആണ് നിലനിൽക്കുന്നതെങ്കിലോ? ഉദ്ദാഹരണത്തിനു കാലം തിരിച്ചാണ് സഞ്ചരിക്കുന്നതെങ്കിലോ? അതായത് ഭാവിയിൽനിന്നും ഭൂതകാലത്തിലേക്ക് !!

Thursday, 1 November 2018

ശിഖണ്ഡി



ഇനി ഒരു കഥ ആവട്ടെ. കഥപറയാൻ നമ്മുടെ നാട്ടുകാരെ വെല്ലാൻ ലോകത്തിൽ ആരും ഉണ്ടായിട്ടില്ല. കഥയുടെ ആശാന്മാർ എന്ന് പറയപ്പെടുന്ന ഗ്രീക്കുകാർ പോലും. കഥ പറയുമ്പോൾ ആണിന്റെയും പെണ്ണിന്റെയും കഥയാണല്ലോ എല്ലായിപ്പോഴും. ഇവിടെ ഇതാ ആണും പെണ്ണുമല്ല എന്ന് തെറ്റിദ്ധരിച്ച ഒരു കഥാപാത്രം. ഒരേസമയം ആണും പെണ്ണും ആയിരുന്ന ഒരു ദുരന്ത കഥാപാത്രം. വ്യാസ ബുദ്ധിയിൽ നിന്നും ജനിച്ച ഒരു ദുരന്ത കഥാപാത്രം.

'ശിഖണ്ഡി' എന്ന പേര് 'ആണും പെണ്ണുമല്ലാത്ത' എന്ന അർഥത്തിലാണ് നാം സാധാരണ ഉപയോഗിക്കുന്നത്. മഹാഭാരതത്തിൽ പാഞ്ചാലിയുടെയും ധൃഷ്ടധുമന്റെയും മൂത്ത ആളായിരുന്നു അയാൾ.  എന്നാൽ ശിഖണ്ഡി ഒരിക്കിലും അങ്ങനെ ആയിരുന്നില്ല. പെണ്ണായി ജനിച്ചു, കുറേനാളുകൾക്കുശേഷം ആണായി മാറി, അങ്ങനെതന്നെ മരിച്ചു.

മഹാഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഉപപർവമാണ് അംബോപാഖ്യാന പർവ്വം. ഇതിലാണ് അബയുടെ കഥ വിശദമായി പറയുന്നത്. ഭീഷ്മർ തന്റെ അനുജനുവേണ്ടി (വിചിത്രവീരൻ)  കാശിരാജാവിന്റെ പുത്രിമാരായ അംബ, അംബിക, അംബാലിക എന്ന കന്യകമാരെ ബലമായി പിടിച്ചുകൊണ്ടുവരുന്നതും, അംബയുടെ അപേക്ഷപ്രകാരം അവളെ വിട്ടയക്കുന്നതും. കാമുകനാൽ  തിരസ്കൃതയായ അംബ തിരിച്ചു ഭീഷ്മരുടെ അടുത്തെത്തുന്നതും, തുടർന്ന് ഭീഷ്മ-പരശുരാമ യുദ്ധവുമെല്ലാം നാം കേട്ടിട്ടുള്ള കഥകളാണ്. പിന്നീടുള്ള ചിലതു അത്രയൊന്നും കേൾക്കാത്ത കഥയാണ്. അവിടെയാണ് ശിഖണ്ഡിയുടെ കഥ വരുന്നത്.
 
നിരാശയായി അംബ, ശിവനെ തപസ്സുചെയ്തു ദേഹ ത്യാഗത്തിനൊരുങ്ങുന്നു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട്, എന്ത് വരം വേണമെന്ന് അംബയോടു ചോദിക്കുന്നു. ഭീഷ്മരെ കൊല്ലാനുള്ള വരമാണ് വേണ്ടതെന്നു അംബ പറഞ്ഞു. 'അങ്ങനെ തന്നെ സംഭവിക്കും' എന്ന് ശിവൻ അനുഗ്രഹിക്കുന്നു. അപ്പോൾ അംബ ശിവനോട്  വീണ്ടും ചോദിച്ചു 'ഭഗവാനെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ഭീഷ്മരെ വധിക്കും?' ശിവൻ പറഞ്ഞു 'ദേഹാന്തരം സംഭവിച്ചുകഴിഞ്ഞാൽ നിനക്ക് പുരുഷത്വം ലഭിക്കും, ദ്രുപദകുലത്തിൽ നീ മഹാരഥിയായി വളരും'. സംതൃപ്തയായ അംബ, അഗ്നിയിൽ തന്റെ ജീവൻ ഹോമിച്ചു.  

ആയിടക്ക് പുത്രന്മാർ ഒന്നും ഉണ്ടാവാത്ത ദ്രുപദ രാജാവും ഭാര്യയും ശിവനെ തപസ്സുചെയ്യ്തു പ്രത്യക്ഷപ്പെടുത്തി. തപസ്സിന്റെ ലക്‌ഷ്യം അറിഞ്ഞ ശിവൻ 'കന്യകയായ ഒരു പുത്രൻ' ഉണ്ടാവുമെന്ന് അനുഗ്രഹിച്ചു മറഞ്ഞു. വരം എന്താണെന്ന് കൃത്യമായി മനസ്സിലാവാത്ത രാജാവ് ' തങ്ങളെ  പുത്ര സവ്ഭാഗ്യത്തിന് ശിവൻ അനുഗ്രഹിച്ചു' എന്ന് രാജ്യം മുഴുവൻ വിളംബരം ചെയ്തു അറിയിച്ചു. പത്തുമാസം കഴിഞ്ഞപ്പോൾ രാഞ്ജി ഒരു പുത്രിയെ പ്രസവിച്ചു. നിരാശരായ രാജാവും രാഞ്ജിയും വിവരം പുറത്തു അറിയിച്ചില്ല. വളരെ വിശ്വസ്തയായ ഒരു തോഴിയുടെ സഹായത്താൽ കുഞ്ഞിനെ ആണ്കുട്ടിയായി വളർത്തി, ശിഖണ്ഡി എന്ന് പേരും നൽകി. ആണ്കുട്ടിയായി വളർന്ന ശിഖണ്ഡിരാജകുമാരി അസ്ത്ര ശാസ്ത്രാഭ്യാസങ്ങളിൽ വളരെ മികവ് പുലർത്തി. ക്രമേണ ദ്രോണരുടെ കീഴിൽ സകല അസ്ത്രവിദ്യയും പഠിച്ചു ഒരു മഹാരഥിയായി മാറി. 

യൗവനത്തിൽ എത്തിയ ശിഖണ്ഡിക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. വിഷമഘട്ടത്തിലായ പാഞ്ചാലൻ ഒടുവിൽ വീര-ശൂര പരാക്രമിയായ ദാശാർണ്ണ രാജാവായ  ഹിരണ്ണ്യവർമ്മന്റെ പുത്രിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. വിവാഹശേഷം ദമ്പതിമാർ കാമ്പല്യപുരിയിൽ എത്തി. അന്ന് രാത്രി, താൻ ഒരു സ്ത്രീ ആണെന്നുള്ള സത്യം ശിഖണ്ഡി, തന്റെ ഭാര്യയെ അറിയിച്ചു. ദുഖിതയായ രാജകുമാരി തന്റെ അച്ഛനെ ഉടൻ വിവരം അറിയിച്ചു. ചതിയിൽപ്പെട്ടത് മനസ്സിലായ ഹിരണ്ണ്യവർമ്മൻ പാഞ്ചാലനോട് യുദ്ധത്തിന് തയാറായിക്കുള്ളുവാൻ അറിയിച്ചു ആളയച്ചു. നാണക്കേടും പേടിയും കൊണ്ട് മൃതപ്രായനായ പാഞ്ചാലൻ നിരവധി ഒത്തുതീർപ്പു വ്യവസ്ഥകൾ മുന്നോട്ടു വച്ച് നോക്കി. എന്നാൽ ഹിരണ്ണ്യവർമ്മൻ യുദ്ധത്തിൽ തന്നെ ഉറച്ചു നിന്ന്. 

താൻ മൂലം തന്റെ അച്ഛനും രാജ്യവും ചെന്നുപെട്ട അപകടത്തിൽ മനംനൊന്തു ശിഖണ്ഡി, പ്രാണത്യാഗത്തിനായി കാട്ടിലേക്ക് ഓടിപ്പോയി. ശിഖണ്ഡി ചെന്നുപെട്ടത്, സ്ഥൂലാകർണ്ണൻ എന്ന യക്ഷന്റെ മുൻപിലാണ്. കഥ മുഴുവൻ കേട്ട യക്ഷന് ശിഖണ്ഠിയോടു അതിരറ്റ അനുകമ്പ തോന്നി. കുറേക്കാലം കഴിഞ്ഞു തിരിച്ചുനൽകണം എന്ന വ്യവസ്ഥയിൽ, യക്ഷൻ, തന്റെ പുരുഷത്വം ശിഖണ്ഡിയുടെ സ്ത്രീത്വവുമായി വച്ച് മാറി. ശിഖണ്ഡി തിരിച്ചു നാട്ടിൽ എത്തി. അമ്മായിഅച്ഛന്റെ മുൻപിൽ തന്റെ പുരുഷത്വം തെളിയിച്ചു ഭാര്യയുമായി സുഖമായി കുറച്ചുകാലം കഴിഞ്ഞു.

ആയിടക്ക് യക്ഷരാജാവായ കുബേരൻ, സ്ഥൂലാകർണന്റെ വീട്ടിൽ എത്തി. നാണക്കേടുകൊണ്ടു യക്ഷൻ, കുബേരനെ സ്വീകരിക്കുവാൻ മടിച്ചു മറഞ്ഞുനിന്നു. മറ്റു യക്ഷന്മാരിൽനിന്നും കാര്യം ഗ്രഹിച്ച കുബേരൻ, 'ഈ പാപിക്ക് സ്ത്രീത്വം നിലനിൽക്കട്ടെ' എന്ന് ശപിച്ചു. മനസ്തപിച്ചു, പാപമോക്ഷത്തിനായി കേണ സ്ഥൂലാകർണ്ണനു, ശിഖണ്ഡിയുടെ മരണശേഷം മാത്രം പുരുഷത്വം തിരുച്ചു കിട്ടും എന്ന് ശാപമോക്ഷം നൽകി കുബേരൻ മറഞ്ഞു. പിന്നീട്, കുരുക്ഷേത്ര യുദ്ധത്തിനുശേഷം, അശ്വദ്ധാമാവിനാൽ കൊല്ലപ്പെടുന്നതുവരെ ശിഖണ്ഡി പുരുഷനായി തന്നെ ജീവിച്ചു.

'ആണും പെണ്ണുമല്ലാത്തവരോട് ഞാൻ യുദ്ധം ചെയ്യില്ല' എന്ന് ഭീഷ്മർ പറഞ്ഞു എന്നാണു നാം പലപ്പോഴും കേൾക്കുന്നത്. അതും വാസ്തവ വിരുദ്ധമാണ്. 'ഞാൻ സ്ത്രീകളോടും, സ്ത്രീയായി ജനിച്ചവരോടും യുദ്ധം ചെയ്യില്ല' എന്നാണു ഭീഷ്മർ പറഞ്ഞത്. പത്താം നാൾ തന്നെ വന്നു കണ്ട യുധിഷ്ടരനോട് ഭീഷ്മർ പറയുന്നത് ഇങ്ങനെയാണ്. "നിന്റെ സൈന്യത്തിൽ ദ്രുപദപുത്രനായ ഒരു മഹാരാധനില്ലേ? സമരാമർഷിയും, ശൂരനും പോരിൽ വിജയിയുമായ ഒരുത്തൻ. അവന്റെ വിവരങ്ങൾ ഒക്കെ നിങ്ങള്ക്ക് അറിവുള്ളതാണ്. മുൻപേ പെണ്ണായി പിറന്നവനും പിന്നീട് ആണായിത്തീർന്നവരുമാണ് അവൻ. ആ ശിഖണ്ടിയെ മുന്നിൽ നിറുത്തി അർജ്ജുനൻ എന്നെ എതിർക്കട്ടെ"  

വ്യാസ മഹാഭാരതത്തിൽ കഥ ഇങ്ങനെയാണ്.

Saturday, 27 October 2018

അഹംബോധം



'അഹംബോധം' എന്നുള്ളത്  എങ്ങനെ നിര്വചിക്കപ്പെടുന്നു? പാശ്ചാത്യ ചിന്ത പ്രകാരം, ബുദ്ധി , മനസ്സ് , ബോധം എന്നൊക്കെയുള്ളത് എല്ലാം ഒന്നുതന്നെയാണ്. എന്നാൽ കിഴക്കൻ ദർശനങ്ങൾ, വിശേഷിച്ചു ഭാരതീയ ദർശനങ്ങൾ, ഇവയെല്ലാം സങ്കീർണങ്ങളായ പ്രിക്രിയകളുടെ, വിവിധങ്ങളായ നിലനിൽപ്പുകൾ ആയാണ് കരുതി പോന്നത്.

ഒരു ബയോളജിക്കൽ സിസ്റ്റത്തെ ഒരു സൊദ്വേശലക്ഷ്യവുമില്ലാത്ത വെറും യാന്ത്രിക സിസ്റ്റമായി നിർവചിക്കാൻ കഴിയുമോ ഇല്ലയോ എന്നത് ഫിലോസഫി ഓഫ് ബയോളജിയിലെ ഒരു പ്രധാന ചർച്ച വിഷയമാണ്. ഇക്കാര്യത്തിൽ കടുത്ത ഡാർവീനിയൻ ബയോളജിസ്റ്റുകളും എവലൂഷനറി ബയോളജിസ്റ്റുകളും രണ്ടു നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. 'ബെർണാഡ് മെഷിൻ' പോലുള്ള മോഡലുകൾ ഒരു പരിധിവരെ വിജയകരമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്, ഈ ചർച്ചകളിൽ.

'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന് ഒരു മലയാള സിനിമയുണ്ട്. യഥാർഥത്തിൽ ഉറുമ്പുകൾ ഉറങ്ങുമോ? ഉറങ്ങും എന്നുതന്നെ ഉത്തരം. ഉറങ്ങും എന്ന് മാത്രമല്ല, നമ്മുടെ REM (റാപ്പിഡ് ഐ മൂവ്മെന്റ്) പോലുള്ള അവസ്ഥകൾ അവക്കും ഉണ്ട്; റാപ്പിഡ് ആന്റിന മൂവ്മെന്റ്.

പക്ഷെ ഒരു ഉറുമ്പ് എന്ന നിലയിൽ എടുത്താൽ അത് അത്ര വല്യ സ്മാർട് അല്ല എങ്കിലും, (എന്നല്ല ഒരു തരത്തിലുള്ള ഡംപ് (dumb) യൂണിറ്റുകളായി കണക്കാക്കാവുന്നതാണ്. തേനീച്ച, ചിതൽ തുടങ്ങി എല്ലാത്തിനും ഇത് ബാധകമാണ്). പക്ഷെ ഒരു കോളനി എന്ന നിലയിൽ അവ ഒരു മനുഷ്യ സമൂഹത്തോളമോ, ഒരു പക്ഷെ അതിലധികമോ സ്മാർട് ആണെന്ന് കാണാൻ കഴിയും. അതിനെയാണ് സ്വാം ഇന്റലിജൻസ് (Swarm intelligence) എന്ന് പറയുന്നത്.

അതായത്, ഉറുമ്പുകൾ തുടങ്ങി സമൂഹമായി ജീവിക്കുന്ന പ്രാണികളുടെ കോളനി ഒരു ഡിസ്ട്രിബിയൂട്ടഡ് സിസ്റ്റമായതുകൊണ്ട് (distributed system) വളരെ complex ആയ ജോലികൾ പോലും അവക്ക് ചെയ്യാൻ കഴിയുന്നു. ഇന്ന് കമ്പ്യൂട്ടർ സയൻസിൽ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഡിസ്ട്രിബിയൂട്ടഡ് സിസ്റ്റം കണ്സെപ്റ്സ് (Distributed systems) നാം ഇവയിൽ നിന്നും പഠിക്കുന്നതാണ്. വളരെ സംകീർണ്ണമായ ആയ നെറ്റ്വർക്കുകളിലും (Complex Networks) മറ്റും ഇന്ന് ഉപയോഗിക്കുന്ന ഒരു പ്രധാന ആൽഗരിതം ആണ് 'Ant colony optimization algorithms'.  

ഇത്തരം പ്രാണികൾ എങ്ങനെ ഇക്കാര്യം സാധിക്കുന്നു?

അതാണ് stigmergy എന്ന കോൺസെപ്റ്. 1959- ഇൽ പിയറി പോൾ ഗ്രസ്സേ എന്ന ഫ്രഞ്ച് എന്റോമോളോജിസ്റ് (entomologist)  അവതരിപ്പിച്ചതാണ് ഈ ആശയം. stigmergy-യുടെ അടിസ്ഥാന ആശയം ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു ഏജൻറ് ചെയ്യുന്ന ജോലിയുടെ ഒരു അടയാളം അത് അവശേഷിപ്പിക്കുന്നു. തുടർന്ന് അതെ ഏജന്റോ മറ്റൊരു ഏജന്റോ ചെയ്യേണ്ടുന്നതിന്റെ ഒരു സൂചനയായിരിക്കും അത്. ഇങ്ങനെ ചുറ്റുപാടിൽ അവശേഷിപ്പിക്കുന്ന അടയാളങ്ങളിലൂടെ മുന്നേറുന്ന ഒരു ജോലിക്കു പ്രത്യേക പ്ലാനിങ്ങോ, സൂപ്പർവിഷനോ ഒന്നും ആവശ്യമില്ല. മാത്രമല്ല വളരെ കൃത്യവുമായിരിക്കും. ഇതിൽ ഏജെന്റുകൾ തമ്മിൽ നേരിട്ടുള്ള ഇടപെടൽ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. 
 
വ്യക്ത്തികളായ ബയോളജിക്കൽ സിസ്റ്റത്തിന് ഈ അറിവ് എങ്ങനെ എന്നത് പ്രശ്നമാണെങ്കിലും എഞ്ചിനീറിങ്ങിൽ ഇത് ഒരു പ്രശ്നം അല്ല. കാരണം ഓരോ വ്യക്തിഗത ഏജന്റും എന്ത് അവശേഷിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് അതിന്റെ ഡിസൈനർ ആണല്ലോ.

stigmergy പിന്നീട് സെല്ഫ് ഓർഗനൈസിംഗ് സിസ്റ്റം കോൺസെപ്റ്റിന്റെ (self organizing system concept) കേന്ദ്രബിന്ദു ആയി മാറി. മനുഷ്യൻ തുടങ്ങി എല്ലാ ജീവജാലങ്ങളും ഒരു 'സെല്ഫ് ഓർഗനൈസിംഗ് സിസ്റ്റം' ആയിട്ടാണ് , ഈ സ്‌കൂൾ  ഓഫ് ചിന്തകൾ കണക്കാക്കുന്നത്. കെമിസ്ട്രിയിൽ നോബൽ ജേതാവായ ഇല്ലിയാ പ്രിഗോഗിൻ നേതൃത്വം നൽകിയ   “Brussels School of complex systems" ആണ് ഈ പ്രസ്ഥനത്തിനു   നേതൃത്വം നൽകിയത്.

ഏകകോശ ജീവികളിൽനിന്നും ബഹുകോശ ജീവികളിലേക്കും അവിടെനിന്നും കൂടുതൽ കൂടുതൽ സങ്കീർണമായ ജീവ രൂപങ്ങളിലേക്കും ഉണ്ടായ മാറ്റത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചത് ഈ പ്രക്രിയ ആണെന്നാണ് ഇവർ വാദിക്കുന്നത്.

ഘടകം-ഘടന , അല്ലെങ്കിൽ ഘടകം-സമസ്തം (part-whole) എന്നത് ഒരേ സമയം പസ്പര പൂരകവും എന്നാൽ പരസ്പര വൈരുധ്യവുമായ ഒന്നാണ്. ഘടകങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ളതിനെ, മെക്കാനിക്കൽ അല്ലെങ്കിൽ റീഡക്ഷനിസ്റ് എന്നും, ഘടനയ്ക്ക് (സമസ്തത്തിന്) ഊന്നൽ നൽകുന്നതിനെ ഹോളിസ്റ്റിക്, ഓർഗാനിക്, അല്ലെങ്കിൽ സിസ്റ്റമിക്  എന്നും പറഞ്ഞു പോരുന്നു. സിസ്റ്റമിക് കാഴ്ചപ്പാടിൽ ഒരു ജൈവരൂപം എന്നത് ഒരു സമന്വിതസമസ്തം (integrated whole) ആണ്. എന്നാൽ ഒരു ബയോളജിക്കൽ സിസ്റ്റം എന്നത് ഘടകങ്ങളുടെ വെറും ഒരു സമസ്തത്തിന് അപ്പുറം മറ്റൊന്നുകൂടിയാണ്. അതിന്റെ ഘടന അങ്ങനെതന്നെ നിലനിർത്തുന്നതോടൊപ്പം, അവിടെ ജൈവോർജ്ജത്തിന്റെ ഒരു നിരന്തര പ്രവാഹം ഉണ്ട്, ഒരു വികാസമുണ്ട്, പരിണാമമുണ്ട്. 

ആധുനിക പരീക്ഷണ വൈദ്യശാസ്ത്രത്തിന്റെ (Experimental Medicine) പിതാവ് എന്നറിയപ്പെടുന്ന ക്ലൗഡ് ബെർണാഡ് (Cloude Bernard) നിരീക്ഷിക്കുന്നതുപോലെ ഒരു ജൈവ രൂപം അതിന്റെ ബാഹ്യ ചുറ്റുപാടുകളോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതോടൊപ്പം, അതിന്റെ ഉള്ളിൽ താരതമ്യേന സുസ്ഥിരമായ ഒരു ആന്തരിക അന്തരീക്ഷം നിലനിർത്തുന്നവകൂടിയാണ്. ബാഹ്യ ചുറ്റുപാടുകളിൽ എത്രതന്നെ മാറ്റങ്ങൾ ഉണ്ടാകുന്നെങ്കിലും ആന്തരിക ചുറ്റുപാട് ഏതാണ്ട് സ്ഥിരമായി നിലനിർത്താൻ അവക്ക് കഴിയുന്നു. (ഈ നിരീക്ഷണമാണ് പിന്നീട് വാൾട്ടർ കാനോന്റെ (Walter Canon)  ഹോമിയോസ്റ്റേസിസ് (homeostasis)  എന്ന സങ്കല്പത്തിലേക്കു വളർന്നത്. 

വെവ്വേറെയുള്ള ഘടകങ്ങളുടെ നിലനിൽപ്പും നാശവും ഈ ആന്തരിക നിലനിൽപ്പിനെ ബാധിക്കുന്നില്ല. ഉദ്ദാഹരത്തിനു നമ്മുടെ ശരീരത്തിലെ ഒട്ടുമുക്കാലും സെല്ലുകൾ നിരന്തരം (നാല് ദിവസം മുതൽ പത്തു കൊല്ലം വരെയുള്ള കാലയളവിൽ) നശിക്കുകയും പുനഃസൃഷ്ടിക്കപ്പെടുകയും   ചെയ്യുന്നുണ്ട്. ഇതെല്ലാം വളർച്ചയുടേതോ വികാസത്തിന്റെയോ ഭാഗമാവുന്നതല്ലാതെ ആന്തരിക ഘടനയ്ക്ക് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ചുരുക്കത്തിൽ ഓരോ ജൈവരൂപങ്ങളും ചെറു ചെറു ജൈവരൂപങ്ങളുടെ ഒരു ആവാസ വ്യവസ്ഥ മാത്രമാണെന്നർദ്ധം. വ്യാവഹാരികാടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ഒരു കൂട്ടായ്‍മ. 

അതായത് ഓരോ ജൈവരൂപവും സ്വയം ഒരു ആവാസവ്യവസ്ഥ ആയിരിക്കുമ്പോൾത്തന്നെ, വലിയ മറ്റൊരു ആവാസവ്യവസ്ഥയുടെ ഭാഗം കൂടിയാണ്.