Friday, 17 April 2020

And laid on him the cross, to carry it behind Jesus



"അവർ പുറപ്പെട്ടു പോകുമ്പോൾ ശിമയോൻ എന്ന് പേരുള്ള കെവ്‌റിന് കാരനായ ഒരു മനുഷ്യനെ കണ്ടു. അവന്റെ കുരിശു ചുമക്കുവാൻ അവർ അവനെ നിർബന്ധിച്ചു". (മത്തായി 27 :32 ). 

'കുറേന', 'കിറേന', കേവ്‌റിന് എന്നൊക്കെ ബൈബിളിൽ പറയുന്ന 'സൈറിനി' (Cyrene)  എന്ന സ്ഥലം ആഫ്രിക്കയുടെ വടക്കൻ തീരത്തുള്ള ഇന്നത്തെ ലിബിയ ആണ്. ബിസി 630-മുതൽ ഗ്രീക്കുകാർ  താമസിച്ചിരുന്ന ഇവിടം പിന്നീട് യഹൂദരുടെ ഒരു കേന്ദ്രമായി മാറി. യേശുവിന്റെ  കാലത്തു, റോമൻ ഡിസ്ട്രിക്ട് ആയിരുന്ന സെറീനയ്‌ക്കയുടെ തലസ്ഥാനമായിരുന്നു ഇവിടം. 

അലക്‌സാൻഡ്രിയ, സൈലിഷ്യ , ഏഷ്യ തുടങ്ങിയിടങ്ങളിൽ നിന്നും ധാരാളം യഹൂദർ അക്കാലത്തു ജറുസലേമിൽ തിരിച്ചെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു ജനസമൂഹമായിരുന്നു സെറീനിയിൽ നിന്നുള്ള യഹൂദർ. പെന്തകോസ്തുദിനത്തിൽ കൂടിയിരുന്നവരിലും ഈ ദേശക്കാർ ഉണ്ടായിരുന്നു എന്ന് (നടപടി 2:10) ലൂക്ക രേഖപ്പെടിത്തുന്നു. സ്‌റ്റെഫാനോസിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ജറുസലേമിൽ നടന്ന പീഡനങ്ങളിൽ ഏറ്റവും ക്രൂരതകൾ നേരിടേണ്ടിവന്നതും ഇവരായിരുന്നു. അന്ത്യോക്യൻ സഭ സ്ഥാപിക്കുന്നത് പ്രധാനമായും അവരാൽ ആയിരുന്നു. ആദ്യമായി "കൃസ്ത്യാനികൾ" എന്ന പേര് വിളിക്കപ്പെട്ടതും അന്ത്യോക്യൻ സഭയെ ആയിരുന്നു (നടപടി 11 :26 ) 
     
ശിമയോൻ തന്റെ കൃഷിസ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. അയാൾ എന്നത്തെയുംകാൾ നേരത്തെയാണ്. കാരണം ജെറുസലേം പെസഹാ തിരുനാളിന്റെ തിരക്കിലാണ്. സെറിനിയിൽനിന്നും ജറുസലെത്തേക്കു മടങ്ങി വന്നവരിൽ ഒരാളായ താൻ പെസഹാ പ്രാർത്ഥനക്കു വൈകിക്കൂടാ. 

 തെരുവിൽ അസാധാരണമായ ജനക്കൂട്ടം. റോമൻ പട്ടാളക്കാർ മൂന്നുപേരെ കുരിശ്ശിൽ തറക്കാൻ കൊണ്ടുപോകുകയാണ്. അക്കാലത്തു ഇത് അത്ര അസാധാരണമായ ഒരു കാഴ്ച ആയിരുന്നില്ലെങ്കിലും, പെസഹാ തിരുനാളിൽ ഇത് അൽപ്പം അസഹ്യമായ കാഴ്ച ആയിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ സൈമൺ എത്തിനോക്കി. മൂന്നുപേരിൽ ഒരാൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നു. "ഇയാളോട് മാത്രം ഇവർ എന്തെ ഇങ്ങനെ ചെയ്യുന്നു ? ബാക്കി രണ്ടുപേർക്കും ഇല്ലാത്ത ഒരു ശിക്ഷ" ശിമയോൻ ചിന്തിച്ചു. "ആരാണ് അയാൾ?" ആരോടെന്നില്ലാതെ അയാൾ ചോദിച്ചു. "നസ്രായനായ യേശുവാ" അടുത്തുനിന്ന ആരോ ഉത്തരം പറഞ്ഞു.

ശിമയോൻ അൽപ്പം തിരക്കി മുന്നോട്ടു കയറി നിന്നു. അവർ അടുത്ത് അടുത്ത് വരികയാണ്. 'ആ മനുഷ്യൻ തന്നെ നോക്കിയോ? " ശെമയോന് പെട്ടെന്ന് ഒരു സംശയം. അയാളിൽ നിന്നു കണ്ണെടുക്കാൻ ശെമയോന് തോന്നിയില്ല. എന്തൊരു രൂപമാണിത്? ആള് വളരെ ചെറുപ്പവും. ഇയാൾ എന്ത്  തെറ്റാവും ചെയ്തിരിക്കുക? ഒരു പക്ഷെ ഇയാൾ ഒരു കൊള്ളക്കാരനാവുമോ ? അതോ റോമൻ ചക്രവർത്തിക്കെതിരെ കലഹം ഉണ്ടാക്കുന്ന വിപ്ലവകാരിയോ?  ശിമയോൻ തന്റെ ഓർമകളിൽ പരിസരം അൽപ്പം മറന്നു പോയോ ? പെട്ടെന്ന്  ആരോ തന്റെ മുന്നിൽ നിലത്തേക്ക് വീണപോലെ, അതെ അത് അയാളാണ്. പടയാളികൾ അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു. "വേണ്ട ഇവിടെ നിൽക്കണ്ടാ, വീട്ടിലേക്കു മടങ്ങാം", അയാൾ പോകാൻ തിരിഞ്ഞു. പെട്ടെന്ന് ബലിഷ്ടമായ ഒരു കൈ തന്റെ ചുമലിൽ പതിഞ്ഞു, "ഹേ, ഇയാളെ സഹായിക്കു" ശിമയോൻ കുതറി മാറാൻ ശ്രമിക്കുന്നതിനു മുൻപുതന്നെ വലിയൊരു ഭാരം അയാളുടെ ചുമലിലേക്ക് അവർ വച്ച് കൊടുത്തു.

"ഞാനോ ? ഞാൻ എന്ത് ചെയ്തു ? ഇയാൾ എന്റെ ആരുമല്ല , ഞാൻ ഇയാളെ അറിയുകപോലുമില്ല" ശിമയോൻ കുതറി മാറാൻ ശ്രമിച്ചു. അപ്പോഴേക്കും യേശു നിലത്തുനിന്നും എഴുന്നേറ്റു , ശെമയോനോട് ചേർന്ന് നിന്നു, രണ്ടു കാളകൾ ഒരു നുകത്തിനു കീഴിൽ എന്നപോലെ. യേശു ശെമയോന്റെ കണ്ണുകളിലേക്കു നോക്കി "ഹോ, ആ കണ്ണകൾക്കു എന്ത് ആർദ്രതയാണ്? ശിമയോൻ പരിസരം മറന്നു അയാളുടെ കാലുകൾ അയാൾ അറിയാതെ മുന്നോട്ടു നീങ്ങി, എങ്ങോട്ടെന്ന് അറിയാതെ, യേശുവിനൊപ്പം. യേശുവിന്റെ രക്തം വീണു അയാളുടെ ദേഹം ചുവന്നു. ഇപ്പോൾ ആർക്കും ഇവരെ തമ്മിൽ തിരിച്ചറിയാൻ കഴിയില്ല. യേശു വീണ്ടും വീഴാൻ ചാഞ്ഞു, ശിമയോൻ തന്റെ മറ്റേ കൈകൊണ്ടു യേശുവിനെ പതുക്കെ  താങ്ങി, മലകയറുമ്പോൾ യേശു എന്തോ അയാളോട് പറഞ്ഞു. അയാൾ സമ്മതത്തോടെ തലയാട്ടി. താൻ ആരാണെന്നു ശിമയോൻ മറന്നു. ഇപ്പോൾ അയാൾക്ക് ഒന്നുമാത്രമേ ഓര്മയുള്ളു ,താൻ തന്റെ കുരിശും  വഹിച്ചുകൊണ്ട് മല കയറുകയാണ്. തനിക്കു ഒരു വിഷമവുമില്ല. തന്റെ ഒപ്പമുള്ള ഈ മനുഷ്യൻ തന്റെ എല്ലാ ദുഖങ്ങളെയും വേദനകളെയും ഈ കുരിശിനു പകരമായി   എടുത്തു. അയാൾ തന്റെ കൈകൊണ്ടു യേശുവിന്റെ ദേഹത്തിൽ മുറുകെ പിടിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി.  

മലമുകളിൽ എത്തി. പട്ടാളക്കാർ മുന്നോട്ടുവന്നു, അവരിൽ ഒരാളെ തള്ളി പിന്നിലേക്ക് മാറ്റി, മറ്റേ ആളെ ബലമായി പിടിച്ചു കുരിശിൽ കിടത്തി..........

ശെമയോനേപ്പറ്റി പിന്നീട് ഒരു കാര്യവും ബൈബിളിൽ ഇല്ല. പക്ഷെ മൂന്നു ബൈബിളുകളും  ശെമയോന്റെ കുരിശു വഹിക്കൽ പ്രതിപാദിക്കുന്നുണ്ടുതാനും. യോഹന്നാൻ ഇതേപ്പറ്റി പൂർണമായി മൗനം പാലിക്കുന്നു  

"അലക്‌സാന്ദ്രയോസിന്റെയും റൂഫോസിന്റെയും പിതാവും വയലിൽനിന്നും കടന്നുപോയിരുന്നവനുമായ കേവറിന് കാരനായ ശിമയോൻ എന്ന ഒരുത്തനെ അവന്റെ കുരിശു എടുക്കുവാൻ അവർ നിർബന്ധിച്ചു" (മാർക്കോസ് 15 :21 )

മാർക്കോസ് ശെമയോനെ വിശേപ്പിക്കുന്നതു, 'അലക്‌സാന്ദ്രയോസിന്റെയും റോഫാസിന്റെയും പിതാവ്' എന്നാണ്. അതായത് ഈ രണ്ടുപേരും ആദിമ കൃസ്ത്യാനികൾക്കിടയിൽ വളരെ സുപരിചിതർ ആയിരുന്നിരിക്കണം എന്നാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്. വി. പൗലോസ് റോമക്കാർക്കു എഴുതിയ ലേഖനത്തിൽ ഒരു റുഫോസിനെയും അയാളുടെ അമ്മയെയും കുറിച്ച് പറയുന്നത്, ഇയാൾ ആയിരിക്കണം എന്നാണ് നിരവധി ആളുകൾ കരുതുന്നത് .

"കർത്താവിൽ തെരെഞ്ഞെടുക്കപ്പെട്ടവനായ റുഫോസിനും അവന്റെയും എന്റെയും അമ്മയ്ക്കും വന്ദനം പറയുവിൻ" (റോമൻസ് 16 :13 ) 
ശ്രദ്ധിക്കേണ്ടത് ഇവിടെ ശിമയോൻ എന്ന ഒരു വ്യക്തിയെക്കുറിച്ചു സൂചിപ്പിക്കപ്പെടുന്നില്ല. അതിനർദ്ധം അന്ന് ശിമയോൻ ജീവിച്ചിരിക്കുന്നില്ല എന്നാണോ ?

"അവർ അവനെ കൊണ്ടുപോകുമ്പോൾ വയലിൽനിന്നും വരുന്ന കേവറിന് കാരനായ ശെമയോനെ അവർ പിടികൂടി, ഈശോയുടെ പിന്നാലെ കുരിശു ചുമക്കുവാൻ അവന്റെ മേൽ വെച്ചു"(ലൂക്ക 23 :26 ) 

ലൂക്ക പറയുന്നത് യേശുവിന്റെ പിന്നാലെയാണ് ശിമയോൻ കുരിശു വഹിച്ചു നടന്നത് എന്നാണ്. അതായത് ശിമയോൻ യേശുവിനെ പിന്തുടരുകയാണ്, യേശുവിന്റെ അതെ വേഗതയിൽ, യേശു എവിടേം വരെയോ അവിടേം വരെ മാത്രം. അത് ഒരു ഭക്തന്റെ ലക്ഷണമാണ്, തന്റെ കുരിശും വഹിച്ചുകൊണ്ട് തന്റെ ഗുരുവിനെ പിന്തുടരുക എന്നത്.

റോമൻ സാമ്രാജ്യത്തിൽ ഇത് സംഭവ്യമാണോ എന്ന് ചോദിച്ചാൽ 'അല്ല' എന്ന് പറയേണ്ടിവരും. കുരിശിൽ തറക്കുന്നതും , അതിനു വിധിക്കപ്പെട്ട ആളെ നഗരത്തിലൂടെ നടത്തുന്നതും ഒരു ലക്‌ഷ്യം വച്ചുകൊണ്ടാണ്. ഒരു വിധത്തിലുള്ള വിട്ടു വീഴ്ചയും റോമിനെതിരെയുള്ള ശബ്ദത്തിനു ലഭിക്കില്ല എന്ന് എല്ലാ ജനങ്ങളെയും അറിയിക്കാനുള്ള ഒരു ചടങ്ങു്. അതിൽ ഒരു വിധത്തിലുള്ള സഹായവും വിധിക്കപ്പെട്ട ആളിന് കൊടുക്കില്ല. 

മാത്രമല്ല , ഒരു മനുഷ്യനെ തൂക്കികൊല്ലാൻ കഴിയുന്ന ഒരു കുരിശു വഹിക്കുക എന്നത് മനുഷ്യനാൽ സാധ്യമല്ല തന്നെ. ഓരോ വധശിക്ഷക്കും പുതിയ കുരിശു സ്ഥാപിക്കുകയെന്നതും സംഭാവ്യമല്ല. പിന്നെയോ സ്ഥിരമായി നാട്ടിയിരിക്കുന്ന ഒരു സ്തംഭത്തിൽ , അതിന്റെ കുറുകെയുള്ള ഭാഗം കയറ്റി ഇടുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഇന്ന് കാണുന്ന 'T' രൂപത്തിൽ ആയിരുന്നില്ല പിന്നയോ 'X' രൂപത്തിലായിരിക്കണം വധത്തിനു ഉപയോഗിച്ചിരുന്ന കുരിശു എന്നും ഒരു   വാദം നിലനിൽക്കുന്നു.

Sunday, 12 April 2020

'ഞാൻ ആരെ വിട്ടുതരുവാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്'



'ഞാൻ ആരെ വിട്ടുതരുവാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്'

'ബറബ്ബായെയോ മിശിഹാ എന്ന് വിളിക്കപ്പെടുന്ന യേശുവിനെയോ?'

(മത്തായി 27 :17) 
 

ഇതാണ് ഒരു പോംവഴിയെന്നു പീലാത്തോസ് വിചാരിച്ചു. ജനക്കൂട്ടത്തിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കുക. നസ്രായനായ യേശുവിനെയും കൊടും കുറ്റവാളിയായ ബറാബാസിനെയും ഒരുമിച്ചു നിറുത്തിയാണ് പീലാത്തോസിന്റെ ചോദ്യം. ഈ നസ്രായൻ ഒരു കുറ്റവാളി ആണെന്ന് പിലാത്തോസിനു ഉറപ്പില്ലായിരുന്നു. അതുകൊണ്ടാണ് പീലാത്തോസ് പറഞ്ഞത് 'പെസഹാ തിരുനാളിനു ഒരു കുറ്റവാളിയെ മോചിപ്പിക്കുന്ന ഒരു പതിവുണ്ടല്ലോ,,  അതിന് പ്രകാരം ഞാൻ ആരെ വിട്ടുതരണം? നിങ്ങൾ തീരുമാനിക്കൂ' എന്ന്. 

ആദ്യം  അത് ചെറിയൊരു മുരൾച്ച  പോലെയായിരുന്നു, പിന്നീട് അത് ക്രമേണ വളർന്നു, ഒരു അലർച്ച ആയി മാറി, ജനം ഇളകി മറിഞ്ഞു , ജനക്കൂട്ടം ആർത്തു വിളിച്ചു 'ഞങ്ങൾക്ക് ബറാബ്ബാസിനെ തരു, നസ്രായനെ ക്രൂശിലെറ്റൂ..'  


മൂന്നുനാലു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഈ നസ്രായനെ ജനങ്ങൾ രാജാവിനെപ്പോലെ  യെരുശലേം നഗരിയിലൂടെ കഴുതപ്പുറത്തു   ആനയിച്ചത്. പക്ഷെ, അതെ ജനങ്ങൾ ഇപ്പോൾ വിളിച്ചുപറയുന്നു , ഇവനെ  വേണ്ടെന്ന്.

"അപ്പോൾ എല്ലാവരും, ഇവനെ വേണ്ട, ബറാബ്ബായെ മതി എന്ന് ആർത്തു വിളിച്ചു" (യോ. 18 :40) 
 


ആരാണ് ഈ ബറാബ്ബാസ് ?

നാല് സുവിശേഷങ്ങളും നാലുവിധമാണ് ബറാബ്ബാസിനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ആ ഒരു രംഗത്തിനു മുൻപോ, അതിനു ശേഷമോ ബറാബ്ബാസിനെപ്പറ്റി യാതൊരു സൂചനയുമില്ലതാനും.

"ബറാബ്ബാ ആകട്ടെ ഒരു കള്ളൻ ആയിരുന്നു" എന്നാണു യോഹന്നാൻ പറയുന്നത്.

ലൂക്കയെ സംബന്ധിച്ചേടത്തോളം "അവൻ നഗരത്തിലുണ്ടായ കലാപവും കൊലയും നിമിത്തം കാരാഗൃഹത്തിൽ അടക്കപ്പെട്ടവനായിരുന്നു" 


മാർക്കോസിനും "ആ കലഹക്കാരോടുകൂടി ബന്ധിക്കപ്പെട്ടിരുന്ന" ഒരുത്തൻ ആയിരുന്നു ബറാബ്ബാസ് 

മത്തായിക്ക് ബറാബ്ബാസ് "പേരുകേട്ട ഒരു തടവുകാരൻ ആയിരുന്നു" 

ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ നമ്മുടെ മുൻപിൽ വരുന്ന ബറാബ്ബാസിന്റെ ഒരു ചിത്രം ഉണ്ട്. മാർക്കോസും ലൂക്കോസും അര്ഥശങ്കക്ക് ഇടയില്ലാത്ത പറയുന്നു 'നഗരത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടു അറസ്റ്റുചെയ്ത് ആളാണ് ബറാബ്ബാസ്' മത്തായിയും പറയുന്നു ഇയാൾ 'പേരുകേട്ട' ഒരാൾ ആണെന്ന്. അതായത്, റോമൻ ആധിപത്യത്തിനെതിരെ ജറുസലേമിൽ നടന്ന ഒരു കലാപത്തിന്റെ നേതാവായിരുന്നു ബറബ്ബാസ്.

മത്തായിയുടെ സുവിശേഷത്തിന്റെ സുറിയാനി പതിപ്പുകളിലെല്ലാം ഇയാളുടെ മുഴുവൻ പേരും പറയുന്നുണ്ട് , 'യേശുവ ബർ-അബ്ബാ' (യേശു, ജീസസ് എന്നൊക്കെയുള്ള പേരിന്റെ അന്നത്തെ യഥാർത്ഥ ഹീബ്രു ഉച്ചാരണം 'Yeshua' " യേശുവ" എന്നായിരിക്കാം എന്നാണു പണ്ഡിത മതം). ബർ-അബ്ബാ എന്നുള്ളതിന്റെ അർത്ഥമോ ? അബ്ബാ എന്നാൽ പിതാവ്, ദൈവം എന്നൊക്കെയാണ്. അപ്പോൾ ഇവിടെ നിൽക്കുന്നത് ആരൊക്കെയാണ്, നസ്രായനായ യേശുവും, ദൈവപുത്രനായ യേശുവും !!


ഇപ്പോൾ ജനങ്ങളുടെ പ്രതികരണം കുറേക്കൂടി വ്യക്തമാവുന്നില്ലേ ? ഈ ജനമാണ് നസ്രായനെ ആഘോഷപൂർവം കഴുതപ്പുറത്തു ആനയിച്ചത്. അത് വെറും യാതൃശ്ചികമായിരുന്നില്ല. ദാവീദും ഇങ്ങനെത്തന്നെയായിരുന്നു ജറുസലേമിലേക്കു പ്രവേശിച്ചത്. ഇസ്രായേലിന്റെ രാജാവിനെ ഇങ്ങനെയാണ് അവർ സ്വീകരിക്കുന്നത്. അവരുടെ രാജാവ് അവരുടെ രാജ്യം ഭരിക്കുന്ന ആളാണ്, അവരെ റോമിന്റെ അടിമത്വത്തിൽനിന്നും മോചിപ്പിക്കുന്ന വീരൻ ആണ്. സൈത്തിൻ കൊമ്പുകൾ വിരിച്ചു അവർ ആനയിച്ചത് നിസ്സഹായനായി യാതനകൾ സഹിച്ചുനിൽക്കുന്ന ഒരു 'രക്ഷകനെയല്ല' , മറിച്ചു, രക്തം ചിന്തി കീഴടക്കുന്ന ഒരു വിപ്ലവകാരിയെയാണ്, ശത്രുക്കളെ ഉന്മൂലനാശം ചെയ്യുന്ന ഒരു വിപ്ലവകാരി രക്ഷകൻ. അവരെ രാഷ്ട്രീയ അടിമത്വത്തിൽ നിന്നും യാതനകളിൽ നിന്നും കരകയറ്റുന്ന ഒരു രക്ഷകൻ. 

ഇനി പീലാത്തോസിന്റെ ചോദ്യം അൽപ്പം വ്യത്യസ്തമായി നിങ്ങള്ക്ക് കേൾക്കാം "ഏതു യേശുവിനെയാണ് നിങ്ങള്ക്ക് വേണ്ടത് ? ആരെ കുരിശിൽ ഏറ്റണം?   


യഥാർത്ഥത്തിൽ അങ്ങനെ ഒരു സംഭവം നടന്നോ ? ജീസസ് ബർ-അബ്ബാസ് എന്നൊരാൾ ഉണ്ടായിരുന്നോ? പെസഹാ ദിവസം ഒരു തടവുകാരനെ വിട്ടുകൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നോ ? 

ആദ്യത്തെ ചോദ്യത്തിന് ഉണ്ടാവാം എന്ന്  മാത്രമേ ഉത്തരം ഉള്ളു. ജീസസ് എന്ന പേര് അക്കാലത്തു വളരെ സാധാരണമായിരുന്നു. റോമിനെതിരെ ചെറിയ ചെറിയ കലാപങ്ങളും അന്ന് സാധാരണമായിരുന്നു. അതുകൊണ്ടു നസ്രായനായ യേശുവിന്റെ വിസ്താരസമയത് അങ്ങനെ ഒരാൾ ഉണ്ടായിക്കൂടെന്നില്ല.  


രണ്ടാമത്തെ  ചോദ്യത്തിന്റെ  ഉത്തരവും "ഉണ്ടായിരുന്നു" എന്ന് തന്നെയാണ്.  ഒരു ക്രിമിനൽ കുറ്റവാളിയുടെ പേരിലുള്ള വിചാരണ നടപടികൾ അവസാനിപ്പിക്കാനുള്ള നിയമം അന്ന് റോമിൽ ഉണ്ടായിരുന്നു. 'Abolito' എന്നാണു ആ നിയമത്തിന്റെ പേര്. പക്ഷെ ഒരു കുഴപ്പം, റോമൻ സെനെറ്റിനോ ചക്രവർത്തിക്കോ മാത്രമേ അതിനു അധികാരമുള്ളൂ. വെറുമൊരു ഗവർണർ ആയ പീലാത്തോസിനു ആ അധികാരം ഇല്ല. മറ്റൊരു നിയമവും ഉണ്ടായിരുന്നു. വിചാരണ കഴിഞ്ഞതാണെങ്കിലും ഒരു കുറ്റവാളിയെ വെറുതെ വിടാനുള്ള നിയമം, 'Indulgentia'. പക്ഷെ ഇവിടെയും അത് നടപ്പാക്കാൻ റോമൻ ചക്രവർത്തിക്ക് മാത്രമേ അധികാരമുള്ളൂ, ഗവർണർക്കില്ല. മാത്രമല്ല ലോകം അടക്കി വാഴുന്ന മിലിട്ടറി ശക്തിയായ റോമിന്റെ ഗവർണർ , റോമിനെതിരെ വിപ്ലവം നടത്തി മരണ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളെ കുറച്ചു യഹൂദരുടെ ആവശ്യപ്രകാരം വെറുതെ വിട്ടാൽ, പോന്റിയാസ് പീലാത്തോസ് എന്ന ഗവർണർ പിന്നീട് ജീവിച്ചിരിക്കില്ല എന്നത് ചരിത്രപരമായ മറ്റൊരു വസ്തുത.  

അപ്പോൾ ഈ കഥയോ? അത് കെട്ടിച്ചമച്ചതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്തായാലും ഈ കഥ ആണ്  പിന്നീട് യഹൂദർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് (Anti-Semetism ) അടിസ്ഥാനമായത്.


യേശു മരിച്ചു  ഏതാണ്ട് കാൽ നൂറ്റാണ്ടിനുള്ളിൽ തന്നെ അദ്ദേഹത്താൽ പ്രചോദിതമായ പ്രസ്ഥാനത്തിന് പിളർപ്പ് സംഭവിച്ചിരുന്നു. ഇരു വിഭാഗത്തിനും അവരുടെ ഗുരുവിനെപ്പറ്റി, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെപ്പറ്റി, ആശയങ്ങളെപ്പറ്റി , കാഴ്ചപ്പാടിനെപ്പറ്റി  വളരെ വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. അത് ഒരു അധികാര തർക്കത്തോളം എത്തി. മഹാപ്രതിഭയായിരുന്ന വി.പൗലോസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനായിരുന്നു അന്തിമ വിജയം . കാലക്രമേണ ഈ വിഭാഗം അവരുടെ അഭിപ്രായത്തിലുള്ള യേശുവിന്റെ ചരിത്രം സുവിശേഷമായി എഴുതി. 

തുർക്കിയിലുള്ള ഒരു സമ്പന്ന യഹൂദ ദമ്പതിമാരുടെ പുത്രനായി ജനിച്ചു, നല്ല വിദ്യാഭ്യാസം നേടി ജറുസലേമിൽ ഒരു റബ്ബിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന പൗലോസ് ഒരു റോമൻ പൗരൻ കൂടിയായിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുള്ള , ഗ്രീക്ക് ഭാഷയിൽ അതി സാമാന്യ പ്രാവീണ്യമുള്ള നല്ലൊരു പരിഷ്ക്കാരിയും  കൂടെയായിരുന്നു അദ്ദേഹം.  

മറ്റേ വിഭാഗം, അവരെപ്പറ്റി കൂടുതൽ ഒന്നും അവശേഷിപ്പിക്കാതെതന്നെ കാലത്തിന്റെ വിസ്മൃതിയിൽ അടങ്ങി. പക്ഷെ സുവിശേഷം എഴുതിയ വിജയികളെ അപേക്ഷിച് ഈ വിഭാഗത്തിനായിരുന്നു യേശുവിനെക്കുറിച്, അവന്റെ കുടുംബത്തെക്കുറിച്, അവന്റെ ശിഷ്യന്മാരെക്കുറിച്ചെല്ലാം നേരിട്ട് അറിവുണ്ടായിരുന്നത്. 

ശാക്തികപരീക്ഷണത്തിൽ ഈ വിഭാഗം ആയിരുന്നു ജയിച്ചതെങ്കിൽ, അവരായിരുന്നു യേശുവിന്റെ ചരിത്രം എഴുതിയിരുന്നെങ്കിൽ .. യേശു എങ്ങനെയുള്ള വ്യക്തിത്വം ആവുമായിരുന്നു ? ഈ വിഭാഗത്തിന്റെ നേതാവ് യേശുവിന്റെ സഹോദരനായ 'യാക്കോബ്' ആയിരുന്നു.  

യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന യാക്കോബ് അല്ല ഈ യാക്കോബ്. മത്തായിയുടെ സുവിശേഷത്തിൽ ഈ യാക്കോബിനെപ്പറ്റി പറയുന്നുണ്ട്. "ഇവൻ തച്ചന്റെ മകനല്ലയോ? അവന്റെ 'അമ്മ , മറിയം എന്നും അവന്റെ സഹോദരന്മാർ യാക്കോബ് , യോസെ , ശിമയോൻ, യൂദാ എന്നും അല്ലയോ വിളിക്കപ്പെടുന്നത് (മത്തായി 14 :55 ) ശിഷ്യനായ യാക്കോബ് സൗദയുടെ പുത്രനാണ്. 

എന്നാൽ യേശു ജീവിച്ചിരുന്നപ്പോൾ ഈ സഹോദരങ്ങൾക്ക് അദ്ദേഹത്തെ അത്ര വിശ്വാസം ഉണ്ടായിരുന്നില്ല എന്ന് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. "എന്തെന്നാൽ അവനിൽ അശുദ്ധാത്മാവ് ഉണ്ടെന്നു അവർ പറഞ്ഞിരുന്നു" (മാർക്കോസ് 4:30). ഇത് കേട്ടിട്ട് യേശുവിനെ വിളിച്ചുകൊണ്ടുപോകാൻ അമ്മയും സഹോദരങ്ങളും എത്തിയതായി മാർക്കോസ് സാക്ഷ്യപ്പെടുത്തുന്നു (മാർക്കോസ് 4:31 ).

യേശുവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ വന്ന യാക്കോബ് അത്ര സ്വീകാര്യൻ  ആവാൻ സാധ്യത ഇല്ലല്ലോ? അപ്പോൾ പിന്നെ പൗലോസോ എന്ന ചോദ്യം ചോദിക്കാം. അദ്ദേഹത്തിന്റെ അനന്യസാധാരണമായ നേതൃ പാടവവും , വിശാലമായ അറിവും ഇതിലെല്ലാം ഉപരി, പൗലോസിൻറെ യേശു ജീവിച്ചിരുന്ന യേശുവല്ല, ഉയിർത്തെഴുന്നേറ്റ യേശുവാണ്, പ്രത്യാശയുടെ , ഉണർവിന്റെ യേശു.