Tuesday, 12 February 2019

യാത്രകളിൽ ചിലപ്പോൾ



ഔദ്യോഗിക ജീവിതത്തിൽ ഒരു മേശക്കു പിന്നിൽ ഫയലുകളുടെ  കൂമ്പാരത്തിനു പിന്നിൽ ഇരുന്നു ജീവിതം തള്ളിനീക്കുന്ന ധാരാളം പേര് ഉണ്ട്. അവരെല്ലാം അത് ആസ്വദിക്കുന്നുണ്ടോ എന്തോ. എന്നെ സംബന്ധിച്ചേടത്തോളം, നീണ്ട ഈ കാലയളവിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട യാത്രയും എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു എന്നത് ഒരു അപൂർവ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളും, ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും, ഇന്ത്യക്കു വെളിയിലേക്കും നീളുന്ന അത്തരം യാത്രകളെപ്പറ്റി അൽപ്പം പറയാതെ എന്റെ ചിന്തകൾക്ക് എന്ത് അർഥം? അങ്ങനെ ചില ചിന്തകൾ, പക്ഷെ അവ ഒരു പോസ്റ്റിൽ ഒതുങ്ങുന്നതല്ല, നിരവധി പോസ്റ്റിലേക്ക് നീണ്ടു പോകുന്നവയാണ്.

2010-നവംബറിൽ ചെന്നൈയിൽ വച്ചുനടന്ന ഒരു അന്തർദേശീയ സമ്മേളനത്തിൽ (3rd International  conference  on  Early  Intervention )  നിന്നും തുടങ്ങാം. പ്രസ്തുത സമ്മേളനത്തിൽ ഒരു പേപ്പർ അവതരിപ്പിക്കാൻ എനിക്കും ഒരു ക്ഷണം ഉണ്ടായിരുന്നു. വളരെ പ്രമുഖന്മാരായ പലരും ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അതിൽ എടുത്തു പറയത്തക്ക ആളുകളിൽ പ്രമുഖൻ, അമേരിക്കക്കാരനായ  ഡോ. ജോർജ് ബാരോഫ് ആണ് ഒരാൾ. ആള് ചില്ലറക്കാരനല്ല. ബുദ്ധി മാന്ദ്യം ഉള്ള കുട്ടികളുടെ കാര്യത്തിൽ ലോകത്തിൽ ഇന്നും ഒരു റെഫെറെൻസ് ഗ്രന്ഥമായി ഉപയോഗിക്കുന്ന "Mental Retardation, Nature, Cause and Management" എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ഏതാണ്ട് എൺപതു വയസ്സിനു മേൽ പ്രായമുള്ള അമേരിക്കൻ യഹൂദൻ. എടുത്തുപറയത്തക്ക മറ്റൊരാൾ പ്രൊഫ്. ജയചന്ദ്രൻ ആണ്. തനി മധുരക്കാരൻ തമിഴൻ, മിനസോൾട്ട യൂണിവേഴ്സിറ്റിയിൽനിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ക്റ്ററേറ്റ്‌. ഇന്ത്യയിലെ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പയനീർ എന്ന് വേണമെങ്കിൽ പറയാം. എപ്പോഴും 'പാണ്ടി' എന്ന് സ്വയംവിശേഷിപ്പിക്കുന്ന തനി തേവർ. ബുദ്ധിമാന്ന്യം ഉള്ള കുട്ടികളുടെ വിദ്യാഭാസത്തിന് 'Madras  developmental Programing  System ' (MDPS) എന്ന സ്കൈൽ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ആൾ.

മൂന്നു ദിവസത്തെ സമ്മേളനത്തിനൊടുവിൽ ഡോ. ബാരോഫ് എന്നോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും യൂറോപ്പിൽ യഹൂദർക്ക് പ്രവേശനാനുമതി പോലും ഇല്ലാതിരുന്ന സമയത്തു അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഒരു സ്ഥലമുണ്ട് , അത് കേരളമാണ്. അവിടെം  ഒന്ന് കണ്ടാൽ കൊള്ളാമെന്ന്.           'ഇനി എനിക്ക് ഇന്ത്യയിലേക്ക് ഒരു യാത്ര പറ്റുമെന്ന് തോന്നുന്നില്ല. ഇപ്പോൾ കണ്ടാൽ കണ്ടു' അദ്ദേഹത്തിൻറെ ഈ ആഗ്രഹം ഞാൻ എന്റെ എക്സിക്കൂട്ടീവ് ഡയറക്ക്രരോട്  പറഞ്ഞു, അദ്ദേഹത്തിന് നമ്മുടെ ചിലവിൽ ഒരു യാത്ര തരപ്പെടുത്തിക്കൊള്ളാനുള്ള ഒരു അനുമതി അദ്ദേഹം നൽകുകയും ചെയിതു. അങ്ങനെ, ഞങ്ങൾ കൊച്ചിയിൽ വിമാനം ഇറങ്ങി. അപ്പോഴേക്കും സിഡാക്-ഇൽ നിന്നും ഒരു യുവ സുഹൃത് അവിടെ വണ്ടിയുമായി എത്തുകയും ചെയ്തു. യഹൂദനായ അദ്ദേഹത്തിന് വേണ്ടി രണ്ട് യഹൂദ സിനഗോഗ് സന്നർശനവും കൊച്ചി കായലിൽ ഒരു ബോട്ടിംഗുമായിരുന്നു പ്ലാൻ ചെയ്ത പരിപാടി.   

പാലിയത്തച്ചൻ ദാനമായി കൊടുത്ത ഭൂമിയിൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ചേന്നമംഗലം സിനഗോഗ് ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യഹൂദ സ്ഥലമാണ് ഇത് എന്നാണു കരുതപ്പെടുന്നത്. സിനഗോഗിന്റെ പ്രവേശന കവാടത്തിൽ കാണുന്ന ഒരു ശവക്കല്ലറയുടെ ശിലാഫലകത്തിൽ 1264 -ഇൽ മരിച്ച ഒരു സ്ത്രീയുടേതാണ് ഇതെന്ന് എഴുതിയിട്ടുണ്ട്.  1420 -ഇൽ കൊടുങ്ങല്ലൂരിൽ നിന്നോ പാലയൂരിൽ നിന്നോ വന്ന യഹൂദർ പണികഴിപ്പിച്ചതാണ് ഈ സിനഗോഗ് എന്നാണു കരുതപ്പെടുന്നത്. 

ചേന്നമംഗലം സിനഗോഗ് ഇന്ന് ഒരു മ്യൂസിയമാണ്. രണ്ട് നിലയാണ് ഇത്. തേക്കിൽ  പണികഴിപ്പിച്ച വളഞ്ഞ ഗോവണികയറിയാൽ മുകളിൽ എത്താം. താഴത്തെ നിലയിൽ മനോഹരമായി പണികഴിച്ചിരിക്കുന്ന അൾത്താരയിലാണ് യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ 'തോറ' വച്ചിരിക്കുന്നത്.

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം മട്ടാഞ്ചേരിയിലെ സിനഗോഗ് ആണ്. മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും അൽപ്പം നടന്നാൽ നിങ്ങൾ യഹൂദ തെരുവിൽ എത്തും. തെരുവിന്റെ ഏറ്റവും അറ്റത്താണ് സിനഗോഗ്. 1568 -ഇൽ കൊച്ചി രാജാവായ രാമവർമ തമ്പുരാൻ ദാനം ചെയ്ത ഭൂമിയിലാണ് ഈ സിനഗോഗ് പണികഴിപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി രാജകൊട്ടാരവും ഈ സിനഗോഗും ഒരു മതിലിന്റെ അപ്പുറവും ഇപ്പറവുമാണ്‌. വളരെ ചുരുക്കം യഹൂദന്മാരെ  ഇന്ന് മട്ടാഞ്ചേരിയിൽ ഉള്ളു. ബാക്കിയുള്ളവർ എല്ലാം ഇസ്രായേലിലേക്ക് പോയിക്കഴിഞ്ഞു. 

ഞങ്ങൾ അവിടെ എത്തിയത് എങ്ങനെയോ അറിഞ്ഞ ഒരു യഹൂദ റബ്ബി ഉടൻ സ്ഥലത്തു എത്തി. ആള് മലയാളി അല്ല , ഇസ്രായേൽക്കാരൻ ആണ്. സുന്ദരനായ ഒരു ചെറുപ്പക്കാരൻ. അദ്ദേഹം എന്തൊക്കെയോ ബാരോഫിനോട്  സംസാരിച്ചു, ഹിബ്രുവിലായിരുന്നു സംസാരം. ഉടനെ അവിടെ ഒരു ചടങ്ങു നടന്നു. ബാറാഫിന്റെ തലയിൽ ഒരു തൊപ്പി വച്ചു, കയ്യിൽ നീണ്ട ഒരു ചരട് ചുറ്റിക്കെട്ടി , ഏതാണ്ട്   പതിനഞ്ചു മിനിട്ടു നീണ്ടു നിക്കുന്ന ഒരു ചടങ്ങു്. ബാരോഫ് എന്തൊക്കെയോ ഏറ്റു  ചൊല്ലുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞത് അത് ഒരു വിശ്വാസ നവീകരണ ചടങ്ങു് ആയിരുന്നു എന്നാണു.  
  
അതിനു ശേഷം കൊച്ചി കായലിൽ ഒരു ബോട്ടു യാത്ര. അത് കഴിഞ്ഞപ്പോൾ ഡോ. ബാറോഫിനു വേറൊരു ആഗ്രഹം, ഒരു ഹിന്ദു ക്ഷേത്രം കാണണം. ഏതു ക്ഷേത്രം കാണിക്കണം? പ്രൊ. ജയചന്ദ്രന് ആഗ്രഹം ചോറ്റാനിക്കര ക്ഷേത്രം കാണണം. ചോറ്റാനിക്കരയെപ്പറ്റി അദ്ദേഹം ധാരാളം കേട്ടിരിക്കുന്നു. ആദി പരാശക്തിയെ മൂന്നു രൂപത്തിൽ ആരാധിക്കുന്ന ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര. രാവിലെ ശുഭ്രവസ്ത്രധാരിയായ സരസ്വതിയും, ഉച്ചക്ക് ചുവപ്പു ധരിച്ച മഹാലക്ഷ്മിയും , രാത്രിയിൽ നീല വസ്ത്രധാരിയായ മഹാകാളിയും. ശിവനും, ഗണപതിയും അയ്യപ്പനും ഉപദേവന്മാരായി ഉണ്ട്. ഭൂത ബാധിതരായവരെ സുഖപ്പെടുത്തുന്ന കീഴ്ക്കാവിൽ ദേവിയായ ഭദ്രകാളിയാണ് അവിടെ പ്രധാനം. കീഴ്ക്കാവിൽ ദേവി ഭദ്രകാളിയുടെ ഉഗ്രരൂപമാണ്. രാത്രിയിലെ ഗുരുതിപൂജയാണ് അവിടെ പ്രധാനം.

ഞങ്ങൾ അവിടെ എത്തുമ്പോൾ സമയം ഏതാണ്ട് ആറര-ഏഴു മണി ആയിക്കാണും. കാറിന്റെ ഡ്രൈവറും, തിരുവനന്തപുരത്തുനിന്നും വന്ന, സത്യ വിശ്വാസിയുമായ ചെറുപ്പക്കാരനും ക്ഷേത്രത്തിനു വെളിയിൽ നിൽക്കാൻ തന്നെ തീരുമാനിച്ചു. ഞാനും, പ്രൊ. ജയചന്ദ്രനും, ഡോ. ബാറോഫും അകത്തു കയറി. ക്ഷേത്രത്തിൽ നിന്നും കീഴ്ക്കാവിലേക്കു അൽപ്പം ദൂരം നടക്കണം. ഒരു മൂന്നടി പാത എന്ന് വേണമെങ്കിൽ പറയാം. ചുറ്റും അലൗകികമായ ഒരു അന്തരീക്ഷം ഉണ്ടായിരുന്നോ? അതോ അങ്ങനെ തോന്നിയതാണോ? അറിയില്ല. പക്ഷെ ഒന്നുണ്ട്, എണ്ണവിളക്കിന്റെ മണവും, കർപ്പൂരം കത്തുന്ന ഗന്ധവും, കുംകുമം ചുറ്റും വിതറിയ അന്തരീക്ഷവും. മാത്രമോ, 'ഞാൻ വരില്ല' എന്ന് അലറി വിളിക്കുന്ന ചെറുപ്പകാരികളായ പെൺകുട്ടികളെ ബലമായി കീഴ്ക്കാവിലേക്കു കൊണ്ടുപോകുന്ന മാതാപിതാക്കൾ. 'വരമാട്ടേൻ' എന്ന് അലറുന്ന തമിഴ് പെൺകുട്ടികളും കൂടെ  ഉണ്ട്. 

എന്തായാലും സ്വയമേ ഒരു അന്ധവിശ്വാസിയായ പ്രൊ. ജയചന്ദ്രൻ നല്ലപോലെ കിടുങ്ങി. പക്ഷെ ബാരോഫ് വെറും അക്ഷോഭ്യനായി നടന്നു. കീഴ്ക്കാവിൽ എത്തുമ്പോൾ നാം കാണുന്ന  ആദ്യത്തെ കാഴ്ച ഒരു ആൽമരമാണ്. ചുവന്ന പട്ടും ചുറ്റി, മുഴുവൻ ആണിയുമായി നിൽക്കുന്ന  ഒരു ആൽമരം. എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അതുകണ്ടാൽ ആരും ഒന്ന് ഭയക്കും. ഈ ആണിമുഴുവൻ പ്രേതങ്ങളെ തറച്ചതാണ്.

വളരെ നാളത്തെ പരിചയമുണ്ട്  ഞാനും ജയചന്ദ്രനും തമ്മിൽ. കിട്ടുന്ന സമയങ്ങളിൽ എല്ലാം ഞങ്ങൾ തമ്മിൽ വലിയ തർക്കങ്ങളും ഉണ്ടാവാറുണ്ട്. അദ്ദേഹം ഈ സമയം ഒരു അവസരമായി എടുത്തു. ഒരു വെല്ലുവിളി, ആ ആൽത്തറയിൽ കയറി അതിലുള്ള ഒരു ആണിയെ തൊടാമോ? അതായിരുന്നു ചോദ്യം. ബാറോഫ് ഇതുകേട്ട് വെറുതെ ചിരിച്ചതേയുള്ളു. അത് എനിക്ക് ഒരു വെല്ലുവിളി ആയിരുന്നു. പേടിയുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ലായിരുന്നു എന്ന് സത്യസന്ധമായി പറയാൻ കഴിയില്ല. എങ്കിലും ഞാൻ ചാടി ആൽത്തറയിൽ കയറി ഒരു ആണി ഇളക്കിയെടുത്തു ജയചന്ദ്രന്റെ  നേരെ നീട്ടി. അദ്ദേഹം പേടിച്ചു പിന്നോട്ട് മാറി. ഇതെല്ലാം കണ്ട ആളുകൾ എന്ത് കരുതി എന്നറിയില്ല. ഒരു പക്ഷെ ഞാൻ ഒരു മന്ത്രവാദിയാണ് എന്ന് കരുതിയിട്ടുണ്ടാവും. 

തിരിച്ചു വരുമ്പോൾ കാറിൽ വച്ചു ഡോ. ബാറോഫ് എന്നോട് ചോദിച്ചു ,ജോണി, പ്ലാസിബോ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ എന്ന്. ഭാഗ്യവശാൽ എനിക്ക് അത് നല്ല വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടു ഞാൻ അത് എന്താണെന്ന് പറഞ്ഞുകൊടുത്തു. പക്ഷെ സത്യത്തിൽ ആ ആണി ഊരുന്ന നേരം ഒരു പ്ലാസിബോയും ആയിരുന്നില്ല മനസ്സിൽ, വിശ്വാസത്തെ മറ്റൊരു വിശ്വാസം കൊണ്ടായിരുന്നു ഞാൻ മനസ്സിൽ നേരിട്ടത്, അതായത് എത്ര ഉഗ്ര രൂപിണിയാണെങ്കിലും മഹാകാളിയെ നമ്മൾ 'അമ്മെ' എന്നല്ലേ വിളിക്കുന്നത് , പിന്നെന്തിനു പേടിക്കണം ?

Saturday, 9 February 2019

കാലം, കാലരൂപം



ന്യുട്ടോണിയൻ ബലതന്ത്രത്തിന്റെ ഒരു അടിസ്ഥാന തത്വം, ഒരു സംഭവത്തിന്റെ തുടക്കത്തിലെ എല്ലാ വിവരങ്ങളും ലഭ്യമായാൽ സംഭവത്തിന്റെ,  ഭാവിയിലെ, എല്ലാ നിലകളെയും നമുക്ക് വിശദമാക്കാൻ കഴിയും എന്നാണ്.(എന്നാൽ ക്വാൻഡം മെക്കാനിക്സിൽ അത് അങ്ങനെയല്ലതാനും) ന്യുട്ടോണിയൻ ബലതന്ത്രത്തിലെ 'ഡിറ്റർമിനിസം' ആണ് സാധാരണ ഗതിയിൽ നാം 'വിധി' എന്ന് വിളിക്കുന്നത്. അതായത് ഏതൊന്നിനും, അതിന്റെ സ്വഭാവത്തിനനുസരിച്ചു, പൂര്വനിർണ്ണിതമായ ഒരു സ്വാഭാവിക പരിണാമം ഉണ്ട് എന്നത്.

ഇതിനു ഒരു മറുവാദവും ഉണ്ട്. വിവേകവും അറിവും ഉള്ള ജീവിവര്ഗത്തിന് വിധിയെ, സ്വപരിശ്രമംകൊണ്ടു മറികടക്കാൻ കഴിയും എന്നതാണ് അത്. ചിന്തിച്ചാൽ അതും ഭാഗീകമായെങ്കിലും ശരിയാണ് എന്ന് കാണാം. പക്ഷെ കുറെ കൂടി സൂക്ഷ്മമായി നാം നമ്മുടെ ജീവിതത്തെത്തന്നെ വീക്ഷിച്ചാൽ, അപ്രതീക്ഷിതമായ ചില തിരിച്ചിലുകൾ, ചില യാതൃശ്ചിതകൾ ആണ് നമ്മുടെ ജീവിതത്തിന്റെ ഗതിയെ നിശ്ചയമായും നിർണ്ണയിച്ചത് എന്ന് കാണാൻ കഴിയും. 

എനിക്ക് അറിയാവുന്ന ഒരു ഉദ്ദാഹരണം പറയാം. എന്റെ സുഹൃത്തുക്കളായ രണ്ടു പേരുടെ കഥയാണ്. രണ്ടുപേരുടെയും കഥ ഒരുമിച്ചു പറയുന്നതിന്റെ കാരണം, രണ്ടുപേരും സ്ത്രീകളാണ്, ഏതാണ്ട് ഒരേപോലുള്ള, എന്നല്ല, ഒരേ സംഭവം തന്നെ. രണ്ടുപേർക്കും പി ജി കഴിഞ്ഞു കോളേജിൽ അധ്യാപികമാരായി ജോലി കിട്ടി. അധ്യാപകവൃത്തി രണ്ടുപേർക്കും താൽപ്പര്യം ഇല്ലായിരുന്നു, അതുകൊണ്ടു , അന്ന് കെൽട്രോണിൽ ജോലിക്കു അപേക്ഷിച്ചു. രണ്ടുപേർക്കും ജോലി ലഭിക്കുകയും ചെയിതു. സന്തോഷം. ആയിടക്കാണ് കെൽട്രോൺ ( ആർ ആൻഡ് ഡി സി) ബി എം മെയിൻ ഫ്രെയിം കമ്പ്യൂട്ടർ വാങ്ങുന്നത്. ആദ്യ സംഘം അധ്യാപകന്മാർക്കു  ബി എം തന്നെ പരിശീലനം നൽകി. പക്ഷെ അപ്പോഴേക്കും മൈൻഫ്രെയിം ട്രൈനിങ്ങിന്റെ പോപ്പുലാരിറ്റി വളരെ കൂടി, പഠിതാക്കളുടെ എണ്ണം വളരെയധികം വർധിച്ചു. അപ്പോൾ കൂടുതൽ അധ്യാപകരുടെ ആവശ്യം ഉണ്ടായി. 'വിധി', ഞാൻ മുൻപ് പറഞ്ഞ രണ്ടുപേർക്കും നറുക്കു വീണു. പിന്നീടങ്ങോട്ട് പത്തു പതിനഞ്ചു വര്ഷം അവർ അധ്യാപികമാരായി ജോലി നോക്കി. ഒരാൾ അവിടെന്നുതന്നെ റിട്ടയർ ചെയ്തു. മറ്റെയാൾ കഷ്ട്ടിച്ചു അവിടെനിന്നും രക്ഷപെട്ടു പോന്നു. അപ്പോഴേക്കും മെയിൻ ഫ്രെയിം ട്രൈനിങ്ങിന്റെ കാലം കഴിഞ്ഞത് അവരുടെ ഭാഗ്യം. വളരെ വിവേകപൂർവം ഇഷ്ടമില്ലാത്ത ജോലി ഉപേക്ഷിച്ചുപോന്ന അവരെ വിധി പിന്തുടർന്ന് വന്നു എന്ന് സാരം.

സർവവും സൃഷ്ട്ടിക്കുന്ന കാലം, നാം എത്ര കുതറിമാറാൻ ശ്രമിച്ചാലും, അത് നമ്മെ നിശ്ചിതമായ ഒരു വഴിയിലൂടെ തന്നെ നടത്തും. ജനനവും ജീവിതവും മരണവുമെല്ലാം അങ്ങനെതന്നെ.

ഭഗവത് ഗീതയിൽ വ്യാസഭഗവാൻ ഇത് വളരെ ഭംഗിയായി വരച്ചിട്ടിരിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽനിന്നും കുതറി ഓടാൻ ശ്രമിച്ച അർജ്ജുനനനെ തന്റെ വിശ്വരൂപം കാണിച്ചു കൊടുക്കുന്നുണ്ട് കൃഷ്ണൻ. രൂപംകണ്ടു ഭയന്ന് വിറച്ച അർജ്ജുനൻ ചോദിക്കുന്നു 'അങ്ങ് ആരാണ്' എന്ന്. ഭഗവാൻ അതിനു പറയുന്ന മറുപടി:

"കാലോസ്മി ലോകക്ഷയകൃത് പ്രവർഥോ
ലോകാൻ സമാഹൃത്തുമിഹ പ്രവര്ത്ത:
ഋതേപി ത്വാം ഭവിഷ്യന്തി സർവ്വേ
യേവസ്ഥിതാഃ പ്രത്യനികേഷു യോദ്ധാ:"

കുരുക്ഷേത്രത്തിൽ അപ്പോൾ അർജ്ജുനന്റെ മുൻപിൽ നിൽക്കുന്നത് കൃഷ്ണനല്ല, സാക്ഷാൽ കാലമാണ്.

"ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലം ആകുന്നു, ഇപ്പോൾ ലോക സംഹാരകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞാൻ. നീ ഇല്ലെങ്കിലും ഇവിടെ കൂടിയിരിക്കുന്ന യോദ്ധാക്കൾ ആരും ജീവിച്ചിരിക്കുകയില്ല"

അതായത് അർജ്ജുനൻ യുദ്ധം ചെയ്താലും ഇല്ലെങ്കിലും വിധി നിര്ണയിക്കപ്പെട്ടിരിക്കുന്നു. നീ തന്നെ അത് ചെയ്യുമെന്നും തീർച്ചയാണ് എന്ന്.

യുദ്ധത്തിനായി കുരുക്ഷേത്രത്തിലേക്കു വന്ന അർജ്ജുനൻ വളരെ ധീരനായിരുന്നു. തെല്ലു അഹങ്കാരവും ഉണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അപ്പോൾ കൃഷ്ണൻ വെറും ഒരു തേരാളി. കാറിന്റെ പിൻസീറ്റിൽ ഇരുന്നു തന്റെ ഡ്രൈവർക്കു നിർദ്ദേശം കൊടുക്കുന്ന അതെ ലാഘവത്തോടെയായിരുന്നു അദ്ദേഹം കൃഷ്ണന് നിർദ്ദേശം നൽകിയിയത്

"സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ്മെ അച്യുതാ"

'രഥത്തെ രണ്ടു സൈന്യങ്ങളുടെയും മദ്ധ്യേ കൊണ്ടുപോയി നിര്ത്തു അച്യുതാ, ഞാൻ നല്ലവണ്ണം ഒന്ന് കാണട്ടെ'.

സൈന്യങ്ങളുടെയും മദ്ധ്യേ രഥം നിറുത്തി, കൃഷ്ണൻ തേർത്തട്ടിൽ എഴുന്നേറ്റുനിന്നു രണ്ടു സൈന്യങ്ങളെയും നല്ലവണ്ണം ഒന്ന് വീക്ഷിക്കുന്നുണ്ട്. നിൽപ്പിന്റെ  അർദ്ധം അപ്പോൾ ഭീക്ഷ്മർക്ക് മാത്രമേ മനസ്സിലായുള്ളു. ശരശയ്യയിൽ കിടക്കുന്ന ഭീക്ഷമരേ കാണാൻ കൃഷ്ണനും യുധിഷ്ഠിരനും പിന്നീട് പോകുന്നുണ്ട്. അപ്പോൾ ഭീക്ഷ്മർ തന്നെ അത് പറയുന്നുമുണ്ട്.

"സപതി സഖീവചോ നിശമ്യ മദ്ധ്യേ
നിജപരയോർബ്ബലയോ രഥം നിവേശ്യ
സ്ഥിതവതി പാരസൈനികായുര്ർക്ഷണാ
ഹൃദവതി പാർഥസഖേ രതീര്മാസ്തു"

'അർജ്ജുനന്റെ ആവശ്യപ്രകാരം നിന്തിരുവടി ഇരു സൈന്യത്തിന്റെയും മധ്യത്തായി രഥം നിറുത്തിയിട്ട്, സൈന്യങ്ങളുടെ എല്ലാം ആയുസ്സു സ്വദൃഷ്ടികൊണ്ട് ഹരിക്കുകയായിരുന്നില്ലേ?'

കാലപുരുഷന്റെ വായിലേക്ക് ധൃതരാഷ്ട്ര പുത്രന്മാരും, ഭീക്ഷ്മ-ദ്രോണ-കർണ മഹാരഥന്മാരും ബാക്കി എല്ലാ രാജാക്കളും യോദ്ധാക്കളും ദ്രുതഗതിയിൽ ഒഴികിയെത്തുന്നതാണ് അർജ്ജുനൻ കണ്ടത്. മാത്രമോ എല്ലാ ദേവഗണങ്ങളും, രുദ്രന്മാരും, ആദിത്യന്മാരും ഗന്ധർവരും, അസുരന്മാരും , എന്തിനധികം ത്രിമൂർത്തികൾപോലും കാലപുരുഷനിൽ ലയിക്കുന്നു.

പക്ഷെ കാഴ്ചകാണാൻ സാധാരണ കണ്ണുകൾ പോരാ. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത്

"ദിവ്യം ദദാമി ദി ചക്ഷു: പശ്യ മേ യോഗമയ്ശ്വര്യം"

ദിവ്യ ചക്ഷുസ്സു തന്നെ വേണം പ്രപഞ്ച കാല രൂപം കാണാൻ.