ബുദ്ധന്റെ മരണ ശേഷം അദ്ദേഹത്തിൻറെ
മുഖ്യ ശിഷ്യന്മാരിൽ ഒരാളായ മഹാകശ്യപന്റെ നേതൃത്വത്തിൽ ത്രിപീടിക രൂപീകരിച്ചതിനെപ്പറ്റി
മുൻപ് പറഞ്ഞുവല്ലോ. പക്ഷെ ബുദ്ധമതം സാധാരണ ജനങ്ങളിലേക്ക് വേഗത്തിൽ പടരാൻ തുടങ്ങിയപ്പോഴേ
തർക്കങ്ങളും ഉടലെടുക്കാൻ തുടങ്ങി.
ബുദ്ധന്റെ മരണശേഷം ഏതാണ്ട് മൂന്നു നൂറ്റാണ്ട് ആയപ്പോഴേക്കും
ബുദ്ധമതത്തെ ഭരണകൂടത്തിന്റെ മതമായി അംഗീകരിച്ച അശോക ചക്രവർത്തി നേരിട്ട് നേതൃത്വം നൽകി
പാടലീപുത്രത്തിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു. തന്റെ സാമ്രാജ്യത്തിന്റെ സമാധാനം നിലനിർത്തുക
എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന ലക്‌ഷ്യം. (മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ
നേതൃത്വത്തിൽ നിഖിയ സൂനഹദോസ് വിളിച്ചുകൂട്ടി (എ.ഡി.325) കത്തോലിക്കാ സഭയിലെ തർക്കങ്ങൾ
അവസാനിപ്പിക്കാനുള്ള ശ്രമത്തെ ഇതുമായി താരതമ്യം ചെയ്യുക)
എന്നിട്ടും ബുദ്ധമതത്തിലെ തർക്കങ്ങൾക്ക്
ഒരു പരിഹാരം ആയില്ല. ബുദ്ധന്റെ വാക്കുകളിലെ അർഥവും അതിന്റെ വ്യാഖ്യാനങ്ങളും വലിയൊരു
തർക്കത്തിലേക്കും തുടർന്ന് 'മഹായാനം' 'ഹീനയാനം' എന്ന് രണ്ട് സമ്പ്രദായങ്ങൾ ഉടലെടുക്കുന്നിൽ വരെ അതെത്തി. അവയിൽ
പിന്നെയും ധാരാളം ഉൾപിരിവുകളും ഉണ്ടായി. ബുദ്ധന്റെ മരണശേഷം ഏതാണ്ട് നാല് നൂറ്റാണ്ടുകൾ
കഴിഞ്ഞപ്പോഴേക്കും പതിനെട്ടു തരത്തിലുള്ള മത ശാഖകൾ ഉണ്ടായെന്ന് 'കീത്ത്' എന്ന ഇഗ്ളീഷ്
ഒറിലെന്റലിസ്റ് ചൂണ്ടിക്കാണിക്കുന്നു. അതിൽ വൈഭാഷികം, സൗത്രാന്തികം, യോഗാചാരം, മാധ്യമികം,
എന്നിവയാണ് കൂടുതൽ പ്രാമുഖ്യം നേടിയത്. വൈഭാഷികവും സൗത്രാന്തികവും ഹീനയാനത്തിൽ
പെട്ടവയും, യോഗാചാരം മാധ്യമികം എന്നിവ മഹായാനത്തിൽ പെട്ടവയുമായി കരുതപ്പെടുന്നു.
വൈഭാഷികവും സൗത്രാന്തികവും വളരെ സാമ്യമുള്ളതായതുകൊണ്ട്,
രണ്ടിനെയും 'സർവാസ്ഥിത്വവാദം' എന്ന നിലയിൽ ഒന്നായി കണ്ടുകൊണ്ടാണ് (പ്രത്യേകിച്ചും വേദാന്തികൾ:
ഉദ്ദാഹരണം ശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യം) വിശകലനം
ചെയ്യുന്നത്. യഥാർഥത്തിൽ ആദ്യകാല ബൗദ്ധചിന്തകളുമായി കൂടുതൽ സാദൃശ്യമുള്ളത് ഇവക്കു രണ്ടിനുമാണ്.
എല്ലാറ്റിനും ഉന്മയുണ്ട്, ബാഹ്യവും ആഭ്യന്തരവുമായ എല്ലാ പ്രതിഭാസങ്ങളും യാഥാർഥ്യമാണ്.
ധർമമാണ് സർവാസ്തിത്വത്തിന്റെയും ദർശിനികമായ അടിത്തറ. (ഭൗതികവും മാനസികവുമായ എല്ലാ പ്രതിഭാസങ്ങളുടെയും
അടിസ്ഥാന ഘടകങ്ങൾ എന്ന സാങ്കേതിക അർഥത്തിലാണ് ഇവർ ധർമ്മം എന്ന പദം ഉപയോഗിക്കുന്നത്).
പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും അടിയിലുള്ള പരമമായ യാഥാർഥ്യമാണ് ധർമ്മം. ബാഹ്യ
ജഗത്ത് ഭൂതങ്ങളുടെയും ഭൗതികങ്ങളുടെയും രൂപത്തിലും, ആന്തരിക ജഗത്ത് ചിത്തത്തിന്റെയും
ചൈത്തിക വൃത്തികളുടെയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
വസ്തു നിഷ്ട്ടമായി നിലനിൽക്കുന്ന
എല്ലാ വസ്തുക്കളെയും രണ്ട് തരത്തിൽ വീക്ഷിക്കാം: കേവലമായ യാഥാർഥ്യം എന്ന നിലക്ക്,
അല്ലെങ്കിൽ പാരമാർധികമായ സത്യമെന്ന നിലക്ക്. ശുദ്ധമായ ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ട്
വീക്ഷിക്കപ്പെടുന്ന യാഥാർഥ്യമാണിത്. പ്രായോഗിക ജീവിതത്തിൽ ദൈനംദിനാനുഭവങ്ങളിലൂടെ വീക്ഷിക്കുമ്പോൾ
അവക്ക് പ്രാതിഭാസിക രൂപങ്ങളിൽ യഥാർത്ഥമായ നിലനിൽപ്പുണ്ട്. വൈഭാഷികന്മാർ ഇതിനെ സാംവൃതിക
സത്യം എന്ന് വിളിക്കുന്നു. ഇത് കല്പനാ കല്പിതമാണ്, അതായത് സങ്കൽപ്പങ്ങളുടെ സഹായത്തോടുകൂടി
കെട്ടിപ്പെടുക്കപ്പെട്ടതാണ്.
പ്രാണികൾ ഏതെങ്കിലും മൂലകാരണത്താൽ
സൃഷ്ടിക്കപ്പെട്ടതല്ല. അങ്ങനെ ആയിരുന്നെങ്കിൽ പ്രാണികൾ എല്ലാം ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുമായിരുന്നു.
എന്നാൽ നാം കാണുന്നത് അവയെല്ലാം ഒന്നിനുശേഷം മറ്റൊന്ന് എന്ന നിലയിൽ ജനിക്കുന്നതാണ്
(പരിണാമ സിദ്ധാന്തത്തിന്റെ ലാഞ്ചന ഇവിടെ കാണാം).
പൊതുവിൽ പറഞ്ഞാൽ ഇവർ (വൈഭാഷികളും
സൗത്രാന്തികളും) ഇന്നത്തെ നിലയിൽ പറഞ്ഞാൽ ഏറെക്കുറെ ഭൗതിക വാദികളായിരുന്നു എന്ന് പറയാം.
വൈരുധ്യവുമാക ഭൗതികവാദത്തിന്റെ ചില അംശങ്ങളും ഇവരുടെ വാദങ്ങളിൽ കാണാൻ കഴിയും. പക്ഷെ
ഇവർ തികഞ്ഞ ഭൗതിക വാദികൾ ആയിരുന്നു എന്ന് കരുതുന്നത് അത്ര ശരിയായിരിക്കുകയില്ല. ഈശ്വരനെ
നിഷേധിച്ചു എന്നത് ശരിയാണെങ്കിലും ആ സ്ഥാനത്ത്, കര്മത്തെയും ബോധിസത്വ സങ്കല്പത്തെയും
അവർ സ്വീകരിച്ചിരുന്നു.
മറുവശത്തു മഹായാന ശാഖകളായ യോഗാചാരത്തിലും മാധ്യമികത്തിലും ആത്മീയ
വാദമാണ് മുഖ്യവിഷയം. 'ലങ്കാവതാരസൂത്രമാണ്' മഹായാനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കരുതപ്പെടുന്നത്.
യോഗാചാരവും മാധ്യമികവും രണ്ടു ശാഖകളായി തിരിയുന്നതിനു മുൻപ് രചയിക്കപ്പെട്ടതാണ് ഈ ഗ്രന്ഥമെന്നാണ്
കരുതപ്പെടുന്നത്. ചിത്തം മാത്രമാണ് യാഥാർഥ്യമെന്നും ബാഹ്യലോകം യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല
എന്നും, പഞ്ച സ്കന്ദങ്ങളും, പഞ്ച ഭൂതങ്ങളും, എന്തിനധികം പഞ്ചേന്ദ്രിയങ്ങളും യഥാർഥത്തിൽ
നില നിൽക്കുന്നില്ലെന്നും, ഇതെല്ലാം, മനസ്സിന്റെ
സങ്കല്പങ്ങൾ മാത്രമാണെന്നുമാണ് ഇതിന്റെ അവകാശവാദം. ഇവർ വിജ്ഞാന വാദികൾ എന്ന് അറിയപ്പെടുന്നു.
വിജ്ഞാനമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ലെന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിച്ചത്.
(ഇന്നത്തെ ഏറ്റവും പുതിയ ശാസ്ത്രീയ നിലപാടായ 'ക്വാൻഡം ഗ്രാവിറ്റി' തീയറിയിൽ എല്ലാം
'ഇൻഫോർമേഷൻ' എന്ന സംജയിലേക്കു ദിശ മാറുന്നത്
ഇവിടെ പ്രത്യേകം സ്മരണീയമാണ്).
മൈത്രേയ നാഥൻ, വസുബന്ധു, ദിങ്നാഥൻ,
ധർമ്മ കീർത്തി, കമല ശീലൻ തുടങ്ങിയവരാണ് ഈ ആശയത്തിന്റെ പിന്മുറക്കാർ. എന്നാൽ വിജ്ഞാനം
പോലും അയഥാർഥ്യമാണെന്നു വാദിച്ചുകൊണ്ടു മാദ്ധ്യമികന്മാർ മുന്നോട്ടുവന്നു. ഈ വസ്തുനിഷ്ട്ട
പ്രപഞ്ചം എന്നത് ശൂന്യമല്ലാതെ മറ്റൊന്നുമല്ലെന്നും അതുകൊണ്ട് അതിനെ വിശകലന ചെയ്യുന്നത്
വെറും പാഴ്വേലയാളത്തെ മറ്റൊന്നുമല്ലെന്നും അവർ വാദിച്ചു. അശ്വഘോഷനും നാഗാർജ്ജുനനുമാണ്
ഇതിന്റെ മുൻനിര യിൽ നിന്നത്.
പെട്ടെന്ന് കേട്ടാൽ
ഈ വാദം വെറും അസംബന്ധമാണെന്ന് തോന്നുമെങ്കിലും
അത്ര എളുപ്പത്തിൽ പരിഹസിച്ചു തള്ളാൻ പറ്റാത്ത
യുക്തിയോടും ന്യായങ്ങളോടും കൂടിയാണ് അവർ തങ്ങളുടെ വാദം കെട്ടിപ്പെടുത്തിയിട്ടുള്ളത്.(നമ്മുടെ ആധുനിക യുക്തി
വാദികൾ നാഗാർജ്ജുനന്റെ ശൂന്യവാദം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്). 'സത്' , 'അസത്ത്'
എന്ന് രണ്ടിനെയും നിഷേധിക്കുന്ന ശൂന്യവാദം , കേവലമായ ശൂന്യതയെയോ ഒന്നുമില്ലായ്‌മയെയോ
അല്ല കുറിക്കുന്നത്. സത്തോ അസത്തോ എന്നത് യാഥാർഥ്യമല്ല എന്ന് പറയുമ്പോൾ, ഇതൊന്നുമില്ലാത്ത
വേറൊരു യാഥാർഥ്യം ഉണ്ടെന്നാണ്, അത് അനിര്വചനീയവും അവര്ണനീയവുമാണ് എന്നാണ് അർദ്ധം.
('something called nothing' എന്ന പ്രസിദ്ധമായ പുസ്തകം ഇവിടെ ആരെങ്കിലുമൊക്കെ വായിച്ചിരിക്കും
എന്ന് കരുതുന്നു. മോസ്‌കോ പബ്ലിക്കേഷൻസ്)
കാലക്രമേണ ബുദ്ധമതം അതിന്റെ സ്വകീയമായ ധാര്മികാനുശാസനങ്ങളെ പരിത്യജിച്ചുകൊണ്ടു സാധാരണക്കാരായ
ജനങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്വീകരിച്ചു തുടങ്ങി.
വൈഭാഷിക-സൗത്രാന്തിക ദർശനങ്ങൾ പിന്തള്ളപ്പെടുകയും ആത്മീയത്തിൽ അടിസ്ഥാനമാക്കിയ യോഗാചാരത്തിനും
മാധ്യമികത്തിനും മുൻഗണന നല്കപ്പെടുകയും ചെയിതു.
അങ്ങനെ അതിന്റെ ദർശിനികമായ അടിത്തറ തകർന്നുതുടങ്ങി. ഈ വിടവിൽ പ്രാചീന ബുദ്ധമതത്തിന്റെ
ചില ദർശിനിക സിദ്ധാന്തങ്ങളും, ബുദ്ധന്റെ സന്മാർഗീകവും ആധ്യാത്മികവുമായ ചില മൂല്യങ്ങളെ
ഉൾക്കൊണ്ടുകൊണ്ട് ഹിന്ദുമതം മുന്നേറി.