Friday, 30 July 2021

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-IV

സഹസ്രാബ്ദങ്ങളായി മനുഷ്യൻ അന്വേഷിക്കുന്ന ഒരു പ്രഹേളികയാണ് ഇത്. ഒരുതരത്തിലും മനസ്സിലാവാത്ത , ബന്ധങ്ങളുടെ അല്ലെങ്കിൽ ജീവിതത്തിന്റെ ഉള്ളടക്കരാഹിത്യം ഉണ്ടായാൽ എന്താണ് സംഭവിക്കുക ?

ഏണെസ്റ് ബെക്കർ തന്റെ 'Denial  of  Death ' എന്ന ഗ്രന്ഥത്തിൽ (1974-ഇൽ  പുലിറ്സർ പ്രൈസ്)   ഇങ്ങനെ എഴുതി: 'എല്ലാ സമൂഹവും എല്ലാ കാലത്തും മനുഷ്യ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു കടങ്കഥ ആണ്, ഔദ്ധത്യപൂർവമായ ഒരു അർത്ഥ നിർമിതി. അതുകൊണ്ടുതന്നെ, അത് അങ്ങനെ ചിന്തിച്ചാലും ഇല്ലെങ്കിലും, എത്രതന്നെ തന്മയത്വത്തോടെ, അതിലെ മതപരമായ മുദ്രകളും ആത്മീയമായ ആശയങ്ങളും ഒളിപ്പിച്ചുവച്ചാലും , എല്ലാ സമൂഹവും ഒരു മതം മാത്രമാണ്' 

യഥാർത്ഥത്തിൽ, മനുഷ്യന്റെ എല്ലാ സാംസ്കാരിക നിര്മിതിയുടെയും മതപരമായ ഈ വശം, മനഃശാസ്ത്രപരമാ യി  ആദ്യമായി കാണിച്ചുതന്നത് ആസ്ട്രിയൻ സൈക്കോഅനലിസ്റ്റും ഫ്രോയിഡിന്റെ സന്തത സഹചാരിയുമായിരുന്ന ഓട്ടോ റാങ്ക് (Otto  Rank )  ആയിരുന്നു.

ബെക്കർ, ഇതിൽനിന്നും ഒരു പടികൂടി പോയി. മനുഷ്യചരിത്രത്തിന്റെ ഇതഃപര്യന്തമുള്ള സാംസകാരിക മുന്നേറ്റങ്ങൾ എല്ലാം, കല, സംഗീതം, സാഹിത്യം, മതം , ദേശീയത, രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റങ്ങൾ എല്ലാം, മരണം എന്ന യാഥാർഥ്യത്തിന്റെ തിരിച്ചറിവിൽ ഉണ്ടാക്കുന്ന ഒരു മാനസിക പ്രതിരോധം മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യൻ ഒരേ സമയം രണ്ടു ലോകങ്ങളിലാണ്; ഭൗതിക ലോകത്തിലും , ആശയങ്ങളുടേതും അർഥ തലങ്ങളുടെയും ലോകത്തിലും; അങ്ങനെ രണ്ടു ലോകങ്ങളിൽ ജീവിക്കുന്നു. ജീവിതത്തിന്റെ പ്രതീകാത്മകമായ ഈ വശത്തെ ബെക്കർ 'അനശ്വരതാ തന്ത്രം' (immortality  project)  എന്ന് വിളിക്കുന്നു. ഇത്തരം വഴികളിലൂടെ, പദ്ധതികളിലൂടെ, അഥവാ ബന്ധങ്ങളിലൂടെ,  മനുഷ്യൻ തന്റെ ജീവിതത്തിന്റെ അർധം കണ്ടെത്താൻ ശ്രമിക്കുന്നു.

അർഥപൂർണമായ ഇത്തരം ഒരു പദ്ധതികളിലും നാം ബന്ധപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് മനുഷ്യനെ വിഷാദ രോഗിയാക്കുന്നത്. കാരണം അത്തരം പദ്ധതികളുടെ അഭാവം നമ്മെ മരണത്തെ ഓർമപ്പെടുത്തുന്നു. ഇത്തരം അർഥങ്ങൾ കണ്ടെത്തുന്നതിലെ അപര്യാപ്തതയാണ് ഒരാളെ മാനസിക രോഗി ആക്കുന്നത്. കാരണം , നശ്വരതക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൃത്യമായ യാതൊരു ലക്ഷ്യവും കാണാതെ വരുമ്പോൾ ഒരാൾ അയാളുടേതായ ഒരു തനതു യാഥാർഥ്യം സൃഷ്ട്ടിച്ചുതുടങ്ങും.

പരസ്പര വിരുദ്ധങ്ങളായ 'അനശ്വരതാ തന്ത്രങ്ങളുടെ' സങ്കര്ഷമാണ്, യുദ്ധം, മതഭ്രാന്ത്, വംശഹത്യ, വംശീയത, ദേശീയത തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനം. നമ്മുടെ 'അനശ്വരത' മാത്രമാണ് നമ്മുടെ ശരി. പക്ഷെ ലോകത്തിൽ ഇന്നുവരെ ഒരു മതവും, ശാശ്ത്രവും  മനുഷ്യന്റെ ഈ അന്വേഷണത്തിനു കൃത്യമായ ഒരു ഉത്തരവും നൽകിയിട്ടില്ല.

അതുകൊണ്ടു മനുഷ്യൻ ഇനിയും പുതിയൊരു 'വ്യാമോഹം' കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, ജീവിതത്തിനു അർഥപൂർണമായ ഒരു ചിത്രം നൽകാൻ. നാം നിരന്തരമായ ഭീതിയിലാണ്, എവിടെനിന്നോ ഉത്ഭവിച്ചു , 'താൻ' എന്ന ബോധവും പേറി, ആഴത്തിലുള്ള വികാരങ്ങളും എന്തിനൊവേണ്ടിയുള്ള മർമഭേദകമായ അഭിവാഞ്ചയും, എന്തോ ആയിത്തീരാനുള്ള അദമ്യമായ ആശങ്കയും, ഒടുവിൽ മരണവും. (അവസാനിച്ചു)    

 

 

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-III

പക്ഷെ , പടിഞ്ഞാറൻ  തത്വചിന്ത നൂറ്റാണ്ടുകളായി ചർച്ചചെയ്യുന്ന സ്വതന്ത്രചിന്ത അഥവാ 'ഫ്രീവിൽ' (Freewill) എന്നതിന് എന്ത് സംഭവിക്കും ?

PET, fMRI തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ന്യൂറോസയൻസ് അപ്പോഴേക്കും തലച്ചോറിന്റെ മാപ്പിങ്ങിലൂടെ ഒരു കാര്യം കണ്ടെത്തിയിരുന്നു. നിങ്ങൾ എന്ത് കാര്യം ചെയ്യുമ്പോഴും, എന്ത് തീരുമാനിക്കുമ്പോഴും നിങ്ങളുടെ തലച്ചോറിന്റെ ഒരു പ്രത്യക ഭാഗം പ്രത്യേകമായി പ്രവർത്തിക്കും. ഉദ്ദാഹരണമായി നമ്മൾ കൈ വിരലുകൾ അനക്കാൻ തീരുമാനിച്ചു എന്നിരിക്കട്ടെ, അത് തികച്ചും നമ്മുടെ 'ഫ്രീ വിൽ' ന്റെ ഒരു പ്രകടനവും ആണ്. പക്ഷെ നമ്മുടെ തലച്ചോറിന്റെ രണ്ടു ഭാഗങ്ങൾ കൂടുതലായി പ്രകാശിക്കും.'മോട്ടോർ കോർടെക്സ്' ഏതൊക്കെ ക്രമത്തിൽ നിങ്ങളുടെ പേശികൾ ചലിക്കണം എന്ന നിർദ്ദേശങ്ങൾ അയക്കും. 'പ്രീ മോട്ടോർ കോർടെക്സ്' നിങ്ങളെ വിരലുകൾ ചലിപ്പിക്കാൻ തയ്യാർ ആക്കും.

1980  കളുടെ ആദ്യം അമേരിക്കൻ ന്യൂറോ സയന്റിസ്റ് ആയ ബെഞ്ചമിൻ ലിബെറ്റ്‌, ജർമൻ ഫിസിയോളജിസ്റ് ആയ ഹാൻസ് കോൺഹുബേർ എന്നിവർ ഫ്രീവിൽ നിലനിൽക്കുന്നുണ്ടോ എന്നതിന് ഒരു പരീക്ഷണം നടത്തുകയുണ്ടായി. അതിൽ പങ്കെടുക്കുന്നവർ അവരുടെ സ്വന്തം തീരുമാനം അനുസരിച്ചു, അവർ തീരുമാനിക്കുന്ന സമയത്തു കൈ ചലിപ്പിക്കണം (അല്ലെങ്കിൽ ഒരു സ്വിച്ച് അമർത്തണം) .അവരുടെ തലച്ചോറിന്റെ ഭാഗങ്ങൾ ഒരു EEG റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും. പരീക്ഷണ ഫലം ഞെട്ടിക്കുന്നതായിരുന്നു. അവർ സ്വമേധയാ സ്വിച് അമർത്താൻ തീരുമാനിക്കുന്നതിന് ഏതാണ്ട് ഒരു സെക്കൻഡ് മുൻപെ അവരുടെ തലച്ചോർ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അവർ അതിനെ 'റീഡിനെസ്സ് പൊട്ടൻഷ്യൽ' (Rediness Potential) എന്ന് വിളിച്ചു. അതായത് നാം നമ്മുടെ ഫ്രീവിൽ ഉപയോഗിക്കുന്നതിനു മുൻപേ നമ്മുടെ തലച്ചോർ തീരുമാനം എടുത്തു എന്നര്ദ്ധം, പിന്നെന്തു ഫ്രീ വിൽ ? 

 

ഇതിൽ ഒരു വിരോധാഭാസം നിലനിൽക്കുന്നുണ്ട്. ലിബെറ് പരീക്ഷണവും തുടർന്നുള്ള മറ്റു പരീക്ഷണങ്ങളും കാണിക്കുന്നത് 'ഫ്രീ വിൽ' എന്നത് ഒരു മിഥ്യ ആണെന്നാണ്. കാരണം ആ തീരുമാനം അല്ല തലച്ചോറിന്റെ പ്രവർത്തനനത്തിനു പ്രേരകം ആയത്. ഏതാണ്ട് ഒരു സെക്കൻഡ് മുൻപേ തലച്ചോർ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.  നിരവധി വിശദീകരണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഒന്നും പൂർണമായി തൃപ്തികരം അല്ല എന്നതാണ് വാസ്തവം.

ആസ്ട്രേലിയൻ കോഗ്നിറ്റീവ് സയന്റിസ്റ്റും, ന്യൂയോർക് യൂണിവേഴ്സിറ്റി 'സെന്റർ ഫോർ മൈൻഡ് ബ്രെയിൻ ആൻഡ് കോൺഷ്യസ്നെസ്സ് ' ഡിയറെക്റ്ററുമായ ഡേവിഡ് ചാർമിസ് (David Chalmers)  ഈ പ്രഹേളികക്ക് കൊടുത്തിരിക്കുന്ന പേര് 'ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നെസ്സ്' എന്നാണ്‌. തലച്ചോറിന്റെ പ്രവർത്തനങ്ങൽ ഒരു വ്യക്തിയുടെ അനുഭവമായി എങ്ങനെ പരിണമിക്കുന്നു എന്നതാണ് ഈ പ്രശ്നം. അദ്ദേഹം ഇതിനെ 'പാൻസൈക്കിസം' എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കോൺഷ്യസ്നെസ്സ് (ബോധം) എന്നൊക്കെ പറയുന്നത് തലച്ചോറിന്റെ ഒരു 'എപ്പി ഫിനോമെന്ൻ' അല്ല പിന്നെയോ സ്ഥലം ,കാലം തുടങ്ങിയ യാഥാർഥ്യത്തിന്റെ അടിസ്ഥാന ഗുണങ്ങൾ പോലെ മറ്റൊന്നാണ് ഇത്.

പ്രസിദ്ധ ന്യുറോ സയന്റിസ്റ്റ് വി രാമചന്ദ്രൻ തന്റെ 'ദി എമെര്ജിംഗ്  മൈൻഡ് ' എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

"അതുകൊണ്ട്, 'ഞാൻ' എന്നതിന്റെ ഒരു ഉത്തരം ന്യുറോ സയന്സിന്റെ ഭാഷയിൽ കണ്ടുപിടിക്കാൻ മൂന്നു വഴികളാണ് ഞാൻ കാണുന്നത്.

ഒന്ന്: ഒരുപക്ഷെ നേരിട്ടുള്ള ഒരു ഉത്തരം ഉണ്ടായിരിക്കാം. ആർക്കിമിഡീസിന്റെ 'യൂറേക്കാ' രീതിയിലുള്ള ഒരു ഉത്തരം. പാരമ്പര്യം എന്ന പ്രഹേളികക്ക് ഡി എൻ എ നല്ക്കിയതുപോലുള്ള ഒരു ഉത്തരം. പക്ഷെ അത് അസാധ്യമായെക്കാം എന്നാണു എന്റെ അഭിപ്രായം.  എന്റെ ഈ നിഗമനം തെറ്റും ആവാം. 

രണ്ടാമത്, തലച്ചോറിൽ സംഭവിക്കുന്ന പ്രക്രിയകളുടെ അടിസ്ഥാനത്തിൽ ഒരു പക്ഷെ നമുക്ക് ഇത് വിശദീകരിക്കാൻ കഴിഞ്ഞേക്കാം. അങ്ങനെ 'ഞാൻ' എന്ന ഈ പ്രഹേളിക അതോടെ അവസാനിച്ചേക്കാം. ജീവൻ എന്ന പ്രഹേളികയെ നിരവധി ചാക്രിയ പ്രവര്ത്തനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രഞ്ഞമാർ വിശദീകരിക്കുന്നതുപോലെ ഇതും ഒരു പക്ഷെ കഴിഞ്ഞേക്കാം.

മൂന്നാമത്, ഒരു പക്ഷെ ഇതിനുള്ള നേരിട്ടുള്ള ഒരു ഉത്തരം നമ്മുടെ ന്ജാനെന്ദ്രിയങ്ങൾക്കും അപ്പുറത്ത് ആയിരിക്കാം.  ഒരുപക്ഷെ എൻസ്റ്റീൻ ഭൌതിക ശാസ്ത്രത്തിൽ വരുത്തിയ ഒരു വിപ്ലവം പോലെ, വസ്തുക്കളുടെ ചലനവേഗത്തിനു ഒരു ഉയര്ന്ന  പരിധി ഉണ്ടെന്നു കണ്ടെത്തിയതുപോലെ (പ്രകാശവേഗം), ഈ പ്രശ്നം പരിഹരിച്ചാൽ ഒരു പക്ഷെ, നമ്മൾ അതിശയിചേക്കാം, ഉത്തരം എന്നും നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു, നമ്മെ അത് എന്നും തുറിച്ചു നോക്കിക്കൊണ്ടിരുന്നു.  എനിക്ക് ഒരു പുതു യുഗ ഗുരു ആവാനുള്ള ആഗ്രഹം ഒന്നും ഇല്ല, എന്നാൽ അവിടെ വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. പൗരാണിക ഇന്ത്യൻ ചിന്തയിൽ ഇതിനു വ്യക്ത്തമായ ഒരു സമാന്തരം ഉണ്ട്. അതായത് 'ഞാൻ' എന്നത് , 'അത്' അഥവാ 'മറ്റുള്ളത് 'എന്ന വിഭജനം ഒരു യധാര്തമല്ല. 'അതും'  'ഇതും' ഒന്ന് തന്നെ ആണ്” (തുടരും)  

 

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-II

ഫ്രഞ്ച് വിപ്ലവത്തിനും ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപ് നടന്ന ജ്ഞാനോദയകാലം (Enlightenment era) കൊണ്ടുവന്ന മോഡേണിറ്റി, മധ്യകാല അന്ധവിശ്വാസങ്ങളെയെല്ലാം എതിർത്തെങ്കിലും, മോഡേണിറ്റി അതിന്റേതായ പുതിയ ചില അന്ധവിശ്വാസങ്ങളെ നിർമ്മിക്കുകയും ചെയിതു. ഫുക്കോ രണ്ടു പ്രധാന ഘടകങ്ങളാണ്  ഫ്രഞ്ച് വൈദ്യശാസ്ത്രത്തിന്റെ ചരിത്ര വഴിയിൽ   ഉന്നയിച്ചിരിക്കുന്നത്; (1) സൂക്ഷ്‌മ നോട്ടം അഥവാ ഗൈസ് ,(2)  ഭാഷ. ഫുക്കോയുടെ ക്ലിനിക്കൽ ഗൈസിൽ ശരീരം അഥവാ രോഗി  വെറുമൊരു വസ്തു മാത്രമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൃത്യമായ പ്രക്രിയയിലൂടെ അവമാനവീകരണം നടത്തിയാൽ വിവരങ്ങളുടെ, അല്ലെങ്കിൽ അറിവുകളുടെ ഒരു സംഘാതമായി മാറുന്ന ഒന്നാണ് രോഗി. അത് വൈദ്യശാസ്ത്ര അറിവുകളുടെ (Medical Knowledge) ഉറവിടമാണ്. അങ്ങനെ വിവിധ ഇനങ്ങളും തരങ്ങളുമായി വിഘടിപ്പിച്ചു എത്ര സൂക്ഷമ തലത്തിലേക്ക് എത്താമോ അത്രയും എത്തുകയും അതിനെയെല്ലാം ഭാഷയുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് സൂക്ഷ്‌മ നോട്ടം സാധ്യമാവുന്നത്. ഈ സൂക്ഷ്മനോട്ടം കൂടുതൽ ബലപ്പെടുന്നത്, രോഗങ്ങളെ ഫലപ്രദമായ നിലയിൽ ക്രമീകരിക്കുന്നതിനുള്ള ശാസ്ത്രത്തിന്റെ (Science of Nosography) വളർച്ചയിലൂടെയാണ്. 

ഇമ്മ്യൂണോളജിയുടെ വളർച്ച, സെല്ഫ് അഥവാ സ്വത്വത്തെ പാരസ്പരികതയുടെ അടിസ്ഥാനത്തിൽ നിര്വചിക്കാനുള്ള ഒരു ശ്രമത്തിലേക്കു എത്തിച്ചു. ഗ്രാഫ്ട് ചെയ്ത റ്റിഷ്യുവിനെ ശരീരം പുറംതള്ളുന്നതു, അലര്ജി, ഓട്ടോ-ഇമ്യൂൺ പ്രതിരോധങ്ങൾ എല്ലാം ഒരുതരത്തിലുള്ള വ്യക്തിത്വ സങ്കര്ഷങ്ങള് (identity  crisis) ആയി വ്യാഖ്യാനിക്കപ്പെട്ടു. ആസ്ട്രേലിയൻ ഇമ്മ്യൂണോളജിസ്റ് ഫ്രാങ്ക് ബർനറ്റ് ഇമ്മ്യൂണോളജിയെ "ദി സയൻസ് ഓഫ് സെല്ഫ് " എന്ന് വിളിക്കുന്നവരെ കാര്യങ്ങൾ എത്തി.  

എന്നാൽ 1953-ഇൽ ഡബിൾ ഹെലിക്‌സ് DNA യുടെ വരവോടെ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. സ്വത്വത്തെ നിര്വചിക്കുന്നതിനു പുതിയൊരുഭാഷ, വിവരസാങ്കേതികവിദ്യയുടെ ഭാഷ , നിലവിൽ വന്നു.  വിവരസാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന അതെ വാക്കുകൾ ബൈയോളജിയിലും വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. ജീനോമിന് ഒരു അക്ഷരമാല , ഇംഗ്ലീഷ് ഭാഷയിലെപോലെ ഒരു അക്ഷരമാല ഉണ്ടായി.  യുദ്ധാനന്തര 'സ്വത്വം' വ്യാഖ്യാനിക്കപ്പെടാവുന്ന  ഒരു കോഡുഭാഷ ആയി മാറി. അറുപതുകളിൽ അത് സംശോധനം ചെയ്യപ്പെടാവുന്നതും, തിരുത്തപ്പെടാവുന്നതും വിവർത്തനം ചെയ്യപ്പെടാവുന്നതുമൊക്കെയായ ഒന്നായി. DNA വ്യക്തിയുടെയും ജീവന്റെയുമൊക്കെ 'രഹസ്യ വാക്കു് ' ആയി 

അറുപതുകളിലും എഴുപതുകളിലും ശാസ്‌ത്രലോകത്തു ഉണ്ടായ വലിയൊരു ഉൽകണ്ഠ, ഈ പുതിയ ജീവശാസ്ത്രം , മനുഷ്യനെ മനുഷ്യൻ അല്ലാതാക്കിത്തീർക്കുമോ എന്നതായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ കയ്യുകളാൽ തിരുത്തപ്പെടാവുന്നതാണ് മനുഷ്യപ്രകൃതി എങ്കിൽ , അതിൽ നൈതികവും സാമൂഹികവുമായ വലിയ പ്രശ്നങ്ങൾ  അടങ്ങിയിരിക്കുന്നു എന്ന്  വിമർശങ്ങൾ ഉണ്ടായി.

1978-ഇൽ പാട്രിക് സ്റെപ്റ്റോയ്-റോബർട്ട് എഡ്‌വേഡ്സ് എന്നിവർ ഗര്ഭപാത്രത്തില് വെളിയിൽ , ഒരു 'ടെസ്റ്റ് ട്യൂബ് ശിശുവിന്' ജന്മം നൽകി. 1996 ആയപ്പോഴേക്കും  Dr. വിൽമുട് ,  ക്ലോണിങ്ങിൽ  'ഡോളിയുടെ' സൃഷ്ട്ടി നടത്തിയതോടെ മനുഷ്യന്റെ ക്ളോണിങ് എന്ന ഒരു യാഥാർഥ്യം നൈതികതയുടെ നേർക്കുനേർ നിന്നു. 

അധികം താമസിക്കാതെതന്നെ DNA -ബ്ലൂ പ്രിന്റ് മോഡൽ കാലഹരണപ്പെട്ടു, ഏതാണ്ട് അസ്സംഗതമായതുപോലെ.  കൃത്യമായി പറഞ്ഞാൽ "നിങ്ങൾ"  നിങ്ങളുടെ ക്രോമോസോമുകളുടെ ഉള്ളടക്കം മാത്രമല്ല, അതിലധികമാണ്. നിങ്ങളുടെ ശരീരം എന്നത് മനുഷ്യ സെല്ലിനെക്കാൾ കൂടുതൽ , ബാക്ടീരിയ , ഫങ്കി, archaea തുടങ്ങിയവയാണ്. കോടിക്കണക്കിനു സൂക്ഷമാണുക്കളുടെ ഒരു സങ്കേതമാണ് നിങ്ങൾ. ദഹനം, ശരീര വർണം, രോഗപ്രതിരോധം, കാഴ്ച എന്തിനധികം നിങ്ങളുടെ 'മൂഡ്' പോലും നിർണയിക്കുന്നത് ഈ സൂക്ഷമാണുക്കൾ ആണ് എന്ന നില. നിങ്ങൾ യഥാർത്ഥത്തിൽ 'നിങ്ങൾ' അല്ല. ജീവശാസ്ത്രപരമായ നിങ്ങൾ എന്ന സ്വത്വം, പരസ്പ്പരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സമൂഹങ്ങളുടെ, ഒരു കൂട്ടായ്മ മാത്രമാണ്.

ഹ്യൂമൻ-മെഷീൻ ഇന്റർഫേസ് തുടങ്ങിയ ന്യൂറോ-ടെക്‌നിക്കൽ ഉപകരണങ്ങൾ മനുഷ്യ സ്വത്വത്തെ ഉപകരണങ്ങളുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ജ്ഞാനോദയകാലം മുതൽ മനുഷ്യന്റെ അസ്തിത്വവും  ഉള്ളടക്കവും സയൻസിന്റെ കണ്ണാടിയിൽ കൂടി കണ്ടുപിടിക്കാൻ ശ്രമിച്ചതിന്റെ  അനന്തരഫലം, ആ അസ്തിത്വം തന്നെ ഇല്ലാതാവൽ ആയിരുന്നോ ? (തുടരും)

 

വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-1

 

1863-ഇൽ തോമസ് ഹെൻഡ്രി ഹക്സ്ലി (ഡാർവിന്റെ വേട്ടപ്പട്ടി എന്ന  അപരനാമത്തിൽ അറിയപ്പെടുന്ന) നേച്ചർ മാസികയിൽ ഒരു ലേഖനം എഴുതി "Evidence  as  to  Man's place  in  Nature ". അതിൽ, ഗിബ്ബൺ, ഒറാങ് ഉട്ടാൻ, ചിമ്പൻസി, ഗൊറില്ല, മനുഷ്യൻ എന്നിവയുടെ തലയോടുകളുടെ ചിത്രവും ഉണ്ടായിരുന്നു. കൃത്യമായും മനുഷ്യ പരിണാമത്തിന്റെ നാൾ വഴി. അതുവരെ ഒരു പ്രത്യേക കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന മനുഷ്യന്റെ സ്ഥാനം , മൃഗങ്ങളുടെ ഇങ്ങേത്തലക്കൽ മാത്രം ആണെന്നായിരുന്നു ആ ചരിത്രപരമായ പ്രസ്താവന. നിക്കോളാസ് കോപ്പർ നിക്കസ് , ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നിന്നും മാറ്റിയിട്ടതുപോലെ , ഡാർവിനും മനുഷ്യന്റെ സ്ഥാനം താഴേക്കു മാറ്റി നിറുത്തി.

പക്ഷെ, ഹക്സ്ലി മനുഷ്യനെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല. അപ്രതിരോധ്യമായ, സയൻസിന്റെ മുന്നേറ്റത്തിൽ, അത്യുന്നതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണമായിരുന്നു ഹക്സ്ലിയുടെത്. അതാണ് പ്രസിദ്ധമായ ജ്ഞാനോദയത്തിന്റെ (Renaissance)  ആണിക്കല്ലായി തീർന്നതും. പക്ഷെ , 'ഒക്കാംസ്  റേസറിനു ' ഇരുപുറവും മൂർച്ചയുണ്ടായിരുന്നു. സയൻസിൽ നിന്നും സയന്റിസത്തേക്കു (scientism)  അത് നയിച്ചു.  പിന്നീടുള്ള നൂറ്റി അമ്പതു വര്ഷം സയന്സിനെക്കാളേറെ, സയന്റിസം, മനുഷ്യന്റെ സ്വത്വം രൂപപ്പെടുത്തുന്നതായാണ് നാം കാണുന്നത്. ഡെവലെപ്മെന്റ് സൈക്കോളജി IQ ആയി പരിണമിച്  സാമൂഹികവും വിദ്യാഭ്യാസപരമായും മനുഷ്യനെ നിയന്ത്രിക്കുന്നത് നാം കണ്ടു. ഇമ്മ്യൂണോളജി സ്വത്വം ആയി നിര്വചിക്കപ്പെട്ടു. പിന്നീട് സെൽ തിയറിയും മോളിക്യൂലർ പഠനങ്ങളും 'സെല്ഫ്'- 'നോൺസെൽഫ്'  അതിർ വരമ്പുകളായി  വ്യാഖ്യാനിക്കപ്പെട്ടു.  ജനറ്റിക് എഞ്ചിനീറിംഗും സിന്തറ്റിക് ബയോളജിയും മനുഷ്യപ്രകൃതിയെ എങ്ങോട്ടുവേണമെങ്കിലും അടിച്ചുപരത്താവുന്ന ഒന്നാക്കി നിര്വചിച്ചു.  

രോഗ ചികിത്സാരംഗത്തും സൈന്റിസം കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകളിൽ, അറുപതുകളിൽ ഉയർന്നു വന്ന ഘടനാ വാദത്തിലും അതിനു ശേഷമുണ്ടായ പോസ്റ്റ് ഘടനാവാദത്തിലും ഒരുപോലെ തിളങ്ങിനിന്ന ഒരു ചിന്തകനായിരുന്നു ഫൂക്കോ. ചരിത്രം, സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം വിഹരിച്ചിട്ടുണ്ട്.  പൊതുവെ പറഞ്ഞാൽ അദ്ദേഹത്തിൻറെ കൃതികൾ എല്ലാം തന്നെ ചരിത്രത്തിന്റെ താത്വികമായ ഒരു വിശദീകരണമായി കാണാവുന്നതാണ്. യാഥാർഥ്യത്തിന്റെ നിർമ്മിതിയെക്കുറിച്ചുള്ള ചരിത്രപരമായ ഒരു അന്വേഷണമാണ് തന്റെ പ്രവർത്തികൾ എന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.

"The birth of the clinic" തുടങ്ങുന്നത് ഈ മുഖവുരയോടെയാണ്.

“This book is about space, about language, and about death; it is about the act of seeing, the gaze”

ഇതിലെ ഈ സൂക്ഷ്മ നോട്ടമാണ് (gaze) ഇതിലെ കാതൽ. അവിടെ, ‘ലക്ഷണങ്ങളുടെ സംഘാതം’ എന്നതിൽനിന്നും ‘പാത്തോളജിക്കൽ അനാട്ടമി’ എന്നതിലേക്കുള്ള യാന്ത്രിക മാറ്റമല്ല, പിന്നെയോ രോഗിയും, ചികിത്സകനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ഭാഷയായ “What’s the matter with you" എന്ന ചോദ്യം “Where does it hurt?” എന്നതിലേക്ക് പരിണമിക്കുന്ന ഒരു വികാസ ചരിത്രവും കൂടെയാണ്. ഈ മാറ്റം ആത്യന്തികമായി രോഗിയുടെ ശരീരം, ഡോക്റ്റർമാരുടെ സൂക്ഷ്മ വീക്ഷണത്തിൽ വായിച്ചെടുക്കാവുന്ന ഒരു ലിഖിതമാക്കി മാറ്റുന്നു, രോഗിയുടെ ഒരു സഹായവും കൂടാതെ ഒരു വിദക്തന് സ്വന്തമായി വായിക്കാനും സ്വതന്ത്രമായി വിശദീകരിക്കാനും കഴിയുന്ന ഒരു ലിഖിതം.

രോഗിക്കുണ്ടായ ഈ അന്യവൽക്കരണം രോഗത്തിനും ഉണ്ടാവുന്നു.  രോഗം എന്നത് ഒരു ദ്വിമാന തലത്തിൽ നോസോളോജിക്കലായി (Nosological) അടുക്കിവയ്ക്കുന്ന ഒരു പേര് മാത്രമായി മാറുന്നു, കണ്ടെത്തപ്പെട്ട ഘടകങ്ങൾഉടെ    അടിസ്ഥാനത്തിൽ നൽകപ്പെട്ട ഒരു പേര്. ഈ അടുക്കിവയ്ക്കൽ ആവട്ടെ ബൊട്ടാണിസ്റ്റുകൾ ചെയ്യുന്ന രീതിയിൽ 'ജാതി' അടിസ്ഥാനത്തിലുള്ള തരം തിരുവല്ല, പിന്നെയോ കെമിസ്റ്-മിനറോളജിസ്റ്റുകൾ ചെയ്യുന്നതുപോലെ രോഗങ്ങളുടെ ഘടകങ്ങളെയും അവയുടെ സംഖാതങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്. (തുടരും)