പഴയ
നിയമത്തിൽ യഹോവ, രണ്ടുതവണ ഭൂമിയിൽ കൂട്ടക്കുരുതി നടത്തുന്ന കഥയുണ്ട്. തീർച്ചയായും അതിൽനിന്നും
ചിലരെ രക്ഷിക്കുന്നുണ്ട്. അത്തരം കൂട്ടക്കുരുതികളിൽ ഒന്ന് സൊദോം, ഗോമറ എന്ന രണ്ടു നഗരങ്ങളെ
ആകാശത്തിൽനിന്നും അന്ഗ്നിയും ഗന്ധകവും വർഷിച്ചു നശിപ്പിക്കുന്നതാണ്. യഹോവെക്കു ഇഷ്ട്ടപ്പെട്ട
ലോത്തും അദ്ദേഹത്തിൻറെ കുടുംബത്തിലെ ചിലരും അതിൽനിന്നും രക്ഷപെടുന്നുണ്ട്.
ഇതിനും
നൂറ്റാണ്ടുകൾക്കു മുൻപ് മറ്റൊരു വൻ നശീകരണം നടത്തുന്നുണ്ട് യഹോവ. ഇത്തവണ ആയുധം വെള്ളപ്പൊക്കം
ആയിരുന്നു. നാൽപ്പതു രാവും നാൽപ്പതു പകലും തുടർച്ചയായി മഴ പെയ്തു. ഇപ്രാവശ്യം യഹോവ
അൽപ്പം കൂടി ദയ കാണിച്ചു. അദ്ദേഹത്തിൻറെ ഇഷ്ടക്കാരനായിരുന്ന നോഹയോടും കുടുംബത്തോടും
വലിയൊരു പേടകം പണിയാൻ അദ്ദേഹം കൽപ്പിച്ചു. ആ പേടകത്തിൽ ലോകത്തിൽ ഉണ്ടായിരുന്ന എല്ലാ
ജീവജാലകങ്ങളുടെയും, ഒരാണും ഒരു പെണ്ണും, അങ്ങനെ ഓരോ ഇണകളെയും കൂടി കയറ്റി രക്ഷിക്കപ്പെട്ടു.
കടുത്ത
വിശ്വാസികൾ കരുതുന്നത് ആ വെള്ളപ്പൊക്കത്തിൽ ആണ് ദിനോസറുകൾ എല്ലാം ചത്തൊടുങ്ങിയത് എന്നാണ്.
പക്ഷെ, അങ്ങനെയെങ്കിൽ നോഹയുടെ ആ പേടകത്തിൽ പാവം ദിനോസറിന്റെ രണ്ടു പ്രതിനിധികളെയും
കൂടി എന്തുകൊണ്ട് കയറ്റിയില്ല എന്ന പ്രശ്നം ഉയരുന്നുണ്ട്. അതിനും അവർക്കു മറുപടി ഉണ്ട്. ഏതാണ്ട് 120 അടിയോളം നീളവും 110-120 ടൺ തൂക്കവുമുണ്ട് ചില ദിനോസറുകൾക്കു. അവയെ എങ്ങനെ
ഒരു പേടകത്തിൽ കയറ്റും?
പക്ഷെ യഥാർത്ഥത്തിൽ വിചാരിച്ചാൽ നടക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.
കാരണം ബൈബിളിൽത്തന്നെ പറയുന്നത് നോഹയുടെ പേടകത്തിന് 300 ക്യൂബിറ്റു നീളവും 50 ക്യൂബിറ്റു വീതിയും 30 ക്യൂബിറ്റു ഉയരവും ഉണ്ടായിരുന്നു എന്നാണ്. ക്യൂബിട്
എന്ന ഹിബ്രു വാക്കിനു മുൻകയ്യ് എന്നൊക്കെയാണ് അർദ്ധം, അതായത് നമ്മൾ ഒരു മുഴം എന്നൊക്കെ
പറയുന്നില്ലേ അതുതന്നെ. അതായത് ഏതാണ്ട് 18-20
ഇഞ്ചോളം വരും. അങ്ങനെ നോക്കിയാൽ നോഹയുടെ
പേടകത്തിന് ഏതാണ്ട് 500 അടി നീളവും 80 അടി
വീതിയും 50 അടി ഉയരവും, ഏതാണ്ട് 20 ലക്ഷം ഘനഅടി വ്യാപ്തം. അതായത് നോഹ വിചാരിച്ചിരുന്നെങ്കിൽ
കഴിഞ്ഞേനെ എന്നർദ്ധം.
പക്ഷെ ശാസ്ത്രീയ
നിഗമനങ്ങൾ ഇതുമായി ഒത്തുപോകുന്നതല്ല. കാരണം ദിനോസറുകളുടെ വംശനാശം സംഭവിക്കുന്നത് ഏതാണ്ട് 65
മില്യൺ വര്ഷങ്ങള്ക്കു മുൻപാണ്. അന്ന്
എന്തായാലും നോഹയും അദ്ദേഹത്തിൻറെ പേടകവും ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല.
നോഹയുടെയും
പേടകത്തിന്റെയും കഥ അവിടെ നിൽക്കട്ടെ, ഭൂമിയുടെ കഴിഞ്ഞ 500 മില്യൺ വർഷത്തെ ചരിത്രം
എടുത്താൽ കുറഞ്ഞത്, ഇതുപോലെ അഞ്ചു കൂട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്,
450 മില്യൺ വര്ഷങ്ങള്ക്കു മുൻപ് ആദ്യത്തേതും,
പിന്നീട് 360 മില്യൺ വര്ഷം, 250 മില്യൺ,
200 മില്യൺ, ഏറ്റവും അവസാനത്തെ, ദിനോസറുകൾ എല്ലാം നശിച്ച, 65 മില്യൺ വര്ഷം മുൻപ്. 65 മില്യൺ
വര്ഷങ്ങള്ക്കു മുൻപ്, ഏതാണ്ട് ആറ് മൈൽ വലുപ്പം ഉള്ള ഒരു ആസ്ട്രോയിഡ് 22000 മൈൽ വേഗതയിൽ വന്നു ഭൂമിയെ ഇടിച്ചതാവണം അന്നത്തെ
നാശത്തിനു ഉറവിടം എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഏതാണ്ട് നൂറുകോടി കൊല്ലങ്ങൾക്കുള്ളിൽ
ഇതുപോലുള്ള പത്തു കൂട്ടിയിടിക്കെങ്കിലും സാധ്യത ഉണ്ടെന്നാണ് ശാസ്ത്രജ്ഞമാരുടെ കണക്ക്.
അതായത് ഒരു സർവനാശം ഉറപ്പ്.
പക്ഷെ,
ആശ്വാസത്തിന് ധാരാളം വഴികൾ ഉണ്ട്. ഇന്നത്തെ മനുഷ്യന്റെ സാങ്കേതിക വളർച്ചയുടെ തോത് നോക്കിയാൽ
അപ്പോഴേക്കും അത്തരം കൂട്ടി ഇടികളെ ഒഴിവാക്കാനുള്ള സാങ്കേതിക വളർച്ചയിലേക്ക് മനുഷ്യൻ
എത്തും എന്നത് ഉറപ്പാണ്. എന്നാലും പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല. നൂറു കോടി കൊല്ലം
കഴിയുമ്പോൾ സൂര്യൻ അതിന്റെ വാർധ്യക്യ കാല ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ഇന്നത്തെ അതിന്റെ
വലുപ്പത്തിന്റെ ഒരു 10% കൂടി അത് വികസിക്കും. ഭൂമിയിലെ സമുന്ദ്രങ്ങൾ എല്ലാം വറ്റി വരളും,
ഭൂമിയുടെ ചൂട് ഒരു 700 ഡിഗ്രി ഫാരൻഹീറ്റ്
ആയി ഉയരും. അപ്പോൾ മനുഷ്യന് ഒന്നുകിൽ ഭൂമിയിൽ നിന്നും രക്ഷപ്പെടുക അല്ലെങ്കിൽ നശിക്കുക
എന്ന രണ്ടു വഴികളിൽ ഒന്ന് തെരെഞ്ഞെടുക്കേണ്ടിവരും.
ചൊവ്വാ
ഗൃഹത്തിലേക്ക് രക്ഷപെടാം നമുക്ക്. അവിടെ ഒരു നാൽപ്പതു അടി താഴ്ചയിൽ ഐസിന്റെ രൂപത്തിൽ
ധാരാളം വെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. അങ്ങനെ കുറച്ചുനാൾ കഴിയാം. പക്ഷെ 450 കോടി കൊല്ലം കഴിയുമ്പോൾ സൂര്യനിലുള്ള ഹൈഡ്രജൻ എല്ലാം
ഹീലിയം ആയി മാറും, സൂര്യൻ ഒരു ചുവന്ന നക്ഷത്രം ആയി മാറും , ഇന്നത്തെ സൂര്യന്റെ
250 മടങ്ങു വലുപ്പമുള്ള ഒരു ചവുവന്ന ഭീമൻ.
സൗരയൂഥത്തിലെ ബുധൻ, ശുക്രൻ , ഭൂമി എല്ലാം സൂര്യൻ വിഴുങ്ങും ചൊവ്വ തിളച്ചുമറിയുന്ന ഒരു
ഒരു ശവപ്പറമ്പ് ആയി മാറും.
പക്ഷെ
നമുക്ക് ഇനിയും വഴികൾ ഉണ്ട്, ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ഇടം ഉണ്ട്.
പക്ഷെ
ഒരു 1300 കോടി കൊല്ലങ്ങൾകൂടി കഴിയുമ്പോൾ സൂര്യൻ
തന്റെ പുറം പാളികൾ പുറത്തേക്കു വലിച്ചെറിഞ്ഞു കത്തിയണഞ്ഞു ഒരു 'വെള്ളക്കുള്ളൻ' ആയി
പ്രകാശം നശിച്ചു അങ്ങനെ അലയാൻ തുടങ്ങും. അപ്പോൾ നമ്മുടെ ടൈറ്റൻ വെറും ഒരു ഐസ് കട്ടയായി
മാറും. പിന്നീട് നമുക്കുള്ള ഏക പോംവഴി ഏതാണ്ട് നാല് പ്രകാശവർഷം അകലെയുള്ള പ്രോക്സിമ
സെഞ്ചുറി എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഒരു ഗ്രഹം കണ്ടെത്തുക മാത്രമാണ്.
കഷ്ടകാലം
അവിടെകൊണ്ടു അവസാനിക്കും എന്ന് കരുതേണ്ടാ. പ്രപഞ്ചോല്പത്തിയുടെ ഇന്നത്തെ നമ്മുടെ ധാരണ
അനുസരിച്ചു, ഒന്നുകിൽ ഈ പ്രപഞ്ചം വികസിച്ചു വികസിച്ചു അനന്തതയിൽ വിലയം പ്രാപിക്കും,
അല്ലെങ്കിൽ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിൽ അവസാനിക്കും. ഇതിൽ എന്താണ് നടക്കാൻ പോവുന്നതെന്ന്
അറിയാൻ, പക്ഷെ, നമുക്ക് 10^18 വര്ഷം കാത്തിരിക്കേണ്ടിവരും
എന്ന് മാത്രം.
എന്തായാലും
ഇവിടെനിന്നും രക്ഷപെട്ടേ പറ്റൂ.
നമ്മളോടാ
കളി, ബിഗ് ബാങ്ങിന്റെ ആദ്യ നിമിഷാർത്ഥങ്ങളിൽ (10^-30 സെക്കൻഡ്) ഉണ്ടായ ചില സ്പേസ്-ടൈം മറ്റു പ്രപഞ്ചങ്ങളായി
വികസിച്ചിട്ടുണ്ടാവണം. അതിൽ ഏതെങ്കിലും ഒരു പ്രപഞ്ചം കണ്ടുപിടിക്കണം. പക്ഷെ അതിലുമുണ്ട്
പ്രശ്നങ്ങൾ. ആ പ്രപഞ്ചങ്ങളിൽ നമ്മുടെ ഭൗതിശാസ്തത്തിൽ നിന്നും വളരെ വ്യത്യസ്തമായ നിയമങ്ങൾ
ആണ് നിലനിൽക്കുന്നതെങ്കിലോ? ഉദ്ദാഹരണത്തിനു കാലം തിരിച്ചാണ് സഞ്ചരിക്കുന്നതെങ്കിലോ?
അതായത് ഭാവിയിൽനിന്നും ഭൂതകാലത്തിലേക്ക് !!