Tuesday, 26 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (4- തുടര്ച്ച)


തത്വമസി എന്നതിലെ ത്വം എന്നതിനെയായിരുന്നു നാം തത്വവിചാരം ചെയ്തുകൊണ്ടിരുന്നത്. അല്പ്പം ആധുനിക ജനിതികത്തിലൂടെയും നാം സഞ്ചരിക്കുകയുണ്ടായി.

ജനക മഹാരാജനെ കുറിച്ച് ഒരു കഥയുണ്ട്. ജനകൻ മഹാ പൻഢിതനും രാജർഷിയുമായിരുന്നു. ഉപനിഷത്തുക്കളിലെ പല വേദികളിലും ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്, വലിയ വലിയ ചര്ച്ചകളിലും പങ്കെടുക്കുന്നുമുണ്ട്.

ഒരിക്കൽ ജനകൻ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു രാജ സേവകൻ തിടുക്കത്തിൽ കടന്നുവന്നു. ജനകനെ ഉറക്കത്തിൽ നിന്നും ഉണര്ത്തിതന്റെ രാജ്യം ശത്രു രാജാവിനാൽ ആക്രമിക്കപ്പെടുന്നു എന്ന് അറിയിച്ചു. അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റു, പടച്ചട്ടയണിഞ്ഞു, സൈന്യത്തെ നയിച്ച്യുദ്ധത്തിനു പുറപ്പെട്ടു.  

ഘോരമായ യുദ്ധം നടന്നു. പക്ഷെ ജനകൻ ബന്ധിയായി പിടിക്കപ്പെട്ടു. രാജ്യം പിടിച്ചടക്കിയ ശത്രു രാജാവ് പറഞ്ഞു "താങ്കൾ ഒരു ജ്ഞാനിയായ രാജാവായതുകൊണ്ട് അങ്ങയെ ഞാൻ കൊല്ലുന്നില്ല, എന്നാൽ രാജ്യവും വീടും വിട്ടു ഇപ്പോൾ തന്നെ അങ്ങ് രാജ്യാതൃത്തി കടന്നു പോകണം"

ആരെങ്കിലും ജനകനെ സഹായിച്ചാൽ, ഭക്ഷണമോ വെള്ളമോപോലും  നൽകിയാൽ അവർ വധിക്കപ്പെടും എന്നു വിളംബരവും  പുറപ്പെടുവിച്ചു.

മുറിവേറ്റു, ക്ഷീണിതനായി, വിശപ്പും ദാഹവും സഹിച്ചു, രണ്ടു ദിവസം നടന്നു അദ്ദേഹം അതൃത്തി കടന്നു അയൽ രാജ്യത്ത് എത്തി. അവിടെ പാവപ്പെട്ടവര്ക്ക് ഭക്ഷണം കൊടുക്കുന്നത് അദേഹത്തിന്റെ ദൃഷ്ട്ടിയിൽ പെട്ടു. വരിയുടെ അറ്റത്തു  അദ്ദേഹം  നിലയുറപ്പിച്ചു. എന്നാൽ കഷ്ട്ടകാലം എന്നെ പറയേണ്ടു , ജനകന്റെ ഊഴം എത്തിയപ്പോഴേക്കും ഭക്ഷണം തീര്ന്നുപോയി. ഇനി ഒരു പാത്രം കഞ്ഞിവെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അവർ ജനകനോട് പറഞ്ഞു. അതെങ്കിൽ അത് എങ്കിലും തരു എന്ന് അദ്ദേഹം അവരോടു പറഞ്ഞു, അവർ ഒരു പാത്രം കഞ്ഞിവെള്ളം ജനകന് നല്കി. അദ്ദേഹം ആർത്തിയോടെ അത് ചുണ്ടോടു അടുപ്പിക്കുവാൻ തുടങ്ങിയപ്പോൾ ഒരു പരുന്തു വന്നു പാത്രം തട്ടിത്തെറിപ്പിച്ചു.  

നിരാശയും ദുഖവും ക്ഷീണവും എല്ലാം കൊണ്ട് ജനകൻ മണ്ണിൽ കിടന്നു വാവിട്ടു കരഞ്ഞു. പെട്ടെന്ന് ഒരു കൈ അദേഹത്തെ കുലുക്കി ഉണര്ത്തി ചോദിച്ചു, തിരുമേനി, തിരുമേനി അങ്ങ് ഉറക്കത്തിൽ കരയുന്നു എന്ത് പറ്റി തിരുമേനി? ജനകൻ ഉറക്കത്തിൽനിന്നു ഞെട്ടി ഉണര്ന്നു, അത് സ്വപ്നമായിരുന്നെന്നു അദ്ദേഹത്തിനു മനസ്സിലായി. എങ്കിലും ഒരു ചിന്ത അദേഹത്തെ അലട്ടി, ആ ഞാൻ ആണോ സത്യം, അതോ ഈ ഞാനാണോ സത്യം?

എല്ലാത്തിൽനിന്നും വിട്ടുനിന്നു അദ്ദേഹം ഈ ചോദ്യം ആവർത്തിച്ചുകൊണ്ടെയിരുന്നു. ‘ആ ഞാൻ ആണോ സത്യം, അതോ ഈ ഞാനാണോ സത്യം?’ 

രാജാവിന്റെ അവസ്ഥ രാജ്യം മുഴുവൻ ചര്ച്ചയ്യായി. അപ്പോൾ അവിടെ അഷ്ട്ടാവക്ര മുനി എത്തിച്ചേര്ന്നു. ജനകൻ ചോദ്യം മുനിയോടും ആവര്ത്തിച്ചു. അഷ്ട്ടാവക്ക്രൻ ചോദിച്ചു, രാജാവേ മുറിവേറ്റവനും പരാജിതനും ആയിരുന്നപ്പോൾ അങ്ങ് ഉണ്ടായിരുന്നല്ലോ, ഇപ്പോൾ ഇവിടെ ഈ സിംഹാസനത്തിൽ ഇരിക്കുമ്പോഴും അങ്ങ് ഉണ്ടല്ലോ. ഈ രണ്ടു അവസ്ഥയും അങ്ങ് അനുഭവിച്ചല്ലോ? അപ്പോൾ അവിടെയും അങ്ങ് ഉണ്ടായിരുന്നു ഇവിടെയും അങ്ങുണ്ട്. അതുകൊണ്ട്, പ്രിയപ്പെട്ട രാജാവേ  അതും സത്യമല്ല, ഇതും സത്യമല്ല, അങ്ങ് മാത്രമാണ് സത്യം.

ഉപനിഷത്തുകളിൽ ഇതു എങ്ങനെ പറയപ്പെടുന്നു എന്ന് നമുക്ക് അല്പ്പം ചിന്തിക്കാം.

സാധാരണഗതിൽ 108 ഉപനിഷത്തുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു (മുക്തികൊപനിഷത്തിന്റെ കണക്ക് 1180 ആണ്). ഇതിൽ പത്തെണ്ണമാണു പ്രധാനമെന്ന് കരുതിപോകുന്നു. അതിനു വലിയ ശാസ്ത്രീയ പിന്ബലം ഒന്നും ഇല്ല. ആദിശങ്കരൻ ഭാഷ്യം രചിച്ചിട്ടുള്ളത് പത്തെണ്ണത്തിനാകയാൽ അങ്ങനെ കരുതിപ്പോകുന്നു എന്ന് മാത്രം.

ഉപനിഷത്തുക്കളിൽ ഏറ്റവും ചെറുതും ഏറ്റവും ഗഹനവും ആയതുമാൻഡൂഖ്യം’  ആണെന്ന് പറയപ്പെടുന്നു. സാമവേദ അംശം ആണ് മാൻഡൂഖ്യം. വെറും പന്ത്രണ്ടു മന്ത്രങ്ങൾ മാത്രമാണു ഇതിൽ ഉള്ളതെങ്കിലും, മാഡൂഖ്യത്തിന്റെ സ്തുതി ഇങ്ങനെയാണ്  

“മുമുക്ഷണാം വിമുക്തയെ
മാൻഡൂഖ്യമേകമേവാലബം”


‘മുക്തി ആഗ്രഹിക്കുന്നവര്ക്ക് മാൻഡൂഖ്യം മാത്രം മതി അവലംഭമായി’ എന്നാണു പ്രശംസ. ആദി ശങ്കരന്റെ ഗുരുവിന്റെ ഗുരുവായ ഗവ്ഡപാദർ മാൻഡൂഖ്യത്തിനു ഒരു കാരിക (വിമർശം) എഴുതിയിട്ടുള്ളത് വളരെ പ്രസിദ്ധമാണ്. (തുടരും)

No comments:

Post a Comment