Thursday, 3 March 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (14- തുടര്ച്ച)


പൗരാണിക ഭാരതീയ ഋഷിമാരുടെ ‘പരമയാധാര്ത്യത്തെ’ തേടിയുള്ള അന്വേഷണത്തിന്റെ ഏതാണ്ട് ഒരു ചിത്രമാണ് നാം ഇതുവരെ കണ്ടത്. ഉപനിഷത്തുക്കളിലും, ഷഡ് ദർശനങ്ങളിലും നമുക്ക് എല്ലാത്തരം ദർശനങ്ങളും കണ്ടെത്താൻ കഴിയും. അതിൽ നമുക്ക് ദ്വൈതവാദം കണ്ടെത്താം, ഈശ്വരവാദം കണ്ടെത്താം, അദ്വൈതം കണ്ടെത്താം, ആത്മവാദവും അനാത്മവാദവും കണ്ടെത്താം. അങ്ങനെയെങ്കിൽ, പരമയാധാര്ത്യത്തെ ഇത്രയും വൈരുദ്ധ്യമായി വിശദീകരിച്ചിരിക്കുന്ന ഈ നിബിഡ വനത്തിൽ നിന്നും നമുക്ക് കണ്ടെടുക്കാവുന്നത് എന്താണ്?

വിവിധ ഋഷിമാർ ദർശിച്ച, പരസ്പര പൂരകങ്ങളും, പലപ്പോഴും പരസ്പര വിരുധങ്ങളുമായ ‘പരമസത്യത്തിന്റെ’ വിവിധ പ്രസ്താവങ്ങൾ സാധാരണ ഒരു മനുഷ്യന് തീര്ച്ചയായും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എല്ലാ പ്രസ്താവങ്ങളും ആത്യന്തികമായി ചൂണ്ടുന്നത് ഒരു സങ്കല്പ്പത്തെയാണ്, അതാണ്‌ ബ്രഹ്മം. അത്തരം പ്രശ്നങ്ങള്ക്ക് ഒരു പരിഹാരമായാണ് ഭഗവാൻ വ്യാസൻ ബ്രഹ്മസൂത്രം രചിച്ചത്.

'അഥാതോ ബ്രഹ്മ ജിജ്ഞാസ'; "അതുകൊണ്ട് ബ്രഹ്മത്തെ അറിയേണ്ടതാണ്"

ബ്രഹ്മസൂത്രം തുടങ്ങുന്നത് ഇങ്ങനെയൊരു അമൂർത്തമായ പ്രസ്താവനയിലൂടെയാണ്. ആരറിയണം, എങ്ങിനെ അറിയണം, എന്നൊന്നും പറയുന്നില്ല, ‘അതുകൊണ്ട് ബ്രഹ്മത്തെ അറിയേണ്ടതാണ്’ എന്നുമാത്രം. അറിയുക എന്ന് പറഞ്ഞാൽ എന്താണ്?  ഇത് വായിക്കുന്ന എല്ലാവര്ക്കും അറിയാം, അയാൾ വായിക്കുന്ന ഈ വാക്കുകൾ അയാളല്ല വേറൊരാൾ എഴുതിയതാണെന്നു. ആ രീതിയിലാണോ ബ്രഹ്മത്തെ അറിയേണ്ടത്? അതല്ല വേറെന്തെങ്കിലും രീതിയിലാണോ? ബ്രഹ്മം എന്നാൽ എല്ലാം ഉൾകൊള്ളുന്ന പരമമായ ആ സത്യമാണെങ്കിൽ അറിയേണ്ടവരും അതിന്റെ ഭാഗമാണ്, അതല്ല അറിയേണ്ടുന്നവർ അതിന്റെ ഭാഗമല്ലെങ്കിൽ ബ്രഹ്മം എല്ലാം ഉൾകൊള്ളുന്നില്ല. ഇനി അഥവാ ബ്രഹ്മം സ്വയം അറിയണം എന്നാണോ?

അതായത്, അറിയുന്നതും അറിയേണ്ടതും ഒന്നുതന്നെ എന്നാണോ?

നാം എല്ലാം ജീവിക്കുന്നത് ഒരു ദ്വൈത അവസ്ഥയിലാണ്. എല്ലായിപ്പോഴും ഏകാന്തമായി അനുഭവിക്കുന്ന 'ഞാൻ', ആ ഞാൻ അല്ലാതെ, എനിക്ക് ചുറ്റുമുള്ള മറ്റൊരു ലോകം എന്ന ഒരു വിഭജിക്കൽ. 'കാണുന്നവനും' 'കാണുന്നതും' എന്ന തുടര്ച്ചയായുള്ള ഈ ദ്വികരണം ആണ് നാം അനുഭവിക്കുന്ന നമ്മുടെ ലോകം.

എന്നാൽ ബ്രഹ്മസൂത്രം തറപ്പിച്ചു പറയുന്നു, ആല്ല, ഇത് രണ്ടും ഒന്നുതന്നെ ആണ്, അല്ലെന്നു തോന്നുന്നത് അവിദ്യ മൂലമാണെന്ന്.  സാംഖ്യത്തിന്റെ ദ്വൈതത്തെ, അതായത്, പ്രകൃതി-പുരുഷൻ വിഭജനത്തെ, ബ്രഹ്മസൂത്രം നിശിതമായി വിമർശിക്കുന്നുണ്ട്. അതുപോലെ ബുദ്ധ മതത്തിന്റെ ശൂന്യത വാദത്തെയും, ബുദ്ധമതത്തിന്റെ മറ്റൊരു ശാഖയായ വിജ്ഞാന വാദത്തെയും.  വിജ്ഞാനവാദികളെ സംബന്ധിച്ചടത്തോളം, ബോധത്തിന്റെ വെളിയിൽ നിലനില്ക്കുന്ന ഒരു ലോകം ഇല്ല. പുറംലോകം എന്നത് മനസ്സിന്റെ ഒരു പ്രക്ഷേപണം മാത്രമാണ്.

ഇവിടെ ന്യായമായും ഒരു സംശയം ഉയരാം. എല്ലാം ബ്രഹ്മം ആണെന്നു പറയുന്ന വേദാന്തം, പുറംലോകം എന്നത് ബോധത്തിന്റെ ഒരു പ്രകാശനം മാത്രമാണെന്ന് പറയുന്ന വിജ്ഞാന വാദികളെ എന്തുകൊണ്ട് എതിര്ക്കുന്നു? വേദാന്തത്തിന്റെ മറുപടി ഇങ്ങനെയാണ്. യാധ്ര്ര്ത്യത്തിനു രണ്ടു തലങ്ങൾ ഉണ്ട്, ഒന്ന്; വ്യാവഹാരിക സത്ത, രണ്ട്; പാരമാര്ധിക സത്ത. വസ്തുനിഷ്ട്ടതക്കും ആത്മനിഷ്ട്ടതക്കും തുല്യ നിലയാണ് ഇവിടെ. അനുഭവസിദ്ധമായ ഒന്നിനെ മാത്രമേ നമുക്ക് അറിയാൻ കഴിയു കാരണം മനസ്സ് അനുഭവത്തിന്റെ പ്രതിഭാസമാണ്. അതുകൊണ്ട് ഈ ലോകം നിലനില്ക്കുന്നുണ്ടോ എന്ന ചോദ്യം ഉത്ഭവിക്കുന്നില്ല, കാരണം നിലനില്പ്പ് എന്നതുതന്നെ, ഒരു വസ്തു നിലനില്ക്കുന്നു എന്ന് ബോധം സ്വീകരിക്കുമ്പോൾ മാത്രം ഉണ്ടാവുന്ന ഒരു അവസ്ഥയാണ്. ഭൌതിക ശരീരത്തിനുള്ളിൽ ആത്മനിഷ്ടമായി നിലനില്ക്കുന്ന, അനുഭവസിധമായ ഈ ബോധം, ഒരു പുറം ലോകം അംഗീകരിക്കുന്നെങ്കിൽ അതിനെ നിഷേധിക്കാൻ ആർക്കു കഴിയും? ബോധം എന്റെ 'ഉള്ളിൽ' ആണെന്നു പറയുമ്പോൾ തന്നെ 'വെളിയിൽ' എന്ന തത്വത്തെ അന്ഗീകരിക്കാലാണ് ചെയ്യുന്നത്. സാധാരണ ജീവിതത്തിലെ ഈ വൈരുധ്യം ആണ് 'മായ', അതാണ്‌ ‘വ്യാവഹാരികയാധാര്ത്യം’ നിര്മിക്കുന്നതും. എന്നാൽ, ഇതല്ല, ഇതിനപ്പുറം ഒരു പാരമാർധിക സത്യം ഉണ്ടെന്നുള്ളത് നാം മറക്കരുത്. അതുകൊണ്ട്, ഈ ലോകം 'ഉണ്ട്', അല്ലെങ്കിൽ ‘ഇല്ല' എന്നൊക്കെ തറപ്പിച്ചു പറയുമ്പോൾ വളരെ ശ്രദ്ധിച്ചു വേണമെന്ന് വേദാന്തം നമുക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട്.

"അര്ഥ വ്യുത്പന്ന ബുദ്ധെഷു സർവം ബ്രഹ്മേതി യോ വദെത്
മഹാനരക ജലെഷു സ തേന വിനിയോജിത:"

"ബ്രഹ്മത്തിന്റെ രഹസ്യം, അതായത്, എല്ലാം ബ്രഹ്മം ആണെന്നു, പരിപക്വമാവാത്ത ഒരു മനസ്സിനോട് നീ പറയുകയാണെങ്കിൽ, പറയുന്ന ആളും അത് കേള്ക്കുന്ന ആളും നരകത്തിൽ തന്നെ പോകും” യോഗ വാസിഷ്ട്ടം നല്കുന്ന മുന്നറിയിപ്പാണിത്. അതുകൊണ്ട്, വേദാന്ത പഠനത്തിനു മുന്പു, ഭക്ത്തിയോഗവും കര്മയോഗവും കഴിഞ്ഞിരിക്കണമെന്ന് ബ്രഹ്മസൂത്രം തന്നെ പ്രസ്താവിക്കുന്നു. ബ്രഹ്മസൂത്രത്തിന്റെ മൂന്നാമത്തെ അധ്യായത്തിൽ ഉപാസന ക്രമം നിർദ്ദെഷിക്കുന്നും ഉണ്ട്.   

പ്രപഞ്ചത്തിന്, അതിന്റെ പുറത്തുള്ള ഒരു ദൈവത്തിന്റെ ആവശ്യം ഇല്ലെന്നു വാദിക്കുന്ന വേദാന്തം, ഭക്ത്തിയും ഉപാസനയും നിർദ്ദെഷിക്കുന്നതിൽ ഒരു വൈരുധ്യം ഇല്ലേ?  ഒറ്റ നോട്ടത്തിനു നമുക്ക് അങ്ങനെ തോന്നാം. എന്നാൽ ഭക്ത്തന്റെ ലക്ഷണങ്ങൾ ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.     

“അദ്വേഷ്ടാ സർവഭൂതാനാം മൈത്ര കരുണ ഏവ ച
നിര്മമോ നിരഹങ്കാര: സമദു:ഖ ക്ഷമീ“

“ഒരു പ്രാണിയെയും വിദ്വേഷിക്കാതെയും, എല്ലാവരോടും സ്നേഹവും ദയയും കാണിച്ച്, ഒന്നും തന്റെതെന്ന സ്വാര്ഥ ബുദ്ധിയില്ലാതെയും, അഹങ്കാരം കൈവിട്ടും സുഖദുഖങ്ങളെ ഒരുപോലെ ഗണിച്ചും ക്ഷമയെ പുലര്ത്തിയും..“

ഇതാണു ഭക്തിയുടെ അടിസ്ഥാനം, അല്ലാതെ മറ്റു ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഒന്നുമല്ല.


മറ്റെല്ലാ ദർശനങ്ങളിൽനിന്നും വേദാന്തത്തെ മാറ്റി നിറുത്തുന്നത് അടിസ്ഥാനപരമായ ചില സങ്കല്പ്പങ്ങലാണ്. അതാവട്ടെ ഇന്നത്തെ ആധുനിക ഭവ്തിക ശാസ്ത്ര നിഗമനങ്ങൾക്ക് വളരെ അടുത്ത് നിക്കുന്നതുമാണ്. വ്യാവഹാരിക സത്ത എന്നത് ഇന്നത്തെ ആപേക്ഷിക യാധാര്ത്യം തന്നെയാണ്, ആപേക്ഷിക യാധ്യാര്ത്യത്തിനും അപ്പുറം മറ്റൊരു യാധാര്ത്യം, പാരമാർധിക സത്ത, ഉണ്ടെന്നും അത് എകത്ത്വത്തിലാണു നിലനില്ക്കുന്നതെന്നും ഉള്ള കണ്ടെത്തലാണ് വേദാന്തത്തിന്റെ വലിയ കണ്ടെത്തലും (തുടരും).  

No comments:

Post a Comment