അൽപ്പം നീണ്ടുപോയ ഈ പരമ്പര അവസാനിപ്പിക്കാനുള്ള സമയം ആയെന്നു തോന്നുന്നു. ഒരു കാര്യം കൂടെ പറഞ്ഞിട്ട് ഇത് അവസാനിപ്പിക്കാം.
ആവശ്യത്തിലധികം തെളിവുകൾ ലഭ്യമായിട്ടും, ആര്യന്മാരുടെ കുടിയേറ്റം ഒരു കെട്ടുകഥ ആണെന്ന് ഇന്നും വാദിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന ഒരു യുക്തി, 'സരസ്വതി' നദിയെക്കുറിച്ചുള്ള ഋഗ് വേദത്തിലെ പരാമർശങ്ങൾ ആണ്. 'പർവതത്തെപ്പോലും പിളർക്കാണ് ശക്തിയുള്ള' സരസ്വതി നദിയെ ഋഗ് വേദത്തിൽ പ്രകീർത്തിക്കുന്നുണ്ട്. അതുകൊണ്ടു ആര്യന്മാർ ഈ നദിതടത്തിൽ ജീവിച്ചിരുന്ന ഹാരപ്പൻ സംസ്കൃതിയുടെ ഭാഗം ആണ് എന്നുള്ളതാണ് മുഖ്യ വാദം.
ഹാരപ്പൻ സംസ്കൃതിയുടെ മുഖ്യമായ ഭാഗം രണ്ടു നദികളുടെ തടങ്ങളിലാണ് വളർന്നു വികസിച്ചത്. ഇൻഡസ് നദിയും വറ്റിവരണ്ടുപോയ ഘഗ്ഗർ-ഹക്ര (Ghaggear-Hakra) നദിയും. (ഘഗ്ഗർ-ഹക്ര നദി ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽനിന്നും ഉത്ഭവിച്ചു പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ വഴി ഒഴുകി പാക്കിസ്ഥാനിലെ ചോളിസ്ഥാനിലും സിന്ധിലും എത്തുന്ന നദി ആണ്. ഇന്ത്യയിൽക്കൂടെ ഒഴുകുന്നഭാഗം ഘഗ്ഗർ എന്നും പാക്കിസ്ഥാനിൽക്കൂടി ഒഴുകുന്നതിനെ ഹക്ര എന്നും വിളിക്കുന്നു). പക്ഷെ , ഋഗ് വേദത്തിൽ പറയുന്ന 'സരസ്വതി', ഘഗ്ഗർ-ഹക്ര ആണെന്നുള്ളതിനു യാതൊരു തെളിവും ഇല്ല. ഒരുപക്ഷെ അഫ്ഗാനിസ്ഥാനിലൂടെ ഒഴുകുന്ന 'ഹാരാവതി' (Harahvaiti) ആയിക്കൂടെന്നില്ല. കാരണം ഇൻഡോ-ആര്യൻ ഭാഷയിലുള്ള "സ' (S) ഇൻഡോ -ഇറാനിയൻ ഭാഷയിൽ 'ഹ' (H) ആയി മാറുന്നത് (തിരിച്ചും) നമുക്ക് അറിയാം. ഉദ്ദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട് . 'സിന്ധു', 'ഹിന്ദു' ആവുന്നതും, 'സപ്ത സിന്ധു' 'ഹപ്ത ഹിന്ദു' ആവുന്നതെല്ലാം ഉദ്ദാഹരണങ്ങൾ ആണ്. അതുപോലെ 'ഹരാവതി' 'സരസ്വതി' ആയി മാറിയതാവാൻ എല്ലാ സാധ്യതകളും ഉണ്ട് . മാത്രമല്ല, ആര്യൻ കുടിയേറ്റങ്ങൾ നടന്നത് അഫ്‌ഗാനിസ്ഥാൻ വഴിയായതുകൊണ്ടു ആര്യന്മാർക്കു ഈ നദി സുപരിചിതയും ആയിരിക്കാം.
മറ്റൊന്ന്, ഘഗ്ഗർ-ഹക്ര ഒരുപ്രാവശ്യം അല്ല വറ്റി വരണ്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ BC-2000-നു ഒരു പ്രസക്തിയുമില്ല. അങ്ങനെ നോക്കിയാൽ ഋഗ് വേദത്തിന്റെ സൃഷ്ട്ടി ഈ നദി വറ്റിപ്പോകുന്നതിനു മുൻപ് ഉണ്ടായി എന്ന് വാദിക്കുന്നതിലും കാമ്പില്ല. കാരണം ഹാരപ്പൻ സംസ്കാരത്തിന്റെ നാശത്തിനു മുൻപേ ഋഗ് വേദ സൃഷ്ട്ടി നടന്നു എന്ന് പറയുന്നതിൽ അർഥമില്ല. ഋഗ് വേദ സൃഷ്ട്ടാക്കൾ, ഹാരപ്പൻ സംസ്കാരത്തിന്റെ നാശത്തിനു ശേഷം , അവർ 'സരസ്വതി' എന്ന് വിളിച്ചിരുന്ന ഒരു നദിതടത്തിൽ ഉണ്ടായിരുന്നു എന്ന് മാത്രമേ അതിനു അർത്ഥമുള്ളൂ.
അപ്പോൾ , നമ്മൾ ഇൻഡ്യാക്കാർ യഥാർത്ഥത്തിൽ ആരാണ് ?
ഏറ്റവും നന്നായി നമ്മെ നിർവചിക്കാവുന്നതു, നാം ഒരു ഏകാത്മക ഉറവിടത്തിൻറെ സൃഷ്ടിയല്ല, മറിച്ചു, ബഹു സ്രോതസ്സിന്റെ ഉൽപ്പന്നമാണ് എന്നതാണ്. നമ്മുടെ സംസ്കാരം , ആചാരങ്ങൾ , വിശ്വാസങ്ങൾ, ബലം , ബലഹീനത, എല്ലാം, നിരവധി പാരമ്പര്യങ്ങളിൽ നിന്നും ഉരുവായതാണ്. നിരവധി കുടിയേറ്റങ്ങളുടേതു കൂടിയായ പാരമ്പര്യമാണ് നമ്മുടേത്.
ആഫ്രിക്കയിൽനിന്നും കുടിയേറിയ ആദിമ കുടിയേറ്റക്കാരുടെ പാരമ്പര്യമാണ് നമ്മുടെ അടിസ്ഥാനം. പടിഞ്ഞാറൻ ഏഷ്യയിൽനിന്നും വന്ന കൃഷിക്കാരുടെ പാരമ്പര്യം അതിൽ നിരവധി സാങ്കേതിക മുന്നേറ്റങ്ങൾക്കും , തദ്വാരാ ഹാരപ്പൻ നാഗരികതയുടെയും ആദിമ ദ്രാവിഡിയൻ ഭാഷയുടെ നിര്മിതിക്കും ഊർജ്ജമായി. മധ്യേഷ്യയിൽ നിന്നും ഉണ്ടായ കുടിയേറ്റക്കാർ കൊണ്ടുവന്ന ഭാഷയും സംസ്കാരവും , നമ്മുടെ സംസ്കാരത്തെ അടിമുടി മാറ്റിയ ഒരു പരിഷ്‌ക്കാരത്തിലേക്കു നയിച്ചു.
പിന്നീട് അഭയം തേടിവന്നവരും, കീഴടക്കാൻ വന്നവരും എല്ലാം നമ്മളുമായി കലർന്ന്, ഇന്നത്തെ നമ്മൾ എന്ന, ഇന്ത്യക്കാർ എന്ന സമൂഹത്തെ സൃഷ്ട്ടിച്ചു. അതെ നാമെല്ലാം ഇൻഡ്യാക്കാർ ആണ് . നമ്മളെല്ലാം കുടിയേറ്റക്കാരും ആണ്. (അവസാനിച്ചു)