Thursday, 14 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (2- തുടര്ച്ച)


കർമത്തിൽ അകർമവും അകർമത്തിൽ കർമവും എന്നതിന്റെ ഒരു ഉദ്ദാഹരണം നാം കണ്ടു. തികച്ചും ഭൗതികമായ, ഇന്നത്തെ പ്രപഞ്ച സങ്കല്പ്പൽപ്പങ്ങൽക്കനുസരിച്ചു വ്യാഖ്യാനിക്കപ്പെട്ട ഒരു വശം. എന്നാൽ വ്യാസൻ ഇങ്ങനെയാണ് ഇതിനെ വീക്ഷിച്ചത്‌ എന്ന് വിചാരിച്ചാൽ അത് വെറും മൗഡ്യം ആയിരിക്കും. കാരണം അതിൽ നാം സൂചിപ്പിച്ച ചലനങ്ങളും രൂപങ്ങളും ഒന്നും വ്യാസൻ ജീവിച്ചിരുന്ന കാലത്ത് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. സാക്ഷാൽ ഐസക് ന്യൂട്ടൻ പോലും, എന്തിനധികം ആൽബെർട്ട് ഐൻസ്റ്റീൻ പോലും, നമ്മുടെ ഗ്യാലക്സിക്ക് അപ്പുറമുള്ള ഒരു പ്രപഞ്ചത്തെപ്പറ്റി ചിന്തിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല.
   
പക്ഷെ ശാസ്ത്രം അനുസരിച്ച് (ഇവിടെ ശാസ്ത്രം എന്ന് പറയുന്നത്  നാം സാധാരണയായി ഉപയോഗിക്കുന്ന സയന്സ് എന്നതിന്റെ നേർ പരിഭാഷ  അല്ല, അങ്ങനെ കരുതിയാൽ അത് തെറ്റാണ് ) അങ്ങനെയെല്ലാം വിശദീകരിക്കുന്നതിൽ തെറ്റില്ല കാരണം,

“സൂത്രാര്ത്തോ വർണ്യതെ യത്ര പദം സൂത്രാനുസാരി ഭി:
സ്വ പദാനിച വർണ്യന്തേ ഭാഷ്യം ഭാഷ്യ വിഭോ വിദു:”

അതായത്, സൂത്രങ്ങല്ക്ക് യോജിച്ച പദങ്ങൽ കൊണ്ട് അവയുടെ അര്ഥം വർണിക്കുന്നതും സ്വന്തമായ നിലപാടിനെ സ്ഥാപിക്കാൻ വേണ്ടി അവയെ വിശദീകരിക്കുന്നതും യാതൊന്നാണോ അതാണ്‌ ഭാഷ്യം. അങ്ങനെ ഒരു ശ്രമം നമുക്കും നടത്തി നോക്കാം.

അപ്പോൾ എന്താകാം വ്യാസൻ ഉദ്ദേശിച്ചത്, അതായത്, വേദാന്ത പരമായി നോക്കിയാൽ അതിന്റെ താത്വിക വശം എന്തായിരിക്കും.

നമുക്ക് ഒന്നുകൂടെ മുൻ ശ്ലോകം സന്നര്ശിക്കെണ്ടാതുണ്ട്. 

അതായത് കർമ-മയമായ (ചലനാത്മകമായ) ഈ പ്രപഞ്ചത്തിൽ കര്മം ഒട്ടും ഇല്ലാത്ത, (അക്ഷരവും അചരവുമായ, മാറ്റമില്ലാത്ത) ഒരു അടിസ്ഥാനത്തെ കാണുന്നുവോ, (ആ അടിസ്ഥാനം ബ്രഹ്മം അല്ലാതെ മറ്റൊന്നല്ല) അവനാണ് കർമത്തിൽ അകർമം കാണുന്ന യുക്ത്തൻ.

ഇന്നത്തെ ശാസ്ത്രീയ കാഴ്ചപ്പാടിലൂടെ നോക്കിയാലും ചലനം ആപേക്ഷികം മാത്രമാണ്.  (ആപേക്ഷികമായി) ചലിക്കാത്ത ഒന്നിനെ ആധാരമാക്കിയാണ് മറ്റൊന്നിന്റെ ചലനം മനസ്സിലാക്കുന്നത് . അതിൽ ഏതു ചലിക്കുന്നു എന്ന് തീർത്ത്‌ പറയാനും കഴിയില്ല. കാണുന്നവൻ എവിടെ നില്ക്കുന്നു എന്ന് അടിസ്ഥാനപ്പെടെത്തി മാത്രമേ അത് നിർണ്ണയിക്കാൻ കഴിയു.  ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികത സിദ്ധാന്തം (General Relativity) വച്ച് നോക്കിയാൽ, ഉദ്ദാഹരണത്തിനു,   മരത്തിൽനിന്ന് ഒരാൾ താഴേക്ക്‌ വീഴുന്നു എന്നിരിക്കട്ടെ (Free fall), അതിൽ അയാൾ തറയിലേക്കു  വീഴുന്നു എന്ന് പറയുന്നതുപോലെ തന്നെ ശരിയാണ് തറ അയാളിലേക്ക് വീഴുന്നു എന്ന് പറയുന്നതും.  ആര് ചലിക്കുന്നു എന്ന് പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്നു അര്ഥം.  അപ്പോൾ  അചലവും ചലിക്കുന്നതും തമ്മിൽ ഭേദമില്ലെന്നു വരുന്നു.
  
അങ്ങനെ, എല്ലാ കർമത്തിലും ബ്രഹ്മത്തെ ദർശിക്കുന്നവനു മാത്രമേ ഫലേച്ചയില്ലാതെ കർമം ചെയ്യാൻ കഴിയു.  അവനും ബ്രഹ്മവും അപ്പോൾ അഭേദ്യമായി തീരുന്നു. ഇത് അടുത്തുവരുന്ന ശ്ലോകങ്ങളിലൂടെ കൂടുതൽ വ്യക്തമാക്കുന്നുമുണ്ട്.
  
“ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മ കർമ സമാധിനാ “

‘അർപ്പണം ബ്രഹ്മമാണ്, ഹവിസ്സും ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയിൽ ബ്രഹ്മത്താൽ തന്നെ ഹോമിക്കപ്പെടുന്നു.’

ഇവിടെ എല്ലാ കർമവും ഒരു ഹോമമായി സങ്കല്പ്പിക്കപ്പെടുന്നു. ഈ ഹോമത്തിൽ ഹോതാവും, ഹവിസ്സും, ഹവ്യവും , അഗ്നിയും എല്ലാം ബ്രഹ്മം മാത്രം. ഇങ്ങനെ സകല കർമത്തിലും ബ്രഹ്മബുധി ഉണ്ടായവന് ബ്രഹ്മം പ്രാപ്യമാവുന്നു. ചുരുക്കത്തിൽ കര്മാകർമങ്ങളെ ഒന്നാക്കി സമന്വയിപ്പ്ച്ചുകൊണ്ട് വ്യാസഭാഗവാൻ, ഇവിടെ, നമ്മെ ഉപനിഷത്ത് മഹാ വാക്ക്യമായ തത്വമസിയിലേക്ക് കൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്.

കർമവും അകർമവും കൂടാതെ വികർമം എന്ന ഒന്നുകൂടി പ്രതിപാദിക്കുന്നുണ്ട് അത് ഇവിടെ ചര്ച്ച ചെയ്യുന്നില്ലെന്ന് മാത്രം.
  
കര്മാകർമങ്ങളുടെ സമന്വയ ബിന്ദുവിൽ നാം തത്വമസിയിൽ എത്തി. അങ്ങനെയെങ്കിൽ അതേപ്പറ്റിയും അല്പ്പം വിചാരം ചെയ്യാവുന്നതാണ്.

വേദസാരാംശങ്ങളെ സാധാരണഗതിയിൽ നാല് മഹാവാഖ്യങ്ങളായി തിരിചിരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കരുതാവുന്ന ഒരു മഹാവാഖ്യമാണ് ഇത്. സാമ വേദത്തിന്റെ ഭാഗമായ ചന്നോഗ്യോപനിഷത്തിന്റെ സാരാംശം ആണിതെന്നു പറയപ്പെടുന്നു.
പദങ്ങളെ തിരിച്ചു അര്ഥം പറഞ്ഞാൽ, തത് + ത്വം + അസി.
തത് എന്നാൽ 'അത്', ത്വം എന്നാൽ 'ഇത്' അസി എന്നാൽ 'ആകുന്നു'.
അതായത്, “അത് ഇതാകുന്നു"

‘അത്’, ‘ഇത്’ എന്നതുകൊണ്ട്‌ 'പരമാത്മ-ജീവാത്മ' ക്കളെയാണു വിവക്ഷിക്കുന്നതെന്നാണ് സാധാരണ കണക്കാക്കുന്നത്. അതിൻപ്രകാരം, ആ ‘പരമാത്മാവ്‌ തന്നെയാണ് ഈ ജീവാത്മാവ്‘ എന്ന് സാമാന്യേന അര്ഥം പറയുകയും ചെയ്യുന്നു. 

കാലക്രമേണ 'ആത്മ' ശബ്ദത്തിന് അര്ഥ വ്യതിയാനം സംഭവിച്ച്‌, അത് പ്രപഞ്ച സ്രഷ്ട്ടാവായ ഒരു ഈശ്വരനിൽ ആരോപിതമാവുകയും ചെയ്തു. കൃസ്തു മതത്തിലെ ‘ആത്മാവിന്റെ’ സങ്കല്പം ആയിരിക്കാം ഇങ്ങനെ ഒരു മാറ്റം സംഭവിക്കാൻ കാരണം. യഥാർത്തത്തിൽ ‘ആത്മ’ ശബ്ദത്തിന് ‘ഞാൻ’, ‘അഹം’ എന്നൊക്കെയാണ് അര്ഥം. 

വേദാന്തത്തിൽ ഈ പ്രപഞ്ചത്തിനു അതീതമായ ഒരു ശക്ത്തി സങ്കല്പം ഇല്ല. വേദാന്തത്തിന്റെ കാഴ്ചപ്പാടിൽ, പാരമാര്ധികമായി, ഈ പ്രപഞ്ചം ബോധ സ്വരൂപമാണ്. അതിനെ വ്യാവഹാരികവും പ്രാധിഭാസികവുമായി നാം അനുഭവിക്കുന്നു. കൂട്ടത്തിൽ പറയട്ടെ വേദാന്തം ഒരു താര്ക്കിക ശാസ്ത്രമല്ല മറിച്ച് അനുഭവ ശാസ്ത്രമാണ്. വ്യാവഹാരികം എന്ന് പറഞ്ഞാൽ നാം ഈ പറയുന്ന കര്മം, പ്രവര്ത്തി, Interaction എന്നതിലൂടെ ലഭ്യമാകുന്ന ജ്ഞാനം. പ്രാതിഭാസികം എന്നുപറയുന്നത് ചിന്ത, ഭാവന തുടങ്ങിയവയിലൂടെയുള്ള ജ്ഞാനം. 

തത്വമസിയുടെ പോരുളിലെക്ക് കൂടുതൽ ഇറങ്ങണമെങ്കിൽ ഒന്ന് രണ്ടു കാര്യങ്ങൾ നാം മനസ്സിലാക്കണം.  ഗീതയിൽത്തന്നെ പറയുന്നു, “എന്റെ”  പ്രകൃതിയെ രണ്ടായി തിരിച്ചിരിക്കുന്നു ; ഭൂമി , ജലം , വായു തുടങ്ങിയവയെല്ലാം ഉള്പ്പെടുന്ന അപരാ പ്രകൃതി രണ്ട്, ഇവയില്നിന്നു എല്ലാം ഭിന്നമായ, എന്നാൽ ഇവയെ എല്ലാം ധരിക്കുന്നതുമായ പരാപ്രകൃതി.
 
“എന്റെ” എന്ന പ്രയോഗത്തിനു മക്കവരും “കൃഷ്ണന്റെ” എന്നാണ് അര്ഥം മനസ്സിലാക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്നാണ് എന്റെ പക്ഷം. “ഞാൻ” എന്നതുതന്നെയാണ്, അതായത് ആ ബോധ സ്വരൂപത്തിന്റെ, എല്ലാ ജീവജാലകങ്ങളിലും കുടികൊള്ളുന്ന ആ ബോധം ഉണ്ടല്ലോ, “ഞാൻ ഉണ്ട്” എന്നുള്ള ആ ബോധം. ഞാൻ ഉണ്ട് എന്ന് അറിയുമ്പോൾ തന്നെ നീയും ഉണ്ട് എന്ന് അറിയുന്ന ഞാൻ, എന്നാൽ എന്റെ മാത്രം അനുഭവങ്ങൾ അനുഭവിക്കാൻ കഴിയുന്ന ഞാൻ, എല്ലായിപ്പോഴും എകത്വത്തിൽ മാത്രം അനുഭവവേദ്യമാകുന്ന ആ പരമാര്ത്വം. (തുടരും)        

No comments:

Post a Comment