പുരാണങ്ങൾ
ഭാരതീയ സംസ്കാരത്തിന്റെ അഭേദ്യ ഭാഗമാണ്. മഹത്തായ എല്ലാ സംസ്‌കാരത്തിന്റെയും ഭാഗമായി
പുരാണങ്ങളുടെ ഒരു നിധിശേഖരം ഉണ്ടായിരിക്കുമെന്നുള്ളത് ഒരു വസ്തുതയാണ്. ഉദ്ദാഹരണമായി
ഗ്രീക്ക് സംസ്കാരം നോക്കുക. എന്നാൽ ഭാരതീയ പുരാണങ്ങൾക്കു അതിലും വലിയൊരു സ്ഥാനം നമ്മുടെ
സംസ്കാരത്തിൽ വഹിക്കാനുണ്ടായിരുന്നു. വേദങ്ങൾ തങ്ങളുടെ മാത്രം കുത്തകയാക്കി വച്ചിരുന്ന
ബ്രാഹ്മണമേധാവിത്വ കാലത്തു, വേദാർഥം ലളിതമായും ആകർഷകമായും സാധാരണ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കാൻ വ്യാസൻ തുടങ്ങിയ
ആചാര്യന്മാർ മുന്നോട്ടുവന്നു.
"സ്ത്രീ
ശൂദ്ര ദ്വിജബന്ധൂനാം ന വേദശ്രവണം മതം
തേഷാമേവ
ഹിതാർഥായ പുരാണാനി കൃതാനി ച"
അതായത്
സ്ത്രീകൾക്കും ശൂദ്രര്ക്കും 'ബ്രാഹ്മബന്ധുക്കൾക്കും' (ബ്രാഹ്മണകുലത്തിൽ ജനിച്ചു എന്ന്
മാത്രം ഉള്ളവനാണ് ബ്രഹ്മബന്ധു) വേദം പഠിക്കുവാൻ അർഹതയില്ല. അവർക്കുവേണ്ടിയാണ് പുരാണങ്ങൾ
നിർമ്മിച്ചത് (ദേവി ഭാഗവതം).
അങ്ങനെ,
അവർ പുരാണങ്ങളും, ഇതിഹാസങ്ങളും ഉപപുരാണങ്ങളും ഒക്കെ സൃഷ്ട്ടിച്ചു ധർമ്മപ്രചാരണം നടത്തി.
പ്രധാനമായും കൃഷ്ണദ്വൈപായന വ്യാസനും അദ്ദേഹത്തിൻറെ അച്ഛനായ പരാശര മുനിയുമാണ് പുരാണങ്ങളുടെ
രചയിതാക്കൾ എന്നാണു വിശ്വാസം.
പതിനെട്ടു
മഹാപുരാണങ്ങളും പതിനെട്ടു ഉപപുരാണങ്ങളും എന്നാണു സാധാരണ കണക്ക്, എന്നാൽ 108 പുരാണങ്ങൾ എന്നും 118 പുരാണങ്ങൾ എന്നുമൊക്കെ പലരീതിയിലും പല ഇടങ്ങളിലും പ്രസ്താവിച്ചു കാണുന്നു. പുരാണങ്ങളുടെ നിർമിതി കാലം എ ഡി രണ്ടാം നൂറ്റാണ്ടുമുതൽ
പത്താം നൂറ്റാണ്ടുവരെ നീണ്ടുനിൽക്കുന്ന ഒന്നാണെന്നാണ് വിദഗ്ദ്ധ മതം. ഏറ്റവും പഴക്കം
ചെന്നതെന്നു കരുതപ്പെടുന്ന 'വിഷ്ണു പുരാണം' എ ഡി രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും
ഇടയിൽ നിർമ്മിക്കപ്പെട്ടിരിക്കാം എന്നാണു കരുതപ്പെടുന്നത്. ഏറ്റവും പഴക്കം കുറഞ്ഞതും
, എന്നാൽ ഏറ്റവും പ്രസിദ്ധമായതുമായ 'ഭാഗവത പുരാണം' എ ഡി പത്താം നൂറ്റാണ്ടിനു മുൻപ്
നിർമ്മിക്കപ്പെട്ടിട്ടില്ല എന്നാണു വിദഗ്ദ്ധ അഭിപ്രായം. കാരണം എ ഡി എട്ടാം നൂറ്റാണ്ടിനും
ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന ശങ്കരാചാര്യർ ഭാഗവതത്തിൽ നിന്നും ഒന്നും
ഉദ്ധരിച്ചിട്ടില്ല. എന്നാൽ വിഷ്ണു പുരാണം ഉദ്ധരിക്കുന്നുണ്ടുതാനും. അതിനർദ്ധം ശങ്കരാചാര്യർക്കു
ശേഷമാണ് ഭാഗവത നിർമ്മിതി എന്നാണ്.
അർജ്ജുനന്റെ
പുത്രനായ, പരീക്ഷിത്തിന്റെ പുത്രൻ, ജനമേജയൻ
നടത്തിയ സർപ്പസത്രത്തിൽ വ്യാസശിഷ്യനായ
വൈശമ്പായൻ കഥ പറയുന്നു. അവിടെനിന്നും ആ കഥ കേൾക്കാൻ ഇടയായ ലോമഹർഷണ മഹർഷിയുടെ പുത്രൻ
ഉഗ്രശ്രവസ്സ് എന്ന സൂതമുനി, പിന്നീട് വളരെക്കാലം കഴിഞ്ഞു നൈമിഷാരണ്യത്തിൽ കുലപതിയായ
ശൗനകന്റെ പന്ത്രണ്ടു വർഷക്കാലം നീണ്ടു നിൽക്കുന്ന സത്രത്തിൽ എത്തിച്ചേരുകയും അവിടെ
അത് കേൾപ്പിക്കുകയും ചെയ്തു. മഹാഭാരത കഥയുടെ തുടക്കം ഇങ്ങനെയാണല്ലോ.
എന്നാൽ
ഭാഗവതം കഥാരീതി വച്ച് നോക്കിയാൽ അതിനു മുൻപ് പറയപ്പെട്ടതാണ്. അതായത് ജനമേജയന്റെ അച്ഛനായ
പരീക്ഷിത്തിന്റെ കാലത്താണ് ഭാഗവതം പറയുന്നത്.
ശൗനകാദി
മഹർഷിമാർ കലി ദോഷത്തിൽനിന്നും മുക്തി ലഭിക്കുന്നതിനുള്ള ഉപായം എന്തെന്ന് ബ്രഹ്‌മാവിനോട്
ചോദിക്കുന്നു. അതുകേട്ട് ബ്രഹ്‌മാവ് ഒരു 'നേമിയെ' (നേമി എന്നാൽ ചക്രം) ഭൂമിയിലേക്ക് എറിയുന്നു. ആ നേമി
ഉരുണ്ടു ചെന്ന് എവിടെ നിൽക്കുന്നുവോ അവിടെവച്ചു
യാഗാദികൾ നടത്തുവാൻ ആജ്ഞാപിച്ചു. ആ നേമി ഉരുണ്ടു ചെന്ന് നിന്നതു ഒരു ആരണ്യത്തിലായിരുന്നു.
അങ്ങനെ നേമി പതിച്ച സ്ഥലം ആയതിനാൽ ആ സ്ഥലം 'നൈമിഷാരണ്യം' എന്ന് പറയപ്പെട്ടു. അവിടെവച്ചാണ്
സൂതമുനി ഭാഗവതം ഉപദേശിക്കുന്നത്.
നാം
ഭാഗവതം കേൾക്കുന്നത് സൂതമുനിയിലൂടെ ആണെങ്കിലും ഇതിനു മുൻപ് പലപ്രാവശ്യം ഭാഗവതം സപ്‌താഹം
ആയിട്ടുതന്നെ നടത്തിയിട്ടുണ്ട്. കുരുക്ഷേത്ര
യുദ്ധം കഴിഞ്ഞു 36 വര്ഷം കഴിഞ്ഞപ്പോൾ ദ്വാരക
കടലിൽ മുങ്ങി, കൃഷ്‌ണപുത്രന്മാരും വൃഷ്ണികളും തമ്മിൽ കൊന്നു തീർത്തു. കൃഷ്ണനും രാമനും സ്വർഗ്ഗാരോഹിതരായി. അതിനുശേഷം
30 വര്ഷം കഴിഞ്ഞു, ഒരു പ്രൗക്ഷ്ട്ടപാത മാസത്തിലെ
(കന്നി) ശുക്ലപക്ഷ നവമി ദിവസമാണ് ശ്രീശുകൻ പരീക്ഷിത്തിന് ഭാഗവതം ഉപദേശിച്ചത്. അതിനും
200 വര്ഷം കഴിഞ്ഞു, ഒരു ആഷാഢമാസത്തിലെ (കർക്കിടകം) ശുക്ലപക്ഷ
നവമി ദിവസം 'ഗോകർണ്ണൻ' ഒരു ഭാഗവത സപ്‌താഹം നടത്തുന്നുണ്ട് (അത് വേറൊരു കഥ). ഗോകര്ണന്റെ
സപ്‌താഹത്തിനു 30 വര്ഷങ്ങള്ക്കുശേഷം, സനകാദി മുനിമാരും (സനകൻ, സനന്ദനൻ, സനാതനൻ, സനൽകുമാരൻ
എന്നിവരാണ് സനകാദി മുനിമാർ. ബ്രഹ്‌മാവിന്റെ മാനസപുത്രരും ബ്രഹ്മ രൂപികളുമാണ് ഇവർ),
നാരദനുവേണ്ടി ബദര്യാശ്രമത്തിൽ വച്ച് ഒരു സപ്‌താഹം നടത്തുന്നുണ്ട്. ആ സപ്‌താഹത്തിന്റെ
കഥയിലൂടെയാണ് ഭാഗവതം ആരംഭിക്കുന്നത്.
ഭാഗവതം
ആരംഭിക്കുന്നത് നാരദ മഹർഷിയുടെ ഒരു യാത്രയിലൂടെയാണ്. ഭൂലോകത്തിലൂടെ സഞ്ചരിച്ചു അദ്ദേഹം
പുഷ്കരം, പ്രയാഗ, കാശി, ഗോദാവരി, ഹരിദ്വാർ, കുരുക്ഷേത്രം, ശ്രീരംഗം, രാമേശ്വരം തുടങ്ങിടങ്ങളെല്ലാം
സഞ്ചരിച്ചു ഒടുവിൽ യമുനാതീരത്തു എത്തി. അവിടെ അദ്ദേഹം ഒരു പ്രത്യക കാഴ്ച കണ്ടു. സുന്ദരിയായ
ഒരു ചെറുപ്പക്കാരി , കൂടെ, ജരാനരകൾ ബാധിച്ച രണ്ടു വൃദ്ധ പുരുഷന്മാരും. കരഞ്ഞു വിഷമിച്ചിരുന്ന പെൺകുട്ടിയോട് അലിവ് തോന്നി
നാരദർ കാര്യം തിരക്കി. അവൾ മറുപടി പറഞ്ഞു:
"അഹം
ഭക്തിരിതി ഖ്യാതാ ഇമൗ മേ തനയൗ മതൗ
ജ്ഞാന വൈരാഗ്യ
നാമാനൗ കാലയോഗേന ജർജ്ജരൗ"
'ഞാൻ ഭക്തിയാണ്.
ഇവർ എന്റെ പുത്രന്മാരായ ജ്ഞാനവും വൈരാഗ്യവും. കാലദോഷംകൊണ്ട് ഇവർക്ക് ജരാനരകൾ ബാധിച്ചിരിക്കുകയാണ്'.
ഇവിടെ വാച്യാർഥത്തിൽ
ഒരു സ്ത്രീ എന്നും പുത്രന്മാർ എന്നും കരുതരുത്. ജ്ഞാനവും വൈരാഗ്യവും നഷ്ട്ടപ്പെട്ട്,
വെറും പുറം പൂച്ചായ ഭക്ത്തി എന്ന് മനസ്സിലാക്കണം.
നാരദർ വീണ്ടും
ചോദിച്ചു, "മകളെ നീ എവിടെനിന്നും വരുന്നു."
ഭക്തി പറഞ്ഞു,
"ഉൽപ്പന്ന ദ്രാവിഡേ സാഹം
വൃധീം കര്ണാടകെ ഗതാ
ക്വചിത്
ക്വചിൻ മഹാരാഷ്ട്രേ ഗുർജ്ജരെ ജീര്ണതാം ഗതാ "
'ദ്രാവിഡദേശത്താണ്
(ഇന്നത്തെ കേരളവും തമിഴ്‌നാടും) ഞാൻ ജനിച്ചത്.
വളർന്നത് കർണാടകത്തിൽ. മഹാരാഷ്ട്രയിൽ വച്ച് അൽപ്പം ക്ഷയിച്ചു. ഗുർജ്ജര ദേശത്തു (ഗുജറാത്ത്)
ജീർണ്ണിച് അവശയായി.'
ജ്ഞാനത്തെയും
വൈരാഗ്യത്തെയും പൂർവസ്ഥിതിയിൽ ആക്കാൻ നാരദർ കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല. നിരാശനായ
നാരദർ നടന്നു നടന്നു ബദര്യാശ്രമത്തിൽ എത്തിച്ചേർന്നു. അവിടെവച്ചു കണ്ടുമുട്ടിയ സനകാദി
മുനിമാരോട് നാരദർ കാര്യം പറഞ്ഞു. പ്രതിവിധിയായി അവർ നിർദ്ദേശിച്ചതാണ് ഭാഗവത സപ്‌താഹം.
അത് അവരുടെ നേതൃത്വത്തിൽ നടത്തുകയും ജ്ഞാന-വൈരാഗ്യങ്ങൾ പൂര്വസ്ഥിതിയെ പ്രാപിക്കുകയും
ചെയ്തു എന്നുമാണ് കഥ.